ഇതും കടന്നുപോകും

ഇതും കടന്നുപോകും

ചരിത്രം ഉള്ളിടത്തോളം കാലം പ്രത്യേകം രേഖപ്പെടുത്തേണ്ട 2020 അവസാനിക്കുമ്പോള്‍, കോവിഡെന്ന യാഥാര്‍ത്ഥ്യത്തെ, അംഗീകരിച്ച്, എന്നാല്‍ ജാഗ്രതയോടെ മനുഷ്യര്‍ അവരുടെ ജീവിതക്രമം തിരിച്ചുപിടിക്കാന്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു.
ഏതൊരു ദുരന്തത്തിലുമെന്നതുപോലെ തന്നെ, അതിജീവനത്തിനായ് ആദ്യ ചുവടു മുന്നോട്ട് വച്ചത് ജീവന്റെ തുടിപ്പിനെ കെടാതെ സംരക്ഷിക്കാന്‍ കര്‍മ്മനിരതരായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളായിരുന്നു. കുടുംബങ്ങളിലടക്കം ജീവിതത്തിന്റെ മറ്റ് മേഖലകളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നു. പൊടുന്നനെ സംഭവിച്ച മാറ്റങ്ങളില്‍ ഏറെ ഉലഞ്ഞുപോയത് സ്ത്രീകളായിരുന്നു. എങ്കിലും ജീവിതത്തെ തിരികെപ്പിടിക്കാന്‍ പെട്ടെന്ന് ഉയര്‍ത്തെഴുന്നേറ്റതും അവരാണ്. അവരെ ഓര്‍മ്മി ക്കാതെ ഈ വര്‍ഷത്തിലെ സത്യദീപം വായന പൂര്‍ത്തിയാക്കാനാവില്ല.
അതിനാല്‍ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തുന്നത് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകളുടെ സന്ദേശങ്ങളാണ്. 'ഇതും കടന്നുപോകുമെന്ന്' ധൈര്യത്തോടെ ലോകത്തോട് ഇവര്‍ പറയുന്നു. ചുറ്റുമുള്ള അതിജീവനത്തിന്റെ പെണ്‍മുഖങ്ങളെ ഓര്‍മ്മിച്ചെടുക്കാനും അവരെ അഭിനന്ദിക്കാനും ഇവരുടെ വാക്കുകള്‍ നമുക്ക് സഹായകമാകട്ടെ…..

കെ.കെ. ശൈലജ
ആരോഗ്യ സാമൂഹ്യനീതി – വനിത ശിശു വികസന വകുപ്പു മന്ത്രി, കേരള സര്‍ക്കാര്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നും കോവിഡിനെ അതിജീവിക്കാന്‍ പരിശ്രമിച്ച സ്ത്രീകളുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സത്യദീപം പത്രം ക്രിസ്മസ്സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. കേരളം ഒറ്റക്കെട്ടായി കോവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട് ഏതാണ്ട് പതിനൊന്ന് മാസത്തോളമായി. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡിനെ ശക്തമായി പ്രതിരോധിക്കാന്‍ കേരളത്തിനായി. ഇടയ്ക്ക് രോഗനിരക്ക് അല്‍പം കൂടിയെങ്കിലും നിയന്ത്രണ വിധേയമാക്കാന്‍ നമുക്ക് സാധിച്ചു. മരണ നിരക്കും വളരെയധികം കുറയ്ക്കാന്‍ സാധിച്ചു. കോവിഡ് സമയത്തുള്ള ഈ ക്രിസ്തുമസിന് ഇത്തരമൊരു പരിശ്രമവുമായി മുന്നോട്ടുവന്ന സത്യദീപത്തിന് ആശംസകള്‍.

ബി. സന്ധ്യ
ADGP

സമാധാനത്തിന്റെയും നന്മയുടെയും ചിറകുകള്‍ വീശി ഒരു ക്രിസ്സ്മസ് രാവ് കൂടി നമ്മെ തേടി എത്തി. ഇത്തവണ ആചരിച്ച ക്രിസ്മസ് ഒരു സവിശേഷ സാഹചര്യത്തില്‍ ആയിരുന്നല്ലോ?
ജീവിതത്തിനിടയിലേക്ക് അപായകരമായ വിധം കൊറോണ വൈറസ് ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ക്രിസ്തുവിന്റെ ദര്‍ശന ങ്ങള്‍ കൂടുതല്‍ പ്രസക്തമാവുന്നു. ത്യാഗം, സേവനസന്നദ്ധത, ആതുര സേവനം, മാനവീകത എന്നിങ്ങനെ ജീസസ് ലോകത്തോട് പറഞ്ഞ കാര്യങ്ങളെല്ലാം ഈ ദുരിതകാലത്ത് നമ്മുടെ ഓര്‍മ്മയിലേക്കു കൊണ്ടുവരാം. സഹജീവികളോടുള്ള കാരുണ്യം എന്ന വലിയ ആശയം വ്യക്തമായി ഉള്‍ക്കൊണ്ട് കേരള പോലീസും പ്രവര്‍ത്തിച്ചു. വിശക്കുന്നവന്റെ മുന്നില്‍ അന്നമായി മാറിയവരുടെയും, മനുഷ്യരുടെ വേദനകള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചവരുടെയും, സ്വന്തം സുരക്ഷപോലും മറന്ന് ജോലി ചെയ്തവരുടെയും കരുത്തിലാണ് മരണനിരക്ക് കുറഞ്ഞതെന്നത് നമുക്ക് ഈ ആഘോഷ ദിവസങ്ങളില്‍ നന്ദിയോടെ ഓര്‍മ്മിക്കാം. നമ്മുടെ ആഘോഷങ്ങള്‍ നാടിന് വിനയായി മാറാതെ സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ശാന്തിയും സമാധാനവും എങ്ങും പുലരട്ടെ.

