ഉണര്‍വിന്‍ വരം ലഭിപ്പാന്‍ ഇതാ യൗസേപ്പിതാവര്‍ഷം…

ഉണര്‍വിന്‍ വരം ലഭിപ്പാന്‍ ഇതാ യൗസേപ്പിതാവര്‍ഷം…

ഡോ. ജോയി അയിനിയാടന്‍

എനിക്ക് ഒരുപാട് ഇഷ്ടമുള്ള വിശുദ്ധനാണ് എന്റെ സ്വര്‍ഗീയമദ്ധ്യസ്ഥനായ യൗസേപ്പിതാവ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ജര്‍മ്മനിയില്‍ വച്ച് യൗസേപ്പിതാവിന്റെ ഒരു സുന്ദരശില്‍പം കാണാനിടയായ സംഭവം എന്റെ മനസ്സില്‍ തെളിഞ്ഞു വരികയാണ്. ജര്‍മ്മനിയിലെ റൈനെ എന്ന പട്ടണത്തിലെ യോസേഫ് ക്രൗട്‌വാള്‍ഡ് എന്ന പ്രശസ്തനായ ശില്പിയെ പരിചയപ്പെടാനുള്ള ഒരു അസുല ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹവുമായുണ്ടായ സൗഹൃദ സംഭാഷണത്തിനിടയ്ക്ക് ആ ദിവസങ്ങളില്‍ അദ്ദേഹം നിര്‍മ്മിച്ചുകൊണ്ടിരുന്ന യൗസേപ്പിതാവിന്റെ ഒരു ശില്‍പത്തെക്കുറിച്ച് എന്നോടു പറയുകയും ആ രൂപം കാണാന്‍ അദ്ദേഹത്തിന്റെ ശില്‍പശാലയിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്തു. കരിങ്കല്ലില്‍ തീര്‍ത്ത ആ ശില്‍പത്തിന്റെ അവസാന മിനുക്കുപണികള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. വളരെ ലളിതമായ ഒരു രൂപമായിരുന്നു അത്. ആകാശത്തേയ്ക്ക് ഉറ്റുനോക്കി ഇടതുകരം ചെവിയുടെ പുറകില്‍ ചേര്‍ത്തുപിടിച്ച് ശ്രദ്ധാപൂര്‍വ്വം ആരെയോ ശ്രവിക്കുന്നതുപോലുള്ള രൂപം. എന്താണ് ഇങ്ങനെയൊരു അവതരണം എന്ന ചോദ്യത്തിന് ശില്‍പി പറഞ്ഞ മറുപടി അത് ബിബ്ലിക്കല്‍ സ്റ്റാച്യൂ ആണ് എന്നായിരുന്നു. തിരുവചനങ്ങളില്‍ കാണുന്ന യൗസേപ്പിതാവ് ഉറക്കത്തില്‍ പോലും ദൈവത്തിന്റെ ശബ്ദം കേള്‍ക്കാന്‍ കാതോര്‍ത്ത മനുഷ്യനായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ, യൗസേപ്പിതാവ് ഉറക്കത്തിലും ഉണര്‍ന്നിരുന്ന മനുഷ്യനായിരുന്നു. ദൈവം തന്നെ വിശ്വസിച്ച് ഏല്‍പിച്ച ദൗത്യം അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിക്കാന്‍ നിതാന്തജാഗ്രതയോടെ ഉണര്‍ന്നിരുന്ന ദൈവത്തിന്റെ സ്വന്തം നസ്രായക്കാരന്‍ യൗസേപ്പ്.

