ശരിയായ അളവും തൂക്കവും ദൈവത്തിനിഷ്ടം

ശരിയായ അളവും തൂക്കവും ദൈവത്തിനിഷ്ടം

ഫാ. ഡോ. തോമസ് വരകുകാലായില്‍ സിഎംഎഫ്

വ്യാപാരികള്‍ പൊതുവെ നല്ലവരാണ്. നമുക്ക് ആവശ്യമായ വസ്തുക്കള്‍ നമ്മുടെ ഗ്രാമങ്ങളിലോ, പട്ടണങ്ങളിലോ എത്തിച്ച് കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നു. ന്യായമായ ലാഭമെടുത്ത് ആവശ്യമായ വസ്തുക്കള്‍ അവര്‍ നമുക്കു ലഭ്യമാക്കുന്നു. അന്യായമായ ലാഭമെടുക്കുന്ന ചുരുക്കം ചിലര്‍ വ്യാപാരികളില്‍ ഉണ്ടാകാം. അതുപോലെ കള്ളത്രാസും കള്ള കട്ടികളും ഉപയോഗിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്ന ചിലരും വ്യാപാരികളില്‍ ഉണ്ടാകാം. വ്യാപാരികള്‍ മാത്രമല്ല, വീടുകളിലും സ്ഥാപനങ്ങളിലും ഉല്പാദിപ്പിക്കുന്ന പച്ചക്കറികളും മത്സ്യങ്ങളും, പഴങ്ങളും മറ്റും കള്ളത്രാസുകളും കട്ടികളും ഉപയോഗിച്ച് അമിതലാഭമുണ്ടാക്കുന്ന ചിലര്‍ ഉണ്ടായേക്കാം. നമ്മളുള്‍പ്പെടുന്ന പൊതുസമൂഹത്തിലും കള്ളത്രാസുകളും കട്ടികളും ഉപയോഗിച്ചു ലാഭം കൊയ്യുന്നവരും ഉണ്ടായേക്കാം. ഇങ്ങനെയുള്ള നമ്മോട് ബൈബിള്‍ എന്തു പറയുന്നു എന്നു നോക്കാം.

എത്ര ചെറിയ കാര്യങ്ങളില്‍ പോലും സത്യവും നീതിയും പാലിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അളവിലും തൂക്കത്തിലും സൂക്ഷ്മത കാണിക്കണം എന്നതാണ് ദൈവഹിതം. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ട വസ്തു കൃത്യമായി അവനു ലഭിച്ചിരിക്കണം.

അളവു തൂക്കങ്ങളില്‍ പൊതുനിര്‍ദ്ദേശം

കള്ളത്രാസുകളും കള്ളകട്ടികളും ഉപയോഗിക്കരുത് എന്നു ബൈബിളില്‍ പലയിടത്തും പറയുന്നു; അതൊരു പൊതുനിര്‍ദ്ദേശമാണ്, കല്പനയാണ്. തൂക്കവും അളവുകളും ഉപയോഗിക്കുന്ന എല്ലാവരും സത്യസന്ധത പാലിക്കണം എന്നാണ് ബൈബിളില്‍ നാം കാണുന്നത്. അളവുകളും തൂക്കങ്ങളും കൂടുതലായി ഉപയോഗിക്കുന്നത് വ്യാപാരികളാണല്ലോ. അതിനാല്‍ അവര്‍ ഈ ബൈബിള്‍ പഠനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിക്കണം. ബൈബിളില്‍ ചില ഭാഗങ്ങളില്‍ വ്യാപാരികള്‍ എന്നു പറഞ്ഞു നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്: "കച്ചവടക്കാരന് കാപട്യത്തില്‍ നിന്നൊഴിഞ്ഞിരിക്കുക ദുഷ്‌ക്കരം; വ്യാപാരിക്ക് നിഷ്‌ക്കളങ്കനാവുക പ്രയാസം" (പ്രഭാ. 26:29). വ്യാപാരി ലാഭത്തിനുവേണ്ടിയാണ് തന്റെ ജോലി ചെയ്യുന്നന്നത്. ദിവസവും ലാഭനഷ്ടക്കണക്കുകള്‍ അവന്‍ നോക്കും ലാഭമില്ലെങ്കില്‍ മനസ്സിടിയും, ലാഭമുണ്ടെങ്കിലോ ഉന്മേഷവാനാകുകയും ചെയ്യും. ലാഭത്തിനു വേണ്ടിയുള്ള ജോലികളില്‍, ലാഭം തന്നെയാണ് ലക്ഷ്യം. അതിനാല്‍ വ്യാപാരി നിഷ്‌ക്കളങ്കനാവുക പ്രയാസമാണ്. എങ്ങനെയും ലാഭമുണ്ടാക്കണം എന്ന ചിന്തയില്‍ അനീതി ചെയ്യുവാനുള്ള പ്രലോഭനത്തില്‍ വീണുപോകാന്‍ സാധ്യതയുണ്ട്. വ്യാപാരിക്കു നിഷ്‌ക്കളങ്കനാവുക അസാദ്ധ്യമാണെന്നു ബൈബിള്‍ പറയുന്നില്ല, പ്രത്യുത പ്രയാസമാണെന്നു മാത്രമാണു പറയുന്നത്. ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന വ്യാപാരിക്കും മറ്റുള്ളവര്‍ക്കും കാപട്യത്തില്‍നിന്നും ഒഴിഞ്ഞിരിക്കാനും നിഷ്‌ക്കളങ്കനാകുവാനും പ്രയാസമില്ല; ദൈവം അവര്‍ക്ക് സംരക്ഷകനായിരിക്കും: "സത്യസന്ധമായി പെരുമാറുന്നവന് കര്‍ത്താവ് ഉറപ്പുള്ള കോട്ടയാണ്…" (സുഭാ. 10:29). സത്യസന്ധതയിലൂടെ ദൈവത്തിനു നമുക്കു മഹത്വമേകാം.

