ഫാസിസ്റ്റുകളെ വളര്‍ത്തുന്ന ചിന്താശൂന്യമായ അനുസരണം

ഫാസിസ്റ്റുകളെ വളര്‍ത്തുന്ന ചിന്താശൂന്യമായ അനുസരണം
Published on

ജോസഫ് സെബാസ്റ്റ്യന്‍, ആലുവ

രാഷ്ട്രീയ ചിന്തകയായ ഹന്ന ആരെന്റ് ഫാസിസത്തിന്റെ മൂലകാരണങ്ങളന്വേഷിച്ച ഒരു പ്രതിഭയാണ്. ആരെന്റിന്റെ "Eichmann in Jerusalem: A report on the Banality of Evil" എന്ന ഗ്രന്ഥം ചിന്താശൂന്യത ഏകാധിപത്യത്തെ എങ്ങനെ വളര്‍ത്തുന്നു എന്നതിന് ഉത്തമോദാഹരണമാണ്. മതാധിപത്യത്തിന്റെ താലിബാന്‍ "വിസ്മയങ്ങള്‍" അന്താരാഷ്ട്ര തലത്തിലും "നാവടക്കൂ, പണിയെടുക്കൂ" പോലുള്ള അടിയന്തിരാവസ്ഥ സൂക്തങ്ങള്‍ രാഷ്ട്രത്തിലും സമൂഹത്തിലും ആധിപത്യം നേടുമ്പോള്‍ അന്ധമായ അനുസരണത്തിന്റെ വിനാശഫലങ്ങള്‍ എങ്ങനെയാണ് ചരിത്രത്തെ വികലമാക്കുന്നത് എന്ന അന്വേഷണം കാ ലികപ്രസക്തമാണെന്നു കരുതുന്നു.

ആരാണ് ഐക്മാന്‍

ചരിത്രത്തിലെ ഏറ്റവും ഭീതിതമായ ജൂതവേട്ടയുടെ സമയത്ത് ഹിറ്റ്‌ലറിന്റെ അനുസരണയുള്ള സഹായിയായിരുന്നു അഡോള്‍ഫ് ഐക്മാന്‍. ഓഷ്‌വിറ്റ്‌സ് പോലുള്ള കോണ്‍ സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കും ഗെറ്റോകളിലേക്കും ജൂതന്മാരെ കൊണ്ടു വരുന്ന ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഐക്മാന്‍. വിഷവാതകം ശ്വസിച്ചും പട്ടിണികിടന്നും മാക്‌സ്മില്യന്‍ കോള്‍ബെയും ഡിട്രിച്ച് ബോനോഫറുമൊക്കെ നരകയാതനയനുഭവിച്ച് മരിക്കുന്നതു കണ്ട് നിര്‍വൃതി അനുഭിച്ച ഒരു പെര്‍ഫെക്റ്റ് നാസി!

മതാധിപത്യത്തിന്റെ താലിബാന്‍ "വിസ്മയങ്ങള്‍" അന്താരാഷ്ട്രതലത്തിലും, "നാവടക്കൂ, പണിയെടുക്കൂ" പോലുള്ള അടിയന്തിരാവസ്ഥ സൂക്തങ്ങള്‍ രാഷ്ട്രത്തിലും സമൂഹത്തിലും ആധിപത്യം നേടുമ്പോള്‍ അന്ധമായ അനുസരണത്തിന്റെ വിനാശഫലങ്ങള്‍ എങ്ങനെയാണ് ചരിത്രത്തെ വികലമാക്കുന്നത് എന്ന അന്വേഷണം കാലികപ്രസക്തമാണെന്നു കരുതുന്നു.

