വിസ്മയങ്ങള്‍ തെളിക്കുന്ന പ്രകാശം

വിസ്മയങ്ങള്‍  തെളിക്കുന്ന പ്രകാശം

ഗാന്ധിജിയുടെ നാടായ പോര്‍ബന്ദറില്‍ വെച്ചാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായി മയിലുകള്‍ കൂട്ടം കൂടി നൃത്തമാടുന്നതു കണ്ടത്. അന്നെന്റെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു. ആ മനോഹരമായ ചിത്രം ഇന്നും മനസ്സില്‍ മായാതെ നിലകൊള്ളുന്നു. ഡല്‍ തടാകം, ഐഫീല്‍ ടവര്‍, നയാഗ്ര വെള്ളച്ചാട്ടം, പിരമിഡുകള്‍ എന്നിങ്ങനെയുള്ള അത്ഭുത കാഴ്ചകള്‍ക്കു മുന്‍പില്‍ എന്നും മനുഷ്യന്‍ നിര്‍നിമേഷരായി നില്‍ക്കുന്നുണ്ട്! നിങ്ങള്‍ ആദ്യമായി കണ്ട സര്‍ക്കസ്സ് ഓര്‍മ്മയുണ്ടോ. കൂര്‍ത്ത തൊപ്പിക്കാര്‍ വിദൂഷക കോമാളികളും, അലങ്കരിച്ചു ഒരുക്കിയ ആനകളും അതിന്റെ പുറത്തു കൊടിയും പാറിച്ചു നാടുവാഴികളെപ്പോലെ സവാരിചെയ്യുന്ന സര്‍ക്കസ് സുന്ദരികളും ഒരുക്കുന്ന വര്‍ണാഭമായ പ്രപഞ്ചം എന്തൊരു അത്ഭുത പ്രതീതിയാണ്; മായാപ്രപഞ്ചമാണ് സൃഷ്ടിച്ചത് അല്ലെ? കേവലം ബാല്യകാലത്തു മാത്രം തോന്നുന്ന ഒരു മനോവികാരം മാത്രമല്ല കൗതുകം.

സയന്‍സ് ക്ലാസ്സില്‍ ടീച്ചര്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം 3,84,400 കിലോമീറ്ററാണ് എന്ന് പറഞ്ഞപ്പോള്‍, മനുഷ്യന്റെ ചെറുകുടലിന്റെ നീളം നമ്മുടെ ഉയരത്തിന്റെ നാലോ അഞ്ചോ ഇരട്ടി വരുമെന്നു പഠിപ്പിച്ചപ്പോള്‍ നമുക്ക് അത്ഭുതം തോന്നി. ചന്ദ്രനില്‍ കാല്‍വെച്ച നീല്‍ ആംസ്‌ട്രോങ്ങിനെ കണ്ടപ്പോള്‍ അത്ഭുതപരതന്ത്രരായി.

വേറിട്ട കാഴ്ചകള്‍ നാം കാണുമ്പോള്‍ നാം അവിടേക്കു തന്നെ കണ്ണുംനട്ടു ലോകത്തെ മറന്നു, ശ്വാസമടക്കി നില്‍ക്കുന്നു. നമ്മുടെ ഹൃദയം വേഗത്തില്‍ മിടിക്കാന്‍ തുടങ്ങുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങളെയാണ് അവ ആദ്യം സ്പര്‍ശിക്കുക. പിന്നീട് നാം ആ കാഴ്ചയെയും ശ്രവണത്തെയുമൊക്കെ ആന്തരീക തലത്തിലേക്ക് കടത്തിവിടും. ഒരിക്കലും നമുക്ക് പരിചിതമല്ലാത്ത കാര്യങ്ങള്‍ നമ്മെ അമ്പരപ്പിച്ചുപോകും. നമുക്കതു പെട്ടെന്ന് ദഹിക്കാനായി എന്ന് വരില്ല. ആശ്ചര്യ ജനകമായ ഈ കാര്യങ്ങളെ നാം മനസ്സിന്റെ ഏതു അറയിലാണ് സൂക്ഷിക്കേണ്ടത് എന്നറിയാതെ വലയും. പെട്ടെന്ന് നാം അറിയാതെ വിളിച്ചു പോകും 'എന്റെ ദൈവമേ' എന്ന്. ചിലപ്പോള്‍ കരഘോഷമുയര്‍ത്തും, തുള്ളിച്ചാടും. ഹോളണ്ടില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പലയിനം തുളിപ് പൂക്കള്‍ കണ്ടപ്പോള്‍ ഞാനും വിളിച്ചു 'മൈ ഗോഡ്' എന്ന്. ഈ പ്രപഞ്ചം ഇത്ര മനോഹരമായി ഒരുക്കുന്ന തമ്പുരാനെ ഓര്‍ക്കാതെ നാം എവിടെ പോകാന്‍.

