രാഷ്ട്രീയ നേതൃത്വങ്ങളുടെ വികസന ത്വരയും, സാധാരണക്കാരന്റെ ജീവിത വ്യഥയും

രാഷ്ട്രീയ നേതൃത്വങ്ങളുടെ വികസന ത്വരയും, സാധാരണക്കാരന്റെ ജീവിത വ്യഥയും

അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍, വെണ്ണല

അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍
അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍

അടുത്ത കാലത്തായി കേരളത്തില്‍ രണ്ട് വിഭാഗങ്ങളുടെ നിരന്തര പോരാട്ടം നടക്കുകയാണ്. പക്ഷെ ഒരു ഭാഗം എന്നും ജയിക്കുകയും മറ്റേ ഭാഗം എന്നും തോല്ക്കുകയും ചെയ്യുന്ന ഏകപക്ഷീയമായ ഒരു പോരാട്ടമാണ് നടക്കുന്നത്. വിജയിക്കുന്നവര്‍ സംഘടിത രാഷ്ട്രീയ നേതൃത്വങ്ങളും പരാജയപ്പെടുന്നവര്‍ സാധാരണ ജനങ്ങളുമാണ്. രാഷ്ട്രീയ നേതൃത്വം എന്ന് പറയുമ്പോള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്കാര്‍ എന്ന് ധരിക്കരുത്. എല്ലാ രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന ഒരു സിന്‍ഡിക്കേറ്റ്. 'വികസനം' എന്ന മന്ത്രം ചൊല്ലി രാഷ്ട്രീയ നേതൃത്വങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവിതം ഇന്ന് ദുസ്സഹമാക്കുന്നു. വികസന തത്പരര്‍ എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയക്കാരും, ഓരോ സമയത്തും ആവാസ വ്യവസ്ഥകളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുകയും 'വികസന വിരോധികള്‍' എന്ന് മുദ്ര കുത്തപ്പെടുകയും ചെയ്യുന്ന സാധാരണ ജനങ്ങളും വര്‍ത്തമാനകേരളത്തിലെ സാധാരണ കാഴ്ചകള്‍ ആയിരിക്കുന്നു. കേരളം ഇന്ന് വികസനമെന്ന രാഷ്ട്രീയ മന്ത്രത്താല്‍ അന്ധരാക്കപ്പെട്ടവരുടെ നാടായി മാറ്റപ്പെട്ടിരിക്കുന്നു.

എന്താണ് വികസനം

വികസനം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചില സങ്കല്പങ്ങള്‍ ഉണ്ട്. അംബരചുംബികളായ ഫ്‌ളാറ്റു സമുച്ചയങ്ങളും ബിസിനസ് സ്ഥാപനങ്ങളും, അത്യാധുനികമായ റോഡുകളും നിറയെ വാഹനങ്ങളും, മുട്ടിനു മുട്ടിനു വലിയ വിമാനത്താവളങ്ങളും വലിയ തുറമുഖങ്ങളും, പലവിധ റയില്‍വേ സംവിധാനങ്ങളും (സാധാരണ റെയില്‍, മെട്രോ, അതിവേഗ റെയില്‍) ഉള്‍ക്കൊള്ളുന്ന കുറെ സംഗതികളുമാണ് വികസനമെന്ന് നമ്മള്‍ ധരിച്ചു വശായിരിക്കുന്നു. അതല്ലെങ്കില്‍ അങ്ങനെയാണ് നമ്മളെ വിശ്വസിപ്പിച്ചിരിക്കുന്നത്.

ബൈബിളില്‍ ഉല്പത്തി മൂന്നാം അധ്യായം വാക്യം 6 ഇങ്ങനെയാണ്.

"ആ വൃക്ഷത്തിന്റെ പഴം ആ സ്വാദ്യവും കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവുമാണെന്ന് മനസ്സിലാക്കിയപ്പോള്‍ അവള്‍ അത് പറിച്ചു തിന്നു." പിന്നീടുള്ള കാര്യം എല്ലാവര്‍ക്കും അറിയാം. പാപവും അതിന്റെ ദുരന്തങ്ങളും ലോകത്തില്‍ പ്രവേശിച്ചു. ഇന്ന് കേരളീയരുടെ അവസ്ഥയും അതുപോലെ തന്നെ ആയിരിക്കുന്നു.

കേരളത്തിന്റെ അവസ്ഥ

വികസനമെന്ന പേരില്‍ കേരളത്തില്‍ നടക്കുന്ന കാര്യങ്ങളുടെ പരിണിത ഫലങ്ങള്‍ ഇന്ന് എന്തൊക്കെയാണ്. അനേകായിരം കുടുംബങ്ങളെ അവരുടെ ആവാസ മേഖലയില്‍ നിന്ന് കുടിയിറക്കുന്നു, ഭവനരഹിതരാക്കുന്നു, തൊഴില്‍ മേഖലയില്‍ നിന്നും പുറന്തള്ളുന്നു.

ഒരു വലിയ മഴ പെയ്താല്‍ കേരളം മുഴുവന്‍ പ്രളയവും ഉരുള്‍പൊട്ടലും. മഴ നിന്നാല്‍ ജലക്ഷാമം. സൂര്യതാപം എന്നുള്ള വാക്ക് പത്രങ്ങളില്‍ വായിച്ച അറിവായിരുന്നു കേരളീയര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സൂര്യാതപമേറ്റുള്ള അപകടങ്ങള്‍ ഇവിടേയും സാധാരണമായിരിക്കുന്നു. മഹാ രോഗങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ പെട്ട് ജനങ്ങള്‍ വീര്‍പ്പുമുട്ടുന്നു.