രണ്ടാം ലോക മഹായുദ്ധത്തിലെ പരാജയത്തിനു ശേഷം 1945-ല്‍ അമേരിക്കന്‍ പട്ടാളക്കാര്‍ പിടികൂടിയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ട ഐക്മാന്‍ വ്യാജരേഖകളുണ്ടാക്കി അര്‍ജന്റീനയിലേക്കു കടന്നു. വേഷപ്രച്ഛന്നനായി ഒളിവില്‍ കഴിഞ്ഞിരുന്ന ഐക്മാനെ ബ്യൂണസ് ഐയേഴ്‌സില്‍ നിന്നും ഇസ്രായേലി ചാരസംഘടനയായ മൊസാദ് പിടികൂടി ജറുസലേമിലെത്തിച്ചു. 1961-കളിലെ ഐക്മാന്റെ വിചാരണ The New Yorker നുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാനാണ് ജൂതവംശജയായ ഹന്ന ആരെന്റ് ജറുസലേമിലെത്തുന്നത്. ഈ റിപ്പോര്‍ട്ടാണ് പിന്നീട് "ജറുസലേമിലെ ഐക്മാന്‍" എന്ന പുസ്തകമായി പുറത്തുവന്നത്. ഈ ഗ്രന്ഥത്തില്‍ ആരെന്റ് ഉന്നയിക്കുന്ന രണ്ട് ചോദ്യങ്ങളുണ്ട്. "നിഷ്‌കളങ്കനെന്നും സാധാരണക്കാരനെന്നും പ്രത്യക്ഷത്തില്‍ തോന്നുന്നവര്‍ എങ്ങനെയാണ് കൊടുംക്രിമിനലുകളെ അതിശയിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്? എങ്ങനെയാണ് അന്ധമായ അനുസരണം സമാനതകളില്ലാത്ത ക്രൂരതകളിലേക്കും ചൂഷണങ്ങളിലേക്കും സാധാരണക്കാരെ നയിക്കുന്നത്?"

ഉത്തരവാദിത്വമില്ലാത്ത അനുസരണമുണ്ടോ? അഥവാ മനസ്സാക്ഷിയെ ധിക്കരിച്ചും അധികാരിയെ അനുസരിക്കണോ?

1961-ലെ ജെറുസലെമിലെ വിചാരണയ്ക്കിടെ ഐക്മാനോടു ചോദിച്ച ചോദ്യങ്ങള്‍ക്ക് വിചിത്രമായ ഉത്തരങ്ങളാണ് അദ്ദേഹം പറഞ്ഞത്. "എന്തുകൊണ്ട് അനേകായിരം മനുഷ്യരെ കൊന്നുതള്ളുന്നതിന് നീ കൂട്ടുനിന്നു?" എന്ന ചോദ്യത്തിന് ഐക്മാന്റെ ഉത്തരം  "I was just obeying the commands of the superiors." – ഞാനെന്റെ അധികാരിയെ അനുസരിക്കുകയായിരുന്നു എന്നതായിരുന്നു. പക്ഷേ, ന്യായാധിപന്‍ ഐക്മാനോടു പറഞ്ഞ മറുപടിയാണ് മഹത്തരം: "You are responsible for your obedience." – നിന്റെ അനുസരണത്തിന് നിനക്ക് ഉത്തരവാദിത്വമുണ്ട്. മനസ്സാക്ഷിയെ ധിക്കരിച്ചും അധികാരിയെ അനുസരിച്ച് മനുഷ്യത്വത്തെ കശാപ്പ് ചെയ്ത ഐക്മാന്‍ നരകവാതില്‍ അവനവനുവേണ്ടിയും അന്യനുവേണ്ടിയും തുറന്ന് ചരിത്രത്തിലെ കറുത്തപൊട്ടായി തുടരുന്നു. നീതിബോധവും സത്യസന്ധതയുമില്ലാത്ത അധികാരിയെ അന്ധമായി അനുസരിക്കുന്നവര്‍ നരര്‍ക്കിടയില്‍ നരകം പണിയുകയാണ് ചെയ്യുന്നത്. അത് സഭയിലായാലും രാഷ്ട്രത്തിലായാലും, അഫ്ഗാനിസ്ഥാനിലായാലും.

