‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’

‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’

സുനില്‍ പി. ഇളയിടത്തിന്റെ 'സ്വാതന്ത്രേ്യാന്മുഖമായ മതജീവിതം' എന്ന ലേഖനത്തിന് ഒരു മറുപടി

ജോസ് തേവര്‍ക്കാട്

കേരളത്തിലെ ഒരു പ്രമുഖ ചിന്തകനും പണ്ഡിതനുമായ സുനില്‍ പി. ഇളയിടം സത്യദീപം വാരികയില്‍ 05-08-2020 ലക്കത്തില്‍ 'സ്വാതന്ത്രേ്യാന്മുഖമായ മതജീവിതം' എന്ന ഒരു ലേഖനം എഴുതുകയുണ്ടായി. 'മതജീവിതം' എന്ന സുപ്രധാന വിഷയത്തെ ക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ ചിന്തോദ്ദീപകമായി അവതരിപ്പിച്ച തിന് ലേഖകന്‍ പ്രശംസ അര്‍ഹിക്കുന്നു. പരോക്ഷമാ യാണെങ്കിലും ഇളയിടത്തിന്റെ ആശയങ്ങളും വാദങ്ങളും കത്തോലിക്കാ വിശ്വാസത്തെയും വിശ്വാസ ജീവിതത്തെയും സംബന്ധിക്കുന്നവയാണ്. കൂടാതെ, ഈ ലേഖനം ഒരു കത്തോലിക്കാ വാരികയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിനാല്‍തന്നെ ഈ ലേഖനം കത്തോലിക്കാ വിശ്വാസപാരമ്പര്യത്തിലും വീക്ഷണത്തിലും നിന്നുള്ള ഒരു മറുപടി അര്‍ഹിക്കുന്നു. ഒരു കത്തോലിക്കാ വിശ്വാസിയും വിശ്വാസജീവിതം നയിക്കുന്ന വ്യക്തിയും എന്ന നിലയില്‍ ആ കൃത്യം ഈ ലേഖനത്തിലൂടെ നിര്‍വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇളയിടത്തിന്റെ ലേഖനത്തിന് ഒരു മറുപടി എന്നതിനോടൊപ്പംതന്നെ കത്തോലിക്കാ വിശ്വാസസമൂഹത്തിന്റെ ജീവിതചേതനകള്‍ക്കും ആധ്യാത്മിക-ബൗദ്ധികചിന്തകള്‍ക്കും ഉണര്‍വും പ്രോത്സാഹനവും നല്‍കുക എന്ന ഉദ്ദേശവും ഈ ലേഖനത്തിനുണ്ട്.
മതത്തിന്റെ വിവിധ ഘടകങ്ങള്‍
'മതജീവിതം എങ്ങനെ സ്വാതന്ത്രേ്യാന്മുഖമാക്കാം?', അല്ലെങ്കില്‍, 'സ്വാതന്ത്ര്യത്തിന്റെ ആത്മീയാനുഭവം എന്താണ്?' എന്ന ചോദ്യത്തിലൂടെ ഇളയിടം മതത്തെക്കുറിച്ചുള്ള തന്റെ വിശകലനം ആരംഭിക്കുന്നു. മതത്തെ ഒരു 'പ്രക്രിയാതലത്തില്‍ മനസ്സിലാക്കിക്കൊണ്ട് ലേഖകന്‍ അതിന്റെ അഞ്ചു ഘടകങ്ങള്‍ വിവേചിച്ചുകാണിക്കുകയും ഓരോന്നിന്റെയും പ്രത്യേകവിവര ണവും വിശകലനവും നല്‍കുകയും ചെയ്യുന്നു. ഈ ഘടകങ്ങള്‍ ഇവയാണ്: 1) ദൈവശാസ്ത്രം, 2) ആചാരാനുഷ്ഠാനങ്ങള്‍, 3) പൗരോഹിത്യം, 4) സ്ഥാപനങ്ങള്‍, 5) നീതിദര്‍ശനം. ഇവ ഓരോന്നും അടച്ചുമുദ്രവയ്ക്കപ്പെട്ട അറകളല്ല, പ്രത്യുത പരസ്പരപൂരകങ്ങളും പലപ്പോഴും പരസ്പരം ഇടയുകയും ചെയ്യുന്നവയുമാണ്; ഇവയില്‍ ഏതു ഘടകം മറ്റുള്ളവയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നുവോ അതിനനുസരിച്ചായിരിക്കും മതത്തിന്റെ സ്വഭാവം നിര്‍ണയിക്കപ്പെടുന്നത് എന്നു ലേഖകന്‍ വാദിക്കുന്നു.
ഇളയിടത്തിന്റെ വീക്ഷണ ത്തില്‍ ഇവയില്‍ ആദ്യത്തെ നാല് ഘടകങ്ങളും മതത്തിന്റെ 'പ്രവര്‍ ജ്ജകഘടകങ്ങളാണ്' (elements of exclusion). അതിനാല്‍ത്തന്നെ അവ സ്വാതന്ത്രേ്യാന്മുഖമായ മത ജീവിതത്തിനു പരിമിതമായ സംഭാവനയേ നല്‍കുന്നുള്ളൂ. 'ഉള്‍ക്കൊള്ള'(inclusion)ലിന്റെ സ്വഭാവമുള്ള മതഘടകം ഒന്ന് മാത്രമാണ്. അതിന്റെ നീതിദര്‍ശനം. ക്രിസ്തുമതത്തില്‍ ഈ നീതിസാരം സ്‌നേഹമാണ്. ഇസ്ലാമില്‍ അത് സാഹോദര്യവും, ബുദ്ധമതത്തില്‍ കരുണയും, വേദാന്തഹിന്ദുമതത്തില്‍ അത് ഏകതയുമാണ്. മത ഘടകങ്ങളില്‍ ഈ നീതിസാരത്തിനു മാത്രമേ സാര്‍വത്രികവും ശാശ്വതവുമായ മാനമുള്ളൂ; അതിനു മാത്രമേ മതത്തിന്റെ നിലനില്‍പിന് മതാതീതമായ ഒരു സാധൂകരണം നല്‍കാനാവൂ എന്നും ലേഖകന്‍ വാദിക്കുന്നു.
