വിവാഹ മോചനത്തിന്റെ മനഃശാസ്ത്രം

വിവാഹ മോചനത്തിന്റെ മനഃശാസ്ത്രം

ഫാ. ഡോ. സിജോണ്‍ കുഴിക്കാട്ടുമ്യാലില്‍
ക്ലിനിക്കല്‍ ഹെല്‍ത്ത്, സൈക്കോളജിസ്റ്റ് & പ്രൊഫസര്‍, മേരിമാതാ മേജര്‍ സെമിനാരി

കേരളത്തില്‍ അനുദിനം വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. സാധാരണ ജനങ്ങളില്‍ ഇതിന്റെ കാരണം അത്ര പെട്ടെന്ന് മനസ്സിലാക്കണമെന്നില്ല. ഓരോ വിവാഹമോചനവും അതിസൂക്ഷ്മമായി മനഃശാസ്ത്ര വിശകലനത്തിന് വിധേയമാകുമ്പോള്‍ തിരിച്ചറിയപ്പെടാത്ത വ്യക്തിത്വ പ്രശ്‌നങ്ങള്‍ (Personality Disorders) കാണുവാന്‍ സാധിക്കും എന്നതാണ് വാസ്തവം. ഒരു വ്യക്തി തന്റെ വളര്‍ച്ചയിലൂടെ കടന്നുപോകുമ്പോള്‍ എപ്രകാരമാണ് വ്യക്തിത്വ വൈകല്യങ്ങള്‍ക്കും അതുമൂലമുള്ള കുടുംബപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്ന് പരിശോധിക്കാം.

മാതാപിതാക്കളുടെ ചില സ്വഭാവഗുണങ്ങള്‍ ജീനുകളോടൊപ്പം കുട്ടികളിലേക്ക് പകര്‍ന്നു കിട്ടുന്നു. ജീനുകള്‍ സ്വഭാവഗുണങ്ങളുടെ വാഹകരാണല്ലോ. ന്യൂറോട്ടിസം എന്ന വ്യക്തിത്വഗുണം മാതാ പിതാക്കള്‍ക്കുണ്ടായാല്‍ അതില്‍ നല്ലൊരുപങ്ക് കുട്ടികള്‍ക്കും കിട്ടുന്നു. പെട്ടെന്ന് ദേഷ്യം വരുക, അതിരു കവിഞ്ഞ ആകാംഷ, അക്ഷമ മുതലായവ ന്യൂറോട്ടിസത്തിന്റെ ലക്ഷണങ്ങളാണ്. ചുരുക്കത്തില്‍ ന്യൂറോട്ടിസം മാതാപിതാക്കളിലും കുട്ടികളിലും പൊതുവായി കാണുന്ന വ്യക്തിത്വമാകുമ്പോള്‍ അത് മാതാപിതാക്കളും കുട്ടികളും പരസ്പരം ഇടപഴകുമ്പോള്‍ കല്ലുകള്‍ തമ്മില്‍ ഉരസി തീപാറുന്നതുപോലെ ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ആധികാരികത, ആധിപത്യം, അതിസംരക്ഷണം, അവഗണന

ആധികാരികതയോടെ (Authoritative) ഉള്ള ബന്ധത്തില്‍ മാതാപിതാക്കള്‍ കുട്ടികളെ കര്‍ശനമായ രീതിയില്‍ അച്ചടക്കം പരിശീലിപ്പിക്കുന്നു. ഒതുക്കവും നിലവാരവും ഉത്തരവാദിത്വബോധവുമുള്ള പെരുമാറ്റം അവരില്‍നിന്നും ആവശ്യപ്പെടുന്നു. അതേസമയം അവര്‍ കുട്ടികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും അവയെ പരിഗണിക്കുകയും ചെയ്യുന്നു. പരിഗണിക്കുന്നു എന്നതിന്റെ അര്‍ത്ഥം സാധിച്ചുകൊടുക്കുന്നു എന്നല്ല. മാതാപിതാക്കള്‍ കുട്ടികളോടൊപ്പം സമയം ചിലവഴിക്കുകയും തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയില്‍ കുട്ടികളുടെ അഭിപ്രായം തേടുകയും ചെയ്യുന്നു.

