വിശുദ്ധിയുടെയും വിശ്വസ്തതയുടെയും പൈതൃക ഭാവം

വിശുദ്ധിയുടെയും വിശ്വസ്തതയുടെയും പൈതൃക ഭാവം

ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജസ്റ്റിസ് കുര്യന്‍ ജോസഫ്
ജസ്റ്റിസ് കുര്യന്‍ ജോസഫ്

പടിയറ പിതാവ് എറണാകുളത്തു വന്നതു മുതല്‍ അദ്ദേഹത്തിന്റെ ദേഹവിയോഗം വരെ പിതാവിനെ വളരെ അടുത്തറിഞ്ഞു സ്‌നേഹിച്ചും, സ്‌നേഹം അനുഭവിച്ചും കഴിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. എറണാകുളം അതിരൂപത, എറണാകുളം-അങ്കമാലി അതിരൂപതയാകുന്നതു പിതാവിന്റെ കാലത്താണ്. എറണാകുളവും പിന്നീട് അങ്കമാലിയും രൂപതകളാകും എന്നും എറണാകുളം വീണ്ടും പുനഃസ്ഥാപിക്കപ്പെടും എന്നും പിതാവിനോടു പറഞ്ഞിരുന്നതായിട്ടാണ് ഞാനറിയുന്നത്. അതെന്തായാലും എറണാകുളം -അങ്കമാലി അതിരൂപതയായതും സീറോ മലബാര്‍ സഭ ഒരു സിനഡല്‍ സഭയായതും അടക്കം എന്തുമാത്രം ചരിത്രപരമായ സംഭവങ്ങളാണ് പടിയറ പിതാവിന്റെ കാലഘട്ടത്തില്‍ അരങ്ങേറിയത്. കലൂര്‍ റിന്യുവല്‍ സെന്ററില്‍ വടക്കുംപാടന്‍ അച്ചന്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു മുറിയിലാണ് എസ് എംബിസി (സീറോ മലബാര്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ്) ആദ്യമായി രൂപംകൊണ്ടത്. എസ്എംബിസിയുടെ ആദ്യത്തെ പ്രസിഡന്റ് പടിയറ പിതാവാണ്. അതിന്റെ ആദ്യ സമ്മേളനത്തിനു അന്നു കസേരപിടിച്ചിടാന്‍ ഞാനും ഉണ്ടായിരുന്നു. അവിടെനിന്നാണു നാം ഇന്നു ഇത്രയും വലിയ തലത്തിലേക്ക് ഉയര്‍ന്നത്. ആ മാറ്റങ്ങളിലും ചെറിയ പങ്കുവഹിക്കാന്‍ എനിക്കു കഴിഞ്ഞു എന്നു സന്തോഷത്തോടെ ഓര്‍ക്കുന്നു. കാക്കനാട്ടു സീറോ മലബാര്‍ സഭയ്ക്കായി സ്ഥലം അന്വേഷിക്കാനും ആ ചര്‍ച്ചകളില്‍ പങ്കെടുക്കാനുമൊക്കെ എനിക്കും ഭാഗ്യമുണ്ടായി. ഇതെല്ലാം ഞാന്‍ ഓര്‍ക്കാന്‍ കാരണം, പടിയറ പിതാവിന്റെ കാലഘട്ടത്തിലാണ് സീറോ മലബാര്‍ സഭയെ സംബന്ധിച്ചു വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായത് എന്നു സൂചിപ്പിക്കാനാണ്. സഭയുടെ തനിമയും സഭയുടെ അന്തസ്സും ആഗോള സഭയില്‍ അംഗീകരിക്കപ്പെട്ടത് ഇക്കാലഘട്ടത്തിലാണ്.
പടിയറ പിതാവ് ശുദ്ധനായിരുന്നു. എങ്കിലും വളരെ കുശാഗ്രബുദ്ധിയും കൂര്‍മ്മബുദ്ധിക്കാരനുമായിരുന്നു. അദ്ദേഹം അതിരൂപതയുടെ പിതൃസ്ഥാനം വഹിച്ചിരുന്ന കാലഘട്ടത്തിലെല്ലാം പാസ്റ്ററല്‍ കൗണ്‍സില്‍ ജോ. സെക്രട്ടറിയായോ, സെക്രട്ടറിയായോ ഒക്കെ പ്രവര്‍ത്തിച്ചിരുന്നതും ഒട്ടേറെ കമ്മീഷനുകളില്‍ പോയിട്ടുള്ളതും ഇന്നും ഞാനോര്‍ക്കുന്നു. പിതാവിനൊപ്പം പ്രവര്‍ത്തിക്കാന്‍ വലിയ സന്തോഷമായിരുന്നു. എന്നെ പിതാവിനു വലിയ വിശ്വാസമായിരുന്നു. വിശ്വസിക്കുന്നവരെ അദ്ദേഹം കണ്ണടച്ചു വിശ്വസിക്കും. അത്തരത്തില്‍ പിതാവു വിശ്വാസം അര്‍പ്പിച്ച അപൂര്‍വ്വം പേരിലൊരാളാണു ഞാനെന്ന് നന്ദിയോടും സ്‌നേഹത്തോടും അഭിമാനത്തോടും കൂടെ അനുസ്മരിക്കുകയാണ്. പിതാവ് എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ തലത്തില്‍ നിന്നു വിശ്വസ്തതയോടെ എന്നാല്‍ കഴിയുന്ന സേവനം എറണാകുളം-അങ്കമാലി അതിരൂപതയ്ക്കും സീറോ മലബാര്‍ സഭയ്ക്കും ചെയ്യാന്‍ കഴിഞ്ഞുവെന്നു നന്ദിയോടെ ഓര്‍ക്കുന്നു.
