അപ്പോഴേക്കും അല്പം വൈകിയല്ലോ!!

അപ്പോഴേക്കും അല്പം വൈകിയല്ലോ!!
ചെറിയ മാനസിക അസ്വസ്ഥതയുണ്ടായിരുന്ന വ്യക്തിയുടെ വേദനിക്കുന്ന ജീവിതാന്ത്യനിമിഷങ്ങളുടെ നേര്‍സാക്ഷ്യമാണിത്. Depression എന്ന മാനസികാവസ്ഥയ്ക്ക് ഏറ്റവും ഫലപ്രദമായ മരുന്ന് കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുതലും കൂട്ടിപ്പിടുത്തവുമാണെന്ന് രത്‌നച്ചുരുക്കം. കഥാപാത്രങ്ങള്‍ ഭാവനസൃഷ്ടി മാത്രം.

മിക്കവാറും പൂര്‍ണ്ണമായി കൂമ്പിയ കണ്‍പോളകളൊന്നില്‍ പൂര്‍ണ്ണ ഇരുളിലേക്ക് മുങ്ങിത്താണുകൊണ്ടിരിക്കുന്ന ചന്ദ്രികപ്പൂളുപോലെ തളര്‍ന്ന കണ്‍പീലികള്‍ക്കിടയിലൂടെ ഓമനക്കുട്ടനെന്ന് പ്രേമചില്ലിങ്ങില്‍ ഞാന്‍ വിളിച്ചിരുന്ന എന്റെ ചേട്ടന്‍ ഇപ്പോള്‍ എന്തെ എന്നെത്തന്നെ, എന്നെ മാത്രം നോക്കുന്നത്? കണ്ട് കൊതി തീരാത്തതുപോലെ. താലികെട്ടി പന്ത്രണ്ട് വര്‍ഷത്തോളം നവരസങ്ങളില്‍ എന്നെ കണ്ടിട്ടും മതിയാകാത്തതുപോലെ!! ഹണിമൂണിന്റെ അവസാന വെളിച്ചം ആ കണ്‍കളിലുണ്ടായിരുന്നു. പക്ഷേ, എല്ലാം പെട്ടെന്നായി... ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രഭാതത്തില്‍! പന്ത്രണ്ട് നിലയിലെ റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റിന്റെ ടെറസ്സില്‍നിന്ന് ഒരു ശബ്ദം കേട്ട് ജനല്‍പാളിയിലൂടെ താഴേക്ക് നോക്കിയപ്പോള്‍ ഏതോ ഒരു ഫ്‌ളാറ്റില്‍നിന്ന് ഉരുണ്ട് താഴെ വീണ തുണിക്കെട്ടാണെന്നാണ് കരുതിയത്. വൃശ്ചികക്കുളിരും കാറ്റും ഉണ്ടായിരുന്നതുകൊണ്ട് അവള്‍ ജനാലപ്പാളികള്‍ അടച്ചു. മോള്‍ ഇനിയും എഴുന്നേറ്റിരുന്നില്ല. പപ്പയെ കഴിഞ്ഞ രാത്രി മുഴുവന്‍ അന്വേഷിച്ചുകരഞ്ഞു പുലര്‍ച്ചെ ഒന്ന് കണ്ണടച്ചതേയുള്ളു. കമ്പിളിപ്പുതപ്പ് പുതപ്പിച്ച് കിച്ചണിലേക്ക് തിരിഞ്ഞപ്പോഴേക്കും ഫ്‌ളാറ്റില്‍ എമര്‍ജന്‍സി സൈറണ്‍ നീട്ടി മുഴങ്ങുന്നു. ആരോ വാതിലില്‍ വല്ലാത്ത ശബ്ദത്തില്‍ മുട്ടിവിളിക്കുന്നുണ്ട്. എന്തോ പന്തികേട് തോന്നി വാതില്‍ തുറന്നപ്പോഴേക്കും അടുത്ത ഫ്‌ളാറ്റിലെ ആന്റി വന്ന് കെട്ടിപ്പിടിച്ച് ചെവിയില്‍ അവ്യക്തമായി എന്തോ മന്ത്രിച്ചു. തളര്‍ന്നുപോയ എന്നെ അവര്‍ താങ്ങിയെടുത്ത് മുറിയിലെ ബെഡില്‍ കിടത്തി. അടുത്തിരുന്നവരെ തള്ളിമാറ്റി 'എന്റെ ഓമനക്കുട്ടാ' എന്ന് നിലവിളിച്ചലറി, ജനല്‍ച്ചില്ലു തുറന്ന് താഴേക്ക് നോക്കുമ്പോഴേക്കും ആംബുലന്‍സ് ഫ്‌ളാറ്റിന്റെ ഗേറ്റ് കടന്നിരുന്നു.