ഓരോ വിവാഹമോചനവും അതിസൂക്ഷ്മമായി മനഃശാസ്ത്ര വിശകലനത്തിന് വിധേയമാകുമ്പോള്‍ തിരിച്ചറിയപ്പെടാത്ത വ്യക്തിത്വ പ്രശ്‌നങ്ങള്‍ കാണുവാന്‍ സാധിക്കും. ഒരു വ്യക്തി തന്റെ വളര്‍ച്ചയിലൂടെ കടന്നു പോകുമ്പോള്‍ എപ്രകാരമാണ് വ്യക്തിത്വ വൈകല്യങ്ങള്‍ക്കും അതുമൂലമുള്ള കുടുംബപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതെന്ന് പരിശോധിക്കുകയാണിവിടെ…

ആധിപത്യ വിനിമയ പ്രക്രിയയില്‍ മാതാപിതാക്കള്‍ കുട്ടികളെ കര്‍ശനമായ അച്ചടക്കം പഠിപ്പിക്കുന്നു. അവരോട് പല കാര്യങ്ങളും ആവശ്യപ്പെടുന്നു. ചിലപ്പോള്‍ ശിക്ഷിക്കുന്നു. എന്നാല്‍, ശിക്ഷയോടൊപ്പം മുകളില്‍ വിവരിച്ചതുപോലെയുള്ള പരിഗണനയോ സ്‌നേഹമോ ഉണ്ടാകുന്നില്ല. തത്ഫലമായി കുട്ടികള്‍ക്ക് പരിഗണനാപൂര്‍വ്വം പെരുമാറുന്ന മാതാപിതാക്കളെ മാതൃകയാക്കി വളരാന്‍ സാധിക്കില്ല. ഇതിനെ തുടര്‍ന്ന് വികസിച്ചുവരുന്ന അവരുടെ വ്യക്തിത്വം ദുര്‍ബലമായിരിക്കും. തങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്നുള്ള ചിന്ത അവരില്‍ കടുത്ത ആകാംഷയും അപകര്‍ഷതാബോധവും ഉണ്ടാക്കുന്നു.

അവഗണനയില്‍ (Neglect) ചിലപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ അച്ചടക്കം പഠിപ്പിക്കുകയോ അവരില്‍നിന്നും ഒന്നും ആവശ്യപ്പെടുകയോ ചെയ്യില്ലെന്ന് മാത്രമല്ല, അവരെ അവഗണിക്കുകയോ അവരോട് സ്‌നേഹം പ്രകടിപ്പിക്കുകയോ ചെയ്യാതെ വരുന്നു. മാതാപിതാക്കളുടെ സാന്നിദ്ധ്യം കുട്ടികള്‍ക്ക് ലഭിക്കാതെ പോകുന്നുവെന്നതാണ് ഇവിടെ അടിസ്ഥാന പരമായി സംഭവിക്കുന്നത്. മാതാപിതാക്കളില്‍ നിന്നും ഒന്നും ലഭിക്കാനില്ല എന്ന പാഠമാണ് കുട്ടികള്‍ ഇതില്‍ നിന്നും പഠിക്കുന്നത്. അന്തര്‍മുഖത്വവും നിഷ്‌ക്രിയത്വവും ആയിരിക്കും ഇതിന്റെ ഫലം. കുട്ടികളുടെ വ്യക്തിത്വവികാസത്തെ അത് സാരമായി ബാധിക്കും.

