സഭയുടെ ശ്രദ്ധ പാവങ്ങളിലായിരിക്കണം: വി.ജെ. കുര്യന്‍ IAS

സഭയുടെ ശ്രദ്ധ പാവങ്ങളിലായിരിക്കണം: വി.ജെ. കുര്യന്‍ IAS

ഷിജു ആച്ചാണ്ടി

കേരളത്തിന്റെ വികസനഭാവനകള്‍ക്കു പുതിയ ചിറകുകള്‍ നല്‍കിയ വ്യക്തിത്വമാണ് വി.ജെ. കുര്യന്‍ ഐ.എ.എസ്. കൊച്ചി രാജ്യാന്തര വിമാനത്താവളം വിജയകരമായി സ്ഥാപിച്ചും ലാഭകരമായി നടത്തിയും രണ്ടു പതിറ്റാണ്ടുകള്‍ ചിലവഴിച്ച അദ്ദേഹം നാല്പത്തിയേഴു വര്‍ഷത്തോളം ദീര്‍ഘിച്ച ഔദ്യോഗിക സേവനത്തില്‍നിന്നു പടിയിറങ്ങി. പാലാ, ഇടമറ്റം, വട്ടവയലില്‍ കുടുംബാംഗമായ കുര്യന്‍ മദ്രാസ് ലൊയോള കോളേജിലും ദല്‍ഹി സെ. സ്റ്റീഫന്‍സിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു. എറണാകുളത്തു കളക്ടറായി സേവനം ചെയ്യുമ്പോഴാണ്, കൊച്ചിയില്‍ ഒരു പുതിയ രാജ്യാന്തര വിമാനത്താവളം എന്ന ആശയം ഭരണകൂടത്തിനു മുമ്പില്‍ അവതരിപ്പിച്ചത്. അതു യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹത്തെ തന്നെ ചുമതലയേല്‍പിച്ചു. പിന്നീടുള്ളത് ചരിത്രമാണ്.

നിത്യം ദിവ്യബലിയില്‍ സംബന്ധിക്കുന്ന കുര്യന്‍ പ. മാതാവിന്റെ ലോകപ്രസിദ്ധമായ എല്ലാ തീര്‍ത്ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. സഭ പാവങ്ങളുടെ പക്ഷം ചേരണമെന്ന് അദ്ദേഹം അസന്ദിഗ്ദ്ധമായി ആവശ്യപ്പെടുന്നു. കോടികളുടെ പ്രതിഫലവുമായി കോര്‍പറേറ്റ് കമ്പനികള്‍ തേടിവന്നുവെങ്കിലും അത്തരം അവസരങ്ങള്‍ എന്നേക്കുമായി നിരസിച്ചു. കുമരകത്തും ആര്‍ ബ്ലോക്കിലുമുള്ള ഭൂമിയില്‍ മികച്ച കര്‍ഷകനാകാന്‍ അദ്ദേഹം ആഹ്ലാദപൂര്‍വം കാത്തിരിക്കുന്നു. പ്രാര്‍ത്ഥനയിലും പ്രവര്‍ത്തനത്തിലും എല്ലാ പിന്തുണകളുമായി ഭാര്യ മറിയാമ്മ അദ്ദേഹത്തിനൊപ്പമുണ്ട്. മക്കള്‍ രണ്ടു പേരും ഡോക്ടര്‍മാരാണ്. കാല്‍ നൂറ്റാണ്ടായി, കാക്കനാട് വാഴക്കാല സെ. ജോസഫ്‌സ് ഇടവകയിലാണ് ഈ കുടുംബം താമസിക്കുന്നത്. അവിടെ വച്ച് ശ്രീ. കുര്യനുമായി നടത്തിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്.

എക്‌സ്പ്രസ് വേ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ താങ്കള്‍ കേരളത്തിനു മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ വിമാനത്താവളത്തില്‍ തന്നെയായിരുന്നു ഇക്കാലമത്രയും. അവിടെ ഒതുങ്ങിപ്പോയി എന്നു തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും ഇല്ല. വിമാനത്താവളം തികച്ചും പുതിയ ഒരു സങ്കല്‍പമായിരുന്നല്ലോ. പൊതുജനങ്ങളില്‍ നിന്നു പണം പിരിച്ച് വിമാനത്താവളം പണിയുക എന്ന സങ്കല്‍പം അംഗീകരിക്കാന്‍ തന്നെ മിക്കവര്‍ക്കും മടിയായിരുന്നു. 1992-ല്‍ ഞാന്‍ ഈ ആശയം പറയുകയും തുടര്‍ന്ന് സ്‌പെഷല്‍ ഓ ഫീസറായി നിയമിക്കപ്പെടുകയും ചെയ്തു. പിന്നീട് ആറു വര്‍ഷക്കാലം കഠിനാദ്ധ്വാനമായിരുന്നു. നിരവധി കേസുകള്‍, സമരങ്ങള്‍, പണം കണ്ടെത്താനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം നേരിട്ടു. ഏതായാലും അതു പൂര്‍ത്തിയാക്കി. 1999-ല്‍ എന്നെ അവിടെ നിന്നു മാറ്റിയതിനു ശേഷം റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറായി. അതിനുശേഷം ഏതാണ്ട് 65 മേല്‍പ്പാലങ്ങള്‍ റെയില്‍ പാളങ്ങള്‍ക്കു മുകളില്‍ പണിതു. ആ സമയത്താണ് എക്‌സ്പ്രസ് വേ എന്ന പദ്ധതി അവതരിപ്പിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ കുറെയാളുകള്‍ അതിനെ എതിര്‍ത്തു. ഒരു പത്രം തന്നെ അതിനെതിരെ വന്നു. മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടായി. അതു കഴിഞ്ഞ്, എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്നെ എയര്‍പോര്‍ട്ടിലേയ്ക്കു തിരികെ കൊണ്ടുവന്നു. നിങ്ങള്‍ എയര്‍ പോര്‍ട്ട് പണിയാന്‍ മിടുക്കനാണ്, പക്ഷേ ലാഭത്തിലാക്കാന്‍ അറിയില്ല എന്ന പരാതി ഉണ്ടെന്നു പറഞ്ഞു. പിന്നെ എന്റെ ശ്രദ്ധ മുഴുവന്‍ വിമാനത്താവളം ലാഭത്തിലാക്കുക എന്നതിലേയ്ക്കു പോയി. അതല്ലെങ്കില്‍ ഒരുപക്ഷേ എക്‌സ്പ്രസ് വേ പദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധിക്കുമായിരുന്നു. ഇന്ന് മറ്റെന്തിനേക്കാളും ആവശ്യമായ ഒരു പദ്ധതിയാണത്. തൃശൂര്‍-കോഴിക്കോട് പോലെ ഒരു ഘട്ടം മാത്രം പൂര്‍ത്തിയാക്കുക എന്നതായിരുന്നു അന്നത്തെ ആലോചന. അതു യാഥാര്‍ത്ഥ്യമാക്കി കാണിച്ചുകൊടുത്തിരുന്നെങ്കില്‍ ആള്‍ക്കാരുടെ എതിര്‍പ്പു കുറയുമായിരുന്നു.

