ദൈവത്തിന്റെ ‘മുഖം’ മനുഷ്യന്റെ ‘അഭിമുഖം’

ദൈവത്തിന്റെ ‘മുഖം’ മനുഷ്യന്റെ ‘അഭിമുഖം’

എസ്. പാറേക്കാട്ടില്‍

"നമ്മുടെ ബലിയര്‍പ്പണം എന്തുകൊണ്ട് ജനാഭിമുഖമായി തുടരണം എന്നതിനെ സംബന്ധിച്ച് ഒരു സാധാരണ വിശ്വാസിയുടെ അന്വേഷണം…"

"വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത് എന്നും ഞാന്‍ ആജ്ഞാപിക്കും. ദൂരത്തുനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു പുത്രിമാരെയും കൊണ്ടുവരുവിന്‍. എന്റെ മഹത്വത്തിനായി ഞാന്‍ സൃഷ്ടിച്ചു രൂപം കൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍" (ഏശയ്യാ 43:6-7).

കൊണ്ടുവരാനാണ് കര്‍ത്താവ് ആവര്‍ത്തിക്കുന്നത് എവിടെനിന്നൊക്കെയാണ് കൊണ്ടുവരേണ്ടതെന്നും വ്യക്തമാണ്. എന്നാല്‍ എവിടേക്കാണ് കൊണ്ടുവരേണ്ടത് എന്നതിന് കര്‍ത്താവിന്റെ ആലയത്തിലേക്കാകാം എന്നതിനപ്പുറം വ്യക്തമായ സൂചനയില്ല. പുതിയ നിയമത്തിന്റെ പരിപ്രേക്ഷ്യത്തില്‍ ചിന്തിച്ചാല്‍, കൊണ്ടുവരേണ്ടതും വന്നണയേണ്ടതും ഒരേയൊരു ഇടത്തേയ്ക്കാണ് – ദിവ്യകാരുണ്യ മേശയിലേക്ക് – അഥവാ വിശുദ്ധീകരണത്തിന്റെ ബലിപീഠത്തിലേക്കാണ്. രണ്ടു സഹസ്രാബ്ദങ്ങള്‍ പിന്നിട്ടെങ്കിലും മനുഷ്യന്‍ ഇപ്പോഴും അവന്റെ ദൈവത്തെ സമഗ്ര സുന്ദരമായി കണ്ടുമുട്ടുന്നത് ആ വിരുന്നുമേശയിലാണല്ലോ. ആ വിരുന്നുമേശയാകട്ടെ മറ്റൊരു വിരുന്നുമേശയുടെയും ഒരു യാഗപീഠത്തിന്റെയും സമന്വയമാണ്. മാളികമുറിയിലെ വിരുന്നിന്റെയും കാല്‍വരിയിലെ ബലിയുടെയും സമന്വയവും ഓര്‍മ്മയും പുനരാവിഷ്‌കാരവുമാണല്ലോ വിശുദ്ധ കുര്‍ബാന. ആദ്യത്തേത് പ്രതീകാത്മകവും രക്തരഹിതവും എന്നും രണ്ടാമത്തേത് യഥാര്‍ത്ഥവും രക്തരൂക്ഷിതവും എന്നൊക്കെ വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെങ്കിലും സത്യത്തില്‍ അവ രണ്ടല്ല. വിരുന്നില്‍ നിന്ന് ബലിയിലേക്കും ബലിയില്‍ നിന്ന് വിരുന്നിലേക്കും അവിരാമമായി ആവര്‍ത്തിക്കുന്ന ഒറ്റ യാഥാര്‍ത്ഥ്യമാണ്.

