കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖകളില്‍ മാര്‍പാപ്പ പ്രസിദ്ധീകരിക്കുന്ന രേഖകളുടെ മൂല്യവും പ്രസക്തിയും

കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖകളില്‍ മാര്‍പാപ്പ പ്രസിദ്ധീകരിക്കുന്ന രേഖകളുടെ മൂല്യവും പ്രസക്തിയും
Published on

ഫാ. ഡോ. അലക്‌സ് കരീമഠം

കത്തോലിക്കാ സഭയുടെ നേതൃത്വനിരയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍, തങ്ങളുടെ അജപാലനത്തിന് ഏല്പിച്ചിരിക്കുന്ന ദൈവജനത്തെ നയിക്കുന്നതിനും പഠിപ്പിക്കുന്നതിനും വ്യത്യസ്തമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്. അതിലൊന്നാണ് 'എഴുത്തു'മാര്‍ഗ്ഗം അഥവാ 'രേഖാ'മാര്‍ഗ്ഗം. തങ്ങളുടെ ദൈവജനത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട കാര്യങ്ങള്‍, അവരെ പഠിപ്പിക്കേണ്ട കാര്യങ്ങള്‍, അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‌കേണ്ട കാര്യങ്ങള്‍ 'എഴുത്തു' മാര്‍ഗ്ഗം അഥവാ 'രേഖാ'മൂലം അറിയിക്കുന്നു. ഇപ്രകാരമുള്ള എഴുത്തുകളില്‍ കൈകാര്യം ചെയ്യപ്പെടുന്ന വിഷയത്തിന്റെ പ്രത്യേകതയും പ്രസക്തിയുമനുസരിച്ച് അവ എഴുതുന്നതിനുള്ള രീതികളും ശൈലികളും വ്യത്യസ്തങ്ങളാണ്. മാത്രവുമല്ല ഒരു പ്രത്യേക രേഖയില്‍ കൈകാര്യം ചെയ്യപ്പെടുന്ന വിഷയത്തിന്റെ ഗൗരവമനുസരിച്ച് അവയെ വിവിധ പേരുകളില്‍ തരംതിരിക്കുകയും (categorize) ചെയ്തിരിക്കുന്നു. ഇന്ന് കത്തോലിക്കാ സഭയിലെ ഔദ്യോഗിക രേഖകള്‍ പ്രസിദ്ധീകരിക്കപ്പെടുക പ്രധാനമായും നാല് ഉറവിടങ്ങളില്‍ നിന്നാണ്: 1) മാര്‍പാപ്പ, 2) സൂനഹദോസുകള്‍, 3) റോമന്‍ കാര്യാലയം (Roman Curia), 4) മെത്രാന്മാര്‍. ഇതില്‍ മാര്‍പാപ്പ പ്രസിദ്ധീകരിക്കുന്ന രേഖകള്‍ 'മാര്‍പാപ്പയുടെ രേഖകള്‍' (Papal Documents) എന്ന പേരിലും സൂനഹദോസുകള്‍ പ്രസിദ്ധീകരിക്കുന്ന രേഖകള്‍ 'കൗണ്‍സില്‍ രേഖകള്‍' (Council Documents) എന്ന പേരിലും; റോമന്‍ കാര്യാലയം പ്രസിദ്ധീകരിക്കുന്ന രേഖകള്‍ 'കാര്യാലയ രേഖകള്‍' (Curial Documents) എന്ന പേരിലും; മെത്രാന്മാര്‍ തനിച്ചോ കൂട്ടായ്മയിലോ പുറപ്പെടുവിക്കുന്ന രേഖകള്‍ 'മെത്രാന്മാരുടെ രേഖകള്‍' അഥവാ Bishop's Documents എന്ന പേരിലും അറിയപ്പെടുന്നു. മേല്പറഞ്ഞ നാല് ഉറവിടങ്ങളില്‍ മാര്‍പാപ്പ പ്രസിദ്ധീകരിക്കുന്ന രേഖ (Papal Documents) കള്‍ മാത്രമാണ് ഈ ലേഖനത്തിലെ പ്രതിപാദ്യവിഷയം.