ഷൈനി അനീഷ്
സ്റ്റാഫ് നേഴ്‌സ്, കളമശ്ശേരി മെഡിക്കല്‍ കോളേജ്

18 വര്‍ഷമായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തു വരുന്നു. കോവിഡ് സെന്റര്‍ ആക്കി ആശുപത്രിയെ മാറ്റിയ അന്നു മുതല്‍ കോറോണ ഐസൊലേഷന്‍ വാര്‍ഡിലും ഐ.സി.യുവിലുമായിരുന്നു ഡ്യൂട്ടി. ആദ്യമൊക്കെ ഏഴു ദിവസം ജോലി ചെയ്ത ശേഷം 14 ദിവസം ക്വാറന്റൈന്‍ എന്ന രീതിയിലായിരുന്നു. പിന്നീട് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ അഞ്ചു ദിവസ ത്തെ ഡ്യൂട്ടിക്ക് ശേഷം അഞ്ചു ദിവസം ക്വാറന്റൈന്‍ ആയി ചുരുങ്ങി. വീട്ടില്‍ ഹൃദ്രോഗികളോ പ്രമേഹരോഗികളോ കുഞ്ഞുങ്ങളൊ ഉള്ളതിനാല്‍ ക്വാറന്റൈന്‍ സമയവും ആശുപത്രിയില്‍ തന്നെ കഴിച്ചുകൂട്ടേണ്ടി വന്ന അനേകം ആരോഗ്യപ്രവര്‍ത്തകരുമുണ്ടായിരുന്നു.
പി.പി.ഇ കിറ്റ് ഇട്ട് ജോലി ചെയ്യേണ്ട നാലു മണിക്കൂര്‍ വലിയ അസ്വസ്ഥതയും ബുദ്ധിമുട്ടും തന്നെയാണ്. ഫുള്‍ കവര്‍ ചെയ്ത് കഴിയുമ്പോള്‍ ശ്വാസം എടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. കണ്ണുകളില്‍ വെള്ളം നിറഞ്ഞ് കണ്ണു കാണാനാവാതെ വ രും. വെള്ളം കുടിക്കാനും ശുചിമുറിയില്‍ പോകാനും ബുദ്ധിമുട്ടാകും. ഇതുവരെ കാണാത്തതും കേള്‍ക്കാത്തതുമായ ബുദ്ധിമുട്ടു കളിലൂടെ കടന്ന് പോകേണ്ടി വരുന്നുണ്ട്. പക്ഷേ എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും കോവിഡ് 19 എന്ന ഈ മഹാമാരി ലോകത്ത് നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതുവരെ ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാളായി എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യാന്‍ ഞാന്‍ ഇനിയും തയ്യാറാണ്. മേലധികാരികള്‍ മുതല്‍ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വരെയുള്ള ഒരു കൂട്ടായ്മയാണ് ഇവിടെയുള്ളത്. രോഗികള്‍ക്ക് വേണ്ട ഭക്ഷണവും മരുന്നും മറ്റ് അത്യാവശ്യ സാധനങ്ങളുമെല്ലാം മുടങ്ങാതെ എത്തിക്കാന്‍ അധികൃ തര്‍ ശ്രദ്ധാലുക്കളാണ്.
കോവിഡ് പോസിറ്റീവ് എന്ന ഭയപ്പാടോടെ ഇവിടേക്കെത്തുന്ന രോഗികള്‍ നെഗറ്റീവ് ആയി തിരികെ പോകുമ്പോള്‍, ഞങ്ങളുടെ മുഖം അവര്‍ക്ക് പരിചിതമല്ലെങ്കിലും അവരുടെ മുഖത്ത് വിരിയുന്ന സന്തോഷം, ഞങ്ങളുടെ കണ്ണുകളിലേക്ക് നോക്കിയുള്ള പുഞ്ചിരി ഇതെല്ലാമാണ് ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലഭിക്കുന്ന പ്രചോദനവും ശക്തിയും.
ലോകം മുഴുവന്‍ ഈ രോഗത്തെയും രോഗികളെയും ഭയപ്പാ ടോടെ കണ്ട് അകന്ന് മാറിയപ്പോള്‍, അവരെ ശുശ്രൂഷിക്കാന്‍ ധൈര്യം ലഭിച്ചതും, 18 വര്‍ഷമായി ശീലിച്ച ജോലി രീതികളില്‍ പെട്ടെന്ന് മാറ്റം സംഭവിച്ചപ്പോള്‍ അതെല്ലാം സംയമനത്തോടെ കൈ കാര്യം ചെയ്യാന്‍ എനിക്ക് കഴിഞ്ഞതും എന്റെ കുടുംബം തന്ന കരുത്തിലാണ്. അവിടേയും എടുത്തു പറയേണ്ട ശക്തി എന്റെ ഭര്‍ത്താവ് അനീഷിന്റെ അമ്മ ചന്ദ്രികയുടേതാണ്. രണ്ട് മക്കളും ഭര്‍ത്താവും അമ്മയുടെ കൈകളില്‍ സുരക്ഷിതരാണ് എന്നത് രോഗികളെ ശുശ്രൂഷിക്കാന്‍ വേണ്ട ധൈര്യമെനിക്ക് തരുന്നു. കോവിഡ് രോഗികളെ ശുശ്രൂഷിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ ചേര്‍ന്ന് ആദരിച്ച അനുഭവവും മറക്കാനാവില്ല. വാക്‌സിന്‍ ഫലപ്രദമാകും, ഈ പ്രശ്‌നങ്ങളെല്ലാം അവസാനിക്കും എന്നു തന്നെയാണ് പ്രതീക്ഷ.

ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കോവിഡിന്റെ ആദ്യം അനുഭവപ്പെട്ടത് ഒരു ഷോക്കായിരുന്നു. വീടിന് പുറത്തേക്ക് പോലും ഇറങ്ങാന്‍ കഴിയാതെ വരുമെന്ന് നമ്മള്‍ സ്വപ്നത്തില്‍ പോലും ആലോചിച്ചിട്ടില്ലല്ലോ?
ആ കാലത്തെ വ്യക്തിപരമായി എങ്ങനെ എടുത്തു എന്ന് ചോദിച്ചാല്‍, ഒരു പാട് ഹോബികളുള്ള ഒരാളായതിനാല്‍ അതിനായി ചിലവഴിക്കാന്‍ കിട്ടിയ നല്ല അവസരമാക്കി മാറ്റുകയാണ് ഉണ്ടായത്. എന്റെ പൂന്തോട്ടത്തിനായി കുറേ സമയം ചിലവിട്ടു, കൂടാതെ കുറേ നാളായി മനസ്സിലുള്ള വലിയൊരു ആഗ്രഹമായിരുന്നു വാട്ടര്‍ കളറിംങ്ങ് കുറച്ച് നന്നായി ചെയ്യണമെന്നുള്ളത്. പണ്ട് പഠിച്ചിട്ടുള്ളതെല്ലാം കൂടുതല്‍ പരിശീലിച്ച്, എന്റെ പരിമിതികളില്‍നിന്നു കൊണ്ട് നൂറോളം പെയ്ന്റിംങ്ങ് ചെയ്യാന്‍ സാധിച്ചു. വ്യക്തിപരമായി വലിയ സന്തോഷം തരുന്ന ഒരു നേട്ടമായി ഇതെനിക്ക് അനുഭവപ്പെടുന്നുണ്ട്.
കുടുംബത്തിന്റെ കാര്യമാണെങ്കില്‍, ജീവിതത്തില്‍ അനാവശ്യമായിരുന്ന കുറേ കാര്യങ്ങള്‍ ഒഴിവാക്കി അത്യാവശ്യം വേണ്ടവയി ലേക്ക് മാത്രമായി ഒതുക്കാന്‍ കഴിഞ്ഞു. ചിലവുകളേ ഉണ്ടായിരുന്നില്ലല്ലോ? പേഴ്‌സ് തുറക്കേണ്ടി വന്നത് അത്യാവശ്യം വേണ്ട ഭക്ഷണത്തിനായി മാത്രമായിരുന്നു.
ബിസിനസ്സിലാണെങ്കില്‍ ആദ്യത്തെ 3 മാസം വരുമാനം പൂജ്യമായിരുന്നു. യൂണിറ്റുകളില്‍ തുണിത്തരങ്ങള്‍ കെട്ടിക്കിടക്കുന്നു. മിഷ്യനുകളുമുണ്ട്. തൊഴിലാളികള്‍ക്കും പണിയില്ല. കടകള്‍ തുറന്നില്ല. ആ സമയത്താണ്, മാസ്‌ക്ക് ഒരവശ്യ വസ്തുവായി മാറുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഇതൊരു നല്ല അവസരമാണ് എന്ന് മനസ്സിലാക്കി ഉടനേ മാസ്‌ക്ക് നിര്‍മ്മാണം ആരംഭിച്ചു. ഏതാണ്ട് കുറേ ലക്ഷം മാസ്‌ക്കാണ് ഞങ്ങള്‍ വിപണിയിലിറക്കിയത്. വലിയൊരു വരുമാനം ലഭിക്കില്ല എന്നറിയാമായിരുന്നു എങ്കിലും അതൊരു നല്ല തീരുമാനമായിരുന്നു. കാരണം യൂണിറ്റുകളിലുണ്ടായിരുന്ന മെറ്റീരിയലുകളും മിഷ്യനുകളും മറ്റ് സാമഗ്രികളും ഉപയോഗപ്പെടുത്താനായി. നൂറു ശതമാനം സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന യൂണിറ്റുകളെ സജീവമാക്കാന്‍ സാധിച്ചു. ജീവിതത്തെ പിടിച്ചു നിറുത്താന്‍ വേണ്ട ചെറിയ വരുമാനം അവര്‍ക്കെല്ലാം കൊടുക്കാനായി. തൊഴിലാളികളും ലഭിക്കുന്ന കുറഞ്ഞ വേതനത്തിന് അനുസരിച്ച് അവരുടെ ജീവിതത്തെയും ക്രമപ്പെടുത്താന്‍ ശീലിച്ചു. ബിസ്സിനസ്സ് രംഗത്തെ ചിലവുകളും നന്നായി നിയന്ത്രിച്ചു.
ശരിയായ ബിസിനസ്സ് തീരെ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളില്‍ കുറച്ച് പേരെ ഒഴിവാക്കേണ്ടതായി വന്നിരുന്നു. ഞങ്ങളുടെ നിവൃത്തികേട് മനസ്സിലാക്കി സന്തോഷത്തോടെയാണ് അവര്‍ പോലും പോയത്. ഇക്കഴിഞ്ഞ രണ്ട് മാസമായി വിപണി പഴയതിനേക്കാള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ശുഭ പ്രതീക്ഷയോടെ നമുക്കു മുന്നോട്ട് പോകാം.

