വനിതാദിനം: ചില ചിന്തകള്‍

വനിതാദിനം: ചില ചിന്തകള്‍
സഭയുടെയും സഭയിലെ സന്യാസിനികളുടെയും നേതൃത്വത്തില്‍ ജാതിമത ഭേദമില്ലാതെ, പെണ്‍കുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നല്കാന്‍ സൗകര്യങ്ങളുണ്ടായി. വിദ്യാഭ്യാസരംഗത്ത് സ്ത്രീ-പുരുഷ അന്തരം കുറയ്ക്കാന്‍ ഈ സംരംഭങ്ങള്‍ കാരണമായി.

ജന്മവൃക്ഷത്തിന്റെ ശിഖിരത്തില്‍ വിരിയുന്ന ആണ്‍പൂക്കളും പെണ്‍പൂക്കളും, പരസ്പരം കരുതലും കൈത്താങ്ങുമായി ജീവിക്കേണ്ടവര്‍. അവര്‍ ഇണങ്ങി ജീവിക്കുമ്പോള്‍ മാത്രമേ ജീവിതം, പിന്നെ തൡക്കുകയും പുഷ്പിക്കുകയും ചെയ്യുന്നുള്ളൂ. നിലനില്പും, പുരോഗതിയും, പരാജയവുമെല്ലാം അവര്‍ക്ക് പരസ്പരം ബാധകവുമാണ്. കായികശേഷിയും മേധാശക്തിയും ഉപയോഗിച്ച് പരസ്പരം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ഇരുകൂട്ടര്‍ക്കും ഭൂഷണമല്ല.

ദിനാചരണത്തിന്റെ പ്രാധാന്യം

മാര്‍ച്ച് 8, സ്ത്രീത്വത്തിനായി സമര്‍പ്പിക്കപ്പെട്ട ദിനമാണ്.ലോകത്തെവിടെയും വനിതാദിനം ആഘോഷിക്കുമ്പോള്‍ അവിടെ ഒത്തുചേരുന്നവരുടെ ആഘോഷം മാത്രമായി അതിനെ കരുതാനാവില്ല. ഭാരതത്തിലെ, അല്ലെങ്കില്‍ ലോകത്തെവിടെയുമുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ഓര്‍മ്മിക്കാനുള്ള ദിനം കൂടിയായി അത് പരിഗണിക്കേണ്ടിയിരിക്കുന്നു. സ്ത്രീയുടെ അന്തസ്സ് ഉയര്‍ത്താനും, സംരക്ഷണം ഉറപ്പു വരുത്താനുമുള്ള ഓര്‍മ്മപ്പെടുത്തലായി വനിതാദിനം ആചരിക്കേണ്ടിയിരിക്കുന്നു. ഈ കോവിഡ് കാലത്ത് ആതുരശുശ്രൂഷാരംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിഭാഗം വരുന്ന സ്ത്രീകള്‍; മറ്റു പല മേഖലകളിലും രോഗഭീതി മറന്നു നമുക്കായി സേവനം ചെയ്യുന്നവര്‍; പാടത്തും റോഡിലുമൊക്കെ വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന വനിതാദിനത്തെക്കുറിച്ച് കേട്ടറിവുേപാലുമില്ലാത്ത നിരവധി സ്ത്രീകള്‍; അവരെയൊക്കെ ആദരിക്കാനുള്ള ഓര്‍മ്മപ്പെടുത്തലായിരിക്കണം ഓരോ വനിതാദിനവും.

സ്ത്രീഭാവങ്ങള്‍

സ്ത്രീയുടെ ഏറ്റവും മഹത്തായ പദവി മാതൃത്വം തന്നെയാണ്. മാതൃത്വം സ്ത്രീത്വത്തിന്റെ സാഫല്യമാണ്. വംശവൃക്ഷത്തിന്റെ കുരുന്നിനെ ഭൂമിയില്‍ നട്ടുവളര്‍ത്തുന്ന അമ്മ. ആദ്യത്തെ രുചിയായി നാവിലലിയുന്ന മുലപ്പാല്‍ മുതല്‍, അനന്ത കോടി ജന്മങ്ങളിലേയ്ക്ക് കരുതലും കാവലുമാകുന്ന അമ്മയുടെ സ്‌നേഹം. ആ പാദങ്ങളിലാണ് നാം ആദ്യം നമസ്‌ക്കരിക്കേണ്ടത്.