കേരളം ഒരവസരം നഷ്ടപ്പെടുത്തി എന്നു കരുതുന്നുണ്ടോ?

തീര്‍ച്ചയായും. എ.കെ. ആന്റണിയും എം.കെ. മുനീറും വലിയ താത്പര്യമെടുത്ത പദ്ധതിയായിരുന്നു അത്. കേരളം രണ്ടായി മുറിയും, ഇപ്പുറത്തുള്ള പശുവിനെ അപ്പുറത്തേയ്ക്കു കൊണ്ടുപോകാന്‍ കഴിയില്ല എന്നൊക്കെയായിരുന്നു പ്രചാരണം. അതിലേയ്ക്കു ശ്രദ്ധ മാറിപ്പോയി. നമ്മുടെ റെയില്‍പാളങ്ങളും കേരളത്തെ വിഭജിക്കുന്നുണ്ടല്ലോ. അതിനെ പറ്റി പറയുന്നില്ല. എല്ലാ 500 മീറ്ററിലും ഓവര്‍ ബ്രിഡ്‌ജോ അണ്ടര്‍പാസോ കൊടുക്കുന്ന പദ്ധതിയായിരുന്നു. പരമാവധി 250 മീറ്ററിനുള്ളില്‍ അപ്പുറം കടക്കാനുള്ള അവസരമുണ്ടായിരുന്നു. പക്ഷേ അതിനെയൊക്കെ വളരെ മോശമായി ചിത്രീകരിച്ചു. എന്റെ ശ്രദ്ധയാകട്ടെ പൂര്‍ണമായും എയര്‍പോര്‍ട്ടിലേയ്ക്കു തിരിയുകയും ചെയ്തു.

ഇപ്പോള്‍ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. അതിന്റെ സാദ്ധ്യതയെ എങ്ങനെയാണു കാണുന്നത്?

കേരളത്തില്‍ ഇങ്ങനെയൊരു പ്രൊജക്ട് വേണം. കാരണം 500 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന കേരളത്തെ നാം വിഭാവനം ചെയ്യേണ്ടത് 25 വര്‍ഷം കഴിയുമ്പോള്‍ സിംഗപ്പൂരിന്റെ അവസ്ഥയിലേക്ക് എത്തണമെന്നാണ്. അതിനു കണക്ടിവിറ്റി വളരെ പ്രധാനമാണ്. ഏതെങ്കിലുമൊരു അതിവേഗ യാത്രാ സൗകര്യം കേരളത്തിന് അത്യാവശ്യമാണ്. അതില്‍ സംശയമില്ല.

? എയര്‍പോര്‍ട്ട് നിര്‍മ്മാണത്തില്‍ ഏറ്റവുമധികം വെല്ലുവിളി നേരിട്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

പണം കണ്ടെത്തല്‍. മണ്ടന്‍ പദ്ധതിയാണെന്ന് എല്ലാവരും പറയുന്നു. ഞാനാകട്ടെ താരതമ്യേന ചെറുപ്പം. 9 വര്‍ഷത്തെ സര്‍വീസ് മാത്രമേയുള്ളൂ. അനുഭവസമ്പത്തില്ല. ലോകത്തിലൊരിടത്തും ഇങ്ങനെയൊരു പിപിപി പ്രോജക്ട് നടന്നിട്ടില്ല. ഇങ്ങനെയൊരു സങ്കല്‍പം ആള്‍ക്കാരിലേയ്ക്കു കൊണ്ടുവരാനും അവരില്‍ നിന്നു പണം പിരിക്കാനുമുള്ള ബുദ്ധിമുട്ടായിരുന്നു ആദ്യത്തേത്. പിന്നെയുള്ളത് ഭൂമിയേറ്റെടുക്കല്‍. ഏതാണ്ട് 3900 ഭൂവുടമകളുണ്ടായിരുന്നു. 820-ല്‍ പരം പേരുടെ വീടുകള്‍ പോകും. അവരെ വിശ്വാസത്തിലെടുക്കണം. ധാരാളം സമരങ്ങളും കോടതിക്കേസുകളും ഉണ്ടായി. വ്യക്തിപരമായി എനിക്കെതിരെയുള്ള കേസുകള്‍. വിജിലന്‍സ് കേസുകള്‍. ഇതൊക്കെ വെല്ലുവിളികളായിരുന്നു.