വിമര്‍ശനാത്മക ആത്മീയത
സാമൂഹ്യശാസ്ത്രജ്ഞയായ ഫിയോന ഗാര്‍ഡുര്‍ മുന്നോട്ടുവയ്ക്കുന്ന 'വിമര്‍ശനാത്മക ആത്മീയത' എന്ന ആശയം ഇളയിടം ഇവിടെ അവതരിപ്പിക്കുന്നു. നീതി സാരതലത്തില്‍ മതജീവിതം നയിക്കുന്നതിനുള്ള മാര്‍ഗ്ഗമാണിത്. വിമര്‍ശനാത്മക ആത്മീയത മതേതരവും, സാമൂഹ്യവും, ക്രിയാത്മകവുമായ ഒരു സങ്കല്പമാണ്. അത് അപരകേന്ദ്രീകൃത്ര(other-centered) മാണ്; അപരതയെ അതിന്റെ സമഗ്രതയിലും ദൈനംദിന ജീവിത വാസ്തവികതയിലും അത് അന്വേഷിക്കുന്നു; അതിലൂടെ നീതിനിഷ്ഠവും വൈവിധ്യമാര്‍ന്നതും അര്‍ത്ഥവത്തായതുമായ ഒരു സമൂഹത്തെ അത് കെട്ടിപ്പടുത്തുന്നു. ധ്യാനാത്മകതയിലുപരിയായി അത് ദൈനംദിനജീവിത സാഹചര്യങ്ങളില്‍ നീതിക്കായി വര്‍ത്തിക്കുന്നു, അതേസമയം ദൈനം ദിനതയ്ക്കതീതമായി നിലകൊള്ളുകയും ചെയ്യുന്നു. അങ്ങനെ വിമര്‍ശനാത്മക ആത്മീയത ദൈനംദിനതയെയും സാര്‍വ്വത്രികതയെയും കോര്‍ത്തിണക്കുകയും, അതുവഴി ആത്മീയം, ഭൗതികം, ചിന്താവികാരം, ദൈനംദിനം, അതിഭൗതികം തുടങ്ങിയ പരമ്പരാഗത ദ്വന്ദകല്പനകളെ അതിജീവിക്കുകയും ചെയ്യുന്നു എന്നും ലേഖകന്‍ അവകാശപ്പെടുന്നു.
ഇളയിടം മതവിശ്വസത്തെയും മതജീവിതത്തെയും കുറിച്ചുള്ള തന്റെ വിശകലനം ഒരു 'മതേതരത്വ' പ്രത്യയശാസ്ത്രവീക്ഷണ (ideological secularist perspective) ത്തില്‍ നിന്നാണ് നടത്തുന്നത്. ഈ വീക്ഷണം വിവിധ മതങ്ങളുടെ അവകാശവാദങ്ങളെ അപേക്ഷിച്ചു മതപരമായ 'നിഷ്പക്ഷത' പാലിക്കുന്നു എന്ന് അവകാശപ്പെടുന്നു. ഇതില്‍ ഒരു സത്യാംശം ഇല്ലാതില്ല. എന്നാല്‍ 'മതേതരത്വം' എന്ന ഈ പ്രത്യയശാസ്ത്രത്തിനും നിഷ്പക്ഷമല്ലാത്ത ചില അനുമാനങ്ങളും സങ്കല്പങ്ങളും മുന്‍വിധികളും ഉണ്ട് എന്നു നാം മനസ്സിലാക്കണം. പ്രത്യേകിച്ച് മതങ്ങളുടെ താരതമ്യ പഠനങ്ങളും വിലയിരുത്തലുകളും നടത്തുന്ന സന്ദര്‍ഭങ്ങളില്‍. ഇളയിടം ഈ ഒരു വീക്ഷണം തിരഞ്ഞെടുക്കുന്നത് തന്റെ ചില വ്യക്തിപരമായ ബോധ്യങ്ങളെയും 'വിശ്വാസങ്ങളെയും' ('അവിശ്വാസങ്ങളെയും') അടി സ്ഥാനമാക്കിയായിരിക്കാം. എന്നാല്‍ തീര്‍ത്തും 'നിഷ്പക്ഷം' എന്ന് നടിക്കുന്ന മതേതരത്വ പ്രത്യയ ശാസ്ത്രവീക്ഷണത്തില്‍ നിന്നു കൊണ്ട് 'മത'മെന്ന പ്രതിഭാസത്തെ വിശകലനം ചെയ്യാനും മത ങ്ങളെ വിലയിരുത്താനും ശ്രമിച്ചാല്‍ ആ വിശകലനവിലയിരുത്തലുകള്‍ പരിമിതങ്ങളായിരിക്കും. കാരണം അത് ഓരോ മതത്തിന്റെയും അനന്യത, അതിന്റെ ചരിത്രപരമായ വസ്തുതകള്‍ (ഉല്പത്തി, വളര്‍ച്ച, വ്യാപനം), അതിന്റെ വിശേഷ പ്രമാണസിദ്ധാന്തങ്ങള്‍ തുടങ്ങിയവ കണക്കിലെടുക്കാതെ മതത്തെ അമിതസാമാന്യവത്ക്കരിക്കുന്നു (over-generalization of religion). സാമാന്യവും ചരിത്രമാനരഹിതവുമായ (a historical) ഇത്തരമൊരു വിശകലനത്തിന് വിവിധ മതങ്ങള്‍ തമ്മിലുള്ള ചില ഉപരിതലസാമ്യങ്ങള്‍ ചൂണ്ടിക്കാണിക്കാനാവുമെങ്കിലും മതങ്ങളെക്കുറിച്ചും 'മതം' എന്ന പ്രതിഭാസ ത്തെക്കുറിച്ചുതന്നെയും ആഴത്തി ലുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ അത് പര്യാപ്തമല്ല.
