വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ മലയാളം പഠിപ്പിച്ച മാര്‍ ജോസഫ് ചേന്നോത്ത്

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ മലയാളം പഠിപ്പിച്ച മാര്‍ ജോസഫ് ചേന്നോത്ത്

ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ സുവര്‍ണ നിമിഷങ്ങളായിരുന്നു വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം. അതില്‍, നിര്‍ണായകമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളായി എന്നും കണക്കാക്കിയിരുന്നു, ആര്‍ച്ചുബിഷപ് ജോസഫ് ചേന്നോത്ത്.

1986 ഫെബ്രുവരി 1 മുതല്‍ 10 വരെ നീണ്ട ഇന്ത്യയിലെ 14 സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളുടെ പൂര്‍ണ്ണമായുള്ള ക്രമീകരണങ്ങളും ഇന്ത്യാ ഗവണ്‍മെന്റിന്റെയും വിവിധ സംസ്ഥാന ഗവണ്‍മെന്റുകളുടെയും വിവിധ സഭാ സംവിധാനങ്ങളുടെയും ഏകോപനവും മോണ്‍. ജോസഫ് ചേന്നോത്തിന്റെ ചുമതലയായിരുന്നു. ഷില്ലോംഗ്, കല്‍ക്കട്ട, മദ്രാസ്, ഗോവ, മാംഗ്‌ളൂര്‍, കൊച്ചി, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം, വാസൈ, പൂന, ബോംബെ എന്നിവിടങ്ങളാണ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. ചാവറപിതാവിനെയും അല്‍ ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയായിരുന്നു പാപ്പായുടെ കേരള സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം.

സന്ദര്‍ശനങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആറുമാസം മുന്‍പേതന്നെ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പ്രാദേശിക ഭരണ കൂടങ്ങളുമായി ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ ഓഫീസും അകമഴിഞ്ഞ പിന്തുണ മോണ്‍. ജോസഫ് ചേന്നോത്തിന് നല്കിയതിനാല്‍ സന്ദര്‍ശനത്തിന്റെ ഏകോപനം എളുപ്പമാക്കി തീര്‍ത്തു.

നാല്പത്തിമൂന്നുകാരനായ മോണ്‍. ജോസഫ് ചേന്നോത്തിന് ലഭിക്കാവുന്ന ഏറ്റവും ഭാരിച്ച ഈ ഉത്തരവാദിത്വം ദൈവാശ്രയത്താല്‍ കുറ്റമറ്റതായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴിക കല്ലായിരുന്നു. ഇതോടൊപ്പം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഏതാനും മലയാളം വാക്കുകള്‍ പഠിപ്പിക്കാനുള്ള ഭാഗ്യം കൂടി അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

''എനിക്കിവിടെ വന്ന് നിങ്ങളെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.''

''നിങ്ങള്‍ക്ക് സമാധാനം.''

''പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ഞാന്‍ നിങ്ങളെ ആശീര്‍ വദിക്കുന്നു.''

എന്നീ വാക്യങ്ങളാണ് മോണ്‍. ജോസഫ് ചേന്നോത്ത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ പഠിപ്പിച്ചത്.

ഓരോ വേദികളിലും ഈ വാക്കുകള്‍ മാര്‍പാപ്പ പറയുമ്പോള്‍ ആവേശപൂര്‍വ്വം ജനങ്ങള്‍ മിനിറ്റുകളോളം കരഘോഷം മുഴക്കിയിരുന്നു. മാര്‍പാപ്പയെ മലയാളം പഠിപ്പിച്ചതിനു ശേഷം തന്റെ അദ്ധ്യാപകന്‍ എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മാര്‍ ജോസഫ് ചേന്നോത്ത് പിതാവിനെ ഒരിക്കല്‍ ഒരു സദസ്സില്‍ പരിചയപ്പെടുത്തി സംസാരിച്ചു.

സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും വഴി മാര്‍പാപ്പയുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ ഭാഗ്യം ലഭിച്ചു. മോണ്‍സിഞ്ഞോര്‍ ചേന്നോത്ത് വിവിധ ഭാഷകള്‍ പഠിക്കണമെന്നും അതതു നാട്ടിലെ ഭാഷയില്‍ ആളുകളുമായി സംവദിക്കാന്‍ സാധിച്ചാല്‍ അത് ജനങ്ങള്‍ക്ക് ഒരു പ്രചോദനമാവുകയും വത്തിക്കാനുമായി ജനങ്ങള്‍ക്ക് കൂടുതല്‍ അടുക്കാന്‍ സാധിക്കുകയും ചെയ്യും എന്ന് അഭിപ്രായപ്പെട്ടു. ആ ഉപദേശം സ്വീകരിച്ചതിന്റെ ഫലമായി മാര്‍ ജോസഫ് ചേന്നോത്ത് പത്തോളം ഭാഷകളില്‍ നൈപുണ്യം നേടുകയും, ഏതു രാജ്യത്ത് സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ചാലും കുറഞ്ഞ സമയം കൊണ്ട് അവിടുത്തെ ഭാഷ സ്വയത്തമാക്കുകയും ആ ഭാഷയില്‍ ബലിയര്‍പ്പിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

