കന്യകാമറിയവും കുടുംബനവീകരണവും

കന്യകാമറിയവും കുടുംബനവീകരണവും
Published on

ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.

നവീകരണം നന്മയ്ക്കു വേണ്ടിയാണ്. അതുകൊണ്ടു തന്നെ പ്രപഞ്ചവും, പ്രാപഞ്ചികമായവയൊക്കെയും കാലാകാലങ്ങളില്‍ നവീകരണത്തിന് വിധേയമാകേ ണ്ടത് അനിവാര്യമാണ്. മനുഷ്യനും, അവനെ ചുറ്റിപ്പറ്റിയുള്ളവയും നവീകരണത്തിലൂടെ കടന്നു പോകുമ്പോഴാണ് അവയ്ക്ക് കുറേക്കൂടി മെച്ചപ്പെട്ട അവസ്ഥയും, അന്തസ്സുമൊക്കെ സ്വന്തമാവുക. നവീകരണത്തിലൂടെയാണ് കുറവുകള്‍ പരിഹരിക്കപ്പെടുകയും, മേന്മകള്‍ ആര്‍ജിക്കപ്പെടുകയും ചെയ്യുക.

നവീകരണം ദൈവഹിതമാണ്

'ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു' (വെളിപാട് 21:5) എന്ന് ദൈവം അരുള്‍ ചെയ്യുമ്പോള്‍ നവീകരണം ദൈവത്തിന്റെ തന്നെ കര്‍മ്മങ്ങളില്‍ ഒന്നായി മാറുകയാണ്. അതിലൂടെ അതിന്റെ ആവശ്യകതയും പ്രാധാന്യവും നാം മനസ്സിലാക്കുന്നു. താന്‍ സൃഷ്ടിച്ച സര്‍വ്വതിനെയും സമ യാസമയങ്ങളില്‍ നവീകരിച്ചു കൊണ്ട് അവരോരോന്നിനും നൂതനവും, കാലികപ്രസക്തവു മായ രൂപവും ഭാവവും നല്കാന്‍ ദൈവം ആഗ്രഹിക്കുന്നുണ്ട്. അതിന് ആവശ്യമായ സാഹചര്യങ്ങള്‍ വ്യത്യസ്ത വ്യക്തികളിലൂടെയും അനുഭവങ്ങളിലൂടെയും അവിടുന്ന് നല്കുന്നുണ്ട്. പഴയ നിയമ ജനതയ്ക്ക് നവീകരണത്തിന്റെ സന്ദേശവുമായി പ്രവാചകന്മാരെ യും, പിതാക്കന്മാരെയും അയച്ച ദൈവം പുതിയ നിയമ ജനതയ്ക്ക് തന്റെ ആത്മാവിനെ തന്നെയാണ് അയയ്ക്കുന്നത്.

കുടുംബ നവീകരണത്തിന്റെ ആവശ്യകത

കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ. കെട്ടുറപ്പുള്ള കുടുംബങ്ങളിന്മേല്‍ പണിയപ്പെട്ടിട്ടുള്ള സമൂഹത്തിനു മാത്രമേ കാലത്തിന്റെ കുത്തൊഴുക്കുകളെ അതിജീവിക്കാന്‍ കഴിയൂ. കുടുംബങ്ങളുടെ നവീകരണമാണ് സമൂഹത്തിന്റെ, ലോകത്തിന്റെ തന്നെ നവീകരണം. പാര്‍ത്തലത്തിലെ പുളിമാവാകാനുള്ള വിളിയാണ് ക്രൈസ്തവ കുടുംബങ്ങള്‍ക്കുള്ളത്. സാന്നിധ്യം കൊണ്ടും, സ്വാധീനം കൊണ്ടും സമൂഹത്തെയും അതിന്റെ വിവിധ സാഹചര്യങ്ങളെയും നവീകരണത്തിന്റെ വഴിയിലൂടെ നിരന്തരം നയിക്കുവാന്‍ അവയ്‌ക്കോരോന്നിനും സാധിക്കണം. കുടുംബം നന്നാകുമ്പോള്‍ വ്യക്തികള്‍ നന്നാകും; വ്യക്തികള്‍ നന്നാകുമ്പോള്‍ സമൂഹം നന്നാകും; സമൂഹം നന്നാകുമ്പോള്‍ ലോകം നന്നാകും.