'അമ്മ' എന്നാല്‍ 'പൂര്‍ണ്ണത നേടിയ സ്ത്രീ' എന്നാണ് അര്‍ത്ഥം. പ്രസവിക്കുക എന്ന അര്‍ത്ഥമുള്ള 'സൂത്ര' എന്ന ധാതുവില്‍ നിന്നും വ്യാപിപ്പിക്കുക എന്നര്‍ത്ഥമുള്ള 'സ്ത്രൂ' എന്ന ധാതുവില്‍ നിന്നുമാണ് 'സ്ത്രീ' എന്ന നാമത്തിന്റെ ഉല്പത്തി. മഹത്തായ ശക്തിയുള്ളവളാണ് മഹിള. 'വന്' എന്ന ആശ്രയിക്കുന്ന എന്നര്‍ത്ഥമുള്ള ധാതുവില്‍നിന്ന് 'വനിത' എന്ന പദമുണ്ടായി.

സൃഷ്ടി മാത്രമല്ല സ്ഥിതിയും പരിപാലനവും സ്ത്രീയുടെ ധര്‍മ്മമാണ്; ഔദാര്യമാണ്. തലമുറകളെ ഗര്‍ഭത്തില്‍ ധരിക്കുന്ന ധാത്രിയും, ജനിപ്പിക്കുന്ന ജനനിയുമാണവള്‍. മകള്‍, കാമുകി, ഭാര്യ, സഹോദരി, അമ്മ എന്നിങ്ങനെ എത്ര ഭാവങ്ങളിലൂടെയാണ് സ്ത്രീ രംഗപ്രവേശം നടത്തി നിറഞ്ഞാടുന്നത്.

ഭാരതസംസ്‌കാരം

പുരാണങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും സ്ത്രീയെ ആദരവോടെയാണു കാണുന്നത്. ഭാരതം സ്ത്രീയെ മാതാവായും ശക്തിസ്വരൂപിണിയായും ആരാധിക്കുന്നു. ഭാരതം ഭാരതാംബയാണ്; പ്രകൃതി. പ്രകൃതിദേവിയാണ്. ഗംഗ, ഗംഗാദേവിയാണ്. ശക്തിയുടെ പ്രതീകങ്ങളെല്ലാം എന്നും മാതൃസ്ഥാനത്തു തന്നെ.

'മാതൃദേവോഭവ

പിതൃദേവോഭവ

ആചാര്യദേവോഭവ

അതിഥിദേവോഭവ' - എന്ന തൈത്തരീയോപനിഷത്തിലെ വചനവും 'മാതാപിതാഗുരുഃദൈവം'' എന്ന ഗോമന്ത്രവും സ്ത്രീയെയാണ് ആദ്യം പരിഗണിക്കുന്നന്നത്. ഒന്നാമതായി പൂജിക്കപ്പെടേണ്ട ദൈവം അമ്മയാണ്. 'യത്ര നാരീസ്യ പൂജ്യന്തേ, രമന്തേതത്രദേവതാഃ' (എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവന്മാര്‍ ആനന്ദിക്കുന്നു) എന്ന് ഭാരതത്തിലെ ആദ്യത്തെ പ്രാമാണിക നിയമ സംഹിതയായ മനുസ്മൃതി ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ സംസ്‌കാരം അഞ്ചു സ്ത്രീകളെ (അഹല്യ, ദ്രൗപദി, സീത, താര, മണ്‌ഡോദരി) പഞ്ചരത്‌നങ്ങളെന്ന പേരില്‍ ആദരിക്കുന്നു. ഓരോ സ്ത്രീയും ഓരോ രത്‌നമാണെന്ന് ഓര്‍മ്മിക്കുക.

സ്ത്രീ-നരവംശ ചരിത്രത്തില്‍

കുടുംബ വ്യവസ്ഥ നിലവില്‍ വരുന്നതിനു മുമ്പുള്ള ആദിമ സമൂഹത്തില്‍, നേതൃത്വം സത്രീയുടെ അവകാശമായിരുന്നു. പിന്നീട് പ്രസവിക്കുന്നവള്‍ എന്ന പരിഗണനയില്‍ വിശ്രമം അനുവദിക്കപ്പെട്ടു. കുഞ്ഞുങ്ങളുടെ സംരക്ഷണം സ്ത്രീയുടെ ഉത്തരവാദിത്വമായിത്തീര്‍ന്നു. സ്ത്രീക്ക് കൂടുതല്‍ പോഷണം ആവശ്യമാണ് എന്ന കാരണത്താല്‍, അവള്‍ക്ക് നല്ല മാംസം നല്കാന്‍, അങ്ങനെ അവളുടെ അംഗീകാരം നേടിെയടുക്കാന്‍ പുരുഷന്‍ നല്ല വേട്ടക്കാരനായി, പിന്നീട്, ഗര്‍ഭധാരണവും പ്രസവവും സ്ത്രീയുടെ ദൗര്‍ബല്യമായി കരുതി അവളെ വീട്ടിനുള്ളില്‍ തളച്ചിട്ടു. കുടുംബ വ്യവസ്ഥ നിലവില്‍ വന്നതോടെ ഭവനാനുബന്ധ ജോലികളെല്ലാം സ്ത്രീയുടെ ഉത്തരവാദിത്വമായിത്തീര്‍ന്നു.

