ജനാഭിമുഖ കുര്‍ബാനയുടെ ദൈവശാസ്ത്രമാനങ്ങള്‍

ജനാഭിമുഖ കുര്‍ബാനയുടെ ദൈവശാസ്ത്രമാനങ്ങള്‍
Published on
  • ക്രൈസ്തവവിശ്വാസമനുസരിച്ച് തിരുവത്താഴത്തിന്റെ ഓര്‍മ്മയിലാണ് വി. കുര്‍ബാന നടത്തുന്നത്. അതുകൊണ്ടാണ് ''അന്നാപ്പെസഹാത്തിരുന്നാളില്‍'' ആലപിച്ചുകൊണ്ട് കുര്‍ബാനയാരംഭിക്കുന്നത്. തിരുവത്താഴ സമയത്ത് അപ്പം മുറിച്ച് ''നിങ്ങള്‍ ഇതുവാങ്ങി ഭക്ഷിക്കുവിന്‍'' എന്ന് യേശുനാഥന്‍ പറഞ്ഞത് അള്‍ത്താരയെ നോക്കിയല്ല, ശിഷ്യന്മാരെയും നമ്മെയും നോക്കിയാണ്. അപ്പം മുറിയുന്നതുപോലെ നമുക്കുവേണ്ടി മുറിയുന്ന ദൈവിക സാന്നിധ്യമാണ് ക്രിസ്തുനാഥനിലൂടെ ദൈവജനം അനുഭവിച്ചറിയുന്നത്. ഇത് വ്യക്തമാക്കാനാണ് കര്‍ത്താവും നാഥനുമായ ദിവ്യഗുരു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത്. ഉന്നതങ്ങളില്‍ ഇരിക്കുന്ന ഒരു ദൈവത്തെ നിരൂപിക്കാന്‍ മനുഷ്യമനസ്സിന് എളുപ്പമാണ്, പക്ഷേ അടിമയെപ്പോലെ വര്‍ത്തിക്കുന്ന ദൈവത്തെ മനുഷ്യന്‍ അംഗീകരിക്കുകയില്ല (1 കൊറി. 1:18-21). ദൈവത്തിന്റെ ഈ ജനാഭിമുഖ്യം പകരാന്‍ കുര്‍ബാന ജനാഭിമുഖമാകണം.

  • കത്തോലിക്കാവിശ്വാസമനുസരിച്ച് കാല്‍വരിയിലെ യാഗമാണ് വി. കുര്‍ബാനയില്‍ അനുവര്‍ത്തിക്കുന്നത്. യേശുനാഥന്‍ കുരിശില്‍ തൂങ്ങിക്കിടന്നത് ജനങ്ങള്‍ക്കു പുറംതിരിഞ്ഞുകൊണ്ടല്ല, ജനങ്ങള്‍ക്കു നേരെയാണ്. കാരണം, ജനജീവിതത്തിലെ സഹനമാണ് ദിവ്യനാഥന്‍ ഏറ്റെടുത്തത്. ആര്‍ത്തരായ മനുഷ്യരുടെ കണ്ണുകളിലേക്കു നോക്കി അവിടെ വേണം ദൈവത്തെ കണ്ടെത്താന്‍. ആ ദൈവമാണ് നമ്മെ അസ്വസ്ഥരാക്കി പറയുന്നത്: ''എനിക്കു വിശന്നു, എനിക്കു ദാഹിച്ചു, ഞാന്‍ പരദേശിയായിരുന്നു...'' (മത്താ. 25:35) മനുഷ്യരുടെ വേദനകളിലും പ്രകൃതിയിലെ ദുരന്തങ്ങളിലും നമ്മോടൊത്തു സഹിക്കുന്ന ദൈവീകസാന്നിധ്യം തിരിച്ചറിയാന്‍ സഹായകമാകണം, കുര്‍ബാനയിലെ പ്രാര്‍ത്ഥനകളും പ്രതീകങ്ങളും. ഈ അനുഭൂതി പകര്‍ന്നുകൊടുക്കാന്‍ കുര്‍ബാന ജനങ്ങളിലേക്ക് തിരിഞ്ഞുവേണം അര്‍പ്പിക്കാന്‍.

