സമന്വയത്തിന്റെ വേദപാരംഗത

സമന്വയത്തിന്റെ വേദപാരംഗത
നാല് അധ്യായങ്ങളും 53 ഖണ്ഡികകളുമുള്ള ഈ പ്രബോധനം വി. ചെറുപുഷ്പത്തിന്റെ ദര്‍ശനത്തിന്റെ സമഗ്ര സംഗ്രഹം എന്നതിനൊപ്പം സമകാല സാമൂഹിക ആത്മീയ പരിസരത്തില്‍ അവളുടെ ആത്മീയതയെ വ്യാഖ്യാനിക്കാനുള്ള സുവര്‍ണ്ണ താക്കോലുമാണ്. വി. കൊച്ചുത്രേസ്യായുടെ ആത്മീയ ദര്‍ശനം ഈ കാലഘട്ടത്തിന് എത്രകണ്ട് അനുപേക്ഷണീയമാണെന്ന് ഈ പ്രബോധനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കുന്നു.

'സ്‌നേഹിക്കാനായി നമ്മെ പ്രേരിപ്പിക്കുന്ന ഏക ഘടകം ദൈവാശ്രയമാണ്' എന്ന വി. കൊച്ചുത്രേസ്യായുടെ വാക്കുകളാല്‍ ആരംഭിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനം C'est la Confiance (ഇതാണ് ദൈവാശ്രയം) കഴിഞ്ഞ ഒക്‌ടോബര്‍ 15 ന് പ്രസിദ്ധീകൃതമായി. നാല് അധ്യായങ്ങളും 53 ഖണ്ഡികകളുമുള്ള ഈ പ്രബോധനം വി. ചെറുപുഷ്പത്തിന്റെ ദര്‍ശനത്തിന്റെ സമഗ്ര സംഗ്രഹം എന്നതിനൊപ്പം സമകാല സാമൂഹിക ആത്മീയ പരിസരത്തില്‍ അവളുടെ ആത്മീയതയെ വ്യാഖ്യാനിക്കാനുള്ള സുവര്‍ണ്ണ താക്കോലുമാണ്. വി. കൊച്ചുത്രേസ്യായുടെ ആത്മീയ ദര്‍ശനം ഈ കാലഘട്ടത്തിന് എത്രകണ്ട് അനുപേക്ഷണീയമാണെന്ന് ഈ പ്രബോധനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കുന്നു. അപരര്‍ക്കായുള്ള ക്രിസ്തു, പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും കുറുക്കുവഴി, ഞാന്‍ സ്‌നേഹമായിരിക്കും, സുവിശേഷ ഹൃദയത്തില്‍ എന്നീ നാലു ശീര്‍ഷകങ്ങളിലൂടെ ചെറുപുഷ്പ ആത്മീയതയുടെ സാരാംശം ഈ പ്രബോധനം സംഗ്രഹിക്കുന്നു. വിശുദ്ധയുടെ 150-ാം ജന്മദിനം, അവളെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി എന്നിവയോടൊപ്പം, ഈ കാലഘട്ടത്തിലെ മനുഷ്യരില്‍ സ്വാധീനം ചെലുത്തിയ ഉദാത്ത വ്യക്തിത്വങ്ങളുടെ ഗണത്തില്‍ ഐക്യരാഷ്ട്ര സഭ അവളെ ഉള്‍പ്പെടുത്തിയ പശ്ചാത്തലവും ഇതിന്റെ പ്രസിദ്ധീകരണത്തിന് കാരണമായി. ആവിലായിലെ വി. അമ്മത്രേസ്യായുടെ തിരുനാള്‍ ദിനമായ ഒക്‌ടോബര്‍ 15 ന് ഈ പ്രബോധനം പ്രസിദ്ധീകരിച്ചതിനുള്ള കാരണവും ആമുഖത്തില്‍ പാപ്പ വ്യക്തമാക്കുന്നു. കര്‍മ്മല സഭയുടെ നവീകരണത്തിലൂടെ ആവിലായിലെ വി. അമ്മത്രേസ്യ പകര്‍ന്നു നല്‍കിയ ആത്മീയ ദര്‍ശനത്തിന്റെ പക്വഫലമാണ് ചെറുപുഷ്പ ആത്മീയത.

കേവലം 24 വര്‍ഷം മാത്രം നീണ്ടുനിന്ന ലിസ്യുവിലെ ഈ കന്യകയുടെ ജീവിതം തികച്ചും സാധാരണമായിരുന്നെങ്കിലും ആ ജീവിതത്തില്‍ പ്രസരിച്ച അസാധാരണമായ സ്‌നേഹത്തിന്റെ പ്രഭ അവളുടെ മരണശേഷം കൂടുതല്‍ അനുഭവവേദ്യമാവുകയും അനേകം ആളുകള്‍ തിരിച്ചറിയുകയും ചെയ്തു. അവളില്‍ നിറഞ്ഞുനിന്ന വിശുദ്ധിയുടെ പ്രാഭവം സഭയും ഒട്ടും വൈകാതെ തന്നെ മനസ്സിലാക്കി. പത്താം പീയൂസ് മുതല്‍ ബെനഡിക്ട് പതിനാറാമന്‍ വരെയുള്ള മാര്‍പാപ്പമാര്‍ ചെറുപുഷ്പത്തെക്കുറിച്ച് നല്‍കിയിട്ടുള്ള പ്രബോധനങ്ങള്‍ സംക്ഷിപ്തമായി രേഖപ്പെടുത്തിക്കൊണ്ടാണ് ഈ പ്രബോധനത്തിന്റെ ആമുഖ ഭാഗം പോപ്പ് ഫ്രാന്‍സീസ് ഉപസംഹരിക്കുന്നത്.

സ്‌നേഹകേന്ദ്രീകൃതമായ പ്രേഷിതദര്‍ശനം

കര്‍മ്മലമഠത്തില്‍ അംഗമായി ചേര്‍ന്നപ്പോള്‍ വി. കൊച്ചുത്രേസ്യാ സ്വീകരിച്ച പേര് ക്രിസ്തുവുമായി അവള്‍ക്കുള്ള അഗാധമായ ബന്ധത്തെ സൂചിപ്പിക്കുന്നു. 'ഉണ്ണിയേശുവിന്റെയും തിരുമുഖത്തിന്റെയും ത്രേസ്യാ' എന്ന പേരില്‍ മനുഷ്യാവതാരത്തിലൂടെയും കുരിശുമരണത്തിലൂടെയും ആവിഷ്‌കൃതമായ ക്രിസ്തുജീവിതത്തിന്റെ മുഴുവന്‍ രഹസ്യങ്ങളും അടങ്ങിയിട്ടുണ്ട്. ഒരു പേര് സ്വീകരിച്ചു എന്നതില്‍ മാത്രമല്ല ജീവിതത്തിലുടനീളം യേശുവിന്റെ നാമം അവളുടെ അധരത്തിലും ഹൃദയത്തിലും നിറഞ്ഞു നിന്നിരുന്നു. തന്റെ സെല്ലില്‍ അവള്‍ എഴുതി വെച്ചിരുന്ന 'എന്റെ ഏകസ്‌നേഹം യേശുവാണ്' എന്ന വചനങ്ങള്‍ ഇതിന് നേര്‍സാക്ഷ്യമേകുകയും ചെയ്യുന്നു. 'ദൈവം സ്‌നേഹമാണ്' (1 യോഹ. 4:8, 16) എന്ന വചനം പുതിയനിയമത്തിലെ ദൈവത്തെക്കുറിച്ചുള്ള ഏറ്റവും ഉദാത്തമായ പരികല്പനയുമാണ്. ക്രിസ്തുവുമായുള്ള അഭിമുഖീകരണത്തിലൂടെ അവള്‍ സ്വന്തമാക്കിയ വിശ്വാസാനുഭവം അവളുടെ പ്രേഷിത ദര്‍ശനത്തിന് കൂടുതല്‍ മിഴിവേകി. അവള്‍ പറയുന്നു; 'ഞാന്‍ ഭൂമിയില്‍ ആയിരിക്കുമ്പോള്‍ ഈശോയെ സ്‌നേഹിക്കുന്നതുപോലെ തന്നെ സ്വര്‍ഗത്തിലും അവിടുത്തെ സ്‌നേഹിക്കും. അവിടുത്തെ സ്‌നേഹം ഞാന്‍ എല്ലായിടത്തും അറിയിക്കുകയും ചെയ്യും.' ഈശോയുടെ സ്‌നേഹം അവള്‍ വ്യക്തിപരമായി അനുഭവിക്കുക മാത്രമല്ല ആ സ്‌നേഹം അപരര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തു.