അതിസംരക്ഷണത്തില്‍ (Over Protection) ഏറെ ലാളിക്കുകയും അതിരുകവിഞ്ഞ സംരക്ഷണം നല്‍കുകയും അതേസമയം കുട്ടികളുടെ സ്വതന്ത്രമായ വികാസത്തെ തടസ്സപ്പെടുത്തുകയും അവരില്‍ അച്ചടക്കവും ഉത്തരവാദിത്വബോധവും വാര്‍ത്തെടുക്കാതിരിക്കുകയുമാണ് മാതാപിതാക്കള്‍ ഇവിടെ ചെയ്യുന്നത്. ആജ്ഞകളും നിര്‍ദ്ദേശങ്ങളും നല്‍കുന്നു. വാസ്തവത്തില്‍ മാതാപിതാക്കളുടെ അതിരുകവിഞ്ഞ പേടിയാണ് ഇതിന്റെ പുറകില്‍. എന്നാല്‍ ഇതു കൊണ്ട് കുട്ടികളുടെ സ്വതന്ത്രവികാസത്തെ തടസ്സപ്പെടുത്തുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. അടിസ്ഥാനപരമായി ഇപ്രകാരം വളര്‍ച്ചാ കാലഘട്ടത്തില്‍ കടന്നു പോകുന്ന കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന താഴെ കാണുന്ന വ്യക്തിത്വ വൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്നു.

ബോഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍

ചഞ്ചലവ്യക്തിത്വം (Borderline Personality Disorder) സ്ത്രീകളിലാണ് കൂടുതല്‍ കാണുന്നത്. ഈ വൈകല്യമുള്ളവര്‍ എപ്പോഴും അ സ്വസ്ഥരായിരിക്കും. ഇഷ്ടമായാലും അനിഷ്ടമായാലും അത് മാനുഷികബന്ധങ്ങളില്‍ തീവ്രമായി പ്രതിഫലിക്കും. വൈകാരികമായ ആന്ദോളനങ്ങള്‍ (Mood Swings) ഇടയ്ക്കിടയ്ക്കുണ്ടാകും. വിഷാദവും ഉന്മേഷവും മാത്രമല്ല, ചിലപ്പോള്‍ മടുപ്പിക്കുന്ന ഒരു നിര്‍വികാരതയും ഇവര്‍ക്കനുഭവപ്പെടും. ഒറ്റപ്പെടല്‍ ഇവര്‍ക്ക് സഹിക്കാന്‍ പറ്റില്ല. ഉള്ളില്‍ എപ്പോഴും ഒരു ശൂന്യത അനുഭവപ്പെടാറുണ്ടെന്ന് ഇവര്‍ പരാതി പറയും. ഒരാളെ അളവറ്റ് സ്‌നേഹിക്കാനും അതേപോലെ കഠിനമായി വെറുക്കാനും ഇവര്‍ക്ക് നിമിഷങ്ങള്‍ മതി. നല്ലത്, ചീത്ത എന്ന രണ്ടു വിധത്തില്‍ മാത്രമേ ഇവര്‍ക്ക് ആളുകളെയും അനുഭവങ്ങളെയും ജീവിതത്തെത്തന്നെയും കാണാന്‍ കഴിയൂ. തന്മൂലം, ഇവരുടെ ജീവിതം സംഘര്‍ഷഭരിതമായിരിക്കും. എടുത്തുചാടി എന്തും ചെയ്യാനുള്ള പ്രവണത (Impulsivity) യും കൂടും. ഇവര്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ആത്മഹത്യാശ്രമങ്ങള്‍ ധാരാളമുണ്ടാകും. (ഉദാ: കൈയിലെ രക്തക്കുഴല്‍ മുറിക്കുക, ഉറക്കഗുളികകള്‍ കൂടുതല്‍ കഴിക്കുക). ഇവര്‍ക്ക് മറ്റു മാനസികരോഗങ്ങളും ഉണ്ടാകാറുണ്ട്. വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങള്‍, ക്ഷണികമായ ഉന്മാദാവസ്ഥ (Micro-psychotic Episode) മുതലായവ അവയില്‍ ചിലതാണ്.