സതി, സ്മാര്‍ത്തവിചാരം, പടിയടച്ചുപിണ്ഡം വയ്ക്കല്‍, തലമുണ്ഡനം ചെയ്യല്‍, തുടങ്ങിയ അപമാനങ്ങളെല്ലാം വിവിധ ആചാരങ്ങളുടെ പേരില്‍ സ്ത്രീയുടെ മേല്‍ കെട്ടിയേല്പിക്കപ്പെട്ടു. അബലയെന്ന നിലയില്‍ സ്ത്രീക്ക് സ്വ ത്തിന്റെ മേല്‍ അവകാശം നല്കുന്നതിനായി രൂപീകരിച്ച മരുമക്കത്തായ സമ്പ്രദായം പിന്നീട്, സ്ത്രീയെ ചൂഷണം ചെയ്യുന്നതിനും, പുരുഷന്റെ അലസതയ്ക്കും കളമൊരുക്കുകയാണു ചെയ്തത്.

പ്രാചീന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ വിദ്യാഭ്യാസത്തില്‍ സ്ത്രീക്ക് തുല്യത നല്കിയപ്പോള്‍ മധ്യകാലഘട്ടം തൊട്ട് (ഇസ്ലാമിക വിദ്യാഭ്യാസം) സ്ത്രീ, വിദ്യാഭ്യാസത്തില്‍നിന്ന് മാറ്റി നിര്‍ ത്തപ്പെട്ടു. മതങ്ങളെല്ലാം തന്നെ, സ്ത്രീക്ക് വിദ്യാഭ്യാസം ആവശ്യമില്ല എന്ന നിലപാടു സ്വീകരിച്ചു.

വിദ്യനല്കിയ വെളിച്ചം

ആധുനിക കാലം സ്ത്രീയ്ക്കു നല്കിയ വലിയ വരദാനമാണ് വിദ്യാഭ്യാസം. തൊഴിലിലും വിജ്ഞാനത്തിലുമുള്ള തുല്യതയും, സമൂഹവും വിവിധ സര്‍ക്കാരുകളും നല്കിയ പരിഗണനയും സ്ത്രീയുടെ ജീവിത നിലവാരമുയര്‍ത്താന്‍ പര്യാപ്തമായി. വിദ്യാഭ്യാസം, സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് അവളെ ബോധവതിയാക്കി. വിവിധ രംഗങ്ങളില്‍ മികവും തെളിയിക്കാന്‍ ആത്മവിശ്വാസം നല്കി. ഒപ്പം, അവഗണനയ്ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടാന്‍ കരുത്തു നല്കി. ചിന്തിക്കാനും പ്രതികരിക്കാനും സ്ത്രീ പ്രാപ്തയായി. ഇന്ന് ഭരണരംഗത്തും ഉദ്യോഗങ്ങളിലുമെല്ലാം അവഗണിക്കാനാകാത്ത ശക്തിയായി സ്ത്രീ സ്ഥാനം നേടിയിരിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും അവള്‍ കൈവരിച്ചിരിക്കുന്നു. കേരളത്തില്‍ അധ്യാപനരംഗത്തും മറ്റും പുരുഷന്മാരെ മറികടക്കാന്‍ തക്ക വിധം സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു.

സഭയുടെ നേതൃത്വം

സ്ത്രീവിദ്യാഭ്യാസത്തിന് എന്നും നെടുംതൂണായി നിലകൊണ്ടത് ക്രൈസ്തവ സഭാ സമൂഹങ്ങളായിരുന്നു. വിദ്യാഭ്യാസമാണല്ലോ സ്ത്രീ ശാക്തീകരണത്തിന്റെ കേന്ദ്രബിന്ദു. സ്ത്രീ ശാക്തീകരണത്തിനുപകരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സഭ നേതൃത്വം നല്കുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് ബോര്‍ഡിംഗ് സ്‌കൂള്‍ സ്ഥാപിച്ചത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനായിരുന്നു. തുടര്‍ന്നും, സഭയുടെയും സഭയിലെ സന്യാസിനികളുടെയും നേതൃത്വത്തില്‍ ജാതിമത ഭേദമില്ലാതെ, പെണ്‍കുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നല്കാന്‍ സൗകര്യങ്ങളുണ്ടായി. വിദ്യാഭ്യാസരംഗത്ത് സ്ത്രീ-പുരുഷ അന്തരം കുറയ്ക്കാന്‍ ഈ സംരംഭങ്ങള്‍ കാരണമായി.

വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സേവനരംഗങ്ങളില്‍ സഭയിലെ സന്യാസിനികള്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്. പ്രത്യേകിച്ച് വ്യക്തികളുടെ രൂപീകരണത്തിന്റെ പ്രധാന കാലഘട്ടമായ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നമ്മുടെ സന്ന്യാസിനികളുടെ സേവനം എത്രയോ മാതൃകാപരമാണ്! സമൂഹത്തിനു സാന്ത്വനമായി നിലകൊള്ളുന്ന സന്യാസിനീ സമൂഹങ്ങള്‍ ആതുരശുശ്രൂഷാരംഗത്തും, അനാഥരുടെ സംരക്ഷണത്തിലും ത്യാഗപൂര്‍ണ്ണമായ സേവനങ്ങള്‍ കാഴ്ചവയ്ക്കുന്നു. ശാരീരിക മാനസിക വൈകല്യങ്ങള്‍ ബാധിച്ചവരെയും വയോജനങ്ങളെയും സംരക്ഷിക്കുന്നതിലൂടെ, അധികമാര്‍ക്കും കടന്നുചെല്ലാന്‍ സാധിക്കാത്ത സേവന മേഖലകളിലെല്ലാം ക്രിസ്തുവിന്റെയും സഭയുടെയും സ്‌നേഹമുദ്ര പതിപ്പിക്കാന്‍ അവര്‍ക്കുസാധിച്ചിരിക്കുന്നു.

സമകാലദുരന്തങ്ങള്‍

വിജയവീഥിയില്‍ വളരെയേറെ മുന്നേറാന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിച്ച പുതിയ കാലഘട്ടത്തിലും, സ്ത്രീകള്‍ ചൂഷണത്തിനും അവഗണനയ്ക്കും ഇരകളായിത്തീരുന്നു. അമ്മയുടെ ഉദരത്തില്‍ കുരുന്നായി മൊട്ടിടുമ്പോള്‍ തുടങ്ങി ജന്മത്തിന്റെ അറ്റം വരെ സ്ത്രീത്വം കുടിച്ചുവറ്റിക്കുന്ന കണ്ണീരിന്റെ അലകള്‍ നമുക്കു ചുറ്റുമുണ്ട്. കുടംബത്തിനുള്ളിലും പുറത്തും സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന അവസ്ഥയാണു നിലവിലുള്ളത്.

സ്ത്രീകളുടെ നേര്‍ക്കുയരുന്ന, ശാരീരിക-ൈലംഗിക കയ്യേറ്റങ്ങളാണ് അധികമായി നാമറിയുന്നത്. പിഞ്ചുപൈതല്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ഇരകളായിത്തീരു ന്ന സംഭവങ്ങള്‍ ഇന്നു വിരളമല്ല. അതിനുമപ്പുറം സ്ത്രീയെ ഗ്രസിക്കുന്ന ദുരന്തങ്ങള്‍ പലതും ലോകമറിയാതെ പോകുന്നു. സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ ഭക്ഷണവും വിദ്യാഭ്യാസ സൗകര്യങ്ങള്‍ പങ്കുവയ്ക്കുന്നിടത്തു തുടങ്ങുന്നു, പെണ്ണെന്ന പേരിലുള്ള അനീതി. ഭാരതത്തില്‍ പലയിടങ്ങളിലും പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭപാത്രത്തില്‍നിന്ന് ജീവനോടെ പുറത്തുവരണമെങ്കില്‍ പോലും പലരുടെയും കാരുണ്യവും അനുവാദവും ലഭിക്കണമെന്ന അവസ്ഥയാണുള്ളത്. അടുക്കളയിലും കിടപ്പറയിലുമെല്ലാം നിരന്തരം അപമാനിതരാകുന്ന സ്ത്രീകളും സമൂഹത്തിന്റെ ഭാഗമാണ്.

''മറ്റൊരു വീട്ടിന്നകത്തളത്തില്‍

ജന്മമല്പാല്പമായ് നീറ്റും ചിതയില്‍

ഒരായുസ്സു കൊണ്ടേ സതിയനുഷ്ഠിക്കുവോള്‍''

(പെങ്ങള്‍-ഒ.എന്‍.വി. കുറുപ്പ്)

അവളെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കു സാധിക്കുമോ? അവഗണനയും, ബൗദ്ധികമായ തരം താഴ്ത്തലും, തൊഴില്‍ നിഷേധങ്ങളും, സാമ്പത്തിക ചൂഷണങ്ങളുമെല്ലാം സ്ത്രീയെ പിന്‍തുടരുന്നു.

