

ബ്ര. അലൻ എ എസ്, മാണ്ഡ്യ രൂപത
സഭയുടെ യഥാർത്ഥ സൗന്ദര്യം അതിന്റെ കെട്ടിടങ്ങളുടെ ഭംഗിയിലല്ല, ക്രിസ്തുവിന്റെ സ്നേഹം മനുഷ്യരുടെ ജീവിതത്തിൽ എത്രമാത്രം ദൃശ്യമായി എന്നതിലാണ്. ക്രിസ്തു സഭയുടെ ശിരസ്സും, സഭ ക്രിസ്തുവിന്റെ ശരീരവുമാണെങ്കിൽ, ലോകം സഭയിൽ ക്രിസ്തുവിന്റെ മുഖം കാണേണ്ടതാണ്.
സഭ എന്നത് ഒരു കെട്ടിടമല്ല; ക്രിസ്തുവിൽ ഒന്നിച്ചുചേരുന്ന ജനത്തിന്റെ ജീവനുള്ള കൂട്ടായ്മയാണ്. അതായത്, സഭ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം തെളിയേണ്ടത് ഒരു സ്ഥാപനത്തിന്റെ ചിത്രമല്ല, മറിച്ച് ക്രിസ്തുവിനോടു ചേർന്ന് സഞ്ചരിക്കുന്ന ഒരു ജനതയുടെ ചിത്രമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ‘ജനതകളുടെ പ്രകാശം’ എന്ന പ്രമാണരേഖ സഭയെ “ദൈവത്തോടുള്ള ഐക്യത്തിന്റെയും മുഴുവൻ മനുഷ്യരാശിയുടെയും ഐക്യത്തിന്റെയും അടയാളവും ഉപകരണവും” ആയി അവതരിപ്പിക്കുന്നു (LG 1). സഭയുടെ യഥാർത്ഥ രഹസ്യം മനസ്സിലാക്കണമെങ്കിൽ അതിന്റെ വേരുകളിലേക്ക് പോകണം. പിതാവിന്റെ രക്ഷാപദ്ധതിയിൽ നിന്നാണ് സഭയുടെ ഉത്ഭവം. മനുഷ്യരാശിയെ രക്ഷിക്കാനുള്ള ദൈവത്തിന്റെ പദ്ധതിയിൽ ക്രിസ്തുവിന്റെ മനുഷ്യാവതാരം നിർണായകമായിത്തീരുന്നു. ക്രിസ്തുവിന്റെ വചനത്തിലും, പ്രവൃത്തികളിലും ദൈവരാജ്യം മനുഷ്യർക്കിടയിൽ സാക്ഷാത്കരിക്കപ്പെട്ടു. ക്രൂശിലെ ബലിയിൽ സഭയ്ക്ക് പുതിയൊരു ആഴം ലഭിച്ചു. ഉയിർപ്പിലൂടെ സഭയ്ക്ക് പുതിയ ജീവൻ ലഭിച്ചു. പെന്തക്കോസ്ത തിരുനാളിൽ പരിശുദ്ധാത്മാ വിന്റെ ശക്തിയാൽ സഭ പരസ്യമായ ദൗത്യത്തിലേക്ക് അയയ്ക്കപ്പെട്ടു.
