ക്രൈസ്തവന്റെ ഭസ്മീകൃത ഭൗതികാവശിഷ്ടം ആദരവോടെ അടക്കം ചെയ്യണം

ക്രൈസ്തവന്റെ ഭസ്മീകൃത ഭൗതികാവശിഷ്ടം ആദരവോടെ അടക്കം ചെയ്യണം

ഫാ. ഡോ. പോള്‍ തേനായന്‍

വിശ്വാസികളുടെ മൃതദേഹം സംസ്‌ക്കരിക്കുന്ന പതിവാണ് പ്രാചീനകാലം മുതല്‍ സഭയില്‍ നിലനിന്നു പോന്നത്. യഹൂദാചാര പ്രകാരം യേശുവിന്റെ മൃതദേഹം കല്ലറയില്‍ സംസ്‌ക്കരിക്കുകയാണല്ലോ ഉണ്ടായത്. പരി. കന്യാമറിയം കല്ലറയില്‍ നിന്നു ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നതാണല്ലോ സഭയുടെ പരമ്പരാഗത വിശ്വാസം. അവിശ്വാസികളുടെ ആചാരമായിരുന്ന ശവദാഹം മനഃപൂവ്വം ഒഴിവാക്കി മൃതദേഹസംസ്‌ക്കാരം തിരഞ്ഞെടുക്കാന്‍ കാരണം ശരീരങ്ങളുടെ ഉയിര്‍പ്പിലുള്ള വിശ്വാസമായിരുന്നു.
ഈ വിശ്വാസം ഇല്ലായ്മ ചെയ്യാനും ഉയിര്‍പ്പ് അസാധ്യമാക്കി തീര്‍ക്കാനുമായി മതമര്‍ദ്ദകര്‍ തങ്ങള്‍ വധിച്ച ക്രൈസ്തവരുടെ ശവശരീരങ്ങള്‍ അഗ്നിക്കിരയാക്കുമായിരുന്നു. മതപീഡന കാലഘട്ടങ്ങളില്‍ രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത് രഹസ്യമായി കൊണ്ടുപോയി ഭൂമിക്കടിയില്‍ ക്രൈസ്തവ വിധിപ്രകാരമുള്ള സംസ്‌ക്കാരശുശ്രൂഷകള്‍ നടത്തി സംസ്‌ക്കരിക്കുന്നതില്‍ ജാഗരൂകരായിരുന്നു. ഇതിനു തെളിവാണ് റോമിലെ ഭൗമാന്തര്‍ ശ്മശാനങ്ങള്‍.

മധ്യശതകങ്ങളില്‍ മൃതദേഹം സംസ്‌ക്കരിക്കുന്ന പതിവു മാത്രമേ സഭയില്‍ നിലനിന്നിരുന്നുള്ളൂ വെന്നാണ് ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നത്. അന്യരാജ്യത്തു വച്ച് മരിക്കുകയും മാതൃരാജ്യത്ത് അടക്കം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്ന വ്യക്തികളുടെ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള എളുപ്പത്തിന് ആന്തരീകാവയവങ്ങള്‍ മുറിച്ചു മാറ്റുന്ന നടപടിക്കെതിരെ എഡി 1300-ല്‍ ബോനിഫസ് എട്ടാമന്‍ മാര്‍പാപ്പ മഹറോന്‍ ശിക്ഷ വിധിക്കുകയുണ്ടായി. ഹീനവും ദൈവതിരുമുമ്പില്‍ നിന്ദ്യവും വിശ്വാസികള്‍ക്ക് ഇടര്‍ച്ച നല്‍കുന്നതും സഭാപരമായ സംസ്‌ക്കാര ശുശ്രൂഷകള്‍ അസാധ്യമാക്കി തീര്‍ക്കുന്നതുമായ വലിയ അപരാധമായിട്ടാണ് ആ പ്രവൃത്തിയെ മാര്‍പാപ്പ വിശേഷിപ്പിച്ചത്.