മാര്‍പാപ്പയുടെ രേഖകള്‍

മാര്‍പാപ്പ നേരിട്ട് പ്രസിദ്ധീകരിക്കുന്നവയാണ് 'മാര്‍പാപ്പയുടെ രേഖകള്‍'. ഈ രേഖകളുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം മാര്‍പാപ്പയ്ക്കു തന്നെയാണ്. എങ്കിലും അതിന്റെ പിന്നില്‍ ആവശ്യമായ കൂടിയാലോചനകളും ചര്‍ച്ചകളും ഉണ്ടാകും, എന്നാല്‍ അതേ സമയം മറ്റുള്ളവരോട് ആലോചിക്കാതെയും ഇത്തരം രേഖകള്‍ പുറപ്പെടുവിക്കാന്‍ മാര്‍പാപ്പയ്ക്ക് അധികാരമുണ്ട്. മാര്‍പാപ്പ പ്രസിദ്ധീകരിക്കുന്ന വിവിധതരം രേഖകള്‍ ഉണ്ടെങ്കിലും അവയില്‍ ആറു തരം രേഖകള്‍ മാത്രമാണ് ഇവിടെ വിശകലനം ചെയ്യുക.

1) മാര്‍പാപ്പയുടെ കല്പനകള്‍ (Papal Decretals): മാര്‍പാപ്പയുടെ കല്പനകള്‍ (Papal Decretals) Epistola Decretalis, Littera Decretalis എന്നീ പേരുകളിലും അറിയപ്പെടുന്നു. ഏതാണ്ട് ഏ.ഡി. 385 മുതല്‍ Papal Decretal-കള്‍ നമുക്ക് കാണാന്‍ കഴിയും. പ്രധാനമായും രണ്ട് കാര്യങ്ങള്‍ക്കായാണ് മാര്‍പാപ്പമാര്‍ ഇത്തരത്തിലുള്ള രേഖകള്‍ പുറപ്പെടുവിച്ചിരുന്നത്: a) സഭയിലെ അച്ചടക്ക (Ecclesiastical discipline) വുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാര്‍ പാപ്പയുടെ തീരുമാനം ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുന്നതിനുവേണ്ടി; b) ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ മാര്‍ പാപ്പയുടെ അഭിപ്രായം ആരാഞ്ഞ് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ക്ക് മറുപടി നല്കാന്‍. ഇപ്രകാരമുള്ള മറുപടികളില്‍ മിക്കവാറും മാര്‍പാപ്പയുടെ അഭിപ്രായത്തോടൊപ്പം സഭാ തനയരുടെ നന്മയ്ക്കുതകുന്ന പുതിയ നിയമ വശങ്ങളും ഉണ്ടാവാം. ഏതാണ്ട് 12-ാം നൂറ്റാണ്ട് ആയപ്പോഴേക്കും Papal Decretals-കളുടെ പ്രധാന ഉദ്ദേശം മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ കേസുകളില്‍ വിധി പറയുന്നതിനുള്ള ഔദ്യോഗിക മാര്‍ഗ്ഗമായി മാറി.

മാര്‍പാപ്പ സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കുമായി എഴുതിയ കത്തിന് ഒരു കാനോനിക നിയമത്തിന്റെ മൂല്യമോ, വിശ്വാസസത്യമോ സന്മാര്‍ഗ്ഗമോ സംബന്ധിച്ച പഠനത്തിന്റെ പ്രസക്തിയോ ഇല്ല. അത് ഒരു ലെറ്റര്‍ മാത്രമാണ്. മാര്‍പാപ്പ സീറോ മലബാര്‍ സഭയുടെ ദിവ്യബലിയര്‍പ്പണം എങ്ങനെ വേണം എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സഭാ തനയരെ പ്രേരിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, ഒരു കത്ത്. അതിനെ എല്ലാവരും അനുസരിക്കേണ്ട മാര്‍പാപ്പയുടെ കല്പനയായി മനസ്സിലാക്കേണ്ടതില്ല.