വികസനം ഗാന്ധിജിയുടെ വീക്ഷണത്തില്‍

'ഒരു രാജ്യത്തിലെ സുവ്യവസ്ഥയുടെ ലക്ഷണം അതിലെ കോടീശ്വരന്മാരുടെ എണ്ണമല്ല. ജനങ്ങളുടെ പട്ടിണിയില്ലായ്മയാണ്. ഓരോ മനുഷ്യനും ജീവിക്കാന്‍ അവകാശമുണ്ട്. തന്നിമിത്തം ഉണ്ണാനും ഉടുക്കാനും പാര്‍ക്കാനുള്ള വക കണ്ടുപിടിക്കുന്നതിനും.' (ഗാന്ധി സാഹിത്യം 2, സാമൂഹിക ജീവിതം, പേജ് 11) രാഷ്ട്രപിതാവിന്റെ പിന്‍മുറക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസനങ്ങള്‍ ഒരു വശത്ത് കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതും മറുവശത്ത് സാധാരണക്കാരെ ദരിദ്ര നാരായണന്മാരാക്കുന്നതുമാണ്.

രാഷ്ട്രീയ നേതൃത്വം എന്ന് പറയുമ്പോള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്കാര്‍ എന്ന് ധരിക്കരുത്. എല്ലാ രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന ഒരു സിന്‍ഡിക്കേറ്റ്. 'വികസനം' എന്ന മന്ത്രം ചൊല്ലി രാഷ്ട്രീയ നേതൃത്വങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവിതം ഇന്ന് ദുസ്സഹമാക്കുന്നു.

രാഷ്ട്രപിതാവിന്റെ ദര്‍ശനവും ഇവിടെ നടപ്പാക്കികൊണ്ടിരിക്കുന്ന വികസന ദര്‍ശനങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലായെന്നുള്ളത് അവിതര്‍ക്കിതമാണ്. അങ്ങനെയെങ്കില്‍ എവിടെയൊക്കെയാണ് പിഴവുകള്‍ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ സാധ്യത കള്‍, ആവശ്യങ്ങള്‍, പരിമിതികള്‍

ഒരു നാടിന്റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ആ നാടിന്റെ സാധ്യതകളും, ആവശ്യങ്ങളും, പരിമിതികളും നിശ്ചയമായും കണക്കിലെടുക്കേണ്ടതുണ്ട്.

സാധ്യതകള്‍: കേരളം പ്രകൃതിയാല്‍ അനുഗ്രഹീതമായ ഒരു നാടായിരുന്നു. സുഖ പ്രദമായ കാലാവസ്ഥയും വേണ്ടുവോളം മഴയും മനോഹരമായ ഭൂ പ്രകൃതിയും ഒത്തിണങ്ങിയ രമണീയമായ ഒരു പ്രദേശമായിരുന്നു. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് സഹ്യപര്‍വ്വതവും ആ പര്‍വ്വതത്തില്‍ നിന്ന് ഉദ്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന 44 നദികളും തദ്ഫലമായുണ്ടാകുന്ന ഫലഭൂയിഷ്ഠമായ മണ്ണും ഈ നാടിന്റെ അനുഗ്രഹമായിരുന്നു. ഇവിടെയുണ്ടാകുന്ന കാര്‍ഷിക വിളവുകളും സുഗന്ധവ്യഞ്ജനങ്ങളും ലോകകമ്പോളത്തിലെ ഒന്നാം തരം ചരക്കുകള്‍ ആയിരുന്നു. അദ്ധ്വാനശീലരും സംസ്‌കാരസമ്പന്നരുമായ മനുഷ്യരും ഈ നാടിന്റെ അഭിമാനമായിരുന്നു.

ഈ അനുകൂല ഘടകങ്ങളെ പരിപോഷിപ്പിച്ച് വളര്‍ത്തി ജനങ്ങള്‍ക്ക് പ്രയോജന പ്രദവും നാടിന് മേന്മ കൈവരുത്തുന്നതുമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയെന്നതായിരുന്നു കേരളത്തിന്റെ ആവശ്യം. സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ആദ്യത്തെ നാലു പതിറ്റാണ്ടുകള്‍ മേല്‍ പ്രസ്താവിച്ച വിധത്തിലുളള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരുന്നത്.

വികസനം വഴിതെറ്റുന്നു: എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി നമ്മുടെ നാട്ടില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഈ നാടിനും ഇവിടുത്തെ ജനങ്ങള്‍ക്കും വേണ്ടിയാണെന്നു പറയുവാന്‍ സാധിക്കുന്നില്ല.

ഇന്ന് കേരളത്തിലെ ജനങ്ങളുടെ സ്ഥിതി തീര്‍ത്തും പരിതാപകരമായിരിക്കുന്നു.

കേരളത്തിന്റെ പരിമിതികള്‍: ഈ സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണം കേവലം 38,863 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. അതാണ് ഏറ്റവും വലിയ പരിമിതിയും. ഏകദേശം 800 കിലോമീറ്റര്‍ നീളവും 50 കിലോ മീറ്ററില്‍ താഴെ ശരാശരി വീതിയുമാണുളളത്. ഇതില്‍ കടലിനോട് അടുത്തുളള ഭാഗങ്ങള്‍ തീരപ്രദേശമെന്നും സഹ്യപര്‍വ്വതവും അതിനോട് ചേര്‍ന്നുളള ഭാഗങ്ങളും മലനാട് എന്നും ഇടയ്ക്കുള്ള ഭാഗം ഇടനാട് എന്നും അറിയപ്പെടുന്നു.

