പുനരൈക്യത്തിന്റെ പ്രകാശപാതയിലെ കെടാവിളക്ക്

പുനരൈക്യത്തിന്റെ പ്രകാശപാതയിലെ കെടാവിളക്ക്

ഫാ. തോംസണ്‍ പഴയചിറപീടികയില്‍, ജര്‍മ്മനി

ഫാ. തോംസണ്‍ പഴയചിറപീടികയില്‍, ജര്‍മ്മനി
ഫാ. തോംസണ്‍ പഴയചിറപീടികയില്‍, ജര്‍മ്മനി

മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് ദൈവം നല്‍കിയ മഹാദാനമാണ് ദൈവദാസനായ മാര്‍ ഈവാനിയോസ് പിതാവ്. പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയെന്ന നിലയില്‍ പ്രശംസിക്ക പ്പെടുമ്പോഴും, അഭിനന്ദനങ്ങളുടെ ആരവങ്ങള്‍ക്കു പിന്നാലെ പോകാതെ, ദൈവം തന്നെ ഏല്‍പ്പിച്ച ജനപദങ്ങളുടെ ആത്മീയവും സാംസ്‌കാരികവും സാമൂഹികവുമായ പുരോഗതിക്കുവേണ്ടി പടവുകളൊരുക്കുന്നതില്‍ ജീവിച്ചിരുന്ന എഴുപത്തിയൊന്നു വര്‍ഷങ്ങളും നീക്കിവച്ച ദൈവദാസന്റെ ഓര്‍മ്മപ്പെരുന്നാളാണ് ജൂലൈ 15.

വൈദികനായശേഷം ആദ്യമായി എനിക്ക് 2014-ല്‍ ലഭിച്ച നിയ മനം ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ നാമകരണത്തിനായുള്ള രേഖകള്‍ തയ്യാറാക്കുന്ന തിരുവനന്തപുരം കാതോലിക്കേറ്റ് സെന്ററിലെ ഓഫീസിലായിരുന്നു. പിന്നീട് പാണയം സെന്റ് പോള്‍സ് ദേവാലയം സ്ഥാപിക്കാനായി ഇടവക വൈദികനെന്ന നിലയില്‍ നിയോഗിക്കപ്പെട്ടപ്പോള്‍ ഞാന്‍ മദ്ധ്യസ്ഥത യാചിച്ചത് ഈവാനിയോസ് പിതാവിനോടു തന്നെ. ഇന്ന് അഞ്ചലിനടുത്ത് തലയുയര്‍ത്തി നില്‍ക്കുന്ന സെന്റ് പോള്‍സ് മലങ്കര കത്തോലിക്കാ ദേവാലയം ദൈവദാസനിലൂടെ ദൈവം എനിക്കും ഇടവക ജനങ്ങള്‍ക്കും നല്‍കിയ സമ്മാനമായി ഞാന്‍ കരുതുന്നു. ജീവിതത്തിന്റെ പല പ്രതിസന്ധികളിലും എനിക്ക് താങ്ങും തണലുമായത് ദൈവദാസനോടുള്ള വണക്കമാണെന്നാണ് എന്റെ വിശ്വാസം.

1882-ലാണ് മാവേലിക്കരയ്ക്കടുത്തുള്ള പുതിയകാവില്‍ പണിക്കരു വീട് എന്ന കുടുംബത്തില്‍ ദൈവദാസന്‍ ജനിച്ചത്. തോമാ പണിക്കരും അന്നമ്മയുമായിരുന്നു മാതാപിതാക്കള്‍. യാക്കോബായ സഭയിലെ മെത്രാനായിരുന്ന പുലിക്കോട്ടില്‍ മാര്‍ ദിവന്യാ സിയോസാണ് അന്ന് ഗീവര്‍ഗീസ് എന്നു പേരുള്ള ബാലനെ കോട്ടയം എം.ഡി. സെമിനാരിയിലേക്ക് കൈപിടിച്ചുകൊണ്ടു വന്നത്. ഡീക്കണായിരുന്നപ്പോള്‍ തന്നെ എം.ഡി. സെമിനാരി ഹൈസ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി നിയമനം. കൂദാശകളെക്കുറിച്ചുള്ള ഡീക്കന്‍ ഗീവറുഗീസിന്റെ പ്രഭാഷണങ്ങള്‍ അത്യുജ്ജ്വലങ്ങളായിരുന്നു. 1908 ആഗസ്റ്റ് 15-ന് പരുമലയില്‍ വച്ച് വൈദികനായി അഭിഷിക്തനായി. വൈദിക പട്ടം നല്‍കിയത് വട്ടശ്ശേരില്‍ മാര്‍ ദിവന്യാസിയോസ്. കേരളത്തിലെ വൈദികരില്‍ ആദ്യമായി എം.എ. പരീക്ഷ പാസ്സായതുകൊണ്ട് ഫാ. ഗീവറുഗീസിനെ നാട്ടുകാര്‍ എം.എ. അച്ചന്‍ എന്നാണ് വിളിച്ചിരുന്നത്. ബംഗാളിലെ സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കനത്ത ശമ്പളത്തോടെ ഫാ. പി.ടി. വര്‍ഗീസ് നിയമിക്കപ്പെട്ടു. അന്ന് 1500 രൂപയെന്നു പറയുന്നതിന് വലിയ വിലയുണ്ടായിരുന്നു. തനിക്ക് കിട്ടിയ ശമ്പളത്തില്‍ ഒരുപങ്ക് പാവപ്പെട്ടവരെ പഠിപ്പിക്കാന്‍ ഫാ. ഗീ വറുഗീസ് ചെലവഴിച്ചിരുന്നു.