? കുടിയൊഴിപ്പിക്കപ്പെട്ടവരുടെ വേദന എപ്പോഴെങ്കിലും താങ്കളെ സ്പര്‍ശിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും. അന്ന് ഇ.കെ. നായനാര്‍ ആയിരുന്നല്ലോ മുഖ്യമന്ത്രി. 820 പേരില്‍ ഇരുനൂറോളം പേര്‍ ലക്ഷംവീടു കോളനികളില്‍ താമസിക്കുന്നവരായിരുന്നു. ഇരട്ടവീടുകളാണ് അവര്‍ക്കുള്ളത്. രണ്ടു വീട്ടുകാര്‍ക്കു കൂടി മൂന്നു സെന്റ് സ്ഥലം. ഒരാള്‍ക്ക് ഒന്നര സെന്റ്. ഞങ്ങളവരോടു പറഞ്ഞു, നമുക്ക് എയര്‍പോര്‍ട്ട് വേണം. എന്നാല്‍ നിങ്ങളുടെ കണ്ണീരു കാണാതെ തന്നെ അതു നിര്‍മ്മിക്കണം. നിങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന വികസനമാണ് ഞങ്ങളുദ്ദേശിക്കുന്നത്. വീടിനു വി പണി വില തരും. അതു പൊളിച്ചു കൊണ്ടുപോകാം. അതിന് 20,000 രൂപാ വേറെ തരും. കൂടാതെ ആറു സെന്റ് സ്ഥലവും. അവിടെ ഗേറ്റില്‍ വൈദ്യുതിയും വെള്ളവും ലഭ്യമാക്കും.

ഏതു പദ്ധതിയാണെങ്കിലും, അതില്‍ പങ്കു വഹിക്കുന്നയാളുകളാണ് സ്ഥലവും വീടും വിട്ടുകൊടുക്കുന്നവര്‍. അവരെ ശരിയായി പുനരധിവസിപ്പിക്കണം. അവര്‍ക്കു ബദല്‍ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി കൊടുക്കണം. ഇതൊരു സാമാന്യമര്യാദയാണ്. ഞങ്ങളിതു ചെയ്യുന്നത് 96-98 കാലഘട്ടത്തിലാണ്. 2013-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് തന്നെ പറയുന്നുണ്ട്, പുനരധിവാസപാക്കേജുകള്‍ വേണമെന്ന്. പുനരധിവാസപദ്ധതികള്‍ക്ക് ഏതു പ്രോജക്ടിലും പ്രാധാന്യമുണ്ടായിരിക്കണം.

ഇതു അവര്‍ക്കു സ്വീകാര്യമായി. ഒന്നര സെന്റ് സ്ഥലമുണ്ടായിരുന്ന അത്രയേറെ ആളുകള്‍ക്ക് ആറു സെന്റ് സ്ഥലം ലഭിക്കുന്നു. കൂടാതെ വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്നും പറഞ്ഞു. ഇതോടെ സ്ഥലം കുറവുള്ള പാവപ്പെട്ട ആളുകള്‍ സമരത്തില്‍ നിന്നു പിന്തിരിഞ്ഞു. വിമാനത്താവളത്തിനു വേണ്ടി വീടോ സ്ഥലമോ നല്‍കിയ എല്ലാ കുടുംബങ്ങള്‍ക്കും വിമാനത്താവളത്തില്‍ ജോലിയോ ടാക്‌സി പെര്‍മിറ്റോ കിട്ടിയിട്ടുണ്ട്. വിമാനത്താവളകമ്പനിയുടെ പുനരധിവാസ പദ്ധതി മികച്ചതായിരുന്നു എന്നത് എല്ലാവരും സമ്മതിച്ച കാര്യമാണ്. മുഖ്യമന്ത്രി നായനാരും ഇതില്‍ പങ്കുവഹിച്ചു.

? വന്‍വികസന പദ്ധതികള്‍ വരുമ്പോഴുള്ള പുനരധിവാസ പാക്കേജുകളെ കുറിച്ച് പൊതുവില്‍ എന്താണു പറയാനുള്ളത്?

ഏതു പദ്ധതിയാണെങ്കിലും, അതില്‍ പങ്കു വഹിക്കുന്നയാളുകളാണ് സ്ഥലവും വീടും വിട്ടുകൊടുക്കുന്നവര്‍. അവരെ ശരിയായി പുനരധവസിപ്പിക്കണം. അവര്‍ക്കു ബദല്‍ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തി കൊടുക്കണം. ഇതൊരു സാമാന്യമര്യാദയാണ്. ഞങ്ങളിതു ചെയ്യുന്നത് 96-98 കാലഘട്ടത്തിലാണ്. 2013-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് തന്നെ പറയുന്നുണ്ട്, പുനരധിവാസപാക്കേജുകള്‍ വേണമെന്ന്. പുനരധിവാസപദ്ധതികള്‍ക്ക് ഏതു പ്രോജക്ടിലും പ്രാധാന്യമുണ്ടായിരിക്കണം.

? എയര്‍പോര്‍ട്ടില്‍ ആവശ്യത്തിലധികം സ്ഥലമെടുത്തുവെന്നും അത് വിമാനത്താവളക്കമ്പനി റിയല്‍ എസ്റ്റേറ്റ് കച്ചവടശൈലിയില്‍ ലാഭത്തിനു വേണ്ടി ഉപയോഗിച്ചുവെന്നും ആരോപണമുണ്ട്…