പാരനോയിഡ് പേഴ്‌സണാലിറ്റി ഡിസോഡര്‍

പാരനോയ്ഡ് വ്യക്തിത്വവൈകല്യം (Paranoid Personality Doisorder) സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൂടുതല്‍ കാണുന്നത്. അമിതമായ സംശയമാണ് പ്രധാനലക്ഷണം. മറ്റുള്ളവര്‍ ചെയ്യുന്നതെന്തും തന്നെ ചതിക്കാനാണ്, മോശമാക്കാനാണ്, മുതലെടുക്കാനാണ് എന്ന് ഈ തകരാറുള്ള വ്യക്തികള്‍ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ ചെറിയ വീഴ്ചകളോ തെറ്റുകളോ ഇവര്‍ക്ക് പൊറുക്കാനാവില്ല. ഒരിക്കലും മാപ്പുകൊടുക്കില്ല. ജോലി സ്ഥലത്ത് വളരെ കര്‍ക്കശക്കാരാവും. സ്വന്തം അവകാശങ്ങളെപ്പറ്റി അതീവ ബോധവാന്മാരാകും. എല്ലാവരുമായും ഒരകലം സൂക്ഷിക്കാന്‍ ഇവര്‍ ശ്രദ്ധിക്കും. ഇവര്‍ക്ക് ആരുമായും വൈകാരികമായ അടുപ്പമുണ്ടാക്കാന്‍ കഴിയില്ല. ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയമുണ്ടാകാം. ഇവരുടെ കൂടെയുള്ള ജീവിതം ആര്‍ക്കായാലും ദുസ്സഹമായിരിക്കും.

നാര്‍സിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോഡര്‍

ഞാനെന്ന ഭാവമാണ് അമിതമായ ആത്മാരാധനയെന്ന വ്യക്തിത്വവൈകല്യത്തിന്റെ മുഖ്യലക്ഷണം (Narcissistic Personality Disorder). താന്‍ വലിയവന്‍, തന്നെ എല്ലാവരും അംഗീകരിക്കണം, വിമര്‍ശിക്കരുത്, വിമര്‍ശനം എനിക്കിഷ്ടമല്ല. ഇതാണ് ഈ വൈകല്യമുള്ളവരുടെ മനോഭാവം. പണവും പദവിയും പ്രശസ്തിയും കിട്ടാന്‍ ഇവര്‍ പരമാവധി ശ്രമിക്കും. ഇവര്‍ക്ക് ആത്മാഭിമാനവും (Selfesteem) ആത്മവിശ്വാസവും വളരെ കുറവായിരിക്കുമെന്നാണ് പഠനങ്ങളില്‍ കാണുന്നത്.

ഹിസ്റ്റീറിനിക് പേഴ്‌സണാലിറ്റി ഡിസോഡര്‍

വര്‍ണശബളമായ നാടകീയതയോടെ ചിലര്‍ ഏതാള്‍ക്കൂട്ടത്തിലും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട് (Histrionic Personality Disorder). എവിടെയും ശ്രദ്ധാകേന്ദ്രമാവുക അവരുടെ ആവശ്യമാണ്. അതിനവര്‍ പരമാവധി ശ്രമിക്കും. വൈകാരികമായ അപക്വത ഇവരുടെ മുഖമുദ്രയാണ്. അതവരുടെ ഓരോ ചലനത്തിലും പ്രകടമാവും.