''വന്യമാം നീതി, വരേണ്യമാംനീതി

രാജന്യമാം നീതി'' - എന്നിവയെല്ലാം അവളെ വേട്ടയാടുകയാണു ചെയ്തത്.

യാത്രയ്ക്കിടയില്‍ പലയിടത്തും അപരിചിതരുടെ പരിഹാസവും, അപമാനവും സ്ത്രീ സഹിക്കേണ്ടി വരുന്നു. തൊഴിലിടങ്ങളില്‍ മേലധികാരികളും സഹപ്രവര്‍ത്തകരും കീഴ്ജീവനക്കാര്‍ പോലും സ്ത്രീയെന്ന പേരില്‍ അഭിമാനക്ഷതമേല്‍ക്കും വിധം പെരുമാറുന്നു. ''ഇവളെ കൊല്ലേണ്ടതെങ്ങനെ?'' എന്ന സുഗതകുമാരിക്കവിതയിലെ ചോദ്യത്തിന്റെ അന്തസ്സത്ത ഇവയൊക്കെത്തന്നെയാണ്. 'നാരിയെ മാനിക്കാത്ത സഭ സഭയല്ല'' എന്ന് മഹാഭാരതം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇന്നത്തെ അവസ്ഥ നമ്മുടെ സമൂഹത്തിന് എത്ര അപമാനകരമാണെന്നു ചിന്തിക്കുക.

കാരണങ്ങളും സാധ്യതകളും

പുതിയ കാലഘട്ടത്തില്‍, ജീവിതപശ്ചാത്തലത്തിലും പരിശീലനങ്ങളിലും സംഭവിച്ച പോരായ്മകളാകാം ചിലരെ പ്രേരിപ്പിക്കുന്നത്. അണുകുടുംബങ്ങളിലെ ഒറ്റപ്പെട്ട അവസ്ഥയും, ആശ്രയബോധമില്ലാതെ നഷ്ടപ്പെട്ടുപോയ ബാല്യവും, കുടുംബബന്ധങ്ങളുടെ ശൈഥില്യവും, മൂല്യബോധത്തില്‍ സംഭവിച്ച പരിണാമങ്ങളുമാകാം വികല പ്രവണതകള്‍ക്ക് കാരണമാകുന്നത്. നവമാധ്യമങ്ങളിലൂടെ നേടിയ ച്യുതസംസ്‌കാരവും ആശ്രയിക്കാനും തെറ്റുതിരുത്താനും ആരുമില്ലാത്ത അവസ്ഥയും കുട്ടികളുടെ വ്യക്തിത്വത്തെ വികലമാക്കിയിട്ടുണ്ടാകാം. വിദ്യാഭ്യാസത്തിലൂടെ നേടേണ്ട വ്യക്തിത്വ വികസനത്തിനും മൂല്യബോധത്തിനും സ്ഥാനഭ്രംശം സംഭവിച്ച് ഭൗതികനേട്ടം മാത്രം ലക്ഷ്യം വയ്ക്കുന്നതും ഇതിനു കാരണമായെന്നും വരാം.

ഉന്നത വിദ്യാഭ്യാസവും, തൊഴില്‍, സാമ്പത്തിക സ്വാതന്ത്ര്യങ്ങളും പെണ്‍കുട്ടികളുടെ ജീവിതത്തെയും മാറ്റിമറിച്ചിട്ടുണ്ട്. പണാധിപത്യവും, ഫാഷന്‍ ഭ്രമവും, ജീവിതമത്സരവും കുറ്റബോധമില്ലായ്മയ്ക്കു കാരണമായിട്ടുണ്ട്. മൂല്യബോധത്തെക്കുറിച്ചു ള്ള ധാരണകള്‍ക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. നവമാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത ലോകത്തിന്റെ കപടമുഖം കാണുന്ന കുട്ടികള്‍ ചതിക്കുഴികളെ തിരിച്ചറിയാതെ പോകുന്നു.

മദ്യം, മയക്കുമരുന്ന് ഇവയുടെ സ്വാധീനം കുടുംബങ്ങളെയും, യുവജനങ്ങളെയും ബാധിച്ചത് വികലമായ പ്രവര്‍ത്തനങ്ങള്‍ക്കു കാരണമായിട്ടുണ്ട്.

