പാവങ്ങളുടെ ഡോക്ടര്‍ സിസ്റ്റര്‍ ഇനി ദൈവദാസി

പാവങ്ങളുടെ ഡോക്ടര്‍ സിസ്റ്റര്‍ ഇനി ദൈവദാസി

സിസ്റ്റര്‍ ഡോ. ഫിദേലിസ് എസ് ഡിയുടെ നാമകരണ നടപടികള്‍ക്കു തുടക്കം

സിസ്റ്റര്‍ റാന്‍സി കിടങ്ങേന്‍ എസ് ഡി (പോസ്റ്റുലേറ്റര്‍)

കേരളത്തില്‍ ജനിച്ച്, അമേരിക്കയില്‍ പഠിച്ച്, ദല്‍ഹിയിലെ ചേരിനിവാസികള്‍ക്കും ഇതര മനുഷ്യര്‍ക്കും രോഗസൗഖ്യത്തിന്റെ സുവിശേഷമെത്തിച്ച സിസ്റ്റര്‍ ഡോക്ടര്‍ ഫിദേലിസ് തളിയത്ത് എസ് ഡിയുടെ വിശുദ്ധി ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള നടപടികള്‍ക്കു ഫരീദാബാദ് രൂപത തുടക്കമിട്ടു. ഇതോടെ സിസ്റ്റര്‍ ഫിദേലിസ് ഇനി ദൈവദാസി എന്നറിയപ്പെടും.
എറണാകുളം-അങ്കമാലി അതിരൂപതയിലെ വരാപ്പുഴ പുത്തന്‍പള്ളി ഇടവകാംഗമാണ് സിസ്റ്റര്‍ ഫിദേലിസ്. തളിയത്ത് ജോസഫ്, മേരി ദമ്പതികളുടെ രണ്ടാമത്തെ മകളായി 1929 ഫെബ്രുവരി 20 നാണു കൊച്ചുത്രേസ്യയുടെ ജനനം. പഠനകാര്യങ്ങളില്‍ അതീവ പ്രതിഭാശാലിയായിരുന്ന കൊച്ചുത്രേസ്യ മംഗലാപുരം സെ. ആന്‍സ് കോളേജില്‍ നിന്നു ഗണിതശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടെ ബിരുദം നേടി.
പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ വന്ന ഘട്ടത്തിലാണ് ഇളയ സഹോദരി സിഎംസി മഠത്തില്‍ ചേര്‍ന്നത്. സഹോദരി യോടൊപ്പം കറുകുറ്റിയിലെ മഠം സന്ദര്‍ശിച്ച കൊച്ചുത്രേസ്യ കുറച്ചുനാള്‍ അവിടത്തെ സ്‌കൂളില്‍ പഠിപ്പിച്ചു. ആത്മീയഗുരുവായ ഫാ. മാത്യു മങ്കുഴിക്കരിയുമായി ആലോചനകളില്‍ ഏര്‍പ്പെട്ടിരുന്ന കൊച്ചുത്രേസ്യ യില്‍ പാവങ്ങള്‍ക്കു വേണ്ടി സേവനം ചെയ്യണമെന്ന ആഗ്രഹം ശക്തമായിരുന്നു. അങ്ങനെ സമര്‍പ്പിതജീവിത ത്തിന്റെ വഴി തിരഞ്ഞെടുത്ത കൊച്ചുത്രേസ്യ 1951-ല്‍ അഗതികളുടെ സഹോദരിമാര്‍ (എസ് ഡി) എന്ന സന്യാസസമൂഹത്തില്‍ ചേര്‍ന്നു. സിസ്റ്റര്‍ ഫിദേലിസ് എന്ന പേരു സ്വീകരിച്ചു സന്യാസിനിയായി.
സിസ്റ്റര്‍ ഫിദേലിസിന്റെ കഴിവും കാരുണ്യവും ബോദ്ധ്യപ്പെട്ട അന്നത്തെ എസ്ഡി സഭയുടെ വഴികാട്ടിയായിരുന്ന ഫാ. ജോര്‍ജ് വല്യാറമ്പത്ത് സിസ്റ്റര്‍ ഫിദെലിസിനെ അമേരിക്കയില്‍ മെഡിസിന്‍ പഠിക്കുന്നതിനായി അയച്ചു. ചിക്കാഗോ ലൊയോളാ യൂണിവേഴ്‌സിറ്റിയിലെ 100 പേരു ള്ള മെഡിസിന്‍ ബാച്ചില്‍ ഏറ്റവും മികവുള്ള വിദ്യാര്‍ത്ഥിനിയായിരുന്നു സിസ്റ്റര്‍ ഫിദേലിസ്. 1960-ല്‍ പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തിയ സിസ്റ്റര്‍ ഫിദേലിസ് ഇന്റേണ്‍ ഷിപ്പ് ചെയ്യുന്നതിനു വീണ്ടും അമേരിക്കയിലേയ്ക്കു പോയി. ജനറല്‍ സര്‍ജറിയില്‍ മൂന്നു വര്‍ഷത്തോളം ഉപരിപഠനം നടത്തുകയും ചെയ്തു.
മികച്ച ശസ്ത്രക്രിയാവിദഗ്ദ്ധയെന്ന പേരു സമ്പാദിച്ചു മടങ്ങിയെത്തിയ സിസ്റ്റര്‍ ഫിദേലിസിനെ അന്നത്തെ അധികാരികള്‍ ദല്‍ഹിയിലേയ്ക്കു നിയോഗിച്ചു. അവിടെ പാവങ്ങള്‍ക്കു വൈദ്യസഹായം നല്‍കുകയായിരുന്നു ലക്ഷ്യം. അമേരിക്കയിലെ സഹപാഠികള്‍ സമ്മാനമായി നല്‍കിയ കാര്‍ വിറ്റ് ദല്‍ഹിയില്‍ ആശുപത്രിക്കു വേണ്ട സ്ഥലം സിസ്റ്റര്‍ വാങ്ങി. അശോക് വിഹാറിലെ ഈ സ്ഥലത്താണ് പിന്നീട് സിസ്റ്ററുടെ നേതൃത്വത്തില്‍ ജീവോദയ ആശുപത്രി നിര്‍മ്മിക്കപ്പെട്ടത്.
1973-ല്‍ വീണ്ടും അമേരിക്കയിലേയ്ക്ക് ഗൈനക്കോളജിയില്‍ ഉപരിപഠനം നടത്തുന്നതിനായി സിസ്റ്റര്‍ പോയി. എഫ്എ സിഒജി യോഗ്യത നേടി 1977-ല്‍ മടങ്ങി വരികയും ദല്‍ഹിയിലെ പാവപ്പെട്ട സ്ത്രീകള്‍ക്കും ദമ്പതിമാര്‍ക്കും വേണ്ടിയുള്ള ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു. കുട്ടികളില്ലാത്ത ദുഃഖം അനുഭവിക്കുകയായിരുന്ന അനേകര്‍ക്ക് സിസ്റ്ററുടെ ചികിത്സയും പ്രാര്‍ത്ഥനയും പരിഹാരമേകി.