ഏതായാലും ഒന്ന് ആസ്പത്രിയില്‍ പോയി പരിശോധിച്ചു വരട്ടെ. ആന്റിയുടെ ആശ്വാസവചനങ്ങള്‍... ഞാന്‍ മോഹാലസ്യപ്പെട്ടു. ഇത്ര ഉയരമുള്ള കെട്ടിടത്തില്‍നിന്ന് താഴേക്ക് വീണാല്‍ തലയോട് മുതല്‍ സര്‍വ അസ്ഥികളും... എന്തെങ്കിലും അവശേഷിക്കുമോ, എന്‍ജിനീയറായ തനിക്ക് MxV സിദ്ധാന്തം നന്നായി അറിയാം. ആര്‍ക്കും തടുക്കാനാകാത്ത പ്രഹരശക്തി.

ശബ്ദം കേട്ട് മോളുണര്‍ന്നു. 'അമ്മേ, അച്ഛന്‍ വന്നോ?' അവള്‍ മകളെ നെഞ്ചോടു ചേര്‍ത്ത് പുണര്‍ന്നു. 'അച്ഛന്‍ പോയി മോളേ...' അതൊരു നെഞ്ചു തകര്‍ന്ന നില വിളിയായിരുന്നു. 'എങ്ങോട്ട് പോയി അമ്മേ' എന്ന കുഞ്ഞിന്റെ നിഷ്‌കളങ്കചോദ്യം കേട്ടതോടെ മുഴുവന്‍ പേരും വാവിട്ടു കരഞ്ഞു.

വിവാഹം കഴിഞ്ഞൊരു ആറു മാസം സ്‌നേഹത്തില്‍ പരസ്പരം മുങ്ങിത്താഴുകയായിരുന്നു. പിന്നെ കുറേശ്ശെയായി സ്വഭാവത്തിന് ചില വ്യതിയാനങ്ങള്‍. എല്ലാം ക്രമം തെറ്റുന്നതുപോലെ. ചില ദിവസങ്ങളില്‍ വീട്ടിലെത്തില്ല. വഴക്കായി. ചിലപ്പോള്‍ തല്ലാനും വരും. ചിലപ്പോള്‍ അദ്ദേഹം എന്നെ തല്ലി. തനിക്ക് മാനസികമായി സഹിക്കാവുന്നതിലധികമായിരുന്നു അത്. ഉണര്‍ന്നുവരുന്ന ചെമ്പനീര്‍ പൂവാണ് നീ എന്ന് പറഞ്ഞ് വാക്കുകൊണ്ടൊ നോട്ടംകൊണ്ടൊ ഒരു വേദനപോലും ഏല്‍പ്പിക്കാത്ത എന്റെ ചേട്ടന് എന്തുപറ്റി? ശാരീരികമാര്‍ദ്ദനം അസഹനീയമായപ്പോള്‍ ഡോക്ടറായ സ്വന്തം അച്ഛനോട് കാര്യം പറഞ്ഞു. 'ഇതൊരു ബൈപോളാര്‍ കേസ് ആണ് മോളേ. പേടിക്കേണ്ട, മരുന്നുണ്ട്. സംശയം തോന്നാത്തവിധം കാപ്പിയില്‍ ഒരു ഗുളിക ചേര്‍ത്തുകൊടുക്കുക. മോള് ഒരാഴ്ച അല്പം സഹിക്കണം. തളരരുത്. പത്തു ദിവസം കഴിയുമ്പോഴേക്കും ശമനമാകും. അപ്പോള്‍ ഞാന്‍ വരാം. എല്ലാം ശരിയാകും. ഇതിന്നിടെ ഒരു പ്രകോപനവുമരുത്, മോളേ.' അച്ഛന്റെ വാക്കുകള്‍ അമൃതവര്‍ഷമായി.