ആകെയുളള 38863 ച.കി.മീറ്ററില്‍ 20668 ച.കി.മീ. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം വനഭൂമിയായി തിരിച്ചതാണ്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തത്ക്കാലം 13108 ച.കി.മീ. വനമായി സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഓരോ വര്‍ഷവും വന്യമൃഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ബഫര്‍ സോണുകള്‍ എന്ന ഓമനപ്പേരില്‍ വനത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

ബാക്കിയുളള 25000 ച.കി.മീ. പോലുമില്ലാത്ത സ്ഥലത്തില്‍ കടലിന്റെ തീരത്ത് നിന്നും നിശ്ചിത ദൂരം വരെ തീരസംരക്ഷണ പ്രദേശമായി വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 500 മീറ്റര്‍ വീതിയില്‍ ആയിരുന്നുവെങ്കിലും പ്രതിഷേധം കനത്തപ്പോള്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കടലിനും കായലുകള്‍ക്കും പുഴകള്‍ക്കും തീര സംരക്ഷണ നിയമം ബാധകമാണ്. ആ നിലയില്‍ 2500-3000 ച. കി.മീ സ്ഥലം മേല്‍പറഞ്ഞ സംരക്ഷിത മേഖലയാണ്.

മലനാടിനും തീരപ്രദേശത്തിനും ഇടയ്ക്ക് ഉള്ള ഭാഗത്ത് വേമ്പനാട്ട് കായല്‍, അഷ്ടമുടി കായല്‍ തുടങ്ങിയ കായലുകള്‍, ഏതാണ്ട് 62 ഡാമുകളുടെ റിസര്‍വോയറുകള്‍, 44 നദികളും അവയുടെ തോടുകളും അരുവികളും ചേര്‍ന്ന നീരൊഴുക്ക് മേഖല, മംഗലാപുരം മുതല്‍ തെക്കേ അറ്റം വരെയുള്ള രണ്ട് ട്രാക്ക് റെയില്‍വേ ലൈനുകള്‍, നിലമ്പൂര്‍, ഗുരുവായൂര്‍, പുനലൂര്‍, ആലപ്പുഴ റെയില്‍വേ ലൈനുകള്‍, നൂറുകണക്കിന് റെയില്‍വെ സ്റ്റേഷനുകള്‍, ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഹൈവോള്‍ട്ടേജ് കമ്പികള്‍ വലിച്ചിരിക്കുന്ന ആയിരക്കണക്കിന് ടവറുകള്‍, 45 മീറ്റര്‍ മുതല്‍ 2 മീറ്റര്‍ വരെ വീതിയുള്ള പതിനായിരക്കണക്കിന് റോഡുകള്‍, പതിനായിരക്കണക്കിന് ഏക്കര്‍ സ്ഥലം വീതം ഉപയോഗിച്ചിട്ടുള്ള 4 ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍, വല്ലാര്‍പാടം -കൊച്ചി തുറമുഖങ്ങളും ചെറിയ മറ്റു തുറമുഖങ്ങളും, ആയിരക്കണക്കിന് സ്‌കൂളുകളും കോളേജുകളും നൂറുകണക്കിന് എന്‍ജിനീയറിങ് കോളേജുകള്‍, ഡസന്‍കണക്കിന് മെഡിക്കല്‍ കോളേജുകള്‍ ചെറുതും വലുതുമായ അനേകം ഹോസ്പിറ്റലുകള്‍, പതിനായിരക്കണക്കിന് ആരാധനാലയങ്ങള്‍, ലക്ഷക്കണക്കിന് ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്നു. തദ്ദേശീയരും വിദേശീയരുമായ ചില സമ്പന്നന്മാരുടെ ലക്ഷക്കണക്കിന് ഏക്കര്‍ എസ്റ്റേറ്റുകളും ഈ ഭാഗത്താണ്. കേരളത്തിലെ ഒരു കോടിയിലധികം കുടുംബങ്ങളിലായി മൂന്നരക്കോടി ജനങ്ങള്‍ ജീവിക്കേണ്ടത് ഇതിന്റെ ബാക്കിയുള്ള ഇടങ്ങളിലാണ്.