ഐക്യത്തിന്റെ നിത്യകൂദാശയായ വിശുദ്ധകുര്‍ബാനയെ മുന്‍ നിറുത്തി ഐകരൂപ്യമോ (uniformity) ഐക്യമോ (untiy) എന്ന സുപ്രധാന ചോദ്യത്തിന് ഉത്തരം തേടുകയാണല്ലോ സീറോ-മലബാര്‍ സഭ. മേല്‍പ്പറഞ്ഞ വിരുന്നു മേശയുടെയും ബലിപീഠത്തിന്റെയും ഓര്‍മ്മകളുടെ വെളിച്ചത്തില്‍ നമ്മുടെ ബലിയര്‍പ്പണം എന്തുകൊണ്ട് ജനാഭിമുഖമായി തുടരണം എന്ന്, ദിവ്യകാരുണ്യത്തെ സ്‌നേഹിക്കുന്ന ഒരു സാധാരണ വിശ്വാസി എന്ന നിലയില്‍ അന്വേഷിക്കുകയാണ് ഇവിടെ. മാളികമുറിയിലെ വിരുന്നു മേശയിലേക്ക് പോകാം. 'സമയമായപ്പോള്‍ അവന്‍ ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്‌തോലന്മാരും' (ലൂക്കാ 22:14) എന്ന തിരുവചനത്തിന് എന്തൊരു മിഴിവും മുഴക്കവുമാണ്. അവന്റെ സമയമായി എന്നതിനോളം പ്രധാനമാണ് അവനോടൊപ്പം അവരുമുണ്ടായിരുന്നു എന്നത്. അതെ, അവര്‍ അവന്റെ ഒപ്പമായിരുന്നു; പിന്നിലോ അകലെയോ ആയിരുന്നില്ല. അവര്‍ അവനോടൊപ്പം എന്നതിനേക്കാള്‍ സുപ്രധാനമായത് അവന്‍ അവരോടൊപ്പം ആയിരുന്നു എന്നതാണ്. ഒപ്പം എന്ന പദത്തിന്റെ ഒന്നാമത്തെ അര്‍ത്ഥം തുല്യത എന്നാണ്. പിതാവിന് തുല്യനായിരുന്നവന്‍ അതുപേക്ഷിച്ച് മനുഷ്യനോട് തുല്യനായ സ്‌നേഹത്തിന്റെ മഹാഗാഥയാണല്ലോ മനുഷ്യാവതാരം.

മനുഷ്യന്റെ കൂടെയും അരികിലും ഒപ്പവും ആയിരിക്കാനാണ് (with / near / together) സ്വര്‍ഗ്ഗം വിട്ട് അവന്‍ മണ്ണിലെ മനുഷ്യനായത്. 'എമ്മാനുവേല്‍' എന്ന് അവന്‍ വിളിക്കപ്പെടും എന്ന് അറിയിപ്പുണ്ടായെങ്കിലും ആരും യേശുവിനെ അപ്രകാരം വിളിക്കുന്നില്ല. പേരില്‍ എന്നതിനേക്കാള്‍ പ്രകൃതത്തിലും സ്വഭാവത്തിലുമാണ് അവന്‍ 'കൂടെ വസിക്കുന്ന ദൈവം' ആയിരിക്കുന്നത്. സ്വര്‍ഗ്ഗത്തെ നോക്കിപ്പാര്‍ത്തിരിക്കാനല്ല അവന്‍ കൊതിക്കുന്നത്; സ്വര്‍ഗ്ഗത്തെ നോക്കാതെ മണ്ണില്‍ വീണടിയുന്ന മനുഷ്യനെ നോക്കാനാണ്. 'തന്നോടുകൂടി ആയിരിക്കുന്നതിനാണ്' (മര്‍ക്കോസ് 3:14) അവന്‍ പ്രഥമത: പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു നിയോഗിച്ചത്. 'യുഗാന്തം വരെ എന്നും കൂടെ ഉണ്ടാകാനാണ്' (മത്താ. 28:20) അവന്‍ കുര്‍ബാനയായതും. അവനോടുകൂടെ ആയിരിക്കുക എന്നതും നമ്മോടുകൂടെ ആയിരിക്കാന്‍ അവനെ അനുവദിക്കുക എന്നതുമാണ് ശിഷ്യത്വത്തിന്റെ കാതലെങ്കില്‍, അതിന്റെ ഫലപ്രദവും മനോഹരവുമായ ഒരു സാക്ഷാത്കാരമാണ് ജനാഭിമുഖബലിയര്‍പ്പണം. അന്ത്യഅത്താഴത്തിന്റെ ചിത്രീകരണം നോക്കൂ; അവരെല്ലാവരും അവനരികിലും അവനൊപ്പവുമാണ്. എല്ലാവരും തുല്യരും അമൂല്യരുമാണ്. യേശുവിന്റെ മാളികമുറിയിലെ വിരുന്നിന്റെ തുടര്‍ച്ചയാണ് ദിവ്യകാരുണ്യ സഭയെങ്കില്‍; അത് മിഴിവോടെ നിറവേറുന്നത് ജനാഭിമുഖ ബലിയര്‍പ്പണത്തിലാണ്. 'യഹൂദനെ ന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്' (ഗലാ. 3:28) എന്നും 'ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്' (കൊളോ. 3:12) എന്നുമൊക്കെയുള്ള ദര്‍ശനങ്ങള്‍ കൃത്യമായി സാക്ഷാത്കരിക്കപ്പെടുന്നതും ജനാഭിമുഖ ബലിയര്‍പ്പണത്തിലത്രെ.