അതൊരു തെറ്റിദ്ധാരണയാണ്. ആദ്യം സ്ഥലമെടുക്കുമ്പോള്‍ നമ്മുടെ ധാരണ, റെയില്‍വേലൈന്‍ മാറ്റാമെന്നായിരുന്നു. സ്ഥലമേറ്റെടുക്കല്‍ കുറെ മുന്നേറിയ ശേഷം 95-ലാണ് ലൈന്‍ മാറ്റുക സാങ്കേതികമായി പ്രായോഗികമല്ലെന്ന് റെയില്‍വേ പറയുന്നത്. ഇതേ തുടര്‍ന്ന് വീണ്ടും കിഴക്കോട്ട് തുറവുങ്കര ഭാഗത്തേക്ക് കൂടുതല്‍ ഭൂമിയേറ്റെടുത്തു. അതോടൊപ്പം തന്നെ തങ്ങളുടെ ഭൂമിയേറ്റെടുക്കണമെന്നു കുറെയാളുകള്‍ വിമാനത്താവളകമ്പനിയെ നിര്‍ബന്ധിക്കുന്ന സാഹചര്യവും ഉണ്ടായി. കമ്പനി സ്ഥലമേറ്റെടുക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ആളുകളായിരുന്നു അവര്‍. കമ്പനി വാഗ്ദാനം ചെയ്തിരുന്നത് നല്ല വിലയായിരുന്നു താനും. അങ്ങനെയാണു റെയില്‍വേ ലൈനിന്റെ മറുഭാഗത്ത് സ്ഥലം ബാക്കി വന്നത്. അതില്‍ പത്തേക്കര്‍ സ്ഥലം, വിമാനത്താവളകമ്പനിക്കു തട്ടേക്കാട് സ്ഥലം തന്നതിനു പകരമായി വനംവകുപ്പിനു കൊടുക്കേണ്ടതുണ്ടായിരുന്നു. ഇതല്ലാതെ വിമാനത്താവളകമ്പനിയുടെ ഒരിഞ്ചു ഭൂമി പോലും ആര്‍ക്കും വിറ്റിട്ടുമില്ല, പാട്ടത്തിനും കൊടുത്തിട്ടില്ല. ഫെഡറല്‍ ബാങ്കിന്റെ ഒരു കെട്ടിടം മാത്രമാണ് വിമാനത്താവളഭൂമിയില്‍ പുറമെ നിന്നു വന്നിട്ടുള്ളത്.

? കര്‍ഷകരുടെ നെല്‍വയലുകള്‍ നികത്തി ഗോള്‍ഫ് കോഴ്‌സ് പണിതതു ശരിയായോ?

ഈ സ്ഥലം ഫ്‌ളൈറ്റ് പാത്തിലാണ്. ഒരു ബഹുനിലക്കെട്ടിടം അവിടെ പണിയാന്‍ പറ്റില്ല. ഈ സാഹചര്യത്തില്‍, അവിടെ ഒരു ടൂറിസം പദ്ധതി നിര്‍ദേശിച്ചാല്‍ പത്തു കോടി രൂപ കേന്ദ്രത്തില്‍ നിന്നു നല്‍കാമെന്ന് 2005-ല്‍ അന്നത്തെ കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറിയായിരുന്ന അമിതാഭ് കാന്ത് ഒരു വാഗ്ദാനം വച്ചു. അവിടെ ഗോള്‍ഫ് കോഴ്‌സ് പണിയുവാന്‍ വ്യക്തിപരമായി എനിക്കു മടിയുണ്ടായിരുന്നു. ആളുകളില്‍ നിന്ന് ഏറ്റെടുത്ത സ്ഥലമാണല്ലോ. ഒരു വാട്ടര്‍ തീം പാര്‍ക് പണിയാമെന്നായിരുന്നു എന്റെ ആലോചന. ഏതായാലും 2006-ല്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ വരുന്നതിനു മുമ്പായി ഞാന്‍ സ്‌പൈസസ് ബോര്‍ഡിലേയ്ക്കു സ്ഥലം മാറി പോയി.

കൃഷ്ണദാസ് നായര്‍ എംഡിയായി വന്ന ശേഷം വിമാനത്താവളകമ്പനി ഈ പദ്ധതിയെ കുറിച്ച് ധാരാളം ആലോചനകള്‍ നടത്തി. അദ്ദേഹം ഗോള്‍ഫ് കളിക്കുന്നയാളുമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്, മുഖ്യമന്ത്രി അച്യുതാനന്ദനെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി ഗോള്‍ഫ് കോഴ്‌സ് നിര്‍മ്മിക്കാന്‍ അന്തിമ തീരുമാനമെടുത്തത്. കേന്ദ്രം സൗജന്യമായി നല്‍കുന്ന പണം നഷ്ടപ്പെടുത്തരുത് എന്നാണവര്‍ ചിന്തച്ചത്. 2010-ല്‍ കോടിയേരി ബാലകൃഷ്ണനാണ് അത് ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം 2011-ലാണ് ഞാന്‍ കമ്പനിയിലേക്കു തിരിച്ചുവന്നത്. എനിക്കു ഗോള്‍ഫ് കളിക്കാനറിയില്ല, അതിനെ പറ്റി യാതൊരു ഗ്രാഹ്യവുമില്ല. ഗോള്‍ഫ് ക്ലബില്‍ അംഗത്വമെടുത്തവര്‍ക്ക് പണം തിരിച്ചു കൊടുത്ത് സ്ഥലം തിരിച്ചെടുത്ത് വേറെയെന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നു ചിന്തിക്കുന്നയാളാണു വാസ്തവത്തില്‍ ഞാന്‍.

? വിമാനത്താവളം യാഥാര്‍ത്ഥ്യമായ ശേഷം 1999-ല്‍ താങ്കള്‍ സ്ഥലം മാറ്റപ്പെട്ടു. അത് താങ്കള്‍ ആഗ്രഹിച്ചിരുന്നതല്ല എന്നു കേട്ടിട്ടുണ്ട്…

സംഭവിച്ചതെല്ലാം നല്ലതിന് എന്നാണ് ഇന്നു ഞാന്‍ കരുതുന്നത്. ആറര വര്‍ഷം വിമാനത്താവളത്തിനു വേണ്ടി ജോലി ചെയ്തിട്ട് ഒരു വാക്കു പോലും പറയാതെ സ്ഥലം മാറ്റിയതില്‍ എനിക്കു ദുഃഖമുണ്ടായിരുന്നു എന്നതു ശരിയാണ്. ഞാന്‍ ഒറ്റയാളായി തുടങ്ങിയ ഒരു സ്ഥാപനമാണല്ലോ. മാറ്റുന്ന വിവരം ടിവിയില്‍ നിന്നാണ് ഞാനറിഞ്ഞത്. ഒരു വാക്ക് മുമ്പേ പറയാമായിരുന്നു എന്നു തോന്നി. പക്ഷേ, ആ സമയത്ത് ഞാന്‍ പോകുന്നത് നല്ലതാണ് എന്ന ദൈവഹിതമനുസരിച്ചാണു ഞാന്‍ പോയത് എന്നിപ്പോള്‍ വിശ്വസിക്കുന്നു. പിന്നീട് പത്തു വര്‍ഷം തുടര്‍ച്ചയായി അവിടെ ജോലി ചെയ്യാനിടയാകുകയും ചെയ്തു.