അത്ഭുതങ്ങളാണ് മനുഷ്യന്റെ എല്ലാ സാംസ്‌കാരിക നേട്ടങ്ങളുടെയും പിന്നിലെ ഉത്തേജനമായിരുന്നത്. എന്തെങ്കിലും ലക്ഷ്യങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല അവന്‍ ചിത്രങ്ങള്‍ വരച്ചതും അപദാനങ്ങള്‍ പാടിയതും. അതവന്റെ ജന്മവാസന മാത്രമായിരുന്നു. ചുറ്റിലും കണ്ട ചിലതൊക്കെ അവനെ അത്ഭുതപ്പെടുത്തിയപ്പോള്‍ അതവന് പ്രചോദനമായി. ചുറ്റിലും നാം കാണുന്ന വിസ്മയാവഹങ്ങളായ കാഴ്ചകളാണ് കലയെയും ശാസ്ത്രത്തെയും ആത്മീയചിന്തയെയും ഉജ്വലിപ്പിക്കുന്നത്.

വിസ്മയവും അന്വേഷണത്വരയും

അസാധാരണമായ കാഴ്ചകള്‍ കാണുമ്പോള്‍ നാം പറയുന്ന വാക്കുകള്‍ 'മാസ്മരികം', 'അതിരമണീയം', 'വിസ്മയാവഹം' എന്നൊക്കെയായിരിക്കും. പലപ്പോഴും മനുഷ്യനെ ചില കാര്യങ്ങള്‍ അമ്പരപ്പിച്ചു തുടങ്ങിയപ്പോളാണ് അവന്റെ അന്വേഷണ ത്വര സടകുടഞ്ഞെഴുന്നേറ്റത്. ജ്യോതിശാസ്ത്രജ്ഞന്മാര്‍ ആകാശത്തേക്ക് ടെലസ്‌കോപ്പ ഉയര്‍ത്തിയത്; നക്ഷത്രങ്ങളെക്കുറിച്ചും സൗര്യവ്യൂഹത്തെക്കുറിച്ചുമൊക്കെ പഠിക്കാന്‍ തുടങ്ങിയത്. പ്രകൃതിയിലെ അത്ഭുതങ്ങളാണ് ശാസ്ത്രാന്വേഷണത്തിന്റെ ആഴക്കിണറില്‍ ചൂഴ്ന്നിറങ്ങാന്‍ മനുഷ്യന് ഉത്തേജനം നല്‍കിയത്. മൃഗങ്ങളില്‍ നിന്നവന്‍ വിഭിന്നനാണ്, അവനു തന്റെ ചിന്താശക്തി ഉപയോഗിച്ച് ബോധപൂര്‍വമായ കണ്ടെത്തലുകള്‍ നടത്തേണ്ടതുണ്ട്, തത്വങ്ങള്‍ ഗ്രഹിക്കേണ്ടതുണ്ട്. പ്രകൃതിയുടെ നിഗൂഡതകള്‍ മനസ്സിലാക്കാനും ഒളിഞ്ഞുകിടക്കുന്ന സത്യങ്ങളുടെ ചുരുള്‍ അഴിക്കാനും അവനു കഴിഞ്ഞത് അതാണ്. ശാസ്ത്രം ഇല്ലായിരുന്നെങ്കില്‍ നാം പ്രകൃതിയെ കേവലം ഉപരിപ്ലവമായി മാത്രമേ മനസ്സിലാക്കുമായിരുന്നുള്ളൂ.