സീറോ മലബാര്‍ സഭയുടെ സിനഡ് ഒരിക്കല്‍ മാത്രമേ റോമില്‍ വച്ചു നടന്നിട്ടുള്ളൂ. അന്ന് ഞാന്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റാണ്. ഇന്ത്യയിലെ ഒരു അല്മായന് എത്താന്‍ കഴിയുന്ന വലിയ സ്ഥാനമാണത്. ഈ സ്ഥാനത്തുള്ള അല്മായനെന്ന വിധത്തില്‍ റോമില്‍ നടന്ന സിനഡില്‍ ഏക അല്മായ പ്രതിനിധിയായി പങ്കെടുക്കാന്‍ എനിക്ക് ഭാഗ്യം കിട്ടി. ഇക്കാര്യം അനുസ്മരിക്കാന്‍ കാരണമുണ്ട്. പടിയറ പിതാവിനെ കാണുമ്പോള്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു വലിയ സന്തോഷമായിരുന്നു. കാണുമ്പോഴേ ചിരി തുടങ്ങും. കാരണം, പടിയറ പിതാവിന്റെ തിളങ്ങുന്ന കഷണ്ടിയാണ്. കാണുമ്പോഴേ ആ കഷണ്ടിയില്‍ മാര്‍പാപ്പ ചുംബിക്കും. ഇതിനു രണ്ടുവട്ടം ഞാന്‍ അന്നു സാക്ഷിയാണ്. അന്ന് പടിയറ പിതാവിനെക്കുറിച്ചു പറഞ്ഞിരുന്ന ഫലിതം, പിതാവിന്റെ തലയുടെ മുകളില്‍ ഒന്നുമില്ല, ഉള്ളതൊക്കെയും തലയ്ക്കുള്ളിലാണ് എന്നാണ്. പരി. സിംഹാസനത്തിനു എക്കാലവും പടിയറ പിതാവിനോടു വലിയ ഇഷ്ടമെന്നതുപോലെ വിശ്വാസവുണ്ടായിരുന്നു. അതുകൊണ്ടാണ് പൗരോഹിത്യത്തില്‍ 10 വര്‍ഷം പോലും തികഞ്ഞിട്ടില്ലാത്ത അവസ്ഥയില്‍ അദ്ദേഹത്തെ മെത്രാനായി നിയമിച്ചത്. ഊട്ടി ബിഷപ്പായിട്ടായിരുന്നു അത്. അതിനു ശേഷം ചങ്ങനാ ശ്ശേരിയിലും പിന്നീട് എറണാകുളത്തും ആര്‍ച്ചുബിഷപ്പായി. 1985 മുതല്‍ 1996 വരെ അദ്ദേഹം സഭയെ നയിച്ചു, അക്കാലഘട്ടത്തെ സീറോ മലബാര്‍ സഭയുടെ സുവര്‍ണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കാം.
പരി. മാതാവിനെപ്പോലെ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു എന്നതുപോലെയുള്ള അപൂര്‍വ്വം പിതാക്കന്മാരിലൊരാളാണ് പടിയറ പിതാവ്. ഒന്നിലും കുലുങ്ങില്ല, ഒന്നിനും എടുത്തുചാടി മറുപടി പറയുകയുമില്ല. എല്ലാം കേട്ട് വളരെ സാവധാനം അതേക്കുറിച്ചു ചിന്തിച്ച് തീരുമാനമെടുക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന പഴമൊഴി അദ്ദേഹത്തെക്കുറിച്ചു പലരും പ്രയോഗിച്ചു കേട്ടിട്ടുണ്ട്. അതേസമയം ആരെയും അദ്ദേഹം മുഷിപ്പിക്കില്ല. എല്ലാവരോടും വളരെ സ്‌നേഹത്തിലും സൗഹാര്‍ദ്ദതയിലും ഇടപെട്ടിരുന്നു.