രാവിലെ ഭര്‍ത്താവ് ജോലിക്ക് പുറത്തേക്കിറങ്ങിയപ്പോള്‍, മോള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കാനെന്നമട്ടില്‍ ഞാന്‍ ഷോപ്പിങ്ങിന് ഇറങ്ങി. പേരിന് മോള്‍ക്ക് ചില തുണിത്തരങ്ങള്‍ വാങ്ങി. അച്ഛന്‍ നിര്‍ദേശിച്ച ഗുളികകള്‍ വാങ്ങി ബാഗിന കത്തിട്ട് വീട്ടിലേക്ക് വേഗം തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവ് എത്തിയിട്ടില്ല, ആശ്വാസമായി. വരുമോ എന്ന് ഉറപ്പില്ല. അപ്രതീക്ഷിതമായി ഉച്ചയ്ക്ക് വീട്ടിലെത്തി, പേരിന് എന്തോ ഭക്ഷണം കഴിച്ചു. ഏതവസ്ഥയിലും മോള് എന്നാല്‍ ജീവനാണ്. അവളെ കെട്ടിപ്പിടിച്ച് ഉറക്കം. ഉറക്കമുണര്‍ന്നപ്പോള്‍ വാങ്ങിയ പുതുവസ്ത്രങ്ങള്‍ കുഞ്ഞ് അച്ഛനെ കാണിച്ചുകൊടുത്തു. 'മോള്‍ക്ക് അച്ഛനോട് പറഞ്ഞാല്‍ പോരെ, ഇതിലും ഭംഗിയുള്ളത് അച്ഛന്‍ വാങ്ങിത്തരുമായിരുന്നല്ലൊ'; അച്ഛന്റെ പരിഭവം മോളു നല്‍കിയ ഉമ്മയില്‍ അവസാനിച്ചു. മനസ്സ് പതറിയാണെങ്കിലും ഗുളിക പൊടിച്ചു ചേര്‍ത്ത ചൂടുകാപ്പി കുടിച്ച് വീണ്ടും ജോലിക്കിറങ്ങി. മനസ്സില്‍ അസ്വസ്ഥതയുണ്ടെങ്കില്‍ ഭര്‍ത്താവിന് സംസാരം കുറയും. പിന്നെ ഓരോന്ന് ചോദിച്ച് പ്രകോപിപ്പിക്കരുതെന്ന് അച്ഛന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടല്ലൊ. അടുത്ത പ്രഭാതത്തിലും മരുന്ന് കലര്‍ത്തിയ കാപ്പി ഒരു സംശയം പോലുമില്ലാതെ കുടിച്ച് അല്പം പ്രാതല്‍ കഴിച്ചു. ഭര്‍ത്താവിന് പ്രിയമുള്ള പൂരിയും ബാജിയും കഴിച്ച് മോള്‍ക്ക് ഉമ്മ കൊടുത്ത് അയാള്‍ ഇറങ്ങി. എങ്ങോട്ടാണെന്നോ എപ്പോള്‍ തിരിച്ചുവരുമെന്നോ എന്ന ചോദ്യമോ ഉത്തരമോ ഇല്ല. രഹസ്യചികിത്സ തുടങ്ങിയ ശേഷം അദ്ദേഹത്തിന് ഉറക്കം പതിവില്‍ കൂടുതലാണെന്ന് ഭാര്യ മനസ്സിലാക്കി. ചിലപ്പോള്‍ ഉച്ചയ്ക്ക് വരും. ഭക്ഷണം കഴിച്ചയുടനെ മോളെ കെട്ടിപ്പിടിച്ച് ഗാഢ നിദ്ര. എഴുന്നേല്‍ക്കുമ്പോഴേക്കും മരുന്ന് ചേര്‍ത്ത കാപ്പി റെഡി. ഇറങ്ങുമ്പോള്‍ 'പോട്ടെ' എന്നൊരു വാക്കുപറഞ്ഞോ എന്ന് ഭാര്യയ്ക്ക് സംശയം. തന്നോടാണോ മോളോടാണോ എന്ന് മാത്രമേ സംശയമുള്ളൂ.