മൃതദേഹസംസ്‌ക്കാരം സംബന്ധിച്ച സഭയുടെ പരമ്പരാഗത പ്രബോധനങ്ങള്‍ വത്തിക്കാന്‍ കാര്യാലയങ്ങളുടെ പില്‍ക്കാല ഉത്തരവുകളിലും വ്യക്തമാണ്. 1884-ല്‍ വിശാഖപട്ടണത്തെ അപ്പസ്‌തോലിക വികാരി ശവദാഹം സംബന്ധിച്ച ഒരു പ്രശ്‌നം വിശ്വാസപ്രചാരണ കാര്യാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി അഭിപ്രായം ആരാഞ്ഞു: പുതുതായി ജ്ഞാനസ്‌നാനം സ്വീകരിച്ച രണ്ടു വ്യക്തികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കപ്പെട്ടു. ശവദാഹബന്ധിയായ ശേഷക്രിയകളൊന്നും നടത്തിയില്ല. മേല്‍ജാതിക്കാര്‍ക്കു മാത്രമുള്ള ഈ പ്രത്യേക ആനുകൂല്യത്തെ മിഷനറിമാര്‍ മുടക്കേണ്ടതുണ്ടോ? മരണാസന്ന വേളകളില്‍ ആരെങ്കിലും ജ്ഞാനസ്‌നാനം ആവശ്യപ്പെട്ടാല്‍ മരണാനന്തരം എത്തരത്തിലുള്ള സംസ്‌ക്കാരമാണ് അനുഷ്ഠിക്കുകയെന്ന് ഉറപ്പു വരുത്തിയിട്ടു മാത്രമേ ജ്ഞാനസ്‌നാനം നല്‍കൂ എന്നു നിര്‍ബന്ധം പിടിക്കേണ്ടതുണ്ടോ? 1884 സെപ്തംബര്‍ 27-നു വത്തിക്കാന്‍ കാര്യാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു: ഒരു കാരണവശാലും ശവദാഹം അംഗീകരിക്കരുത്. എന്നാല്‍, അക്കാര്യത്തില്‍ നിസംഗത പാലിച്ചുകൊണ്ട് ജ്ഞാനസ്‌നാനം നല്‍കാവുന്നതാണ്.

16-ാം നൂറ്റാണ്ടില്‍ പാശ്ചാത്യ മിഷനറിമാര്‍ കേരളക്കരയിലെത്തിയപ്പോള്‍ പൂര്‍ണമായും സംസ്‌കൃതവത്കരിക്കപ്പെട്ട ഒരു ക്രൈസ്തവ സമൂഹത്തെയാണ് ഇവിടെ കണ്ടുമുട്ടിയത്. മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ എന്നു തങ്ങളെത്തന്നെ വിശേഷിപ്പിച്ചു പോന്ന കേരളത്തിലെ ആദിമ ക്രൈസ്തവര്‍ ഉന്നതകുലജാതരുടെ ജീവിതചര്യകളും ആചാരമര്യാദകളും കൃത്യമായി പാലിച്ച് ജാതീയ മേല്‍ക്കോയ്മ കൈവരിച്ചിരുന്നു. സമൂഹത്തിലെ ജാതിവ്യവസ്ഥയിലെ ഉന്നത ശ്രേണിയില്‍ വര്‍ത്തിച്ചിരുന്ന അവര്‍ വരേണ്യവര്‍ഗ്ഗത്തിന്റെ ആനുകൂല്യങ്ങളും അനുഭവിച്ചു പോന്നു. നാമകരണം, ചോറൂട്ട്, തീണ്ടല്‍ തൊടീല്‍, പുലകുളി, ശ്രാദ്ധം തുടങ്ങിയ സവര്‍ണ ഹിന്ദുക്കളുടെ ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ചു പോന്നപ്പോഴും സവര്‍ണ്ണഹിന്ദുക്കള്‍ക്കു പരമപ്രധാനമായ ശവദാഹം എന്ന ആചാരം മാത്രം മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ എന്നെങ്കിലും നടപ്പിലാക്കിയതിനു തെളിവില്ല. പേര്‍ഷ്യയിലെ പൗരസ്ത്യ സുറിയാനി സഭയുമായുള്ള ബന്ധത്തിലൂടെ ചില യഹൂദാചാരങ്ങളും മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനിന്ന കാര്യം ഇത്തരുണത്തില്‍ സ്മര്‍ത്തവ്യമാണ്.

