അവരും ഞങ്ങളും

അവരും ഞങ്ങളും
Published on

ലോയ്‌സ് ജോണ്‍

അവര്‍, ഞങ്ങളെ വിമതര്‍ എന്നു വിളിച്ചു

യേശുവിനേക്കാള്‍ വലിയ വിമതനില്ലാത്തതിനാല്‍

ബഹുമതിയെന്നു ഞങ്ങള്‍ പറഞ്ഞു

അവര്‍, അനുസരണം മാത്രമുള്ള

ദൈവരാജ്യത്തിന്റെ വക്താക്കളായിരുന്നു

നീതിയില്ലാതെ ദൈവരാജ്യമില്ലാത്തതിനാല്‍

സ്വീകാര്യമല്ലെന്നു ഞങ്ങള്‍ പറഞ്ഞു

അവര്‍, 'വെറും പതിനഞ്ചു മിനിറ്റിന്റെ

കാര്യമല്ലേയുള്ളൂ' എന്നാവര്‍ത്തിച്ചു

പതിനഞ്ചു യുഗങ്ങളോളം പോരാടാന്‍

ഒരുക്കമെന്നു ഞങ്ങള്‍ പറഞ്ഞു

അവര്‍, അരമനകളിലും അന്തഃപുരങ്ങളിലും

ഞങ്ങള്‍ക്കെതിരെ ഗൂഢമായി ഒത്തുചേര്‍ന്നു

ഞങ്ങള്‍ കൈകള്‍ കോര്‍ത്തു തെരുവില്‍ നിരന്നു

അവര്‍, ഞങ്ങളുടെ ഇടയന്മാരെ അടിച്ചു

നല്ലിടയന്‍ കാത്തതിനാല്‍ ഞങ്ങള്‍ ചിതറിയില്ല

അവര്‍, തോക്കേന്തിയ സൈന്യദളങ്ങളുടെ

കാവലില്‍ കുര്‍ബാനയര്‍പ്പിച്ചു

ഞങ്ങള്‍, തോളില്‍ കുരിശേന്തി

കുര്‍ബാനയായവനെ വിളിച്ചു കരഞ്ഞു

അവര്‍ 'മാര്‍പാപ്പ, മാര്‍പാപ്പ' എന്ന്

പേടിപ്പിക്കാനായി, പേടിയോടെ ആവര്‍ത്തിച്ചു

മാര്‍പാപ്പയുടെ മനസ്സറിയാവുന്നതിനാല്‍

ഞങ്ങള്‍ പ്രശാന്തചിത്തരായി

സിനഡും സിംഹാസനങ്ങളും അവരുടേതായിരുന്നു

സിനഡാത്മകത പക്ഷേ, ഞങ്ങളുടേതും

അവര്‍ക്കു തിരുസംഘങ്ങള്‍ കൂട്ടിനുണ്ടായിരുന്നു

ഞങ്ങള്‍ക്കു തിരുഹൃദയം മാത്രമേ കൂട്ടുണ്ടായിരുന്നുള്ളൂ

അവര്‍, ഞങ്ങളുടെ ദേവാലയം അടച്ചുപൂട്ടി

പവിത്രമായ അള്‍ത്താര അശുദ്ധമാക്കി

ദൈവം ആത്മാവായതിനാല്‍, ആത്മാവിലും

സത്യത്തിലും ഞങ്ങള്‍ ആരാധന തുടര്‍ന്നു

സത്യമില്ലാത്തതിനാല്‍ അവര്‍ ഭീരുക്കളായി

സത്യം മാത്രമുള്ളതിനാല്‍ ഞങ്ങള്‍ നിര്‍ഭയരും

അവര്‍, വെറുപ്പ്-വിദ്വേഷം-അനീതി-

അസത്യം എന്നിവയുടെ മലിനമിശ്രിതം

ഞങ്ങള്‍, സത്യം-നീതി-സഹനം-പ്രാര്‍ത്ഥന

എന്നിവയുടെ മടുക്കാത്ത കാത്തിരിപ്പ്

അവര്‍ക്ക് അവരാകാതിരിക്കാനാകില്ല!

ഞങ്ങളായതിനാല്‍ ഞങ്ങള്‍ക്ക് പിന്മാറാനുമാവില്ല!

അവരും ഞങ്ങളുമില്ലാത്ത നമ്മള്‍ എന്ന

കിനാവിലേക്കുള്ള ദൂരത്തിന്റെ പേരാണ് ക്രിസ്തു!

പക്ഷേ, ആ ദൂരം താണ്ടണമോയെന്ന്

അവര്‍ക്കു മാത്രമേ നിശ്ചയിക്കാനാകൂ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org