വൈദികനായി പത്തുവര്‍ഷത്തിനുള്ളില്‍ ദൈവദാസന്‍ സ്വന്തം ആത്മീയ പാത തിരിച്ചറിഞ്ഞു. ഭാരതീയ സന്യാസ ശൈലിയില്‍ ബഥനി സന്യാസ സഭ 1919 ആഗസ്റ്റ് 15-ന് സ്ഥാപിതമായി. 1925 ജനുവരി 28-ന് റമ്പാന്‍ പദവി ലഭിച്ചു. അതേ വര്‍ഷം മേയ് ഒന്നിന് നിരണം ഭദ്രാസനാധിപനായി വാഴിക്കപ്പെട്ടു. 1925 സെപ്തംബര്‍ 8-ന് ബഥനി സന്ന്യാസിനീ സഭയ്ക്കും തുടക്കമായി. 1929 ഫെബ്രുവരി 13-ന് ബഥനി മെത്രാപ്പോലീത്തയായി. 1912-ല്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആത്മീയാചാര്യ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ദൈവദാസന്റെ പ്രായം 30 മാത്രം!

1930 സെപ്തംബര്‍ 20-ന് കൊല്ലത്തുവച്ച് ബിഷപ്പ് ബന്‍സിഗറിന്റെ മുമ്പില്‍ വിശ്വാസം ഏറ്റുപറഞ്ഞ് കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടവരെ നയിച്ചത് മാര്‍ ഈവാനിയോസായിരുന്നു. 1932-ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പ്പാപ്പയെ ഇവാനിയോസ് പിതാവ് സന്ദര്‍ശിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ ഹയരാര്‍ക്കി അങ്ങനെ സ്ഥാപിതമായി.

തിരുവനന്തപുരം ആര്‍ച്ചുബിഷപ്പായിരിക്കെ, തന്റെ അജപാലന ശുശ്രൂഷാകാലത്തെ 22 വര്‍ഷങ്ങള്‍ക്കുള്ളില്‍ ദൈവദാസന്‍ സ്ഥാപിച്ചത് 78 പ്രൈമറി സ്‌കൂളുകളും 18 യു.പി. സ്‌കൂളുകളും 15 ഹൈസ്‌കൂളുകളും 2 ടി.ടി.ഐ.കളും 1 ആര്‍ട്‌സ് കോളേജും. 1953-ല്‍ ജൂലൈ 15-ന് മുമ്പ് മാര്‍ ഈവാനിയോസ് തന്റെ പിന്‍ഗാമിയായി ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിനെ സഹായമെത്രാനായി വാഴിച്ചിരുന്നു. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സ്വന്തം അന്ത്യ വിശ്രമ സ്ഥലം മുന്‍കൂട്ടി അടയാളപ്പെടുത്തിയ ആത്മീയ ദര്‍ശനത്തിന്റെ ഉടമയായിരുന്നു ദൈവദാസന്‍.

ഇന്ന് അതേ അന്ത്യവിശ്രമ സ്ഥാനത്തേയ്ക്ക് മലങ്കര കത്തോലിക്കാസഭ വര്‍ഷം തോറും നടത്തുന്ന പദയാത്രകള്‍, ഒരു തരത്തില്‍ അതേ സമൂഹത്തിന്റെ ആത്മീയ വീണ്ടെടുപ്പിനായുള്ള ദിനങ്ങളായി പരിണമിച്ചിട്ടുണ്ട്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സഭാതലവനായ കര്‍ദ്ദിനാള്‍ മൊറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ 2007 ജൂലൈ 14-നാണ് ആര്‍ച്ചുബിഷപ്പ് മാര്‍ ഈവാനിയോസിനെ ദൈവദാസനായി പ്രഖ്യാപിച്ചത്.

മതാത്മക സമൂഹത്തില്‍ ദൈവത്തോടൊപ്പം നടക്കാന്‍ നമുക്ക് ദീപസ്തംഭം തീര്‍ത്ത സഭാപിതാവാണ് ദൈവദാസന്‍. ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനയുടെ ധൂപാര്‍ച്ചന നടത്തുകയാണ് മനുഷ്യരെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച ഈ ആത്മീയാചാര്യന്‍. പട്ടം സെന്റ് മേരീസ് കതീഡ്രലിലെ മാര്‍ ഈവാനിയോസ് പിതാവിന്റെ കബറിടത്തില്‍, ഓരോ ദിവസവും വിശ്വാസികള്‍ കണ്ണീരോടെ കൊളുത്തിവയ്ക്കുന്ന മെഴുകുതിരി വെട്ടത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നുണ്ട് ക്രിസ്തുവിനെ പിന്തുടര്‍ന്ന ഈ ആത്മീയ സാരഥിയുടെ തിളക്കമാര്‍ന്ന മുഖം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org