Papal Decretal-കള്‍ തിരുസ്സഭയിലെ പൊതുനിയമങ്ങള്‍ അല്ലായിരുന്നുവെങ്കിലും അവയ്ക്ക് പൊതുനിയമങ്ങള്‍ക്ക് തത്തുല്യമായ സ്ഥാനം 1917 വരെ ലഭിച്ചിരുന്നു. എന്തെന്നാല്‍ Papal Decretal-കളുടെ സ്വീകര്‍ത്താവിനോട് മാര്‍പാപ്പമാര്‍ ആവശ്യപ്പെട്ടിരുന്ന കാര്യം, സ്വീകര്‍ത്താവ് ഉള്‍പ്പെടുന്ന ഭൂപ്രദേശത്തെ (Ecclesiastical District) സഭാധികാരികളെ ഈ decretal കാണിക്കണമെന്നുമായിരുന്നു. അതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് ആ പ്രദേശത്ത് സമാനമായ കേസുകള്‍ വന്നാല്‍, സഭാധികാരികള്‍ ഈ Decretal-നെ ആധാരമാക്കി പ്രശ്‌നപരിഹാരത്തിനായി ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായിക്കുന്നതിനു വേണ്ടിയാണ്. ഈ കീഴ്‌വഴക്കം പലപ്പോഴും Papal Decretal-കള്‍ക്ക് പൊതുനിയമങ്ങള്‍ക്ക് തത്തുല്യമായ സ്ഥാനം നല്കുന്നതിന് ഇടയാക്കി. 1917-ല്‍ ക്രമീകരിക്കപ്പെട്ട പുതിയ നിയമസംഹിത (CIC 17) നിലവില്‍ വന്നതോടെ Papal Decretal-കളുടെ പ്രസക്തി കുറഞ്ഞു. ഇന്ന് Papal Decretal-കള്‍ ഉപയോഗിച്ചു കാണുന്നത് രണ്ടു കാര്യങ്ങള്‍ക്കായാണ്; a) വെളിപ്പെടുത്തപ്പെടുന്ന ദൈവിക സത്യങ്ങളെ (Dogma) നിര്‍വ്വചിക്കുന്നതിന്; b) ക്രിസ്തുവിന് സാക്ഷ്യം വഹിച്ച വ്യക്തികളെ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തുന്ന നാമകരണ നടപടികള്‍ക്കും (Canonization process). ചുരുക്കത്തില്‍ മാര്‍പാപ്പയുടെ ആധികാരികമായ തീരുമാനങ്ങള്‍ അറിയിച്ചിരുന്ന 'മാര്‍പാപ്പയുടെ കല്പനകള്‍' (Papal Decretals) ഇന്ന് നാമമാത്ര കാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഒന്നായി ചുരുങ്ങിയിരിക്കുന്നു.