നാലഞ്ചു ദിവസത്തിനുള്ളില്‍ ചേട്ടന്റെ സ്വഭാവത്തില്‍ മയം വന്നതുപോലെയായി. പുഞ്ചിരിക്കാനും കുറച്ചെങ്കിലും സംസാരിക്കാനും ആരംഭിച്ചത് ഭാര്യയ്ക്ക് സന്തോഷം പകര്‍ന്നു. വിവരങ്ങള്‍ ഓരോ ദിവസവും ഡോക്ടറായ അച്ഛനെ അറിയിക്കുന്നുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ വന്നു. പതിവുപോലെ സ്‌നേഹത്തോടെ അവര്‍ ഹഗ് ചെയ്തു. ഇവരുടെ കല്യാണത്തിന്റെ മുഖ്യകാരണം അച്ഛനാണെന്ന് മരുമകന് നന്നായി അറിയാം. അവന്റെ മുഖശ്രീയും പുഞ്ചിരിയും മറക്കാന്‍ കഴിയുന്നില്ലെന്ന് അച്ഛന്‍ വീട്ടില്‍ പറഞ്ഞതുകൊണ്ടാണ് അമ്മയും കുടുംബാംഗങ്ങളും വിവാഹത്തിന് സമ്മതിച്ചത്. മരുമകന് കമ്പ്യൂട്ടറില്‍ ബിരുദമുണ്ടെങ്കില്‍ മകള്‍ എം.ടെക് കാരിയായിരുന്നു. അമേ രിക്കന്‍ കമ്പനിയില്‍ ഓണ്‍ലൈന്‍ ആയി ജോലി ചെയ്യുന്നു. വലിയ ശമ്പളമുണ്ടെന്ന ഗമയൊന്നുമില്ല. മരുമകനോട് സ്വന്തം ആണ്‍മക്കളെക്കാള്‍ വലിയ സ്‌നേഹമായിരുന്നു, അവന്‍ 'അച്ഛാ' എന്ന് വിളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയസന്തോഷം പുഞ്ചിരിയില്‍നിന്ന് വ്യക്തമായിരുന്നു. മകളുടെ വിവാഹജീവിതത്തിന്നിടയില്‍ തലയുയര്‍ത്തിയ 'ബൈപോളാര്‍' രോഗം പോലും ചികിത്സിച്ച് ശരിയാക്കാമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അച്ഛന്‍ രാവിലെ വന്നതോടെ വീട്ടിലെ അന്തരീക്ഷം സന്തോഷപൂരിതമായി. മരുമകന്‍ ലീവെടുത്തു. അച്ഛന് ഇഷ്ടമുള്ള വിഭവങ്ങള്‍ തയ്യാറാക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ അദ്ദേഹം ഷോപ്പിംഗ് മാളിലേക്ക് പോയി. അടുത്തുള്ള ശരവണ റസ്റ്റോറന്റില്‍ പോയി അച്ഛന്റെ ഇഷ്ടവിഭവമായ പരിപ്പ് പായസത്തിന് ഓര്‍ഡര്‍ കൊടുത്തു. ഭാര്യയും ഓണ്‍ലൈന്‍ അവധിയെടുത്തു. അത് 'മേയ്ക്കപ്പ്' ചെയ്യാമെന്ന് ബോസിനെ അറിയിച്ച് സമ്മതവും വാങ്ങി.

'മോനേ, അച്ഛന്‍ ഡ്രൈവിംഗ് നിര്‍ത്തി.'

'അപ്പോള്‍ അച്ഛന്‍ ഇങ്ങോട്ട് വന്നത്?'

'ഓട്ടോറിക്ഷയില്‍'

'പന്ത്രണ്ട് കിലോമീറ്റര്‍ ഓട്ടോ റിക്ഷയില്‍ കുടുങ്ങി കുലുങ്ങിയോ? അച്ഛന് ഒന്ന് വിളിക്കാമായിരുന്നല്ലോ. ഈ മോന്‍ പറന്നുവരില്ലേ?' അവന്‍ സോഫയില്‍ അച്ഛന്റെ അടുത്ത് വന്ന് ഇരുന്നു.

'മോളേ, നമുക്കെല്ലാവര്‍ക്കും കൂടി അച്ഛനെ നമ്മുടെ വണ്ടിയില്‍ വീട്ടില്‍ കൊണ്ടുപോയി വിടാം. അമ്മയേയും കണ്ടിട്ട് കുറച്ചുനാളായല്ലോ.'