ഈ വീക്ഷണദൗര്‍ബല്യം ലേഖനത്തിലുടനീളം പ്രത്യക്ഷമാണ്, അത് ദൈവശാസ്ത്രം, ആചാരാനുഷ്ഠാനങ്ങള്‍, പൗരോഹിത്യം, സ്ഥാപനങ്ങള്‍ എന്നീ മതഘടകങ്ങളെക്കുറിച്ചുള്ള ലേഖകന്റെ പരാമര്‍ശങ്ങളെയും കളങ്കപ്പെടുത്തുന്നു. ഇവയുടെ യഥാര്‍ത്ഥമായ സ്വ ഭാവമൂല്യങ്ങളെക്കുറിച്ച് ലേഖകന് പൂര്‍ണഗ്രാഹ്യം ഇല്ലാതാവുന്നു. എന്നാല്‍ ഇതിനെക്കുറിച്ചു വിശദ മായി പ്രതിപാദിക്കുന്നതിനു മുമ്പ് ഇതുമായി ബന്ധപ്പെട്ട രണ്ടു പ്രധാന കാര്യങ്ങള്‍ കൂടി വിസ്തരി ക്കേണ്ടതുണ്ട്.
ഒന്നാമതായി, 'സത്യം' എന്ന പദം, മതത്തെക്കുറിച്ചുള്ള സുദീര്‍ഘമായ ഈ ലേഖനത്തില്‍ ഒരി ക്കല്‍ പോലും പ്രത്യക്ഷപ്പെടുന്നി ല്ല! പ്രത്യേകിച്ചും, പല പ്രമുഖമതങ്ങളും 'സത്യാവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിന് വെളിച്ചത്തില്‍, ലേഖകന്റെ ഭാഗത്തുനിന്നുള്ള ഈ 'ലോപം' (omission) തീര്‍ത്തും പ്രസക്തമാണ്. ക്രിസ്തുമതം തീര്‍ച്ചയായും ആത്യന്തികമാ യ 'സത്യാവകാശവാദങ്ങള്‍' ഉന്ന യിക്കുന്ന ഒരു മതമാണ്. എന്നാല്‍ ലേഖകന്റെ ഈ 'സത്യലോപം' അതിശയമുളവാക്കുന്നില്ല, കാര ണം തന്റെ മതേതരത്വ പ്രത്യയശാ സ്ത്രവീക്ഷണത്തിന്റെ നേരിട്ടുള്ള പരിണിതഫലമാണിത്: 'സത്യം' എന്ന വിഷയത്തിനു മുന്‍പില്‍ ഈ വീക്ഷണം, 'പരമമായ സത്യം എന്നൊന്നില്ല' എന്നുള്ള ആപേക്ഷികതാ സിദ്ധാന്ത (relativism) മായി പരിണമിക്കുന്നു. ധര്‍മം, നീതി, സ്വാതന്ത്ര്യം തുടങ്ങിയ ഉത്തമ മൂല്യങ്ങളെക്കുറിച്ചുള്ള തന്റെ ഉത്കണ്ഠകള്‍ക്കും കാഴ്ചപ്പാടുകള്‍ ക്കും വിശ്വാസ്യതയും നിസ്സന്ദേഹതയും ഉണ്ടാകണമെങ്കില്‍, പല അക്കാദമികവൃത്തങ്ങളിലും ഇക്കാലത്തു വളരെ പ്രീതമായിട്ടുള്ള 'സത്യാനന്തരത'യില്‍ നിന്ന് ഉദ്ഭവിക്കുന്നു എന്നനുമാനിക്കാവുന്ന, തന്റെ മനഃപൂര്‍വ്വമായ ഈ 'സത്യാവഗണന' ഉപേക്ഷിച്ച്, ലേഖകന്‍ സമഗ്രമായ ഒരു 'സത്യാന്വേഷണം' നടത്തേണ്ടിയിരിക്കുന്നു എന്നു പറയാതെ വയ്യ.