2) Apostolic Constitutions: Constitute എന്ന വാക്കിന് രൂപീകരിക്കുക എന്നര്‍ത്ഥമുണ്ടല്ലോ? അതായത് മാര്‍പാപ്പ പുതുതായി എന്തെങ്കിലും കാര്യങ്ങള്‍ക്ക് രൂപീകരണം കൊടുക്കുമ്പോള്‍ അത് തന്റെ അജഗണങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള മാധ്യമങ്ങളാണ് Apostolic Constitutions. Constitution എന്ന വാക്കിന്റെ ഉത്ഭവത്തെക്കുറിച്ച് ചിന്തിച്ചാല്‍, ഇതു രൂപം കൊള്ളുക Con(cum) and Statuendo (statutes) എന്നീ വാക്കുകളില്‍ നിന്നാണ്. അങ്ങനെയാണെങ്കില്‍ അതിന്റെ അര്‍ത്ഥം 'പൊതുവായ നിയമം' എന്ന തലത്തിലേക്ക് ഉയരും. Apostolic Constitution ഇപ്പോള്‍ ഉപയോഗിച്ചു വരിക: a) ദൈവികമായി വെളിപ്പെടുത്തപ്പെട്ട സത്യങ്ങളുടെ (Dogma) നിര്‍വചനത്തിനോ, അല്ലെങ്കില്‍ അവയുടെ പുനര്‍നിര്‍വചനത്തിനോ; b) നിലവിലുള്ള കാനന്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോ അല്ലെങ്കില്‍ പുതിയവ കൂട്ടിച്ചേര്‍ക്കുന്നതിനോ; c) പുതിയ സഭാഭരണ സംവിധാനങ്ങള്‍ (Ecclesiastical Structures) ക്ക് രൂപം കൊടുക്കുന്നതിനും വേണ്ടിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു Apostolic Constitution-ന്റെ പരാമര്‍ശ വിഷയം ഒന്നുകില്‍ dogmatic (വെളിപ്പെടുത്തപ്പെട്ട ദൈവിക സത്യങ്ങളുടെ അവതരണം) അല്ലെങ്കില്‍ doctrinal (Magisterial teachings of the Church) അഥവാ സഭാ തനയര്‍ അനുവര്‍ത്തിക്കേണ്ട discipline (അച്ചടക്ക) സംബന്ധിയായ കാര്യങ്ങള്‍, അതോടൊപ്പം Ecclesiastial Structures (ഭരണപരമായ) കാര്യങ്ങളോ ആവാം. Apostolic Constitution-കള്‍ ആഗോള കത്തോലിക്കാസഭയ്ക്ക് വേണ്ടിയുള്ളതാവാം അല്ലായെങ്കില്‍ സഭയിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനുവേണ്ടി മാത്രമുള്ളതാകാം. Apostolic Constitution ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണെങ്കില്‍ അക്കാര്യം ആ രേഖയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ടാകും. അല്ലാത്ത പക്ഷം അത് ആഗോളസഭയ്ക്കുവേണ്ടിയുള്ളതായിരിക്കും. അപ്പസ്‌തോലിക് Constitutions ന് കാനന്‍ നിയമത്തിന് തത്തുല്യമായ സ്ഥാനമാണ് ഉള്ളത്. ആയതിനാല്‍ ഇവ legislative documents കള്‍ കൂടിയാണ്. ആരെ ഉദ്ദേശിച്ചാണോ ഇവ എഴുതപ്പെട്ടിരിക്കുക അവര്‍ Apostolic Constitution-ല്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്.

3) ചാക്രികലേഖനങ്ങള്‍: സഭാതനയര്‍ക്ക് ഏറെ സുപരിചിതമായ ഒന്നാണ് ചാക്രികലേഖനങ്ങള്‍. ഇവയുടെ മറ്റു പേരുകളാണ് Encyclical Letter, Encyclica Epistola, Litterae Encyclicae തുടങ്ങിയവ. പരിശുദ്ധ പിതാവ് തന്റെ സാധാരണാധികാരം ഉപയോഗിച്ച് ദൈവജനത്തെ പഠിപ്പിക്കുന്നതിന്റെ ഭാഗമാണ് ചാക്രിക ലേഖനങ്ങള്‍. അജപാലനപരമായ കാര്യങ്ങള്‍, സാമൂഹികവും ധാര്‍മ്മികവുമായ വിഷയങ്ങള്‍, സഭയുടെ നന്മയും വളര്‍ച്ചയും തുടങ്ങിയുള്ള വിഷയങ്ങള്‍ ചാക്രിക ലേഖനങ്ങളുടെ ഉള്ളടക്കമായി വരിക. സഭയുടെ ഔദ്യോഗിക പഠനങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന ചാക്രിക ലേഖനങ്ങള്‍ സഭാതനയര്‍ക്കുള്ള മാര്‍പാപ്പയുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നു. ചാക്രിക ലേഖനങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന സഭാ പഠനങ്ങള്‍ ആധികാരിക പഠനങ്ങളാണെങ്കിലും അവയെ മാര്‍പാപ്പയുടെ അപ്രമാദിത്ത വരം ഉപയോഗിച്ചുള്ള പഠനങ്ങളായി കാണേണ്ടതില്ല. എങ്കിലും അതിലൂടെ അവതരിപ്പിക്കപ്പെടുന്ന പഠനങ്ങള്‍ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ മനസ്സിലാക്കി പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. അതു പ്രാവര്‍ത്തികമാക്കുന്നതിന് മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ കടമയുണ്ട്.