സ്മിത അഗസ്റ്റിന്‍
കോതാട് എച്ച്.എസ്.എസ്. ഓഫ് ജീസസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക

കണ്ടും കേട്ടും തൊട്ടും ശാസിച്ചും സ്‌നേഹിച്ചും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആയിരിക്കേണ്ടവരാണ് ഞങ്ങള്‍ അദ്ധ്യാപകര്‍.
എന്നാല്‍ മുഖം നഷ്ടപ്പെട്ടവരെപ്പോലെ സ്‌ക്രീനിനപ്പുറത്ത് അവര്‍ ഇരിക്കുമ്പോള്‍ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട്.
സാമീപ്യത്തിലൂടെ ആണല്ലോ ഞങ്ങള്‍ അവരുടെ ഹൃദയത്തിലേക്ക് ഇറങ്ങുന്നത്? സന്തോഷവും സങ്കടവും വീര്‍പ്പുമുട്ടലും പ്രണയവും ഭയവുമെല്ലാം അവരുടെ കണ്ണുകളില്‍ നിന്നാണ് ഞങ്ങള്‍ വായിച്ചെടുക്കുന്നത്.
കോവിഡ് അതെല്ലാം തട്ടിത്തെറിപ്പിച്ചു.
ആ നന്മകളെല്ലാം ഞങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇന്ന് അന്യമായി.
മാനുഷികത നഷ്ടപ്പെട്ട പഠനം എത്ര വേദനകരമാണ്. സ്‌നേഹവും സൗഹൃദവും കൂട്ടായ്മയും പങ്കുവെക്കലുമൊക്കെ ചേര്‍ന്ന ഇടത്തില്‍ നിന്ന് അവര്‍ പഠിക്കുന്നത് പച്ചയായ ജീവിതമാണ്.
ക്ലാസ് മുറികളിലെ നവരസങ്ങളെല്ലാം നഷ്ടമായി. യാന്ത്രികതയില്‍ ഞെരുങ്ങിക്കുരുങ്ങി അഭിനയമായി അധ്യാപനം മാറുന്നതിന്റെ വീര്‍പ്പുമുട്ടല്‍ കുട്ടികളും അധ്യാപകരും അനുഭവിക്കുന്നുണ്ട്.
'എല്ലാം മിസ്സാകുന്നു മിസ്സേ' എന്ന പരാതികള്‍ക്കിടയില്‍ പ്രതീക്ഷയുടെ വാക്കുകള്‍ പറഞ്ഞ് പറഞ്ഞ് കുട്ടികളെ കൂടെ നിറുത്തുക എന്നത് മാത്രമാണ് ഏക പോംവഴി.
പഠനത്തിനൊപ്പം അവര്‍ക്ക് അതിജീവനത്തിന്റെ ഉള്‍ക്കരുത്ത് കൂടി പകരാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍. സ്വന്തം മക്കള്‍ക്ക് ഭക്ഷണം വിളമ്പുമ്പോള്‍, സ്‌കൂളില്‍ നിന്നുള്ള ഉച്ചഭക്ഷണം നഷ്ടപ്പെട്ടവരുടെ മുഖങ്ങള്‍ മനസ്സിലേക്ക് വരും. പകല്‍ സമയം വീടുകളില്‍ സുരക്ഷിതത്വം ഇല്ലാത്ത കുഞ്ഞുങ്ങളുടെ പിഞ്ചിയ മുഖങ്ങളും ഓര്‍മ്മയിലുണ്ട്. എന്നാണ് മിസ്സേ ഇനി നേരില്‍ കാണുക എന്ന സങ്കടചോദ്യത്തിന് ഇതും കടന്നുപോകുമെന്ന അല്പം മുഷിഞ്ഞ മറുപടി മാത്രമാണ് പറയാനാകുന്നത്. കുട്ടികളുടെ ഭാഷയില്‍ പറഞ്ഞാല്‍ 'സീന്‍ മൊത്തം ഡാര്‍ക്കാ'…
എന്നാലും, ഈ ഇരുളിനപ്പുറം പ്രകാശത്തിന്റെ ഒരു തീരമുണ്ടെന്ന് അവരോട് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു.

ശബ്‌നം പി.എം.
വൈസ് പ്രസിഡന്റ് & ഹെഡ്
ലീഗല്‍ ഡിപ്പാര്‍ട്ടമെന്റ്, ഫെഡറല്‍ ബാങ്ക്

കോവിഡ് മഹാമാരി, ഏതൊരു മേഖലയില്‍ എന്നപോലെ ബാങ്കിംഗ് മേഖലയിലും ശ്രദ്ധേയമായ പല മാറ്റങ്ങളും പ്രതികൂലമായ ആഘാതങ്ങളും ഉണ്ടാക്കി. തുടക്കത്തില്‍ ഈ മഹാമാരി ബാങ്കിങ് പ്രവര്‍ത്തനങ്ങളേയും, അസറ്റ് ക്വാളിറ്റിയെയും വായ്പ നല്‍ കുന്നതിനെയും തിരിച്ചു പിടിക്കുന്നതിനെയും എന്ന് വേണ്ട അനുദിന ജോലികളെയെല്ലാം തകിടം മറിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലം മുതല്‍ കോവിഡിനൊപ്പം ജോലി ചെയ്യേണ്ടി വരുന്ന ഈ ദിവസങ്ങള്‍ വരെ ബാങ്കിംഗ് രംഗത്തെ വനിതാ ജീവനക്കാര്‍ നല്‍കിയ സംഭാവന സ്തുത്യര്‍ഹമാണ്. ഈ മേഖല ആവശ്യസേവനം ആയതിനാല്‍ ആരോഗ്യസംബന്ധമായ എല്ലാ വെല്ലുവിളികളെ നേരിടേണ്ടി വന്നാലും ജോലി ചെയ്യണം. പൊതുജനങ്ങളോട് നേരിട്ട് ഇടപെടുകയും വേണം. എന്നാല്‍ കോവിഡ് കാലം സ്ത്രീ ശാക്തീകരണത്തിന്റെ കാലം കൂടി ആയിരുന്നു എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്നുണ്ട്. കാരണം സ്വ ന്തം കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങളിലും, ഭക്ഷണ സുരക്ഷാ കാര്യങ്ങളിലും, കുട്ടികളുടെ പഠനകാര്യത്തിലും ജോലി സംബന്ധ മായ കാര്യങ്ങളിലും ഒരുപോലെ മികവ് പുലര്‍ത്തി, വര്‍ക്ക് ലൈഫ് ബാലന്‍സ് എന്ന ആശയത്തെ ഞങ്ങള്‍ വിജയകരമാക്കി. വ്യക്തിപരമായ, കുടുംബപരമായ, ആരോഗ്യപരമായ, ഔദ്യോഗികമായ താളം തെറ്റലുകളുടെ മുന്നില്‍ പകച്ചു നിന്നിട്ടില്ല. ഈ മേഖലയില്‍ സംഭവിക്കാമായിരുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ബാങ്കിങ്ങ് രംഗത്തെ രക്ഷിച്ചതില്‍ സ്ത്രീകളുടെ സ്വതസിദ്ധമായ ആത്മധൈര്യവും അര്‍പ്പണ മനോഭാവവും സേവനസന്നദ്ധതയും വലിയ പങ്ക് വഹിച്ചു. അനിശ്ചിതമായി തുടരുന്ന കോവിഡ് മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കാന്‍ നമ്മുടെ നാടിനു ശക്തമായ പിന്തുണ ആകാന്‍ ഞങ്ങള്‍ ഇനിയും സദാ സന്നദ്ധരാണ്. എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ നമുക്ക് കഴിയും എന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഞങ്ങള്‍.

