സാബത്തിലും സൗഖ്യം നല്‍കേണ്ടവര്‍

സാബത്തിലും സൗഖ്യം നല്‍കേണ്ടവര്‍

രഹസ്യജീവിതത്തില്‍നിന്നും പരസ്യ ശുശ്രൂഷയ്ക്കായി ലോകത്തിനു വെളിപ്പെടുത്തപ്പെട്ട മിശിഹായെ ധ്യാനിക്കുന്ന ദനഹാക്കാലം, തിരുപ്പട്ടങ്ങളുടെയും കാലമാണ്. എസ്.എസ്.എല്‍.സിയോ, പ്ലസ്ടു വോ കഴിഞ്ഞ്, അവന്റെ വിളികേട്ട് വീടുവിട്ടിറ ങ്ങിയ കൗമാരക്കാര്‍, പത്തു പന്ത്രണ്ട് വര്‍ഷക്കാലം സെമിനാരികളുടെയും, ആശ്രമങ്ങളുടെയും ആവൃതികള്‍ക്കുള്ളില്‍ ആദ്ധ്യാത്മിക ഗുരുക്കന്‍മാര്‍ക്ക് വിധേയരായി കഴിച്ചുകൂട്ടി, ജ്ഞാനത്തിലും പ്രായത്തിലും കരുത്തുനേടി ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്ന്, സമയത്തിന്റെ തികവില്‍ ലോകത്തിന്റെ പ്രകാശമായി ബലിപീഠത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്ന നാളുകള്‍. മകനും, സഹോദരനും ഒക്കെ ആയിരുന്നവര്‍ ഇനി മുതല്‍ ദൈവപിതാവിനെ അനുഭവവേദ്യമാക്കുന്ന അച്ചന്മാരാണ്.

ശുശ്രൂഷാപൗരോഹിത്യത്തിന്റെ വിവിധമാനങ്ങളെ അടയാളപ്പെടുത്തുന്ന രൂപകങ്ങള്‍ ഏറെയാണ്. പിതാവും മാതാവും വംശപരമ്പരയുമില്ലാത്ത, എന്നേക്കും മഹാപുരോഹിതനായ മെല്‍ക്കിസെദേക്ക്. ജനത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരമായി കാഴ്ചകളും ബലികളും കര്‍ത്താവിന് അര്‍പ്പിക്കാന്‍ ജനങ്ങളുടെ ഇടയില്‍നിന്നും ദൈവം തെരഞ്ഞെടുത്ത അഹറോന്‍. സമാഗമകൂടാരം പണിയുന്ന ബസാലേല്‍. ദൈവത്തിലേക്ക് മനുഷ്യര്‍ക്ക് എത്താനായുള്ള പാലം പണിയുന്ന പൊന്തിഫെക്‌സ്. തിരുപ്പട്ടശുശ്രൂഷകളില്‍ ഇവയെക്കുറിച്ചൊക്കെയുള്ള മനോഹരമായ വിചിന്തനങ്ങള്‍ മുഴങ്ങിക്കേള്‍ക്കാറുമുണ്ട്.

ഈ മാനങ്ങളെയെല്ലാം പൂര്‍ത്തീകരിച്ച് തന്നില്‍ സമന്വയിപ്പിച്ചവനായ മിശിഹായെ ധരിച്ച വ്യക്തിയെയാണ് ദൈവജനം പുരോഹിതനില്‍ കാത്തിരിക്കുന്നത്. അത് മഹത്വത്തില്‍ സിംഹാസനാരൂഢനായ മിശിഹാ അല്ല; മറിച്ച് നന്‍മ ചെയ്ത് സഞ്ചരിച്ച് ബലിയായി മാറിയ മിശിഹാ ആണ്. അവന്റെ മഹത്വം രാജകീയ പുരോഹിതഗണമായ വിശ്വാസികളുടെ ഓഹരിയാണ്; വിശ്വാസി എന്ന നിലക്ക് വൈദികന്റെയും. ആ മഹത്വത്തിലേക്കുള്ള ഒരുക്കശുശ്രൂഷയായ അവന്റെ പരസ്യശുശ്രൂഷാ കാലം, സജീവമാക്കി സഭയ്ക്കും, ലോകത്തിനും അവതീര്‍ണമാക്കുന്നതിലാണ് ശുശ്രൂഷാപൗരോഹിത്യത്തിന്റെ സവിശേഷദൗത്യം കേന്ദ്രീകരിച്ചിരിക്കുന്നത്.

