തൊപ്പിയിടുന്ന കേരളം

തൊപ്പിയിടുന്ന കേരളം
സാമൂഹ്യ മാധ്യമ യുഗത്തില്‍ ഭരണകൂടം തന്നെ ചരിത്രവും, ശാസ്ത്രവും, സെന്‍സര്‍ഷിപ്പും, കാപ്‌സ്യൂളുകളും ഒക്കെ പടച്ചുവിട്ടു ഒരു പൊതുജന സമ്മതി സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി നാം കാണുന്നു. എന്തൊക്കെ കാണിക്കണം, കാണിക്കണ്ട, എന്നും, എങ്ങനെ കാണിക്കണം എന്നും ഒക്കെ സ്വയം തീരുമാനിച്ചു മാധ്യമങ്ങള്‍ ഭരണകൂടത്തെ സഹായിക്കുന്ന കാഴ്ചയും നാം കാണുകയാണ്.

അശ്ലീല ഭാഷ ഉപയോഗിക്കുകയും പ്രതിലോമമായ സാമൂഹ്യ കാഴ്ചപ്പാടുകള്‍ പടര്‍ത്തുകയും ചെയ്യുന്ന വീഡിയോകള്‍ ഇട്ടു കുട്ടികളുടെയും യുവാക്കളുടെയും ഹരമായി മാറിയ തൊപ്പി എന്ന് പേരുള്ള ഒരു പയ്യന്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തതും അയാളെ പൊലീസ് അറസ്റ്റ് ചെയ്തതും അതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളും നമ്മുടെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റേണ്ടതാണ്. മുതിര്‍ന്ന പലരെ സംബന്ധിച്ചും തൊപ്പിയെക്കുറിച്ചുള്ള അറിവ് ആശ്ചര്യമായിരുന്നു എങ്കില്‍, കുട്ടികളായ പലര്‍ക്കും തൊപ്പി ഒരു ചിരപരിചിത താരം ആയിരുന്നു. മുതിര്‍ന്നവരെ ആശങ്കപ്പെടുത്തിയ വലിയ സംഗതി അത് തന്നെ ആയിരുന്നു: തങ്ങള്‍ അറിയാതെ പോയ ഈ സാമൂഹ്യ വിപത്ത് തങ്ങളുടെ കുട്ടികള്‍ ദീര്‍ഘകാലമായി അനുധാവനം ചെയ്തിരുന്നതെങ്ങനെ? സ്‌തോഭമോ ആശങ്കയോ ഉണ്ടാവാതെ സമചിത്തതയോടെ നാം അഭിമുഖീകരിക്കേണ്ട യാഥാര്‍ത്ഥ്യമാണ് തൊപ്പി. തൊപ്പി ഒരു പ്രതീകം മാത്രമാണ്. അചിന്ത്യമാം വിധം മാറിക്കഴിഞ്ഞ കേരള സംസ്‌കാരത്തിന്റെ പ്രതീകമാണ് അത്.

ജീവിതത്തെ ശാക്തിക ബന്ധങ്ങളുടെ വിലപേശല്‍ (പവര്‍ റിലേഷന്‍സിന്റെ നെഗോസിയേഷന്‍) ആയിട്ടാണ് മിക്ക സാമൂഹ്യ ശാസ്ത്രജ്ഞരും രാഷ്ട്രീയ പണ്ഡിതരും കണ്ടിരിക്കുന്നത്. അധീശത്വം നേടിയെടുക്കാന്‍ പലതരം വഴികളിലൂടെ അധികാരം കുറഞ്ഞവര്‍ ശ്രമിച്ചു കൊണ്ടിരിക്കും. വിപ്ലവം എന്നൊക്കെയാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഒരു സമൂഹത്തിന്റെ നിലവിലുള്ള സാംസ്‌കാരിക മാനദണ്ഡങ്ങള്‍ സമൂഹത്തിലെ കാര്യങ്ങളുടെ സ്വാഭാവിക ക്രമത്തെ യഥാര്‍ത്ഥമായി വിവരിക്കുന്നുവെന്ന് അടിയാള വര്‍ഗങ്ങള്‍ (തൊഴിലാളികള്‍, കര്‍ഷകര്‍, ചൂഷിതര്‍, തൊഴില്‍ ഇല്ലാത്തവര്‍) വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനെയാണ് സാംസ്‌കാരിക മേധാവിത്വം അഥവാ കള്‍ച്ചറല്‍ ഹെജമണി എന്ന് അന്റോണിയോ ഗ്രാംഷി വിളിക്കുന്നത്. സമ്മതത്തിന്റെ ഉത്പാദനം (മാനുഫാക്ച്ചര്‍ ഓഫ് കണ്‍സെന്റ്) വഴി ആണ് ഭരണകൂടം സാംസ്‌കാരിക അധീശത്വം സ്ഥാപിച്ചെടുക്കുന്നത്. തങ്ങളുടെ ഭരണം നിയമാനുസൃതമാണെന്ന് അടിയാള വിഭാഗങ്ങളെ ബോധ്യപ്പെടുത്താന്‍ ഭരണകൂടം ആശയങ്ങളും മൂല്യങ്ങളും ഉപയോഗിക്കുന്നതിനെയാണ് മാനുഫാക്ചര്‍ ഓഫ് കണ്‍സെന്റ് എന്ന് വിളിക്കുന്നത്.

