ക്രിസ്തു: പ്രജയില്‍ നിന്നു പൗരനായി പരിവര്‍ത്തനപ്പെട്ട ആദ്യമനുഷ്യന്‍

ക്രിസ്തു: പ്രജയില്‍ നിന്നു പൗരനായി പരിവര്‍ത്തനപ്പെട്ട ആദ്യമനുഷ്യന്‍

സര്‍വജനത്തിനുമുള്ള സദ്വാര്‍ത്തയായ ക്രിസ്മസ് ഒരു മതാഘോഷം മാത്രമായി ചുരുങ്ങുന്നുണ്ടോ എന്നു നാം പരിശോധിക്കേണ്ട ഒരു സന്ദര്‍ഭമാണിത്. മനുഷ്യന്‍ എന്ന ഏകജാതിയെ അഭിസംബോധന ചെയ്ത മഹാഗുരുക്കന്മാരെ നമ്മള്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം നേതാവാക്കി ഇകഴ്ത്തി, അവരുടെ വെട്ടം താഴ്ത്തി. ക്രിസ്തുവിനും ഇതു സംഭവിച്ചു. ലോകമെങ്ങും തന്റെ സുവിശേഷം എത്തിച്ചേര്‍ന്നു എന്നു സമാശ്വസിക്കുന്നുണ്ടാകുമോ ക്രിസ്തു? പീഢാനുഭവത്തിന്റെ സത്യം എന്തെന്നു ലോകത്തെ പഠിപ്പിച്ച ആ മഹാമനുഷ്യനെ നാം കേവലം പൂജാവസ്തുവാക്കി; ദൈവത്തിനൊരു 'പിറന്നാള്‍' ഉണ്ടാക്കി; അവനു സ്വസ്ഥമായി പിറക്കാന്‍ സ്ഥലമുണ്ടാക്കാനെന്നോണം നമ്മുടെ തൊഴുത്തിലെ ആടുമാടുകളെ കശാപ്പു ചെയ്തു; ആഘോഷരാവുകളുണ്ടാക്കി. തീര്‍ച്ചയായും ഒരു മതാഘോഷമല്ല, മനുഷ്യമഹോല്‍സവമാകേണ്ടിയിരിക്കുന്നു യേശുവിന്റെ പിറന്നാള്‍.

ദൈവപുത്രന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവന്‍ പോലും ഒരു രാജാവിന്റെ കീഴിലെ പ്രജ മാത്രമായിരുന്ന ഒരു കാലത്തില്‍ നിന്നു നാം രണ്ടായിരത്തിലേറെ വര്‍ഷം മുന്നോട്ടു നടന്നുകഴിഞ്ഞു. 'പ്രജനനം' എന്നാല്‍ 'ജനിപ്പിക്കല്‍'; 'പ്രജ' എന്ന വാക്കും അതില്‍ നിന്നുണ്ടായതു തന്നെ. സന്തതി എന്നാണ് അര്‍ത്ഥം. ആരുടെ സന്തതി? രാജ്യം ഭരിക്കുന്നയാളുടെ! അതായത് ആ രാജ്യത്തെ ജനം ഒരിക്കലും മുതിരുന്നില്ല. അവര്‍ എക്കാലത്തേക്കും കുട്ടികളായി തുടരുന്നു. അവരെ ശിക്ഷിക്കാന്‍ അപ്പോള്‍ സ്വാഭാവികമായും 'തന്ത'യ്ക്ക് അര്‍ഹതയുണ്ടായിത്തീരും. ഭരണാധികാരിയും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഈ തന്ത-സന്തതീ പ്രതീതിയെയാണ് കര്‍ത്താവ് തന്റെ ജനനം കൊണ്ടു പൊളിച്ചു കളഞ്ഞത്. ദൈവത്തിന്റെ മകന്‍ എന്ന് അവകാശപ്പെടുമ്പോള്‍ കര്‍ത്താവ് മറ്റൊരര്‍ത്ഥത്തില്‍ അതാണു ചെയ്തത്: ഞാന്‍ താങ്കളുടെ സന്തതിയല്ല, പ്രജയല്ല എന്നു പ്രഖ്യാപിക്കല്‍! അങ്ങനെ 'പ്രജ'യില്‍ നിന്നു 'പൗരനി'ലേയ്ക്കുള്ള പരിവര്‍ത്തനം സാധ്യമാക്കിയ ആദ്യത്തെ മനുഷ്യനായി ക്രിസ്തു. പൗരാവകാശങ്ങളെ ജനാധിപത്യഭരണകൂടങ്ങള്‍ പോലും ചവിട്ടിമെതിക്കുന്ന ഇക്കാലത്ത് ഈ സംഗതി കൂടുതല്‍ ധ്യാനിച്ചു മനസ്സിലാക്കേണ്ടുന്ന ഒന്നാണ്