? പ്രളയം നേരിടുന്നതില്‍ വിമാനത്താവളത്തിനു വീഴ്ചകള്‍ പറ്റിയിട്ടുണ്ടോ? പ്രളയം വിമാനത്താവളത്തെ ഗുരുതരമായി ബാധിച്ചിരുന്നല്ലോ…

2018-ലെ പ്രളയം 12 ജില്ലകളെയും ബാധിച്ച, നൂറ്റാണ്ടിന്റെ പ്രളയമാണ്. എയര്‍പോര്‍ട്ട് 15 ദിവസം വെള്ളത്തിലായി. ഇതുപോലൊരു പ്രളയം വന്നാല്‍ ഇനിയും എയര്‍ പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ചെറിയ പ്രളയങ്ങളെയൊക്കെ നേരിടാന്‍ കഴിയുന്ന ധാരാളം സംവിധാനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ മുംബൈ വിമാനത്താവളം ആറു ദിവസം അടച്ചിടുകയുണ്ടായി. വെള്ളക്കെട്ടു മൂലം. അതുപോലെ മറ്റു പല വിമാനത്താവളങ്ങളും. ജപ്പാനിലെ ഒസാക എയര്‍പോര്‍ട്ട് കൊടുങ്കാറ്റ് മൂലം നാലു മാസമാണ് അടച്ചിടേണ്ടി വന്നത്. പക്ഷേ, കൊച്ചി വിമാനത്താവളത്തെ പ്രളയം ബാധിച്ചതിനു വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചു. ഒരുപക്ഷേ, കൊച്ചി വിമാനത്താവളം എപ്പോഴും പ്രസിദ്ധിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നതുകൊണ്ടാകാം ഇത്.

? കോവിഡിന്റെ പ്രതിസന്ധികളെ എങ്ങനെയാണ് മറികടന്നു പോകാന്‍ കഴിയുക?

ഇതൊരു വലിയ പ്രതിസന്ധിയാണ്. ലോകം മുഴുവനും ഇതു നേരിടുന്നു. കൊച്ചി വിമാനത്താവളവും ഇതുമൂലമുള്ള പ്രതിസന്ധി നേരിടുന്നുണ്ട്. പക്ഷേ ഇതുവരെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ആളെ പിരിച്ചു വിടുകയോ ഒന്നും ചെയ്തിട്ടില്ല. ആറു മാസം കഴിയുമ്പോഴേയ്ക്കും ഇതു തരണം ചെയ്യാന്‍ കഴിയുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. 60 ലാന്‍ഡിംഗ് ഉണ്ടായാല്‍ വിമാനത്താവള പ്രവര്‍ത്തനം നഷ്ടമില്ലാത്ത നിലയിലെത്തും. ഇപ്പോള്‍ 25 എണ്ണം മാത്രമേയുള്ളൂ. ലാന്‍ഡിംഗ് ഇല്ലാതെ തന്നെ ലാഭത്തില്‍ പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ വിമാനത്താവളത്തിന്റെ ഭൂമി വികസിപ്പിക്കുക എന്നതാണ് വേണ്ടത്.

? സ്വകാര്യമേഖലയില്‍ നിന്നു കോടി കണക്കിനു രൂപയുടെ ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടും സ്വീകരിച്ചില്ലല്ലോ. അപ്പോള്‍ പണത്തിനു താങ്കള്‍ കല്പിക്കുന്ന മൂല്യം എന്താണ്?

പണത്തിന് അത്ര വലിയ മൂല്യം ഞാന്‍ കൊടുക്കുന്നില്ല. 2006-ല്‍ റിലയന്‍സും പിന്നീട് ഹൈദരാബാദ് വിമാനത്താവളവും വിളിച്ചു. 11 കോടി രൂപയാണ് അഞ്ചു വര്‍ഷത്തേക്ക് അവര്‍ വാഗ്ദാനം ചെയ്തത്. മൂന്നു വര്‍ഷം കഴിഞ്ഞു പോന്നാലും തുക മുഴുവനും നല്‍കാമെന്നും വാഗ്ദാനം ചെയ്യപ്പെട്ടു. ആദ്യം വലിയ സന്തോഷം തോന്നി. എനിക്കിത്രയും വിലയുണ്ടല്ലോ എന്ന വിചാരമുണ്ടായി. പക്ഷേ ഇതിനൊക്കെ അപ്പുറത്താണു നമ്മുടെ സന്തോഷമെന്ന തോന്നലും ഉടനെയുണ്ടായി. ഞങ്ങളുടേത് ഒതുങ്ങിയ ഒരു ജീവിതമാണ്. അതിന് ഇപ്പോള്‍ കിട്ടുന്ന ശമ്പളമൊക്കെ ധാരാളമാണ്.

? കോടികള്‍ വേണ്ടെന്നു വയ്ക്കുമ്പോള്‍ ഭാര്യയും മക്കളും എന്തു പറഞ്ഞു?

ഈ ആശയം പറഞ്ഞപ്പോള്‍, ഒരിക്കലും പോകരുത് എന്നു ഭാര്യ ആദ്യം തന്നെ പറഞ്ഞു. സാമ്പത്തികമായി മോശമല്ലാത്ത ഒരു പശ്ചാത്തലമാണല്ലോ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഉള്ളത്. പണത്തിനു വേണ്ടി ഇങ്ങനെയൊരു ജോലിക്കു പോകേണ്ടതില്ല എന്നു കുടുംബം ഒന്നായി തീരുമാനിച്ചു.

