തപം

തപം

തളിരാര്‍ന്ന ഒരു തരുവിനെപ്പോലെ തണലേകി എന്നെ കൂടെക്കൊണ്ടുനടന്ന നിന്നെ അറിയില്ലെന്ന് മൂന്നുരു മൊഴിഞ്ഞ എന്റെ നാവിന്റെ നാളിതുവരെ തീരാത്ത തരിപ്പും താങ്ങാനാവാത്ത ഭാരവും പേറി ഞാനിതാ ഈ കടലോരത്തെ മണല്‍പ്പരപ്പില്‍... തിരകളില്‍ നനഞ്ഞ മേനിയും കുതിര്‍ന്ന പുറങ്കുപ്പായവും ഒപ്പം ഉള്‍ത്താപത്താല്‍ ഉരുകുന്ന ഹൃദയവുമായ്... എന്തിനാണ് ഗുരോ, നീയെനിക്ക് വീണ്ടുമൊരു പ്രാതല്‍ വിളമ്പിത്തന്നത്...? ഈ അപ്പക്കഷണങ്ങളും, കനലുകളില്‍ പൊരിച്ചെടുത്ത മത്സ്യങ്ങളും നമ്മളൊന്നിച്ചു കഴിച്ച ഒടുവിലത്തെ പെസഹാഭക്ഷണത്തിന്റെ ഓര്‍മ്മത്തുണ്ടുകളായി എന്റെ മാനസത്തളികയില്‍ നിറയുകയാണ്... ശേഷമുണ്ടായ സംഭവങ്ങളോരോന്നും എന്റെ ചങ്കിലേല്പിച്ച ചതവുകള്‍ ഇപ്പൊഴും ഈ ഉപ്പുവെള്ളത്തില്‍ നീറിപ്പുകയുന്നുണ്ട്... എന്തിനാണ് നീയെന്റെ ശപിക്കപ്പെട്ട പേര് നിന്റെ നന്മ നിറഞ്ഞ നാവിനാല്‍ വീണ്ടും വിളിച്ച് എന്റെ മരിച്ച മനഃസാക്ഷിയെ കുത്തി മുറിപ്പെടുത്തുന്നത്...?നിന്റെ മിഴിവാര്‍ന്ന മിഴിമുനകള്‍ എന്റെ കണ്ണുകളുടെ കാഴ്ച കെടുത്തുന്നു...! കണ്ണികള്‍ പൊട്ടിയ മീന്‍വലപോലെയാണ് ഇന്നത്തെ എന്റെ ജീവിതം... നിന്നെ തള്ളിപ്പറഞ്ഞ എന്നെ എന്തിനാണ് നീ ഇനിയും അള്ളിപ്പിടിക്കുന്നത്...? ഉള്ളു മുഴുവന്‍ കളങ്കിതമായി മാറിയ ഞാന്‍ ഒരിക്കലും നിന്റെ കരുണയുടെ കേവലമൊരു തുള്ളിക്കുപോലും അര്‍ഹനല്ല...! സ്വാര്‍ത്ഥതയുടെ വിള്ളലില്‍ വീണുപോയ എന്നില്‍ എള്ളോളം സ്‌നേഹമില്ലാതെ പോയി... നിന്നെ അറിയില്ലെന്ന പച്ചക്കള്ളവും പറഞ്ഞ് ഞാന്‍ തീ കാഞ്ഞിരുന്ന ആ വെള്ളിയില്‍ എന്റെയുള്ളില്‍ വലിയൊരു വെള്ളിടിതന്നെ വെട്ടി... അപ്പോള്‍ മുതല്‍ പുകഞ്ഞുനില്ക്കുന്ന ഒരു തീക്കൊള്ളിയായി ഞാന്‍ കഴിയുകയാണ്...! പൊള്ളയായിപ്പോയി മണ്ണിലെ എന്റെ ജന്മം... ആത്മാവിന്റെ വെണ്‍ മലര്‍ദളങ്ങളില്‍ കല്മഷത്തിന്റെ കറുത്തപുള്ളികള്‍ വീണു... സ്വന്തമാക്കാന്‍ കൊതിക്കുന്ന മനഃശാന്തിയെ കിള്ളിപ്പറിക്കാനായി പാപം ഒരു പുള്ളിനെപ്പോലെ പക്ഷങ്ങള്‍ വിരിച്ച് വട്ടമിട്ടു പറക്കുന്നു... ചെള്ളുപിടിച്ച