ഉണര്‍വിന്റെ യൗസേപ്പിതാവര്‍ഷം

ഉണര്‍വിന്റെ വര്‍ഷമാകട്ടെ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ഈ യൗസേപ്പിതാവര്‍ഷം. 'ഒരു മണിക്കൂര്‍ എന്നോടുകൂടെ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിയുന്നില്ലല്ലോ' എന്ന ഗദ്‌സെമിന്‍ വിലാപത്തിന്റെ മാറ്റൊലി ഇന്നും നമ്മുടെ ഹൃദയഭിത്തികളില്‍ പ്രതിധ്വനിക്കുന്നുണ്ട്.
പക്ഷേ, ശബ്ദമുഖരിതമായ നമ്മുടെ ആരാധനവേളകളില്‍ ക്രിസ്തുവിന്റെ ഈ മൃദുശബ്ദം ആരു കേള്‍ക്കാന്‍? ഉണര്‍ന്നിരുന്നവര്‍ക്കു മാത്രമെ തിരുമുഖദര്‍ശന ഭാഗ്യം സിദ്ധിച്ചിട്ടുള്ളൂ. ബെത്‌ലേഹെമിന്റെ സമീപപ്രദേശത്തുള്ള വയലുകളില്‍ ഉണര്‍ന്നിരുന്ന ഇടയന്മാര്‍ക്ക് മനുഷ്യനായി അവതരിച്ച ദൈവപുത്രനെ കണ്‍കുളിര്‍ക്കെ കാണാനുള്ള ഭാഗ്യമുണ്ടായി. അന്ധനായ ബര്‍തിമേയൂസ് കര്‍ത്താവ് കടന്നുപോകുന്ന ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ ഉറക്കെ വിളിച്ചപേക്ഷിച്ചു, "ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ" എന്ന്. പ്രകാശത്തിന്റെ സുന്ദര ലോകത്തിലേക്കു പ്രവേശിക്കാനുള്ള അനുമതിയാണ് ഈ ശ്രവണത്തിലൂടെ ബര്‍തിമേയൂസിന് കൈവന്നത്.
ശ്രവണം, അത് ദൈവികദര്‍ശനത്തിന്റെ ആദ്യപടിയാണ്. ഭാരതീയ ആത്മീയതയനുസരിച്ച് ശ്രവണം, മനനം, നിദിധ്യാസനം എന്നീ മൂന്നു പടവുകള്‍ ശ്രദ്ധാപൂര്‍വ്വം കയറുന്നവനു മാത്രമേ ബ്രഹ്മജ്ഞാനം കൈവരിക്കാനാകൂ. പഞ്ചേന്ദ്രീയങ്ങള്‍ പകര്‍ന്നു നല്‍കുന്ന അറിവിന്റെ സ്വാംശീകരണമാണ് ശ്രവണം. ലഭ്യമായ അറിവിന്റെ യുക്തിസഹമായ പരിശോധനയും വിശകലനവും കാര്യകാരണങ്ങളുടെ അന്വേഷണവും കൃത്യതയാര്‍ന്ന തിരിച്ചറിവുമാണ് മനനം. ആത്മാവിന്റെ ആഴങ്ങളിലേക്കുള്ള പ്രവേശനവും അതുവഴി സാധ്യമാകുന്ന അനശ്വരജ്ഞാനത്തിന്റെ രൂപീകരണവുമാണ് നിദിധ്യാസനം. ഈ അനശ്വരജ്ഞാനത്തിന്റെ സ്രോതസ് ദൈവമാണെന്ന തിരിച്ചറിവില്‍ നിന്നും ദൈവാത്മാവിലേക്ക് മനുഷ്യാത്മാവ് പൂര്‍ണമായും അലിഞ്ഞുചേരുന്ന പുണ്യമുഹൂര്‍ത്തമായ സാക്ഷാത്ക്കാരത്തിലെത്തുമ്പോള്‍ മാത്രമെ മനുഷ്യന്റെ ആത്മീയയാത്ര പൂര്‍ത്തിയാകൂ.

യൗസേപ്പിതാവ് ഉറക്കത്തിലും ഉണര്‍ന്നിരുന്ന മനുഷ്യനായിരുന്നു.
ദൈവം തന്നെ വിശ്വസിച്ച് ഏല്‍പിച്ച ദൗത്യം അതിന്റെ പൂര്‍ണതയില്‍
നിര്‍വഹിക്കാന്‍ നിതാന്തജാഗ്രതയോടെ ഉണര്‍ന്നിരുന്ന
ദൈവത്തിന്റെ സ്വന്തം നസ്രായക്കാരന്‍ യൗസേപ്പ്.


