‘വിധി’ മറന്ന സത്യം

‘വിധി’ മറന്ന സത്യം

ഫാ. ജോണ്‍ പുതുവ

അവസാനം 32 പേരും പ്രതികളല്ലാതായി. സിബിഐ കോടതി അവരെ വെറുതെ വിട്ടു. അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് ഇക്കൂട്ടരുടെ മേല്‍ തെളിവില്ലത്രെ. നേതാക്കള്‍ക്കാണെങ്കില്‍ ഗൂഢാലോചന നടത്തിയതിനും തെളിവില്ലത്രെ… ഒരുപക്ഷെ, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നു വരെ വേണമെങ്കില്‍ പറഞ്ഞേനെ… ഏതായാലും ഇതിനുമപ്പുറത്തൊരു വിധി ആരും തന്നെ പ്രതീക്ഷിച്ചില്ല. ഇക്കാലയളവില്‍ ഇതു തന്നെയേ വരൂ… ഇങ്ങനെ തന്നെയേ വരാവൂ… ഈ അടുത്തകാലത്ത് പലവിധികളുടെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണല്ലോ. സിബിഐ കോടതിയായാലും ഹൈക്കോടതിയായാലും സുപ്രീം കോടതിയായാലും വിധിക്ക് മാറ്റമുണ്ടാവില്ല. ഭാരത ചരിത്രത്തില്‍ പല വിധികളുടെ പിന്നിലും ഇങ്ങനെയൊരു 'കൂറ്' നമ്മള്‍ കണ്ടിട്ടുണ്ട്.
ലക്‌നൗ സിബിഐ കോടതിയുടെ കണ്ടെത്തലില്‍ ഗൂഢാലോചന നടന്നിട്ടില്ല. പള്ളി പൊളിച്ചിട്ടില്ല. പിന്നെ എങ്ങനെ പള്ളിയുടെ ഭാഗങ്ങള്‍വീണു. ഇനി നമ്മള്‍ ഊഹിക്കണം. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ നല്ലൊരു ശതമാനത്തിനും 1992 ഡിസംബര്‍ 6 അത്ര പെട്ടെന്ന് മറക്കാനാവില്ല. ഈ കൊച്ചു കേരളത്തില്‍ നിന്നുപോലും കര്‍സേവകരായി തീവണ്ടി കയറി പോയവരുണ്ട്… ആയിര ക്കണക്കിന് കര്‍സേവകര്‍ അയോധ്യഭൂമിയിലെത്തി. എങ്ങനെ? ആരു പറഞ്ഞിട്ട്? ഭാരതത്തിന്റെ പല ഭാഗത്തുനിന്നും അവര്‍ എത്തണമെങ്കില്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടാകണമല്ലോ… ആരെങ്കിലും പദ്ധതിയിട്ടിട്ടുണ്ടാകണമല്ലോ… ആരാണവര്‍… ആരെങ്കിലുമുണ്ടാകും. പക്ഷെ, കോടതിക്കു മാത്രം അവരെ കണ്ടെത്താനായില്ല. ആരും എത്തിയില്ല. പള്ളി പൊളിച്ചിട്ടില്ല. പിന്നെ എങ്ങനെ പൊളിഞ്ഞു! ചോദ്യം അവശേഷിപ്പിച്ച് വയ്ക്കാം…. ഒരുപക്ഷെ, പള്ളി പണി കഴിപ്പിച്ചവരുടെ കുഴപ്പമാകാം. നല്ല സിമന്റ് ഉപയോഗിക്കാത്തതിന്റെ പിഴയാകാം ഇന്നാണെങ്കില്‍ മായം ചേര്‍ത്തു എന്നു പറയാം. പക്ഷെ, അന്നാളുകളില്‍ ഇന്നത്തെപ്പോലെ അഴിമതിയില്ല. മായം ചേര്‍ക്കലില്ല. കാരണം അന്നു രാജഭരണമാണ്. അഴിമതിയും മായം ചേര്‍ക്കലുമൊന്നും നടപ്പാവുന്ന കാര്യമല്ല. ആരെങ്കിലും ഇത് ചെയ്താല്‍ രാജകല്പന വലുതായിരികും. ഏതായാലും അങ്ങനെതന്നെ പറഞ്ഞ് വിശ്വസിക്കാം. അതേ മാര്‍ഗ്ഗമുള്ളൂ…