തനുജ വി.വി.
ആശ വര്‍ക്കര്‍

കോവിഡ്, വലിയ ഭീതി പടര്‍ത്തിക്കൊണ്ടിരുന്ന സമയം, ആശാവര്‍ക്കറായി ജോലി ചെയ്യുകയായിരുന്നു ഞാന്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിന് രാവിലെ പാത്രം കഴുകി കൊണ്ടിരിക്കുന്നതിനിടയില്‍, പെട്ടെന്ന് ഒരു ചുമവന്നു. ശ്വാസം കിട്ടാതെയായി. പുറകി ലേക്ക് വീഴാന്‍ തുടങ്ങിയ എന്നെ ആ സമയം സമീപത്തുണ്ടായ ഭര്‍ത്താവ് താങ്ങി പിടിച്ചു. ശ്വാസം കിട്ടാത്ത അവസ്ഥയില്‍ കൃത്രിമ ശ്വാസം തരേണ്ടതായി വന്നു. ഉടനേ അടുത്ത വീട്ടിലെ ചേച്ചിയെയും സഹായത്തിനു വിളിച്ച് ലൂര്‍ദ്ദ് ഹോസ്പിറ്റലിലേക്ക് എന്നെ എത്തിച്ചു. ഇന്‍ജക്ഷന്‍ നല്‍കി ഒരാഴ്ച്ചത്തേക്ക് റെസ്റ്റ് എടുക്കാന്‍ ആശുപത്രിയില്‍ നിന്ന് പറഞ്ഞു.
ഈ വിവരം ഞാന്‍ വര്‍ക് ചെയ്യുന്ന ഹെല്‍ത്ത് സെന്ററില്‍ ഭര്‍ത്താവ് അറിയിച്ചു. അവിടത്തെ ഡോക്ടര്‍ ആമി മാഡത്തിന്റെ നിര്‍ ദ്ദേശ പ്രകാരം കോവിഡ് ടെസ്റ്റിനായി പിറ്റെ ദിവസം കരുവേലിപ്പടി ഗവ. ഹോസ്പിറ്റലില്‍ പോയി. പക്ഷെ പിന്നീട് എനിക്ക് യാതൊരു ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. പക്ഷെ മൂന്നാം ദിവസം വന്നപ്പോള്‍ റിസല്‍റ്റ് പോസിറ്റീവ്. മറ്റ് യാതൊരു അസ്വസ്ഥതയും ലക്ഷണങ്ങളും ഇല്ലാതിരുന്നതിനാല്‍ റിസല്‍ട്ട് സത്യമാണെന്ന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. നാട്ടിലെ രണ്ടാമത്തെ പോസിറ്റീവ് കേസും ആദ്യത്തെ സ്ത്രീയുമായിരുന്നു ഞാന്‍. ശരിയായ ഒരു ഗ്രാമ പ്രദേശമായതിനാല്‍ എല്ലാവരും ഭീതിയില്‍ ആയി. മൂന്നു വാര്‍ഡുകള്‍ അടച്ചുപൂട്ടി എന്നെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിറ്റേന്ന് കീഴ്മാട് കോവിഡ് സെന്ററിലേക്ക് എന്നെ മാറ്റി. നല്ല ഒരു അന്തരീക്ഷമായിരുന്നു അവിടെ. ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും വോളന്റിയര്‍മാരുടെയും പരിചരണവും നല്ല ഭക്ഷണവും അസുഖത്തെക്കുറിച്ചുള്ള ഭീതിയകറ്റി. മിലിട്ടറിയില്‍ നിന്ന് ലീവിന് വന്ന ഒരു ഓഫീസര്‍ തന്റെ സേവനത്തിന്റെ ഭാഗമായി, ഈ സെന്ററില്‍ ഉണ്ടായിരുന്നു. രോഗികളുടെ മാനസ്സിക സംഘര്‍ഷം കുറയ്ക്കുന്നതിനായി അവരോട് സംസാരിക്കുകയും പ്രായമായവരെ കൊണ്ട് പാട്ടുകള്‍ പാടിക്കുകയും, എല്ലാ രോഗികളോടും വ്യക്തിപരമായ വിശേഷങ്ങള്‍ തിരക്കുകയും ചെയ്യുന്നുണ്ടായിരുന്നു. രോഗികളായ പല അമ്മമാരും തന്റെ കുഞ്ഞുങ്ങളെയും കൊണ്ട് ഭയന്നാണ് അവിടെ വന്നിരുന്നത്. എന്നാല്‍ അവിടെ തങ്ങളുടെ വീട്ടിലെപോലെയുള്ള അന്തരീക്ഷമായിരുന്നു ഒരുക്കിയിരുന്നത്.
എന്റെ ഭര്‍ത്താവും രണ്ട് കുട്ടികളും അമ്മയും വീട്ടില്‍ സ്വയം നിരീക്ഷണത്തിലുമായി. ഈ സമയം ചിലര്‍ മാനസ്സികമായി തളര്‍ത്തുന്ന രീതിയില്‍ നവ മാധ്യമങ്ങളില്‍ രോഗത്തെ സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയുണ്ടായി.
എന്നാല്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും കൃത്യമായി ഇടപെട്ട് വീട്ടിലുള്ളവരെയും എന്നെയും വിളിച്ച് കൗണ്‍സിലിംഗ് നല്‍കുകയയും ചെയ്തു. നല്ല വാക്കുകള്‍ പറഞ്ഞു ഞങ്ങളോടൊപ്പം നിന്നവരോടും സഹായങ്ങള്‍ നല്‍കിയവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. നാട്ടുകാരാവട്ടെ ഈ ദിവസങ്ങളില്‍ അകമഴിഞ്ഞ സഹകരണമാണ് കുടുംബത്തിനു നല്‍കിയത്.
ഒരാഴ്ച്ച കഴിഞ്ഞ് നെഗറ്റീവ് ആയി കോവിഡ് സെന്ററില്‍നിന്നു ഞാന്‍ വീട്ടിലെത്തി. പിന്നെയും ഞങ്ങള്‍ 14 ദിവസം കൊറന്റെയി നില്‍ കഴിഞ്ഞു. മാനസികമായും ശാരീരികമായും വീണുപോകാമായിരുന്ന ആ അവസ്ഥയില്‍ തളരാതെ പിടിച്ചു നില്‍ക്കാനായത് ചുറ്റുപാടു നിന്നും ഉയര്‍ന്ന പ്രതീക്ഷയുടെ, ആശ്വാസത്തിന്റെ, കരുതലിന്റെ വാക്കുകളില്‍ നിന്നും ബലം ലഭിച്ചതിനാലാണ്. വീണുപോകുന്നവര്‍ക്ക് താങ്ങായ് ചുറ്റും നല്ല മനസ്സുകള്‍ ഉണ്ടാവട്ടെ. അസുഖം മൂലം ആരും ഒറ്റപ്പെട്ട് പോവാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. ഭയമല്ലല്ലോ ജാഗ്രതയല്ലേ വേണ്ടത്?

സി. സുമ എസ്.ടി.
സോഷ്യല്‍ അപ്പസ്‌തോലേറ്റ് കൗണ്‍സിലര്‍, സെന്റ് മേരീസ് പ്രോവിന്‍സ്, ചുണങ്ങംവേലി

