മുറിവാണ് സത്യം

മുറിവാണ് സത്യം

ഫാ. ജോസ് പുതുശ്ശേരി, ഇറ്റലി

Suffering is the most real thing in the world. The best measurement to know whether an enttiy is real or not is to ask "can it get hurt?" – Yuval Noah Harari

ഫാ. ജോസ് പുതുശ്ശേരി, ഇറ്റലി
ഫാ. ജോസ് പുതുശ്ശേരി, ഇറ്റലി

'എന്താണ് സത്യം?' (യോഹ. 18:38). പ്രത്തോറിയത്തില്‍ വച്ച് പീലാത്തോസ് ഉയര്‍ത്തുന്ന ഈ ചോദ്യത്തോട് കൂടിയാണ് യോഹന്നാന്റെ സുവിശേഷത്തില്‍ ക്രിസ്തുവിന്റെ പീഡാനുഭവ പരമ്പരയുടെ അവസാനഭാഗത്തിന് തിരശ്ശീല ഉയരുന്നത്. പിന്നീട്, ക്രിസ്തുവിനെ മരണത്തിനു വിധിക്കുന്നു, ചമ്മട്ടി കൊണ്ട് അടിക്കുന്നു, ചുവന്ന മേലങ്കിയും മുള്‍മുടിയും ധരിപ്പിക്കുന്നു, പ്രഹരിക്കുന്നു, മുഖത്ത് തുപ്പുന്നു. ഭാരമുള്ള കുരിശ് ചുമക്കാന്‍ നിര്‍ബന്ധിക്കുന്നു. കയ്യിലും കാലിലും ആണികള്‍ തറച്ച് കുരിശിലേറ്റുന്നു, വിലാവില്‍ കുന്തംകൊണ്ട് കുത്തുന്നു. മണിക്കൂറുകള്‍കൊണ്ട് രക്തം വാര്‍ന്ന്അവന്‍ മരിക്കുന്നു. ആ മരണത്തിന് അകമ്പടിയെന്നോണം പ്രിയപ്പെട്ടവന്റെ ഒറ്റിക്കൊടുക്കലുണ്ട്, ഒറ്റപ്പെടുത്തലുണ്ട്, തള്ളിപ്പറയലുണ്ട്. സഹനങ്ങളുടെ ദാസനായി ക്രിസ്തു ഈ ഭൂമിയില്‍ തന്നെതന്നെ അടയാളപ്പെടുത്തി. എതിര്‍ക്കാന്‍ ആള്‍ബലം ഉണ്ടായിട്ടും, ഓടിയൊളിക്കാന്‍ അഭയകേന്ദ്രമുണ്ടായിട്ടും തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളോടും വിധികളോടും അവന്‍ മൗനം പാലിച്ചു. ക്രിസ്തുവിന്റെ തന്നെ വാക്കുകള്‍ രേഖപ്പെടുത്തിയാല്‍ മനുഷ്യപുത്രന്‍ ഈ സഹനങ്ങളിലൂടെയെല്ലാം കടന്നുപോകേണ്ടിയിരിക്കുന്നു എന്നാണ്.

മാനവചരിത്രത്തിന്റെ സവിശേഷമായ ആഖ്യാനത്തിലൂടെ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തീകവുമായ ആഗോളമാനങ്ങള്‍ക്ക്, പുതിയ ദിശാബോധം നല്കുന്ന ഇസ്രായേലി ചരിത്രകാരനാണ് യുവല്‍ നോഹ ഹരാരി. ലോക പ്രസിദ്ധമായ തന്റെ പുസ്തകങ്ങളിലൂടെ (Sapiens, Homo Deus, 21 Lessons for the 21st Century) ഉത്തരാധുനീകതയുടെ ചിന്താധാരകള്‍ക്ക് നൂതനവും ജൈവികവുമായ കാഴ്ച്ചപ്പാടുകള്‍ കൈമാറുന്നുണ്ട് അദ്ദേഹം. യുവല്‍ തികഞ്ഞ നിരീശ്വരവാദിയാണ്. തന്റെ ദൈനംദിന പരിസരങ്ങളില്‍ സംഭവിക്കുന്ന അനുഭവങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കുന്നതാണ് സത്യത്തെ കണ്ടെത്താനുള്ള വഴി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ, മതരാഷ്ട്ര സൈദ്ധാന്തിക വ്യത്യാസങ്ങള്‍ക്കപ്പുറം ഉയര്‍ന്നു കേള്‍ക്കുന്ന ആധികാരികതയുള്ള ശബ്ദമായി യുവല്‍ ഇന്ന് മാറിക്കഴിഞ്ഞു. World Economic Forum നടത്തിയ അഭിമുഖത്തിനിടയില്‍ അവതാരകന്‍ ഉയര്‍ത്തിയ ചോദ്യത്തിന് മറുപടിയായി യുവല്‍ പറയുന്ന ഉത്തരം കുറിച്ചു കൊണ്ടാണ് ഞാന്‍ ഈ ലേഖനം ആരംഭിച്ചത്. 'സഹനമാണ് പരമമായ സത്യം. ഒരു വസ്തു സത്യമാണോ അല്ലയോ എന്നറിയാന്‍ അതിന് വേദനിക്കുമോ ഇല്ലയോ എന്ന് ചോദിച്ചാല്‍ മതി. ആ സത്യത്തെയാണ് ലോകം പിന്തുടരേണ്ടതും, വില കല്പ്പിക്കേണ്ടതും.' അതു കൊണ്ടുതന്നെ, വ്യക്തികളോ, സമൂഹങ്ങളോ, സ്ഥാപനങ്ങളോ, രാഷ്ട്രങ്ങളോ എടുക്കുന്ന ഏതൊരു തീരുമാനവും ഈ യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയാകണം. പച്ചയായ മനുഷ്യന്റെ ആകുലതകളും ആകാംക്ഷകളുമാണ് അഭിമുഖീകരിക്കപ്പെടേണ്ടത്. രാഷ്ട്ര നിര്‍മ്മിതിയുടേയും, സാമ്പത്തിക പുരോഗതിയുടേയും, മതവിശ്വാസ സംരക്ഷണത്തിന്റേയുമൊക്കെ അടിസ്ഥാനം ഈ മനുഷ്യനാകണം.

ഭൂമിയില്‍ എവിടെ ആയാലും, കാരണങ്ങള്‍ എന്തുതന്നെ ആയാലും, വേദന അനുഭവിക്കുന്നത് മനുഷ്യകുലമാണ്. ദേശങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും, മതങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെടുമ്പോഴും, സ്ഥാപനങ്ങള്‍ തച്ചുടയ്ക്കപ്പെടുമ്പോഴും, വംശങ്ങള്‍ ഹത്യ ചെയ്യപ്പെടുമ്പോഴുമൊക്കെ, യഥാര്‍ത്ഥത്തില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് മനുഷ്യനാണ്. അവന്റെ ശരീരമാണ് മുറിവേല്ക്കുന്നത്. അവളുടെ രക്തമാണ് ചിന്തപ്പെടുന്നത്. അവന്റെയും/അവളുടെയും സന്തോഷങ്ങളും സ്വപ്നങ്ങളുമാണ് ചിതറിക്കപ്പെടുന്നത്. മുകളില്‍ പരാമര്‍ശിക്കപ്പെട്ട ദേശീയതയോ, മതമോ, സ്ഥാപനമോ, വംശമോ, സിദ്ധാന്തമോ ഒന്നും യാഥാര്‍ത്ഥ്യമല്ല എന്ന നിഗമനത്തിലേക്ക് എത്താന്‍ ഇതില്‍ കവിഞ്ഞ ഒരു വാദം ഈ കാലഘട്ടത്തിന് ആവശ്യമില്ലാതായി മാറിക്കഴിഞ്ഞു. രാഷ്ട്രത്തിനും മതത്തിനുമപ്പുറം നില്ക്കുന്ന പരമ സത്യമായ മനുഷ്യനെ മാനിക്കുകയും, ആ ഗോളതലത്തില്‍ അവന്റെ/അവളുടെ നന്മയെ ലക്ഷ്യം വയ്ക്കുന്ന നിലപാടുകള്‍ രൂപീകരിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.