കാര്‍ഷിക പ്രധാനമായിരുന്ന ജീവിതരീതിയും സംസ്‌കാരവും ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേയ്ക്ക് തൊഴില്‍ തേടിപ്പോകുന്ന സംസ്‌കാരത്തെ കഴിഞ്ഞ കുറെ ദശകങ്ങളായി നമ്മള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അതിന്റെ പരിണിത ഫലമായി 1956-ല്‍ 9 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങള്‍ ഉണ്ടായിരുന്നത് ഇന്ന് ഒരു ലക്ഷം ഹെക്ടര്‍ ആയി ചുരുങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. അതു പോലും ശരിയായി കൃഷി ചെയ്യുന്നില്ല. മറ്റു വിളവുകളുടെ കൃഷികളും കുറഞ്ഞു4 വന്നിരിക്കുന്നു. കൃഷിഭൂമികള്‍ മണ്ണിട്ട് നികത്തിയാണ് മുന്‍പ് പറഞ്ഞ വികസന പ്രവൃത്തികളെല്ലാം നടത്തിയത്. തദ്ഫലമായി മുന്‍ കാലങ്ങളില്‍ മഴക്കാലത്ത് വെള്ളം സംഭരിച്ച് നിര്‍ത്തിയിരുന്ന നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും മഴപെയ്യുമ്പോള്‍ പ്രളയം സൃഷ്ടിക്കുന്ന ഇടങ്ങളായി രൂപാന്തരപ്പെട്ടു. പടിഞ്ഞാറന്‍ പ്രദേശത്തെ നീര്‍ത്തടങ്ങളും വയലേലകളും നികത്താന്‍ വേണ്ടി കിഴക്കന്‍ മേഖലയിലെ കുന്നുകളും മലകളും ഇടിച്ചു പൊളിച്ചു മണ്ണെടുത്തതും പാറകള്‍ പൊട്ടിച്ചതും ഉരുള്‍പൊട്ടലിനും മണ്ണൊലിപ്പിനും കാരണമായി. ഇന്ന് കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥ പോലും മാറിപ്പോയിരിക്കുന്നു.

ഒരുകാലത്ത് ആഹാരസാധനങ്ങള്‍ സുലഭമായിരുന്ന കേരളം ഇന്ന് എല്ലാ സാധനങ്ങളും അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്നാലേ അനുദിനം ജീവിക്കാന്‍ സാധിക്കൂ എന്ന അവസ്ഥയിലാണ്. കോവിഡ് രോഗം വന്നപ്പോള്‍ ലോക്ക്ഡൗണ്‍ എന്ന് കേട്ട സമയത്ത് കേരളീയരുടെ ഉള്ളില്‍ തീയാളിയത് ആഹാരസാധനങ്ങള്‍ കിട്ടാതെ വരുമല്ലോയെന്ന് ഭയന്നിട്ടായിരുന്നു. ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത് സൂചിപ്പിച്ചതുപോലെ ഒരു മഴപെയ്താല്‍ പ്രളയവും ഉരുള്‍പൊട്ടലും, മഴനിലച്ചാല്‍ വരള്‍ച്ചയും സൂര്യാതപമേറ്റുളള ആപത്തുകളും ഇവിടെ സാധാരണമായിരിക്കുന്നു. വന്യ മൃഗങ്ങള്‍ നാട്ടിലും വീട്ടിനുള്ളില്‍ പോലും മനുഷ്യരെ ഉപദ്രവിക്കുന്നു.

ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍

കഴിഞ്ഞ നാലഞ്ചു ദശകങ്ങള്‍ മലയാളികള്‍ ലോകത്തെല്ലാം തൊഴില്‍ തേടി പോയി. എന്നാല്‍ അടുത്ത കാലത്ത് ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുണ്ടായ പുരോഗതിയും തദ്ദ്വാരാ ലോകമെമ്പാടും വരുന്ന മാറ്റങ്ങളും നമ്മള്‍ ഗൗരവമായി കാണേണ്ടതുണ്ട്. പുതിയ കണ്ടുപിടുത്തങ്ങളുടെ ഫലമായി അനേകം തൊഴില്‍ മേഖലകളില്‍ നിന്നും മനുഷ്യന്‍ നിഷ്‌കാസനം ചെയ്യപ്പെടുന്നു. അതിനാല്‍ ഓരോ രാജ്യക്കാരും വിദേശ തൊഴിലാളികളെ കുറച്ചു കൊണ്ടു വരുന്നു. വാഹനങ്ങള്‍ ഓടിക്കാന്‍ ഡ്രൈവര്‍ ആവശ്യമില്ലാതാകുന്നു. ഡ്രോണ്‍ ഉപയോഗിച്ച് സാധനങ്ങള്‍ ആവശ്യക്കാരന്റെ വീട്ടില്‍ എത്തിച്ച് നല്‍കുന്നു. ഹോസ്പിറ്റലില്‍ മരുന്നുകള്‍ രോഗികള്‍ക്ക് എത്തിച്ചു നല്‍കാന്‍, ഹോട്ടലില്‍ സപ്ലൈ ചെയ്യാന്‍, മാളുകളില്‍ സാധനങ്ങള്‍ നല്‍കാന്‍, ബില്ലുകള്‍ നല്‍കാന്‍, സെക്യൂരിറ്റി ജോലികള്‍ ചെയ്യാന്‍, വീട്ടുപണികള്‍ ചെയ്യാന്‍ തുടങ്ങി അനേകം മേഖലകളില്‍ റോബോട്ടുകള്‍ സ്ഥാനം പിടിച്ചു കൊണ്ടിരിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വഴി അധ്യാപകര്‍ വളരെ കുറച്ചു മതിയെന്ന സ്ഥിതിയുമായി. ഇതിനോടൊപ്പം കോവിഡ് പോലുള്ള മഹാമാരികള്‍ വിദേശത്തെ ജീവിതം അനിശ്ചിതത്വത്തില്‍ എത്തിച്ചിരിക്കുന്നു. എങ്ങനേയും നാട്ടില്‍ തിരികെ എത്താനുള്ള വ്യഗ്രത പ്രവാസികളില്‍ വളര്‍ന്നുവരുന്നു. ഇതൊക്കെ നമ്മള്‍ കണക്കിലെടുക്കേണ്ടതാണ്.