ഈ കോവിഡ് കാലത്തിന്റെ ആരംഭത്തില്‍ കൊറോണ വൈറസിനാല്‍ വലിയ ആക്രമണം ഏറ്റ സമൂഹമാണ് ഞങ്ങളുടേത്. അഗ തികളുടെ സഹോദരിമാരുടെ സന്യാസ സമൂഹമെന്ന ഞങ്ങളുടെ സഭയുടെ എറണാകുളം പ്രോവിന്‍ സിലെ 55 പേരോളം കോവിഡ് ബാധിതരായി. ഒപ്പം തന്നെ കാക്കനാടുള്ള ഞങ്ങളുടെ കരുണാലയം എന്ന സ്ഥാപനത്തിലെ 110 അന്തേവാസികളില്‍ 40 പേര്‍ക്കും രോഗബാധയുണ്ടായി. ആദ്യം മനസ്സില്‍ ഒരു മരവിപ്പാണ് അനുഭവപ്പെട്ടത്. എന്തു ചെയ്യണം? എവിടെ തുടങ്ങണം? ഒരു പിടിയുമില്ല. എന്നാല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുന്നോട്ടുള്ള കാര്യങ്ങള്‍ക്കെല്ലാം വ്യക്തത വന്നു. ഞങ്ങളുടെ അധികാരികളുടെ അവസരോചിതമായ ഇടപെടലുകള്‍ക്കൊപ്പം ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഹായവും നിര്‍ദ്ദേശങ്ങളും എത്തി.
പ്രായമായവര്‍, കിടപ്പുരോഗികള്‍, പലവിധ അസുഖങ്ങളുള്ളവര്‍ എന്നിങ്ങനെ കൊറോണ വൈറസിനാല്‍ ജീവന്‍ നഷ്ടപ്പെടുവാന്‍ മതിയായ കാരണങ്ങളുള്ള രോഗികളായിരുന്നു കരുണാലയത്തിലേത്. വലിയൊരു മരണനിരക്കായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ട് പേരൊഴികെ ബാക്കി എല്ലാവരും കോവിഡിനെ അതിജീവിച്ചു എന്നത് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും നല്കിയ പ്രത്യാശ ചെറുതല്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്തത്ഭുതമാണ് ഇവിടെ സംഭവിച്ചതെന്ന ചോദ്യം ഇന്നും കേള്‍ക്കുന്നുണ്ട്. ഓരോ ജീവനോടും അതീവ ശ്രദ്ധ നല്കാന്‍ ലോകം മുഴുവന്‍ ഞങ്ങള്‍ക്കൊപ്പം നിന്നു എന്നതാണ് അതിനുള്ള ഉത്തരം. ഞങ്ങള്‍ അറിയുന്നതും അറിയാത്തതുമായ അനേകര്‍, ഞങ്ങളുടെ മറ്റ് പ്രോവിന്‍സുകളിലെ സന്യസ്തര്‍, മറ്റ് സന്യാസസഭകളിലെ അംഗങ്ങള്‍, വൈദികര്‍ എന്നുവേണ്ട കത്തോലിക്കാ സഭ മുഴുവനും ഞങ്ങള്‍ക്കൊപ്പമുണ്ട് എന്ന ആ അനുഭവം ദൈവകൃപയുടേതായിരുന്നു.
എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ആന്റണി കരിയില്‍ പിതാവും. തൃക്കാക്കര കാര്‍ഡിനല്‍ നഗര്‍ ഇടവക വികാരി ബഹു. വൈലിക്കോടത്തച്ചനും നൈപു ണ്യ സ്‌കൂള്‍ ഡയക്ടര്‍ ബഹു. മുണ്ടാടനച്ചനും എടുത്ത നേതൃത്വം മറക്കാനാവില്ല. എല്ലാറ്റിനും ഉപരിയായി നസ്രത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച കന്യകയോട് ദൈവം ചെയ്ത വാഗ്ദാനത്തിന്റെ തുടര്‍ച്ചയാണിതെന്ന് വിശ്വസിക്കുന്നു. "മറിയമേ ഭയപ്പെടേണ്ട" എന്ന ദൈവദൂതന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ച് രക്ഷാകരവേലയില്‍ സഹകാരിണിയായ പരി. അമ്മയെപ്പോലെ കൃപയായി നല്കിയ ആത്മധൈര്യത്തോടെ വെല്ലുവിളികളെ അതിജീവിച്ച് സാക്ഷ്യമാകുവാന്‍ ദൈവം അനുവദിച്ച നാളുകള്‍. ദൈവത്തില്‍ ശരണപ്പെട്ട് അതിജീവനത്തിനു ശ്രമിച്ചാല്‍ ലോകവും ഒപ്പമുണ്ടാകും.

സെലീനാ ജിറ്റി
സ്റ്റാഫ് നേഴ്‌സ്, ജാബേര്‍ അല്‍ അഹമ്മദ് ആര്‍മ്ഡ് ഫോഴ്‌സ് ഹോസ്പിറ്റല്‍, കുവൈറ്റ്

പ്രവാസികള്‍ക്ക് നിലനില്പിന്റെയും ഉപജീവനത്തിന്റെയും അടിസ്ഥാനമാണ് അവരുടെ തൊഴില്‍. കോവിഡിന്റെ പ്രഹരം ഏറ്റവും ആഘാതമേല്പിച്ചത് പ്രവാസികളുടെ തൊഴില്‍ മേഖലയെയാണ്. ശമ്പളം നിഷേധിക്കല്‍, ശമ്പളം വെട്ടിക്കുറക്കല്‍, ജോലിയില്‍നിന്ന് പിരിച്ചുവിടല്‍, ഒപ്പം കോവിഡ് രോഗവ്യാപനവും. അടിപതറിപ്പോയ എട്ട് മാസങ്ങള്‍… ഈ അവസ്ഥയില്‍ ജോലി നഷ്ടപ്പെട്ട പല കുടുംബങ്ങളെയും പിടിച്ചുനിറുത്തിയത് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ജോലിയും വേതനവുമായിരുന്നു. തികഞ്ഞ ജാഗ്രതയോടെ, പകച്ചുനിന്ന ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സേവനം ചെയ്ത പലരും കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ള സ്വന്തം കുടുംബത്തെ വീട്ടില്‍ ഉപേക്ഷിച്ചിട്ടാണ് ഇറങ്ങിയത്. കുടുംബാംഗങ്ങള്‍ രോഗബാധിതരാണെന്ന് അറിഞ്ഞിട്ടും അവരെ ശുശ്രൂഷിക്കാനോ സമീപത്തേക്ക് പോകാനോ ആകാതെ പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരിക.
മാനസികമായും ശാരീരികമായും സാമ്പത്തികമായും വലിയ അരക്ഷിതാവസ്ഥകളിലൂടെ കടന്നുപോവുകയായിരുന്നു. പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ പോലും തളര്‍ന്ന് പോയ സമയത്ത് 91-ാം സങ്കീര്‍ത്തനം ഉരുവിട്ട് മനക്കരുത്തോടെ മുന്നോട്ടു പോയ അനേകം സ്ത്രീകളെ ഇവിടെ കാണാനിടയായിട്ടുണ്ട്. പ്രവാസജീ വിതത്തിലെ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനാകുന്ന പ്രേരകശക്തി എന്ന് പറയുന്നത് 30 അല്ലെങ്കില്‍ 40 ദിവസത്തെ വാര്‍ഷിക അവധിയാണ്. കോവിഡ് തകര്‍ത്തത് ഈ പ്രതീക്ഷ കൂടെയാണ്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഈ അവധി റദ്ദാക്കി എന്ന് മാത്രമല്ല പ്രിയപ്പെട്ട മാതാപിതാക്കളുടെ അന്ത്യനിമിഷത്തില്‍ പോലും എത്താനാവാതെ പോയ എത്രയോ പേര്‍! പ്രിയപ്പെട്ടവരുടെ ശവസംസ്‌കാര ശുശ്രൂഷ ഓണ്‍ ലൈനില്‍ കാണേണ്ടി വന്ന നൊമ്പരം മനസ്സിലടക്കി, മുന്നില്‍ കാണുന്ന രോഗിയെ നോക്കി പുഞ്ചിരിച്ച് ധൈര്യപ്പെടുത്തി പറയും 'പേടിക്കേണ്ട ഇതൊരു സാധാരണ പനിയല്ലേ? ഭയപ്പെടേണ്ട സൂക്ഷിച്ചാല്‍ മതി.' തേങ്ങല്‍ അടക്കി സങ്കീര്‍ത്തനം ഉരുവിടും "അവിടുന്നെന്നെ വേടന്റെ കെണിയില്‍ നിന്നും മഹാമാരിയില്‍ നിന്നും രക്ഷിക്കും."