എന്നാലും യാഥാര്‍ത്ഥ്യം മറയ്ക്കാനാവുമോ? രാജ്യസ്‌നേഹികളല്ലെ നാം. ഈ രാജ്യസ്‌നേഹത്തിന്റെ മറ്റൊരടയാളമല്ലെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അയോധ്യയില്‍ നടന്നത് എന്നു പറയുന്നവരുണ്ടാകും. അതിന്റെ പ്രകടനമാണ് എന്തിനും തയ്യാറായി കര്‍സേവകരായി ആയിരക്കണക്കിനാളുകള്‍ അ യോധ്യയിലെത്തിയത്. ജനക്കൂട്ടത്തിന് വിലാസമില്ലെന്നു പറയാറുണ്ടല്ലോ. ഈ ജനക്കൂട്ടം എന്തിനാണ് ഒത്തുകൂടിയത്. പ്രാര്‍ത്ഥിക്കാനാണെങ്കില്‍ ആയുധങ്ങളെന്തിന്. ആരില്‍ നിന്നെങ്കിലും പ്രചോദനമുള്‍ക്കൊള്ളാതെ ഇത്രയും ജനക്കൂട്ടം ഇവിടെ ഒത്തുകൂടില്ലെന്നുള്ള യാഥാര്‍ത്ഥ്യം നമുക്കറയാം. പക്ഷെ, കോടതിക്കു വേണ്ടത് തെളിവുകളാണല്ലോ. ആ തെളിവുകള്‍ ഇല്ലാതെ പോയി. അതാണ് ഈ വിധി വരാന്‍ കാരണമായതത്രെ.
മസ്ജിദ് തകര്‍ത്തതിന്റെ 10-ാം ദിവസം നിയമിച്ച, പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മന്‍മോഹന്‍ സിങ്ങ് ലിബര്‍ഹാന്‍ കമ്മീഷന്‍ 17 വര്‍ ഷത്തിനു ശേഷം 2009 ജൂണില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട് പ്രകാരം സംഭവം തികച്ചും ആസൂത്രിതമായിരുന്നു എന്നാണ്. പെട്ടെന്നുള്ളതോ ജനത്തിന്റെ വികാര പ്രകടനം അണപൊട്ടിയതിനാല്‍ ഉണ്ടായതോ അല്ല. അന്നത്തെ സംഭവമെന്ന് സംശയാതീതമായി തെളിഞ്ഞെന്നും ജസ്റ്റിസ് ലിബര്‍ഹാന്‍ വിലയിരുത്തി. പല നേതാക്കള്‍ക്കും ഗൂഢാലോചനയിലുണ്ടായിരുന്ന പങ്കും കമ്മീഷന്‍ എടുത്തുപറഞ്ഞു. സമാധാനപരമായി കഴിഞ്ഞിരുന്ന സമൂഹങ്ങളെ ദ്വേഷബുദ്ധിയുള്ള ഒരു പിടി നേതാക്കള്‍ ക്ഷമയുടെ പേരു പറഞ്ഞ് ഖേദമേതുമില്ലാതെ ഉണര്‍ത്തി അസഹിഷ്ണുതയുള്ള കൂട്ടങ്ങളാക്കി മാറ്റുകയായിരുന്നു എന്നാണ് കമ്മീഷന്‍ പറഞ്ഞത്. കര്‍സേവകരുടെ വരവും അയോദ്ധ്യയിലും ഫൈസാബാദിലും അവര്‍ ഒത്തുകൂടിയതും യാദൃശ്ചികമായോ സ്വമനസ്സാലെയോ സംഭവിച്ചതല്ലെന്നും വളരെ ആസൂത്രിതമായിരുന്നുമെന്നുമാണ് ലിബര്‍ ഹാന്‍ കമ്മീഷന്‍ വെളിപ്പെടുത്തിയത്.