കന്യകാമറിയം: നവീകരണത്തിന്റെ ചാലകം

ദൈവാത്മാവിന്റെ ആവാസമുണ്ടാകുന്ന ഇടങ്ങളിലാണ് നവീകരണം നടക്കുന്നത്. ദൈവാത്മാവ് ആവസിച്ചവളാണ് കന്യകാമറിയം. അതിനാല്‍, നവീകരണത്തിന്റെ ഏറ്റവും ഉദാത്തമായ ചാലകവും അവള്‍ തന്നെ. കര്‍ത്താവ് തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിക്കുന്നത് ഒരു കുടുംബത്തിലെ കുറവുകള്‍ പരിഹരിച്ചുകൊണ്ട്, അ തിനെ നവീകരണത്തിന്റെ അനുഭവത്തിലേക്ക് നയിച്ചുകൊണ്ടാണ്. അപ്പോള്‍ അവിടെ നവീകരണ ത്തിന്റെ ചാലകമായി പരിശുദ്ധ അമ്മ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ആ കുടുംബത്തിലെ കുറവുകളെ പരിഹരിച്ചുകൊണ്ടും, അതിനെ കൃപകളുടെ കലവറയാക്കി മാറ്റിക്കൊണ്ടും തിക ച്ചും ദൈവികമായ ഒരു നവീകരണാനുഭവം അതിനു കൊടുക്കാന്‍ കന്യാംബികയ്ക്ക് കഴിഞ്ഞു. മനു ഷ്യര്‍ ദൈവവചനത്തിന് കീഴ്‌പ്പെടുമ്പോള്‍ അത്ഭുതങ്ങളും അടയാ ളങ്ങളും സംഭവിക്കുമെന്ന് അവള്‍ ആ ജനത്തിന് അന്ന് മാനസ്സിലാക്കിക്കൊടുത്തു.


ഇന്ന് അത്ഭുതങ്ങളും അടയാളങ്ങളുമൊക്കെ സംഭവിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കു ടുംബങ്ങളിലാണ്, നാം വസിക്കുന്ന ഇടങ്ങളിലാണ്. അത് സാധ്യമാകണമെങ്കില്‍ കാനായിലെ ക ല്യാണ വീട്ടിലെന്നതുപോലെ നമ്മുടെ കുടുംബങ്ങളിലും മറിയത്തിന്റെ അനുഗ്രഹസാന്നിധ്യം അച്ചട്ടായും ഉണ്ടാകണം. ആകയാല്‍, ക്രൈസ്തവ കുടുംബാന്തരീക്ഷത്തില്‍ മരിയ ഭക്തിക്കുള്ള പ്രാധാ ന്യം വലുതാണ്. ഇതേക്കുറിച്ച് ക്ലരീഷ്യന്‍ സന്യാസ സഭയുടെ സ്ഥാപകനായ വിശുദ്ധ ആന്റണി മേരി ക്ലാരെറ്റ് (1807-1870) തന്റെ ആത്മകഥയില്‍ പലയിടങ്ങളിലും പ്രതിപാദിക്കുന്നുണ്ട്. മരിയ വണ ക്കത്തില്‍ വേരൂന്നിയ ഒരു കുടുംബപശ്ചാത്തലമായിരുന്നു വിശുദ്ധന്റേത്. അനുദിനജപമാലയും, ഇതര മാതൃഭക്താഭ്യാസങ്ങളുമൊക്കെ ആ കൊച്ചുകുടുംബത്തിന്റെ കൈമുതലായി. ഈശോ കഴി ഞ്ഞാല്‍ തന്റെ സര്‍വ്വസ്വവുമായി പരിശുദ്ധമാതാവിനെ പരിഗണിച്ചിരുന്ന ആ വിശുദ്ധന്‍ തന്റെ കുടുംബത്തെയും, പിന്നീട് താന്‍ സ്ഥാപിച്ച സന്യാസ സമൂഹത്തെയും മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിച്ചു. മാതാവിനെ കുടുംബ നവീകരണത്തിന്റെ ചാലകമായി സ്വീകരിക്കുക എന്നു പറയുമ്പോള്‍ അവളോടുള്ള ഭക്തിയില്‍ വളരുക എന്നതിനോടൊപ്പം അവളുടെ സുകൃതങ്ങളില്‍ ചിലതെങ്കിലും നമ്മുടെ വ്യ ക്തിജീവിതത്തില്‍ സ്വന്തമാക്കുക എന്നുകൂടി അര്‍ത്ഥമാകുന്നുണ്ട്.