ഈശോയെ സ്‌നേഹിക്കുകയും ആ സ്‌നേഹം എല്ലാ സ്ഥലങ്ങളിലും എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു അവളുടെ കര്‍മ്മലമഠ പ്രവേശന ലക്ഷ്യം തന്നെ. 'കര്‍മ്മലയില്‍ ഞാന്‍ ചേര്‍ന്നിരിക്കുന്നത് ആത്മാക്കളെ നേടുവാന്‍ വേണ്ടി മാത്രമാണ്' എന്നു പറഞ്ഞ അവളുടെ ജീവിതം മുഴുവനും ആത്മാക്കള്‍ക്കായി ദാഹിക്കുന്ന ഒന്നായിരുന്നു. പാപികളായ സന്താനങ്ങളുടെ നേര്‍ക്കുള്ള പിതാവായ ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്‌നേഹവും നഷ്ടപ്പെട്ട ആടുകളോടുള്ള നല്ല ഇടയന്റെ സവിശേഷ വാത്സല്യവും അവള്‍ അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്തു. അവളുടെ ആത്മകഥയുടെ അവസാന പുറങ്ങളാകട്ടെ പ്രേഷിതചൈതന്യത്തിന്റെ അതീവ ഹൃദ്യവും മനോഹരവുമായ സാ ക്ഷ്യപത്രവും കൂടിയാണ്. ഏതെങ്കിലും തരത്തിലുള്ള ഭൗതിക ആകര്‍ഷണങ്ങളാല്‍ മറ്റുള്ളവരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്ന ഒരു പ്രക്രിയയല്ല പ്രേഷിതപ്രവര്‍ത്തനം. മറിച്ച് സ്‌നേഹത്തിന്റെ ഫലമായി ആത്മാവില്‍ സംഭവിക്കുന്ന ക്രിസ്തുവിനോട് തോന്നുന്ന സ്‌നേഹവും അവിടുത്തെ ജീവിത ദര്‍ശനങ്ങളിലേക്കുള്ള പരിവര്‍ത്തനവുമാണത്. 'ഞാന്‍ സ്വര്‍ഗത്തിലേക്ക് ആകര്‍ഷിക്കപ്പെടുമ്പോള്‍ ഞാന്‍ സ്‌നേഹിക്കുന്നവരെ അവിടുത്തെ പക്കലേക്ക് ആനയിക്കുമെന്ന' അവളുടെ വാക്കുകള്‍ ആ സ്‌നേഹാനുഭവത്തിന്റെ ഏറ്റവും മനോഹരമായ തെളിവുകളാണ്. ആവിലായിലെ വി. അമ്മത്രേസ്യായുടെയും കുരിശിന്റെ വി. യോഹന്നാന്റെയും ആത്മീയ പാഠങ്ങള്‍ ഹൃദിസ്ഥമാക്കിയിരുന്ന കൊച്ചുത്രേസ്യാ വിശുദ്ധ ഗ്രന്ഥത്തിലെ ഉത്തമഗീതങ്ങളില്‍ ഒളിഞ്ഞിരുന്ന സ്‌നേഹത്തിന്റെ ആത്മീയതലങ്ങളെ സവിശേഷമായ രീതിയില്‍ വ്യാഖ്യാനിച്ചു. തന്റെ മനുഷ്യാവതാരത്തിലൂടെയും പീഢാനുഭവ മരണ ഉത്ഥാനങ്ങളിലൂടെയും മനുഷ്യവംശവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ദൈവപുത്രന് മാനവകുലത്തോടുള്ള സ്‌നേഹവും തന്റെ തിരുരക്തത്താല്‍ ജന്മം നല്‍കിയ പ്രിയ വധുവായ സഭയോടുള്ള സ്‌നേഹവും അതിന്റെ ആഴത്തില്‍ മനനം ചെയ്യുവാനും വ്യാഖ്യാനിച്ച് അവതരിപ്പിക്കുവാനും വി. ചെറുപുഷ്പത്തിന് സാധിച്ചു. സ്‌നേഹത്തെക്കുറിച്ച് അതിഭൗതികതലത്തിലുള്ള ഇത്തരം ദര്‍ശനങ്ങള്‍ അവളുടെ പ്രേഷിതചൈതന്യത്തിന്റെ ആകത്തുകയാണ്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ഈ പ്രേഷിതദര്‍ശനത്തിന്റെ കേന്ദ്രം സ്‌നേഹമായിരുന്നതുകൊണ്ടുതന്നെ എല്ലാത്തരത്തിലുള്ള സ്വാര്‍ത്ഥതയില്‍ നിന്നും ഇത് മുക്തവുമായിരുന്നു.

വിഷമങ്ങള്‍ ഉണ്ടാകുമ്പോള്‍ അമ്മയുടെ പക്കലേക്ക് ഓടി ആ കരവലയത്തില്‍ അഭയം തേടുന്ന ഒരു ശിശുവിനെപ്പോലെ, ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലും അസ്വസ്ഥ നിമിഷങ്ങളിലും യേശു സവിധത്തിലേക്ക് പ്രത്യാശയോടെ കടന്നുവരുവാന്‍ വിശുദ്ധ ചെറുപുഷ്പം നമ്മെ ക്ഷണിക്കുന്നു. പരിപൂര്‍ണ്ണ പ്രത്യാശയോടെ യേശു കരങ്ങളില്‍ ശാന്തമായിരിക്കുന്ന ഒരു വ്യക്തിയെ അവിടുന്ന് തന്നെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തും.