അതുകൊണ്ടാണ് സഭയെ ക്രിസ്തുവിൽ നിന്ന് വേർതിരിച്ച് മനസ്സിലാക്കാൻ കഴിയാത്തത്. ക്രിസ്തുവില്ലാത്ത സഭ ഒരു സംഘടന മാത്രമായിരിക്കും. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം സഭയെ ഒരേസമയം ദൃശ്യവും ആത്മീയ വുമായ യാഥാർഥ്യമായി അവതരിപ്പിക്കുന്നു. സഭ എന്നത് മനുഷ്യരുടെ കൂട്ടായ്മ മാത്രമല്ല, ക്രിസ്തുവിന്റെ ശരീരവും പരിശുദ്ധാത്മാവിന്റെ ആലയവും ദൈവജനവുമാണ് സഭ (CCC 781-810). ഈ മൂന്ന് ചിത്രങ്ങളും സഭയുടെ വ്യത്യസ്ത മുഖങ്ങളെ തുറന്നുകാട്ടുന്നു. ദൈവജനമെന്ന ആശയം സഭയിലെ ഓരോ വിശ്വാസിയുടെയും അടിസ്ഥാന മഹത്വത്തെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിന്റെ ശരീരമെന്ന ആശയം അംഗങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ഐക്യത്തെ സൂചിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്റെ ആലയം എന്ന സത്യം സഭയുടെ ജീവൻ മനുഷ്യശക്തിയിൽ മാത്രം ആശ്രയിച്ചല്ല, ദൈവാത്മാവിന്റെ പ്രവർത്തനത്തിലാണ് നിലനിൽക്കുന്നതെന്ന് വ്യക്തമാക്കുന്നു. സഭയുടെ ഏറ്റവും മനോഹരമായ സത്യം ഇതാണ്: സഭ വിശുദ്ധരുടെ മാത്രം സമൂഹമല്ല; വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മനുഷ്യരുടെ സമൂഹമാണ്. സഭയിൽ ബലഹീനരും സംശയിക്കുന്നവരും വീഴുന്നവരും മടങ്ങിവരുന്നവരും ഉണ്ട്. കാരണം സഭ പാപമില്ലാത്ത മനുഷ്യരുടെ കൂട്ടായ്മയല്ല; ക്രിസ്തുവിന്റെ കരുണയാൽ നിരന്തരം പുതുക്കപ്പെടുന്ന ജനമാണ്.
സഭയിൽ ബലഹീനരും സംശയിക്കുന്നവരും വീഴുന്നവരും മടങ്ങിവരുന്നവരും ഉണ്ട്. കാരണം സഭ പാപമില്ലാത്ത മനുഷ്യരുടെ കൂട്ടായ്മയല്ല; ക്രിസ്തുവിന്റെ കരുണയാൽ നിരന്തരം പുതുക്കപ്പെടുന്ന ജനമാണ്.
അതുകൊണ്ടുതന്നെ ‘ജനതകളുടെ പ്രകാശം’ സഭയെ വിശുദ്ധവും അതേസമയം എപ്പോഴും ശുദ്ധീകരിക്കപ്പെടേണ്ടതുമായ സമൂഹമായി അവതരിപ്പിക്കുന്നു (LG 8). സഭയുടെ വിശുദ്ധി അതിലെ അംഗങ്ങളുടെ പൂർണതയിൽ പ്രകടമാകുന്ന ഒന്നല്ല; വീണുപോയവനെ ഉയർത്തുന്ന കരുണയിലും, തെറ്റിപ്പോയവനെ തിരികെ സ്വീകരിക്കുന്ന ക്ഷമയിലും, മുറിവേറ്റവന്റെ അരികിൽ നിൽക്കുന്ന സ്നേഹത്തിലും ആ വിശുദ്ധി തെളിയുന്നു. ക്രിസ്തീയവിശ്വാസം വ്യക്തിപരമായ അനുഭവത്തിൽ മാത്രം ഒതുങ്ങുന്നില്ല. “ഞാൻ ക്രിസ്തുവിൽ” എന്നതോടൊപ്പം “നാം ക്രിസ്തുവിൽ” എന്ന ബോധവും ആവശ്യമാണ്. ഒരേ വിശ്വാസം, ഒരേ മാമ്മോദീസ, ഒരേ കുർബാന, ഒരേ പരിശുദ്ധാത്മാവ് എന്നിവയിലൂടെ വിശ്വാസികൾ പരസ്പരം ബന്ധിതരാകുന്നു. ഒരു ശരീരത്തിലെ ഓരോ അവയവത്തിനും സ്ഥാനമുള്ളതുപോലെ സഭയിലെ ഓരോ അംഗത്തിനും ദൗത്യവും ഉത്തരവാദിത്വവുമുണ്ട്. പുരോഹിതനും സന്യാസിയും അല്മായനും- ഓരോരുത്തരു ടെയും വിളി വ്യത്യസ്തമായാലും ലക്ഷ്യം ഒന്നുതന്നെയാണ്: ക്രിസ്തുവിൽ വിശുദ്ധരാകുകയും ലോകത്തിൽ ക്രിസ്തുവിന്റെ സാക്ഷികളാകുകയും ചെയ്യുക. സഭയുടെ പ്രവർത്തനം പുരോഹിതരുടെയും സന്യാസികളുടെയും മാത്രം ഉത്തരവാദിത്വമല്ല. കുടുംബം, വിദ്യാലയം, തൊഴിൽസ്ഥലം, സാമൂഹികജീവിതം, സംസ്കാരം, മാധ്യമങ്ങൾ, രാഷ്ട്രീയം, ശാസ്ത്രം തുടങ്ങി മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളിലേക്ക് സുവിശേഷത്തിന്റെ മൂല്യങ്ങൾ എത്തിക്കുന്നതിൽ അല്മായർക്ക് പ്രത്യേക പങ്കുണ്ട്. ദേവാലയത്തിന്റെ വാതിൽക്കൽ അവസാനിക്കുന്ന വിശ്വാസമല്ല ക്രിസ്തീയ വിശ്വാസം; ജീവിതത്തിന്റെ എല്ലാ മേഖലകളിലും രൂപാന്തരമായി പ്രകടമാകുന്ന വിശ്വാസമാണ് അത്.
ഞായറാഴ്ച ദേവാലയത്തിൽ കേൾക്കുന്ന സുവിശേഷം തിങ്കളാഴ്ച ജീവിത ത്തിൽ കാണപ്പെടുന്നില്ലെങ്കിൽ, സുവിശേഷം ഇനിയും നമ്മുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് എത്തിയിട്ടില്ല. കുർബാനയ്ക്കു ശേഷം ദേവാലയത്തിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ നമ്മുടെ ഹൃദയം മറ്റുള്ളവരോ ടുള്ള സ്നേഹത്തിലേക്ക് തുറക്ക പ്പെടണം. ബലിപീഠത്തിൽ സ്വീകരിക്കുന്ന ക്രിസ്തു അയൽക്കാരന്റെ വേദനയിൽ നമ്മെ പ്രതീക്ഷിക്കുന്നുണ്ട്. സഭയുടെ ദൗത്യം സുവിശേഷ പ്രഘോഷണത്തിൽ മാത്രം അവസാനിക്കുന്നില്ല; മനുഷ്യന്റെ സമഗ്ര മോചനമാണ് സഭയുടെ ദൗത്യത്തിന്റെ കേന്ദ്രബിന്ദു. ദാരിദ്ര്യം, അനീതി, യുദ്ധം, വിവേചനം, കുടിയേറ്റം, പരിസ്ഥിതി നാശം, ഏകാന്തത, കുടുംബപ്രശ്നങ്ങൾ, യുവജന ങ്ങളുടെ ആശങ്കകൾ - ഇവയിൽ നിന്ന് സഭയ്ക്ക് അകന്നു നിൽക്കാൻ കഴിയില്ല. വിശപ്പുള്ള വന് ഭക്ഷണം നൽകുന്നതും, ഏകാകിയായവനെ കേൾക്കു ന്നതും, അനീതിക്കെതിരെ ശബ്ദമുയർത്തുന്നതും, പ്രകൃതിയെ സംരക്ഷിക്കുന്നതും സഭയുടെ സാമൂഹിക സാക്ഷ്യത്തിന്റെ ഭാഗങ്ങളാണ്. ലോകത്തിൽ നിന്ന് അകന്നു നിന്നുകൊണ്ട് ലോകത്തെ രക്ഷിക്കാനാവില്ല; ലോകത്തിന്റെ മുറിവുകളിലേക്ക് ക്രിസ്തുവിന്റെ സ്നേഹവുമായി ഇറങ്ങിച്ചെല്ലുമ്പോഴാണ് സഭ തന്റെ ദൗത്യം പൂർത്തിയാക്കു ന്നത്. സഭയുടെ ഭാവി അതിന്റെ അംഗസംഖ്യയിൽ മാത്രം അളക്കാനാവില്ല; അതിന്റെ സാക്ഷ്യത്തിന്റെ ആഴത്തിലാണ്.