മാനവചരിത്രത്തിന്റെ സവിശേഷമായ ആഖ്യാനത്തിലൂടെ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയവും സാമൂഹികവും സാമ്പ ത്തീകവുമായ ആഗോളമാനങ്ങള്‍ക്ക്, പുതിയ ദിശാബോധം നല്കുന്ന ഇസ്രായേലി ചരിത്രകാരനാണ് യുവല്‍ നോഹ ഹരാരി. തന്റെ ദൈനംദിന പരിസരങ്ങളില്‍ സംഭവിക്കുന്ന അനുഭവങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കുന്നതാണ് സത്യത്തെ കണ്ടെത്താനുള്ള വഴി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

സത്യത്തെ വേദനയോടും രക്തച്ചൊരിച്ചിലിനോടും ചേര്‍ത്ത് വായിക്കുന്ന കഥയില്‍ മനുഷ്യനോടൊപ്പം തന്നെ പ്രാധാന്യം പ്രകൃതിക്കും സര്‍വ്വ ജീവജാലങ്ങള്‍ക്കും നല്കുന്നുണ്ട് യുവല്‍. വായനയിലൂടെ പരിചയിച്ച ചരിത്രകാരന്റെ ചിന്തകളുടെ പ്രചാരകനാകാ നല്ല ലേഖനത്തിന്റെ പ്രാരംഭത്തില്‍ തന്നെ അദ്ദേഹത്തെക്കുറിച്ച് ഇത്രമാത്രം വിവരിച്ചത്. മറിച്ച്, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ബൗദ്ധീകമണ്ഡലം ഉയര്‍ത്തിപ്പിടിക്കുന്ന കണ്ണാടിയിലൂടെ നോക്കിയാലും ക്രിസ്തു എന്ന സത്യം നിറംകെടാതെ നില്ക്കുന്നു എന്ന് വ്യക്തമാക്കാനാണ്. ചരിത്രപുരുഷനായ ക്രിസ്തു സഹന വഴികളിലൂടെ മാനവകുലത്തിന് രക്ഷ പ്രദാനം ചെയ്തതിന്‍മേല്‍ ഇപ്രകാരം ഒരു വായന കൂടി സാധ്യമാണ് എന്ന് തെളിയിക്കപ്പെടുകയാണ്. പീഡനങ്ങള്‍ ഏറ്റുവാങ്ങി കുരിശിലേറിയ ക്രിസ്തു പറയാതെ പറഞ്ഞത് താന്‍ സത്യമാണെന്നാണ്. സഹനത്തിന്റെ തീച്ചൂളയില്‍ സ്ഫുടം ചെയ്യപ്പെടുന്നതിനെല്ലാം സത്യത്തിന്റെ മുഖമാണ് എന്ന യാഥാര്‍ത്ഥ്യം ക്രിസ്തുവിലൂടെ തിരിച്ചറിയപ്പെട്ട ദിനങ്ങളുടെ ഓര്‍മ്മയാണ് ഈ നാളുകള്‍.

ബൈബിളിലെ പഴയനിയമത്തില്‍ കാണുന്ന ഒരേടുകൂടി ഈ വിചാരത്തോട് ചേര്‍ത്ത് വായിക്കാം എന്ന് കരുതുന്നു. വിജ്ഞാന സമ്പന്നനായ സോളമന്‍ ചക്രവര്‍ത്തിയുടെ മുന്നിലേക്ക് അഴിക്കാന്‍ പ്രയാസമുള്ള ഒരു കുരുക്കുമായി രണ്ട് അമ്മമാര്‍ എത്തുന്നുണ്ട്. ഈ കുഞ്ഞ് തന്റേതാണെന്നാണ് രണ്ട് അമ്മമാരുടെയും വാദം. യഥാര്‍ത്ഥ അമ്മയെ കണ്ടെത്തേണ്ടത് രാജാവിന്റെ നീതിന്യായ പീഠത്തിന്റെ ബാദ്ധ്യതയാവുകയാണ്. അവിടെ രാജാവ് കല്പിക്കുന്നത്, കുഞ്ഞിനെ രണ്ടായി പ കുത്ത് രണ്ടു പേര്‍ക്കുമായി വീതിച്ചുകൊടുക്കാനാണ്. ഒരുവള്‍ അതിന് സമ്മതിക്കുമ്പോള്‍, രണ്ടാമത്തെയാള്‍, കുഞ്ഞിനെ പകുക്കാതെ മറ്റെയാള്‍ക്ക് കൊടുക്കൂ എന്ന് പറഞ്ഞ് നിലവിളിക്കുന്നു. യഥാര്‍ത്ഥ അമ്മ ആരെന്ന് തിരിച്ചറിയാന്‍ സോളമന്‍ രാജാവിന് അധികസമയം പിന്നീട് ആവശ്യമായിരുന്നില്ല. കുഞ്ഞിനെപ്രതി വേദനിക്കാന്‍ യഥാര്‍ത്ഥ അമ്മയ്‌ക്കേ കഴിയൂ. സത്യം എന്തെന്ന് തിരിച്ചറിയാനുള്ള ഏറ്റവും കൃത്യമായ മാര്‍ഗ്ഗം, അതിന് വേദനിക്കുമോ എന്ന് ആരായുന്നതാണ്.

ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ സവിശേഷമാം വിധം ഓര്‍ക്കുകയും, അവിടെ കരഗതമായ രക്ഷയെ പ്രഘോഷിക്കുകയും ചെയ്യുന്ന ഈ ദിനങ്ങള്‍ക്ക് ഈ കാലഘട്ടത്തോട് പ്രഘോഷിക്കാന്‍ വിഷയങ്ങളേറെയുണ്ട്. നാം ഇന്ന് തദ്ധേശിയമായും സാര്‍വ്വത്രികമായും ഉയര്‍ത്തിപ്പിടിക്കുന്ന പലതും സത്യമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രബോധവും, ദേശീയതയും, മതസാമുദായിക വിചാരങ്ങളും മറ്റെന്തിനേക്കാളും അധികമായി ഇവിടെ വിറ്റഴിക്കപ്പെടുന്നുണ്ട്. രാഷ്ട്രത്തിന്റെ സുസ്ഥിതിക്കു വേണ്ടി ജനങ്ങളെ പലതായി വിഭജിക്കുന്നു; ചിലരെ ഒറ്റപ്പെടുത്തുന്നു; അകാരണമായി തുറങ്കിലടക്കുന്നു. ദേശീയതയുടെ മൂടുപടത്തില്‍ രക്തം ചിന്തപ്പെടുന്നു; മാനത്തിന് വിലയിടപ്പെടുന്നു. മതത്തിന്റേയും സമുദായത്തിന്റെയും പേരില്‍ വലിയൊരു പറ്റം സമൂഹം ഇന്നും ദുഃസ്ഥിതിയില്‍ കഴിയുന്നു. മനുഷ്യന്റെ സ്വാതന്ത്ര്യവും ജീവനും പണയം വച്ചിട്ടാണെങ്കില്‍ പോലും മേല്‍പ്പറഞ്ഞവയെല്ലാം സംരക്ഷിക്കപ്പെടണം എന്ന മുന്‍ഗണന ക്രമത്തിലാണ് കാര്യങ്ങള്‍ വിലയിരുത്തപ്പെടുന്നത്. മിഥ്യയേത് യാഥാര്‍ത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്തവിധം ബഹുഭൂരിപക്ഷം മനുഷ്യരും തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. കല്ലും മണ്ണും മഷിയും കൊണ്ട് പണിയപ്പെട്ട പലതും മനുഷ്യന്റെ സ്വാതന്ത്ര്യത്തേയും മാനത്തേയും ജീവനേയും വരെ വിഴുങ്ങാന്‍ പാകത്തിന് വളര്‍ന്നിരിക്കുന്നു. ചുറ്റുവട്ടങ്ങളില്‍ സം ഭവിക്കുന്ന അപചയങ്ങളെ ചൂണ്ടിക്കാണിച്ച് ഉദാഹരണങ്ങള്‍ നിരത്താന്‍ ഇല്ലാഞ്ഞിട്ടല്ല. അതിന് മുതിരാത്തതാണ്. കാരണം, മതത്തിന്റേയും രാഷ്ട്രത്തിന്റേയും വര്‍ഗ്ഗത്തിന്റേയുമൊക്കെ പേരില്‍ മനുഷ്യന്‍ പീഡനങ്ങളേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് എന്നത്തേയും പോലെ ഇന്നും ഒരു ആഗോള പ്രതിഭാസമായി തുടരുന്നു.