വിശ്വാസം

അനുപമമായ വിശ്വാസത്തിന്റ ഉടമയായി പരിശുദ്ധ മറിയം. കര്‍ത്താവ് അരുള്‍ ചെയ്തവയൊക്കെയും അക്ഷരംപ്രതി നിറവേറുമെന്ന് അവള്‍ വിശ്വസിച്ചു. അതിനാല്‍തന്നെ അവള്‍ സ്ത്രീകളില്‍ ഭാഗ്യവതിയായി മാറി. "അവന്‍ നിങ്ങളോട് പറയുന്നതു ചെയ്യുവിന്‍" (യോഹന്നാന്‍ 2:5) എന്ന് അവള്‍ ആവശ്യപ്പെടുമ്പോള്‍ ദൈവവചനത്തിന്റെ ശക്തിയില്‍ വ്യവസ്ഥകളില്ലാതെ വിശ്വസിക്കുവാനു ള്ള ആഹ്വാനമാണ് നമുക്ക് നല്കു ന്നത്. ഇങ്ങനെയുള്ള ഒരു വിശ്വാസതീക്ഷ്ണത കുടുംബ നവീകരണത്തിന് അത്യാവശ്യമാണ്. ദൈവത്തിലുള്ള വിശ്വാസവും, കുടുംബാംഗങ്ങള്‍ തമ്മിലുള്ള വിശ്വാസവും വഴി ദൈവാനുഗ്രഹത്തിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സമ്പാദിക്കുവാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കും. അവയിലൂടെയാണ് നവീകരണത്തിന്റെ മേഖലകളിലേക്ക് കുടുംബങ്ങള്‍ ഉയര്‍ത്തപ്പെടുന്നതും.

വിശ്വസ്തത

മറിയത്തില്‍ വിളങ്ങിനിന്ന മറ്റൊരു സുകൃതം വിശ്വസ്തത ആയിരുന്നു. ദൈവമാതാവാകാനുള്ള വിശിഷ്ടമായ വിളി ലഭിച്ച നസ്രത്തിലെ കുടിലില്‍ തുടങ്ങി കാല്‍വരിയിലെ കുരിശിന്റെ കാല്‍ക്കല്‍ വരെദൈവംതന്നെ ഏല്പിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹി ച്ചുകൊണ്ട് ദൈവത്തോട് പരിപൂര്‍ ണ്ണമായും വിശ്വസ്തത പുലര്‍ത്തുവാന്‍ മറിയം ശ്രദ്ധിച്ചു. ആകയാല്‍, അവളുടെ നിസ്സാരമായ ജീ വിത മണ്‍കുടത്തില്‍ ഒരു വലിയ നിധി അവിടുന്ന് നിക്ഷേപിച്ചു! തനിക്ക് വലിയ കാര്യങ്ങള്‍ ചെയ്യു വാന്‍ സര്‍വ്വശക്തന്‍ തന്റെ ഉപകര ണമാക്കിയ അവള്‍ ആദിയില്‍ ഏദനില്‍ ശപിക്കപ്പെട്ടതും ശിക്ഷി ക്കപ്പെട്ടതുമായ പഴയ സ്ത്രീത്വത്തിന്റെ ഇളമുറക്കാരിയല്ല. മറിച്ച്, നവീകരിക്കപ്പെട്ടതും വീണ്ടെടുക്കപ്പെട്ടതുമായ പുതിയതിന്റെ പ്രതീ കമാണ്. അവളെ അനുകരിച്ചു കൊണ്ട് നമ്മുടെ കുടുംബങ്ങളിലെ അംഗങ്ങളും പരസ്പരം വിശ്വ സ്തതയോടെ പെരുമാറുവാന്‍ ശീലിക്കണം. തങ്ങള്‍ക്ക് ഏല്പിക്കപ്പെട്ടിട്ടുള്ള ചെറുതും വലുതു മായ കടമകള്‍ യഥോചിതം നിറവേറ്റുവാന്‍ ഓരോരുത്തരും പരിശ്രമിക്കണം. അപ്പോള്‍ അനാവശ്യമായ തര്‍ക്കങ്ങളും ഭിന്നതകളും ഒന്നും തന്നെ കുടുംബങ്ങളില്‍ ഉണ്ടാവുകയില്ല. പരസ്പര വിശ്വസ്തതയിലൂടെ നവീകരണത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കുടുംബാംഗങ്ങള്‍ക്ക് കഴി യും.