  • ആഗോളസഭയില്‍ ഒരു നവചൈതന്യം പകര്‍ന്നതാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. കൗണ്‍സിലിനുശേഷം ഉണ്ടായ ആരാധനക്രമാവബോധത്തിന്റെ പിന്‍ബലത്തിലാണ് കേരളത്തിലെ സീറോ മലബാര്‍ സഭാസമൂഹത്തില്‍ ജനാഭിമുഖ കുര്‍ബാന നടത്തിപ്പോന്നത്. കൗണ്‍സില്‍ വ്യക്തമായി പ്രസ്താവിച്ചു: ''വിശ്വാസത്തെയോ സമൂഹത്തിന്റെ മുഴുവന്‍ നന്മയെയോ സ്പര്‍ശിക്കാത്ത കാര്യങ്ങളില്‍, ആരാധനക്രമത്തില്‍പ്പോലും, കര്‍ക്കശമായ ഐകരൂപ്യമുള്ള രീതി അടിച്ചേല്പിക്കാന്‍ സഭ ആഗ്രഹിക്കുന്നില്ല.'' (ആരാധനക്രമം SC.37) പൗരസ്ത്യ സഭകളോട് കൗണ്‍സിലിന്റെ നിര്‍ദേശം ഇതാണ് ''വിവിധകാലങ്ങളുടെയും സ്ഥലങ്ങളുടെയും ആവശ്യങ്ങള്‍ക്ക് അനുസൃതമാക്കണം ജീവിതശൈലി'' (പൗരസ്ത്യ സഭകള്‍, OE.2) ഈ കൗണ്‍സില്‍ പ്രബോധനങ്ങള്‍ അവഗണിച്ചു കൊണ്ട് സിനഡ് ഐകരൂപ്യശ്രമങ്ങള്‍ (uniformity) അടിച്ചേല്‍പ്പിക്കുന്നത് വിശ്വാസിസമൂഹത്തിലെ ഐക്യം (unity) തകര്‍ക്കാനേ ഉതകൂ.

  • എ ദൈവജനത്തെ പിന്നാമ്പുറത്താക്കിയുള്ള കുര്‍ബാനയര്‍പ്പണരീതി പഴനിയമത്തിലേക്കുള്ള തിരിച്ചുപോകല്‍ മാത്രം. അന്ന് കിഴക്കോട്ടു നോക്കിയും കാര്‍മ്മീകനില്‍ കേന്ദ്രീകൃതവുമായിരുന്നു ബലിയര്‍പ്പണ രീതി. എന്നാല്‍ യേശുനാഥനിലൂടെ ഒരു പുതിയ യാഗാര്‍പ്പണ രീതി സഭയ്ക്ക് കൈവന്നു. മനുഷ്യനിലെ ദൈവസാന്നിധ്യം കണ്ടില്ലെന്ന് നടിച്ച് ദേവാലയത്തിലേക്ക് പായുന്ന പ്രവണത യേശു അംഗീകരിക്കുകയില്ല (ലൂക്കാ 10:31-32). എന്നും എവിടെയും മനുഷ്യനായിരുന്ന യേശുനാഥന്റെ ശ്രദ്ധാകേന്ദ്രം (ലൂക്കാ 7:18-23, 5:13, 19:7, 7:47, യോഹ. 4:7). ആര്‍ത്തനായ ഒരു മനുഷ്യന്‍ മുമ്പില്‍ വന്നുനില്ക്കുമ്പോള്‍ യേശു എല്ലാം മറക്കും. സമുദായത്തിന്റെ പാരമ്പര്യങ്ങളും മതസമൂഹത്തിന്റെ നിയമാവലികളും സംസ്‌കാരത്തിന്റെ വിധിനിര്‍ണ്ണയങ്ങളും എല്ലാം മറക്കും, അവയെല്ലാം മനുഷ്യനു വഴിമാറിക്കൊടുക്കേണ്ടതാണെന്ന് യേശു നിഷ്‌കര്‍ഷിച്ചു. സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യനെ സാബത്തിനു ബലിയാടാക്കരുത് എന്ന അനുശാസനത്തിലൂടെ (മര്‍ക്കോ. 2:7) മത നിയമങ്ങള്‍ക്കുപരി യേശു മനുഷ്യനെ പ്രതിഷ്ഠിച്ചു. ജനജീവിതത്തിലെ വേദനകളും യാതനകളും പ്രതീക്ഷകളും ഒപ്പിയെടുക്കുന്നതാകണം യേശുവിന്റെ സഭയിലെ ആരാധനക്രമം.

  • എ കാര്‍മ്മികന്‍ കിഴക്കോട്ട് സ്വര്‍ഗോന്മുഖമായി നയിക്കുന്നതിന്റെ പ്രതീകമാണ് ബലിയര്‍പ്പണ രീതി എന്നത് പില്‍ക്കാലത്ത് പൗരസ്ത്യവൃത്തങ്ങളില്‍ വന്ന കുര്‍ബാന വ്യാഖ്യാനം മാത്രം. കുര്‍ബാനയുടെ ആന്തരികാര്‍ത്ഥം മനസ്സിലാക്കാന്‍ ആദ്യം സുവിശേഷങ്ങളിലേക്കാണ് തിരിയേണ്ടത്. അവിടെയാണ് ദൈവത്തിന്റെ ജനാഭിമുഖ്യം തിരിച്ചറിയാനാവുന്നത്.

യേശുനാഥന്‍ ചെയ്യാത്തത് സിനഡ് നിര്‍ബന്ധിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org