ഈ കാണുന്നതൊക്കെ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കും എന്ന് പറഞ്ഞതായിരുന്നു ക്രിസ്തുവിനെതിരെയുള്ള പ്രധാന ആരോപണം. അവന്‍ ദേവാലയം തച്ചുടയ്ക്കുകയും, അതിന് മുകളില്‍ മറ്റെന്തോ സ്ഥാപിക്കുകയും ചെയ്യും എന്നതായിരുന്നു അവരുടെ ഭയം. കല്ലിലും മണ്ണിലും പണിത ദേവാലയത്തിന്റെ മട്ടുപ്പാവിനും മുകളിലേക്ക്, ചുറ്റുമുള്ളവരുടെ വേദനകളും സങ്കടങ്ങളുമായി അവന്‍ കയറിച്ചെന്നു. മനുഷ്യനെ അടിമകളാക്കാന്‍ മഷിയില്‍ എഴുതിച്ചേര്‍ത്ത നിയമാവലികളെ മായ്ക്കാന്‍, ബഹുഭൂരിപക്ഷം വരുന്ന മനുഷ്യകുലത്തിന്റെ കണ്ണീര്‍ മാത്രം മതിയായിരുന്നു ക്രിസ്തു വിന്. വളരെ വ്യക്തമായ ഒരുദാഹരണം, ബൈബിള്‍ തന്നെ സമ്മാനിക്കുന്നുണ്ട്. 'മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല; സാബത്ത് മനുഷ്യനുവേണ്ടിയാണ്." സാബത്തിന്റെ പേരില്‍ മനുഷ്യനെ പീഡിപ്പിക്കുകയും, ചൂഷണം ചെയ്യുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ക്ക് നേര്‍സാക്ഷിയായി വന്നപ്പോള്‍ അവനിലുണ്ടായ സ്വാഭാവികമായ പ്രതികരണം മാത്രമായിരുന്നു അത്. മനുഷ്യനെ കുരുതി കൊടുത്തും, അവരുടെ രക്തം ചിന്തിയും ദൈവത്തെ പ്രസാദിപ്പിച്ചിരുന്ന ഒരു സ്ഥിതിയില്‍ നിന്നും ഇന്നത്തെ തലത്തിലേക്ക് പല മതങ്ങളും എത്തിയതിന്റെയും പിറകില്‍, മനുഷ്യത്വപരമായ ഈ തിരിച്ചറിവുണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. അത്തരമൊരു വീണ്ടുവിചാരമില്ലാതെ, ദൈവത്തെ പ്രസാദിപ്പിക്കാനും മതത്തെ സംരക്ഷിക്കാനും വേണ്ടി ജീവന്‍ കൊടുക്കാനും എടുക്കാനും നില്ക്കുന്ന അധമന്‍മാരും വസിക്കുന്ന ഇടമാണിത്. ചരിത്രം സാക്ഷ്യം വഹിച്ചിട്ടുള്ള അനവധിയായ രക്തച്ചൊരിച്ചിലുകളില്‍, പകുതിയിലധികം ജീവനുകളും പൊലിഞ്ഞത് മതത്തിന്റെയും വിശ്വാസത്തിന്റേയും പേരിലാണെന്ന് മനസ്സിലാക്കുന്നിടത്താണ്, അസത്യം എത്രമേല്‍ കിരാതമായി മനുഷ്യകുലത്തിനു മേല്‍ പിടിമുറുക്കിയിരിക്കുന്നു എന്ന് നാം മനസ്സിലാക്കുന്നത്.

പ്രാദേശികവും, സ്വകാര്യവുമായ നമ്മുടെ ഇടങ്ങളിലും യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനുള്ള ഈ മാനദണ്ഡം നമുക്കൊരു വഴി കാട്ടിയാവണം. നമ്മുടെ കുടുംബങ്ങളിലും, സൗഹൃദങ്ങളിലും വ്യത്യസ്തമായ കാരണങ്ങളാല്‍ വേദനകളനുഭവിക്കുന്നവരെ, ഒറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങുന്നവരെ പ്രത്യേകമായി കരുതേണ്ടത് സത്യത്തോടുള്ള നമ്മുടെ ആഭിമുഖ്യത്തിന്റെ ഭാഗമാകണം. കാരുണ്യമായും, ഔദാര്യമായും കണ്ടിരുന്ന അത്തരം പക്ഷം ചേരലുകളെ, സത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി കാണാനാകുന്നിടത്താണ് ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ പുനര്‍വായന സാധ്യമാകുന്നത്. അത്തരം പക്ഷം ചേരലുകള്‍ക്കായുള്ള നിരവധിയായ അവസരങ്ങള്‍ നമുക്ക് ചുറ്റും കൂണ്‌പോലെ മുളച്ച് പൊങ്ങുന്നുണ്ട് എന്നത് അശുഭകരമായ വെല്ലുവിളിയാണ്. മുറിവിലും ചോരപ്പാടിലും തെളിയുന്ന യഥാര്‍ത്ഥ സത്യത്തെ നമുക്ക് തിരിച്ചറിയാം. ക്രിസ്തു പറഞ്ഞതു പോലെ, 'ആ സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ' (യോഹ. 8:31-32).

Related Stories

No stories found.