എന്നാല്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക മാനദണ്ഡങ്ങള്‍ സ്വാഭാവികമോ അനിവാര്യമോ അല്ല എന്ന് അടിയാള വര്‍ഗങ്ങള്‍ തിരിച്ചറിയുമ്പോള്‍ കൗണ്ടര്‍ കള്‍ച്ചര്‍ ഉണ്ടാകുന്നു. അടിയാള വര്‍ഗങ്ങള്‍ അവരുടെ തലത്തിലുള്ള ബുദ്ധിജീവികളെയും (ഇന്റെലിജന്‍സിയ) പണ്ഡിതന്മാരെയും ഉപയോഗിച്ച് അവരുടെ സാംസ്‌കാരിക ബിംബങ്ങളെയും ഭൂമികയെയും വിശ്ലേഷണം ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഗ്രാംഷിയുടെ അഭിപ്രായത്തില്‍, രണ്ട് കാരണങ്ങളാല്‍ ഭരണവര്‍ഗത്തിന്റെ ആധിപത്യം ഒരിക്കലും പൂര്‍ണമല്ല. ഒന്ന്, ഭരണവര്‍ഗം ന്യൂനപക്ഷമാണ്. അധികാരം നിലനിര്‍ത്താന്‍ അവര്‍ മധ്യവര്‍ഗങ്ങളുമായി ആശയപരമായ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ട്. രണ്ടാമത്തെ സംഗതി, തൊഴിലാളിവര്‍ഗത്തിന് ഇരട്ട ബോധമുണ്ട് എന്നതാണ്. അവരുടെ ആശയങ്ങള്‍ അധീശ പ്രത്യയശാസ്ത്രത്താല്‍ മാത്രമല്ല, അവരുടെ ജീവിതത്തിന്റെ ഭൗതിക സാഹചര്യങ്ങളാലും സ്വാധീനിക്കപ്പെടുന്നു. ചുരുക്കത്തില്‍, അവര്‍ തങ്ങളുടെ ചൂഷണത്തെക്കുറിച്ച് ബോധവാന്മാരാണ്.

'മാനുഫാക്ച്ചറിങ് കണ്‍സന്റ്' എന്ന പേരില്‍ നോം ചോംസ്‌കിയും എഡ്‌വേഡ് ഹെര്‍മനും ചേര്‍ന്ന് എഴുതിയ ഒരു പുസ്തകമുണ്ട്. അതില്‍ ഈ വിഷയത്തെ മറ്റൊരു കോണിലൂടെയാണ് കാണുന്നത്. വ്യവസ്ഥിതിയെ പിന്തുണയ്ക്കുന്ന പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന ഫലപ്രദവും ശക്തവുമായ പ്രത്യയശാസ്ത്ര സ്ഥാപനങ്ങളാണ് മാധ്യമങ്ങള്‍ എന്ന നിരീക്ഷണമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. സാമൂഹ്യ മാധ്യമ യുഗത്തില്‍ ഭരണകൂടം തന്നെ ചരിത്രവും, ശാസ്ത്രവും, സെന്‍സര്‍ഷിപ്പും, കാപ്‌സ്യൂളുകളും ഒക്കെ പടച്ചു വിട്ടു ഒരു പൊതുജന സമ്മതി സൃഷ്ടിക്കുന്നതില്‍ (മാനുഫാക്ച്ചര്‍ ഓഫ് കണ്‍സെന്റ്) പ്രധാന പങ്കുവഹിക്കുന്നതായി നാം കാണുന്നു. എന്തൊക്കെ കാണിക്കണം, കാണിക്കണ്ട എന്നും, എങ്ങനെ കാണിക്കണമെന്നും ഒക്കെ സ്വയം തീരുമാനിച്ചു മാധ്യമങ്ങള്‍ ഭരണകൂടത്തെ സഹായിക്കുന്ന കാഴ്ചയും നാം കാണുകയാണ്.