വിധേയത്വം

"ഇതാ, കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ" (ലൂക്കാ 1:38) എന്ന മനോഭാവത്തോടെ തന്റെ എളിയ ജീവിതത്തിലെ ഓരോ നിമിഷവും ദൈ വേഷ്ടത്തിന് ആമ്മേന്‍ പറഞ്ഞു കൊണ്ട് ജീവിച്ചവളായിരുന്നു പരിശുദ്ധ മറിയം. ദൈവഹിതത്തിനു വിധേയപ്പെട്ടു ജീവിക്കുന്നവര്‍ക്ക് യാതൊന്നിനെക്കുറിച്ചും ആകുല പ്പെടേണ്ടതില്ല എന്ന് അവള്‍ പഠിപ്പിക്കുന്നു. ദൈവത്തിന്റെ പരമാധി കാരത്തിനു സ്വയം വിട്ടുകൊടുത്തും, പരസ്പരം വിധേയപ്പെട്ടും കുടുംബാംഗങ്ങള്‍ ജീവിക്കുമ്പോള്‍ നസ്രത്തിലെ കുടുംബത്തിലെന്നപോലെ നമ്മുടെ കുടുംബങ്ങളിലും ദൈവം വലിയ കാര്യങ്ങള്‍ ചെയ്യും. അര്‍ഹിക്കുന്ന ആദരവും, അംഗീകാരവും പരസ്പരം കൊടുക്കുവാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിക്കുമ്പോഴാണ് ബന്ധങ്ങള്‍ക്ക് ശിഥിലീകര ണം സംഭവിക്കുന്നത്. മാതാവിനെ മാതൃകയാക്കിക്കൊണ്ട് വിധേയത്വ മനോഭാവത്തോടെ നവീകരണാനുഭവം സ്വന്തമാക്കുവാന്‍ ഭവനാംഗങ്ങള്‍ ശ്രമിക്കണം.