ലില്ലമ്മ മാത്യു
കരോണ്ടുകടവില്‍, പള്ളിപ്പുറം

കോവിഡെന്നത് വലിയ ഭീതിയായി മനസ്സില്‍ ഉണ്ടെങ്കിലും, ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ ചില തിരിച്ചറിവുകളുടേത് കൂടി ആയിരുന്നു. മനുഷ്യര്‍ ജീവിതത്തോട് അനാവശ്യമായി കൂട്ടിച്ചേര്‍ത്ത് അത്യാഡംമ്പരമാക്കിയ എല്ലാ ആചാരങ്ങളും ഒഴിവാക്കപ്പെട്ടു. ആവശ്യങ്ങളും ആര്‍ഭാടങ്ങളും തമ്മില്‍ ക്രിത്യമായി വേര്‍തിരിവുണ്ടായി.
വരുമാനത്തിനൊപ്പമോ പലപ്പോഴും അതിലധികമോ വന്നിരുന്ന, അനുദിന ചിലവുകളെ സ്വയം നിയന്ത്രിച്ച് ലേശം മിച്ചം പിടിക്കാന്‍ നമ്മള്‍ ശ്രദ്ധിച്ചു തുടങ്ങി.
മനുഷ്യര്‍ മാത്രമല്ല, പ്രകൃതി പോലും അതിന്റെ സ്വാഭാവികത വീണ്ടെടുത്ത ദിവസങ്ങളായിരുന്നല്ലോ അത്? തിരുവനന്തപുരം നഗരത്തിലെ ഫ്‌ളാറ്റില്‍ നിന്ന് കിഴക്കന്‍ മലനിരകള്‍ കാണാനായതും, കോഴിക്കോട് കല്ലായി പുഴ മാലിന്യങ്ങളില്ലാതെ ഒഴുകിയതും വാര്‍ത്തകളില്‍ കാണാനിടയായി.
നഷ്ടപ്പെടും വരെ നമുക്കൊന്നിന്റെയും വില അറിയാനാവില്ല എന്ന ജിബ്രാന്റെ ചിന്തകളാണ് ഓര്‍മ്മ വരുന്നത്. 8 മാസം മുന്‍പ് വരെ ശുദ്ധവായു ആവോളം ശ്വസിച്ചും, ഇഷ്ടമുള്ളിടത്തേക്ക് സഞ്ചരിച്ചും, കൂട്ടംകൂടിയും ജീവിതം നമ്മള്‍ എത്ര ആസ്വദിച്ചിരുന്നു!!!
എത്രയോ സുന്ദരമായ ഒരു ലോകത്തിലായിരുന്നു ഇത്രയും നാള്‍ നമ്മള്‍ ജീവിച്ചിരുന്നത് എന്നോര്‍ത്ത് ദൈവത്തിന് നന്ദി പറയുന്ന മനസ്സാണ് എന്റേത്. നമ്മുടെ തനതായ ഭക്ഷണരീതികള്‍, ആരോഗ്യ ശീലങ്ങള്‍, രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഇവയെല്ലാം കോവിഡ് മരണനിരക്ക് കുറയ്ക്കുന്നതിന് സഹായകമായിട്ടുണ്ട്. ഈ നല്ല പാരമ്പര്യങ്ങളെ കെട്ട് പോകാതെ കാക്കേണ്ടത് നമ്മുടെ കടമയാണ്. പച്ചമരുന്നുകള്‍ മാത്രം ആശ്രയമുണ്ടായ കാലത്ത് കോളറയെയും, വസൂരിയെയും അതിജീവിച്ച മുന്‍ തലമുറ വലിയ ധൈര്യം പകരുന്നുണ്ട്. ഈ മഹാമാരിയെയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.

ഡയാന സില്‍വസ്റ്റര്‍
ഏഷ്യാനെറ്റ്

തിരക്കിട്ട ജീവിതം ആസ്വദിക്കുന്ന ഒരാളെന്ന നിലയില്‍, ഒന്നും ചെയ്യാനില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വരിക എന്നത് ചിന്ത യ്ക്കപ്പുറമായിരുന്നു. പ്രോഗ്രാമുകളുടെയും ഷൂട്ടിങ്ങിന്റെയും ബഹളങ്ങളില്ലാതെ രണ്ടു ദിവസത്തില്‍ കൂടുതല്‍ വീട്ടിലിരുന്നാല്‍ മാനസികമായി വല്ലാതെ തളര്‍ന്നു പോകുമെന്നായിരുന്നു കരുതിയിരുന്നത്. അത്തരത്തിലൊന്നും സംഭവിച്ചില്ല. സമയമില്ലാത്തതിനാല്‍ മാറ്റി വച്ചിരുന്ന പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞു. ചെയ്താല്‍ ശരിയാകില്ല എന്ന് മുന്‍വിധി ഉണ്ടായിരുന്ന പാചക പരീക്ഷണങ്ങളില്‍ പലതിലും വിജയിച്ചു. ചെറിയ കാര്യങ്ങളാണിതെല്ലാം പക്ഷെ വലിയ ആത്മവിശ്വാസം തോന്നുന്നുണ്ട്. കുടുംബത്തോടു കൂടി കൂടുതല്‍ സമയം ആസ്വദിച്ച് ചെലവഴിക്കാനായി.
വെറുതെ കടകള്‍ കയറി ഇറങ്ങുക, കുഞ്ഞു കുഞ്ഞു സാധനങ്ങള്‍ വാങ്ങുക എന്നത് വല്ലാതെ ആസ്വദിച്ചിരുന്ന ഒരാളാണ് ഞാന്‍. ഒരു ടെന്‍ഷന്‍ വന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പോലും ഇത്തരം ചുറ്റിത്തിരിയല്‍ ആയിരുന്നു എന്റെ ഹോബി. വെറും അനാവശ്യമായ ഒരു സംഗതിയായിരുന്നു ഇതെന്ന് ഇപ്പോള്‍ എനിക്ക് ബോധ്യമുണ്ട്. പരിമിതമായ ആവശ്യങ്ങളേ മനു ഷ്യനുള്ളൂ എന്ന് ബോധ്യപ്പെടാന്‍ കൊറോണക്കാലം വരേണ്ടി വന്നു. അനാവശ്യമായ കാര്യങ്ങള്‍ക്കു വേണ്ടിയായിരുന്നു കൂടുതല്‍ സമയവും ശ്രദ്ധയും കളഞ്ഞിരുന്നതെന്നത് എന്റെ മാത്രം തിരിച്ചറിവല്ല. പല സുഹൃത്തുക്കളും പങ്കുവയ്ക്കുന്ന കാര്യമാണിത്.
എന്നും രാവിലെ കുര്‍ബാനയില്‍ പങ്കെടുക്കുന്ന വ്യക്തിയായിരുന്നു ഞാന്‍. എന്നാല്‍ കുര്‍ബാന കഴിയുന്നതോടെ മനസ്സില്‍ നിന്നും ആ അരൂപി പാടെ മാറി ജീവിതത്തിന്റെ തിരക്കിലേക്ക് ഓടുകയും ചെയ്യുമായിരുന്നു. പള്ളികള്‍ അടച്ച് ടിവിയിലൂടെയുള്ള കുര്‍ബാനകള്‍ മാത്രം കാണേണ്ടി വന്ന സാഹചര്യം തന്നത് ഒരു തിരിച്ചറിവായിരുന്നു. ഇപ്പോള്‍ വീണ്ടും പള്ളികളിലേക്ക് പോകാന്‍ അനുവാദം ആയപ്പോള്‍ വിശുദ്ധ ബലിയുടെ വിലയറിഞ്ഞ് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിയുന്നു. രാവിലെ കുറച്ച് നേരത്തേക്ക് മാത്രമായുള്ള ദൈവവിചാരമായി ഇത് ഒതുങ്ങുന്നില്ല. ജോലികള്‍ക്കൊപ്പവും മനസ്സുകൊണ്ട് തമ്പുരാനൊപ്പമാകാന്‍ കഴിയുന്നുണ്ട്.
നിയന്ത്രണങ്ങള്‍ എല്ലാം പാലിച്ച് ഷൂട്ടുകള്‍ എല്ലാം ആരംഭിച്ചിട്ടുണ്ട്. ഒന്നിന്റെയും അവസാനമല്ല കൊറോണ. എല്ലാം നല്ലതിന് തന്നെയാണ്, കാരണം ദൈവത്തിന്റെ പദ്ധതികള്‍ മനുഷ്യര്‍ക്ക് പൂര്‍ണ്ണമായി പിടികിട്ടില്ലല്ലോ?