സമീപകാലത്തു നമ്മുടെ സാംസ്‌കാരിക പരിസരങ്ങളില്‍ ആവര്‍ത്തിച്ചു പൊന്തി വരുന്ന ഒരു സംഗതി ലൈംഗികതയാണ്. പണ്ടു കാലത്തും ലൈംഗികത ഒരു രാഷ്ട്രീയ ആയുധമായിരുന്നു എങ്കിലും, സാമൂഹ്യ മാധ്യമ യുഗത്തിലെന്ന പോലെ പരസ്യമോ, സാര്‍വജനീനതയോ ഉള്ള ഒന്നായിരുന്നില്ല ലൈംഗികത. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്നൊക്കെയുള്ള ഉശിരന്‍ മുദ്രാവാക്യവുമായി കളം നിറയുന്ന കമ്മ്യൂണിസ്റ്റുകള്‍ അര്‍ത്ഥവത്തായ സാമൂഹ്യ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തങ്ങളുടെ തൊഴിലാളി അടിയാള വര്‍ഗങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഏറ്റവും മികച്ച വിപണി മൂല്യമുള്ള സാധനം സെക്‌സാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

രാഷ്ട്രീയ, സാമൂഹ്യ, മത മണ്ഡലങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന വാര്‍ത്തകളില്‍ ലൈംഗികത ഒരു മുഖ്യഘടകമായി വിതരണം ചെയ്താല്‍ വാര്‍ത്തകളുടെ ടി ആര്‍ പി റേറ്റിംഗ് വര്‍ധമാനമാവും എന്നും, അത് വഴി ലാഭം കൂടുതല്‍ ഉണ്ടാക്കാം എന്നും മുഖ്യധാരാ മാധ്യമങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളും, അതിന് ഉപയോഗിക്കുന്ന ഭാഷയും സഭ്യതയുടെ സര്‍വ അതിര്‍വരമ്പുകളും ഭേദിക്കുന്നതായിരുന്നു. ഇതേതെങ്കിലും തരത്തില്‍ അതിനെതിരെ പ്രതികരിച്ചവരെ സദാചാര വാദികള്‍, വിക്‌ടോറിയന്‍ സദാചാര മാതൃക, മത സദാചാരം എന്നൊക്കെ കളിയാക്കി അടിച്ചിരുത്തി.

ഏതു വിഷയത്തെയും, ഇക്കിളി ലൈംഗികതയും അശ്ലീല ഭാഷയുമായി കലര്‍ത്തി അഭിപ്രായ പ്രകടനത്തിന്റെയും, ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും പേരില്‍ എ ന്തും വിളിച്ചു കൂവാന്‍ ധൈര്യപ്പെടുന്ന ഒരു പുതിയ വര്‍ക്കിങ് ക്ലാസ് രൂപപ്പെട്ടു എന്നതാണ് ഇതിന്റെ പരിണതി. സാമൂഹ്യ മാധ്യമങ്ങളില്‍ ബ്ലോഗിങ്, വ്‌ളോഗിംഗ്, ഇന്‍ഫ്‌ലുവന്‍സര്‍, മോട്ടിവേറ്റര്‍ എന്നൊക്കെ പേരിട്ട് എന്തിനെയും കണ്ടന്റ് ആക്കാന്‍ ത്രാണിയുള്ള ഇവര്‍ സമ്പാദന ശേഷിയും വിലപേശല്‍ ശേഷിയുമുള്ള പുതിയ വര്‍ക്കിങ് ക്ലാസ്സ് ആണ്. യൂട്യൂബ്കാര് തന്നെ കൊടുത്ത ഒരു ബട്ടണ്‍ പുരസ്‌കാരം തല്ലിപൊട്ടിച്ചു അതിന്റെ വിഡിയോ ഇട്ട് തൊപ്പി തന്റെ ഫാനുകളെ കോരിത്തരിപ്പിച്ചിട്ടുണ്ട് എന്നോര്‍ക്കണം. മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള ആഡ് റെവന്യൂ പോലെ തന്നെ ഫാന്‍ ബെയ്‌സും ഇവരുടെ മൂലധനമാണ്.