ശരിയായ തുലാസും കട്ടിയും

ശരിയായ തുലാസും കട്ടിയും ഉപയോഗിച്ചു നീതിയോടെ വ്യാപരിക്കണമെന്നതാണ് ദൈവഹിതം: "നിന്റെ സഞ്ചിയില്‍ തൂക്കം കൂടിയതും കുറഞ്ഞതുമായ രണ്ടുതരം കട്ടകള്‍ ഉണ്ടായിരിക്കരുത്. നിന്റെ വീട്ടില്‍ ചെറുതും വലുതുമായ രണ്ടുതരം അളവുപാത്രങ്ങള്‍ ഉണ്ടായിരിക്കരുത്. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്തു ദീര്‍ഘായുസ്സോടെയിരിക്കേണ്ടതിന് നിന്റെ കട്ടികളും അളവുപാത്രങ്ങളും നിര്‍വ്യാജവും നീതിയുക്തവുമായിരിക്കണം. ഇത്തരം കാര്യങ്ങളില്‍ നീതി രഹിതമായി പ്രവര്‍ത്തിക്കുന്നവരെല്ലാം നിന്റെ ദൈവമായ കര്‍ത്താവിനു നിന്ദ്യരാണ്" (നിയമ. 25:13-16). ദൈവമായ കര്‍ത്താവിന്റെ ഹിതത്തിനെതിരായി നാം പ്രവര്‍ത്തിക്കരുതല്ലോ. ലേവ്യരുടെ പുസ്തകത്തിലും ഇതേ ആശയം തന്നെ നമുക്കു കാണാം: "വിധിയിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അ നീതി പ്രവര്‍ത്തിക്കരുത്" (ലേവ്യര്‍ 19:35). അനീതി പ്രവര്‍ത്തിക്കുന്നവരെ ദൈവം വെറുതെ വിടില്ല എന്ന കര്‍ക്കശ ശബ്ദം മിക്കയുടെ പുസ്തകത്തില്‍ നാം കാണുന്നു: "ദുഷ്ടരുടെ ഭവനത്തിലെ തിന്മയുടെ നിക്ഷേപങ്ങളും ശപ്തമായ കള്ള അളവുകളും എനിക്കു മറക്കാനാവുമോ? കള്ളതുലാസും കള്ളക്കട്ടികളും കൈവശം വയ്ക്കുന്നവനെ ഞാന്‍ വെറുതെ വിടുമോ? (മിക്ക. 6:10-11). സത്യവാനും നീതിമാനുമായി ദൈവത്തിന്റെ മക്കളായ മനുഷ്യര്‍ സത്യത്തിലും നീതിയിലും വ്യാപരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

അളവിലും തൂക്കത്തിലും സൂക്ഷ്മത കാണിക്കണം

എത്ര ചെറിയ കാര്യങ്ങളില്‍ പോലും സത്യവും നീതിയും പാലിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അളവിലും തൂക്കത്തിലും സൂക്ഷ്മത കാണിക്കണം എന്നതാണ് ദൈവഹിതം. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ട വസ്തു കൃത്യമായി അവനു ലഭിച്ചിരിക്കണം. എന്ന് ദൈവം ആഗ്രഹിക്കുന്നു: "കൂടുതലോ കുറവോ വരാതെ അളവിലും തൂക്കത്തിലും സൂക്ഷ്മത കാണിക്കുക" (പ്രഭാ 42:4). അളവിലും തൂക്കത്തിലും സൂക്ഷ്മത കാണിക്കുമ്പോള്‍ സത്യവും നീതിയും നാം സൂക്ഷ്മമായി പാലിക്കുകയാണ്; ദൈവത്തിനു പ്രീതികരമായി മറ്റെന്താണുള്ളത്? "കള്ളത്രാസ് കര്‍ത്താവ് വെറുക്കുന്നു; ന്യായമായ തൂക്കം അവിടുത്തെ സന്തോഷിപ്പിക്കുന്നു" (സുഭാ. 11:1). സത്യത്തിലും നീതിയിലും ദൈവം സന്തോഷിക്കുന്നു എന്നു നാം മനസ്സിലാക്കണം.

ദൈവത്തിനു സന്തോഷകരമായി നാം പ്രവര്‍ത്തിക്കുമ്പോള്‍ അവിടുത്തെ അനുഗ്രഹത്തിനു നാം അര്‍ഹരായിത്തീരുന്നു. ഹൃസ്വമായ ഈ ലോകജീവിതകാലത്ത് സത്യസന്ധമായി വ്യാപരിച്ചാല്‍ നമ്മുടെ ജീവിതം ധന്യമായിത്തീരും. അളവിലും തൂക്കത്തിലും സത്യസന്ധത പാലിക്കുമ്പോള്‍, ആത്മീയ നിര്‍വൃതി അടയുവാന്‍ നമുക്കു സാധിക്കും. ആ ആത്മീയനിര്‍വൃതിയില്‍ ദൈവത്തെ അടുത്തറിയുവാനും അവിടുന്നില്‍ ലയിക്കുവാനും നമുക്കു സാധിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org