ഫ്രാന്‍സിസ് പാപ്പ 'പിതൃഹൃദയത്തോടെ' എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ വിശുദ്ധ യൗസേപ്പിതാവിനെ സ്വര്‍ഗപിതാവായ ദൈവത്തിന്റെ ഭൗമികനിഴലായി അവതരിപ്പിക്കുന്നതിന്റെ കാരണം ദൈവപിതാവിന്റെ തിരുഹിതത്തോടുള്ള യൗസേപ്പിന്റെ പരിപൂര്‍ണമായ വിധേയത്വവും അവിടുത്തെ സത്തയിലുള്ള ആത്മീയ ലയനവുമാണ്. ദൈവപുത്രനു വാത്സല്യവും അലിവുമുള്ള പിതാവായിത്തീരാന്‍ യൗസേപ്പിന് ദൈവം കൃപ നല്‍കി. കടുത്ത ആത്മസംഘര്‍ഷങ്ങളിലൂടെ കടന്നുപോകുമ്പോഴും ദൈവത്തിന്റെ ശബ്ദം കേള്‍ക്കാനും തിരുഹിതം വിവേചിച്ചറിയാനും തിരുഹിതത്തോടു പരിപൂര്‍ണമായും വിധേയപ്പെടാനും യൗസേപ്പിന്റെ നിതാന്തജാഗ്രതയും ശ്രവണവും മനനവും നിദിധ്യാസനവും സഹായകമായി.