കുഴിമാടങ്ങള്‍ പ്രാര്‍ത്ഥനയുടെയും അനുസ്മരണങ്ങളുടെയും വിചിന്തനങ്ങളുടെയും വേദിയായി വിശ്വാസികള്‍ കരുതുന്നു. മണ്ണിലലിഞ്ഞോ ഭസ്മീ കൃത ഭൗതികാവശിഷ്ട രൂപത്തിലോ കല്ലറയിലുള്ള വിശ്വാസികളും ഈ ഭൂമിയില്‍ തീര്‍ത്ഥാടനത്തിലാ യിരിക്കുന്ന സമരസഭയിലെ അംഗങ്ങളായ നമ്മളും സ്വര്‍ഗ്ഗത്തിലെ വിശുദ്ധന്മാരും ഒരു കൂട്ടായ്മയിലാണെന്നു സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഭസ്മീകൃത ഭൗതികാവശിഷ്ടം സ്വന്തം വീട്ടിലോ ഭാഗിച്ചു വീടുകളിലോ സൂക്ഷിക്കാന്‍ പാടില്ല.

യഹൂദരുടെ ഇടയില്‍ ശവദാഹത്തിനു മുടക്കുണ്ട്. പ്ലേഗോ മറ്റോ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മാത്രമേ യാഥാസ്ഥിതികരും മാമൂല്‍പ്രിയരുമായ യഹൂദര്‍ ശവദാഹം അനുവദിച്ചിരുന്നുള്ളൂ. എങ്കിലും യഹൂദ നവോത്ഥാന പ്രസ്ഥാനത്തിന്റെ വക്താക്കള്‍ മരിച്ച വ്യക്തിയുടെ ആഗ്രഹം അതായിരുന്നുവെങ്കില്‍ ശവദാഹം അനുവദിക്കണമെന്ന പക്ഷക്കാരാണ്. ആധുനിക കാലഘട്ടത്തില്‍ നാസിതടവറകളില്‍ എരിഞ്ഞടങ്ങിയ ലക്ഷക്കണക്കിനു യഹൂദരുടെ ഓര്‍മ്മ അവരെ ഇന്നും വേട്ടയാടുന്നുണ്ട്.

ഓര്‍ത്തഡോക്‌സ് സഭകളുടെ പരമ്പരാഗത ആചാരമുറയും മൃതദേഹം സംസ്‌ക്കരിക്കലാണ്. എന്നാല്‍, 1961-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പൗരസ്ത്യ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ഇതു സം ബന്ധമായി എഴുതി: ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ശവദാഹത്തിനെ തിരായി ഔദ്യോഗിക നിലപാടില്ല. എന്നാല്‍ പരമ്പരാഗത ആചാരമുറകളും വൈകാരിക ഘടകങ്ങളും മൃതദേഹം സംസ്‌ക്കരിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുന്നത്.

കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചറിയാന്‍ ഉത്സുകയായ കത്തോലിക്കാ സഭ സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസൃതമായി മൃതദേഹ സംസ്‌ക്കാരം സംബന്ധിച്ചുള്ള പരമ്പരാഗത നിലപാടുകള്‍ പുനഃപരിശോധിക്കാനും പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളാനും തയ്യാറായി. 1870-ല്‍ ഇറ്റാലിയന്‍ പ്രൊഫസര്‍ ബ്രൂണെറ്റി ആധുനികരീതിയിലുള്ള ശവദാഹച്ചൂള വികസിപ്പിച്ചെടുത്തു. അധികം വൈകാതെ യൂറോപ്പിലും അമേരിക്കയിലുമൊക്കെ മൃതദേഹം ദഹിപ്പിക്കുന്ന രീതി പരക്കെ പ്രാബല്യത്തില്‍ വന്നു.