അതുകൊണ്ടുതന്നെ ഈ വിധി പ്രസ്താവം കേട്ട മാത്രയില്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ തലവന്‍ ജിസ്റ്റിസ് (റിട്ട.) എം.എസ്. ലിബര്‍ ഹാന്‍ പറഞ്ഞത് ഇതു ശുദ്ധ പ്രഹസനമാണെന്നാണ്. കോടതി കുറ്റമുക്തരാക്കിയ നേതാക്കളുടെ പങ്കാളിത്തവും കുറ്റം തെളിയിക്കാനും ബാബറി മസ്ജിദ് പൊളിച്ചതിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കാനും ആവശ്യമായ തെളിവുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തെളിവില്ലെന്ന് പറഞ്ഞ കോടതി പക്ഷെ, തെളിവിനാസ്പദമായ നേതാക്കളുടെ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പക്ഷെ, തെളിവായി അംഗീകരിക്കാന്‍ സിബി ഐ കോടതി ജഡ്ജി എസ്.കെ. യാദവ് തയ്യാറായില്ല. സാമൂഹിക വിരുദ്ധരാണ് മസ്ജിദ് തകര്‍ത്തതെന്നും അവരെ പ്രോത്സാഹിപ്പി ക്കാനല്ല, തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നുമാണ് 2300 പേജുള്ള വിധി ന്യായത്തില്‍ ജഡ്ജി വ്യക്തമാക്കിയത്. എന്നാല്‍ അയോധ്യയിലേക്ക് എത്തിക്കൊണ്ടിരുന്ന ആള്‍ക്കൂട്ടത്തിന് തങ്ങാന്‍ കൂടാരങ്ങളും മറ്റ് അഭയകേന്ദ്രങ്ങളും ആഹാരവും അവശ്യവിഭവങ്ങളും എത്തിക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം ഒന്നും മുന്‍കൂട്ടി പദ്ധതിയിട്ടതല്ലാ യെങ്കില്‍ അതെങ്ങനെ സാധ്യമാകുന്നു.


ഇവിടെ നഷ്ടപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഭാരതീയര്‍ ഉള്ളില്‍ താലോലിച്ചുകൊണ്ടു നടക്കുന്ന വലിയ രാജ്യസ്‌നേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഈ മണ്ണിനുവേണ്ടി ജീവത്യാഗം ചെയ്യുന്ന രാജ്യസ്‌നേഹികള്‍ കൈമുതലായി നമുക്കു പകര്‍ന്നു നല്കിയ രാജ്യസ്‌നേഹം. ജാതിയുടെയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ 'നാം ഭാരതീയര്‍' എന്ന് ആത്മാഭിമാനത്തോടെ നമ്മെ പറയാന്‍ പഠിപ്പിച്ച രാജ്യസ്‌നേഹികള്‍. ഈ മണ്ണ് ഒരു മതത്തിനും തീറെഴുതി കൊടുക്കപ്പെട്ടതല്ലെന്നും ഹിന്ദുവും മു സല്‍മാനും ക്രിസ്ത്യാനിയും പാഴ്‌സിയും ജൈനനും എല്ലാം കൈകോര്‍ത്ത് വസിക്കുന്ന 'സെക്കുലര്‍' രാജ്യമാണ് ഇന്ത്യയെന്നും നമ്മെ പഠിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ ജനാധിപത്യം അകലെയാവുന്ന ഈ അന്തരീക്ഷത്തില്‍ ഭരണ ഘടന തന്നെ മാറ്റിയെഴുതിയ 'പുതിയ ഇന്ത്യ' സൃഷ്ടിക്കാന്‍ തത്രപ്പെടുന്നവരുടെ ഇടയില്‍ പക്ഷെ, രാജ്യസ്‌നേഹത്തിനും നിയമ സ്വാതന്ത്ര്യത്തിനും വിലയില്ലാതാവുന്നു. ഇത് നഷ്ടപ്പെടുന്നു എന്ന് നമ്മെ പഠിപ്പിക്കുന്നതാണ് ഈ വിധി. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നതിനെ ജനാധിപത്യം എന്നു വിളിച്ചിരുന്നുവെങ്കില്‍ ആ ജനാധിപത്യത്തിന് മരണമണി മുഴങ്ങാറായിരിക്കുന്നു എന്നു സൂചന. രാജ്യം ഭരിക്കുന്നവര്‍ക്ക് എന്താണോ സത്യം അതുതന്നെയാണ് രാജ്യത്തിന്റെ സത്യം എന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യം.