ഏലിയാ പ്രവാചകന്റെ ആത്മീയയാത്ര

രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തില്‍ 17 മുതല്‍ 19 വരെയുള്ള അദ്ധ്യായങ്ങളില്‍ ഏലിയാ പ്രവാചകന്റെ ആത്മീയയാത്രയുടെ അതിസുന്ദരമായ വിവരണമുണ്ട്. കര്‍ത്താവിന്റെ അരുളപ്പാടനുസരിച്ച് ആഹാബ് രാജാവിനെ ആസന്നമാകുന്ന കടുത്ത വരള്‍ച്ചയെക്കുറിച്ച് ഏലിയാ അറിയിക്കുകയാണ്. അതേ തുടര്‍ന്ന് ഏലിയാ കെ റീത്ത് അരുവിയുടെ സമീപത്ത് ഒളിച്ചു തമാസിക്കുകയാണ്. ഈ സമയങ്ങളിലെല്ലാം കാക്കകള്‍ ഏലിയായ്ക്ക് കൃത്യമായി ഭക്ഷണം എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം സറേഫാത്തില്‍ ദരിദ്രയായ ഒരു വിധവയുടെ ഭവനത്തില്‍ താമസമാക്കുന്നു. കലത്തിലെ മാവ് തീര്‍ന്നുപോകാതെയും ഭരണിയിലെ എണ്ണ വറ്റിപ്പോകാതെയും ഏലിയായ്ക്കും ആ വിധവയ്ക്കും അവളുടെ മകനും ദൈവം സംരക്ഷണം നല്‍കുന്നു. ആ വിധവയുടെ മകന്‍ മരണ മടഞ്ഞപ്പോള്‍ ഏലിയാ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ച് അവനെ ജീ വനിലേക്ക് മടക്കിക്കൊണ്ടുവരുന്നു. തുടര്‍ന്ന്, കാര്‍മ്മല്‍ മലയില്‍ വച്ച് കര്‍ത്താവാണ് യഥാര്‍ത്ഥ ദൈവം എന്നു തെളിയിക്കാന്‍ ബാലിന്റെ നാന്നൂറ്റിയമ്പത് പുരോഹിതരേയും വെല്ലുവിളിച്ചുകൊണ്ട് ഏലിയാ അതിനാടകീയമായി അവതരിപ്പിക്കുന്ന ഹോമബലിയില്‍ ആകാശത്തു നിന്ന് അഗ്നിയിറക്കി ദൈവം ബലിവസ്തുക്കളെയും ബലിപീഠത്തിലെ കല്ലുകളെപ്പോലും ദഹിപ്പിക്കുന്ന അവിശ്വസനീയമായ സംഭവവും ഏലിയാ ദര്‍ശിക്കുന്നു. വിജയശ്രീലാളിതനായ ഏലിയാ ബാലിന്റെ നാന്നൂറ്റിയമ്പത് പുരോഹിതന്മാരേയും വധിക്കാന്‍ ആജ്ഞാപിക്കുകയും ജനം പ്രവാചകന്റെ ആജ്ഞ നടപ്പിലാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മഴയ്ക്കുവേണ്ടിയുള്ള ദീര്‍ഘമായുള്ള കാത്തിരിപ്പിനൊടുവില്‍ ശക്തമായ കാറ്റുവീശി വന്‍മഴപെയ്യുന്ന കാഴ്ചയും ഏലിയാ കണ്‍കുളിര്‍ക്കെ കാണുന്നു. കര്‍ത്താവ് തന്നിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അത്ഭുതാവഹമായ ഈ സംഗതികളില്‍ മതിമറന്നിരിക്കുന്ന ഏലിയായ്‌ക്കേറ്റ കനത്തപ്രഹരമായിരുന്നു ജെസെബെല്‍ രാജ്ഞിയുടെ താക്കീത്. അത്യധികം ഭയപ്പെട്ട് ഏലിയാ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുകയാണ്. നാല്‍പതു ദിനരാത്രങ്ങളിലൂടെ യാത്രചെയ്ത് ഏലിയാ കര്‍ത്താവിന്റെ വിശുദ്ധ മലയായ ഹോറെബില്‍ എത്തിച്ചേരുന്നു. അവിടെ ഒരു ഗുഹയില്‍ ദൈവദര്‍ശനത്തിനായുള്ള കാത്തിരിപ്പാണ്. വലിയ കൊടുങ്കാറ്റുണ്ടായി. എന്നാല്‍, കൊടുങ്കാറ്റില്‍ ദൈവമുണ്ടായിരുന്നില്ല. തുടര്‍ന്നുണ്ടായ ഭൂകമ്പത്തിലും അഗ്നിയിലും ദൈവത്തെ കാണാനായില്ല. ഇതിനെല്ലാം ശേഷമുണ്ടായ വിശുദ്ധ നിശബ്ദതയില്‍ ഏലിയാ ദൈവത്തെ കാണുന്നു, മേലങ്കികൊണ്ട് തന്റെ മുഖം മറയ്ക്കുന്നു.
പ്രാര്‍ത്ഥനാജീവിതത്തെക്കുറിച്ച് അതിസുന്ദരമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന വിവരണമാണ് ഏലിയായുടെ ദൈവദര്‍ശന വഴികള്‍. ദൈവം അത്ഭുതാവഹമായ കാര്യങ്ങള്‍ തനിക്കുവേണ്ടിയും തന്നിലൂടെ മറ്റുള്ളവര്‍ക്കുവേണ്ടിയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ ശബ്ദം കേള്‍ക്കാന്‍ ഏലിയാ മനസുകാണിക്കുന്നില്ല. ഭക്തിലഹരിയില്‍ മതിമറന്ന് ആഹ്ലാദിക്കുന്ന, അല്പം അഹങ്കരിക്കുക കൂടി ചെയ്യുന്ന, കര്‍ത്താവിന്റെ പ്രവാചകനെയാണ് നാം അവിടെ കാണുന്നത്. ദൈവദര്‍ശനത്തിനായുള്ള നാല്‍പതു ദിനരാത്രങ്ങളിലെ ആത്മീയയാത്ര ഹോറെബിന്റെ വിശുദ്ധ നിശബ്ദതയിലേക്കാണ് ഏലിയായെ കൊണ്ടുചെന്നെത്തിക്കുന്നത്. അവിടെയാണ് ഏലിയാ ദൈവത്തെ മുഖാഭിമുഖം കാണുന്നതും ആനന്ദനിര്‍വൃതിയിലലിയുന്നതും. ഭക്തിലഹരിയുടെ കാര്‍മ്മല്‍ മലയില്‍നിന്നും തിരുനിശബ്ദതയുടെ ഹോറെബ് മലയിലേക്കുള്ള ദൂരമാണ് യഥാര്‍ത്ഥ ദൈവാന്വേഷണം.