രണ്ടാമതായി, 'ആത്മീയം, ഭൗ തികം', 'ചിന്ത, വികാരം' തുടങ്ങിയ പരമ്പരാഗത ദ്വന്ദതാചിന്താക്രമങ്ങളെ (dualistic thought patterns) തരണം ചെയ്യാന്‍ മതത്തിന്റെ നീതിസാര തലത്തില്‍ വര്‍ത്തിക്കുന്ന വിമര്‍ശനാത്മക ആത്മീയതയിലൂ ടെയുള്ള പ്രയാണം ഇളയിടം മുന്നോട്ടുവയ്ക്കുന്നു. മേല്പറഞ്ഞ, മതത്തിന്റെ അമിതസാമാന്യ വത് കരണത്തിന്റെ ഭാഗമായിത്തന്നെ എല്ലാ മതപാരമ്പര്യങ്ങളും ദ്വന്ദതാ ടിസ്ഥിതങ്ങളാണെന്ന് അദ്ദേഹം അനുമാനിക്കുന്നു. കൂടാതെ, തന്റെ വാദങ്ങളും ദ്വന്ദചിന്താക്രമങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു എന്ന വസ്തുതയും അദ്ദേഹം മനസ്സിലാക്കുന്നില്ല. ഉദാഹരണത്തിന്, അദ്ദേ ഹം മതത്തെ നിര്‍വചിക്കുന്നത് 'പരിവര്‍ജ്ജനം, ഉള്‍ക്കൊള്ളല്‍' എന്ന ദ്വന്ദതയെ അടിസ്ഥാനമാക്കിയാണ്. ലേഖകന്റെ കാഴ്ചപ്പാടില്‍ നീതിദര്‍ശനം എന്ന 'ഉള്‍ക്കൊള്ളല്‍ ഘടകം' മാത്രം ഉന്നതവും, ദൈവശാസ്ത്രം, ആചാരാനുഷ്ഠാനങ്ങള്‍, പൗരോഹിത്യം, സ്ഥാപനങ്ങള്‍ എന്നീ ഘടകങ്ങള്‍ 'കേവല പരിവര്‍ജ്ജകങ്ങള്‍' ആയതിനാല്‍ താരതമ്യേന അധമവും ആണ്; അങ്ങനെ അവ തമ്മില്‍ കൃത്രിമമായ ഒരു വൈരുദ്ധ്യം സൃഷ്ടിക്കപ്പെടുന്നു. 'അധമത്തെ ഉപേക്ഷിച്ചു മാത്രമേ ഉന്നതത്തെ ആശ്ലേഷിക്കാനാവൂ' എന്ന് വ്യംഗ്യം. അതു പോലെ, മതസ്ഥാപനങ്ങളുടെ സേവനങ്ങള്‍ മതേതര പൊതുജീവിതത്തിലേക്ക് കടന്നുകയറ്റം' നടത്തുന്നു എന്ന് ആരോപിക്കുമ്പോള്‍ ലേഖകന്‍ 'മതം, മതേതരം' എന്ന ദ്വന്ദതയില്‍ അകപ്പെട്ടു കിടക്കുന്നു.

ഇളയിടം മതവിശ്വാസത്തെയും മതജീവിതത്തെയും
കുറിച്ചുള്ള തന്റെ വിശകലനം ഒരു 'മതേതരത്വ' പ്രത്യയ
ശാസ്ത്രവീക്ഷണ (ideological secularist perspective) ത്തില്‍
നിന്നാണ് നടത്തുന്നത്. ഈ വീക്ഷണം വിവിധ മതങ്ങളുടെ
അവകാശ വാദങ്ങളെ അപേക്ഷിച്ചു മതപരമായ
'നിഷ്പക്ഷത' പാലിക്കുന്നു എന്ന് അവകാശപ്പെടുന്നു.
ഇതില്‍ ഒരു സത്യാംശം ഇല്ലാതില്ല. എന്നാല്‍ 'മതേതരത്വം'
എന്ന ഈ പ്രത്യയശാസ്ത്രത്തിനും നിഷ്പക്ഷമല്ലാത്ത
ചില അനുമാനങ്ങളും സങ്കല്പങ്ങളും മുന്‍വിധികളും
ഉണ്ട് എന്നു നാം മനസ്സിലാക്കണം.


ദൈവശാസ്ത്രം
ദൈവശാസ്ത്രം മതത്തിന്റെ ഒരു അടിസ്ഥാനഘടകമാണെങ്കിലും ഭൂരിപക്ഷം വിശ്വാസികളും അതില്‍ അതത്പരരാണെന്നും, ഈ താത്പര്യമില്ലായ്മ അതിന്റെ അടിസ്ഥാനവൈരുദ്ധ്യം' വെളിപ്പെടുത്തുന്നു എന്നും ഇളയിടം അവകാശപ്പെടുന്നു. ഇവിടെ ലേഖകന്‍ 'ദൈവശാസ്ത്രം' എന്ന പദം ശ്‌ളഥമായ രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ കത്തോലിക്കാ ആത്മീയ-ബൗദ്ധിക പാരമ്പര്യത്തില്‍, ഇളയിടം 'ദൈവശാസ്ത്രം' എന്ന പദം കൊണ്ടുദ്ദേശിക്കുന്ന വിഷയത്തിന് കൂടുതല്‍ സൂകഭേദങ്ങളുണ്ട്. ആദ്യമായി, ആധികാരികപ്രമാണങ്ങള്‍ (dogma): അതായത്, മനുഷ്യഭാഷയില്‍ കൃത്യതയോടും സ്പഷ്ടതയോടും കൂടി ആവിഷ്‌കരിക്കപ്പെട്ട ദൈവികവെളിപാടുകളായ ദൈവിക രഹസ്യങ്ങളും നിത്യസത്യങ്ങളും. തുടര്‍ന്ന്, ഈ പ്രമാണങ്ങളുടെ സഹജവികസനങ്ങളായ പ്രബോധ നങ്ങള്‍ (doctrine). ചരിത്രപരമായി തിരുസഭയുടെ സൂനഹദോസു കളും (Ecumenical Councils) മാര്‍പാപ്പ തലവനായുള്ള വിജ്ഞാപന-അനുശാസന-തിരുസംഘ (Magisterium) വുമാണ് ഇവ രണ്ടിന്റെയും ഘോഷണകര്‍ മം നിര്‍വഹിക്കുന്നത്. മൂന്നാമതായി, 'ഗ്രഹണം കാംക്ഷിക്കുന്ന വിശ്വാസം' ('faith seeking understanding') എന്നു നിര്‍വചിക്കപ്പെട്ടിട്ടുള്ള, പ്രമാണങ്ങളുടെ അര്‍ത്ഥ തലങ്ങളുടെ മനസ്സിലാക്കലിനും പ്രബോധനങ്ങളുടെ സഹജവികസനത്തിനുമായി നിയോഗിക്കപ്പെട്ടിട്ടുള്ള ദൈവശാസ്ത്രം.