തൊഴിലാളികളുടെ വിയര്‍പ്പുകൊണ്ടാണ് മുതലാളിത്ത വ്യവസ്ഥിതി നിലനില്‍ക്കുന്നത് എന്നൊരു പൊതു ബോധം സൃഷ്ടിച്ചു, മുതലാളിയുടേത് കവരുക, അധ്വാനിക്കാതെ ജീവിക്കുക (നോക്കുകൂലി, ലോട്ടറി, വ്യാജ സാമ്പത്തിക പദ്ധതികള്‍, വ്യാജ ബിരുദം ആദി) എന്നൊരു പൊതു ബോധവും കഴിഞ്ഞ ദശകങ്ങളില്‍ മാനുഫാക്ച്ചര്‍ ചെയ്യപ്പെട്ടത് നാം കണ്ടു. ചെറിയ മൂലധനം കൊണ്ട് ചളി പറഞ്ഞും വരുമാനം ഉണ്ടാക്കാം എന്ന ധാരണ ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഓര്‍ഗാസം, സ്വയംഭോഗം, ലൈംഗിക ആരോഗ്യം, സെക്‌സ് കളിപ്പാട്ടങ്ങള്‍, എന്നിവ കൂടാതെ അശഌല കഥകള്‍, എന്നിവക്കൊക്കെ വമ്പന്‍ ഫാന്‍ ബെയ്‌സ് ഉള്ള ഡെഡിക്കേറ്റഡ് ചാനലുകള്‍ ഉണ്ട്. നാടന്‍ ചികിത്സക്ക് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ ആസൂത്രിത ഗുണ്ടാ ആക്രമണത്തിനോളം വരുന്ന ഒന്നും ഈ ചാനലുകള്‍ക്ക് എതിരെ ഉണ്ടായിട്ടില്ല എന്നതാണ് പരസ്യമായ ലൈംഗിക പ്രദര്‍ശനം നടത്തി ജയിലില്‍ ആയ പുള്ളിയെ പൂമാലയിട്ടു സ്വീകരിക്കുന്ന കേരളത്തിന്റെ വളര്‍ച്ചാ തോത്.

ഇതൊക്കെ പറയേണ്ടതല്ലേ?, പറഞ്ഞാല്‍ എന്താണ് കുഴപ്പം? പറയാതിരിക്കുന്നതല്ലേ കുഴപ്പം? എന്നൊക്കെയുള്ള പുരോഗമന ചോദ്യങ്ങള്‍ ഉന്നയിച്ചു അധീശ വര്‍ഗ്ഗം മദ്ധ്യ വര്‍ഗ്ഗവുമായി വിട്ടു വീഴ്ച ചെയ്ത് വളരെ മൃദുവായി കണ്‍സന്റ് മാനുഫാക്ച്ചറിങ് ചെയ്യുന്നുണ്ട്. കൊച്ചുവായില്‍ വലിയ വര്‍ത്തമാനങ്ങള്‍ പറയിക്കുന്ന ടെലിവിഷന്‍ ഷോകള്‍, കുട്ടികളോട് അഡള്‍ട് അര്‍ത്ഥതലങ്ങളുള്ള സംഗതികള്‍ പറയുന്ന മ്യൂസിക് ഷോകള്‍, 24 മണിക്കൂറും തുറന്നിരിക്കുന്ന ടി വിയിലെ ചര്‍ച്ചാ ഷോകളില്‍ വന്നിരുന്നു വിദ്വേഷവും, അനാശാസ്യവും, അശ്ലീലവും, മര്യാദാ ലംഘനങ്ങളും ഒക്കെ വിളമ്പുന്ന ആളുകള്‍ ഒക്കെ അസഭ്യത്തെ നോര്‍മലൈസ് ചെയ്യുകയാണ്, അഥവാ പൊതുജനത്തിന്റെ സാമാന്യബോധം എന്ന മായ സൃഷ്ടിക്കുകയാണ് അഥവാ പരോക്ഷമായ സാംസ്‌കാരിക അധീശത്വം നടത്തുകയാണ്.

