നമുക്ക് മുന്‍പേ നടന്നവര്‍…!

നമുക്ക് മുന്‍പേ നടന്നവര്‍…!
Published on

ഒക്‌ടോബര്‍ 1 – ലോക വയോജന ദിനം

ഡോ. കെ.വി. റീത്താമ്മ
പ്രസിഡന്റ്, അന്തര്‍ദ്ദേശീയ സീറോ മലബാര്‍ മാതൃവേദി

'വാര്‍ദ്ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ! ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കരുതേ! (സങ്കീ. 71:9). ലോകത്തിലെ എല്ലാ വയോജനങ്ങളുടെയും പ്രാര്‍ത്ഥനയാണിത്.
നമുക്കു മുമ്പേ നമ്മുടെ തന്നെ പാതയില്‍ നമ്മുടെ ഭവനത്തിലെ മാന്യമായ ഒരു ജീവിതത്തിനു വേണ്ടിയുള്ള നമ്മുടെ അനുദിന യുദ്ധത്തില്‍ മുമ്പേ വന്ന സ്ത്രീകളും പുരുഷന്മാരും അമ്മമാരും അപ്പന്മാരും ആണ് വൃദ്ധജനങ്ങള്‍ (ഫ്രാന്‍സിസ് പാപ്പ).
യൗവനം കുടുംബത്തിനും നാടിനും സമര്‍പ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വയോധികരും സമൂഹത്തിന്റെ ആദരവ് അര്‍ഹിക്കുന്നു, പ്രതീക്ഷിക്കുന്നു എന്നും വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണ് എന്നുമുള്ള ഓര്‍മ്മപ്പെടുത്തലുമായി ദേശീയ വയോജനദിനം ലോകമെമ്പാടും ആചരിക്കുന്നു. 1990 ഡിസംബര്‍ 14-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഒക്‌ടോബര്‍ 1 അന്തര്‍ദേശീയ വയോജന ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചതും 1991 ഒക്‌ടോബര്‍ 1 ആദ്യത്തെ വയോജന ദിനമായി ആചരിച്ചതും.
WHO യുടെ കണക്കുകളനുസരിച്ച് ലോകത്തില്‍ 60 കോടിയോളം ജനങ്ങള്‍ 60 വയസ്സിന് മുകളിലുള്ളവരാണ്. 2025 ആകുമ്പോഴേക്കും ഇത് 100 കോടിയിലധികം ആകും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിലധികവും വികസ്വര രാജ്യങ്ങളിലായിരിക്കും. ജനസംഖ്യയിലെ വയോജന അനുപാതത്തിലും പ്രായമായ മാതാ പിതാക്കള്‍ തനിച്ചു താമസിക്കുന്ന കാര്യത്തിലും, വിധവകളുടെ എണ്ണത്തിലും കേരളം മുന്നിലാണ്.
വാര്‍ദ്ധക്യം അനിവാര്യതയാണ്. നാം ഓരോരുത്തരും അതിലേക്ക് നടന്ന് അടുത്തുകൊണ്ടിരിക്കുകയാണ്. ദൂരം മാത്രമേ വ്യത്യാസമുള്ളൂ. വൈദ്യശാസ്ത്ര പുരോഗതിയും, മെച്ചപ്പെട്ട ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയും, ആരോഗ്യപരിപാലനവും ആയുര്‍ ദൈര്‍ഘ്യം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. അതിനൊപ്പം ജീവിത സായാഹ്ന ദൈര്‍ഘ്യവും കൂടിയിട്ടുണ്ട്. ഇന്നലെ വരെ കുടുംബങ്ങളുടെ ഐശ്വര്യമായിരുന്ന വയോ ജനങ്ങള്‍ ഇന്ന് ദുശ്ശകുനങ്ങളായി മാറി. ഇന്ന് വൃദ്ധ മാതാപിതാക്കളുടെ സംരക്ഷണം ബാധ്യതയായി മക്കള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. വൃദ്ധജനങ്ങളെ വൃദ്ധസദനങ്ങളിലേക്ക് അയയ്ക്കുന്ന ഒരു സംസ്‌കാരം കേരളത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത് വലിയൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണ്. ജീവിത വ്യഗ്രതയില്‍ നട്ടം തിരിയുന്ന ഇന്നത്തെ സമൂഹത്തിന് കുടുംബ ബന്ധങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം ഇല്ലാത്ത