അപ്പീല്‍ പോകുമെന്നും ഉന്നതകോടതിയെ സമീപിക്കുമെന്നുമൊക്കെ പല സംഘടനകളും രാഷ്ട്രീ യ പാര്‍ട്ടികളും പറഞ്ഞിട്ടുണ്ടെങ്കിലും നീതിപീഠത്തിന് ഒരു വിശ്വസ്തതയുണ്ട്. രാജഭരണകാലത്ത് രാജാവിനോട് വിശ്വസ്തതയും കൂറും പുലര്‍ത്തുന്നതുപോലെ നീതിപീഠം ആ കൂറ് പുലര്‍ത്തുകതന്നെ വേണം. കാരണം ഇതിനപ്പുറവും മുന്നില്‍ കാണുന്നവര്‍ നീതിപീഠത്തിലുള്ളപ്പോള്‍ ഇതു സ്വാഭാവികം. ഈ അടുത്തകാലങ്ങളില്‍ നട ന്ന പല വിധി ന്യായങ്ങളിലും ഈ കൂറും വിശ്വസ്തതയും നാം കണ്ടിട്ടുള്ളതാണ്. നീതിപീഠത്തിലാണ് ഏതൊരു സാധാരണക്കാരനും വിശ്വാസമര്‍പ്പിക്കുന്നത്. ആ വിശ്വാസം നഷ്ടപ്പെടുന്നു എന്നത് ഇന്ത്യയുടെ ആത്മാവിനേല്‍ക്കുന്ന വലിയ മുറിവാണ്.
ഇത്രകാലവും ഒരു ചരിത്രമുണ്ടായിരുന്നു. ഏറ്റവും വിശ്വാസയോഗ്യമായിരുന്നത് ആ ചരിത്രമായിരുന്നു.പക്ഷെ, ചരിത്രത്തെപ്പോലും വളച്ചൊടിച്ച് തങ്ങളുടെ രീതിയിലേക്ക് കൊണ്ടുവരുന്നു എന്നത് വലിയ വേദനയാണ്. മുഗള്‍ സാമ്രാജ്യത്തിന്റെ ചരിത്രം തന്നെ ഇല്ലാതാക്കി ഹിന്ദുത്വ ചരിത്രം പുസ്തകത്താളുകളില്‍ കുത്തിനിറച്ച് ഒരു ഹിന്ദുത്വശൈലിയും സംസ്‌കാരവും വിദ്യാര്‍ത്ഥികള്‍ക്ക് നല്കാന്‍ ശ്രമിക്കുന്നത് ഇന്ത്യ വളര്‍ത്തിയെടുത്ത മൂല്യങ്ങള്‍ക്കുള്ള വെല്ലുവിളിയാണ്. രാഷ്ട്രപിതാവായ ഗാന്ധിജിയെപ്പോലും പാഠപുസ്തകങ്ങളില്‍ നിന്ന് ഇല്ലാതാക്കുന്നു എന്നു പറഞ്ഞാല്‍ എവിടെയാണ് നമുക്ക് തെറ്റിയത്. മുഗള്‍ സാമ്രാജ്യം എന്നത് ഒരു വിഭാഗത്തിന്റേത് മാത്രമായിപ്പോകും. ഇത് ഹിന്ദുസ്ഥാനാണ്, ഇവിടെ ഈ മതം അല്ലെങ്കില്‍ ഈ സംസ്‌കാരം മാത്രം മതിയെന്ന് ചിന്തിക്കുന്നവര്‍ പക്ഷെ, ഇന്ത്യയുടെ മണ്ണിനെ വെട്ടിമുറിക്കുന്നു എന്നതാണ്. മതേതരത്വത്തിന്റെ കാഴ്ചപ്പാടുകളെയാണ് ഇവര്‍ ഇല്ലാതാക്കുന്നത്.