കുറുക്കുവഴിയുടെ ലാളിത്യം

ആത്മീയശിശുത്വം എന്ന് പൊതുവേ അറിയപ്പെടുന്ന ചെറുപുഷ്പത്തിന്റെ കുറുക്കുവഴി, അനുഗ്രഹദായകമായ പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും മാര്‍ഗമാണ്. തന്റെ ബലഹീനതകളില്‍ പരിതപിക്കാതെ വിശുദ്ധി പ്രാപിക്കുവാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ചെറുപുഷ്പത്തെ മുമ്പോട്ട് നയിച്ചിരുന്ന പ്രചോദകശക്തി. അവള്‍ കണ്ടുപിടിച്ച വളരെ ഹ്രസ്വമായ കുറുക്കുവഴിയാകട്ടെ, തികച്ചും ഋജുവും നൂതനവുമായിരുന്നു. നവമാലികയില്‍ തന്റെ നവീനപാതയെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ വിശുദ്ധ തന്നെ ഇക്കാര്യങ്ങള്‍ പറയുന്നുമുണ്ട്. 'തന്നെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുന്ന ലിഫ്റ്റ്' എന്നാണ് വിശുദ്ധ ഈ മാര്‍ഗത്തെ വിശേഷിപ്പിക്കുന്നത്. വിഷമങ്ങള്‍ ഉണ്ടാകുമ്പോള്‍ അമ്മയുടെ പക്കലേക്ക് ഓടി ആ കരവലയത്തില്‍ അഭയം തേടുന്ന ഒരു ശിശുവിനെപ്പോലെ, ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലും അസ്വസ്ഥ നിമിഷങ്ങളിലും യേശു സവിധത്തിലേക്ക് പ്രത്യാശയോടെ കടന്നുവരുവാന്‍ വിശുദ്ധ ചെറുപുഷ്പം നമ്മെ ക്ഷണിക്കുന്നു. പരിപൂര്‍ണ്ണ പ്രത്യാശയോടെ യേശു കരങ്ങളില്‍ ശാന്തമായിരിക്കുന്ന ഒരു വ്യക്തിയെ അവിടുന്ന് തന്നെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തും. ഇത് നമ്മുടെ ശക്തിയിലോ പ്രവര്‍ത്തനത്തിലോ ആശ്രയിച്ചിട്ടല്ല മറിച്ച് സമ്പൂര്‍ണ്ണ വിശ്വാസത്തോടെയും പരിപൂര്‍ണ്ണ പ്രത്യാശയോടെയും താന്‍ ദൈവകരങ്ങളില്‍ ഭദ്രമാണ് എന്ന ബോധ്യത്തോടെയും നടത്തുന്ന ആത്മസമര്‍പ്പണത്തിന്റെ ഫലമാണ്. സ്‌നേഹത്തിന്റെ മാധുര്യം നിറഞ്ഞ ഈ വഴി എല്ലാവര്‍ക്കും, വളരെ പ്രത്യേകമായി ചെറിയവര്‍ക്കും, അവിടുന്ന് വാഗ്ദാനം ചെയ്യുന്ന പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും മാര്‍ഗമാണ്. വ്യക്തിപരമായി ഒരാള്‍ ചെയ്യുന്ന പുണ്യപ്രവര്‍ത്തികളിലും മാനുഷിക പ്രയത്‌നങ്ങളിലും വളരെയധികം ആശ്രയിക്കുന്ന കര്‍ക്കശ്യത്തിന്റെയും തപോനിഷ്ഠയുടെയും പെലാജിയന്‍ കാഴ്ചപ്പാടുകളില്‍ തികച്ചും വ്യത്യസ്തമായി, ജീവിത സാരള്യത്തിന്റെയും മനുഷ്യ സാധാരണത്വത്തിന്റെയും ലളിതമാര്‍ഗമാണ് ഇത്. മനുഷ്യ പ്രയത്‌നത്തേക്കാള്‍ ഉപരിയായി ദൈവകരുണയിലും അവിടുത്തെ ആര്‍ദ്രമായ സ്‌നേഹത്തിലും അനന്തമായ കൃപയിലും ആശ്രയിക്കുന്ന വി. ചെറുപുഷ്പത്തെ നമുക്ക് ഇവിടെ കാണാം. തന്റെ പ്രവൃത്തിയിലോ മഹത്വത്തിലോ അല്ല മറിച്ച് അനന്തനന്മസ്വരൂപിയായ ദൈവത്തിന്റെ ഉദാരതയിലാണ് അവള്‍ അഭയം കണ്ടെത്തിയത്. ദൈവകരുണയിലുള്ള ഈ വലിയ പ്രത്യാശ, ദൈവസ്‌നേഹത്തിന് നമ്മെത്തന്നെ ആത്മാര്‍പ്പണം ചെയ്യുവാന്‍ നമുക്ക് പ്രചോദനം നല്‍കുന്ന ആന്തരിക ചൈതന്യമാണ്. വിശുദ്ധിയിലേക്കുള്ള യാത്രയില്‍ നമ്മുടെ പ്രവൃത്തികളിലും കഴിവിലും ആശ്രയിക്കാതെ നമ്മെ വിശുദ്ധീകരിക്കുന്ന ദൈവത്തിന്റെ ഉദാരതയില്‍ പരിപൂര്‍ണ്ണമായി ആശ്രയിക്കുവാനും നമ്മില്‍ പ്രവര്‍ത്തിക്കുന്ന അവിടുത്തോട് സമ്പൂര്‍ണ്ണമായി സഹകരിക്കുവാനും നമുക്ക് സാധിക്കും. ഈയൊരര്‍ത്ഥത്തില്‍ വിശുദ്ധി എന്നത് നമ്മിലുള്ള ദൈവകൃപയുടെ വളര്‍ച്ചയാണ്. അവിടുന്ന് നിക്ഷേപിച്ചിരിക്കുകയും നമ്മുടെ സഹകരണത്തിന് അനുസരിച്ച് നിരന്തരം വളരുകയും ചെയ്യുന്ന ദൈവകൃപയാണ് നമ്മുടെ വിശുദ്ധിയുടെ അടിസ്ഥാനം.

ദൈവകൃപയിലുള്ള സമര്‍പ്പണം

വി. കൊച്ചുത്രേസ്യായുടെ ജീവിതത്തില്‍ ദൈവം നിരന്തരമായും അനുസ്യൂതമായും തന്റെ കൃപ വര്‍ഷിച്ചുക്കൊണ്ടിരുന്നു. ദൈവകൃപയില്‍ സമ്പൂര്‍ണ്ണമായി ആശ്രയമര്‍പ്പിച്ച അവള്‍, അവിടുത്തെ സ്‌നേഹത്തിന് പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുവാനും അത് നിരന്തരം ധ്യാനവിഷയമാക്കുവാനും നമ്മോട് ആവശ്യപ്പെടുന്നു. ബലഹീനരായ നമുക്ക് ഒരിക്കലും നമ്മില്‍ തന്നെ ആശ്രയിക്കുവാന്‍ സാധിക്കുകയില്ല. മറിച്ച് നമ്മെ നിരന്തരം സ്‌നേഹിക്കുന്ന ക്രിസ്തുസ്‌നേഹത്തിന് സമ്പൂര്‍ണ്ണമായി ആത്മസമര്‍പ്പണം ചെയ്തു കഴിയുമ്പോള്‍, അവിടുന്ന് നമ്മെ അറിയുകയും മനസ്സിലാക്കുകയും അവിടുത്തെ പക്കലേക്ക് നമ്മെ ഉയര്‍ത്തുകയും ചെയ്യും. വി. കൊച്ചുത്രേസ്യായുടെ വ്യക്തിത്വത്തില്‍ ലീനമായിരുന്ന നന്മകള്‍ ദൈവത്തിന്റെ സൗജന്യ ദാനമാണെന്ന തിരിച്ചറിവായിരുന്നു അവളുടെ ആത്മീയതയെ പരിപുഷ്ടമാക്കിയ പ്രധാന ഘടകം. ആത്മീയശിശുത്വപാഠത്തിലൂടെ ഈ ബോധ്യത്തിലേക്ക് നമ്മെയും അവള്‍ ക്ഷണിക്കുന്നു.

നമ്മുടെ കഴിവുകളില്‍ ആശ്രയിക്കാതെ ദൈവകരങ്ങളിലേക്കും അവിടുത്തെ അനന്തമായ കരുണയിലേക്കും ഉപാധികള്‍ ഒന്നും കൂടാതെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കണമെന്നാണ് അവള്‍ പഠിപ്പിക്കുന്നത്. ദൈവം നമ്മുടെ മേല്‍ വര്‍ഷിച്ച ഉപാധികളില്ലാത്ത അവിടുത്തെ സ്‌നേഹം അതിന്റെ ആഴത്തില്‍ വെളിപ്പെട്ട നിമിഷമാണ് കര്‍ത്താവിന്റെ കുരിശിലെ മരണം. അവിടുത്തെ കുരിശില്‍ മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ അനന്തമായ സ്‌നേഹം അതിന്റെ പൂര്‍ണ്ണതയില്‍ ആവിഷ്‌കൃതമായി. ഈ കുരിശിനെ സ്വന്തമാക്കി കുരിശിലേക്ക് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍ സാധിക്കുമ്പോഴാണ് ദൈവസ്‌നേഹത്തോട് നാം ക്രിയാത്മകമായി പ്രത്യുത്തരിക്കുന്നവരായി മാറുന്നത്.