തനൂജ ട. ഭട്ടതിരിപ്പാട്
എഴുത്തുകാരി & പി.ആര്‍.ഒ., മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം

കൊറോണ എന്ന മഹാമാരി ലോകം അറിഞ്ഞ ആദ്യ നാളുകളില്‍ എല്ലാവരും എന്നതുപോലെ സ്ത്രീകളും ഭയപ്പെട്ടു പോയി. എന്താണ് സംഭവിക്കുന്നത് എന്ന് പോലും വ്യക്തതയില്ലാത്ത ദിവസങ്ങള്‍. പ്രകൃതി സ്ത്രീക്ക് നല്‍കിയ അനുഗ്രഹം എന്താണെന്നു വച്ചാല്‍ അവള്‍ തന്റെ കുഞ്ഞിനുള്ള ആഹാരം – മുലപ്പാല് – ശരീരത്തില്‍ പേറുന്നവളാണ്. അതുകൊണ്ടാവാം, കുടുംബങ്ങളുടെ ആഹാരത്തെക്കുറിച്ച് ആദ്യം ചിന്തിച്ചു തുടങ്ങിയത് സ്ത്രീകളാണ്. ആര്‍ഭാടമായി മാറിക്കൊണ്ടിരുന്ന നമ്മുടെ ഭക്ഷണ രീതികളില്‍ പെട്ടെന്ന് മാറ്റം വരുത്തി, മിതമായ ഭക്ഷണശീലത്തിലേക്ക് കുടുംബത്തെ കൊണ്ടുവന്ന വാര്‍ത്തകളാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ചത്.
ജോലിയും പഠനവുമായി പകല്‍ അധികനേരവും പുറത്തായിരുന്ന കുടുംബാംഗങ്ങള്‍ മുഴുവന്‍ സമയവും വീടിനകത്ത് തന്നെ ഇരിക്കേണ്ടി വന്നത് മുതല്‍ സാമ്പത്തിക അടിതെറ്റല്‍ വരെ വിദഗ്ദ്ധമായി കൈകാര്യം ചെയ്ത അനേകം പെണ്‍മുഖങ്ങള്‍ ഓര്‍മ്മയിലേക്ക് എത്തുന്നു.
എന്റെ കര്‍മ്മമണ്ഡലമായ ആശുപത്രിയുടെ അന്തരീക്ഷത്തിനാണ് വിലക്കുകള്‍ ഏറെ വീണിരിക്കുന്നത്. ദുരന്തങ്ങളില്‍ പെട്ടു മുന്നില്‍ വരുന്നവരെ ആശ്വസിപ്പിച്ച് ഒന്ന് ചേര്‍ത്തുപിടിക്കാന്‍ പോലും ഇപ്പോള്‍ ആവുന്നില്ല. പക്ഷെ കണ്ണുകള്‍ കൊണ്ടു പോലും കരുതലിന്റെ സ്‌നേഹം പകരാന്‍ നമുക്കാവുമെന്ന് ഞങ്ങള്‍ പഠിച്ചു. നല്ലതെല്ലാം പോയ്മറഞ്ഞു എന്ന തോന്നലുണ്ടായ ഒരു സന്ദര്‍ഭത്തിലാണ് ചിരി ചലഞ്ചും ഊഞ്ഞാല്‍ ചലഞ്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പങ്കുവച്ചത്. ഒരു പാട് സ്ത്രീകള്‍ അതേറ്റെടുത്തു. സോഷ്യല്‍ മീഡിയയിലെ ഈ പോസ്റ്റുകള്‍ വലിയ കാര്യമാണെന്ന് പറയുകയല്ല, സ്ത്രീകള്‍ക്ക് ഈ കെട്ടകാലത്തും, അവളായിരിക്കുന്ന പരിമിതികളോടു കൂടി തന്നെ സന്തോഷവതിയായിരിക്കാന്‍ കഴിയുന്നത് വലിയ കാര്യമാണ്. കാരണം നമ്മുടെ നാടിന്റെ ശീലമനുസരിച്ച് കുടുംബത്തിലെ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് സന്തോഷവും സമാധാനവും സമൂ ഹത്തില്‍ ഉണ്ടാവുന്നത്. സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളും, പുതിയ പാചക പരീക്ഷണങ്ങളും എല്ലാം അവര്‍ അതിജീവി ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗം തന്നെയാണ്. തളരാത്ത സ്ത്രീകളാണ് അതിജീവനത്തിന്റെ ശരിയായ കരുത്ത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അശ്വതി നായര്‍
പ്രശസ്ത നര്‍ത്തകി.
(എം.ടി. വാസുദേവന്‍ നായരുടെ മകള്‍)

നര്‍ത്തകി എന്ന നിലയില്‍ എനിക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഏറ്റവും തിരക്കേറിയ സമയമായിരുന്നു 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ – വേദികളില്‍ നിന്ന് വേദികളിലേക്കുള്ള തിരക്കിട്ട യാത്രയ്ക്കിടയില്‍ കോവിഡ് വാര്‍ത്തകള്‍ കേട്ടു തുടങ്ങി. മാര്‍ച്ച് 5-ന് ബാക്കിയുള്ള പരിപാടികള്‍ നിറുത്തിവച്ച് ചെന്നൈയില്‍നിന്ന് കോഴിക്കോട്ടേക്ക് പോരേണ്ടി വന്നു. വലിയ തിരക്കില്‍ നിന്നുള്ള വിശ്രമമായിരുന്നതിനാല്‍ ആദ്യത്തെ ഒരു മാസം പ്രശ്‌നങ്ങളൊന്നും തോന്നിയില്ല. പക്ഷെ, സമയം വെറുതെ ചെലവഴിച്ചു ശീലമില്ലാത്തതു കൊണ്ടുള്ള മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കണമല്ലോ? പിന്നെ ആകെ ആശ്രയം സോഷ്യല്‍ മീഡിയ ആയതിനാല്‍ പഴയതിലും കൂടുതലായി ഓണ്‍ലൈനില്‍ സജീവമായി. അത്തരം സാധ്യതകളെ ഉപയോഗപ്പെടുത്തി പ്രോഗ്രാം ഓണ്‍ലൈനിലൂടെ ചെയ്തു.
ഗുരുമുഖത്തുനിന്ന് നൃത്തം അഭ്യസിച്ചതു കൊണ്ടാവാം ഡാന്‍സ് ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ ചെയ്യുന്നതിനോട് എനിക്ക് യോജിക്കാനാവുന്നില്ല. പ്രത്യേകിച്ച് കോഴിക്കോട്. കാരണം, ജില്ലയുടെ ഉള്‍ പ്രദേശത്തുള്ള കുട്ടികളാണ് ഞങ്ങളുടെ ശിഷ്യരില്‍ അധികവും. ഫോണ്‍ പോലും നേരേ ചൊവ്വേ കിട്ടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലുള്ള കുട്ടികളെ കാണാതെയും കേള്‍ക്കാതെയും എങ്ങനെയാണ് ഓണ്‍ലൈനില്‍ നൃത്തം പഠിപ്പിക്കുക എന്നായിരുന്നു ചിന്തിച്ചിരുന്നത്. എന്നാല്‍ അതിനും മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരുന്നു. ജൂണ്‍-ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ അമേരിക്കയില്‍ ഞങ്ങള്‍ നടത്താറുള്ള ഡാന്‍സ് ക്ലാസ്സുകള്‍ ഓണ്‍ലൈനിലൂടെ നടത്തി. നവരാത്രിയോടെ വേദികളും തിരക്കും ആരംഭിക്കേണ്ടതായിരുന്നു. ഇനിയൊരു വേദി എന്ന് എന്നതിന് ഉത്തരമില്ലാത്തിനാല്‍ തല്‍ക്കാലം യൂറ്റിയൂബ് ചാനല്‍ ആരംഭിച്ചു. "രസാനുഭവ." എന്റേയും ശ്രീകാന്തിന്റെയും ശിഷ്യരുടേയും പ്രോഗ്രാമുകള്‍ ചേര്‍ത്ത് അതിലൂടെ സജീവമാകുന്നു.
കോളറ മനുഷ്യരെ വല്ലാതെ ഭയപ്പെടുത്തിയ കാലഘട്ടത്തെക്കുറിച്ച് അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെ അതിജീവിച്ച തലമുറയാണ് അവരുടേത്. അതുകൊണ്ട് നമുക്കും പ്രത്യാശിക്കാം. വാക്‌സിന്‍ കണ്ടുപിടിക്കും. ഈ മഹാമാരിയെ അതിജീവിച്ച് ലോകം വീണ്ടും പഴയ പടിയായി മാറും – മാറട്ടെ എന്ന് ഒരുമിച്ച് നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