എന്നാല്‍ മുഗള്‍ ചക്രവര്‍ത്തിമാര്‍ പടുത്തുയര്‍ത്തിയ മഹത്വം കളയാനാകുമോ? ഏഴ് മഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഇന്നും ഇന്ത്യയുടെ അഭിമാനവും അസൂയയുമല്ലെ. ഇന്നും ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ട, ഹുമയൂണ്‍ കബറിടം, ഫത്തേപ്പൂര്‍ സിക്രി, അക്ബര്‍ ഫോര്‍ട്ട് തുടങ്ങി ഇന്ത്യയുടെ സംസ്‌കാരവും അഭിമാനവുമായി വിദേശീയരെയും സ്വദേശീയരെയും ആകര്‍ഷിക്കുന്ന എത്രയെത്ര സ്മാരകങ്ങള്‍, ചരിത്രങ്ങള്‍ ഇതെല്ലാം ഈ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഈ നാടിന്റെ സമ്പത്താണ്. ഇവയെല്ലാം ഈ നാടിന്റെ മൂല്യങ്ങളല്ലെ. ഇവയെല്ലാം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനല്ലെ. ഇത് സംരക്ഷിക്കപ്പെടാനുള്ള നിയമങ്ങളാണ് കൊണ്ടുവരേണ്ടത്. തകര്‍ക്കപ്പെടാനല്ല. തല്ലിയുടയ്ക്കാനെളുപ്പമാണ് പക്ഷെ, മെനഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന യാഥാര്‍ത്ഥ്യമാണ് മനസ്സിലാക്കേണ്ടത്. അയോധ്യക്ഷേത്രം പോലെ തന്നെ മൂല്യമായി ഇതര മതദേവാലയങ്ങളേയും കാണുന്ന സംസ്‌കാരമാണ് ഇന്ത്യയുടേത്. ഇതായിരിക്കണം പുതിയ തലമുറയെ പഠിപ്പിക്കേണ്ടത്. പാഠപുസ്തകങ്ങളിലൂടെ വര്‍ഗ്ഗീയതയുടെ വിഷം വച്ചുകൊടുക്കപ്പെടുമ്പോള്‍ ഒരു സംസ്‌കാരം നമ്മള്‍ നഷ്ടപ്പെടുത്തുന്നു. ചരിത്രത്തെ വളച്ചൊടിക്കാം പക്ഷെ, ചരിത്രത്തെ ഇല്ലാതാക്കാനാവില്ല. ചരിത്രം സൃഷ്ടിച്ചില്ലെങ്കിലും ചരിത്രമായി മാറുന്നതാകണം ജീവിതം.