ദൈവതിരുസന്നിധിയില്‍

വിനീതരായി തല താഴ്ത്തി ദേവാലയത്തില്‍ നില്‍ക്കുമ്പോള്‍ നാം ഒരു എളിയ ദാസന്റെ ഭാവം സ്വീകരിക്കുന്നു. സര്‍വ്വശക്തനും പ്രതാപവാനുമായ അവന്റെ മുമ്പില്‍ നാം ദുഃഖങ്ങളും യാതനകളും സമര്‍പ്പിക്കുന്നു. എല്ലാം മാറ്റി മറിക്കാന്‍ കഴിയുന്ന എല്ലാത്തിനും ഉത്തരം അറിയുന്ന ദൈവമാണ് എന്ന ബോധ്യമാണ് അവിടെ നമ്മെ നയിക്കുക. പ്രകൃതിയിലെ ഓരോ ജീവിയും ഈ പ്രപഞ്ചവുമൊക്കെ നമ്മെ അത്ഭുതപ്പെടുത്തി. ഈ പ്രതിഭാസങ്ങള്‍ എല്ലാം വീക്ഷിച്ച് അതിന് ഉത്തരങ്ങള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരും, നമ്മുടെ രോഗങ്ങളെക്കുറിച്ചെല്ലാം പഠിച്ച ഭിഷഗ്വരന്മാരും എല്ലാം ഇവിടെ ഈ തിരുമുമ്പില്‍ മുട്ടുമടക്കുന്നുണ്ട്; അവിടത്തെ സന്നിധാനത്തില്‍ ഗദ്ഗദകണ്ഠരാകുന്നുണ്ട്

ദൈവാരാധനയില്‍ ഏതു ആഫ്രിക്കന്‍ വര്‍ഗക്കാര്‍ക്കും വലിയ ജനപങ്കാളിത്തമുള്ള ഡാന്‍സുകള്‍ സാധാരണമാണ്. അതില്‍ പങ്കെടുക്കുന്നവര്‍ പെരുമ്പറകള്‍ അടിച്ചു, തപ്പുകള്‍ കൊട്ടി, ഭാവനാസങ്കല്പങ്ങളിലൂടെ, ഏതാണ്ട് മോഹാലസ്യത്തില്‍ ആയിക്കൊണ്ട്, പന്തങ്ങളുടെ മിന്നലാട്ടങ്ങള്‍ക്കിടയില്‍ മദിച്ചു ആടുന്നു. മറ്റു പല മത വി ഭാഗങ്ങളുടെയും ആരാധന ഏതെങ്കിലും ദേവാലയത്തിനുള്ളിലാണ്.

സിസ്‌റ്റൈന്‍ ചാപ്പല്‍, സെയിന്റ് ബേസില്‍ കത്തീഡ്രല്‍ മോസ്‌കൊ, മിലാന്‍ കത്തീഡ്രല്‍, റൊമോളെ ബസലിക്ക ഓഫ് സാന്ത മരിയ ഇവിടെയൊക്കെ സന്ദര്‍ശനത്തിനായി എത്തുന്നവര്‍ അവിടെ കാണുന്ന ജ്വലിച്ചു നില്‍ക്കുന്ന ചിത്രങ്ങളും കൊത്തുപണികളും കണ്ടു അമ്പരന്നു നില്‍ക്കും. ആ ചിത്രങ്ങള്‍ നമ്മോടു എന്തൊക്കെയോ മെല്ലെ സംസാരിക്കുന്നതായി തോന്നും; അവര്‍ ശ്വാസോച്ഛാസം ചെയ്യുന്നു എന്ന് തോന്നും. അത്രയ്ക്കും ജീവസ്സുറ്റതാണീ ചിത്രപ്പണികള്‍. മരിച്ചുപോയവര്‍ അടുത്തക്ഷണത്തില്‍ ദൈവത്തോട് ഒന്നു ചേരാന്‍ ദാ ഉണര്‍ന്നുവരികയാണ് എന്ന പ്രതീതി തോന്നും. ഇവയെല്ലാം കാണപ്പെടുന്ന അത്ഭുതങ്ങളാണ്. നമ്മെ ദൈവത്തോട് വലിച്ചടുപ്പിച്ചു കൊണ്ട്, ദൈവം ഉണ്ട് എന്നതിന് നിത്യ സാക്ഷ്യങ്ങളായി അവയെന്നും നിലകൊള്ളും