ലോകമെങ്ങും മനുഷ്യര്‍ സുരക്ഷിതനാടുകള്‍ തേടി അഭയാര്‍ത്ഥികളായി അലയുന്ന ഒരു കാലം കൂടിയാണിത്. വാഗ്ദത്ത ഭൂമി അന്വേഷിച്ചുള്ള പലായനങ്ങള്‍ പടിഞ്ഞാറിന്റെ രാഷ്ട്രീയസ്വത്വത്തിലെ നിര്‍ണായക ഘടകമായിരുന്നു. പ്രകൃതിയുടെ പ്രാതികൂല്യങ്ങള്‍ക്കെതിരെ പോരാടി കൂടുതല്‍ സുഖദവും സ്വസ്ഥവുമായുള്ള ഒരിടം തേടി പഴയകാലത്ത് അവര്‍ പലായനങ്ങള്‍ തുടര്‍ക്കഥയാക്കി. ഇന്നത് രാഷ്ട്രീയമായ കാരണങ്ങളാലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പറുദീസയില്‍ നിന്നു പുറത്താക്കപ്പെട്ട മനുഷ്യന്‍ ഭൂമിയില്‍ സമാനമായ ഒരു പൊറുതിക്കു വേണ്ടി ക്ലേശിക്കുന്നതിന്റെ സമൂഹമനശ്ശാസ്ത്രവും നമുക്ക് ഇത്തരം പുറപ്പെട്ടുപോകലില്‍ ആരോപിക്കാം. എന്നാല്‍ ക്രിസ്തുവിന്റെ ജനനത്തിനു മുമ്പ് സൂചിപ്പിക്കപ്പെടുന്ന ആ യാത്ര ഒരു പുറപ്പെട്ടുപോക്കല്ല, ഉരുവപ്പെട്ടു വരവായിരുന്നു. അവന്‍ പുറപ്പെട്ടതു സ്വര്‍ഗ്ഗത്തില്‍ നിന്നായിരുന്നു, അവനു ഭൂമിയില്‍ മനുഷ്യന്റെ കണ്ണീരിലേയ്ക്കും ചോരയിലേയ്ക്കും വന്നെത്തണമായിരുന്നു. തന്നെത്തന്നെ ബലി നല്‍കണമായിരുന്നു.

അധികാരത്തിന്റെ മര്‍ദ്ദനോപകരണമായിരുന്നു അക്കാലത്ത് കുരിശ്. അതില്‍ തറയ്ക്കപ്പെടുന്ന മനുഷ്യശരീരം സ്വാഭാവികമായും കുരിശിന്റെ ആകൃതിയെ 'അനുസരിക്കുന്നു.' കൈകള്‍ വിടര്‍ത്തിപ്പിടിച്ച് കുരിശില്‍ തൂങ്ങിനിന്ന ക്രിസ്തുവല്ല, മൂന്നാം നാള്‍ ഉയിര്‍ത്തുവന്ന ക്രിസ്തു. എന്നാല്‍ മതപൗരോഹിത്യം സ്ഥാപനവത്കരിക്കപ്പെട്ടതോടെ, അധികാരത്തെ അതിവര്‍ത്തിച്ച ക്രിസ്തുവിനോടൊപ്പം തന്നെ അധികാരത്തിന്റെ സൂചകമായ കുരിശും ആരാധ്യമായിത്തീര്‍ന്നത് ശ്രദ്ധിക്കുക. ദസ്തയേവ്‌സ്‌കിയുടെ കരമസോവ് ബ്രദേഴ്‌സ് എന്ന നോവലിലെ ദ ഗ്രാന്‍ഡ് ഇന്‍ക്വിസിറ്റര്‍ എന്ന അദ്ധ്യായം നമുക്ക് ഈ ക്രിസ്മസ് നാളുകളില്‍ വീണ്ടും വായിച്ചു നോക്കാവുന്നതാണ്. ക്രിസ്മസ് സുവിശേഷമാകുന്നത് തൊഴുത്തില്‍ ജനിച്ച ക്രിസ്തുവിനെ കുറിച്ചു മാത്രം ഓര്‍ക്കുമ്പോഴല്ല, കുരിശില്‍ നിന്ന് ഉയിര്‍ത്ത യേശുവിനെക്കൂടി ഓര്‍ക്കുമ്പോഴാണ്. മടക്കം കൊണ്ടുകൂടി മഹത്വപ്പെട്ടതാണ് ആ ജനനം, ആ വരവ്.