ആസ്വാദ്യകരമായ ആത്മീയവിരുന്ന്

ഭക്തിലഹരിയില്‍ നിന്നുണര്‍ന്നു സുബോധമുള്ളവരാകാന്‍ ദൈവം നമ്മെ ക്ഷണിക്കുന്ന പുണ്യവര്‍ഷമാണ് യൗസേപ്പിതാവര്‍ഷം. ആത്മീയവിരുന്നിന്റെ രുചികരമായ വിഭവങ്ങള്‍ നമ്മള്‍ ഒരിക്കലും ആസ്വദിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നല്ല വീഞ്ഞ് നീ ഇതുവരേയും സൂക്ഷിച്ചുവച്ചുവല്ലോ? എന്ന കലവറക്കാരന്റെ പരിഭവമൊഴി ഇന്നും നമ്മുടെ കര്‍ണപുടങ്ങളില്‍ പ്രതിധ്വനിക്കുന്നുണ്ട്. നിശബ്ദതയും ശരീരനിലയും ശ്രവണവും മനനവും സാക്ഷാത്ക്കാരവും ധീരമായ ജീവിതസാക്ഷ്യവും ഒന്നു ചേരുന്ന അതിരുചികരമായ വിരുന്നാണ് ആത്മീയജീവിതം. പ്രാര്‍ത്ഥനാപുസ്തകവും തിരുവസ്ത്രവും ബലിപീഠവും ബലിവസ്തുക്കളും ഉച്ചഭാഷിണിയും വൈദ്യുതദീപങ്ങളും പുഷ്പാലങ്കാരങ്ങളും രൂപമെഴുന്നെള്ളിപ്പും കരിമരുന്നുപ്രയോഗവും, ഒപ്പം നേര്‍ച്ചപ്പെട്ടിയും, കൂടിച്ചേര്‍ന്നാല്‍ നമ്മുടെ ആത്മീയാഘോഷങ്ങള്‍ അതിഗംഭീരമായി എന്നു വിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷം വിശ്വാസികളും ആത്മീയാചാര്യന്മാരും. യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലുമാണ് ദൈവത്തെ ആരാധിക്കേണ്ടത് എന്ന ഗുരുവചനത്തെ ആധാരമാക്കി ആത്മീയമേഖലയെ പരിശോധിക്കാനും പുനഃക്രമീകരിക്കാനുമുള്ള വിവേകവും ധൈര്യവും സന്മനസും നമുക്കുണ്ടാകണം.
ശരീരവും മനസും ആത്മാവും തിരുനിശബ്ദതയില്‍ സമന്വയിക്കുന്നതാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയ്ക്ക് ശരീരനില അതിപ്രാധാന്യമുള്ള കാര്യമാണ്. നടുനിവര്‍ത്തി, കരങ്ങള്‍കൂപ്പി, ഏകാഗ്രതയോടെ പത്മാസനത്തിലോ വജ്രാസനത്തിലോ ഇരിക്കുന്നതാണ് പ്രാര്‍ത്ഥനയുടെ ആദ്യപടി. സ്ഥിരമായി യോഗ അഭ്യസിക്കുന്നവര്‍ക്ക് ഇതെളുപ്പമാണ്. മുട്ടുകുത്തുകയാണെങ്കിലും എഴുന്നേറ്റുനില്‍ക്കുകയാണെങ്കിലും ഉണര്‍വിന്റെ പ്രതീതിയുണര്‍ത്തുന്ന ശരീരനില ഏകാഗ്രമായ പ്രാര്‍ത്ഥനയ്ക്ക് അനിവാര്യമാണ്. തിരുനിശബ്ദതയിലുള്ള ശ്രവണമാണ് രണ്ടാമത്തേത്. ധാരാളം സമയം തിരുസന്നിധിയില്‍ ഉണര്‍ന്നിരുന്ന് ഏകാഗ്രതയോടെ ദൈവത്തെ കേള്‍ക്കണം. രാത്രിയുടെ നീണ്ട യാമങ്ങളില്‍ ദീര്‍ഘനേരം സ്വര്‍ഗപിതാവിനോടു സ്‌നേഹസംഭാഷണം നടത്തുന്ന ഈശോ തന്നെയാണ് ഈ ആത്മീയശ്രവണത്തിനു നമുക്ക് മാതൃകയാകേണ്ടത്. ആത്മീയാചാര്യന്മാരുടെ ഉപദേശങ്ങളും വചനപ്രഘോഷണവും വിശുദ്ധഗ്രന്ഥപാരായണവും ആത്മീയവായനയുമെല്ലാം ഇതിനു സഹായകമാണ്. അതീവശ്രദ്ധയോടെ ചെയ്യേണ്ട മനനമാണ് മൂന്നാമത്തേത്. ലഭ്യമായ തിരുവചസ്സുകള്‍ നമ്മുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി താരതമ്യപ്പെടുത്തി കാര്യകാരണങ്ങള്‍ പരിശോധിച്ച് ദൈവഹിതമെന്തെന്നു കൃത്യതയോടെ വിവേചിച്ചറിയുന്നതാണ് മനനം. പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും പ്രാര്‍ത്ഥനാരീതിയാണത്. മനനത്തില്‍ മയങ്ങുന്ന യൗസേപ്പിനു സ്വപ്നത്തിലൂടെയാണ് ദൈവഹിതം വിവേചിച്ചറിയാനുള്ള കൃപ ലഭിച്ചത്. തിരുഹിതനിര്‍വ്വഹണത്തിനു തയ്യാറെടുക്കുന്ന മനുഷ്യാത്മാവിന്റെ ദൈവാത്മാവിനോടുള്ള ആത്മീയപ്രണയത്തെ ഉജ്ജ്വലിപ്പിക്കുന്ന നിദിധ്യാസനമാണ് അവസാനത്തേത്. "ദൈവമേ, എന്നെ അങ്ങേയ്ക്കായി സൃഷ്ടിച്ചു. അങ്ങയില്‍ വിലയം പ്രാപിക്കുന്നതുവരെ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കും" എന്ന വിശുദ്ധ ആഗസ്തീനോസിന്റെ പ്രാര്‍ത്ഥന നിദിധ്യാസനത്തില്‍ നിന്നുമുയരുന്ന ആത്മീയപ്രണയത്തിന്റെ പ്രതിധ്വനിയാണ്.