സ്വര്‍ഗരാജ്യത്തിന്റെ സുവിശേഷഭാഗ്യങ്ങള്‍ ലോകത്തോട് പ്രഘോഷിക്കുന്നവര്‍. ശൂന്യമായ കലവറകളില്‍ വീഞ്ഞുനിറച്ച് വറ്റിപ്പോയ സന്തോഷങ്ങളെ മടക്കിവിളിക്കുന്നവര്‍. ഇടയനില്ലാത്ത ആടുകളെപ്പോലെ ചിതറിപ്പോയവരില്‍ അനുകമ്പ തോന്നി അവരെ നല്ല ഇടയന്റെ ആലയില്‍ ഒരുമിച്ച് കൂട്ടുന്നവര്‍. വിശക്കുന്നവര്‍ക്ക് അപ്പവും, രോഗികള്‍ക്ക് ആരോഗ്യവും, ദുഃഖിതര്‍ക്ക് സാന്ത്വനവും, പാപികള്‍ക്ക് മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്നവര്‍. സ്‌നേഹിതരുടെ മരണങ്ങളില്‍ മനമുരുകി കരയുന്നവര്‍. അജഗണത്തിന്റെ പാദങ്ങള്‍ കഴുകുന്നവര്‍. വിരുന്നുകളും ഉപവാസവും ഒരു പോലെ ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവമാക്കി മാറ്റുന്നവര്‍. കര്‍ത്താവിന്റെ പാര്‍ശ്വത്തില്‍ നിന്നൊഴുകുന്ന ജലത്താല്‍ മാമ്മോദീസാ തൊട്ടിയില്‍ സ്‌നാനവും; രക്തത്താല്‍ അള്‍ത്താരയില്‍ ദിവ്യകാരുണ്യവും പരികര്‍മം ചെയ്യുന്നവര്‍... മിശിഹായേ തേടുന്ന ദൈവജനത്തിന് മിശിഹാനുഭവം പകരാനായി വിളിക്കപ്പെട്ട പുരോഹിതന്മാര്‍.

'സാബത്ത് മനുഷ്യന് വേണ്ടിയുള്ളതാണ്' എന്ന തിരുമൊഴിയാണ് നീതിയോടും കരുണയോടും കൂടെ ഈ ശുശ്രൂഷ പൂര്‍ണമാക്കാന്‍ വേണ്ട ധ്യാനചിന്ത. സാബത്ത് ദൈവത്തിനായി വേര്‍തിരിക്കപ്പെട്ട സമയമാണ്; പുരോഹിതന്‍ ആ സമയത്തിന്റെ കാര്യസ്ഥനും. മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും സമയത്തിലേക്ക് കടന്നുവന്ന മഹാപുരോഹിതന്‍ സാബത്തിന് പുതിയ നിര്‍വചനം തീര്‍ത്തു. ബലിക്കുപരിയായി കരുണ സ്ഥാനം പിടിക്കുന്ന ആ പുതിയ ക്രമം, നിയമത്തിന്റെ കാര്‍ക്കശ്യത്തിനെ അതിലംഘിക്കുന്ന ഒന്നാണ്. പുരോഹിതര്‍ക്ക് ഓഹരിയായി നല്‍കപ്പെട്ടിരുന്ന കാഴ്ചയപ്പം, വിശന്നുവലഞ്ഞ ദാവീദിനും അനുചരന്‍മാര്‍ക്കുമായി പങ്കുവക്കുന്ന അബിമലെക്കിനെ പിന്‍പറ്റി സഭയെ ലോകത്തിന്റെ സൗഖ്യത്തിനായി നല്‍കപ്പെട്ടിരിക്കുന്ന കൂദാശയായി വെളിപ്പെടുത്തുമ്പോള്‍ പൗരോഹിത്യത്തിന്റെ സാക്ഷ്യം സാഫല്യപൂര്‍ണമാകും.