പണത്തിന് അത്ര വലിയ മൂല്യം ഞാന്‍ കൊടുക്കുന്നില്ല. 2006-ല്‍ റിലയന്‍സും പിന്നീട് ഹൈദരാബാദ് വിമാനത്താവളവും വിളിച്ചു. 11 കോടി രൂപയാണ് അഞ്ചു വര്‍ഷത്തേക്ക് അവര്‍ വാഗ്ദാനം ചെയ്തത്. മൂന്നു വര്‍ഷം കഴിഞ്ഞു പോന്നാലും തുക മുഴുവനും നല്‍കാമെന്നും വാഗ്ദാനം ചെയ്യപ്പെട്ടു. ആദ്യം വലിയ സന്തോഷം തോന്നി. എനിക്കിത്രയും വിലയുണ്ടല്ലോ എന്ന വിചാരമുണ്ടായി. പക്ഷേ ഇതിനൊക്കെ അപ്പുറത്താണു നമ്മുടെ സന്തോഷമെന്ന തോന്നലും ഉടനെയുണ്ടായി. ഞങ്ങളുടേത് ഒതുങ്ങിയ ഒരു ജീവിതമാണ്. അതിന് ഇപ്പോള്‍ കിട്ടുന്ന ശമ്പളമൊക്കെ ധാരാളമാണ്.

? താങ്കള്‍ പ്രാര്‍ത്ഥിക്കുന്നയാളാണ് എന്നതു പരസ്യമാണ്. എങ്ങനെയാണു വിശ്വാസജീവിതം ഇത്രയും ശക്തമാകുന്നത്?

ഒമ്പതു മക്കളുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. അപ്പന്‍ വക്കീലായിരുന്നു. ഒപ്പം പ്ലാന്ററും. ഒത്തിരി സ്ഥലം വാങ്ങിക്കുകയും തോട്ടങ്ങള്‍ സ്ഥാപിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അപ്പന്‍ വൈകീട്ടു വീട്ടിലേയ്ക്കു മടങ്ങി വരുന്നത് പലപ്പോഴും താമസിച്ചായിരുന്നു. പക്ഷേ, വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥന ആറരയ്ക്കു ചൊല്ലിയിരിക്കണം. ആരൊക്കെ ഉണ്ടായാലും ഇല്ലെങ്കിലും പ്രാര്‍ത്ഥന ആ സമയത്തു നടന്നിരിക്കും. ഞാന്‍ കടുത്ത ദൈവവിശ്വാസിയാണ്. ദൈവത്തില്‍ പൂര്‍ണമായി ആശ്രയിക്കുന്ന വ്യക്തിയാണ്. ദൈവത്തോട് അടുത്തു നില്‍ക്കാനുള്ള പ്രേരണ കൂടുതലും അമ്മയില്‍ നിന്നു ലഭിച്ചതാണ്. ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല, ആര്‍ത്തിപാടില്ല എന്നതൊക്കെ അമ്മയുടെ മൂല്യബോധമാണ്. 35 വര്‍ഷത്തിലേറെയായി എല്ലാ ദിവസവും പള്ളിയില്‍ പോയി ദിവ്യബലിയില്‍ സംബന്ധിക്കുന്നയാളാണു ഞാന്‍. ഇപ്പോള്‍ കോവിഡ് വന്നതിനു ശേഷം ടിവിയില്‍ എന്നും വി. കുര്‍ബാന കാണുന്നു.

? മാതാവിനോടും വി. അന്തോണീസിനോടും താങ്കള്‍ക്കുള്ള ഭക്തിയും മിക്കവര്‍ക്കും അറിയാവുന്നതാണ്…

അതെ. മാതാവ് പ്രത്യക്ഷപ്പെട്ട എല്ലാ സ്ഥലത്തും പോകാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. ലൂര്‍ദില്‍ മൂന്നോ നാലോ വട്ടം പോയിട്ടുണ്ട്. കലൂര്‍ സെ. ആന്റണീസ് പള്ളിയില്‍ 1982 മുതല്‍ എല്ലാ ചൊവ്വാഴ്ചയും പോകുന്നുണ്ട്. ഐഎഎസ് എനിക്കു സമ്മാനിച്ചത് സെ. ആന്റണീസ് ആണ് എന്നു വിശ്വസിക്കുന്നയാളാണു ഞാന്‍.

? എന്തിനു വേണ്ടിയാണു പ്രാര്‍ത്ഥിക്കുന്നത്?

കുറെ വര്‍ഷങ്ങളായി എയര്‍പോര്‍ട്ട് പദ്ധതിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തന്നെയായിരുന്നു. ഇന്ന് വിമാനത്താവളത്തെപ്പറ്റി എല്ലാവരും നല്ലതു പറയുന്നു. പക്ഷേ തിരിച്ച് ഒന്നാലോചിക്കൂ. ഇതു പരാജയപ്പെട്ടിരുന്നുവെങ്കിലോ? ഇരുപത്തഞ്ചു വര്‍ഷത്തോളം സര്‍വീസ് ബാക്കി കിടക്കുമ്പോഴാണ് ഞാനിതില്‍ ചേരുന്നത്. ആ സമയത്തു ഞാനിതില്‍ പരാജയപ്പെട്ടിരുന്നുവെങ്കില്‍ എന്റെ കരിയറാകെ ഈ പരാജയത്തിന്റെ നിഴലില്‍ ആയിപ്പോകുമായിരുന്നു. 93 മുതല്‍ 95 വരെ എയര്‍പോര്‍ട്ടിനു വേണ്ടി മാത്രമായിരുന്നു എന്റെ പ്രാര്‍ത്ഥന. അതു കഴിഞ്ഞിട്ടേ കുടുംബം പോലും ഉണ്ടായിരുന്നുള്ളൂ.

? എയര്‍പോര്‍ട്ട് നിര്‍മ്മാണത്തിന്റെയും നടത്തിപ്പിന്റെയും സംഘര്‍ഷങ്ങളും സങ്കീര്‍ണതകളും അനുഭവിക്കുമ്പോള്‍ കുടുംബം എങ്ങനെയാണു സഹകരിച്ചത്?