എല്ലാ മതങ്ങള്‍ക്കും വേരോടാനുള്ള മണ്ണായിരുന്നു ഇന്ത്യ. പക്ഷെ, ഇന്ന് വ്യത്യാസങ്ങള്‍ വന്നു. ഉപനിഷത്തുകളുടെ, വേദങ്ങളുടെ ഈ നാട്ടില്‍ മുഴങ്ങികേട്ടതും ഈ മന്ത്രങ്ങള്‍ തന്നെ. അതാണ് ഈ മണ്ണിലേക്ക് മറ്റ് മതങ്ങളും ആകര്‍ ഷിക്കപ്പെട്ടത്. പക്ഷെ, മസ്ജിദിന്റെ ആക്രമണത്തിലൂടെ ഈ ആത്മീയത ഇല്ലാതായി. സഹിഷ്ണുതയും സഹവര്‍ത്തിത്ത്വവും മതനിരപേക്ഷ പ്രതിബദ്ധതയെ പരിപോ ഷിപ്പിക്കേണ്ടതാണ്. സഹസ്രാബ്ദങ്ങള്‍ കൊണ്ടു സഹിഷ്ണുതയില്‍ പടുത്തുയര്‍ത്തിയതാണ് നമ്മുടെ ഈ രാജ്യത്തിന്റെ സം സ്‌കൃതി. അതുകൊണ്ട് തന്നെ പൂര്‍വ്വികര്‍ പാകിയ ഈ സ്‌നേഹസംസ്‌കൃതിയുടെ ശില ഒരിക്കലും തകരാതെ സൂക്ഷിക്കേണ്ടിയിരി ക്കുന്നു. മതസൗഹാര്‍ദ്ദം തകരാതെ കാത്തുസൂക്ഷിക്കപ്പെടുക. അയോധ്യ എന്നത് യുദ്ധം ഇല്ലാത്ത എന്നാണല്ലോ. അപ്പോള്‍ ഈ ഭാരതം മുഴുവന്‍ അയോധ്യയാണ്. യുദ്ധം ഇല്ലാത്ത അവസ്ഥ. ഇതായിരിക്കണം നമ്മുടെ ഇന്ത്യ. മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ഈ മണ്ണിന്റെ മുറിവാണ്. സമയമെടുത്തേ മുറിവുണങ്ങൂ. മുറിവുണ്ടാക്കുന്നതല്ല സംസ്‌കാരം, അതുകൊണ്ട് ഭാരതമണ്ണിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച്, ആര്‍ക്കും സഹോദരതുല്യം ജീവിക്കാനുള്ള അന്തരീക്ഷമാകട്ടെ ഇവിടെ.


ഇന്ത്യന്‍ ഭരണഘടനയില്‍ അധിഷ്ഠിതമായ സംശുദ്ധമായ ഒരു ഭരണം സാധ്യമാകും എന്നുതന്നെയാണ് പ്രതീക്ഷ. എല്ലാ മതങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമായി വാതായനങ്ങള്‍ തുറന്നിടുന്ന ഭാരതീയ ശൈലി ലോകമെങ്ങും സ്വീകര്യമായിട്ടുള്ളതാണ്. വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും ഈ ജന്മനാട്ടില്‍ എല്ലാ മതങ്ങളും അവരുടെ വേരുറപ്പിച്ചെങ്കില്‍ അതു നമ്മുടെ സംസ്‌കൃതിയുടെ സമ്പന്നതയാണ്. ഹിന്ദുമതം ജന്മംകൊണ്ട് ഒരു പുതിയ സംസ്‌കാരത്തെ ലോകത്തിന് നല്കിയെങ്കില്‍ ഈ ആത്മീയതയും തുറവിയുമാണ് ഇതര മതങ്ങളെ ഈ മണ്ണി ലേക്കാകര്‍ഷിച്ചത്. മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ ഈ ഭാരത മണ്ണില്‍ എല്ലാ മതങ്ങളും തങ്ങളുടേതായ അടിത്തറ കെട്ടി പണിതുയര്‍ത്തിയ സ്വപ്നഗോപുരം തകര്‍ക്കപ്പെടുമോ എന്ന ഭയം മാത്രമേയുള്ളൂ.