തന്റെ ശക്തിയില്‍ ആശ്രയിക്കാതെ ദൈവകരുണയില്‍ സമ്പൂര്‍ണ്ണമായി ആശ്രയിക്കുന്ന ചെറുപുഷ്പത്തിന്റെ ഈ മാര്‍ഗം, ദുര്‍ബലരും ബലഹീനരും പാപികളുമായ എല്ലാവര്‍ക്കും അതിര്‍ത്തികളില്ലാത്ത ആത്മവിശ്വാസം നല്‍കുന്നതും പ്രചോദിപ്പിക്കുന്നതും ആത്മീയ ജീവിതത്തിലുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. നമ്മുടെ ശക്തിക്കും കഴിവിനും അല്പം പോലും പ്രാധാന്യം കൊടുക്കാതെ ദൈവത്തില്‍ സമ്പൂര്‍ണ്ണമായി ആശ്രയിക്കുന്ന ഒരു വ്യക്തിയെ അവിടുന്ന് വിശുദ്ധിയിലേക്ക് ഉയര്‍ത്തുമെന്ന ബോധ്യമാണ് ഈ ദര്‍ശനത്തിന്റെ സത്തയായ ദൈവാശ്രയത്വം. 'എന്നെപ്പോലെ നിസ്സാരയും ബലഹീനയുമായ ഒരു ആത്മാവിന് അനുഭവപ്പെടുന്നതുപോലെ, നിസ്സാരരും ബലഹീനരുമായ എല്ലാ ആത്മാക്കള്‍ക്കും അനുഭവപ്പെടുമെങ്കില്‍ അവരാരും നിരാശരാവുകയില്ല' എന്ന ചെറുപുഷ്പവചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ആത്മീയശിശുത്വത്തെക്കുറിച്ചുള്ള ഈ പ്രബോധനം മാര്‍പാപ്പ വിശദീകരിക്കുന്നത്. വി. ചെറുപുഷ്പം പറയുന്നു, 'യേശു മഹത്തായ കാര്യങ്ങള്‍ ഒന്നും ആവശ്യപ്പെടുന്നില്ല, മറിച്ച് ആത്മാര്‍പ്പണവും നന്ദിയും മാത്രം.'

വി. ചെറുപുഷ്പം മുന്നോട്ടുവയ്ക്കുന്ന ആത്മീയ ദര്‍ശനം വ്യക്തിപരമായ രക്ഷയുടെയും വിശുദ്ധിയുടെയും ചിന്തകള്‍ക്ക് അതീതമായ മാനങ്ങളാല്‍ സമ്പന്നമാണ്. നമ്മുടെ ജീവിതദര്‍ശനത്തെയും ദിനചര്യകളെയും അടിസ്ഥാന കാഴ്ചപ്പാടുകളെയും ആകമാനം ഗ്രസിക്കുന്ന സമഗ്രമായ അര്‍ത്ഥതലങ്ങള്‍ അതിനുണ്ട്. വ്യക്തി കേന്ദ്രീകൃതവും സ്വാര്‍ത്ഥതനിറഞ്ഞതുമായ മനുഷ്യജീവിതത്തിന്റെ ആത്മസംത്രാസങ്ങളുടെയും ആന്തരികഭീരുത്വത്തിന്റെയും ജീവിതനൈരാശ്യത്തിന്റേതുമായ സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയും പ്രത്യുത്തരവുമാണ് ദൈവ തൃക്കരങ്ങളിലുള്ള സമ്പൂര്‍ണ്ണമായ ആത്മസമര്‍പ്പണം. എല്ലാത്തരം അസ്വസ്ഥതകളില്‍ നിന്നും ഭാവിയെക്കുറിച്ചുള്ള ഭയത്തില്‍ നിന്നും നമ്മെ വിമുക്തമാക്കി ഹൃദയത്തില്‍ പ്രശാന്തി നിറയ്ക്കുന്ന അനുഭവമാണ് ഇത്.

'അന്ധകാരത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന പ്രകാശം' എന്ന ചെറുപുഷ്പത്തിന്റെ ഉപമ ഉപയോഗിച്ചാണ് ദൈവാശ്രയത്തെക്കുറിച്ചുള്ള ചെറുപുഷ്പ ദര്‍ശനം മാര്‍പാപ്പ ആഴത്തില്‍ വ്യാഖ്യാനിക്കുന്നത്. ആത്മാവിന്റെ ഇരുണ്ട രാത്രിയിലൂടെ കടന്നുപോകുന്ന എല്ലാവരും അനുഭവിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമാണ് ഇത്. വി. ചെറുപുഷ്പത്തിന്റെ ജീവിതത്തില്‍, വിശിഷ്യാ അവളുടെ ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ അവള്‍ കടന്നുപോയ വിശ്വാസത്തിന്റെ കഠിനമായ പരീക്ഷണത്തെയാണ് ഇവിടെ പാപ്പ പരാമര്‍ശവിഷയമാക്കുന്നത്. അവള്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ രൂഢമൂലമായിരുന്ന നിരീശ്വരവാദം വിശ്വാസ പ്രതിസന്ധിയിലേക്ക് നയിക്കുവാന്‍ പര്യാപ്തമായ ഒന്നായിരുന്നു. അതോടൊപ്പം അവള്‍ക്കുണ്ടായ വ്യക്തിപരമായ തിക്താനുഭവങ്ങളും. ജീവിതത്തിന്റെ കഠിനമായ ഈ പ്രതിസന്ധിയില്‍ അവളുടെ ആത്മാവ് അന്ധകാരത്തിന്റെ ആഴങ്ങളില്‍ താഴ്ന്നുപോകുന്ന അനുഭവം അവള്‍ക്കുണ്ടായി. ആത്മാവില്‍ നിറഞ്ഞ തമസ്സിന്റെ ഈ അനുഭവത്തെ വി. ചെറുപുഷ്പം ദര്‍ശിച്ചത് കുരിശിലെ ഈശോയുടെ ജീവിതവുമായി ബന്ധിപ്പിച്ചാണ്. തനിക്ക് ചുറ്റും പാപത്തിന്റെ തമസ്സ് ചൂഴ്ന്ന് നിന്നപ്പോള്‍ കാല്‍വരിയിലെ സഹനം അവന്‍ ഏറ്റെടുത്തു. 'കഴിയുമെങ്കില്‍ ഈ പാനപാത്രം അകന്നു പോകട്ടെ' എന്ന് പിതാവിനോട് പ്രാര്‍ത്ഥിച്ചെങ്കിലും അവന്‍ ആ സഹനം പൂര്‍ണ്ണമായും തന്റെ ചുമലിലേറ്റി. തനിക്ക് ചുറ്റും ആവരണം ചെയ്തിരിക്കുന്ന നിരാശയുടെ ഇരുണ്ടമേഘങ്ങളെ ഇതേ രീതിയില്‍ ഉള്‍ക്കൊള്ളുവാന്‍ വിശുദ്ധ ചെറുപുഷ്പം ഉള്‍ക്കരുത്ത് കാണിച്ചു.