തിരക്കേറിയ ഡോക്ടറായിരിക്കുമ്പോഴും ആത്മീയകാര്യങ്ങളില്‍ വലിയ നിഷ്ഠ സിസ്റ്റര്‍ പുലര്‍ത്തിയിരുന്നു. എല്ലാ വ്യാഴാഴ്ചയും സിസ്റ്റര്‍ പ്രാര്‍ത്ഥനാദിനമായി മാറ്റി വച്ചു. അന്നു മുഴുവന്‍ സമയവും ചാപ്പലില്‍ ദിവ്യകാരുണ്യസന്നിധിയില്‍ ആരാധനയില്‍ മുഴുകി കഴിയും. എന്നും രാവിലെ അഞ്ചിനെഴുന്നേറ്റ് വ്യക്തിപരമായ പ്രാര്‍ത്ഥന നടത്തുകയും പൂന്തോട്ടത്തില്‍ ചെന്നു പൂച്ചെണ്ടുണ്ടാക്കി അള്‍ത്താരയില്‍ വയ്ക്കുകയും ചെയ്യും. ആഴ്ചയിലൊരുദിവസം ആശുപത്രിയില്‍ നടത്തുന്ന ജപമാലപ്രദക്ഷിണത്തില്‍ ആദ്യന്തം പങ്കെടുക്കും.
പാവപ്പെട്ട രോഗികളോടുള്ള പ്രത്യേകമായ പരിഗണന സിസ്റ്ററുടെ പ്രത്യേകതയായിരുന്നു. ആഴ്ചയിലൊരു ദിവസം ജഹാംഗീര്‍പുരിയിലെ കോളനിയിലെ വീടുകള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. ഭിന്നശേഷിക്കാരും മറ്റുമായ കോളനിയിലെ കുട്ടികള്‍ സിസ്റ്ററുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കും. അവിടെ വിവിധ സ്ഥാപനങ്ങള്‍ സിസ്റ്ററുടെ നേതൃത്വത്തില്‍ സ്ഥാപിതമായിരുന്നു.
സഫലമായ ഒരു ജീവിതത്തിനു ശേഷം 2008 ജനുവരി 18 നു സിസ്റ്റര്‍ ഫിദേലിസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അര്‍ബുദരോഗത്തെയും ചികിത്സയെയും വളരെ ശാന്തമായും സമാധാനമായും നേരിട്ടുകൊണ്ടാണ് അവര്‍ മരണത്തെ പുല്‍കിയത്. മരണശേഷവും സിസ്റ്ററുടെ പക്കല്‍ നിന്ന് ശാരീരികവും ആത്മീയവുമായ സൗഖ്യം നേടിയ അനേകര്‍ അവരുടെ അനുഭവകഥകള്‍ ജീവോദയയില്‍ അറിയിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാമകരണനടപടികള്‍ക്കു സഭാധികാരികള്‍ തുടക്കമിടുന്നത്.
ഫരിദാബാദ് രൂപതാദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, എസ് ഡി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഗ്രേസ് കാട്ടേത്ത്, വികാരി ജനറാള്‍ മോണ്‍. ജോസഫ് ഓടനാട്ട് തുടങ്ങിയവര്‍ രൂപതാതല അന്വേഷണ-ചരിത്ര കമ്മീഷന്റെ ഉദ്ഘാടനത്തിനു നേതൃത്വം നല്‍കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org