വലിയ സ്ഥാപനങ്ങൾ ഉണ്ടായിട്ടും സ്നേഹം ഇല്ലെങ്കിൽ സഭയുടെ ഹൃദയം ശൂന്യമാകും. അനേകം പരിപാടികൾ ഉണ്ടായിട്ടും മനുഷ്യന്റെ വേദനയോട് കരുണയില്ലെങ്കിൽ സഭയുടെ ദൗത്യം അപൂർണ്ണ മാകും. വിശ്വാസത്തിന്റെ ഭാഷ അറിയുന്നവരാകുന്നതിനെക്കാൾ വിശ്വാസത്തിന്റെ ജീവിതം സംസാരിക്കുന്നവരാകുകയാണ് ഇന്നത്തെ സഭയുടെ ആവശ്യം. സഭയുടെ ഏറ്റവും ശക്തമായ പ്രസംഗം പലപ്പോഴും പ്രസംഗപീഠത്തിൽ നിന്നല്ല, ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ നിന്നാണ് ഉയരുന്നത്. “സഭ എനിക്ക് എന്താണ് നല്കുന്നത്?” എന്ന ചോദ്യത്തോടൊപ്പം “ഞാൻ സഭയ്ക്കും ലോകത്തിനും എന്താണ് നല്കുന്നത്?” എന്നും ചോദിക്കണം. ഓരോ കുടുംബവും ഒരു ചെറിയ സഭയായി മാറണം; ഓരോ ക്രിസ്തീയ സമൂഹവും പ്രത്യാശയുടെ ഇടമാകണം; ഓരോ വിശ്വാസിയും തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ ദൃശ്യമാക്കണം. കാരണം സഭയുടെ യഥാർത്ഥ സൗന്ദര്യം അതിന്റെ കെട്ടിടങ്ങളുടെ ഭംഗിയിലല്ല, ക്രിസ്തുവിന്റെ സ്നേഹം മനുഷ്യരുടെ ജീവിത ത്തിൽ എത്രമാത്രം ദൃശ്യമായി എന്നതിലാണ്. ക്രിസ്തു സഭയുടെ ശിരസ്സും, സഭ ക്രിസ്തുവിന്റെ ശരീരവുമാണെ ങ്കിൽ, ലോകം സഭയിൽ ക്രിസ്തുവിന്റെ മുഖം കാണേണ്ടതാണ്. “ക്രിസ്തു സഭയിൽ എത്രമാത്രം സന്നിഹിതനാണ്?’ എന്നതിനെക്കാൾ, “സഭ ക്രിസ്തുവിനെ ലോകത്തിൽ എത്രമാത്രം ദൃശ്യമാക്കുന്നു?” എന്നതാണ് ഇന്നത്തെ സഭാശാസ്ത്രത്തിന്റെ നിർണായക ചോദ്യം. അതുകൊണ്ട് സഭയുടെ യാത്ര ഒരിക്കലും തനിക്ക് ചുറ്റും കറങ്ങുന്ന ഒരു യാത്രയല്ല; ക്രിസ്തുവിൽ നിന്ന് ലോകത്തിലേക്കും ലോകത്തിന്റെ മുറിവുകളിലൂടെ വീണ്ടും ക്രിസ്തുവിലേക്കുമുള്ള ഒരു തീർത്ഥയാത്രയാണ്. ആ യാത്രയിൽ സഭയ്ക്ക് ഒരേയൊരു സ്ഥിരമായ ദിശയുണ്ട്: ക്രിസ്തുവിൽ കൂടുതൽ ആഴപ്പെടുക, മനുഷ്യനോട് കൂടുതൽ അടുക്കുക, സുവിശേഷത്തിന്റെ വെളിച്ചത്തിൽ ലോകത്തെ കൂടുതൽ സ്നേഹിക്കുക.