ചുറ്റും അന്ധകാരം വ്യാപിച്ചപ്പോഴും ഒരു പരിധിവരെ പ്രത്യാശ നഷ്ടപ്പെട്ടപ്പോഴും നഷ്ടധൈര്യയാകാതെയിരിക്കാന്‍ ചെറുപുഷ്പത്തിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ; 'അന്ധകാരത്തിന് ഒരിക്കലും പ്രകാശത്തെ കീഴടക്കുവാന്‍ സാധിക്കുകയില്ല.' ചുറ്റും പെരുകുന്ന തമസ്സിന്റെ കാഠിന്യത്തിനിടയിലുള്ള ഈ തീവ്രമായ വിശ്വാസം ചെറുപുഷ്പാത്മീയതയുടെ ആഴവും അന്തരികകരുത്തും വ്യക്തമാക്കുന്നതാണ്. ആത്മാവിന്റെ ആഴത്തില്‍ അവള്‍ അനുഭവിച്ച സങ്കടവും നിരാശയവും യേശുവാകുന്ന പരമപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ക്രമേണ അസ്തമിക്കുന്നു. 'സ്വര്‍ഗമുണ്ട് എന്ന് സ്ഥാപിക്കുവാന്‍ വേണ്ടി എന്റെ അവസാനത്തുള്ളി രക്തവും ചിന്താന്‍ ഞാന്‍ സന്നദ്ധയാണെന്ന്' അവള്‍ പറയുന്നത് ഈ നിമിഷങ്ങളിലാണ്. ഒരു ശിശുവിനെപ്പോലെ ക്രിസ്തുകരങ്ങളില്‍ അവള്‍ അഭയം കണ്ടെത്തി. മാതൃതുല്യമായ വാത്സല്യവും അളവില്ലാത്ത കരുണയും സീമാതീതമായ ആര്‍ദ്രതയുമാണ് അവള്‍ അനുഭവിച്ചറിഞ്ഞ ദൈവഹൃദയസ്പന്ദനം. 'ദൈവത്തിന്റെ നീതി പോലും സ്‌നേഹത്തില്‍ ലീനമായിരിക്കുന്നു' എന്ന് വിശുദ്ധ പറയുന്നത് അതിരുകളില്ലാത്ത പ്രത്യാശയുടെ അടയാളവുമാണ്. ഈ ലോകത്തെ മുഴുവനും ചൂഴ്ന്ന് നില്‍ക്കുന്ന പാപത്തെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നവളാണ് വി. കൊച്ചുത്രേസ്യാ. എന്നാല്‍ ദൈവകരുണ അതിനേക്കാള്‍ ഏറെ ആഴമുള്ളതാണ്. ദൈവകരുണയുടെ ഈ അനന്തതയെ പോപ്പ് വിശദീകരിക്കുന്നു; 'ലോകത്തില്‍ പാപത്തിന്റെ അംശം വളരെ ശക്തമാണ്, എന്നാല്‍ അവ അനന്തമല്ല. മറിച്ച് രക്ഷകന്റെ കരുണാര്‍ദ്രമായ സ്‌നേഹമാകട്ടെ ശാശ്വതമാണ്.'

വി. കൊച്ചുത്രേസ്യായുടെ വ്യക്തിത്വത്തില്‍ ലീനമായിരുന്ന നന്മകള്‍ ദൈവത്തിന്റെ സൗജന്യ ദാനമാണെന്ന തിരിച്ചറിവായിരുന്നു അവളുടെ ആത്മീയതയെ പരിപുഷ്ടമാക്കിയ പ്രധാന ഘടകം. ആത്മീയശിശുത്വപാഠത്തിലൂടെ ഈ ബോധ്യത്തിലേക്ക് നമ്മെയും അവള്‍ ക്ഷണിക്കുന്നു.

പുണ്യങ്ങളുടെ മാതാവായ സ്‌നേഹം

പ്രവചനങ്ങള്‍ കടന്നു പോയാലും ഭാഷകള്‍ ഇല്ലാതായാലും വിജ്ഞാനം തിരോഭവിച്ചാലും ഒരിക്കലും അസ്തമിക്കാത്ത (1 കൊറി. 13:8-13) സ്‌നേഹത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ഈ അപ്പസ്‌തോലിക പ്രബോധനത്തിന്റെ മൂന്നാം അധ്യായം ആരംഭിക്കുന്നത്. പരിശുദ്ധാത്മാവിന്റെ ഉന്നതമായ ദാനവും എല്ലാ പുണ്യങ്ങളുടെയും മാതാവും അടിസ്ഥാനവുമാണ് സ്‌നേഹം.

ചെറുപുഷ്പത്തിന്റെ ആത്മകഥയായ 'ഒരു ആത്മാവിന്റെ ചരിതം' സ്‌നേഹത്തിന്റെ ഉദാത്തമായ സാക്ഷ്യപത്രമാണ്. പുതിയ നിയമജനതയ്ക്ക് യേശു നല്‍കിയ കല്പനകളുടെ രത്‌നചുരുക്കമാണ് സ്‌നേഹം. 'ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപ്പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം' (യോഹ. 15:12) എന്ന കല്പനയില്‍ അവിടുത്തെ പഠനങ്ങള്‍ സംഗ്രഹിക്കാം. സമരിയാക്കാരിയോട് വെള്ളം ചോദിക്കുന്ന യേശു സ്‌നേഹത്തിനുവേണ്ടിയാണ് ദാഹിക്കുന്നത് എന്ന ചെറുപുഷ്പദര്‍ശനത്തെ ആധാരമാക്കി സ്‌നേഹത്തിന്റെ സമഗ്രത പാപ്പ വ്യക്തമാക്കുന്നു. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആത്മദാനമാണ് സ്‌നേഹത്തിന്റെ കാതല്‍. ഈ ആത്മദാനത്തിലാകട്ടെ, ഹൃദയങ്ങള്‍ തമ്മിലുള്ള പങ്കുവയ്ക്കല്‍ നടക്കുന്നു. യേശുഹൃദയവും ചെറുപുഷ്പഹൃദയവും തമ്മിലുള്ള ആത്മാവിലുള്ള ലയമാണ് വി. ചെറുപുഷ്പത്തിന്റെ ദൈവസ്‌നേഹത്തിന്റെ സാകല്യാനുഭവം. തന്റെ ജീവിതത്തില്‍ യേശുവിനെ സ്വന്തമാക്കി എന്ന് ചെറുപുഷ്പം പറയുമ്പോള്‍ അവള്‍ സ്വന്തമാക്കിയത് യേശുവിന്റെ ഹൃദയത്തെയാണ്. ഈശോയെ സ്‌നേഹിക്കുന്നു എന്ന് ആവര്‍ത്തിച്ച് പറയുന്ന വിശുദ്ധ തന്റെ ജീവിതത്തിലൂടെ സ്‌നേഹത്തിന്റെ പരമമായ ആവിഷ്‌കാരം നടത്തുകയും ചെയ്തു. മറ്റൊരാര്‍ത്ഥത്തില്‍ ക്രിസ്തുസ്‌നേഹത്തിന്റെ ആന്തരിക രഹസ്യങ്ങളിലേക്കുള്ള തീര്‍ത്ഥാടനമായിരുന്നു അവളുടെ ജീവിതം. ആത്മീയമായി യേശുവിന്റെ കാലഘട്ടത്തിലേക്ക് അവള്‍ യാത്ര ചെയ്തു; യേശുവിനെ സ്‌നേഹിക്കുന്ന പരിശുദ്ധ അമ്മയെപോലെയും മഗ്ദലനമറിയത്തെ പോലെയും ഹൃദയപൂര്‍വം അവള്‍ അവിടുത്തെ സ്‌നേഹിച്ചു.

