സഭയില്‍ സമ്പൂര്‍ണ ഐക്യം സ്വപ്നം കണ്ട നല്ല ഇടയന്‍

സഭയില്‍ സമ്പൂര്‍ണ ഐക്യം സ്വപ്നം കണ്ട നല്ല ഇടയന്‍

ഫാ. സെബാസ്റ്റ്യന്‍ മാണിക്യത്താന്‍

ഫാ. സെബാസ്റ്റ്യന്‍ മാണിക്യത്താന്‍
ഫാ. സെബാസ്റ്റ്യന്‍ മാണിക്യത്താന്‍

രണ്ടു വര്‍ഷത്തെ ഉപരിപഠനം കഴിഞ്ഞു ഞാന്‍, മൈസൂര്‍ സര്‍വകലാശാലയില്‍ നിന്നും തിരിച്ചെത്തി നിയമനം കാത്തിരിക്കുമ്പോഴാണ്, പടിയറ പിതാവ് ചുമതലയേല്‍ക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മങ്കുഴിക്കരി പിതാവ് എന്നെ പടിയറ പിതാവിന്റെ എറണാകുളത്തെ പ്രഥമ സെക്രട്ടറിയായി നിയമിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപരിചിതമായിരുന്നു ഈ ജോലി. മങ്കുഴിക്കരി പിതാവിനോട് മറുത്തൊന്നും പറയാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അല്പം ഭയത്തോടെ തന്നെയാണ് പടിയറ പിതാവിന്റെ അടുത്തു ചെന്നത്. പന്തികേട് മനസ്സിലാക്കിയ പിതാവ് എന്റെ ചുമലില്‍ കൈവെച്ച് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: "പേടിക്കേണ്ടാ, എന്റെ കൂടെ വന്നാല്‍ മാത്രം മതി." ആ പുഞ്ചിരി എന്റെ ഭയമെല്ലാം മാറ്റിയെന്നതാണ് സത്യം. ഒരാഴ്ച കഴിഞ്ഞ് അദ്ദേഹം പറഞ്ഞു: "അതിരൂപതയില്‍ ഫലപ്രദമായി സേവനം അനുഷ്ഠിക്കണമെങ്കില്‍ ജനങ്ങളെ അടുത്തറിയണം." ഇടവകകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുക, കഴിയുന്നത്ര പൊതുപരിപാടികളില്‍ സംബന്ധിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പരിശ്രമം.
ഏതാണ്ട് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ അതിരൂപതയിലെ ബഹുഭൂരിപക്ഷം ഇടവകകളും അദ്ദേഹം സന്ദര്‍ശിച്ചുതീര്‍ത്തു. വിശ്രമം ഇല്ലാതെ മിക്കവാറും ദിവസങ്ങളില്‍, ചിലപ്പോള്‍ ഒന്നിലധികം ഇടവകകള്‍ സന്ദര്‍ശിക്കുമായിരുന്നു. ഇന്ന് ചിലര്‍ക്കെങ്കിലും ഇത് അതിശയകരമായിതോന്നാം. തമിഴ്‌നാട്ടിലെ ഒരു മിഷനറിയായി അധ്വാനം ചെയ്തിരുന്ന അദ്ദേഹത്തിന് ഇതൊരു ബുദ്ധിമുട്ടായിരുന്നില്ല. പിതാവിനോടൊപ്പം എല്ലാ ഇടവകകളും എനിക്കും സന്ദര്‍ശിക്കാനും അറിയാനും കഴിഞ്ഞത് ഭാഗ്യമായിത്തോന്നി. ചില ദിവസങ്ങളില്‍ യാത്ര കഴിഞ്ഞ് രാത്രി വൈകി തിരിച്ചെത്തി മുറിയുടെ വാതില്‍ക്കല്‍ എത്തുമ്പോള്‍ തിരിഞ്ഞ് നിന്ന് പതിഞ്ഞസ്വരത്തില്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "സെക്രട്ടറിയച്ചന്‍ ക്ഷീണിച്ചോ?" ആ നിമിഷം എന്റെ സര്‍വക്ഷീണവും മാറിപ്പോകും.