കാല്‍വരിയിലെ യാഗപീഠത്തിലേക്ക് നോക്കൂ. അതിഥികളുടെ വിശപ്പും ദാഹവും നിത്യമായി ശമിപ്പിക്കാന്‍ ആതിഥേയന്‍ സ്വയം മുറിച്ചു വിളമ്പുകയാണ്. കാലമെത്ര പ്രവഹിച്ചാലും അതിഥികള്‍ മാത്രമേ മാറുന്നുള്ളൂ. 'ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയായ' (ഹെബ്രാ. 13:8) ആതിഥേയനും വിരുന്നിലെ വിഭവങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. അതിഥികളെ സ്‌നേഹിച്ചു മരിക്കുകയും മരിച്ചു സ്‌നേഹിക്കുകയും ചെയ്യുന്ന ആതിഥേയന്‍! വാങ്ങി ഭക്ഷിക്കാനും വാങ്ങി കുടിക്കാനും വിരുന്നുമേശയില്‍ തലേന്ന് പറഞ്ഞയാള്‍, യാഗപീഠത്തില്‍ പിറ്റേന്ന് പറഞ്ഞത് 'എനിക്കു ദാഹിക്കുന്നു' എന്നാണ്. വാങ്ങി ഭക്ഷിക്കപ്പെടാനും കുടിക്കപ്പെടാനുമല്ലേ അവന്‍ ദാഹിക്കുന്നത്? സകല മനുഷ്യരെയും തന്നിലേക്ക് ആകര്‍ഷിക്കാനാണ് അവന്‍ ഭൂമിയില്‍ നിന്ന് ഉയര്‍ത്തപ്പെട്ടത് (യോഹ. 12:32). അതാകട്ടെ, മോശ മരു ഭൂമിയില്‍ ഉയര്‍ത്തിയ പിച്ചളസര്‍പ്പത്തിന്റെ ജീവനുള്ള നവ്യരൂപമാണ് (യോഹ. 3:14). മനുഷ്യന് സമൃദ്ധമായി ജീവനുണ്ടാകാന്‍ മനുഷ്യരൂപമെടുത്ത് മനുഷ്യരില്‍ ഒരുവനായിത്തീരുകയും മനുഷ്യന്റെ മുഖത്ത് നോക്കി മരിക്കുകയും ചെയ്ത 'ദൈവം തന്നെയായ ഏകജാതനാണ്' യേശുക്രിസ്തു. മിശിഹാരഹസ്യത്തിന്റെ മൂര്‍ത്തവും മനോഹരവും പ്രഭാപൂര്‍ണ്ണവുമായ ആഘോഷമാണ് കുര്‍ബാനയെങ്കില്‍ അതും മനുഷ്യന്റെ മുഖത്ത് നോക്കിയാകണം. 'തങ്ങള്‍ കുത്തി മുറിവേല്‍പ്പിച്ചവനെ നോക്കി, ഏകജാതനെ പ്രതിയെന്നപോലെ അവര്‍ കരയും; ആദ്യജാതനെ പ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും' (സഖ. 12:10) എന്ന തിരുവെഴുത്തിലേതുപോലെ, സ്‌നേഹരാഹിത്യത്താലും പാപങ്ങളാലും നാം കുത്തിമുറിവേല്‍പ്പിച്ചവനെ നമുക്കും നേര്‍ക്കുനേര്‍ നോക്കിക്കാണണം. അപരാധങ്ങള്‍ക്കു പൊറുതി യാചിക്കണം. സ്‌നേഹത്തിന് നന്ദിയേകണം. അവന്റെ അന്ത്യവിനാഴികയില്‍ അമ്മയും പ്രിയപ്പെട്ടവരും അരികെ ഉണ്ടായതുപോലെ, അവന്റെ മരണത്തിന്റെ ഓര്‍മ്മയാചരിക്കുന്ന കുര്‍ബാനയിലും അവനെ ഉറ്റു നോക്കി അവന്റെ പ്രിയരായ നാം അരികില്‍ ഉണ്ടാകണം. 'അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായെങ്കില്‍' (സങ്കീ. 34:5), സമയ കാലങ്ങളെ മറികടന്ന് ദിവ്യകാരുണ്യത്തില്‍ സ്‌നേഹസമ്പൂര്‍ണ്ണനായി സന്നിഹിതനാകുന്ന അവനെ നോക്കി പ്രകാശിതരാകുക എന്നത് നമ്മുടെ കടമയും അവകാശവുമാണ്. ഇവയൊക്കെ കൃത്യമായി നിറവേറുന്നത് ജനാഭിമുഖ ബലിയര്‍പ്പണത്തിലാണെന്ന് സുവ്യക്തമാണല്ലോ.