അന്ധമായ അനുസരണവും ചിന്താശൂന്യതയും

"ദ ന്യൂ യോര്‍ക്കര്‍" എന്ന മാധ്യമസ്ഥാപനത്തിനു വേണ്ടി ഐക്മാന്റെ വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ ജെറുസലേമിലെത്തിയ ഹന്ന ആരെന്റിന്റെ സങ്കല്പങ്ങള്‍ പലതും ആദ്യ ദിവസം തന്നെ പാളി. ലക്ഷക്കണക്കിനു ജൂതരെ കശാപ്പ് ചെയ്ത ക്രൂരനായ ആജാനുബാഹുവിനെ കാത്തിരുന്ന ആരെന്റിന്റെ മുന്നിലേക്കെത്തിയത് നിഷ്‌കളങ്ക മുഖഭാവത്തോടുകൂടിയ സാധാരണക്കാരനായ മനുഷ്യനാണ്. പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴും കുറ്റബോധം തീരെയില്ലാത്ത ഐക്മാന്‍! ഞാന്‍ എന്റെ ചുമതല മാത്രമേ നിര്‍വ്വഹിച്ചുള്ളൂ എന്ന് വാദിക്കുന്ന ഒരു സാധാരണക്കാരന്‍! ഈ ഘട്ടത്തിലാണ് ഹന്ന ആരെന്റ് സൂപ്രധാനമായ ചോദ്യം ചോദിക്കുന്നത്: How do the ordinary people committ, Extra Ordinary crimes? – എങ്ങനെയാണ് സാധാരണക്കാരായ മനുഷ്യര്‍ അസാധാരണ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്? ആറോളം മനഃശാസ്ത്രജ്ഞര്‍ മണിക്കൂറുകള്‍ പരിശോധിച്ച ശേഷം നിഗമനത്തിലെത്തി: ഐക്മന്‍ നോര്‍മലാണ്.

അപരനെ അവന്റെ വൈവിധ്യത്തോടും സൗന്ദര്യത്തോടും കൂടെ ആശ്ലേഷിക്കാന്‍ ഒരുവനു വേണ്ടത് ദൈവം അവനു കൊടുത്ത യുക്തിയുടെ ശരിയായ ഉപയോഗമാണ്. അതു ചെയ്യാത്ത ചിന്താശൂന്യര്‍ ഇനിയും ഏകാധിപതികളുടെ കൈയ്യിലെ ചട്ടുകങ്ങളാകും. ദൈവത്തിനു വേണ്ടിയെന്ന മട്ടില്‍ അവര്‍ നുണ പറയും. സ്‌നേഹത്തെക്കുറിച്ച് പറയാന്‍ വെറുപ്പിന്റെ ഭാഷ ഉപയോഗിക്കും. വ്യക്തിഹത്യ വഴി അവര്‍ വിയോജിക്കുന്ന സ്വരങ്ങളെ ഇല്ലാതാക്കും. അപ്പോഴും, അവര്‍ക്കു കുറ്റബോധമുണ്ടാകില്ല, ഐക്മാനെപ്പോലെ.