ചില പരിഹാരമാര്‍ഗ്ഗങ്ങള്‍

സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍, ഉചിതമായ ശിക്ഷകളിലൂടെയേ ഉന്മൂലനം ചെയ്യാന്‍ സാധിക്കുകയുള്ളൂ. കുറ്റവാളികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും ചികിത്സയും നല്കാന്‍ സാഹചര്യമുണ്ടാകണം. നമ്മുടെ കുടുംബങ്ങളില്‍ തുടങ്ങുന്ന ജീവിത വിമലീകരണമാണ് ശരിയായ പരിഹാരം. കുട്ടികള്‍ക്ക് ശ്രദ്ധയും, വാത്സല്യവും, തിരുത്തലും, മൂല്യബോധവും നല്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അവരില്‍ ശരിയായ മാനസികാരോഗ്യം ഉറപ്പുവരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും മൂല്യാധിഷ്ഠിത ജീവിത പരിശീലനത്തിനു പ്രാധാന്യം നല്കണം. പഠനത്തിലൂടെ ലഭിക്കുന്ന ഭൗതികനേട്ടങ്ങള്‍ക്കപ്പുറം, വ്യക്തിത്വ വികസനത്തിനും സാമൂഹ്യബോധത്തിനും, സഹജീവിസ്‌നേഹത്തിനും പാഠ്യപദ്ധതിയില്‍ പ്രാധാന്യം കണ്ടെത്തണം. പ്രണയമെന്നാല്‍ ഉടമസ്ഥാവകാശമല്ലെന്നും ആത്മാവില്‍ നിറയുന്ന സ്‌നേഹമാണെന്നും ചെറുപ്പക്കാര്‍ മനസ്സിലാക്കണം. പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് ശരിയായ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ രൂപെപ്പടേണ്ടത് ആവശ്യമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു വിദ്യാഭ്യാസം നേടുന്ന, വിദ്യാലയങ്ങളാണ് പുതിയ കാലഘട്ടത്തിന്റെ ആവശ്യമായി പരിഗണിക്കേണ്ടത്.

പെണ്‍മക്കളുള്ളവര്‍ അവരെ മറ്റൊരു വീട്ടില്‍ ഒതുക്കാന്‍ വേണ്ടി മാത്രം വളര്‍ത്താതിരിക്കുക. അവര്‍ക്കായി കരുതിവയ്‌ക്കേണ്ടത് ആഭരണങ്ങളും സ്ത്രീധനവുമല്ല. അവര്‍ക്ക് യോജിച്ച വിദ്യാഭ്യാസം നല്കുക. അഭിമാനത്തോടെ ജീവിക്കാനുള്ള കരുത്ത് അവളിലുണര്‍ത്തുക. ആത്മാഭിമാനം മുറിപ്പെടുന്നിടത്ത് പ്രതികരിക്കാന്‍ പഠിപ്പിക്കുക. അച്ചടക്കമെന്നാല്‍ തലകുനിച്ചു നില്‍ക്കലല്ല എന്ന തിരിച്ചറിവു നല്കുക. സ്വാശ്രയബോധത്തോടെ ജീവിക്കുമ്പോള്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള പക്വത രൂപപ്പെടുത്തുക. പ്രണയത്തിലും ഫാഷന്‍ ഭ്രമത്തിനു പിന്നിലും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിയാനുള്ള വിവേകം രൂപപ്പെടുത്തുക.

ആണ്‍കുട്ടികളെ അഭിമാനബോധമുള്ളവരായി വളര്‍ത്തുക. സഹോദരിയുടെ മാനാഭിമാനങ്ങള്‍ തന്റേതു കൂടിയാണെന്ന് അവര്‍ തിരിച്ചറിയട്ടെ. സ്ത്രീയെ ശരീരം മാത്രമുള്ള ഉപഭോഗവസ്തുവായി പുരുഷന്മാര്‍ ചിന്തിക്കുന്ന ഒരവസ്ഥ ഇവിടെ ഉണ്ടാകാതിരിക്കട്ടെ. ബുദ്ധിയും മനസ്സും ആഗ്രഹങ്ങളും അഭിപ്രായങ്ങളുമുള്ള പൂര്‍ണ്ണ വ്യക്തിയായി ഓരോ പെണ്ണിനെയും അംഗീകരിക്കാന്‍ ഓരോ ആണിനും സാധിക്കണം. ഓരോ പെണ്‍കുട്ടിയും സ്വന്തം മകളാണെന്നു ചിന്തിക്കുന്ന അച്ഛന്റെ കരുതലും ഏതു സ്ത്രീയും അമ്മയാണെന്നു ചിന്തിക്കുന്ന പുത്രഹൃദയവും വ്യക്തികളിലുണ്ടാകണം.