ഉച്ചഭക്ഷണത്തിനു ശേഷം ഈ നാലംഗസംഘം സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ചു. സന്തുഷ്ട കുടുംബം. നഷ്ടപ്പെട്ടുവെന്ന് കരുതിയ സമാധാനവും സന്തോഷവും തിരികെ കിട്ടി. ഒരു മണിക്കൂറിന് ശേഷം അവര്‍ തിരിച്ചുപോന്നു. ഭാര്യയ്ക്ക് ഓണ്‍ലൈന്‍ ഉണ്ടല്ലൊ. ഇറങ്ങുമ്പോള്‍ മരുമകന്‍ അച്ഛന്റെ പോക്കറ്റില്‍ കുറച്ച് നോട്ടുകള്‍ നിര്‍ബന്ധിച്ച് വച്ചുകൊടുത്തു. 'അച്ഛന്റെ പ്രാക്റ്റീസ് കുറച്ചല്ലൊ. ഇതിരിക്കട്ടെ.' അച്ഛന്‍ അത് തിരികെ കൊടുക്കാന്‍ എത്ര പരി ശ്രമിച്ചിട്ടും മോന്‍ സമ്മതിച്ചില്ല. അവന്‍ അച്ഛനെയും സ്വന്തം ഭാര്യയെയും കരവലയത്തിലാക്കി ചിരിച്ചുകൊണ്ടു പറഞ്ഞു, 'ഈ മണിമുത്തിനെ എനിക്ക് സമ്മാനിച്ചതിന്റെ 'കൈക്കൂലി' എന്ന് കരുതിക്കോളൂ.' അച്ഛനും അമ്മയും മോളും സന്തോഷാശ്രു പൊഴിച്ചു. ഇതൊന്നും മനസ്സിലാകാത്ത മകള്‍ അച്ഛന്റെ മേല്‍ പിടിച്ചുകയറി അവളുടെ നിഷ്‌കളങ്കസന്തോഷം പ്രകടിപ്പിച്ചു.

അന്ന് അവരുടെ രണ്ടാമത്തെ ഹണിമൂണായിരുന്നു. ഭര്‍ത്താവിന് ഇഷ്ടമുള്ള രണ്ടു മൂന്ന് പാട്ടുകള്‍ സന്തോഷം കൊണ്ട് തന്റെ പ്രിയ ഓമനക്കുട്ടന് പാടിക്കൊടുത്തു. 'ശ്യാമസുന്ദര പുഷ്പമേ, എന്റെ പ്രേമസംഗീതമാണ് നീ,' 'ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവാന്‍...' പാട്ടാസ്വദിച്ച് അവളുടെ ഓമനക്കുട്ടന്‍ സുഖനിദ്രയിലേക്ക് വഴുതിയിറങ്ങി.

പിറ്റേ ദിവസവും ഭാര്യ നല്‍കിയ കാപ്പി കുടിക്കുമ്പോഴും പ്രാതല്‍ സമയത്തും അയാള്‍ ഭാര്യയെ നോക്കി പറഞ്ഞു, 'എന്റെ ചെമ്പനീര്‍ പൂവേ!!' എട്ട് മണിയാവുമ്പോഴേക്കും അദ്ദേഹം ഉത്സാഹത്തോടെ ജോലിക്കിറങ്ങി.

അധികം വൈകാതെ അച്ഛന്റെ ഫോണ്‍ വന്നു, 'മോളേ, വിഷാദാവസ്ഥ' (Depression Period) തല്‍ക്കാലത്തേക്ക് മാറി. സ്ഥിരമായിട്ടല്ല, വീണ്ടും വിഷാദാവസ്ഥ വരാനിടയുണ്ട്. അച്ഛന്‍ നിര്‍ദേശിച്ച മരുന്ന് തുടര്‍ന്നും കൊടുക്കുക. എപ്പോഴും കരുതലും സ്‌നേഹവും കൂടുതലായി കൊടുക്കണം. അനിഷ്ടകരമായ ഒന്നും സംസാരിക്കരുത്. മോള് എപ്പോഴും അവനോട് സന്തോഷത്തോടെ പെരുമാറണം...' ഫോണിലൂടെയുള്ള സ്റ്റഡിക്ലാസ്. രോഗത്തിന്റെ രസതന്ത്രംമകള്‍ അച്ഛനില്‍നിന്ന് ശ്രദ്ധിച്ച് മനസ്സിലാക്കി. വലിയ കരുതല്‍വേണമെന്ന് ചുരുക്കം.