താന്‍ അനുഭവിച്ചറിഞ്ഞ ഈ സ്‌നേഹം ചെറുപുഷ്പം പ്രായോഗികമാക്കിയതാണ് അവളുടെ ലാളിത്യദര്‍ശനം. യേശു ഹൃദയത്തിന്റെ ലാളിത്യം ആദ്യമായി അനുഭവിച്ചറിഞ്ഞത് വിനയത്തിന്റെ എളിയ ജീവിതം നയിച്ച പരിശുദ്ധ അമ്മ തന്നെയാണ്. ചെറുപുഷ്പമാകട്ടെ അനുദിന ജീവിതത്തിലെ ചെറിയ പ്രവര്‍ത്തികളിലൂടെ ക്രിസ്തുസ്‌നേഹം പ്രായോഗികമാക്കുകയും ചെയ്തു. 'സ്വര്‍ഗരാജ്യം ചെറിയവര്‍ക്കുള്ളതാണ്' (മത്താ. 19:23) എന്ന തിരിച്ചറിവും 'ചെറിയവര്‍ക്കായി നിങ്ങള്‍ ചെയ്യുന്നത് എനിക്കു തന്നെയാണ്' (മത്താ. 25:40) എന്ന ഉള്‍ക്കാഴ്ചയും എല്ലാവര്‍ക്കും, വിശിഷ്യ ചെറിയവര്‍ക്ക് നന്മ ചെയ്യുവാനുള്ള പ്രചോദനമായി മാറി. ആത്മകഥയുടെ അവസാന ഭാഗത്ത് ദൈവകരങ്ങളിലേക്കുള്ള കരുണാര്‍ദ്രമായ ആത്മാര്‍പ്പണത്തെക്കുറിച്ച് ചെറുപുഷ്പം പറയുന്നുണ്ട്. ജീവിതത്തിലുടനീളം ദൈവസ്‌നേഹത്തിന്റെ തീവ്രത അനുഭവിച്ചറിഞ്ഞ അവള്‍, മഹാസമുദ്രത്തില്‍ ലയിച്ചു ചേരുന്ന ഒരു തുള്ളി ജലം പോലെ ദൈവസ്‌നേഹത്തില്‍ അലിഞ്ഞ് ചേരുന്നു. 'ഈശോയെ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു' വെന്ന വിശുദ്ധയുടെ അവസാനമൊഴികള്‍ ഈ സ്‌നേഹനിര്‍വൃതിയുടെ പരിപൂര്‍ണ്ണ സാക്ഷാത്ക്കാരമാണ്.

തിരുസഭയുടെ ഹൃദയത്തില്‍

സ്‌നേഹത്തിന്റെ അലൗകിക സൗന്ദര്യം അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിച്ചറിഞ്ഞ കൊച്ചുത്രേസ്യ സ്‌നേഹമായി രൂപാന്തരപ്പെടുന്നതെങ്ങനെയെന്ന് സവിശേഷമായി കണ്ടെത്തിയ വിശുദ്ധയാണ്. തന്റെ ആത്മകഥയില്‍ സ്‌നേഹാനുഭവത്തിന്റെ സമഗ്രതയെ അവള്‍ വിവരിക്കുന്നുണ്ട്. കൊറീന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനം 12, 13 അധ്യായങ്ങള്‍ ധ്യാനവിഷയമാക്കിയ ചെറുപുഷ്പം, സഭയെ ക്രിസ്തുവിന്റെ മൗതികശരീരത്തോട് ഉപമിക്കുന്ന അപ്പസ്‌തോലന്റെ ചിന്തകള്‍ തന്റെയും സ്വന്തമാക്കി മാറ്റുന്നു. ശരീരത്തില്‍ വിവിധ അവയവങ്ങള്‍ ഉള്ളതുപോലെ, സഭാഗാത്രത്തിനും വിവിധ അവയവങ്ങള്‍ ഉണ്ട്. തിരുസഭയിലെ വിവിധ അവയവങ്ങളില്‍ ഏറ്റവും ഉല്‍ക്കൃഷ്ടവുമായതും മാറ്റിനിര്‍ത്തുവാന്‍ സാധിക്കാത്തതുമായത് അതിന്റെ ഹൃദയമായിരിക്കും. മനുഷ്യ ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും രക്തം സംക്രമിപ്പിക്കുന്ന ഹൃദയത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തുവാന്‍ സാധിക്കും. അതുകൊണ്ട് തിരുസഭയുടെ എല്ലാതലങ്ങളിലും എത്തുവാനുള്ള എളുപ്പമാര്‍ഗം അതിന്റെ ഹൃദയത്തില്‍ ആയിരിക്കുക എന്നുള്ളതാണ്. 'എന്റെ അമ്മയായ തിരുസഭയുടെ ഹൃദയത്തില്‍ ഞാന്‍ സ്‌നേഹമായിരിക്കും' എന്ന് വിശുദ്ധ കുറിക്കുവാന്‍ കാരണം സ്‌നേഹത്തിന്റെ ഈ മൗതിക അനുഭവമാണ്.

തിരുസഭയുടെ ഹൃദയത്തില്‍ സ്‌നേഹമായിരുന്നുകൊണ്ട് സഭയെയും ലോകത്തെയും പ്രപഞ്ചത്തെയും പൂര്‍ണ്ണമായി ആശ്ലേഷിക്കാനാണ് അവള്‍ ശ്രമിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതുന്നു; 'ഈ ഹൃദയം മഹത്വപൂര്‍ണ്ണമായ ഒരു സഭയുടെതല്ല; മറിച്ച് സ്‌നേഹവും വിനയവും കരുണയും നിറഞ്ഞ ഒരു സഭയുടേതായിരുന്നു. ചെറുപുഷ്പം ഒരിക്കലും മറ്റുള്ളവരെക്കാള്‍ സ്വയം ഉയര്‍ത്തിയില്ല, മറിച്ച് തന്നെത്തന്നെ ശൂന്യനാക്കി കുരിശുമരണത്തോളം അനുസരണമുള്ളവനായി മാറിയ ദൈവപുത്രനോടൊപ്പം ഏറ്റവും ചെറിയ സ്ഥാനം അവള്‍ അന്വേഷിച്ചു.'

'സ്വര്‍ഗത്തില്‍ നിന്നും അനുഗ്രഹങ്ങളാകുന്ന റോസാപുഷ്പങ്ങള്‍ ഞാന്‍ വര്‍ഷിക്കുമെന്ന' ചെറുപുഷ്പ വാഗ്ദാനത്തെ അനുസ്മരിച്ചു കൊണ്ടാണ് ശൂന്യവല്‍ക്കരണത്തിന്റെയും സ്‌നേഹത്തിന്റേതുമായ വിചിന്തനങ്ങള്‍ മാര്‍പാപ്പ ഉപസംഹരിക്കുന്നത്. അവളുടെ ആത്മസംതൃപ്തിയേക്കാള്‍ ഉപരിയായി തിരുസഭയുടെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ അഗ്‌നി നിറയ്ക്കുവാനാണ് വി. കൊച്ചുത്രേസ്യ ആഗ്രഹിച്ചത്. സ്വര്‍ഗത്തിലേക്കുള്ള ആത്മാവിന്റെ ഉദ്ഗമനത്തെക്കുറിച്ച് മറ്റു പല വിശുദ്ധരും വാചാലരാകുമ്പോള്‍ സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്കുള്ള യാത്രയെ സ്വപ്‌നം കാണുന്ന വിശുദ്ധയാണ് അവള്‍. സ്വര്‍ഗത്തില്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞാലും ക്രിസ്തുവിനെ സ്‌നേഹിക്കുന്നതില്‍ നിന്നും ഒരിക്കലും വിമുക്തമാവരുത് എന്ന് അവളാഗ്രഹിച്ചു.