പ്രതിക്കൂട്ടില്‍ കുറ്റബോധമില്ലാതെ നില്‍ക്കുന്ന ഐക്മാനൊരു "Monster" – ഭീകര സത്വമാണെന്ന് പറഞ്ഞവരോട് വിയോജിച്ചുകൊണ്ട് ആരെന്റ് പറഞ്ഞു: He is a clown – അയാളൊരു കോമാളിയാണ്. എങ്ങനെയാണയാള്‍ ഹിറ്റ്‌ലറുടെ കോമാളിയായത്? ചിന്താശൂന്യതയാണ് ഐക്മാനെ കോമാളിവേഷം കെട്ടിച്ചതും അതുവഴി തുമ്പികളെക്കൊണ്ടു കല്ലെടുപ്പിക്കുന്ന കുട്ടികളുടെ മാനസിക നിലവാരത്തിലേക്കു താഴ്ത്തിയതും. ഈ ചിന്താശൂന്യതയാണ് കോഴിയെ കൊല്ലുന്നപോലെ ലക്ഷണക്കണക്കിന് മനുഷ്യരെ ഗളച്ഛേദം ചെയ്തും ശ്വാസംമുട്ടിച്ചും കൊല്ലാന്‍ നാസി പാര്‍ട്ടി അനുഭാവികളെ പ്രേരിപ്പിച്ചത്. ഈ ചിന്താശൂന്യതയാണ് ഹാസ്യതാരത്തെ മരത്തില്‍ കെട്ടിത്തൂക്കിക്കൊല്ലാന്‍ അഫ്ഗാനിലെ താലിബാന്‍കാരെ പ്രേരിപ്പിച്ചത്. ചിന്താശൂന്യതയില്‍ നിന്നു ജനിക്കുന്ന അസഹിഷ്ണുത തന്നെയാണ് ഒരുവന്റെ ഭക്ഷണശീലങ്ങളെപ്പോലും ത്രിശൂലത്തില്‍ കോര്‍ക്കാന്‍ ഭാരത ഫാസിസ്റ്റുകളെ പ്രേരിപ്പിക്കുന്നത്. ഇതേ ചിന്താശൂന്യത തന്നെയാണ് വ്യത്യസ്ത സ്വരങ്ങളെ വിമതരെന്നു പറഞ്ഞ് വെട്ടിയൊരുക്കാന്‍ ചില സ്വയം പ്രഖ്യാപിത "സഭാസ്‌നേഹികളെ" പ്രേരിപ്പിക്കുന്നത്. ഈ ചിന്താശൂന്യരെയാണ് ആദരണീയരാകേണ്ട ചില അഭിവന്ദ്യര്‍ തങ്ങളുടെ കുഴലൂത്തുകാരായി ഉപയോഗിക്കുന്നത്. ഹിറ്റ്‌ലര്‍ ഉപയോഗിച്ചപോലെ!

ഉപസംഹാരം

അപരന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്നൊരു കാലം വെറും സ്വപ്നമല്ല. പക്ഷെ, വ്യതിരിക്ത സ്വരങ്ങളേയും സ്വപ്നങ്ങളേയും വെട്ടിനിരത്തുന്ന ഐകരൂപ്യവാദികള്‍ ഇല്ലാതാക്കുന്നത് അപരന്റെ ഭാഷണത്തേയും അവന്റെ തൊണ്ടയില്‍ കുരുങ്ങിയ നിലവിളിയേയുമാണ്. അപരനെ അവന്റെ വൈവിധ്യത്തോടും സൗന്ദര്യത്തോടും കൂടെ ആശ്ലേഷിക്കാന്‍ ഒരുവനു വേണ്ടത് ദൈവം അവനു കൊടുത്ത യുക്തിയുടെ ശരിയായ ഉപയോഗമാണ്. അതു ചെയ്യാത്ത ചിന്താശൂന്യര്‍ ഇനിയും ഏകാധിപതികളുടെ കൈയ്യിലെ ചട്ടുകങ്ങളാകും. ദൈവത്തിനുവേണ്ടിയെന്ന മട്ടില്‍ അവര്‍ നുണ പറയും. സ്‌നേഹത്തെക്കുറിച്ച് പറയാന്‍ വെറുപ്പിന്റെ ഭാഷ ഉപയോഗിക്കും. വ്യക്തിഹത്യവഴി അവര്‍ വിയോജിക്കുന്ന സ്വരങ്ങളെ ഇല്ലാതാക്കും. അപ്പോഴും, അവര്‍ക്കു കുറ്റബോധമുണ്ടാകില്ല, ഐക്മാനെപ്പോലെ. കാരണം അവര്‍ ചിന്താശൂന്യരായ അനുസരണം ശീലിച്ച ചാവേറുകളാണ്. ഉറങ്ങുന്നവനെ ഉണര്‍ത്താം; എന്നാല്‍ ചിന്തിക്കാതെ യുക്തിഹീനതയുടെ ശ്മശാനഭൂമിയില്‍ ഉറക്കം നടിക്കുന്നവനെ ഒരിക്കലും ഉണര്‍ത്താനാകില്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org