രാഷ്ട്രീയ നേതൃത്വങ്ങളുടെ വഞ്ചന

ഇന്ന് വികസനമെന്ന പഞ്ചസാര പുരട്ടി നമ്മുടെ വായില്‍ വച്ചു തരുന്ന പലതും കാളകൂട വിഷമാണെന്നുളളതാണ് സത്യം. വികസന പദ്ധതികള്‍ എന്ന പേരില്‍ നട ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ വായ്പകള്‍ യഥേഷ്ടം നേടിയെടുക്കുന്നു. ഇതില്‍ പല നിഗൂഢതകളുമുണ്ട്. 1. വായ്പകള്‍ എല്ലാം ദീര്‍ഘകാല വായ്പകള്‍ ആണ്. വിദേശ ഏജന്‍സികള്‍ക്ക് അതാണ് താത്പര്യം. കാരണം മിക്ക വികസിത രാജ്യങ്ങളിലെ ബാങ്കുകളിലും പണം നിക്ഷേപിച്ചാല്‍ പലിശ ലഭിക്കുകയില്ലെന്നു മാത്രമല്ല, പണം സൂക്ഷിക്കുന്നതിന്റെ ഫീസായി 2 ശതമാനം പണം ഓരോ വര്‍ഷവും ബാങ്ക് പിടിക്കും. 50 കൊല്ലം കഴിയുമ്പോള്‍ നിക്ഷേപം പൂജ്യമായി മാറും. അതേസമയം ആ പണം വികസ്വര രാജ്യങ്ങള്‍ക്ക് വായ്പ നല്‍കുമ്പോള്‍ നല്ല പലിശ ലഭിക്കുന്നു. നിക്ഷേപം വര്‍ദ്ധിക്കുന്നു, ഇരട്ടിക്കുന്നു. 2. വായ്പകള്‍ ലഭ്യമാക്കുന്നതിന് കണ്‍സള്‍ട്ടന്‍സികള്‍ എന്ന ഇടനിലക്കാരെ ഏര്‍പ്പാടാക്കുന്നു. അവര്‍ വഴി രാഷ്ട്രീയ നേതൃത്വങ്ങള്‍ കമ്മീഷനായി വന്‍ തുകകള്‍ അടിച്ചു മാറ്റുന്നു. 10 ശതമാനം വരെ ഇത്തരം കമ്മീഷനുകളാണ്. 3. വായ്പകള്‍ക്ക് ഈടായി നാട്ടിലെ നല്ല സ്ഥലങ്ങള്‍ (കണ്ണായ സ്ഥലങ്ങള്‍) വായ്പ നല്‍കിയ ഏജന്‍സികള്‍ക്ക് നല്‍കുന്നു. 4. പദ്ധതികള്‍ പ്രവര്‍ത്തന നഷ്ടം വരുത്തുമ്പോള്‍ അത് നികത്തുവാനും കടം വീട്ടുവാനും സാധാരണ ജനങ്ങളുടെ മേല്‍ ദുര്‍വ്വഹമായ നികുതികള്‍ ചുമത്തുന്നു. ഇതിനെല്ലാം ഉപരിയായി പദ്ധതിക്കു വേണ്ടി അനേകം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും അവരുടെ ജീവനോപാധികള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഭിന്നിപ്പിച്ച് ചൂഷണം ചെയ്യുന്നു

തീരദേശത്തുള്ളവര്‍ കടലിന്റെ അടുത്ത് ഒരു കൂര വച്ചു കെട്ടിയാല്‍ കടല്‍ത്തീരം കയ്യേറി നശിപ്പിക്കുന്നവര്‍ എന്ന് ആക്ഷേപിക്കും. സംസ്ഥാനത്തിന്റെ മറ്റു രണ്ട് ഭാഗത്തുമുള്ളവര്‍ (ഇടനാട്, മലനാട്) അത് ശരിയാണെന്ന് കരുതും. ഹൈറേഞ്ച് പ്രദേശത്ത് സ്വന്തം പുരയിടത്തിലെ മരം മുറിച്ചാല്‍ കാടു കയ്യേറ്റമായിട്ടുളള വാര്‍ത്ത പരത്തും. ഇടനാട്ടിലും തീരപ്രദേശങ്ങളിലുളളവരും അത് വിശ്വസിക്കും. ഹൈറേഞ്ചിലും തീരപ്രദേശങ്ങളിലുമല്ലാതെ ഇടനാട്ടില്‍ സാധാരണ ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ വരുന്നവരെ തടഞ്ഞാല്‍ ആ ജനങ്ങളെ 'വികസന വിരോധികള്‍' എന്ന മുദ്രകുത്തി വാര്‍ത്ത പ്രചരിപ്പിക്കും. അങ്ങനെ നാട്ടിലെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്നു. കീഴാറ്റൂരും, മൂലമ്പള്ളിയും, സ്മാര്‍ട്ട് സിറ്റിയും, അയ്യമ്പുഴയും തുടങ്ങി എണ്ണമറ്റ ഉദാഹരണങ്ങള്‍ ഉണ്ട്. ഇങ്ങനെ നാട്ടിലെ ജനങ്ങളെ ഭിന്നിപ്പിച്ച് ഒറ്റപ്പെടുത്തി അവരുടെ ഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കുന്നു.

കൊച്ചി മെട്രോയുടെ അനുഭവം

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അനേകം ഉദാഹരണങ്ങള്‍ നമുക്കു ചുറ്റിലും ഉണ്ട്. എങ്കിലും വളരെ വ്യക്തമായ ഒരു ഉദാഹരണം നോക്കാം.