കൃത്യനിഷ്ഠ പിതാവിന്റെ കൂടപ്പിറപ്പായിരുന്നു. ഇടവകസന്ദര്‍ശനത്തിന് നിശ്ചയിച്ചിരിക്കുന്ന സമയത്ത് കൃത്യമായി എത്തുക എന്നത് പിതാവിന് നിര്‍ബന്ധമായിരുന്നു. ഇടവകയില്‍ എത്തുമ്പോള്‍ ചെറിയതോതിലെങ്കിലുമൊരു സ്വീകരണം പിതാവ് പ്രതീക്ഷിച്ചിരുന്നു. പിതാവ് പറയും: "ഇത് വ്യക്തിപരമായി തനിക്ക് വേണ്ടിയല്ല, ഇടവകജനത്തിന് രൂപതാധ്യക്ഷനോടുള്ള ആദരവിന്റെ അടയാളമാണ്." ഇടവകയില്‍ എത്തിക്കഴിഞ്ഞാല്‍ ചുരുങ്ങിയ സമയത്തിനകം തന്റെ ഭക്തിസാന്ദ്രമായ കുര്‍ബാനയര്‍പ്പണം കൊണ്ടും, ലളിതവും സരസവും ഫലിതങ്ങള്‍ നിറഞ്ഞതുമായ പ്രസംഗം കൊണ്ടും, ജനങ്ങളുടെയിടയിലുള്ള ഔപചാരികതയില്ലാത്ത പെരുമാറ്റം കൊണ്ടും, ജനങ്ങളുടെ മുഴുവന്‍ സ്‌നേഹവും ആദരവും അദ്ദേഹം നേടിയിരിക്കും.
പിതാവ് നല്ല ഭക്ഷണം ആസ്വദിച്ചിരുന്നു. എന്നാല്‍ കൂടെയുള്ള ഞാനും, ഡ്രൈവറും ചിലപ്പോള്‍ കൂടെവരാറുള്ള ആന്റണിയും ഭക്ഷണത്തിനുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടേ പിതാവ് ഭക്ഷിക്കുമായിരുന്നുള്ളൂ. ഇത് ഞങ്ങളോടു മാത്രമല്ല, തന്റെ കൂടെ സേവനം ചെയ്യുന്ന എല്ലാവരോടുമുള്ള പിതാവിന്റെ പ്രത്യേക പരിഗണനയുടെ അടയാളമായിരുന്നു.
ഭിന്നശേഷിക്കാരോട് പ്രത്യേകിച്ച്, ഭിന്നശേഷിക്കാരായ കുട്ടികളോട് പിതാവിന് പ്രത്യേക കരുണയും വാത്സല്യവുമുണ്ടായിരുന്നു. ചങ്ങനാശേരിയില്‍ അത്തരത്തിലുള്ളവര്‍ക്കായി നടത്തുന്ന ഒരു ബാലഭവനുണ്ടായിരുന്നു. എപ്പോഴെല്ലാം പിതാവ് ചങ്ങനാശേരിയില്‍ പോകുന്നുവോ അപ്പോഴെല്ലാം ഈ ബാലഭവന്‍ സന്ദര്‍ശിക്കുകയും അവരുടെ അസാധാരണ കഴിവുകള്‍ കണ്ട് പ്രോത്സാഹിപ്പിക്കുകയും സമ്മാനങ്ങള്‍ നല്കി സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു.
നല്ലൊരു വാഗ്മിയും പ്രഗത്ഭനായ ധ്യാനഗുരുവുമായിരുന്നു പടിയറ പിതാവ്. വളരെ ഗഹനമായ ആശയങ്ങള്‍ പോലും സരസമായ ഭാഷയില്‍ നര്‍മം തുളുമ്പുന്ന ചെറിയ കഥകള്‍ ചേര്‍ത്ത് എത്രനേരം വേണമെങ്കിലും പ്രസംഗിക്കാനുള്ള പ്രത്യേക കഴിവ് പിതാവിനുണ്ടായിരുന്നു. കേള്‍വിക്കാര്‍ക്ക് അല്പം പോലും മടുപ്പ് തോന്നാത്തവിധമായിരുന്നു അദ്ദേഹത്തിന്റെ അവതരണരീതി. അദ്ദേഹത്തിന്റെ കഥ പറച്ചില്‍ പ്രസിദ്ധമായിരുന്നു.