ലില്ലി ചേച്ചി
ശാന്തിപുരം കോളനി

മനസ്സിന്റെയും
ഹൃദയത്തിന്റെയും
കൈകളുടെയും ഭാഷ സംസാരിക്കാനറിയുന്ന സ്ത്രീകള്‍,
വീടു നടത്തുന്ന
സമൂഹത്തെ നയിക്കുന്ന
രാഷ്ട്രത്തെ ഭരിക്കുന്ന
കാലത്തെക്കുറിച്ച് സ്വപ്നം കാണാന്‍
തന്റെ പുസ്‌കത്തിലൂടെ ലോകത്തെ
ഫ്രാന്‍സിസ് പാപ്പ ക്ഷണിക്കുകയാണ്
സ്വന്തം ജീവനപ്പുറം,
മറ്റുള്ളവരുടെ ജീവന്‍
സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടിയാണ്
ലോക്ക്ഡൗണ്‍ കാലത്ത്
പ്രാര്‍ത്ഥിച്ചതെന്ന്
മാര്‍പാപ്പ പറയുമ്പോള്‍
ശാന്തിപുരം കോളനിയിലെ ലില്ലിച്ചേച്ചിയെക്കുറിച്ച്
കേട്ട വാക്കുകള്‍ അത് ശരിവയ്ക്കുന്നു.


കോളനിയിലാണ് ലില്ലിച്ചേച്ചി താമസിക്കുന്നത്. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവും മകനും രോഗികളാണ് – വീട്ടു ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ലില്ലിച്ചേച്ചിയെയും കുടുംബത്തെയും കോവിഡ് ബാധിച്ചു. മകന്‍ ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോയി – പക്ഷെ, രോഗം മൂലമുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് അന്വേഷിച്ചാല്‍ ലില്ലിച്ചേച്ചിയുടെ വാക്കുകളില്‍ നിറയുന്നത് മുഴുവന്‍ ദൈവകൃപയാല്‍ അസുഖം ഭേദമായതിനെക്കുറിച്ചും പ്രതിസന്ധി സമയത്ത് ചുറ്റില്‍ നിന്നമുയര്‍ന്ന സഹായങ്ങളെയും ആശ്വാസത്തെയും കുറിച്ചാണ്.
ചുറ്റുവട്ടത്ത് താമസിക്കുന്നവരാകട്ടെ മറുചോദ്യമുയര്‍ത്തും – ജോലി കഴിഞ്ഞ് വരുമ്പോള്‍ കൈവശം കരുതുന്ന ഭക്ഷണം മുതല്‍ ശമ്പളം കിട്ടുന്ന കാശ് വരെ ഞങ്ങള്‍ പട്ടിണിയിലായവര്‍ക്ക് വേണ്ടി ഭാഗിച്ച് നല്കുന്ന ലില്ലിച്ചേച്ചിക്ക് ഒരാപത്തു വരുമ്പോള്‍ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയല്ലേ?
നിയന്ത്രണങ്ങള്‍ക്കപ്പുറം, കരുതലും കാവലുമായി അമ്മ മനസ്സുകള്‍ ഉണര്‍ന്നിരിക്കുന്നു എന്നറിയുമ്പോള്‍ കെട്ടകാലത്ത് നിന്ന് നമുക്കും മികച്ചൊരു സ്വപ്നം കാണാനാകും.

മിനി ജോയ്
കര്‍ഷക, ഉദ്യാനശ്രേഷ്ഠ പുരസ്‌ക്കാര ജേതാവ്

കുടിയേറ്റ കര്‍ഷകരായ ഞങ്ങള്‍ നിരന്തരമായി പല പ്രശ്‌നങ്ങളും നേരിടുന്നവരാണ്. 2018 ലെ പ്രളയത്തോടെ കേരളത്തിലെ കാര്‍ഷിക മേഖല മുഴുവനും അവതാളത്തിലായി എന്നു പറയാം. എന്നാല്‍ ഇത്തരം അപ്രതീക്ഷിത പ്രതിസന്ധികളെ നേരിട്ട് പരിചയ മുള്ളതിനാലാവാം കോവിഡിന്റെ മുന്നില്‍ അടിയറവ് വയ്ക്കാന്‍ ഞങ്ങള്‍ തയ്യാറായിട്ടില്ല. പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് വിളവെടുക്കാനും വില്‍പ്പന നടത്താനും കഴിയാതെ വന്നത് വലിയ നഷ്ടങ്ങളുണ്ടാക്കി. എന്നാല്‍ പഴങ്ങളും പച്ചക്കറികളും നേരിട്ട് ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനെ കുറിച്ചും മറ്റ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ് മാറ്റു ന്നതിനെ കുറിച്ചും എല്ലാവരും മാറി ചിന്തിച്ചു.
ഞങ്ങള്‍ ചുറ്റുവട്ടത്തുള്ളവര്‍ ചേര്‍ന്ന് അത്തരം ഒരു സംരഭം തുടങ്ങി. കേരളത്തിന് പുറത്തും വിദേശത്തുമുള്ളവര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് സഹകരിച്ചു. നമ്മുടെ വിളവ് മായം ചേര്‍ക്കാതെ ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ ഇപ്പോള്‍ കഴിയുന്നു. ഇടനി ലക്കാരെ ഒഴിവാക്കി വിതരണം ചെയ്യുന്നതിനാല്‍ ന്യായമായ വിലയും ലഭിക്കുന്നുണ്ട്. അതിജീവനത്തിന്റെ ഭാഗമായി ലോകം മുഴുവനും ഇത്തരം സംരംഭങ്ങള്‍ ആരം ഭിച്ചിട്ടുണ്ടല്ലോ?
ലോക്ക്ഡൗണ്‍ സമയത്ത് ഐസോ മറ്റ് രാസപദാര്‍ത്ഥങ്ങളൊ ചേര്‍ക്കാത്ത മീനുകളും, അധികം വലുപ്പമില്ലാത്ത ഇറച്ചിക്കോഴിയും ലഭിച്ചിരുന്നത് വാര്‍ത്തയില്‍ കണ്ടു. അപ്പോള്‍ മായം ചേരാത്ത ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ചുറ്റുവട്ടത്ത് തന്നെയുണ്ട്. അത് ഉപയോഗ പ്പെടുത്താന്‍ വേണ്ട സാഹചര്യങ്ങളാണ് ക്രമീകരിക്കപ്പെടേണ്ടത്.
കൊറോണ വന്ന ശേഷം വഴിയരികില്‍ ചെടിച്ചട്ടികളുടെയും, ചെടികളുടെയും വില്‍പ്പന കൂടിയത് ശ്രദ്ധിച്ചോ? ചെടികളന്വേഷിച്ച് ധാരാളം പേര്‍ എന്റെ പക്കലും വരുന്നുണ്ട്. ചെറിയ വീടുകളാണെ ങ്കില്‍ പോലും ഒരു കുഞ്ഞു ചെടിയെങ്കിലും വളര്‍ത്താന്‍ എല്ലാവരും ഇപ്പോള്‍ ശ്രമിക്കുന്നു. വലിയ വലിയ ബഹളങ്ങളില്‍ നിന്ന് മാറി, അവരവരുടെ ചെറിയ സാഹചര്യങ്ങളില്‍ നിന്ന് തന്നെ സന്തോഷം കണ്ടെത്താന്‍ നമ്മള്‍ ശ്രമിക്കുന്ന തിന്റെ സൂചനയാണിതെന്നാണ് എനിക്ക് തോന്നുന്നത്. കൊറോണയുടെ എല്ലാ പ്രതിസന്ധികള്‍ ക്കിടയിലും ചില നന്മകള്‍ മനസ്സിനെ സന്തോഷിപ്പിക്കുന്നുമുണ്ട്.

ഏകോപനം:
മരിയ റാന്‍സം

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org