കൊച്ചിയില്‍ മെട്രോ റെയില്‍ വളരെ അത്യാവശ്യമാണെന്നുള്ള പ്രചാരണം ഇവിടുത്തെ രാഷ്ട്രീയക്കാരും അവരുടെ ജിഹ്വകളായ ചില പത്രക്കാരും നടത്തിക്കൊണ്ടിരുന്ന സമയം. 2009 നവംബര്‍ മാസത്തിലെ മൂല്യശ്രുതി മാസികയില്‍ (vol. 4 issue 11 pages 35, 36) ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. കേവലം 17 ഹെക്ടര്‍ സ്ഥലം മാത്രമേ ഏറ്റെടുക്കേണ്ടി വരുകയുളളൂവെന്നും 2500 കോടി രൂപ ഉപയോഗിച്ച് 2 കൊല്ലം കൊണ്ട് മെട്രോയുടെ പണികള്‍ പൂര്‍ത്തീകരിക്കുമെന്നുള്ള അവകാശവാദങ്ങളെ ഖണ്ഡിച്ചുകൊണ്ടായിരുന്നു എന്റെ ലേഖനം. മെട്രോറെയിലല്ല, നല്ല റോഡുകളും, ചില ഫ്‌ളൈഓവറുകളും, മറ്റു ചില ഓവര്‍ബ്രിഡ്ജുകളുമാണ് ആവശ്യമെന്നും കേവലം 500 കോടി രൂപയുണ്ടങ്കില്‍ കൊച്ചി സിറ്റിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാവുക മാത്രമല്ല വാഹനങ്ങള്‍ സിറ്റിക്ക് പുറത്തേയ്ക്ക് മാറ്റപ്പെടുകയും ചെയ്യാമെന്ന് ഞാന്‍ സമര്‍ത്ഥിച്ചു. മെട്രോ വലിയ ധൂര്‍ത്തും പാഴ്ചിലവുമാണെന്നും പതിനായിരം കോടി രൂപയെങ്കിലും ചിലവഴിച്ചു ദശാബ്ദങ്ങള്‍ എടുത്താലെ ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്നുംകൂടി ഞാന്‍ വിവരിച്ചിരുന്നു. കൂടാതെ നമുക്കും നമ്മുടെ പിന്‍തലമുറകള്‍ക്കും എന്നന്നേയ്ക്കും വന്‍ ബാധ്യതയായിരിക്കും മെട്രോ റെയില്‍ വരുത്തുക എന്ന് കണക്കുകള്‍ നിരത്തി ഞാന്‍ സമര്‍ത്ഥിച്ചു. ധാരാളം പരിഹാസങ്ങളും വിമര്‍ശനങ്ങളും ലഭിച്ചു എന്നു മാത്രം. എന്നാല്‍ 12 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇന്നത്തെ സ്ഥിതിയെന്താണ്. മെട്രോയുടെ പണികള്‍ തീര്‍ന്നിട്ടില്ല. ചിലവ് എത്ര ആയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 310 കോടി രൂപ നഷ്ടം ഉണ്ടായിരുന്നു. അതിനുതലേ വര്‍ഷം 285 കോടി രൂപയായിരുന്നു നഷ്ടം. രണ്ടു വര്‍ഷത്തെ നഷ്ടം 595 കോടി രൂപ. ഈ നഷ്ടം വരുംവര്‍ഷങ്ങളില്‍ കൂടിക്കൊണ്ടിരിക്കും. കാക്കനാട് NGO ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടുന്ന വിലയേറിയ 30 ഏക്കര്‍, കളമശ്ശേരി മുട്ടത്തെ മെട്രോ യാര്‍ഡ് തുടങ്ങി നൂറുകണക്കിന് ഏക്കര്‍ സ്ഥലം മെട്രോയ്ക്ക് വേണ്ടി ഏറ്റെടുത്തു. എത്ര പേരുടെ വീടുകളും കടകളും പൊളിച്ചു മാറ്റി. ഇപ്പോഴിതാ ജനങ്ങളുടെ മേല്‍ ദുര്‍വ്വഹമായ നികുതിയും വന്നിരിക്കുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ വീട്ടുകരം പിരിക്കുന്നത് വീടിരിക്കുന്ന പറമ്പിന്റെ ന്യായവിലയുടെ ഒരു ഭാഗം കൂടി ചേര്‍ത്ത് കൊണ്ടായിരിക്കണമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നു (മനോരമ പത്രം 15/02/21). വില്ലേജ് ഓഫീസിലെ നികുതി വേറെയുണ്ട്. (സര്‍ക്കാരിന്റെ കടമെടുപ്പ് ശേഷി കൂട്ടുന്നതിനാണ് നികുതി കൂട്ടുന്നതുപോലും.)