പടിയറ പിതാവിന്റെ ഫലിതങ്ങള്‍ ഒട്ടേറെയുണ്ട്. അതില്‍ രണ്ടെണ്ണത്തെക്കുറിച്ച് സൂചിപ്പിക്കാം. പിതാവിന്റെ ജന്മദിനമോ ജൂബിലിയോ ഒക്കെ ആഘോഷിക്കുന്ന സമയത്ത്, പത്ര മാധ്യമങ്ങള്‍, (അന്നു ദൃശ്യമാധ്യമങ്ങള്‍ ഇല്ല) പിതാവിനെക്കുറിച്ച് ഗംഭീരമായി എഴുതുമായിരുന്നു. അത്തരം ഒരു സന്ദര്‍ഭത്തില്‍ രാവിലെ കാപ്പികുടിക്കുന്ന സമയത്തു ഞാനും ഉണ്ടായിരുന്നു, പിതാവ് സുസ്‌മേരവദനനായി ചോദിച്ചു പത്രമൊക്കെ വായിച്ചുവോ എന്ന്. വിയിച്ചെന്നു പറഞ്ഞപ്പോള്‍ "അതില്‍ ഞാന്‍ എന്താണ് എന്നല്ല അവര്‍ എഴുതിയിരിക്കുന്നത് ഞാന്‍ എന്താകണം എന്നാണ്, അതുപോലെ ആകാന്‍ പരിശ്രമിക്കാം" എന്നു പറഞ്ഞു ചിരിച്ചത് ഞാനോര്‍ക്കുന്നു. പിതാവുമായുള്ള സംഭാഷണത്തില്‍ അദ്ദേഹം എല്ലാം കേട്ടിരിക്കും അന്വേഷിക്കേണ്ടവ അന്വേഷിക്കും. എന്നാല്‍ സംഭാഷണം അവസാനിപ്പിക്കണമെന്നു തോന്നിയാല്‍ "വീട്ടില്‍ എല്ലാവര്‍ക്കും സുഖമാണോ?" എന്ന ചോദ്യമുന്നയിക്കും. ഈ ചോദ്യം വന്നാല്‍ അതിനര്‍ത്ഥം നമുക്കു പിരിയാം എന്നാണ്. പ്രസംഗത്തിനിടയ്ക്കു ചിലപ്പോള്‍ പിതാവിനു വാക്കുകള്‍ കിട്ടാതെ പോകുമായിരുന്നു. ആദ്യകാലത്ത് ഇത്തരം ബ്രേക്കുകള്‍ വളരെ കുറച്ചുമാത്രമായിരുന്നു. ഇതേക്കുറിച്ചു ഞാന്‍ ചോദിച്ചപ്പോള്‍ പിതാവു പറഞ്ഞത്, ഞാനതു നിറുത്തിയത് നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറി യാനാണ്, ശ്രദ്ധിക്കുന്നുണ്ടെങ്കിലല്ലേ പ്രസംഗം തുടരേണ്ടതുള്ളൂ എന്നാണ്. പിന്നീട് പ്രസംഗത്തില്‍ ഇങ്ങനെ ബ്രേക്കുകള്‍ വരുന്ന പ്രശ്‌നം കുറച്ചു രൂക്ഷമായെങ്കിലും അതിലൊന്നും പിതാവ് അസ്വസ്ഥനായിരുന്നില്ല. പ്രായത്തിന്റെ വിഷ യമായിട്ട് സന്തോഷത്തോടെയാണ് അതദ്ദേഹം നേരിട്ടത്.
പിതാവിന്റെ വിശ്രമകാലത്ത് കാക്കനാട് പ്രകൃതിഭവനത്തില്‍ താമസിക്കുമ്പോള്‍ ഞാനവിടെച്ചെന്നു കാണാറുണ്ടായിരുന്നു. ആഘട്ടത്തില്‍ സന്ദര്‍ശകര്‍ വളരെ കുറവായിരുന്നു. പിതാവിന്റെ അന്ത്യ കാലത്തിനോടടുത്തും ഞാന്‍ അദ്ദേഹത്തെ പോയി കണ്ടിട്ടുണ്ട്. ആ സമയത്തും പിതാവു വലിയ വാത്സല്യം പ്രകടിപ്പിച്ചിരുന്നു. എന്നും പൈതൃകമായ ഒരു വാത്സല്യം പിതാവു പ്രകടിപ്പിച്ചിട്ടുണ്ട്. പിതാവ് അന്ധമായി പലരെയും വിശ്വസിച്ചു. പക്ഷെ ചിലരെല്ലാം ആ വിശ്വാസം കാത്തു സൂക്ഷിച്ചില്ല എന്നു വേദനയോടെ പിതാവ് എന്നോടു സൂചിപ്പിച്ചിട്ടുണ്ട്. എനിക്ക് അതറിയുകയും ചെയ്യാം. എല്ലവരെയും സ്‌നേഹത്തോടെയും വാത്സല്യത്തോടെയും വീക്ഷിക്കുന്ന പൈതൃകഭാവമുള്ള പടിയറ പിതാവിനെ അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തില്‍ അനുസ്മരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായും അനുഗ്രഹമായും ഞാന്‍ കരുതുന്നു. ഒന്നിലും കുലുങ്ങാതെ, എല്ലായ്‌പ്പോഴും അക്ഷോഭ്യനായി എന്നാല്‍ എല്ലാം മനസ്സിലാക്കി എല്ലാത്തിലും ദൈവത്തിന്റെ ഇടപെടലുണ്ട് എന്നു വിശ്വസിച്ചു മുന്നോട്ടു പോയ പടിയറ പിതാവിന്റെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org