യേശു-മാതൃക

യേശു ജീവിതത്തിലുടനീളം സ്ത്രീകളോട് ആദരവും കാരുണ്യവും കാണിക്കുന്നതായി ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. കാനായിലെ കല്യാണവിരുന്നില്‍ പരിശുദ്ധ കന്യകയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് യേശു തന്റെ ശക്തി വെളിപ്പെടുത്തിക്കൊണ്ട് വെള്ളം വീഞ്ഞാക്കിയത്. പാപിനിയായി പിടിക്കെപ്പട്ട് കല്ലെറിയാന്‍ കൊണ്ടുവന്ന സ്ത്രീക്ക് യേശു മോചനം നല്കി. ''പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'' എന്ന താക്കീതിലൂടെ സമൂഹത്തിന്റെ ആത്മവിചിന്തനത്തിനും തിരുത്തലിനും യേശു കാരണമാകുന്നു. ശിമയോന്റെ ഭവനത്തില്‍ തന്റെയടുത്തെത്തി കണ്ണീരുകൊണ്ട് പാദം കഴുകി തൈലം പൂശിയ സ്ത്രീയെ യേശു മഹത്വവത്കരിക്കുന്നതായി കാണുന്നു. സഹോദരന്റെ മരണത്തില്‍ ദുഃഖിതരായ മര്‍ത്തയെയും മറിയത്തെയും ആശ്വസിപ്പിച്ച യേശു സഹോദരന്റെ ജീവന്‍ തിരികെ നല്കി സാന്ത്വനമാകുന്നു. യാക്കോബിന്റെ കിണറിനരികെ കണ്ടുമുട്ടിയ സമറായക്കാരിയില്‍ ജ്ഞാനം നിറയ്ക്കാനും അവളെ സുവിശേഷകയാക്കുവാനും യേശുവിനു സാധിച്ചു. തന്റെ കാല്‍വരി യാത്രയില്‍ കണ്ണീരോടെ പിന്‍തുടര്‍ന്ന സ്ത്രീകളെ യേശു ആശ്വസിപ്പിക്കുകയും, ഭാവിയെക്കുറിച്ച് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്കുകയും ചെയ്തു. ഉയര്‍ത്തെഴുന്നേറ്റ യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത്. തനിക്കു പ്രിയപ്പെട്ടവരായിരുന്ന തന്നെ അനുഗമിച്ച സ്ത്രീകള്‍ക്കു തന്നെയാണ്. സ്ത്രീകളുടെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് യേശു സ്വീകരിച്ചത്.

മറിയം ശക്തിസ്വരൂപിണി

യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയം നമ്മുടെയെല്ലാം അമ്മയാണ്. പൂര്‍ണ്ണമായി ദൈവതിരുമനസ്സിനു വിധേയമായിക്കൊണ്ട് രക്ഷാകര ദൗത്യത്തില്‍ മറിയം സഹരക്ഷകയുടെ സ്ഥാനം ഏറ്റെടുത്തു. ഏറ്റവും അപമാനകരമായിത്തീരാന്‍ സാധ്യതയുള്ള ഭാവിയെക്കുറിച്ച് മറിയം ആശങ്കപ്പെടുന്നില്ല. തുടര്‍ന്ന്, ക്ലേശപൂര്‍ണ്ണമായ സഹനങ്ങളിലൂടെ, ദരിദ്രയെപ്പോലെ കാലിത്തൊഴുത്തില്‍ ലോകരക്ഷകനു ജന്മം കൊടുത്തപ്പോഴും മറിയം നിരാശപ്പെടുന്നില്ല. തുടര്‍ച്ചയായ പലായനങ്ങളിലൂടെ തിരുകുടുംബം നില നില്പിനായി പോരാടുമ്പോള്‍ മറിയം കുടുംബത്തിന്റെ ശക്തിയായി നിലകൊള്ളുന്നു. 'ഒരു വാള്‍ നിന്റെ ഹൃദയത്തെ പിളര്‍ക്കും' എന്ന ശിമയോന്റെ പ്രവചനത്തിലും അതിന്റെ പൂര്‍ത്തീകരണത്തിലും മറിയം പതറിപ്പോകുന്നില്ല. യേശു തന്റെ അത്ഭുതപ്രവര്‍ത്തനങ്ങളിലേയ്ക്കു പ്രവേശിച്ചത് മറിയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചുതന്നെയാണ്. യേശുവിന്റെ കാല്‍വരി യാത്രയിലും മറിയം സഹയാത്രികയായിരുന്നു. കുരിശിന്‍ ചുവട്ടില്‍ ഹൃദയഭേദകമായ വേദനയോടെ നില്‍ക്കുന്ന മറിയം യോഹന്നാനെ പുത്രനായി സ്വീകരിച്ചു. അങ്ങനെ മറിയം നമുെക്കല്ലാം അമ്മയായി. യേശുവിന്റെ മരണത്തെത്തുടര്‍ന്ന് ഭയത്തില്‍ കഴിഞ്ഞ അപ്പസ്‌തോലന്മാര്‍ക്ക് ധൈര്യം പകര്‍ന്ന് മറിയം കൂടെ നടന്നു. തിരുസ്സഭയുടെ ആദ്യസമൂഹമായ അവര്‍ക്ക് മറിയമാണ് നേതൃത്വം നല്കിയത്. സഭാംഗങ്ങളുടെ മാതാവെന്ന നിലയില്‍ ആ നേതൃത്വം ഇന്നും തുടരുന്നു. വിശ്വാസികളുടെ മദ്ധ്യസ്ഥയായ മറിയം പൂര്‍ണ്ണതയുള്ള അമ്മയാണ്. സങ്കടങ്ങളില്‍ തകര്‍ന്നു പോകാതെ രക്ഷാകര കര്‍മ്മത്തില്‍ സഹകരിച്ച മറിയം, ജീവിതപ്രതിസന്ധികളില്‍ നമുക്കു മാതൃകയും ആശ്രയവുമാണ്.