കേരള സെമി ഹൈസ്പീഡ് സില്‍വര്‍ ലൈന്‍ റെയില്‍ പ്രൊജക്ട്

കേരളത്തില്‍ ദ്രുതഗതിയില്‍ തയ്യാറാക്കികൊണ്ടിരിക്കുന്ന ഏറ്റവും വമ്പന്‍ പദ്ധതിയാണ് മുകളില്‍ പറഞ്ഞ പദ്ധതി. തിരുവനന്തപുരത്തു നിന്നും 4 മണിക്കൂര്‍ കൊണ്ട് 532 കിലോമീറ്റര്‍ പിന്നിട്ട് കാ സര്‍കോട് എത്തുമെന്ന് പറയുന്ന പദ്ധതി. 65000 (അറുപത്തയ്യായിരം) കോടി രൂപയാണ് ഇപ്പോള്‍ പദ്ധതി ചിലവ് കണക്കാക്കുന്നത്. പതിവ് പോലെ വിദേശത്തു നിന്നും ദീര്‍ഘകാല വായ്പ ലഭിക്കും. കേള്‍ക്കുമ്പോള്‍ ആകര്‍ഷകം. ഈ പദ്ധതിയെപ്പറ്റി നമുക്കൊന്ന് ചിന്തിക്കാം. ആദ്യമായി ഇത് പൊതുജനങ്ങള്‍ ആവശ്യപ്പെട്ട പദ്ധതിയാണോ? അല്ല എന്നുള്ളതാണ് സത്യം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ഇതിനെ എതിര്‍ത്തിട്ടുണ്ടോ? ഇല്ലേയില്ല. ഇതിന്റെ ആവശ്യത്തെപ്പറ്റി പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ? അതുമില്ല. ഇനി ചിന്തിക്കുക. നിലവില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ രണ്ട് ട്രാക്ക് റെയില്‍ ഉണ്ട്. എറണാകുളം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ മൂന്നാമത്തെ ട്രാക്കിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അത് ഭാവിയില്‍ തിരുവനന്തപുരത്തേയ്ക്കും കാസര്‍കോട്ടേയ്ക്കും നീട്ടുകയും ചെയ്യുമല്ലോ. കഴിഞ്ഞ 50 വര്‍ഷമായി പണിതുടരുന്ന നാഷണല്‍ ഹൈവേ നാലുവരിപ്പാത പൂര്‍ത്തിയാക്കാന്‍ ഇതുവരെ കേരളത്തില്‍ സാധിച്ചിട്ടില്ല. അതു പൂര്‍ത്തിയായാല്‍ 532 കി.മീ. യാത്രയ്ക്ക് എത്ര മണിക്കൂര്‍ വേണ്ടി വരും. നാഷണല്‍ ഹൈവേയ്ക്കു വേണ്ടി പറവൂര്‍ ഭാഗത്ത് 1500-ല്‍ അധികം കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കുന്നു.

ഹൈറേഞ്ചിലും തീരപ്രദേശങ്ങളിലു മല്ലാതെ ഇടനാട്ടില്‍ സാധാരണ ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ വരുന്നവരെ തടഞ്ഞാല്‍ ആ ജനങ്ങളെ 'വികസന വിരോധികള്‍' എന്ന മുദ്രകുത്തി വാര്‍ത്ത പ്രചരിപ്പിക്കും. അങ്ങനെ നാട്ടിലെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്നു.

സില്‍വര്‍ ലൈന്‍ റെയില്‍ തെക്ക് വടക്കായി നെടുനീളത്തില്‍ 532 കി.മീ. നീളത്തിലും ശരാശരി 30 മീറ്റര്‍ വീതിയിലും (പതിനൊന്ന് റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ) തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സ്ഥലം ഏറ്റെടുക്കാന്‍ ഏറ്റവും കുറവ് 3990 ഏക്കര്‍ (399000 സെന്റ്) ഭൂമി വേണ്ടി വരും. ഇന്ന് കേരളത്തില്‍ പട്ടണങ്ങളില്‍ രണ്ടും മൂന്നും സെന്റിലൊക്കെയാണ് വീടുകള്‍. ഗ്രാമങ്ങളില്‍ പോലും പത്തു സെന്റില്‍ അധികമില്ല. വിമാനത്താവളത്തിനായി ഒരു വ്യക്തിയുടെ 3000 ഏക്കര്‍ ഒന്നിച്ച് ഏറ്റെടുക്കുന്നതുപോലെ ലഘുവായ കാര്യമാണോ ഇത്? ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അവരുടെ ജീവനോപാധികളോടു കൂടി കുടിയൊഴിപ്പിക്കപ്പെടാന്‍ സാധ്യതയില്ലേ? മൂലമ്പിള്ളി, കീഴാറ്റൂര്‍, സ്മാര്‍ട്ട് സിറ്റി, പറവൂര്‍ തുടങ്ങി ധാരാളം അനുഭവങ്ങള്‍ നമ്മുടെ മുമ്പില്‍ ഇല്ലെ? ഈ ജനങ്ങള്‍ എല്ലാം എങ്ങോട്ട് പോകും? എവിടെ പോയി തലചായ്ക്കും?