ആചാരാനുഷ്ഠാനങ്ങള്‍
ഇളയിടത്തിന്റെ അഭിപ്രായത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ മതത്തിന്റെ ഉപരിപ്‌ളവമായ ഘടകമാണ്; എന്നാല്‍ ഈ ഘടകമാണ് വിശ്വാസികളുടെമേല്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നത്. അത് ഈ ഘടകത്തിന്റെ സ്വഭാവവൈരുദ്ധ്യ'മായി അദ്ദേഹം കാണുന്നു. ഇങ്ങനെ കാണുന്നതിലൂടെ ലേഖകന്‍ മനുഷ്യജീവിതത്തില്‍ പ്രതീകങ്ങള്‍(symbols)ക്കുള്ള സ്ഥാനം പൂര്‍ണമായും ഗ്രഹിക്കുകയോ വിലമതിക്കുകയോ ചെയ്തിട്ടില്ല എന്നു കരുതണം. പ്രതീ കാത്മകഭാഷയാലും സംജ്ഞയാലും ആംഗ്യങ്ങളാലും പൂരിതങ്ങളായ ആചാരങ്ങള്‍ മനുഷ്യമനസ്സിലും ആത്മാവിലും ആഴത്തിലുള്ള അനുസ്വനം (resonance) സൃഷ്ടി ക്കുകയും അവയെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു എന്ന വസ്തുത മനഃശ്ശാസ്ത്രജ്ഞര്‍, നര വംശശാസ്ത്രജ്ഞര്‍ തുടങ്ങിയ നിപുണര്‍ തങ്ങളുടെ വിവിധ പഠനങ്ങളിലൂടെ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ആചാരങ്ങള്‍ ഒരിക്കലും ഉപരിപ്ലവമോ വ്യര്‍ത്ഥമോ അല്ല എന്നു നാം സമ്മതിക്കേണ്ടി യിരിക്കുന്നു.
കത്തോലിക്കാ വിശ്വാസജീവിതവും പരിശീലനവും രണ്ടു തലങ്ങളിലാണ് വര്‍ത്തിക്കുന്നത്. വേദപാഠവും (catechism) ദൈവശാസ്ത്ര ഗവേഷണവും 'പ്രബോധ ന' തലത്തില്‍ വര്‍ത്തിക്കുന്നു; കാലങ്ങളനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങളിലും ആരാധനാക്രമത്തിലുമുള്ള സജീവപങ്കാളിത്തം 'അവബോധന'തലത്തിലും വര്‍ത്തിക്കുന്നു. ഇവ "pedagogical and mystagogical dimensions of faith-life and formation' എന്ന് പറയപ്പെടുന്നു. അവബോധനത്തിന് പ്രബോധനത്തെ അപേക്ഷിച്ച് ഒരു പ്രാമുഖ്യമുണ്ട്, കാരണം പഠനത്തിലൂടെയുള്ള പ്രബോധനം വ്യക്തികളുടെ ബുദ്ധിയെ യുക്തിയുടെ തലത്തില്‍ മാത്രം അഭിസംബോധന ചെയ്യുമ്പോള്‍ ആരാധനാപങ്കാളിത്തത്തിലൂടെയുള്ള അവബോധനം അവരുടെ പഞ്ചേന്ദ്രിയങ്ങളെയും വികാരങ്ങളെയും ഭാവനയെയും സഹജാവബോധ (intuition)ത്തെയും അനുഭവത്തിന്റെ തലത്തില്‍ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്നു. സഭയില്‍ ഇവ രണ്ടും എപ്പോഴും ഒന്നിച്ചായിരിക്കുന്നതുവഴി വിശ്വാസജീവിതത്തിന് പൂര്‍ണതയും ശ്രേഷ്ഠതയും കൈവരുന്നു.
കത്തോലിക്കരുടെ വിശ്വാസ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം അലങ്കരിക്കുന്നത് വിശുദ്ധ കുര്‍ബാനയാണ്. ഈശോ മിശിഹായുടെ പെസഹാരഹസ്യ (പീഢാനുഭവം, കുരിശുമരണം, ഉത്ഥാനം)ത്തിന്റെ ഓര്‍മ്മയാചരണമാണ് വിശുദ്ധ കുര്‍ബാന. ഈ ആചരണം കാലാകാലം, അഭിഷി ക്തനായ വൈദികന്റെ കാര്‍മ്മികത്വത്തില്‍, സഭ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ക്രമമനുസരിച്ച്, വിശ്വാസികള്‍ ദേവാലയത്തില്‍ ഒരുമിച്ചു കൂടി കൊണ്ടാടുന്നു.