ഫെമിനിസം എന്നാല്‍...

ഫെമിനിസം ഏറെ തെറ്റിദ്ധരിക്കപ്പെട്ട കാലത്താണ് നാം ജീവിക്കുന്നത്. അത് പുരുഷനിഷേധമാണെന്ന്, പുരുഷനെ അധിക്ഷേപിക്കാനുള്ളതാണെന്ന് ചിലര്‍ പഠിച്ചുവച്ചിരിക്കുന്നു. നമ്മുടെ സാഹിത്യവും സിനിമയുമൊക്കെ സ്ത്രീകളുടെ ദുരവസ്ഥകള്‍ ചിത്രീകരിക്കുമ്പോള്‍ അത് പുരുഷനോടുള്ള വിദ്വേഷമല്ലെന്നു തിരിച്ചറിയുക. സ്വന്തം ജീവിതം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കു നല്കുന്ന അവബോധമായി അവയെ തിരിച്ചറിയണം. ഒപ്പം, ഒരു ചെറുവിരല്‍ സാന്ത്വനമാകുവാന്‍ പുരുഷനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഫെമിനിസം പുരുഷനെയും സ്ത്രീയെയും തമ്മിലകറ്റാനുള്ളതല്ല. കൂടുതല്‍ ഇണക്കത്തോടെ, സഹിഷ്ണുതയോടെ, കരുതലോടെ, ജീവിതവീഥിയില്‍ ഒരുമിച്ചു മുന്നേറാനുള്ള ശ്രമമായി ഫെമിനിസം മാറണം. പരസ്പരം ബഹുമാനിക്കേണ്ടതിന്റെ, പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യം നല്കുന്നതാകണം. ഏറെക്കാലമായി അടിച്ചമര്‍ത്തെപ്പടുകയും സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്ത സ്ത്രീകള്‍ക്ക് സ്വാശ്രയബോധം നേടാനും, സ്വയം ശാക്തീകരിക്കാനും ഓരോ വനിതാദിനവും കാരണമാകണം. അങ്ങനെ സ്ത്രീ വീടിനു മാത്രമല്ല നാടിനും വിളക്കായിരിക്കണം.

ഉപസംഹാരം

ഓരോ പെണ്‍കുട്ടിയെയും അവള്‍ ഗര്‍ഭത്തിലായിരുന്ന അവസ്ഥ മുതല്‍ സ്‌നേഹിക്കുന്ന അച്ഛന്മാര്‍ക്ക്, സഹോദരിയുടെ സംരക്ഷണം തന്റെ ദൗത്യമാണെന്നു ചിന്തിക്കുന്ന ആങ്ങളമാര്‍ക്ക്, ഇണയും തുണയുമായവളെ എല്ലാ അവസ്ഥയിലും ഹൃദയത്തില്‍ ചേര്‍ത്തു സൂക്ഷിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക്, ശൈശവത്തിലെന്നപോലെ അമ്മയുടെ വിരല്‍ത്തുമ്പു വിടാത്ത പുത്രന്മാര്‍ക്ക് മുഴുവന്‍ സ്ത്രീകളുടെയും പേരില്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.

നമുക്ക് അനുസ്മരിക്കാം; മദര്‍ തെരേസയെ, ഹെലന്‍ കെല്ലറെ, ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെ... ഒപ്പം; തിളച്ചുവെന്ത് അന്നമായ്ത്തീര്‍ന്ന എല്ലാ അമ്മമാരെയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org