'എന്റെ സ്വര്‍ഗവാസം ഭൂമിയില്‍ നന്മ ചെയ്യുവാന്‍ ഞാന്‍ ചിലവഴിക്കും' എന്ന മൊഴി ക്രിസ്തുവിനോടുള്ള അവളുടെ സ്‌നേഹത്തിന്റെ ഏറ്റവും മനോഹരമായ ആവിഷ്‌കാരമാണ്. ദൈവം അവളില്‍ അനസ്യൂതം വര്‍ഷിച്ച ആത്മീയ നന്മകളുടെ സമൃദ്ധിയുടെ ആഴം അടയാളപ്പെടുത്തുന്ന വാക്കുകളാണ് ഇവ. അങ്ങനെ അവള്‍ സമഗ്രതയിലേക്ക് കടന്നു വരുന്നു; ഇത് ദൈവാശ്രയത്വമാണ്, ആത്മാര്‍പ്പണമാണ്; സ്‌നേഹത്തിന്റെ സാകല്യാനുഭവമാണ്. നമ്മില്‍ നിന്നും ഭയത്തെ പൂര്‍ണ്ണമായി നിര്‍മാര്‍ജ്ജനം ചെയ്ത് സ്‌നേഹം നിറയ്ക്കുന്ന ദൈവത്തിന്റെ ദാനമാണ് ദൈവാശ്രയത്വം. നമ്മെ പൂര്‍ണ്ണമായും ദൈവകരങ്ങളില്‍ സമര്‍പ്പിക്കുവാന്‍ പ്രചോദിപ്പിക്കുന്നതും ദൈവത്തിനു മാത്രം പ്രാപ്തമാകുന്ന മേഖലകളെക്കുറിച്ചുള്ള അവബോധം നമ്മില്‍ നിറയ്ക്കുന്നതുമായ മഹാരഹസ്യമാണ് ഇത്. ദൈവാശ്രയത്വത്തിലൂടെ നമ്മുടെ സഹോദരങ്ങളുടെ നന്മ കാംക്ഷിക്കുവാനും അതിനായി പരിശ്രമിക്കുവാനും ദൈവം നമ്മെ പഠിപ്പിക്കുന്നു. ഈ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് സ്‌നേഹം. ഈ അവബോധത്തില്‍ നിന്നുമാണ് 'അവസാനം സ്‌നേഹം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ' എന്ന് വിശുദ്ധ പറയുന്നത്. ദൈവാശ്രായത്വത്തിന് നമ്മില്‍ നിറഞ്ഞിരിക്കുന്ന സ്‌നേഹത്തെ ആഴപ്പെടുത്തുവാനും നമ്മുടെ ഹൃദയത്തില്‍ രൂപം കൊള്ളുന്ന വിശുദ്ധിയുടെ പൂമൊട്ടുകളെ പൂര്‍ണ്ണതയേറിയ പുഷ്പങ്ങളാക്കി മാറ്റുവാനും കഴിയും.

കേവലം സ്വാര്‍ത്ഥരായി നമ്മിലും സ്വന്തം താല്പര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന യുഗത്തില്‍, ജീവിത ത്തെ ദാനമാക്കുന്നതിന്റെ ഭംഗി തെരേസ നമുക്ക് കാണിച്ചു തരുന്നു. ഉപരിപ്ലവമായ ആഗ്രഹങ്ങളും ആവശ്യങ്ങളും മഹത്വവല്‍ക്കരിക്കപ്പെടുന്ന ഒരു യുഗത്തില്‍, അവള്‍ സുവിശേഷത്തിന്റെ തീവ്രതയ്ക്ക് സാക്ഷ്യം വഹിക്കുന്നു.

സുവിശേഷ ഹൃദയത്തില്‍

'സുവിശേഷത്തിന്റെ ആനന്ദ' ത്തില്‍ ഉറവിടങ്ങളുടെ സ്വച്ഛതയിലേക്ക് മടങ്ങുവാന്‍ ആഹ്വാനം ചെയ്തത് ഓര്‍മ്മിപ്പിച്ചുകൊണ്ടാരംഭിക്കുന്ന ഈ അപ്പസ്‌തോലിക പ്രബോധനത്തിന്റെ അവസാന അധ്യായത്തില്‍ പോപ്പ് ഫ്രാന്‍സിസ്, വി. കൊച്ചുത്രേസ്യായെ 'സമന്വയത്തിന്റെ വേദപാരംഗത' (doctor of synthesis) എന്ന് വിശേഷിപ്പിക്കുന്നു. മനോഹരവും ഗംഭീരവും ആകര്‍ഷകവും അതേസമയം ഏറ്റവും അടിസ്ഥാനതത്വങ്ങള്‍ മറക്കാതിരിക്കുന്നതുമായിരിക്കണം ഒരു മിഷനറി സഭയുടെ സന്ദേശം. ബോധ്യങ്ങളില്‍ അടിയുറച്ചതും ആഴത്തിലുള്ളതും സത്യസന്ധവും സമഗ്രവും ശക്തവുമായിരിക്കുമ്പോഴും ലാളിത്യം നിറഞ്ഞ ഈ സന്ദേശത്തിന്റെ കാതല്‍ മിശിഹായുടെ സ്‌നേഹമാണ്.

തന്റെ ഏകജാതനായ ഈശോമിശിഹായുടെ പീഢാനുഭവ മരണ ഉത്ഥാനത്തിലൂടെ മനുഷ്യകുലത്തിന് മുഴുവനും രക്ഷയ്ക്ക് നിദാനമായ ദൈവത്തിന്റെ രക്ഷാകര സ്‌നേഹമാണ് ഈ സന്ദേശത്തിന്റെ ഏറ്റവും പ്രകാശമാനമായ ഭാവം. സഭയില്‍ എല്ലാം തുല്യമോ കേന്ദ്രീകൃതമോ അല്ല, മറിച്ച് അവിടെ വ്യക്തമായ ക്രമം ഉണ്ട്. വിശ്വാസപ്രമാണങ്ങള്‍ക്ക് എന്നതു പോലെ തന്നെ സഭയുടെ ധാര്‍മ്മിക പ്രബോധനങ്ങള്‍ക്കും ഈ ക്രമം ബാധകമാണ്. ഇങ്ങനെ നോക്കുമ്പോള്‍, പരിശുദ്ധ ത്രിത്വത്തിന്റെ നിരുപാധിക സ്‌നേഹത്തോടുള്ള നമ്മുടെ പ്രത്യുത്തരമെന്ന നിലയില്‍ ക്രിസ്തീയ ധാര്‍മ്മികതയുടെ മര്‍മ്മം ഉപവിയാണ്. അയല്‍ക്കാരനോട് ഒരുവന്‍ കാണിക്കുന്ന സ്‌നേഹത്തിന്റെ പ്രവൃത്തികള്‍ ആത്മാവിന്റെ ആന്തരികകൃപയുടെ ഏറ്റവും മികച്ച പ്രകടനമാണ്.

വി. കൊച്ചുത്രേസ്യായെ വേദപാരംഗത എന്ന് സഭ വിശേഷിപ്പിക്കുമ്പോള്‍ അവളുടെ പ്രത്യേകമായ സംഭാവനയെയും നാം വിലമതിക്കുന്നു. സഭയുടെ പ്രബോധനങ്ങളിലേക്കുള്ള അവളുടെ സംഭാവന കേവലം വിശകലനാത്മകമല്ല (analytical) മറിച്ച് സമന്വയത്തിന്റേതാണ് (Synthetic). മനുഷ്യയുക്തിയില്‍ കേന്ദ്രീകൃതമായ വിശകലനത്തിന് ഉപരിയായി അടിസ്ഥാനത്തിലേക്കും കേന്ദ്രത്തിലേക്കും ഏറ്റവും അനിവാര്യമായതിലേക്കും നമ്മെ നയിക്കുന്നതിലാണ് അവളുടെ പ്രതിഭ അടങ്ങിയിരിക്കുന്നത്. സഭയുടെ എല്ലാ പ്രബോധനങ്ങള്‍ക്കും നിയമങ്ങള്‍ക്കും അവയുടെ പ്രാധാന്യവും മൂല്യവും വ്യക്തതയും ഉണ്ടെന്നത് ശരിയെങ്കിലും ചില പാഠങ്ങള്‍ കൂടുതല്‍ അടിസ്ഥാനപരവും ക്രിസ്തീയ ജീവിതത്തിന്റെ ആധാരവുമാണ്. ഏറ്റവും അനിവാര്യവും അടിസ്ഥാനപരവുമായ കേന്ദ്രതത്വങ്ങളിലേക്ക് തന്റെ ദൃഷ്ടികള്‍ പായിക്കുവാനും ഹൃദയം കേന്ദ്രീകരിക്കുവാനും ചെറുപുഷ്പത്തിന് സാധിച്ചു; അവള്‍ നമ്മെ അങ്ങോട്ട് നയിക്കുകയും ചെയ്യുന്നു. ഒരേ സമയം തന്നെ താത്വികവും പ്രായോഗികവും പ്രബോധനപരവും അജപാലനാത്മകവും വ്യക്തിപരവും സമൂഹാത്മകവുമായ ചെറുപുഷ്പത്തിന്റെ ആത്മീയ ഉള്‍ക്കാഴ്ചകള്‍, ദൈവശാസ്ത്രജ്ഞരും ധാര്‍മ്മികചിന്തകരും ആത്മീയ ഉപദേഷ്ടാക്കളും ഗ്രന്ഥകാരന്മാരും അജപാലകരും എന്ന നിലയില്‍ വിശ്വാസസമൂഹത്തിന്റെ നാനാതുറകളിലുള്ള എല്ലാവര്‍ക്കും അനുഗ്രഹപൂര്‍ണ്ണവും ഫലദായകവുമാണ്.