ഒടുവിലത്തെ ലക്ഷ്യസ്ഥാനം

മനുഷ്യന്‍, തന്നെ നിയന്ത്രിക്കുന്ന, അതിശയിപ്പിക്കുന്ന ഏതോ അവാച്യമായ ഒരു ശക്തി ഉണ്ടെന്നു മനസ്സിലാക്കിയ പ്രാചീന കാലത്തുതന്നെ പാറകളില്‍ അവന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞു വന്ന ചില രൂപങ്ങള്‍ കൊത്തിവെച്ചു. എത്രയോ സഹസ്രാബ്ദങ്ങള്‍ കടന്നുപോയിട്ടും ഇന്നും നമ്മെ അതിശയിപ്പിക്കുന്ന കലാരൂപങ്ങള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിച്ചുകൊണ്ടു നിലകൊള്ളുന്നു. അജന്തയും എല്ലോറയും പോലെ ധാരാളം ശിലാശില്പങ്ങളുണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍. കലാകാരന്റെ ക്രിയാത്മകത്വത്തെ ദൈവത്തിന്റെ പ്രചോദനമായി വിശേഷിപ്പിക്കാറുണ്ട്. സൃഷ്ടി എന്നു പറയുന്നത് ദൈവത്തിന്റെ മാത്രം സര്‍ഗ്ഗശക്തിയാണ്. അതിന്റെ ഏതാനും കണികകള്‍ മനുഷ്യരില്‍ വന്നുപതിക്കുമ്പോഴാണ് അവനു ചിത്രങ്ങള്‍ രചിക്കാനും, സംഗീതം ആലപിക്കാനും, സാഹിത്യസൃഷ്ടികള്‍ നടത്താനുമുള്ള മികവ് കൈവരിക. ഏതായാലും ശിലകളില്‍ ശില്‍പ്പങ്ങള്‍ തീര്‍ത്ത കലാകാരന്‍മാര്‍ പ്രകൃതിയില്‍നിന്ന് ലഭിച്ച വര്‍ണ്ണവസ്തുക്കളും എണ്ണകളും ഒക്കെ ച്ചേര്‍ത്തുവെച്ച് അതിവിശിഷ്ടങ്ങളായതും വിശ്വോത്തരങ്ങളായതുമായ സുന്ദര കലാരൂപങ്ങള്‍ കൊണ്ട് ഒരു മായാപ്രപഞ്ചം സൃഷ്ടിക്കുന്നു. പവിത്രതയുടെയും ദിവ്യത്വത്തിന്റെയും അനുഭൂതി നല്‍കി കൊണ്ട് അതിനെ സര്‍വോത്തരമാക്കുന്നു; അനശ്വരമാക്കുന്നു.

അത്ഭുതങ്ങളാണ് മനുഷ്യന്റെ എല്ലാ സാംസ്‌കാരിക നേട്ടങ്ങളുടെയും പിന്നിലെ ഉത്തേജനമായിരുന്നത്. എന്തെങ്കിലും ലക്ഷ്യങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല അവന്‍ ചിത്രങ്ങള്‍ വരച്ചതും അപദാനങ്ങള്‍ പാടിയതും. അതവന്റെ ജന്മവാസന മാത്രമായിരുന്നു. ചുറ്റിലും കണ്ട ചിലതൊക്കെ അവനെ അത്ഭുതപ്പെടുത്തിയപ്പോള്‍ അതവന് പ്രചോദനമായി. ചുറ്റിലും നാം കാണുന്ന വിസ്മയാവഹങ്ങളായ കാഴ്ചകളാണ് കലയെയും ശാസ്ത്രത്തെയും ആത്മീയ ചിന്തയെയും ഉജ്വലിപ്പിക്കുന്നത്.

ഏതോ അദൃശ്യഭംഗിയുടെ ലോകത്തേക്ക് കരം പിടിച്ചുയര്‍ത്തുന്നുണ്ട് ഈ കലാരൂപങ്ങള്‍ അത്യുത്കൃഷ്ടമായ, അപ്രാപ്യമായ തലങ്ങളിലേക്ക് നമ്മെ കൂട്ടി കൊണ്ടുപോകുന്നു. എല്ലാത്തിനും കാരണ ഭൂതമായതു മനുഷ്യന് എപ്പഴോ തോന്നിയ വിസ്മയങ്ങളാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org