ആദ്യത്തെ ആറു വര്‍ഷം എയര്‍പോര്‍ട്ട് പണിയാനും പിന്നെ മൂന്നു വര്‍ഷം അതു ലാഭത്തിലാക്കാനും വേണ്ടിയുള്ള കഠിനാദ്ധ്വാനമായിരുന്നല്ലോ. 2011 മുതല്‍ സോളാര്‍ വൈദ്യുതി പോലെയുള്ള വലിയ പദ്ധതികള്‍ നടപ്പാക്കുന്ന സമയമായിരുന്നു. അക്കാലത്തെല്ലാം എന്റെ മനോസംഘര്‍ഷങ്ങള്‍ എന്നും പള്ളിയില്‍ പോകുന്നതുകൊണ്ടു തന്നെ മാറിപ്പോകുമായിരുന്നു. കുടുംബം എപ്പോഴും എന്നെ പിന്തുണച്ചു. ഇത്രയും വലിയൊരു പദ്ധതിയാണല്ലോ. ഭാര്യയും കുട്ടികളും അത് ഉള്‍ക്കൊണ്ടു. രാവിലത്തെ കുര്‍ബാനയും വൈകീട്ടത്തെ കുടുംബപ്രാര്‍ത്ഥനയും എന്നെ വലിയ തോതില്‍ സഹായിച്ചു.

? സഭ സംരംഭകത്വത്തിലേയ്ക്കു കടക്കേണ്ടതുണ്ടോ? സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനെ കുറിച്ച് എന്തു പറയുന്നു?

ഒരു കാലഘട്ടത്തില്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും മറ്റും, ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഇല്ലായിരുന്നു. കേരളസമൂഹം തന്നെ വളരെ പിന്നാക്കമായിരുന്നു. അന്നു ക്രൈസ്തവസമൂഹം പള്ളിയോടു ചേര്‍ന്നു പള്ളിക്കൂടങ്ങളും ആതുരസേവന കേന്ദ്രങ്ങളും എല്ലാം ആരംഭിച്ചു. അത് വലിയൊരു ആവശ്യകത ആയിരുന്നു. ഇന്ന് അതില്ല. അതുകൊണ്ട് സഭയുടെ സേവനം വേറൊരു തലത്തിലേയ്ക്കു മാറണം എന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. പാവപ്പെട്ടവര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള സേവനങ്ങളാണ് ഇനി സഭ നടത്തേണ്ടത്. ചെറുപ്പക്കാരെ ദൈവവിശ്വാസത്തില്‍ വളര്‍ത്താനുള്ള പരിശ്രമങ്ങളും വേണം. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടിയാണു സഭ നിലകൊള്ളേണ്ടത്. എന്നൊക്കെ സഭ അതില്‍ നിന്നു മാറിയിട്ടുണ്ടോ അപ്പോഴെല്ലാം തിരിച്ചടിയും നേരിടേണ്ടി വന്നിട്ടുണ്ട്. അതു സംശയമില്ലാത്ത കാര്യമാണ്. സഭയുടെ ശ്രദ്ധ എപ്പോഴും പാവങ്ങളിലായിരിക്കണം.

? സഭയില്‍ താങ്കളെ ഏറ്റവും ആകര്‍ഷിച്ച കാര്യങ്ങള്‍ എന്തൊക്കെയാണ്?

സഭയിലെ സമത്വം. പള്ളിയില്‍ എല്ലാവരും തുല്യരാണല്ലോ.

? സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ്?

വലിയ സ്ഥാപനങ്ങള്‍ നടത്താന്‍ സഭ ഇനി ഇറങ്ങേണ്ടതില്ല എന്നു തന്നെയാണു ഞാന്‍ കരുതുന്നത്. പാവപ്പെട്ടവരുടെ ആവശ്യങ്ങളിലേയ്ക്കു നാം ശ്രദ്ധ തിരിക്കണം.

? ഫ്രാന്‍സിസ് മാര്‍പാപ്പയെ കുറിച്ച്…

അദ്ദേഹം പറയുന്നതാണ് സഭയുടെ ഏറ്റവും പ്രധാനമായ ദൗത്യം. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാവങ്ങള്‍ക്കും സമൂഹത്തിന്റെ അരികുകളിലുള്ളവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നാണല്ലോ അദ്ദേഹം പറയുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ വന്നതിനു ശേഷം സഭയ്ക്ക് ഒത്തിരി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഞാന്‍ കരുതുന്നു. ലോകത്തിലെ വന്‍ശക്തികളുടെ തീരുമാനങ്ങള്‍ക്കെതിരെ മാര്‍പാപ്പ ശബ്ദമുയര്‍ത്താറുണ്ട്. അമേരിക്കയെയും റഷ്യയെയും ഒന്നും വിമര്‍ശിക്കാന്‍ പാപ്പാ മടിച്ചിട്ടില്ല. മറ്റുള്ളവര്‍ മാറി നിന്നപ്പോഴൊക്കെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാവങ്ങളുടെയും ശബ്ദമാകാന്‍ പാപ്പാ തയ്യാറായി. പാപ്പായുടെ വീക്ഷണമനുസരിച്ചാണ് സഭ ഇനി മുന്നോട്ടു പോകേണ്ടത്.

? സിവില്‍ സര്‍വീസ്ഉദ്യോഗസ്ഥനായിരുന്നല്ലോ നിരവധി പതിറ്റാണ്ടുകള്‍. ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ഗീയ ധ്രുവീകരണം വളരെ ശക്തമാകുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളിലേയ്ക്കു പോലും വര്‍ഗീയത കടന്നുവരുന്നു. ഇതിനെ എങ്ങനെയാണു കാണുന്നത്?

ആശങ്ക ഉളവാക്കുന്ന ഒരു സാഹചര്യമാണ്. സര്‍വീസിലുള്ള ആളുകള്‍ പോലും വര്‍ഗീയമായി ചിന്തിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ നമുക്കു വിഷമം തോന്നുന്നു. അതു പാടില്ലാത്തതാണ്. സിവില്‍ സര്‍വീസില്‍ ഉള്ളവര്‍ക്ക് എല്ലാവരേയും ഒരുപോലെ കാണാന്‍ സാധിക്കണം. അതാണു ഭരണഘടന പറഞ്ഞിരിക്കുന്നത്, അതാണു നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അതില്‍ നിന്ന് മാറിപ്പോകുന്നത് ദുഃഖകരമാണ്.

? കോവിഡിനെ നേരിടുന്നതില്‍ നമ്മുടെ ഭരണകൂടങ്ങള്‍ എത്രത്തോളം വിജയിച്ചു?

കേരള സര്‍ക്കാര്‍ വളരെ നന്നായി ചെയ്തു എന്നാണ് എന്റെ വീക്ഷണം. പക്ഷേ ഇന്ത്യാ ഗവണ്‍മെന്റ് മാര്‍ച്ചില്‍ നാലു മണിക്കൂര്‍ കൊണ്ടു പ്രഖ്യാപിച്ച ലോക്ഡൗണ്‍ വലിയ ഒരു അബദ്ധമായിരുന്നു. അതു ഫലപ്രദമായി ചെയ്യേണ്ടതായിരുന്നു. ഇതൊരു ഇറക്കുമതി രോഗമാണ്. മാര്‍ച്ച് 23 നു പ്രഖ്യാപിച്ച രാഷ്ട്രം മുഴുവനുമുള്ള ലോക്ഡൗണിനു പകരമായി എയര്‍പോര്‍ട്ടുകളുള്ള നഗരങ്ങള്‍ മാത്രം ലോക്ഡൗണ്‍ ചെയ്താല്‍ മതിയായിരുന്നു. അല്ലാത്ത സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ എന്തിനായിരുന്നു? ട്രെയിനുകള്‍ എന്തിനാണു നിറുത്തി വച്ചത്? സാധാരണക്കാര്‍ ജോലിക്കു പോകുന്നതും കൃഷി ചെയ്യുന്നതും ഒക്കെ തടഞ്ഞത് എന്തിനായിരുന്നു? വിമാനത്തില്‍ വരുന്നവരെ മാത്രം ക്വാറന്റൈനില്‍ വിടുകയായിരുന്നു ആ ഘട്ടത്തില്‍ ചെയ്യേണ്ടിയിരുന്നത്. സാധാരണജനങ്ങള്‍ നൂറു കണക്കിനു കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നു. പലരും മരിച്ചു. രോഗം ബാധിച്ചു. അങ്ങനെ രോഗം പടരുകയും ചെയ്തു. തന്ത്രപരമായ വലിയ പിഴവ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായി.

2020 മാര്‍ച്ച് 23 നു പ്രഖ്യാപിച്ച രാഷ്ട്രം മുഴുവനുമുള്ള ലോക്ഡൗണിനു പകരമായി എയര്‍ പോര്‍ട്ടുകളുള്ള നഗരങ്ങള്‍ മാത്രം ലോക്ഡൗണ്‍ ചെയ്താല്‍ മതിയായിരുന്നു. അല്ലാത്ത സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ എന്തിനായിരുന്നു? ട്രെയിനുകള്‍ എന്തിനാണു നിറുത്തി വച്ചത്? സാധാരണക്കാര്‍ ജോലിക്കു പോകുന്നതും കൃഷി ചെയ്യുന്ന തും ഒക്കെ തടഞ്ഞത് എന്തിനായിരുന്നു? വിമാനത്തില്‍ വരുന്നവരെ മാത്രം ക്വാറന്റൈനില്‍ വിടുകയായിരുന്നു ആ ഘട്ടത്തില്‍ ചെയ്യേണ്ടിയിരുന്ന ത്. സാധാരണജനങ്ങള്‍ നൂറു കണക്കിനു കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നു. പലരും മരിച്ചു. രോഗം ബാധിച്ചു. അങ്ങനെ രോഗം പടരുകയും ചെയ്തു. തന്ത്രപരമായ വലിയ പിഴവ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായി.

? സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കാന്‍ എന്താണു കാരണം?

ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജ്യേഷ്ഠന് ഐ.പി. എസ്. ലഭിക്കുന്നത്. (വി. ജോസഫ് തോമസ്). ചേട്ടന്‍ ഐ.എ. എസ്. ആകണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. സിവില്‍ കേസുകള്‍ മാത്രം എടുക്കുന്ന വക്കീലായിരുന്നു പിതാവ്. എന്റെ പ്രതീക്ഷ നിന്നിലാണെന്ന് അദ്ദേഹം അന്നേ എന്നോടു പറയുമായിരുന്നു. ആ ആഗ്രഹമാണ് ഐ. എ.എസ്. എന്ന ലക്ഷ്യം എന്നിലുണ്ടാക്കുന്നത്. ഞാന്‍ മദ്രാസ് ലൊയോളാ കോളേജില്‍ പഠിക്കുമ്പോള്‍ അദ്ദേഹം നിര്യാതനായി. എങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റണമെന്ന് ഞാന്‍ തീരുമാനിച്ചു. ദൈവാനുഗ്രഹവും ഉണ്ടായി.

? സിവില്‍ സര്‍വീസിലേയ്ക്കു വരണമെന്ന് ആഗ്രഹിക്കുന്നവരോട് എ ന്താണു പറയാനുള്ളത്?

ഞാന്‍ അസാമാന്യ ബുദ്ധിയുള്ള ഒരാളല്ല. സര്‍ക്കാര്‍ സര്‍വീസിലെ ചില ക്ലര്‍ക്കുമാരെയൊക്കെ കാണുമ്പോള്‍ എത്രയോ ഇന്റലിജെന്റ് ആണെന്നു തോന്നാറുണ്ട്. സാധാരണ ബുദ്ധിയും കഠിനാദ്ധ്വാനവും ദൈവാനുഗ്രഹവും ഉള്ള ആര്‍ക്കും കടന്നുചെല്ലാവുന്ന മേഖല തന്നെയാണ് സിവില്‍ സര്‍വീസ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org