എന്റെ മെയ് മാനസങ്ങളില്‍ ഒരു നുള്ളു സാന്ത്വനമെങ്കിലും നീ തരില്ലേ...? ചുള്ളനായി നടക്കാനുള്ള ദുര്‍മോഹം പണ്ടുമുതലേ എന്റെ മനസ്സിന്റെ കള്ളികളിലൊന്നില്‍ ഞാന്‍ ആരുമറിയാതെ സൂക്ഷിച്ചുപോന്നിരുന്നു... സ്വന്തമായുണ്ടായിരുന്നവയെല്ലാം നിനക്കുവേണ്ടി വേണ്ടെന്നു വച്ചിട്ടും ഉപേക്ഷിക്കാത്തവതന്നെയായിരുന്നു എണ്ണത്തില്‍ കൂടുതല്‍... അവയിലേക്കൊക്കെ പിന്തിരിഞ്ഞോടുവാന്‍ പലപ്പോഴും ഉള്ളം തുള്ളിത്തുടിച്ചിരുന്നു... വെറും കൈയോടെ നിന്റെ കൂടെ നടന്നപ്പോഴും 'എന്തു കിട്ടും?' എന്നുള്ള ചോദ്യം മിക്കപ്പോഴും മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു... അതുകൊണ്ടുതന്നെ തീരത്തിട്ടേച്ചുപോന്ന വഞ്ചിയും വലയും, ചാകരയും ചങ്ങാതികളെയുമൊക്കെ തിരഞ്ഞ് നിന്റെ മരണശേഷം ഞാന്‍ തിരിഞ്ഞുനടന്നു... വള്ളികള്‍ക്കിടയില്‍ കുടുങ്ങിയ ഒരു ആട്ടിന്‍കുട്ടിയെപ്പോലെ ഇന്നു ഞാന്‍ കേഴുകയാണ്... തള്ളയാടായി നീ എന്നെ രക്ഷിക്കില്ലേ...? അപകര്‍ഷതയുടെയും, അപഹാസ്യതയുടെയും, അപരാധബോധത്തിന്റെയും മുള്ളുകളേറ്റ്, ഒന്നിനും കൊള്ളാത്ത ഒരു ശാപ ജന്മമായി ഞാന്‍ നില്ക്കുന്നു... നിന്നെ 'അറിയില്ല' എന്ന് ആണയിട്ടു പറഞ്ഞ എന്റെ നാവുകൊണ്ടുതന്നെ 'നീ എല്ലാം അറിയുന്നു' എന്നു നീ ആവര്‍ത്തിച്ചു പറയിച്ചുവല്ലോ...? വല്ലാതെ പൊള്ളിക്കിടക്കുന്ന എന്റെ ജീവിതമാകുന്ന പാറമേല്‍ നിന്റെ പരിശുദ്ധമായ പള്ളി നീ എങ്ങനെ പണിതുയര്‍ത്തും...? നീചനായ എന്റെ കൈക്കുമ്പിളില്‍ നലമെഴുന്ന നാകത്തിന്റെ താക്കോലുകള്‍ നീ എങ്ങനെ നിക്ഷേപിക്കും...?

നേരം പോയത് അയാള്‍ അറിഞ്ഞതേയില്ല. ഗുരുവിനെ തിരസ്‌കരിച്ചതിന്റെ ഉള്‍ത്താപത്താല്‍ തല തല്ലിക്കരഞ്ഞതിന്റെ തിക്തസ്മൃതികളാല്‍ കരളില്‍ ഉറഞ്ഞുകൂടിക്കിടന്നിരുന്ന കഠിനകദനത്തിന്റെ മഞ്ഞുമല കണ്ണീര്‍ചാലുകളായി ഒഴുകിയിറങ്ങി... അപ്പോള്‍ കാതോരത്ത് മധുമൊഴിയായി താന്‍ പണ്ടു കേട്ട അതേ ഗുരുമന്ത്രണം ഒരു വട്ടം കൂടി അയാള്‍ക്കു ശ്രവ്യമായി: 'എന്നെ അനുഗമിക്കുക.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org