അച്ഛനും അമ്മയും ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കുകയും ഇടയ്ക്ക് പരസ്പരം സ്‌നേഹ സന്ദര്‍ശനം ചെയ്യുമായിരുന്നു. ഈ കൂട്ടിപ്പിടുത്തമായിരുന്നു ഏറ്റവും വലിയ ചികിത്സ.

എന്നാല്‍ സ്വന്തം മാതാപിതാക്കന്മാരില്‍നിന്നും സഹോദരങ്ങളില്‍നിന്നും ഇദ്ദേഹത്തിന് കുറ്റപ്പെടുത്തലും 'നിനക്ക് വട്ടാണെന്ന്' പോലുള്ള വാക്കുകളുമാണ് ലഭിച്ചിരുന്നത്. അങ്ങനെ കേള്‍ക്കേണ്ടി വരുമ്പോള്‍ ഇദ്ദേഹം അസ്വസ്ഥനാകും, സംസാരം കുറയും. ഭാര്യയ്ക്ക് കാര്യങ്ങള്‍ അറിയാവുന്നതുകൊണ്ട്, സ്‌നേഹപരിചരണങ്ങള്‍ വാരിച്ചൊരിയുന്നതുകൊണ്ട് കാര്യങ്ങള്‍ നിയന്ത്രണത്തിലാകും.

അതിനിടയ്ക്ക് ഭാര്യ ഗര്‍ഭിണിയായതും കുഞ്ഞുപിറന്നതുമെല്ലാം അയാള്‍ക്ക് വലിയ ബൂസ്റ്റായി. ഉണ്ണിപ്പിറവിക്ക് ശേഷം വൈകിയേ ഓഫീസിലേക്ക് പോകൂ, നേരത്തെ തിരിച്ചെത്തും, ചിലപ്പോള്‍ ഉച്ചയ്ക്കും വീട്ടിലെത്തും. ഗുരുവായൂരിലെ ഉണ്ണിക്കണ്ണന് സമര്‍പ്പിച്ച് ഉണ്ണി എന്ന് പേര് നല്‍കി ചോറൂണും നടത്തി. പിന്നെ പതിവില്‍ ദീര്‍ഘിച്ച കാലത്തേക്ക് സമാധാനകാലമായിരുന്നു. രോഗവും അസ്വസ്ഥതയുമെല്ലാം തീര്‍ത്തു മാറിയെന്ന് ഭാര്യ കരുതി.

കുഞ്ഞിനോടും തന്നോടുമുള്ള സംഭാഷണങ്ങളില്‍ കുറവ് വരാന്‍ തുടങ്ങി. ഇപ്രാവശ്യം രോഗം കുറച്ച് കടുപ്പത്തിലാണെന്ന് ഭാര്യയ്ക്ക് മനസ്സിലായി. അച്ഛന്‍ ഒരു സൈക്യാട്രിസ്റ്റിന്റെ ഉപദേശം തേടി. പുതിയ മരുന്ന് എത്തിച്ചു കൊടുത്തു. ഫലവും പൊടുന്നനെ ഉണ്ടായി. മനോരോഗവിദഗ്ധന്‍ ചില മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. രോഗം നിര്‍ണ്ണായക ഘട്ടത്തില്‍ ആണ്. നാലഞ്ചു പ്രാവശ്യം രോഗത്തിന്റെ ആരോഹണ അവരോഹണങ്ങള്‍ കഴിഞ്ഞതാണല്ലോ. ഇനി ഇടവേള കുറയും. ചില കാര്യങ്ങള്‍ ചെയ്യാനും ഇടയുണ്ട്. ഈ ലോകത്തില്‍ തനിക്കാരുമില്ലെന്ന ചിന്തയുടെ ഉച്ചിയിലായിരിക്കും രോഗി. അതുകൊണ്ട് വീട്ടുകാരെല്ലാവരും സഹകരിച്ച് ഇയാളെ ശ്രദ്ധിക്കുകയും കരുതല്‍ ഉണ്ടാകുകയും വേണം. രഹസ്യമായി ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കണം. താമസമുറിയില്‍ ബ്ലേഡ്, കത്തി, കയര്‍ എന്നിവയുണ്ടോ എന്ന് ദിവസവും പരിശോധിക്കണം. ഏതായാലും ഉടന്‍ ഒന്നും സംഭവിക്കുകയില്ല. ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥിതി മെച്ചപ്പെടും.