സ്ഥലപരിമിതിയും സാമ്പത്തികഭാരവുമാണ് ശവദാഹം തിരഞ്ഞെടുക്കാന്‍ പലരെയും പ്രേരിപ്പിച്ചത്. വിദേശരാജ്യങ്ങളില്‍ വച്ചു മരിക്കുന്നവരുടെ മൃതദേഹം അതേപടി നാട്ടിലെത്തിക്കുക പ്രശ്‌ന സങ്കീര്‍ണമാണ്. പരിസ്ഥിതി മലിനീകരണവും പകര്‍ച്ച വ്യാധികളും സുനാമിയിലേതുപോലുള്ള പ്രകൃതിക്ഷോഭങ്ങളിലെ കൂട്ട മരണങ്ങളും ഇന്നു നാം നേരിടുന്ന കോവിഡ് 19 മഹാമാരി മാന ദണ്ഡങ്ങള്‍ പാലിച്ചു മൃതദേഹം ദഹിപ്പിക്കേണ്ട സാഹചര്യങ്ങളുമൊക്കെ ശവദാഹം ആവശ്യമാക്കിത്തീര്‍ക്കുന്ന ഘടകങ്ങളാണ്.

ശവദാഹത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വിശ്വാസകാര്യാലയം 1963-ല്‍ പിന്‍വലിച്ചു. രണ്ടു വ്യവസ്ഥകള്‍ക്കു വിധേയമായാണ് ശവദാഹം അനുവദിച്ചത്. ഒന്ന്, ശരീരത്തിന്റെ ഉയിര്‍പ്പിലുള്ള വിശ്വാസം നിഷേധിക്കുന്ന പശ്ചാത്തലത്തിലാവരുത് ശവദാഹം തിരഞ്ഞെടുക്കുന്നത്. രണ്ട്, മൃതദേഹത്തിനു നല്‍കുന്ന ആദരവു തന്നെ ഭസ്മീകൃത ഭൗതികാവശിഷ്ടത്തിനു നല്‍കേണ്ടതും വെഞ്ചരിച്ച സ്ഥലത്തു നിക്ഷേപിക്കേണ്ടതുമാണ്. മരണാനന്തരമുള്ള എല്ലാ തിരുക്കര്‍മ്മാദികള്‍ക്കും ശേഷമാണ് മൃതദേഹം ദഹിപ്പിക്കേണ്ടതെന്നും ശവദാഹഭസ്മം വച്ചു തിരുക്കര്‍മ്മാദികളൊന്നും പാടില്ലെന്നുമായിരുന്നു ആദ്യകല്‍പനയിലെ വിവക്ഷ.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പശ്ചാത്തലത്തില്‍ 1969ല്‍ പരിഷ്‌ക്കരിച്ച മൃതദേഹ സംസ്‌ക്കാര ശുശ്രൂഷയില്‍ തിരുക്കര്‍മ്മങ്ങള്‍ ശവദാഹച്ചൂളക്കരികിലോ സിമിത്തേരിയിലോ നടത്താമെന്ന നിര്‍ദ്ദേശമുണ്ട്. ശുശ്രൂഷയ്ക്കിടയില്‍ ദിവ്യബലി ഉണ്ടെങ്കില്‍ അതു മൃതദേഹത്തിന്റെ സാന്നിധ്യത്തിലായിരിക്കണമെന്നായിരുന്നു വ്യവസ്ഥ. വത്തിക്കാനില്‍ നിന്നുള്ള 1989-ലെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഭസ്മീകൃത ഭൗതികാവശിഷ്ടം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു ദിവ്യബലിയര്‍പ്പിക്കാനും അനുവദിക്കുന്നുണ്ട്. മനുഷ്യാവകാശപ്രവര്‍ത്തകനായിരുന്ന ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ ഭസ്മീകൃതഭൗതികാവശിഷ്ടം പ്രതിഷ്ഠിച്ച് പല പള്ളികളിലും ദിവ്യബലി അര്‍പ്പിക്കുന്നത് ദൃശ്യമാധ്യമങ്ങളില്‍ നാം ഈയിടെ കാണുകയുണ്ടായല്ലോ.

കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരു മണിക്കൂര്‍ ദേവാലയത്തില്‍ വച്ച് ശുശ്രൂഷകള്‍ നടത്താന്‍ അനുവദിക്കുന്ന കോവിഡ് മാനദണ്ഡങ്ങളിലെ ഇളവ് ആശ്വാസകരമാണല്ലോ. വിശ്വാസികളുടെ ഭസ്മീകൃത ഭൗതികാവശിഷ്ടം ഗുണമേന്മയുള്ള പേടകത്തിലാക്കി ദിവ്യബലിയുടെ ആരം ഭത്തില്‍ ദേവാലയത്തിലേക്കു പ്ര ദക്ഷിണമായി കൊണ്ടുവരാനോ നേരത്തേ തന്നെ കൊണ്ടുവന്നു സാധാരണ മൃതദേഹം വയ്ക്കുന്ന മേശയില്‍ വയ്ക്കാനോ സാധിക്കും. ഈ പരിഗണനയ്‌ക്കൊക്കെ കാരണം, ശവദാഹം കേവലം ആ ചാരമല്ല എന്നുള്ളതാണ്. ഭസ്മീകൃതശരീരമാണത്, ആദിസൃഷ്ടി കര്‍മ്മത്തിന്റെ മുദ്ര പേറുന്നതാണ്. 'മനുഷ്യാ നീ പൊടിയാകുന്നു, പൊടിയിലേക്കു തന്നെ മടങ്ങുകയും ചെയ്യു'മെന്നു നാം വിഭൂതിനാളില്‍ അനുസ്മരിക്കുന്നുണ്ടല്ലോ.