2002-ലെ ഗുജറാത്ത് കലാപം എത്ര മറക്കാന്‍ ശ്രമിച്ചാലും അയോധ്യപോലെ മറക്കാന്‍ പറ്റാത്ത ഒന്നായി മാറി കഴിഞ്ഞു. രണ്ടായിരത്തോളം പേര്‍ മരിക്കുകയും ഒരു ലക്ഷത്തോളം പേര്‍ നാടുവിടേണ്ടിയും വന്ന സാഹചര്യം മതസൗഹാര്‍ദ്ദ ഇന്ത്യയുടെ മേല്‍ കളങ്കം ചാര്‍ത്തിയ ഒന്നാണ്. സുപ്രീം കോടതിയുടെ മാത്രമല്ല ദേശീയ മനുഷ്യാവകാശ കമ്മീഷന്റേയും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ പോലും വിമര്‍ശനം ഏറ്റുവാങ്ങിയതാണ്. 'ജനാധിപത്യ ഇന്ത്യയുടെമേല്‍ കറുത്തപാട്' എന്നു പറയാനുള്ള ധൈര്യം അദ്ദേഹം കാണിച്ചു. വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങളനുഭവിക്കുന്ന വേദനയ്ക്ക് ഉദാഹരണങ്ങളുണ്ട്. ഒറീസ്സയിലെ കാണ്ടമാലില്‍ പള്ളികളും മഠങ്ങളും ക്രിസ്തീയ സമൂഹത്തിന്റെ ഭവനങ്ങളും ആക്രമിക്കപ്പെട്ടു. ഗ്രഹാം സ്റ്റെയിന്‍ എന്ന ഓസ്‌ട്രേലിയന്‍ മിഷനറിയെയും അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരെയും വാഹനത്തിലിട്ട് നിഷ്ഠൂരമായി കൊലപ്പെടുത്തി. സെക്കുലര്‍ ഭാരതത്തിന്റെ സംസ്‌കൃതിക്കെതിരെയുള്ള വെല്ലുവിളികളാണിവയൊക്കെ. ഗുരുജി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എം.എസ്. ഗോള്‍വാക്കര്‍ തന്റെ 'ബഞ്ച് ഓഫ് തോട്ട്‌സ്' എന്ന പുസ്തകത്തിന്റെ പന്ത്രണ്ടാം അദ്ധ്യായത്തില്‍ പറയുന്നത് ഹിന്ദു മതത്തിന്റെ മൂന്നു ഭീഷണികള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണെന്നാണ്. രാജ്യത്തോടുള്ള സ്‌നേഹവും ആദരവും ഇവരുടെ വിശ്വാസങ്ങളില്‍ കാണുന്നില്ലാത്തതുകൊണ്ടാണത്രെ ഇതു പറയുന്നത്. ഇവയുടെയൊക്കെ ജനനം വിദേശത്താണെങ്കിലും ഈ വിശ്വാസസമൂഹത്തിന്റെ കൂറ് ഈ ജനിച്ച മണ്ണിനോട് തന്നെ. ഈ രാജ്യത്തോടുള്ള സ്‌നേഹം തന്നെയാണ് ഈ സിരകളിലോടുന്നതും. വി.ഡി. സവാര്‍ക്കര്‍ 'ഹിന്ദുത്വ' എന്ന ഗ്രന്ഥത്തില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹൈന്ദവ സംസ്‌കാരത്തില്‍ പങ്കുപറ്റാത്തവരാണെന്ന് പറഞ്ഞു വയ്ക്കുന്നു. ഈ സമുദായങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഒരു വൈദേശികത ഉണ്ടെന്നത് തന്നെയാണ് കാരണമാവുക. എന്നാല്‍ ഒരേ ഒരു സംസ്‌കാരമേ ഈ സിരകളിലുള്ളൂ. അതു ഭാരതസംസ്‌കാരമാണ്. ഈ മണ്ണിനോടുള്ള സ്‌നേഹം തന്നെയാണ് ആര്‍ജ്ജിച്ചെടുത്തിട്ടുള്ളതും. അതുകൊണ്ട് സമഭാവേന വസിക്കുന്ന ഭാരതം അതാണ് സ്വപ്നം. യുദ്ധം ഇല്ലാത്ത 'അയോ ധ്യാഭാവം' തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org