4) Apostolic Exhortations: എല്ലാ കത്തോലിക്ക വിശ്വാസികളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള മാര്‍പാപ്പയുടെ മറ്റൊരു ഔദ്യോഗിക രേഖയാണ് Apostolic Exhortations. ദൈവിക സത്യങ്ങളുടെ (Dogma) യോ, സഭയുടെ ഔദ്യോഗിക പഠനങ്ങളുടെ (Doctrinal) യോ നിര്‍വചനമോ വ്യാഖ്യാനമോ ഇതിന്റെ ലക്ഷ്യമല്ല. മറിച്ച്, ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ ആസ്പദമാക്കിയുള്ള മാര്‍പാപ്പയുടെ വിചിന്തനങ്ങളും അജഗണങ്ങള്‍ക്കുള്ള ഉപദേശങ്ങളുമാണ് ഇതിന്റെ പ്രധാന ശൈലി. അതിനാല്‍ത്തന്നെ ഇതിലെ മാര്‍പാപ്പയുടെ പഠനങ്ങളെ സഭയിലെ ഔദ്യോഗിക നിയമമായി കാണേണ്ടതില്ല. വേറെ വാക്കില്‍ പറഞ്ഞാല്‍ Apostolic Exhortations ഒരു legislative document അല്ല. എങ്കിലും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ നടപ്പിലാക്കാനുള്ള ഉദ്യമങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. Apostolic Exhortation-നുകളില്‍ ചിലത് Post-Synodal Apostolic Exhortations എന്നറിയപ്പെടാറുണ്ട്. അതായത് മാര്‍പാപ്പ വിളിച്ചു ചേര്‍ക്കുന്ന Synod of Bishops-ല്‍ ഏതെങ്കിലും ഒരു പ്രത്യേക വിഷയം ചര്‍ച്ച ചെയ്യുകയും, അവിടെ ഉരുത്തിരിയുന്ന ആശയങ്ങളുടെ പശ്ചാത്തലത്തില്‍ ദൈവജനത്തെ ഉദ്‌ബോധിപ്പിക്കാന്‍ മാര്‍ പാപ്പ പുറപ്പെടുവിക്കുന്ന പ്രബോധനമാണ് Post-Synodal Apostolic Exhortations.