കുലീനമായ പെരുമാറ്റം, എല്ലാവരെയും അകര്‍ഷിക്കുന്നതായിരുന്നു. വസ്ത്രധാരണം മുതല്‍ നടപ്പിലും സംസാരത്തിലും പെരുമാറ്റത്തിലുമാകമാനവും ഇത് പ്രകടമായിരുന്നു. തന്നോട് ദേഷ്യപ്പെട്ട് കയര്‍ത്ത് സംസാരിക്കാന്‍ വരുന്നവരോടും സമനില വെടിഞ്ഞ് പിതാവ് പ്രതികരിക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. എത്ര ഗൗരവത്തോടെയും ചിലപ്പോള്‍ മാനസികസംഘര്‍ഷത്തോടെയും വരുന്നവര്‍ക്കും പിതാവിന്റെ ശാന്തവും പക്വതയാര്‍ന്നതും പുഞ്ചിരിയോടെയുമുള്ള സമീപനവും സംസാരവും കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചിരിക്കും.
ആരാധന ക്രമനവീകരണവുമായി ബന്ധപ്പെട്ട ഭിന്നത രൂക്ഷമായപ്പോഴും ഇരുവിഭാഗങ്ങളുമായി തമ്മില്‍ വിട്ടുവീഴ്ച ഇല്ലാത്ത വിധം വാദിച്ചപ്പോഴും ശാന്തമായും പക്വതയോടും ചിലപ്പോള്‍ നര്‍മം നിറഞ്ഞ വാക്കുകള്‍ വഴിയും സാഹചര്യങ്ങളെ നേരിട്ടിരുന്ന അദ്ദേഹത്തിന്റെ ശൈലി സഭയില്‍ ഒരുപിളര്‍പ്പു തന്നെ ഒഴിവാക്കാന്‍ സഹായിച്ചു എന്ന് പറയുന്നതാവും ശരി.
സഭയുടെ സമ്പൂര്‍ണ ഐക്യം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ആരാധനക്രമത്തിന്റെ പേരില്‍ തമ്മിലടിക്കുന്ന സ്വന്തം സഭാംഗങ്ങളെ ഓര്‍ത്ത് അദ്ദേഹം ഒത്തിരി ദുഃഖിച്ചിരുന്നു. വലിയ യാത്രയും സമ്മേളനവുമൊക്കെ കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ സാധാരണ ജപമാല ചൊല്ലാറാണ് പതിവ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇടയ്ക്ക് കാറില്‍ നിന്നിറങ്ങി വണ്ടി കുറെ മുന്നോട്ടിടാന്‍ പറഞ്ഞശേഷം ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് നടക്കാറുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ പിതാവ് തന്റെ വിഷമങ്ങള്‍ പങ്കുവെക്കാറുണ്ട.് സഭാശരീരത്തിലെ ഈ വലിയ മുറിവ് ഉണങ്ങുന്നതിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണം എന്ന് പറയാറുള്ളത് ഞാനിപ്പോഴും വേദനയോടെ ഓര്‍ക്കുന്നു.
ഈ നടത്തത്തിന്റെ സമയത്തുതന്നെ അതിരൂപതയെ സംബന്ധിക്കുന്ന പലകാര്യങ്ങളും ചര്‍ച്ചചെയ്യുമായിരുന്നു, അഭിപ്രായങ്ങള്‍ ചോദിക്കുമായിരുന്നു. വളരെ പ്രധാനപ്പെട്ട നിയമനം നടത്തുന്ന സന്ദര്‍ഭത്തില്‍ പിതാവിന്റെ മനസ്സിലുണ്ടായിരുന്ന വ്യക്തികളെക്കുറിച്ച് അഭിപ്രായം ചോദിക്കുമായിരുന്നു. അന്ന് കേവലം കൊച്ചച്ചനായിരുന്ന എന്നോട് ഈ വകകാര്യങ്ങള്‍ പങ്കുവെക്കുന്ന പിതാവിന്റെ ലാളിത്യവും ഹൃദയനൈര്‍മല്യതയും സുതാര്യതയുമൊക്കെ ഞാന്‍ ഓര്‍ത്ത് അതിശയപ്പെട്ടിരുന്നു.