യൗസേപ്പിതാവര്‍ഷാചരണം

യൗസേപ്പിതാവര്‍ഷം ആചരിക്കാനുള്ള ചില പ്രായോഗിക നിര്‍ദ്ദേശങ്ങളോടെ ഈ വിചിന്തനം അവസാനിപ്പിക്കാം.
1. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനു മുന്‍പ് അരമണിക്കൂര്‍ സമയം തിരുനിശബ്ദതയ്ക്കും ധ്യാനത്തിനുമായി മാറ്റിവയ്ക്കുക.
2. തിരുവചനവായനയ്ക്കും വി. കുര്‍ബാനസ്വീകരണത്തിനും ശേഷം ഏതാനും നിമിഷങ്ങള്‍ നിശബ്ദതയില്‍ ചെലവഴിക്കുക.
3. പരിശുദ്ധ കുര്‍ബാനയുടെ ആരാധനാസമയത്തിന്റെ മൂന്നില്‍ രണ്ടു ഭാഗമെങ്കിലും നിശബ്ദമായ ശ്രവണത്തിനും മനനത്തിനും നിദിധ്യാസനത്തിനുമായി ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
4. മതബോധന ക്ലാസുകളില്‍ യോഗാഭ്യാസത്തിനും തിരുനിശബ്ദതയ്ക്കും ധ്യാനത്തിനും അവസരമൊരുക്കുക.
5. ധ്യാനകേന്ദ്രങ്ങളില്‍ നിശബ്ദതയുടെയും ശ്രവണ-മനന-നിദിധ്യാസനങ്ങളുടെയും പ്രാധാന്യം വിശ്വാസികളെ ബോധ്യപ്പെടുത്തി ഈ പ്രാര്‍ത്ഥനാരീതി പരിശീലിക്കുന്നതിനു വിശ്വാസികള്‍ക്ക് അവസരമൊരുക്കുക.
6. ദൈവാത്മാവിനോടുള്ള ആത്മീയലയനത്തിനു സഹായകമാകുന്ന ഭജനഗാനങ്ങള്‍ നമ്മുടെ പ്രാര്‍ത്ഥനാസമ്മേളനങ്ങളുടെ അവിഭാജ്യഘടകമാക്കുക.
7. ശബ്ദമലിനീകരണം ഒഴിവാക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെ വിവേകപൂര്‍വ്വം ഉച്ചഭാഷിണി ഉപയോഗിക്കുക.
തിരുസന്നിധിയില്‍ സദാസമയവും ഉണര്‍ന്നിരുന്ന വിശുദ്ധ യൗസേപ്പിതാവിനോടൊപ്പം നമുക്കും ഉണര്‍വിന്റെ വന്‍കൃപയ്ക്കായി ഒരുമയോടെ പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org