പൗരോഹിത്യം
കത്തോലിക്കാപാരമ്പര്യത്തില്‍ പൗരോഹിത്യം, നിത്യപുരോഹിതനായ ക്രിസ്തുവിനെ, ഒരേ സമയം പുരോഹിതനും ബലിയാടും ബലിയുമായ ക്രിസ്തുവിനെ, കേന്ദ്രീകരിച്ചും മാതൃകയാക്കിയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ക്രിസ്തുവിനെ അനുവര്‍ത്തിക്കുന്ന അഭിഷിക്തനായ ഒരു വൈദികന്‍ ഒരിക്കലും ആചാരാനുഷ്ഠാനങ്ങളുടെ കേവലം ഒരു 'കാര്യവാഹക'നോ മതസ്ഥാപനങ്ങളുടെ കേവല 'ഭരണാധികാരി'യോ ആയിരിക്കുകയില്ല. മാത്രമല്ല, മാമ്മോദീസാ (ജ്ഞാനസ്‌നാനം) എന്ന കൂദാശവഴി ഉളവാകുന്ന എല്ലാ വിശ്വാസികളുടെയും 'സാമാന്യ പൗരോഹിത്യം' (common priesthood of all faithful) എന്ന ക്രിസ്തീയസങ്കല്പവും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. വിശ്വാസസമൂ ഹത്തെ ഒന്നടങ്കം 'പുരോഹിതജനം' (priestly people) എന്നു പറയപ്പെടുന്നു. കൈവയ്പു ശുശ്രൂഷയിലൂടെ ലഭിക്കുന്ന വൈദികരുടെ അഭിഷിക്തപൗരോഹിത്യത്തിന്റെ അടിസ്ഥാനമാണ് എല്ലാ വിശ്വാസികളുടെയും സാമാന്യപൗരോഹിത്യം. ഈ രണ്ടു പൗരോഹിത്യങ്ങളും വ്യതിരിക്തങ്ങളാണ്; അവ ഇതരസ്വഭാവങ്ങളെ പ്രാമുഖീകരിക്കയും ഇതരകര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കയും ചെയ്യുന്നു. എന്നാല്‍ ഇവ രണ്ടും ക്രിസ്തുവിന്റെ ഏക പൗരോഹിത്യത്തില്‍ പങ്കാളികളായിരിക്കുന്നു എന്നതിനാല്‍ സഹജമായും അഗാധമായും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഇളയിടം ചിന്തിക്കുന്നതു പോലെ വിദ്യാഭ്യാസവും
ആരോഗ്യശുശ്രൂഷയും 'വിശ്വാസേതര' മേഖലകളല്ല;
അതേസമയം ഇവ തങ്ങളുടെ ന്യായമായ സ്വത്വവും
സ്വാഭാവിക തത്വങ്ങളും ശാസ്ത്രതയും
നിലനിര്‍ത്തുകയും ചെയ്യുന്നു.


സ്ഥാപനങ്ങള്‍
ക്രിസ്തുമതത്തിന്റെ ആരംഭ കാലം മുതലേ തന്നെ ക്രിസ്ത്യാനികള്‍ സ്‌നേഹത്താലും കരുണയാലും പ്രേരിതമായ സേവന പ്ര വര്‍ത്തനങ്ങള്‍ അനുഷ്ഠിച്ചുപോന്നിരുന്നു. സമൂഹത്തിലെ ദരിദ്രരും രോഗികളും പാര്‍ശ്വവത്കരിക്കപ്പെട്ടവരും എല്ലാം ഈ സേവനങ്ങളില്‍ വളരെ ആശ്വാസംകൊണ്ടിരുന്നു. ഈ പ്രവര്‍ത്തനങ്ങ ളില്‍, തന്റെ പരസ്യശുശ്രൂഷാവേളയില്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണവും രോഗികള്‍ക്ക് സൗഖ്യവും നല്‍കിയ ക്രിസ്തു തന്നെയായിരു ന്നു അവരുടെ മാതൃക. അതിനാല്‍ ക്രിസ്തീയ മനഃസ്ഥിതിയില്‍ പ്രാര്‍ത്ഥനയും സേവനവും തമ്മില്‍, ആത്മീയവും ഭൗതിക വും തമ്മില്‍, വൈരുദ്ധ്യമില്ല; ഇളയിടം പ്രസ്താവിക്കുന്നതുപോലെ ഒന്ന് മറ്റൊന്നിന്മേല്‍ കടന്നാക്രമ ണം നടത്തുന്നില്ല. മറിച്ച്, ഇതരങ്ങളെങ്കിലും അവ പരസ്പര വ്യാപകങ്ങളും പൂരകങ്ങളുമാണ്. അതായയത്, ഇളയിടം ചിന്തിക്കുന്നതു പോലെ വിദ്യാഭ്യാസവും ആരോഗ്യശുശ്രൂഷയും 'വിശ്വാസേതര' മേഖലകളല്ല; അതേസമയം ഇവ തങ്ങളുടെ ന്യായമായ സ്വത്വവും സ്വാഭാവിക തത്വങ്ങളും ശാസ്ത്രതയും നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനം ക്രി സ്തുവിന്റെതന്നെ വചനങ്ങളാണ്: 'സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിന്‍' (മത്താ. 22:21).
കത്തോലിക്കാസഭയില്‍ ഈ സേവനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനായി സ്ഥാപനങ്ങള്‍ നിലകൊള്ളുന്നു. ഇവയുടെ സേവനത്തില്‍ നിന്നുമു ള്ള പ്രയോജനങ്ങളും ആനുകൂല്യങ്ങളും അനുഗ്രഹങ്ങളും ജനതകള്‍ ലോകമാസകലം അനുഭവിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാനാവാത്ത ഒരു ചരിത്രവസ്തുതയാണ്. ചിലപ്പോഴെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍, കച്ചവടമനോഭാവം എന്നിവ സ്ഥാപനങ്ങളുടെ ഭരണത്തെയും പ്രവര്‍ത്തനങ്ങളെയും കീഴ്‌പ്പെടുത്തിയിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോഴും, ഒരു കത്തോലിക്കാസ്ഥാപനം അതിന്റെ സ്വഭാവത്തില്‍ തന്നെ സേവനത്തിന് വിരുദ്ധമാണ് എന്ന് പറയാന്‍ സാധ്യമല്ല.