അവസ്ഥയായി. ഹൈടെക് യുഗത്തില്‍ ഓരോരുത്തരും ഓരോ തുരുത്തുകളായി മാറി. പണ്ടുണ്ടായിരുന്ന ഊഷ്മളബന്ധങ്ങള്‍ കുടുംബങ്ങളിലും അയല്‍ക്കാരുമായും ഇല്ലാതായി. ഇതെല്ലാം ബാധിക്കുന്നത് കുടുംബങ്ങളിലെ വയോജനങ്ങളെയാണ്. കൂട്ടുകുടുംബ വ്യവസ്ഥകളില്‍ പ്രായംചെന്നവര്‍ ബഹുമാനിക്കപ്പെട്ടിരുന്നു. അവരെ പരിചരിക്കാന്‍ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ കൂട്ടുകുടുംബങ്ങളില്‍നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം അവരെ ഏകാന്തതയുടെ തടവറയിലാക്കി. വൃദ്ധമാതാപിതാക്കളെ പുറന്തള്ളുന്നത് ഇന്ന് ഒരു വാര്‍ത്തയല്ലാതായി തീര്‍ന്നിരിക്കുന്നു. അഥവാ വാര്‍ത്തയായാല്‍ തന്നെ ആയുസ്സ് ഇല്ലാത്ത വാര്‍ത്തകള്‍. സമൂഹം നിര്‍വികാരതയോടെ നോക്കി നില്‍ക്കുന്നു. മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുത്ത് അവരെ തെരുവിലേക്കു വലിച്ചെറിയുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ നാം കാണുന്നു. തങ്ങളെ സംരക്ഷിക്കുന്നില്ല എന്ന് എത്ര പരാതികളാണ് പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്. പരിചരണം നല്‍കാതിരിക്കല്‍, ശാരീരിക പീഡനങ്ങള്‍, സാമൂഹികമായ ഒറ്റപ്പെടുത്തല്‍, സ്വത്ത് ബലമായി എഴുതി വാങ്ങല്‍ തുടങ്ങിയ നിരവധി ചൂഷണങ്ങള്‍ക്ക് വയോജനങ്ങള്‍ വിധേയരാകുന്നുണ്ട്. രക്തത്തില്‍ പിറന്ന മക്കള്‍ നല്ല നിലയില്‍ കഴിയുമ്പോഴും വൃദ്ധസദനങ്ങളിലെ തടവറയില്‍ നീറി കഴിയുന്ന വയോജനങ്ങള്‍ മനസ്സാക്ഷിക്കു മുമ്പില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. മക്കള്‍ തൊഴില്‍ തേടി വിദേശങ്ങളില്‍ കഴിയുമ്പോള്‍ മാതാപിതാക്കള്‍ നാട്ടില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്നു. ഇന്ന് ഏറ്റവു മധികം ആക്രമിക്കപ്പെടുന്നതും, കൊലചെയ്യപ്പെടുന്നതും, പീഡനങ്ങള്‍ക്ക് വിധേയരാകുന്നതും തനിച്ചു താമസിക്കുന്ന വയോജനങ്ങളാണ്.
നമ്മുടെ ഇന്നിന്റെ സൗഭാഗ്യങ്ങള്‍ക്ക് വേണ്ടി ഉരുകിത്തീര്‍ന്നവര്‍, ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ കുടുംബത്തിനും സമൂഹത്തിനും വേണ്ടി അധ്വാനിച്ചവര്‍, യൗവനത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ അനന്തര തലമുറയ്ക്കു നല്‍കിയവര്‍, ഒരായുസ്സ് മുഴുവന്‍ മക്കള്‍ക്കുവേണ്ടി ജീവിച്ചവര്‍, നമ്മുടെ ഈ നല്ല നാളുകള്‍ക്ക് വേണ്ടി അവരുടെ നല്ല നാളുകള്‍ ത്യജിച്ചവര്‍, നമ്മുടെ ജീവിതത്തില്‍ ഉടനീളം സ്‌നേഹവും വാത്സല്യവും സംരക്ഷണവും നല്‍കിയവര്‍, നമ്മുടെ ബാല്യത്തിലെ പിടിവാശികള്‍ക്ക് മുമ്പില്‍ തോറ്റു തന്നവര്‍. അവര്‍ക്ക് കൊടുക്കാന്‍ നമുക്ക് എന്താണുള്ളത്? പരിമിതികളില്ലാത്ത കടപ്പാടുകള്‍ നമുക്കില്ലേ? ജീവിത സായാഹ്നത്തില്‍ രോഗങ്ങളാലും വാര്‍ധക്യത്താലും പരസഹായം ആവശ്യമായി വരുന്ന സമയത്ത് ഒരിറ്റു സ്‌നേഹം, കരുതല്‍, തലോടല്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെയൊക്കെ ജീവിതത്തിന് എന്തര്‍ത്ഥമാണുള്ളത്.
പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും; അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും (പ്രഭാഷകന്‍ 3:9).


വയോജനങ്ങള്‍ക്ക് ഏറ്റവും ബഹുമാനം നല്‍കുന്ന ഒരു പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. മാതാപിതാക്കളുടെ, ഗുരുജനങ്ങളുടെ കാല്‍ തൊട്ടു വന്ദിക്കുന്ന ഒരു സംസ്‌കാരം നിലനില്‍ക്കുന്നതും ഭാരതത്തില്‍ മാത്രമാണ്. എന്നാല്‍ സാമൂഹ്യ വയോജന ക്ഷേമത്തിനും സുരക്ഷിതത്വത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ നാം വളരെ പിന്നിലാണ്. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ പ്രശ്‌നമല്ല, അത് ഒരു സാമൂഹിക പ്രശ്‌നമായി കാണണം. വിദ്യാഭ്യാസ, ആരോഗ്യ, സാങ്കേതിക രംഗങ്ങളില്‍ നാം നേടിയ മുന്നേറ്റങ്ങളുടെ കൂട്ടത്തില്‍ വയോജന പരിപാലനത്തിനും സുരക്ഷയ്ക്കും ഊന്നല്‍ നല്‍കണം. കേരളത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ 621 വൃദ്ധസദനങ്ങള്‍ ഉണ്ട്. അതില്‍ 16 എണ്ണം സര്‍ക്കാരിന്റേതും, 224 എണ്ണം സര്‍ക്കാരില്‍നിന്നും സാമ്പത്തിക സഹായം കൈപ്പറ്റുന്നതും ആണ്. കേരളത്തില്‍ 48 ലക്ഷം പേര്‍ 60 പിന്നിട്ടവരാണ്. വൃദ്ധ ജനങ്ങള്‍ക്കുവേണ്ടി പകല്‍വീടുകള്‍, നല്ല പരിശീലനം ലഭിച്ച ഹോം നഴ്‌സുമാരുടെ സേവനം ഒക്കെ ലഭ്യമാക്കണം.
ലോകത്തിലെ എല്ലാ രാജ്യങ്ങളിലും മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ നിലവിലുണ്ട്. ഭാരതസര്‍ക്കാര്‍ മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് വയോജന സംരക്ഷണ നിയമം (The Maintenance and Welfare of Parents and Senior Citizen Act,2007) നടപ്പാക്കിയിട്ടുണ്ട്. സ്വന്തമായ വരുമാനമോ സമ്പാദ്യമോ ഇല്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കും മാതാപിതാക്കള്‍ക്കും ആവശ്യമായ പരിരക്ഷയും മികച്ച ചികിത്സാ സൗകര്യങ്ങളും നല്‍കാനും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും ജില്ലകള്‍തോറും വൃദ്ധസദനങ്ങള്‍ സ്ഥാപിക്കുവാനുമാണ് ഈ നിയമം ലക്ഷ്യം വയ്ക്കുന്നത്. ഇതുപോലെ കേരള സര്‍ക്കാരും വയോജന സംരക്ഷണ നിയമം പാസാക്കിയിട്ടുണ്ട്. ഒന്നിലേറെ മക്കളുള്ള പ്രായംചെന്ന മാതാപിതാക്കള്‍ക്ക് ഇക്കൂട്ടത്തില്‍ ആരോട് വേണമെങ്കിലും ജീവനാംശം ആവശ്യപ്പെടാമെന്നും, സ്വത്ത് എഴുതി വാങ്ങിയശേഷം അവരെ പരിപാലിക്കുന്നില്ല എങ്കില്‍ സ്വത്ത് തിരിച്ചു വാങ്ങാമെന്നും, വിവാഹിതരായി എന്ന കാരണത്താല്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ല എന്നും മറ്റും നിഷ്‌കര്‍ഷിക്കുന്ന കോടതി വിധികള്‍ ഉണ്ട്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി ഈ ദിവസങ്ങളില്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള വയോജനങ്ങളുടെ ഭരണഘടനാപരമായ അവകാശം പാലിക്കപ്പെടണമെന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിയമപരമായ സംരക്ഷണത്തിനപ്പുറം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്‌നേഹവും പരിചരണവും വയോജനങ്ങള്‍ക്ക് ലഭിക്കണം. അവര്‍ക്ക് സംതൃപ്തമായ വാര്‍ദ്ധക്യകാല ജീവിതം പ്രദാനം ചെയ്യേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കടമയാണ്. വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ നേടിയെടുത്ത അറിവിനെയും പ്രായോഗിക പരിജ്ഞാനത്തെയും അവരുടെ മാനവവിഭവശേഷിയെയും സമൂഹത്തിന് ഫലപ്രദമായ രീതിയില്‍ എങ്ങനെ പ്രയോജനപ്പെടുത്താം, കര്‍മ ശേഷിയുള്ളവരായി വയോജനങ്ങളെ എങ്ങനെ നിലനിര്‍ത്താം എന്നതിനെക്കുറിച്ചു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
സ്‌നേഹമുള്ള വയോജനങ്ങളെ, ജീവിതചക്രത്തിന്റെ സ്വാഭാവിക പ്രക്രിയയാണ് പ്രായമാകല്‍ എന്നും വിരമിച്ച ശേഷമാണ് ശരിയായ ജീവിതം തുടങ്ങുന്നതെന്നും ചിന്തിക്കുക. ഇക്കാലമത്രയും ചിട്ടപ്പെടുത്തിയ ജീവിതചക്രത്തിലൂടെയാണ് നാം സഞ്ചരിച്ചത്. ഇനി നമുക്ക് നമ്മുടെ താല്‍പര്യമുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. എഴുത്ത്, വായന, ചിത്രം വരയ്ക്കല്‍, കൃഷി, പാചകം എന്നിങ്ങനെ മനസ്സിന് സന്തോഷം പകരുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാം. രവീന്ദ്രനാഥ ടാഗോര്‍ അദ്ദേഹത്തിന്റെ അറുപതുകളിലാണ് ചിത്രരചന ഒരു വിനോദമാക്കിയത്. രണ്ടായിരത്തോളം ചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദണ്ഡിയാത്ര നടത്തിയത് 61-ാം വയസ്സിലാണ്. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ബ്രിട്ടീഷ് പ്രധാന മന്ത്രിയായത് 65-ാം വയസ്സില്‍. മൊറാര്‍ജി ദേശായി ഇന്ത്യന്‍ പ്രധാനമന്ത്രി ആയത് 81-ാം വയസ്സിലാണ്. കേണല്‍ ഹാര്‍ലാന്‍ഡ് സാന്‍ഡേഴ്‌സ് കെ.എഫ്.സി. തുടങ്ങിയത് 62-ാം വയസ്സിലാണ്. നമ്മുടെ കണ്‍മുമ്പിലെ ഏറ്റവും വലിയ ഉദാഹരണം ആയ ഇന്ത്യന്‍ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ച 'മെട്രോ മാന്‍' എന്നു നാം വിളിക്കുന്ന ഇ. ശ്രീധരന്‍ 88-ാം വയസ്സിലും സമൂഹത്തിന് വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന വിലമതിക്കാനാവാത്ത സേവനം നമുക്ക് എല്ലാവര്‍ക്കും പ്രചോദനമാണ്.
നാം വിലപ്പെട്ടവരാണെന്നും വാര്‍ദ്ധക്യം സന്തോഷപ്രദമാക്കണമെന്നുമുള്ള അവബോധം നമുക്കുണ്ടാകണം. വാര്‍ധക്യജീവിതം ആനന്ദം നിറഞ്ഞതാക്കാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ ചെയ്യാം.
വൃദ്ധ മാതാപിതാക്കളെ പരിചരിക്കുക എന്ന പുണ്യമായിരിക്കും നമ്മുടെ വാര്‍ദ്ധക്യത്തെ മനോഹരമാക്കുന്നത്. ഓര്‍മ്മിക്കുക, അവര്‍ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണല്‍. അതുകൊണ്ടു തന്നെ അവര്‍ക്കുള്ള ഇടം നമ്മുടെ ഹൃദയങ്ങളിലാണ്, ശരണാലയങ്ങളിലല്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org