ക്രിസ്മസ് ക്രിസ്തുവിനൊപ്പം മറിയത്തെയും ജോസഫിനെയും കൂടി നമ്മുടെ വിചിന്തനങ്ങളിലേയ്ക്കു ആനയിക്കുന്നുണ്ട്. മഹാനായ / മഹതിയായ ഒരു സന്തതിയുടെ രക്ഷാകര്‍ത്താക്കളാകുക എന്ന സാദ്ധ്യതയാണ് ക്രിസ്തുവിന്റെ രക്ഷാകര്‍ത്താക്കളായ മറിയവും ജോസഫും ഓരോ മനുഷ്യനു മുമ്പിലും വച്ചുനീട്ടുന്നത്, അതായത് ലോകരക്ഷിതാവിന്റെ രക്ഷാകര്‍ത്താക്കളാകുക. അധികാരത്തിന്റെ നോട്ടപ്പുള്ളികളായിരിക്കെ അവര്‍ നടത്തിയ പലായനം സ്വയം രക്ഷപ്പെടലായിരുന്നില്ല. ലോകത്തെ രക്ഷപ്പെടുത്തലായിരുന്നു എന്ന് ഇന്ന് നമുക്കറിയാം. നാല്‍ക്കാലിമൃഗങ്ങളുടെ തൊഴുത്തില്‍ മറിയം പെറ്റിട്ട ശിശു, വാസ്തവത്തില്‍ മൃഗത്വത്തില്‍ നിന്നു മനുഷ്യത്വത്തിലേയ്ക്കുള്ള പിച്ചവയ്പ് ആണെന്നും ഇന്നു നമുക്കറിയാം.

ആണ്‍കോയ്മയുടെ ആ കൊടുംകാലത്ത് നിശബ്ദരായ രണ്ട് ആണുങ്ങളെ നാം ബൈബിളില്‍ കണ്ടുമുട്ടുന്നുണ്ട്. ഒന്ന് യേശുവിന്റെ ഭൂമിയിലെ പിതാവായ ജോസഫ് തന്നെ, മറ്റൊരാള്‍ സ്‌നാപകയോഹന്നാന്റെ പിതാവായ സഖറിയാ ആണ്. യോഹന്നാനെ അവന്റെ അമ്മ എലിസബെത്ത് ഗര്‍ഭം ധരിച്ചപ്പോള്‍ മുതല്‍ സഖറിയാ ഊമനായിത്തീര്‍ന്നു എന്നു നാം വായിക്കും. ഈ രണ്ടു മനുഷ്യരെ അന്നത്തെ ആണധീശസമൂഹത്തിനോടു മൗനം പുലര്‍ത്തുന്ന, പ്രകടമായിത്തന്നെ പിതൃകര്‍ത്തൃത്വമാളുന്ന ആണ്‍കോയ്മാസമൂഹത്തിനു വെളിയിലുള്ള രണ്ട് ആണുങ്ങളായി ബൈബിള്‍ രേഖപ്പെടുത്തുന്നതിനു കാരണമെന്തായിരിക്കും? ഒരു സംശയവും വേണ്ട, അന്നത്തെ സാമ്പ്രദായിക സ്ത്രീസ്വത്വങ്ങളില്‍ നിന്നു വിമുക്തി നേടിയ, ദൈവാനുഗ്രഹത്തെ ഗര്‍ഭം ധരിക്കാന്‍ പാകത്തില്‍ ആണുങ്ങളില്‍ നിന്നും മുതിര്‍ന്ന രണ്ടു സ്ത്രീകളുടെ ഭര്‍ത്താക്കന്മാരായിരുന്നു അവര്‍! ദൈവത്തോളം സ്‌നേഹബലമുള്ള ഒരു ആണ്‍സന്തതി എന്നത് ഒരു അസാദ്ധ്യതയാണ് അന്നും ഇന്നും. ആ അസാധ്യതയെ സാധ്യമാക്കിയതുകൊണ്ടാണ് അതൊരു ദിവ്യഗര്‍ഭമാകുന്നത്. അതു തിരിച്ചറിയാന്‍ അന്ന് ഒരു കുഞ്ഞിനും സാധിച്ചില്ല എന്നു പറയാനാവില്ല. കര്‍ത്താവിനോളം മഹത്വമുള്ള മറ്റൊരു ആണ്‍കുഞ്ഞിന് അന്നേ അതു സാധിച്ചിരുന്നു. അതുകൊണ്ടാണ് കര്‍ത്താവിനെ ഗര്‍ഭം ധരിച്ച മറിയം അടുത്തു വന്നപ്പോള്‍ എലിസബെത്തിന്റെ നിറവയറിനുള്ളിലുണ്ടായിരുന്ന യോഹന്നാന്‍ സന്തോഷം കൊണ്ട് കുട്ടിക്കരണം മറിഞ്ഞതായി ബൈബിള്‍ പറയുന്നത്. ആണധീശവ്യവസ്ഥിതിയില്‍ രണ്ടമ്മമാര്‍ വരുത്തിയ ദിശാവ്യതിയാനത്തിന്റെ കഥ കൂടിയാണ് ക്രിസ്മസ്.

(അഭിമുഖസംഭാഷണത്തെ ആസ്പദമാക്കി എഴുതിയത്.)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org