യാഥാര്‍ത്ഥ്യബോധത്തോടെ ഈ സാംസ്‌കാരിക മാറ്റത്തെ അഭിമുഖീകരിക്കുക എന്നതാണ് പ്രധാനം. താത്കാലിക ലേപനങ്ങളോ ഔഷധങ്ങളോ കൊണ്ട് സുഖപ്പെടുന്ന ദൈന്യവുമല്ല ഇത്.

തൊപ്പി പോലെയുള്ള സാംസ്‌കാരിക പ്രതിഭാസങ്ങളെ നേരിടേണ്ടതിനു നാം മനസിലാക്കിയിരിക്കേണ്ട പ്രധാന സംഗതികളാണ് ജനകീയ സംസ്‌കാരവും (പോപ്പുലര്‍ കള്‍ച്ചര്‍) സൈബര്‍ കള്‍ച്ചറും. ഫാഷന്‍, ഭക്ഷണം, കായിക വിനോദം, സിനിമ, സംഗീതം, ഓട്ടോമൊബൈല്‍, കല, നൃത്തം എന്നിങ്ങനെ നിരവധി മേഖലകളുടെ പേരില്‍ വ്യക്തികള്‍ ഒന്നിച്ചു വരികയും, അവരുടേതായ സംസ്‌കാരിക പ്രകടനങ്ങള്‍ നേരിട്ടോ, മാധ്യമങ്ങളിലൂടെയോ, സൈബര്‍ ഇടങ്ങളിലൂടെയോ ഒക്കെ പ്രദര്‍ശിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യുന്നതിനെ ആണ് ജനകീയ സംസ്‌കാരം എന്ന് വിളിക്കുന്നത്. അഭൂതപൂര്‍വമായ വിധത്തില്‍ ചെറുപ്പക്കാരുടെ ഫാന്‍ ബേസ് ഇവര്‍ക്ക് ലഭ്യമാകുന്നു എന്നത് ഈ കാലഘട്ടത്തിന്റെ സവിശേഷത കൂടിയാണ്. മതങ്ങളും ആത്മീയ സരണികളും പോലും ജനകീയ സംസ്‌കാരത്തിന്റെ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തു അവരുടേതായ ജനകീയ സംസ്‌കാരങ്ങള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നതാണ് തമാശ.

വിദ്യാഭ്യാസത്തെ ലഘുവായിക്കാണുന്ന സമീപനം ഉണ്ടായി എന്നതാണ് തൊപ്പി പോലുള്ള പ്രതിഭാസങ്ങളുടെ ഉദയത്തിനു പിന്നിലെ മറ്റൊരു വശം. ജോലി തേടാനുള്ള തരത്തില്‍ ഒരാളെ പ്രാപ്തനാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അഭാവം, വിമര്‍ശന ബുദ്ധിയോടെ വിഷയങ്ങളെ സമീപിക്കുവാനും, ജീവിത വിജയത്തിനായി അധ്യയനം നടത്തുവാനും ഉള്ള മോട്ടിവേഷന്റെ അഭാവം, പഠിച്ചാല്‍ തന്നെ അര്‍ഹമായ ജോലി ലഭ്യതക്കുള്ള പരിമിതി ഒക്കെ യുവതലമുറയെ ലക്ഷ്യബോധം ഇല്ലാത്തവരും, ജീവനത്വര ഇല്ലാത്തവരും ആക്കുന്നു.

ഗള്‍ഫ് ബൂം എന്ന് വിശേഷിപ്പിക്കാവുന്ന സാമ്പത്തിക വിപ്ലവത്തിന്റെ മക്കളാണ് ഇന്നത്തെ യുവതയുടെ മാതാപിതാക്കള്‍. 1970 നു ശേഷം പിറന്ന അവരുടെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള നിരവധി സംഗതികള്‍ ഉണ്ട്. അവരുടെ മക്കളെ അവര്‍ ഇപ്പോള്‍ വളര്‍ത്തി കൊണ്ടിരിക്കുന്ന രീതികളും സവിശേഷമാണ്. ഇതിലോക്കെ ദോഷം കാണുക എന്നതിനേക്കാള്‍ ഉപരിയായി, നമ്മുടെ സംസ്‌കാരത്തിലും, ചിന്തയിലും, പെരുമാറ്റത്തിലും, വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു എന്ന് നാം അംഗീകരിക്കാതെ വയ്യ. ആ മാറ്റങ്ങള്‍ക്ക് പ്രതിക്രിയ ചെയ്യാതെ അത് സംജാതമാക്കിയ പ്രതിസന്ധികള്‍ ഒഴിഞ്ഞു പോവില്ല.