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ സഭാ ശുശ്രൂഷയില്‍ കാരുണ്യത്തിന്റെ ഈ മാനത്തിന്റെ പ്രസക്തി അനവധി തവണ ഊന്നിപ്പറഞ്ഞിട്ടുണ്ടല്ലോ?

കുമ്പസാരക്കൂടുകള്‍ പാപത്തിന്റെ ഘോരതയെ ദൈവത്തിന്റെ കരുണയാല്‍ തരണം ചെയ്ത് വീണ്ടും കൃപാപൂര്‍ണമായ ജീവിതത്തിലേക്ക് വാതില്‍ തുറന്ന്, പുതിയ അവസരം നല്‍കുന്ന സ്‌നേഹപിതാവിന്റെ ഭവനങ്ങളായി മാറണമെന്നും, ദിവ്യകാരുണ്യം പുണ്യപൂര്‍ണര്‍ക്കുള്ള പാരിതോഷികമെന്നതിനേക്കാള്‍ രോഗികള്‍ക്കുള്ള ഔഷധമാണ് എന്നുമൊക്കെയുള്ള പ്രബോധനങ്ങള്‍, മിശിഹാത്മകമായ ഒരു അജപാലന ശൈലിയിലേക്കുള്ള ചൂണ്ടുപലകകളാണ്.

നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ച പുരോഹിതരുടെ സുകൃതജന്മങ്ങളിലേക്ക് ഒന്നു തിരിഞ്ഞ് നോക്കിയാല്‍ ഇതിന്റെ പ്രായോഗികതലം എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. ദൈവ ശാസ്ത്ര പണ്ഡിതന്‍മാരും, ഉജ്വല വാഗ്മികളും, കഴിവുറ്റ ഭരണാധികാരികളും, സ്ഥാപന ശില്‍പികളും, ഗായകരും, എഴുത്തുകാരും ഒക്കെ വൈദികര്‍ക്കിടയിലുണ്ട്; ആ ശുശ്രൂഷകള്‍ക്കൊക്കെ സഭയില്‍ അവയുടേതായ പ്രസക്തിയുമുണ്ട്. എന്നാല്‍ ഒരു നല്ല അച്ചന്‍, ഒരു പുണ്യപ്പെട്ട അച്ചന്‍, എന്ന് ദൈവജനത്തിന്റെ അംഗീകാരം പ്രാര്‍ത്ഥനയുടെ മനുഷ്യരായ, അജഗണത്തിന് നീതിപൂര്‍വകവും സ്‌നേഹപൂര്‍ണവും ആയ സാന്ത്വനത്തിന്റെ ശുശ്രൂഷ നല്‍കിയവര്‍ക്കാണ് നല്‍കപ്പെടാറ്. അവിടങ്ങളിലാണ് മിശിഹായുടെ മുഖം അനാവൃതമാകുന്നത്.

മോശയുടെ സിംഹാസനത്തിലിരുന്ന് ജനത്തിനു മേല്‍ ദുര്‍വഹമായ ഭാരം ചുമത്തുന്നവര്‍ക്ക് ദുരിതത്തിന്റെ ദുര്‍വിധി ആണ് മിശിഹാ പ്രവചിച്ചത്. അവന്റെ ലഘുവായ നുകവും മാധുര്യമേറിയ ഭാരവും ചുമന്ന് പൗരോഹിത്യത്തിന്റെ പാതകളിലൂടെ മുന്നേറുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സുകൃതജപം തിരുഹൃദയക്കൊന്തയിലെ ആ പതിനൊന്നാം ജപമണിയാണ്: 'ഹൃദയ ശാന്തതയും എളിമയുമുള്ള ഈശോ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org