നേത്രം, ശ്രോത്രം, ഘ്രാണം, രസനം, സ്പര്‍ശം എന്നിവയിലൂടെയൊക്കെ നുകര്‍ന്ന ക്രിസ്ത്വനുഭവത്തിന്റെ മധുരിമ ഒരാള്‍ ഉദ്‌ഘോഷിക്കുന്നുണ്ട് (1 യോഹ. 1:1). അത്തരമൊരു അനുഭൂതി കൗദാശികമായി നുകരാന്‍ ദിവ്യകാരുണ്യമേശയില്‍ സംഭവിക്കുന്നവയെല്ലാം സൂക്ഷിച്ചു വീക്ഷിക്കേണ്ടതുണ്ട്. അദൃശ്യമെങ്കിലും സ്പഷ്ടമായ, നിഗൂഢമെങ്കിലും ഗ്രഹിക്കാനാകുന്ന ആ രക്ഷാകരരഹസ്യങ്ങളെ ആഴത്തില്‍ നോക്കിക്കാണേണ്ടതുണ്ട്. മറയും മടിയുമില്ലാതെ 'തന്റെ ശരീരമാകുന്ന വിരിയിലൂടെ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നവന്റെ' (ഹെബ്രാ. 10:20) ഓര്‍മ്മയാചരണം മറയ്ക്കും വിരിയ്ക്കും ഉള്ളിലായി മറയ്ക്കാന്‍ ശ്രമിക്കുന്നത് മിതമായി പറഞ്ഞാല്‍ അപരാധമാണ്.

അന്തഃകരണം എന്നാല്‍ അകത്തെ ഇന്ദ്രിയം എന്നാണര്‍ത്ഥം. മനസ്സ്, ഹൃദയം, ആത്മാവ്, മനസ്സാക്ഷി എന്നും അര്‍ത്ഥമുണ്ട്. നമ്മുടെ അന്തഃകരണത്തെ നിര്‍ജീവ പ്രവൃത്തികളില്‍നിന്നു വിശുദ്ധീകരിച്ച് ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ (ഹെബ്രാ. 9:14) സംപ്രാപ്തമാക്കുന്നതിനാണല്ലോ ക്രിസ്തു രക്തംചിന്തിയത്. അങ്ങനെയെങ്കില്‍, ആ രക്തംചിന്തല്‍ കൗദാശികമായി ആവര്‍ത്തിക്കുമ്പോഴും സമസ്ത ഇന്ദ്രിയങ്ങളോടും കൂടെ അവനെ ആരാധിക്കേണ്ടതുണ്ട്. ദൈവം ചരിത്രത്തിനും മനുഷ്യവംശത്തിനും 'പുറംതിരിയുന്നില്ല;' പിന്നെയോ മനുഷ്യാവതാരത്തിലൂടെ അവിരാമവും സ്‌നേഹപൂര്‍വ്വകവുമായി സമാശ്ലേഷിക്കുകയാണ്. അങ്ങനെയെങ്കില്‍, ഏതു വിധത്തിലുള്ള ദൈവമനുഷ്യസമാഗമവും മുഖാഭിമുഖമാകണം. ദിവ്യകാരുണ്യത്തേക്കാള്‍ മഹനീയമായ ദൈവമനുഷ്യസമാഗമമില്ലല്ലോ. അതിനാല്‍ ഹൃദയഐക്യമില്ലാത്ത ഐകരൂപ്യത്തിനുവേണ്ടി ബലിയര്‍പ്പണം ബലമായി തിരിക്കണ്ട. ദിവ്യകാരുണ്യത്തില്‍ നമ്മെ സന്ദര്‍ശിച്ച് തന്റെ തിരുമുഖദര്‍ശനം നമുക്ക് നല്കുന്ന തമ്പുരാനെ അഭിമുഖം ദര്‍ശിച്ച് സായൂജ്യമടയാം. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും വന്ന് (ലൂക്കാ 13:29) നമുക്കും അവന്റെ ഒപ്പമിരുന്ന് ജീവന്റെ വിരുന്ന് ആസ്വദിക്കാം.

വിട്ടുകൊടുക്കുക എന്നും തടയരുത് എന്നുമൊക്കെ അവിടുന്ന് ആജ്ഞാപിക്കുന്നത് വടക്കിനോടും തെക്കിനോടുമൊന്നും ആയിരിക്കില്ല; നാം ഓരോരുത്തരോടുമായിരിക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org