അങ്ങനെ എല്ലാം കെട്ടു പിണഞ്ഞു കിടക്കുന്ന വല്ലാത്തൊരു സാംസ്‌കാരിക വിഷമ വൃത്തത്തിലാണ് മലയാളി. യാഥാര്‍ത്ഥ്യബോധത്തോടെ ഈ സാംസ്‌കാരിക മാറ്റത്തെ അഭിമുഖീകരിക്കുക എന്നതാണ് പ്രധാനം. താത്കാലിക ലേപനങ്ങളോ ഔഷധങ്ങളോ കൊണ്ട് സുഖപ്പെടുന്ന ദൈന്യവുമല്ല ഇത്. ആധികാരികവും ശാസ്ത്രീയവുമായ അറിവുകളുടെയും, പ്രയോഗങ്ങളുടെയും, സമീപനങ്ങളുടെയും സഹായത്തോടെ, സമയബന്ധിതമായ പരിഹാര മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. അതോടൊപ്പം തന്നെ ഈ പരിഹാരമാര്‍ഗ്ഗങ്ങള്‍ വിവിധങ്ങളായ വേദികളില്‍ പ്രയോഗിക്കപ്പെടണം. വിദ്യാലയങ്ങള്‍, സാമൂഹ്യ ക്ഷേമ വകുപ്പുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, മതവേദികള്‍, സന്നദ്ധ സംഘങ്ങള്‍ ഒക്കെ വേദികളായി കണക്കാക്കപ്പെടണം.

ആരോഗ്യപരിപാലനത്തില്‍ നാം നമ്പര്‍ വണ്‍ ആണെന്നൊക്കെ പി ആര്‍ വര്‍ക്ക് ചെയ്യാമെങ്കിലും യാഥാര്‍ഥ്യം അതല്ല. ആരോഗ്യമെന്നാല്‍ ശാരീരികാരോഗ്യം, മാനസികാരോഗ്യം, സാംസ്‌കാരിക ആരോഗ്യം, ആത്മീയ ആരോഗ്യം എന്നിങ്ങനെ പലത് ചേര്‍ന്നതാണ്. ഇതൊക്കെയും ഓട്ടോമാറ്റിക് ആയി ഉണ്ടാവുന്നതാണ്, സദാ പരിപാലിക്കപ്പെടേണ്ടവയാണ്. അതൊക്കെ മരുന്ന് മാത്രം കഴിച്ചു കൊണ്ടല്ല, മറിച്ചു സമ്പുഷ്ടവും, സ്വച്ഛവും, ശാന്തവുമായ സാമൂഹ്യ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ മനുഷ്യനെ അനുവദിക്കുക വഴി കൂടിയാണ് സംഭവ്യമാകുന്നത്. മതങ്ങളും, രാഷ്ട്രീയവും ഒക്കെ അത്തരം സാമൂഹ്യ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ സദാ ജാഗരൂകരാകണം.

കാലം മാറുന്നതിനനുസരിച്ചു സംസ്‌കാരം മാറും. പുതു തലമുറ അവരുടെ സംസ്‌കാരത്തെ പിന്തുടരുമ്പോള്‍ അതിനെതിരെ മറുതലിക്കാന്‍ ആവില്ല. അതെ സമയം സംസ്‌കാരങ്ങള്‍ക്ക് ജൈവികവും, വികസനോന്മുഖവുമായ വളര്‍ച്ച ഉണ്ടാവേണ്ടതുണ്ട്. നിരവധി വിഷയങ്ങളില്‍ പരിഹാരം ചെയ്‌തെങ്കിലേ സാധാരണമായ ഒരു സാമൂഹ്യ ജീവിതം മലയാളിക്ക് ഇനി ഉണ്ടാവൂ. സമാധാനപൂര്‍വ മായ ജീവിതമാണല്ലോ സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും രാഷ്ട്രീയത്തിന്റെയും ലക്ഷ്യം. അതിനു വേണ്ടി എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org