ഞാന്‍ സെക്രട്ടറിയായിരുന്ന ആ ഒരു വര്‍ഷത്തെ ഏറ്റവും അവിസ്മരണീയമായ സംഭവം മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് എറണാകുളത്ത് നടത്തപ്പെട്ട സ്വീകരണ പരിപാടികളാണ്. എറണാകുളം, വരാപ്പുഴ അതിരൂപതകളുടെയും ചുറ്റുമുള്ള രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഗംഭീര ആഘോഷ പരിപാടികളുടെ നേതൃത്വം പടിയറ പിതാവിനും കേളന്തറ പിതാവിനും ആയിരുന്നു. എറണാകുളം അതിരൂപതയുടെ പ്രാമുഖ്യം ശ്രദ്ധിക്കപ്പെടേണ്ട വിധം പല തീരുമാനങ്ങളും എടുക്കാന്‍ പടിയറ പിതാവ് ശ്രദ്ധിച്ച കാര്യം ഞാന്‍ ഓര്‍ക്കുന്നു. മാര്‍ പാപ്പ വന്ന ആദ്യ ദിവസം നേരിട്ട് എറണാകുളം അരമനയില്‍ വന്നതും താമസിച്ചതും പാപ്പയ്ക്ക് അത്താഴവിരുന്നൊരുക്കിയതും എല്ലാം വലിയ സംഭവങ്ങളായിരുന്നു.
അന്ന് ആരാലും ശ്രദ്ധിക്കപ്പെടാതെ, എന്നാല്‍ എനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു കൊച്ചുസംഭവം നടന്നു. മാര്‍പാപ്പയുടെ വരവുമായി ബന്ധപ്പെട്ടാണ് എറണാകുളം അരമനയില്‍ ലിഫ്റ്റ് സ്ഥാപിച്ചത്. മാര്‍പാപ്പയേയും ഒപ്പം വരുന്ന കര്‍ദ്ദിനാള്‍മാരെയും സ്വീകരിച്ച് താമസിക്കുന്ന മുറികളില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം അരമനയില്‍ താമസിക്കുന്ന അച്ചന്മാര്‍ക്കായിരുന്നു. മാര്‍പാപ്പയുടെ ചുമതല മോണ്‍. ജോര്‍ജ് മാണിക്കനാംപറമ്പില്‍ അച്ചനായിരുന്നു. അദ്ദേഹം മാര്‍പാപ്പയെ സ്വീകരിച്ച് താമസിക്കുന്ന മുറിയിലെത്തിക്കാന്‍ ലിഫ്റ്റിന്റെ അടുത്തെത്തി സ്വിച്ചമര്‍ത്തിയപ്പോള്‍ ലിഫ്റ്റ് അനങ്ങുന്നില്ല. പലപ്രാവശ്യം ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ മാര്‍പാപ്പ തിരിച്ചുനടക്കാന്‍ തുടങ്ങി. അല്പം അകലെ നിന്നിരുന്ന ഞാന്‍ ഓടിച്ചെന്ന് മാര്‍പാപ്പയെക്കൂട്ടി സ്റ്റെപ്പ് കയറി മുറിയുടെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവിടെ വെച്ച് പടിയറപിതാവ് തന്റെ സെക്രട്ടറിയാണെന്ന് പറഞ്ഞ് എന്നെ മാര്‍പാപ്പയ്ക്ക് പരിചയപ്പെടുത്തിയതും മാര്‍പാപ്പ എന്റെ ചുമലില്‍ തട്ടിയതും, മായാതെ എന്റെ മനസ്സില്‍ തങ്ങി നില്ക്കുന്ന മധുരിക്കുന്ന ഓര്‍മയാണ്. അതുപോലെതന്നെ പിറ്റേന്ന് രാവിലെ മാര്‍പാപ്പ യാത്രയാകുന്നതിനു മുമ്പ് അരമന സ്റ്റാഫിനെ മുഴുവന്‍ സെന്‍ട്രല്‍ ഹാളില്‍ നിരത്തി നിര്‍ത്തി മാര്‍പാപ്പയെ പരിചയപ്പെടുത്താനും അവരൊടൊപ്പം ഫോട്ടോയെടുക്കാനും പടിയറ പിതാവ് കാണിച്ച ശ്രദ്ധ അവിടത്തെ ഏറ്റവും താഴ്ന്ന ജോലിക്കാരോടു പോലും പിതാവിനുണ്ടായിരുന്ന പരിഗണനയുടെയും വാത്സല്യത്തിന്റെയും നിദാനമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org