സാധന സാമഗ്രികള്‍

കൊച്ചി മെട്രോയുടെ പണികള്‍ക്ക് ആറ്റുമണല്‍ (ചരല്‍) മാത്രം 4 കോടി 30 ലക്ഷം (430 ലക്ഷം) ക്യുബിക് അടി ആവശ്യമായി വരുമെന്ന് പത്രങ്ങളില്‍ വായിച്ചിരുന്നു. അങ്ങനെയെങ്കില്‍ അതിബൃഹത്തായ ഈ സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്ക് എത്ര ലക്ഷം കോടി ക്യുബിക് അടി ചരല്‍ വേണ്ടി വരും. കരിങ്കല്ല്, മണ്ണ് (ഗ്രാവല്‍) എന്നിവയുടെ ആവശ്യവും അളവും എത്ര ഭീമമായിരിക്കും. ഇതൊക്കെ എവിടെ നിന്ന് ലഭിക്കും. സഹ്യപര്‍വ്വതമാണല്ലൊ ലക്ഷ്യം. (സഹ്യപര്‍വ്വത സംരക്ഷണത്തിന്റെ പൊള്ളത്തരവും ഇവിടെ വെളിവാക്കപ്പെടുന്നു.) പിന്നെ കേരളത്തില്‍ സഹ്യ പര്‍വ്വതത്തിന്റെ അവസ്ഥ എന്തായിരിക്കും? എങ്ങനെയായിരിക്കും? ചീട്ടു കൊട്ടാരം പോലുള്ള സ്ഥിതി. ഒരു ചാറ്റല്‍ മഴയോ ഇടികുടുക്കമോ ഉണ്ടായാല്‍ മലകള്‍ ഇടിഞ്ഞു ഉരുള്‍പൊട്ടല്‍ ഉണ്ടാവുന്ന അവസ്ഥ സംജാതമാകും. കരിങ്കല്ല് ഖനനം ചെയ്യാന്‍ വലിയ രീതിയില്‍ സ്‌ഫോടനം നടത്തുമ്പോള്‍ വളരെ ദൂരെ വരെ മലകള്‍ക്ക് ഇളക്കം തട്ടിനില്ക്കുമെന്ന് ഓര്‍ക്കേണ്ടതുണ്ട്. കേരളം ആകെ നാശക്കൂമ്പാരമായി മാറുകയില്ലെ.

നാലു മണിക്കൂര്‍ യാഥാര്‍ത്ഥ്യമോ?

ഈ പദ്ധതിയില്‍ 11 സ്റ്റേഷനുകള്‍ ഉണ്ട്. ഈ സ്റ്റേഷനുകള്‍ അതാതു പട്ടണങ്ങളില്‍ നിന്നും വളരെ അകലെയായിരിക്കും. സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ശേഷം ഈ ഓരോ പട്ടണത്തിലും എത്തിപ്പെടണമെങ്കില്‍ എത്ര സമയം യാത്ര ചെയ്യണം. കഴക്കൂട്ടം, പേരൂര്‍ക്കട, കേശവദാസപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കിഴക്കേക്കോട്ട എത്തിച്ചേരാന്‍ എത്ര സമയമെടുക്കും. അതായത് നാലു മണിക്കൂര്‍ എന്നുള്ളത് വെറും പാഴ്‌വാക്ക് മാത്രം. എല്ലാ ദിവസവും ആരും തിരുവനന്തപുരം-കാസര്‍കോട് യാത്ര പോകുന്നില്ലല്ലൊ. ചെറിയ യാത്രകളാണ് എപ്പോഴും ഉള്ളത്. നാഷണല്‍ ഹൈവേ നാലുവരിയായി നല്ല രീതിയില്‍ പണി തീര്‍ത്താല്‍ യാത്രാ ക്‌ളേശം പൂര്‍ണ്ണമായും ഒഴിവാകും. കൂടുതല്‍ സൗകര്യവുമായിരിക്കും. ഇവിടെ നാലു വിമാനത്താവളങ്ങളും ഉണ്ട് എന്നുളളത് മറക്കരുത്.

കടം ആരു വീട്ടും, എങ്ങനെ വീട്ടും?

ഇപ്പോള്‍ത്തന്നെ കേരളം കടക്കെണിയില്‍പെട്ട് നട്ടം തിരിയുകയാണ്. ഓരോ കേരളീയന്റെയും ആളോഹരി കടം വന്‍തുകയാണ്. ഇനിയും സകല നികുതികളും, സര്‍ക്കാര്‍ ഫീസുകളും വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു. കെട്ടിടനികുതിയുടെ കാര്യം മുമ്പേ പറഞ്ഞു. രണ്ടു വര്‍ഷം കൊണ്ട് 2500 കോടി രൂപ മുടക്കി കൊച്ചി മെട്രോയുടെ പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു എസ്റ്റിമേറ്റ്. വര്‍ഷം 12 കഴിഞ്ഞു. കോടികള്‍ എത്ര മുടക്കി ക്കഴിഞ്ഞു. ഇതുവരേയും പണി പൂര്‍ത്തിയായില്ല. അങ്ങനെയെങ്കില്‍ 65000/- കോടി എസ്റ്റിമേറ്റ് ഇടുന്ന ഈ വമ്പന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ എത്ര ലക്ഷം കോടികള്‍ വേണ്ടിവരും. ഈ പദ്ധതി ലാഭകരമായിരിക്കുമെന്ന് ആരും ഒരിടത്തും പറഞ്ഞു കേട്ടിട്ടില്ല. കൊടിയ നഷ്ടം ഓരോ വര്‍ഷവും വരുത്തി വയ്ക്കുമെന്ന് അറിയാന്‍ 'പാഴൂര്‍ പടിപ്പുര' വരെ പോകേണ്ട ആവശ്യവുമില്ല. അപ്പോള്‍ ഈ പദ്ധതി ആര്‍ക്കുവേണ്ടി? എന്തിന് വേണ്ടി?

ഒരു ജനാധിപത്യ രാജ്യത്തില്‍ ഇത്തരം വമ്പന്‍ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ആരായേണ്ടതല്ലെ. ഇതൊക്കെ ഈ നാട്ടിലെ ജനങ്ങള്‍ മനസ്സിലാക്കാനും ചര്‍ച്ച ചെയ്യാനും സഭ മുന്‍കൈ എടുക്കേണ്ടതല്ലെ. വെളളം ഒഴുകിപ്പോയിട്ട് ചിറ കെട്ടിയതുകൊണ്ട് കാര്യമില്ലല്ലൊ.

Related Stories

No stories found.