5) മാര്‍പാപ്പയുടെ കത്തുകള്‍: Papal Letters, Apostolic Letters, Apostolic Epistle, Apostolica Epistola എന്നീ പേരുകളിലും മാര്‍പാപ്പയുടെ കത്തുകള്‍ അറിയപ്പെടുന്നു. ഭരണപരമോ, അജപാലനപരമോ ആയ പ്രശ്‌നങ്ങളാണ് പ്രധാനമായും 'മാര്‍പാപ്പയുടെ കത്തു' (Apostolic Letters) കളുടെ പശ്ചാത്തലം. ഒരു പ്രത്യേക പ്രദേശത്തോ സഭയില്‍ ആകമാനോ രൂപമെടുത്തിരിക്കുന്ന ഒരു പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങളായിരിക്കും ഈ കത്തിന്റെ ഉള്ളടക്കം. ഏതെങ്കിലും ഒരു കാര്യം നിയമമാക്കി പ്രാബല്യത്തില്‍ വരുത്തുകയോ, എല്ലാവരും നിര്‍ബന്ധമായും അനുസരിക്കണമെന്ന ആഹ്വാനം നല്കുകയോ ചെയ്യല്‍ Apostolic Letter-ന്റെ ലക്ഷ്യമല്ല. മറിച്ച്, സാര്‍വ്വത്രികസഭയുടെ തലവനും ഭരണാധികാരിയുമെന്ന നിലയില്‍ ദൈവജനത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക, ഉപദേശങ്ങള്‍ നല്‍കുക എന്നിവ മാത്രമാണ് ഇതിന്റെ ലക്ഷ്യം. ഇത്തരം കത്തുകള്‍ വ്യക്തിക്കോ ഒരു സമൂഹത്തിനോ എഴുതുന്നതാകാം. ഒരു പ്രത്യേക വിഷയത്തില്‍ കൂടുതല്‍ വിശകലനങ്ങളും, വിശദീകരണങ്ങളും ചര്‍ച്ചകളും ആവശ്യമായിരിക്കുന്നതിനാലാണ് ഒരു തീരുമാനം അറിയിക്കാതെ തന്റെ നിര്‍ദ്ദേശങ്ങള്‍ (I exhort you ….) മാര്‍പാപ്പ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. അതായത് Apostolic letter-ല്‍ മാര്‍പാപ്പ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തി ദൈവജനത്തെ ബോദ്ധ്യപ്പെടുത്തി വേണം ഉത്തരവാദിത്തപ്പെട്ടവര്‍ നടപ്പിലാക്കാന്‍. അതല്ലാതെ അവയെ എല്ലാവരും അനുസരിക്കേണ്ട മാര്‍പാപ്പയുടെ കല്പനകളായി കാണുകയോ അങ്ങനെ വ്യഖ്യാനിക്കുകയോ ചെയ്യേണ്ടതില്ല. എന്നാല്‍ ചെയ്യേണ്ടത് 'മാര്‍ പാപ്പയുടെ കത്തുകള്‍'ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ ചര്‍ച്ചകള്‍ നടത്തുകയുമാണ്.

6) Motu Proprio: മാര്‍പാപ്പ സ്വന്തം ഇഷ്ടപ്രകാരം എഴുതുന്ന രേഖകളാണ് Motu proprio (of his own accord) എന്ന category-യില്‍ പെടുന്നത്. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ ആരായാതെ സ്വന്തം ബുദ്ധിയിലും യുക്തിയിലും ശരിയെന്നു ബോദ്ധ്യമുള്ള കാര്യങ്ങളുടെ അവതരണമാണ് മാര്‍പാപ്പ ഈ രേഖകളിലൂടെ അവതരിപ്പിക്കുക. ഏതെങ്കിലും ഒരു പ്രത്യേക വിഷയം മാത്രമായിരിക്കും ഈ രേഖയിലെ കേന്ദ്ര ബിന്ദു. ആരുടെയെങ്കിലും അപേക്ഷകള്‍ക്കോ, പരാതികള്‍ക്കോ ഉള്ള മറുപടിയല്ല Motu Proprio രേഖയില്‍ വരിക. മറിച്ച് സഭാസംബന്ധമായ ഒരു പ്രത്യേക കാര്യത്തില്‍ മാര്‍പാപ്പയുടെ തീരുമാനമോ, അല്ലെങ്കില്‍ നിലവിലുള്ള സഭാ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു വേണ്ടിയോ, അതുമല്ലെങ്കില്‍ ഏതെങ്കിലും പുതിയ നിയമങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ വേണ്ടിയാണ് ഇത്തരത്തിലുള്ള രേഖകള്‍ മാര്‍പാപ്പ പുറപ്പെടുവിക്കുക. അതുകൊണ്ട് തന്നെ ഇത്തരം രേഖകള്‍ക്ക് സഭയിലെ കാനന്‍ നിയമത്തിന് തത്തുല്യമായ പ്രാധാന്യമാണ് ഉള്ളത്. ഇന്ന് കാനന്‍ നിയമത്തിന് പുറമെയുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടു വരുന്നതിനുള്ള പ്രധാന മാര്‍ഗ്ഗമായി Motu Proprio-കള്‍ മാറിക്കഴിഞ്ഞു. Motu Proprio-യില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അനുസരിക്കുന്നതിനും അതനുസരിച്ച് സഭാ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനും സഭാതനയര്‍ക്ക് കടമയുണ്ട്.