ജ്ഞാനസ്‌നാന ജലത്താല്‍ കഴുകി നിര്‍മ്മലമാക്കപ്പെട്ടതും പരി. ത്രിത്വത്തിന്റെ നാമത്തില്‍ മുദ്രിതവും വിശുദ്ധ തൈലത്താല്‍ അഭിഷിക്തവും യേശുവിന്റെ ശരീരരക്തങ്ങളാല്‍ പരിപോഷിപ്പിക്കപ്പെട്ടതും പുനരുത്ഥാനവും നിത്യ ജീവനും കാത്തു കഴിയുന്നതുമാണ് ക്രൈസ്തവന്റെ ശരീരം. അതിന്റെ ഭസ്മീകൃതകാവശിഷ്ടം വിശാലാര്‍ത്ഥത്തില്‍ "തിരുശേഷിപ്പാ"ണ്. അതിനാല്‍ തന്നെ പൂജ്യതയോടെ വേണം അതു കൈകാര്യം ചെയ്യാന്‍. സെമിത്തേരിയിലെ കുഴിയിലോ കല്ലറയിലോ പ്രത്യേകം തയ്യാറാക്കിയ അറയിലോ അടക്കം ചെയ്യേണ്ടതാണ്. കുഴിമാടങ്ങള്‍ പ്രാര്‍ത്ഥനയുടെയും അനു സ്മരണങ്ങളുടെയും വിചിന്തനങ്ങളുടെയും വേദിയായി വിശ്വാസികള്‍ കരുതുന്നു. മണ്ണിലലിഞ്ഞോ ഭസ്മീകൃത ഭൗതികാവശിഷ്ട രൂപത്തിലോ കല്ലറയിലുള്ള വിശ്വാസികളും ഈ ഭൂമിയില്‍ തീര്‍ത്ഥാടനത്തിലായിരിക്കുന്ന സമരസഭയിലെ അംഗങ്ങളായ നമ്മളും സ്വര്‍ഗ്ഗത്തിലെ വിശുദ്ധന്മാരും ഒരു കൂട്ടായ്മയിലാണെന്നു സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഭസ്മീകൃത ഭൗതികാവശിഷ്ടം സ്വന്തം വീട്ടിലോ ഭാഗിച്ചു വീടുകളിലോ സൂക്ഷിക്കാന്‍ പാടില്ല. നദിയിലോ കടലിലോ നിമഞ്ജനം ചെയ്യുന്നതും മണ്ണില്‍ വിതറുന്നതും വായുവില്‍ പറത്തുന്നതും ഒന്നും അനുവദനീയമല്ല. കോവിഡ് പടരാന്‍ തുടങ്ങിയ കാലഘട്ടത്തില്‍ ബോംബെയില്‍ വച്ച് കറുകുറ്റി ഇടവകയിലെ ഒരു വ്യക്തിയുടെ മൃതദേഹം അവിടത്തന്നെ ഒരു ക്രമറ്റോറിയത്തില്‍ ദഹിപ്പിക്കേണ്ടി വന്നു. ചിതാഭസ്മം ബന്ധുക്കള്‍ക്ക് കൈമാറാന്‍ അധികൃതര്‍ തയ്യാറായെങ്കിലും അതു വാങ്ങി കൊണ്ടു പോരാന്‍ ബന്ധപ്പെട്ടവര്‍ മുതിര്‍ന്നില്ല. ഇക്കാര്യങ്ങളിലുള്ള അജ്ഞതയായിരുന്നു കാരണം. മൃതദേഹങ്ങള്‍ ഭസ്മീകരിക്കേണ്ട സാഹചര്യങ്ങള്‍ കേരളക്കരയിലും കൂടി വരികയാണ്. സിമിത്തേരികളില്‍ അതു ദഹിപ്പിക്കുന്ന അവസ്ഥ വൈകാരികമായി വിശ്വാസികള്‍ക്കു ഉള്‍ക്കൊള്ളാന്‍ വിഷമമാണ്. രൂപതാ തലത്തിലോ മറ്റോ ഓരോ ക്രമറ്റോറിയങ്ങള്‍ സജ്ജമാക്കിയാല്‍ ഇടവകകള്‍ക്ക് അത് ആശ്വാസമാകും.

ദൈവത്തോടുകൂടിയുള്ള നിത്യജീവിതമാണ് ഭൂമിയിലെ തീര്‍ത്ഥാടകരായ നമ്മുടെ അന്തിമ ലക്ഷ്യം. പ്രാര്‍ത്ഥനയിലൂടെയും കൂദാശാ സ്വീകരണത്തിലൂടെയും പരസ്‌നേഹപ്രവര്‍ത്തനങ്ങളിലൂടെയും നാം അതിന് ഒരുങ്ങുന്നു. ക്രൈസ്തവനു മരണത്തിനുള്ള ഒരുക്കം പരമപ്രധാനമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ശവദാഹം ആഗ്രഹിച്ചാല്‍ അതും മരണത്തിനുള്ള ഒരുക്കമായി കരുതാം. സഭാ മാതാവ് മുന്‍ഗണന നല്‍കുന്നതും പ്രോത്സാഹിപ്പിക്കുന്നതും മൃതദേഹം സംസ്‌ക്കരിക്കുന്നതിനാണ്. എന്നാല്‍ ജീവിക്കുമ്പോഴും മരണ ശേഷവും മനുഷ്യമഹത്വം പ്രകീര്‍ത്തിക്കുന്ന സഭ വിശ്വാസികളുടെ ശവദാഹത്തിനുള്ള ആഗ്രഹവും നിറവേറ്റിക്കൊടുക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org