കത്തോലിക്കാ വിശ്വാസജീവിതം
ആത്മാര്‍ത്ഥവും യഥാര്‍ത്ഥവുമായ കത്തോലിക്കാ വിശ്വാസജീവിതം എന്നാല്‍ വിശ്വാസസത്യങ്ങള്‍ മനസ്സിലാക്കുകയും അവയെ പൂര്‍ണ്ണമനസ്സോടെ പുണരുകയും ചെയ്യുക, വിശുദ്ധ കുര്‍ബാനയിലും കൂദാശകളിലും പങ്കെടുക്കുക, തങ്ങളുടെ സാമാന്യ അഭിഷി ക്ത പൗരോഹിത്യ-ഉത്തരവാദിത്വങ്ങള്‍ സഭയിലും പൊതുസമൂഹത്തിലും നിര്‍വഹിക്കുക, കാരുണ്യ പ്രവര്‍ത്തികള്‍, പ്രത്യേകിച്ച് സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും നിസ്സഹായരെയും ഉദ്ധരിക്കുന്നവ, അനുഷ്ഠിക്കുക എന്ന തൊക്കെയാണ്. ഇങ്ങനെയുള്ള ഒരു വിശ്വാസജീവിതം അത് നയിക്കുന്നവര്‍ക്ക് ആഴമായ ആത്മീയാനന്ദവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്നു. ഇത്തരത്തിലെ ജീവിതം, യേശുക്രിസ്തു കാണിച്ചുതന്ന മാതൃക പിന്തുടര്‍ന്നുകൊണ്ട് അപരനുവേണ്ടി സ്വയം ശൂന്യവ ത്കരിക്കുകയും സ്വയം നല്‍കുകയും ചെയ്യുന്ന നിസ്വാര്‍ത്ഥസ്‌നേഹത്തിന്റെ പരമമായ ആവിഷ്‌കാരമാണ്. ദയാനുകമ്പ, കരുണ, സഹതാപം, ഇവയെല്ലാം ഈ ഉദാത്ത സ്‌നേഹ (ഗ്രീക്കില്‍ agape) ത്തിന്റെ വിവിധ ഭാവങ്ങളാണ്.
ഇത് 'നിര്‍വൃത'മായ ഒരു ജീവിതമാണ്. അതായത്, സ്വത്വം നഷ്ടപ്പെടാതെതന്നെ, ആത്മത്തിന് 'ബഹിര്‍സ്ഥ'മായിക്കൊണ്ട് അപരവുമായി സമൂലമായ ഐക്യത്തിലായിരിക്കുന്ന അവസ്ഥ; ദൈവസ്‌നേഹവും സഹോദരസ്‌നേഹവും, നീതിയും സ്‌നേഹവും, പൂര്‍ണമായി സംയോജിക്കപ്പെടുന്ന അവസ്ഥ.' ഇത് സമഗ്രവും പൂര്‍ണഗുണസമ്പന്നവുമായ ഒരു ആത്മീയതയാണ്. അസഹിഷ്ണുതാമയമായ മത മൗലികവാദത്തെയും, അതേസമയം സത്യത്തെ നേര്‍പ്പിച്ചുകൊണ്ടുള്ള കപട സമാധാനവാദത്തെയും ഇത് ഒരേപോലെ തള്ളിപ്പറയുന്നു.
കത്തോലിക്കാ വിശ്വാസജീ വിതത്തിന്റെ കളങ്കരഹിതവും അതിമധുരതരവുമായ, അതിനാല്‍ ത്തന്നെ സ്ഥായി അല്ലാത്തതുമായ, ഒരു അവതരണമാണ് ഈ നല്‍കിയിരിക്കുന്നത് എന്ന ന്യായമായ ആരോപണം വായനക്കാരില്‍നിന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നു ഞാന്‍ മനസ്സിലാക്കുന്നു. അതു മുന്‍കൂട്ടി കണ്ടുകൊണ്ടുതന്നെ അതിനോട് ഇപ്രകാരം പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നു.
ഒന്നാമതായി, വ്യക്തിപരമായ തലത്തില്‍: നിര്‍വൃതമായ വിശ്വാസജീവിതത്തില്‍ ദുഃഖങ്ങളോ പ്രയാസങ്ങളോ സഹനങ്ങളോ ഇല്ല എന്നല്ല അര്‍ത്ഥമാക്കുന്നത്. മറിച്ച് കുരിശിന്റെ സാന്നിദ്ധ്യം വിശ്വാസ ജീവിതത്തില്‍ എപ്പോഴും ഉണ്ട്. കഠിനസഹനങ്ങളുടെ നീണ്ട കാലയളവുതന്നെ വിശ്വാസജീവിതത്തില്‍ ഉണ്ടായേക്കാം. ആ സന്ദര്‍ഭങ്ങളില്‍ മൗലികമായ അസ്തിത്വത്തിന്റെ തലത്തിലുള്ള തീക്ഷ്ണമായ നിരാശ്രയത്വത്തിന്റെ തമസ് ഹൃദയത്തെ ആകമാനം ഗ്രസിച്ചേക്കാം. ഇതു തന്നെയാണ് കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ വര്‍ണിക്കുന്ന ആത്മാവിന്റെ കൂരിരുളാര്‍ന്ന നിശ' (dark night of the soul) എന്ന ആത്മീയാവസ്ഥ. എന്നാല്‍, സ്വയം ശൂന്യവത്കരണ പ്രക്രിയയില്‍ ഇത്തരമൊരവസ്ഥ അനിവാര്യം തന്നെയാണ് എന്ന ബോധ്യം വിശ്വാസികള്‍ ക്രമേണ ഗ്രഹിക്കുന്നു.