മാര്‍പാപ്പ പ്രസിദ്ധീകരിക്കുന്ന രേഖകളുടെ മൂല്യവും പ്രസക്തിയും പരിശോധിക്കുകയായിരുന്നു. മേല്പറഞ്ഞ ആറ് രേഖകള്‍ കൂടാതെ ഇനിയും വിവിധ category-കളില്‍പ്പെടുന്ന Papal Document കള്‍ ഉണ്ട്. അവ Papal Allocutions, Papal Decrees, Papal Bull, Papal Messages, Papal Declaration എന്നിവയാണ്. ഇവയ്ക്കും അതിന്റേതായ മൂല്യവും പ്രസക്തിയും ഉണ്ട്. അവയൊന്നും ഇവിടെ വിവരിക്കുന്നില്ല. മേല്പറഞ്ഞ രേഖകളുടെയെല്ലാം ഉടമസ്ഥന്‍ മാര്‍പാപ്പയാണ്. എന്നാല്‍ വിശ്വാസികള്‍ എല്ലാ രേഖകള്‍ക്കും ഒരേ പ്രാധാന്യമല്ല കൊടുക്കേണ്ടത്. വിശ്വാസസത്യങ്ങളും സന്മാര്‍ഗ്ഗവും സംബന്ധിച്ച് മാര്‍പാപ്പ പഠിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമാണ് ബുദ്ധിയും യുക്തിയും അവഗണിച്ചുകൊണ്ട് അനുസരിക്കേണ്ടത്. അല്ലാത്തവയെല്ലാം ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്കും സാഹചര്യങ്ങള്‍ക്കും വിധേയമാണ്. കാനന്‍ നിയമങ്ങള്‍ പോലും ഒരുപാട് ചര്‍ച്ചകള്‍ക്കും പരിചിന്തനങ്ങള്‍ക്കും വിധേയമാക്കിയ ശേഷമാണ് എല്ലാവരും അനുസരിക്കേണ്ട നിയമമാക്കി മാറ്റുന്നത്. മാര്‍പാപ്പ സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായര്‍ക്കുമായി എഴുതിയ കത്തിന് (Letter signed by the Holy Father to the Major Archbishop and Bishops of the Synod of the Syro-Malabar Church, 3 July 2021) ഒരു കാനോനിക നിയമത്തിന്റെ മൂല്യമോ, വിശ്വാസസത്യമോ സന്മാര്‍ഗ്ഗമോ സംബന്ധിച്ച പഠനത്തിന്റെ പ്രസക്തിയോ ഇല്ല. അത് ഒരു letter മാത്രമാണ്. മാര്‍പാപ്പ സീറോ മലബാര്‍ സഭയുടെ ദിവ്യബലിയര്‍പ്പണം എങ്ങനെ വേണം എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സഭാ തനയരെ പ്രേരിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, ഒരു കത്ത്. അതിനെ എല്ലാവരും അനുസരിക്കേണ്ട മാര്‍പാപ്പയുടെ കല്പനയായി മനസ്സിലാക്കേണ്ടതില്ല. മറിച്ച് ആ കത്തിനെ ആദരവോടെ കാണുകയും മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്താല്‍ മതി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org