ജപമാല ഭക്തി കുടുംബങ്ങളില്‍

കുടുംബ നവീകരണത്തില്‍ ജപമാലഭക്തിക്കുള്ള സ്ഥാനം വളരെ വലുതാണ്. നവീകരണ ത്തിലേക്കുള്ള ഒരു കോവണിയായി കൊന്തയെ കണക്കാക്കാം. സായാഹ്ന മണിനാദങ്ങള്‍ക്കൊപ്പം ജപമണികള്‍ ഉരുളുന്ന ഇടങ്ങളാകണം ക്രൈസ്തവ കുടുംബങ്ങള്‍. കുടുംബാന്തരീക്ഷത്തിലെ അരു താത്തവയെ ഒക്കെയും അകറ്റി അവിടം ദൈവത്തിന്റെ വാസസ്ഥലമാക്കി മാറ്റുവാന്‍ ജപമാലയിലൂടെ ഉയര്‍ന്ന പ്രാര്‍ത്ഥനകള്‍ക്ക് ശക്തിയുണ്ട്. ഭവനാംഗങ്ങള്‍ ഒരുമിച്ചിരുന്ന് മറിയത്തിന്റെ ഹൃദയ സ്പന്ദനങ്ങളിലൂടെ ഈശോയെ ധ്യാനി ക്കുമ്പോള്‍ ആ ഭവനം കുറവുകളില്ലാത്ത സ്വര്‍ഗ്ഗത്തിന് സമമായി മാറുകയാണ് ചെയ്യുന്നത്. ഇങ്ങ നെയൊരു അവബോധത്തിന്റെ പിന്‍ബലത്തോടെയാണ് വിശുദ്ധ ക്ലാരറ്റച്ചന്‍ തന്റെ കാലഘട്ടത്തിലെ സ്‌പെയിനിന്റെ തിന്മകളെ തരണം ചെയ്യുവാന്‍ കുടുംബങ്ങളില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടത്. പൈശാചികശക്തികളെ ചെറുത്തു തോല്പ്പിക്കാന്‍ ഏറ്റവും അ നുയോജ്യമായ ആയുധം ജപമാല യാണ്. ക്രിസ്തീയ കുടുംബാംഗങ്ങളെ തമ്മില്‍ വിശ്വാസത്തിലും, വിശ്വസ്തതയിലും, വിധേയത്വ ത്തിലും പരസ്പരം കോര്‍ത്തിണക്കി നിര്‍ത്തുന്ന, അതുവഴിയായി കുടുംബത്തെ ഒന്നാകെ നവീകരി ക്കുന്ന വിശുദ്ധമായ കണ്ണിയാണ് കൊന്ത! ജപമാലയാല്‍ ബന്ധിതമായ കുടുംബങ്ങളില്‍ നിന്ന് എല്ലാവിധ ബന്ധനങ്ങളും അകന്നുപോകും. വീട്ടുവളപ്പിലെ വേലിക്കെട്ടെന്ന പോലെ കൊന്തമാല കുടും ബത്തെ കാത്തുകൊള്ളും. ആകയാല്‍, ജപമണികളെ പ്രണയിക്കാനും, ശരണപ്പെടാനും ശീലിക്കുക. വിശ്വാസം, വിശ്വസ്തത, വിധേയത്വം എന്നീ മൂന്നു കല്ലുകളോടു കൂടിയ അടുപ്പില്‍ കൊന്തഭക്തിയുടെ കനലുകള്‍ കെടാതെ

കാത്തുസൂക്ഷിക്കുക.

നവീകരണം രക്ഷയുടെ അനുഭവമാണ് കുടുംബങ്ങള്‍ക്ക് സമ്മാനിക്കുന്നത്. രക്ഷിക്കുന്നവന്‍ ദൈവമാണ്. മറിയം സഹരക്ഷകയാണ്. അക്കാരണത്താല്‍തന്നെ രക്ഷ നമ്മുടെ സ്വന്തമാകുവാന്‍ അവളുടെ സഹായവും ആവശ്യമാണ്. ആയതിനാല്‍, നമ്മുടെ കുടുംബങ്ങള്‍ മറിയത്തിന്റെ ഹൃദയത്തിലേക്ക് തുറന്നു കിടക്കുന്നവയാകട്ടെ. അവയുടെ ഓരോന്നിന്റെയും മുന്‍വാതിലായി, സകലതിനെയും നവീകരിക്കുന്ന വചനമായ ദൈവത്തിന് നിര്‍ബാധം കട ന്നുവരുവാനുള്ള പ്രവേശന കവാടമായി, മറിയം നിലകൊള്ളട്ടെ. അപ്പോള്‍ ആത്മീയമായ നവീകര ണത്തിലൂടെ നമ്മുടെ കുടുംബങ്ങള്‍ തിരുക്കുടുംബങ്ങളായി മാറുകതന്നെ ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org