രണ്ടാമതായി, സഭാസമൂഹ തലത്തില്‍: തന്റെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍, സത്യത്തിന്റെ അര്‍ത്ഥതലങ്ങളുടെ ആത്മീയവും ബൗദ്ധികവും പ്രായോഗികവുമായുള്ള അന്വേഷണങ്ങളില്‍ 'വൈരുദ്ധ്യാത്മകത' (dialectics) എന്ന ഊര്‍ജ്ജം സഭയില്‍ എപ്പോഴും പ്രവര്‍ത്തനനിരതമായിരുന്നിട്ടുണ്ട്. ഈ ഊര്‍ജ്ജം വിശ്വാസചേതനയുടെ ഒരടയാളം തന്നെയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത് പലപ്പോഴും ദ്വന്ദതാപ്രേരിതങ്ങ ളായ തീവ്രനിലപാടുകളിലേക്ക് അധഃപതിക്കുകയും വിവിധ സഭാ വിഭാഗങ്ങളും സമൂഹങ്ങളും പരസ്പരം അധിക്ഷേപിക്കയും വിഘ ടിപ്പ് പ്രോത്സാഹിപ്പിക്കയും, അങ്ങനെ സഭാഗാത്രത്തെ ആഴത്തില്‍ മുറിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണ്. കൂടാതെ 'സത്യ'ത്തെ ഒരു ദണ്ഡ് എന്നപോലെ പ്രയോഗിച്ചുകൊണ്ട് കത്തോലിക്കാ വിശ്വാസികള്‍ അക്രൈസ്തവ സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും പ്രഹരിക്കയും അവരുടെ സമൂഹമനസ്സാക്ഷികളെ പല രീതിയി ലും വ്രണപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നതും ചരിത്രം രേഖപ്പെടുത്തുന്നു. ക്രിസ്തുവിന്റെ സന്ദേശത്തിനും മാതൃകയ്ക്കും എതിര്‍സാക്ഷ്യം നല്‍കിയിട്ടുള്ള ഇവയെല്ലാം സഭാചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങള്‍ തന്നെയാണ്. ഇതിനെയൊന്നും ന്യായീകരിക്കാന്‍ ശ്രമിക്കാതെ തുറന്നു സമ്മതിക്കുമ്പോഴും, പരിശുദ്ധാത്മ പ്രേരണയാല്‍ സഭയില്‍ നിരന്തരമായ നവീകരണപ്രക്രിയ (ശുദ്ധീകരണവും വിശുദ്ധീകരണവും) നടന്നു കൊണ്ടിരിക്കുന്നു എന്ന വസ്തുതയും നാം മറന്നുകൂടാ.
ഇളയിടം നിര്‍ദ്ദേശിക്കുന്ന, ദൈ വശാസ്ത്രം, ആചാരാനുഷ്ഠാനങ്ങള്‍ പൗരോഹിത്യം, സ്ഥാപനങ്ങള്‍ എന്നീ ഘടകങ്ങളെ മതിയായി കണക്കിലെടുക്കാതെ നീതി ദര്‍ശനത്തലത്തില്‍ മാത്രം വര്‍ത്തിക്കുന്ന, 'മതത്തിന്റെ മതേതരാനുഭവം' എന്ന 'സ്വാതന്ത്ര്യം' വാഗ്ദാനം ചെയ്യുന്ന, വിമര്‍ശനാത്മക ആത്മീയത കത്തോലിക്കാ വിശ്വാസികള്‍ക്ക് ആകര്‍ഷകമായി തോന്നു കയില്ല. കാരണം അത് അവരെ തങ്ങളുടെ നാഥനും രക്ഷകനുമായ യേശുക്രിസ്തുവില്‍ നിന്നും ദൃഷ്ടികള്‍ പിന്‍വലിക്കാനും തങ്ങളുടെ ഗേഹവും അമ്മയുമായ തിരുസഭയില്‍നിന്ന് അകലുവാനും നിഗൂഢമായി പ്രേരിപ്പിക്കുന്നു എന്നവര്‍ മനസ്സിലാക്കുന്നു.
ഉപസംഹാരം
'സ്വാതന്ത്രേ്യാന്മുഖമായ മത ജീവിതം' എന്ന തന്റെ ലേഖനത്തില്‍ സുനില്‍ പി. ഇളയിടം 'സത്യം' എന്ന പദം പൂര്‍ണ്ണമായി ഒഴി വാക്കി എങ്കിലും, അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഒരു ചിന്തകന്‍ എന്ന നിലയില്‍ തന്റെ വായനകളിലൂടെയും കൃതികളിലൂടെയും ആന്തരികമായി ഒരു സത്യാന്വേഷണം നടത്തുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഈ സത്യാന്വേഷണത്തിലുള്ള നിദാന്തപരിശ്രമമാണ്, 'സ്‌നേഹവുമായി അഗാധബന്ധമുള്ള സത്യത്തിനു മാത്രമേ സ്വാതന്ത്ര്യം പ്രദാനം ചെയ്യാനാവൂ' എന്നും 'സത്യമില്ലാതെ സ്വാതന്ത്ര്യമില്ല' എന്നുമുള്ള അവബോധത്തിലേക്ക് ക്രമേണ നയിക്കുന്നത്. ഈ ആത്മീയ-ബൗദ്ധിക അന്വേഷണത്തില്‍ അദ്ദേഹം 'സത്യദീപം' തന്നെയായ 'സൗമ്യമാം പ്രകാശത്താല്‍, നയിക്കപ്പെടട്ടെ എന്നാശം സിക്കുന്നു. ഈ യാത്രയില്‍ അദ്ദേഹത്തിന് ബോധജ്ഞാനത്തിന്റെ സിംഹാസന (Seat of Wisdom) മായ പരിശുദ്ധ കന്യാമറിയത്തിന്റെ അനുഗമനവും, 'നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും' (യോഹ. 8:32) എന്നു വാഗ്ദാനം ചെയ്ത, സ്‌നേഹത്തിന്റെയും സത്യത്തിന്റെയും സമ്പൂര്‍ണ്ണത തന്നെയുമായ, ക്രിസ്തുനാഥന്റെ അനുഗ്രഹവും എപ്പോഴും ഉണ്ടായിരിക്കും എന്നതില്‍ സംശയമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org