നാം ശ്രവിക്കുന്നതും അറിയുന്നതുമായ വി. ചെറുപുഷ്പത്തിന്റെ ഉദ്ധരണികള്‍ അവളുടെ ജീവിത സന്ദേശത്തിന്റെ സമഗ്രത നല്‍കുന്നില്ല. മറിച്ച് അവളുടെ ജീവിതത്തെ മുഴുവനും കാണുവാനും വിശുദ്ധിയിലേക്കുള്ള ആ യാത്രയെ പൂര്‍ണ്ണമായി മനസ്സിലാക്കുവാനും ക്രിസ്തു അവളില്‍ രൂപപ്പെട്ട വ്യത്യസ്തമാനങ്ങളെ അതിന്റെ സമഗ്രതയില്‍ മനസ്സിലാക്കുവാനും സാധിക്കുമ്പോഴാണ് വി. കൊച്ചുത്രേസ്യായെക്കുറിച്ചുള്ള പരിപൂര്‍ണ്ണ ജ്ഞാനം നമുക്ക് ലഭിക്കുക. എല്ലാ വിശുദ്ധരെയും കുറിച്ച് ഇത് യാഥാര്‍ത്ഥ്യമാണെങ്കിലും സമന്വയത്തിന്റെ വേദപാരംഗതയായ വി. കൊച്ചുത്രേസ്യായെ സംബന്ധിച്ച് ഇത് കൂടുതല്‍ യാഥാര്‍ത്ഥ്യമാണ്.

വിശുദ്ധ കാണിച്ചു തന്ന കുറുക്കുവഴി ഈ കാലഘട്ടത്തിന് എത്രമാത്രം പ്രായോഗികമാണ് എന്ന ചിന്തയോടെയാണ് ഈ അപ്പസ്‌തോലിക ലേഖനം സമാപിക്കുക. കേവലം സ്വാര്‍ത്ഥരായി നമ്മിലും സ്വന്തം താല്പര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന യുഗത്തില്‍, ജീവിതത്തെ ദാനമാക്കുന്നതിന്റെ ഭംഗി തെരേസ നമുക്ക് കാണിച്ചു തരുന്നു. ഉപരിപ്ലവമായ ആഗ്രഹങ്ങളും ആവശ്യങ്ങളും മഹത്വവല്‍ക്കരിക്കപ്പെടുന്ന ഒരു യുഗത്തില്‍, അവള്‍ സുവിശേഷത്തിന്റെ തീവ്രതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. വ്യക്തിവാദത്തിന്റെ ഈ കാലഘട്ടത്തില്‍, മറ്റുള്ളവര്‍ക്ക് മധ്യസ്ഥയായി മാറുന്ന സ്‌നേഹത്തിന്റെ മൂല്യം അവള്‍ നമ്മെ പഠിപ്പിക്കുന്നു. അധികാരത്തിനും പ്രതാപത്തിനും ആഡംബരങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുമ്പോള്‍, ലാളിത്യത്തിന്റെ ചെറിയ പാതയുടെ സൗന്ദര്യം അവള്‍ സുതരാം വ്യക്തമാക്കുന്നു. നമ്മുടെ നിരവധി സഹോദരീ സഹോദരന്മാരെ അവഗണിക്കുന്ന ഒരു യുഗത്തില്‍, പരസ്പരമുള്ള കരുതലിന്റെയും ഉത്തരവാദിത്വത്തിന്റെയും സൗന്ദര്യം അവള്‍ നമ്മെ പഠിപ്പിക്കുന്നു. വളരെ സങ്കീര്‍ണ്ണമായ ഒരു സമയത്ത്, ചെറുമയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന അവള്‍, സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും വഴിയിലൂടെ കേവല നിയമങ്ങളും ആചാരങ്ങളും കൊണ്ട് പരിമിതമായി പോകുന്ന ക്രൈസ്തവജീവിതത്തെ സുവിശേഷത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്നു. സുവിശേഷസന്തോഷം തണുത്തുറഞ്ഞ്, നിസ്സംഗതയിലും ആത്മരതിയിലും അഭിരമിക്കുന്ന ഒരു കാലഘട്ടത്തില്‍, യേശുവിന്റെയും അവന്റെ അപ്പസ്‌തോലന്മാരുടെയും ചൈതന്യത്താല്‍ ഉജ്ജ്വലിക്കുന്ന സുവിശേഷസാക്ഷികള്‍ ആകുവാന്‍ തെരേസ നമ്മെ പ്രചോദിപ്പിക്കുന്നു. ദൈവജനത്തിന്റെ ഹൃദയത്തില്‍ സവിശേഷമായ സ്ഥാനമുള്ള അവള്‍ തന്റെ ജനനത്തിന് ഒന്നര നൂറ്റാണ്ടിനുശേഷവും തീര്‍ത്ഥാടകസഭയില്‍ ഇന്നും സജീവയായി നില്‍ക്കുന്നു. അങ്ങനെ ഭൂമിയിലെ നമ്മുടെ തീര്‍ത്ഥാടനത്തില്‍ അവള്‍ നമുക്ക് പ്രചോദനവും പ്രോത്സാഹനവുമാണ്.

മനോഹരമായ ഒരു പ്രാര്‍ത്ഥനയോടെയാണ് മാര്‍പാപ്പ ഈ അപ്പസ്‌തോലിക പ്രബോധനം ഉപസംഹരിക്കുന്നത്. 'പ്രിയപ്പെട്ട കൊച്ചുത്രേസ്യാ, സുവിശേഷത്തിന്റെ സന്തോഷവും സുഗന്ധവും പ്രസരിപ്പിക്കേണ്ടതിനും സഭ മുഴുവനും പ്രകാശമാനമാകേണ്ടതിനുമായി സ്വര്‍ഗത്തില്‍ നിന്നും റോസാപുഷ്പങ്ങള്‍ നീ ഞങ്ങള്‍ക്ക് അയച്ചുതരുക. നിന്നെപ്പോലെ ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തില്‍ എപ്പോഴും ആത്മവിശ്വാസമുള്ളവരായി വ്യാപരിക്കുവാന്‍ നീ ഞങ്ങളെ സഹായിക്കണേ. അങ്ങനെ ഓരോ ദിവസവും വിശുദ്ധിയിലേക്കുള്ള നിന്റെ കുറുക്കുവഴിയില്‍ ചരിക്കുന്നവരായിത്തീരുവാന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമേ.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org