ഒബ്‌സസീവ് കംപല്‍സീവ് പേഴ്‌സണാലിറ്റി ഡിസോഡര്‍

ഒബ്‌സസീവ് കംപല്‍സീവ് രോഗവും (OCD) ഒബ്‌സസീവ് കംപല്‍സീവ് വ്യക്തിത്വവൈകല്യവും ഒന്നല്ല. രണ്ടാമത്തേത് (Obsessive Compulsive Personality Disorder) ഉള്ളവര്‍ ക്യത്യനിഷ്ഠയുള്ളവരും പിടിവാശിക്കാരും എല്ലാ കാര്യങ്ങളും വളരെ ചിട്ടയായിത്തന്നെ നടക്കണമെന്ന് നിര്‍ബന്ധമുള്ളവരുമാകും. വൈകാരികമായ അടുപ്പം ഇവര്‍ക്ക് ആരുമായുണ്ടാവില്ല. ഇവര്‍ ജോലിയില്‍ പ്രാവീണ്യം കാണിക്കുമെങ്കിലും ഇവരുടെ വ്യക്തിബന്ധങ്ങള്‍ സംഘര്‍ഷഭരിതമായിരിക്കും.

ഡിപന്റന്റ് പേഴ്‌സണാലിറ്റി ഡിസോഡര്‍

വ്യക്തിത്വംകൊണ്ട് ആശ്രിതരും വിധേയരുമായവര്‍ (Dependent Personality Disorder) പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. ഇവര്‍ എന്തു കാര്യത്തിനും മറ്റൊരാളെ ആശ്രയിക്കാനാണിഷ്ടപ്പെടുക. അയാള്‍ പറഞ്ഞതെല്ലാം അനുസരിക്കും. സ്വന്തമായി ഒന്നും ചെയ്യാന്‍ ധൈര്യമുണ്ടാവില്ല. സ്വയം ഒരു തീരുമാനവുമെടുക്കില്ല. ഉപദേശവും പ്രോത്സാഹനവും സമാശ്വസിപ്പിക്കലും സദാ തേടിക്കൊണ്ടിരിക്കും. ഇവര്‍ ആശ്രയിക്കുന്ന വ്യക്തിക്ക് എന്തെങ്കിലും മനോരോഗമോ വ്യക്തിവൈകല്യമോ ഉണ്ടെങ്കില്‍ ജീവിതം നരകമാകും.

സന്തോഷമായി ജീവിക്കാനുള്ളതാണ് കുടുംബജീവിതം. 20 ശതമാനത്തോളം ദാമ്പത്യബന്ധങ്ങളില്‍ സന്തോഷമില്ലായ്മ ഉണ്ടാക്കുന്നു. ഇത്തരം വ്യക്തിത്വ വൈകല്യങ്ങള്‍ മൂലം നമ്മുടെ കൊച്ചു കേരളത്തില്‍ അനുദിനം വിവാഹമോചനങ്ങള്‍ പെരുകുകയാണ്. അതുകൊണ്ട് കൗമാരകാലഘട്ടത്തില്‍തന്നെ നമ്മുടെ യുവതിയുവാക്കളില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ മനഃശാസ്ത്ര ചികിത്സയ്ക്കും കൗണ്‍സിലിങ്ങിനും വിധേയമാക്കിയാല്‍ നല്ലൊരു ശതമാനം വിവാഹമോചനങ്ങളും സമൂഹത്തില്‍ തടയാനാകും.

സന്തോഷമായി ജീവിക്കാനുള്ളതാണ് കുടുംബജീവിതം. 20 ശതമാനത്തോളം ദാമ്പത്യബന്ധങ്ങളില്‍ സന്തോഷമില്ലായ്മ ഉണ്ടാക്കുന്നു. ഇത്തരം വ്യക്തിത്വ വൈകല്യങ്ങള്‍ മൂലം നമ്മുടെ കൊച്ചു കേരളത്തില്‍ അനുദിനം വിവാഹമോചനങ്ങള്‍ പെരുകുകയാണ്. അതുകൊണ്ട് കൗമാരകാലഘട്ടത്തില്‍തന്നെ നമ്മുടെ യുവതിയുവാക്കളില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ മനഃശാസ്ത്ര ചികിത്സയ്ക്കും കൗണ്‍സിലിങ്ങിനും വിധേയമാക്കിയാല്‍ നല്ലൊരു ശതമാനം വിവാഹമോചനങ്ങളും സമൂഹത്തില്‍ തടയാനാകും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org