ആ പ്രതീക്ഷയില്‍ ഭാര്യ ആവുംവിധം ശുശ്രൂഷയും പരിഗണനയും നല്‍കി. ആവശ്യപ്പെട്ടില്ലെങ്കില്‍ത്തന്നെ ഇഷ്ടവിഭവങ്ങളും പാട്ടുകളും അങ്ങനെ ആവുംവിധം എല്ലാം. കാര്യങ്ങള്‍ ഒരുവിധം ബാലന്‍സ് ആയി. ഉണ്ണി അല്‍പ്പം കൂടി വളര്‍ന്നല്ലൊ. അവന്‍ ഇഴഞ്ഞും നീന്തിയും ഫര്‍ണീച്ചറില്‍ പിടിച്ചും എത്തി അച്ഛന്റെ കാലില്‍ താങ്ങിപ്പിടിച്ചു നില്‍ക്കും. മടിയില്‍ കയറി ഇരിക്കാന്‍ കൈകളുയര്‍ത്തും. ഇതെല്ലാം അച്ഛന് വലിയ ഇഷ്ടമാണ്.

ആയിരം പാദസരങ്ങള്‍ കിലുങ്ങി,

ആലുവപ്പുഴ പിന്നെയുമൊഴുകി...

ഭര്‍ത്താവ് തുടങ്ങിവച്ചത് പിന്നെ യുഗ്മഗാനമായി മാറി.

മൃതദേഹത്തിന്നടുത്തിരിക്കുമ്പോള്‍ ഈ ഗാനം തന്റെ ചെവിയില്‍ ആരോ മന്ത്രിക്കുന്നതുപോലെ കേട്ടു. പാതിയുറക്കത്തില്‍ നിന്നെന്നപോലെ ഞെട്ടി കണ്ണുതുറന്നുനോക്കിയപ്പോള്‍ തന്റെ ഓമനക്കുട്ടന്റെ ചുണ്ടുകള്‍ ചലിക്കുന്നതുപോലെ, ചെറിയൊരു പുഞ്ചിരിയും. അവള്‍ മൃതദേഹത്തെ വാരിപ്പുണര്‍ന്നു. 'മാപ്പ്, ക്ഷമിക്കണേ' എന്നെല്ലാം ഉറക്കെ നിലവിളിക്കുന്ന അവളെ ബന്ധുക്കള്‍ പിടിച്ചുമാറ്റി. 'ഞാന്‍ പിണങ്ങി പറഞ്ഞതൊന്നുമല്ലാ, എന്റെ ഓമനക്കുട്ടാ' അവള്‍ അലറുകയായിരുന്നു.

'എന്നാലും ഒരു നിമിഷമെങ്കിലും നീ പിണങ്ങിയില്ലേ. എനിക്കു വേറെ ആരുമില്ലെന്ന് നിനക്കറിയാമല്ലൊ. ഇക്കാര്യം പറഞ്ഞ് ഞാന്‍ എത്രയോ പ്രാവശ്യം നിന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുള്ളത് നീ മറന്നോ? എന്റെ ശ്യാമസുന്ദരപുഷ്പത്തിന്റെ പ്രേമസംഗീതം ഒരുവേള നിശ്ശബ്ദമായപ്പോള്‍ എന്റെ സര്‍വ നിയന്ത്രണവും വിട്ടു. പിന്നെ.... ഉയരത്തില്‍ നിന്ന് എന്റെ ആത്മാവായ നിന്റെ കാരങ്ങളിലേക്കാണ് ഞാന്‍ അഭയത്തിന്നായി പറന്നിറങ്ങിയത്. നിന്റെ കരങ്ങള്‍ എന്നെ താങ്ങുമെന്ന പ്രതീക്ഷയില്‍ നിന്റെ പേര് അലറിവിളിച്ചാണ് ദുഃഖത്തിന്റെ കാണാച്ചിറകില്‍ ഞാന്‍ ഊഴ്ന്നിറങ്ങിയത്. അപ്പോഴേക്കും. എല്ലാം കഴിഞ്ഞിരുന്നു.'

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org