അടുത്ത് നടന്ന ന്യൂണ്‍ഷ്യോമാരുടെ മീറ്റിംഗില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയില്‍ നിന്നുള്ള മാര്‍ ചേന്നോത്ത് ഏത് രാജ്യത്ത് ചെന്നാലും അവിടുത്തെ ഭാഷ പഠിക്കുകയും ആ ഭാഷയില്‍ ബലിയര്‍പ്പിക്കുകയും ചെയ്യുന്നത് ഒരു മാതൃകയായി എല്ലാവരും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഭാരതസന്ദര്‍ശനം കഴിഞ്ഞ് തിരികെ പോകുമ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കോട്ടയം ആണെന്ന് നര്‍മ്മ സംഭാഷണത്തിനിടയില്‍ അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സംഭാഷണത്തില്‍ കോട്ടയത്തെ സ്റ്റേജില്‍ ഇരുന്നപ്പോള്‍ കണ്ട വളരെ ഉയരമുള്ള തെങ്ങിനെപ്പറ്റി ആശ്ചര്യപൂര്‍വ്വം മാര്‍പാപ്പ വിവരിക്കുകയുണ്ടായി. ''നാല് നില കെട്ടിടത്തിന്റെ ഉയരത്തില്‍ നിന്ന് തേങ്ങ വീഴുമ്പോള്‍ എന്തു കൊണ്ട് പൊട്ടിച്ചിതറുന്നില്ല. മോണ്‍സിഞ്ഞോര്‍ അടുത്ത പ്രാവശ്യം നാട്ടില്‍ പോയി വരുമ്പോള്‍ തേങ്ങ കൊണ്ടുവന്ന് എന്നെ കാണിക്കണം.'' വീണ്ടും നര്‍മ്മത്തിലൂടെ അദ്ദേഹത്തിന്റെ ചിന്തകള്‍ മോണ്‍സിഞ്ഞോറുമായി പങ്കുവച്ചു.

മലയാളം വാക്കുകള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മാര്‍പാപ്പയ്ക്ക് ഭാരതത്തെയും ഭാരത സംസ്‌കാരത്തെയും ജനങ്ങളെയും ഭാഷകളെയും ഭാരത കത്തോലിക്കാ സഭയെയും കുറിച്ചുള്ള അറിവ് കൊടുക്കാന്‍ സാധിച്ചു.

മാര്‍പാപ്പയുടെ കല്‍ക്കട്ടയിലെ സന്ദര്‍ശനവേളയില്‍ പില്‍ക്കാലത്ത് വിശുദ്ധരായി തീര്‍ന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും മദര്‍ തെരേസയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ഒരു അസുലഭ ഭാഗ്യമായിരുന്നു.

അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി, പ്രസിഡന്റ് സെയില്‍ സിംഗ് എന്നിവരുമായുള്ള കൂടിക്കാഴ്ചയിലും മാര്‍പാപ്പയോടൊപ്പം മോണ്‍. ചേന്നോത്തുമുണ്ടായിരുന്നു. 1999-ല്‍ ഡല്‍ഹിയിലേക്കുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനവേളയിലും സാന്നിദ്ധ്യമാകാന്‍ സാധിച്ചു. അഭിവന്ദ്യ ചേന്നോത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന് ശേഷം നടന്ന ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു ഇത്. തദവസരത്തില്‍ കുര്‍ബാന ചൊല്ലിയ ശേഷം തന്റെ കുര്‍ബാന പുസ്തകം മാര്‍ ചേന്നോത്തിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സമ്മാനമായി നല്കി.

മറ്റു പല രാജ്യങ്ങളും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം പില്‍ക്കാലത്ത് സന്ദര്‍ശിക്കുവാന്‍ സാധിച്ചെങ്കിലും ഭാരത സന്ദര്‍ശനം തന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള ഓര്‍മ്മയായി അദ്ദേഹം സൂക്ഷിച്ചിരുന്നു.

എറണാകുളം അതിരൂപതയിലെ ഇടവക വികാരിയായി ജീവിതം ആരംഭിച്ച് കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ പിതാവിന്റെ സെക്രട്ടറിയായി, സെമിനാരി അദ്ധ്യാപകനായി സേവനം ചെയ്ത് വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ ഏറ്റവും മികച്ച നയതന്ത്രഞ്ജരില്‍ ഒരാളായി നമ്മുടെ സഭയ്‌ക്കെന്നും അഭിമാനമായി മാറിയ മാര്‍ ചേന്നോത്ത് പിതാവിന്റെ രണ്ടാം ചരമവാര്‍ഷികമാണു കടന്നു പോകുന്നത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org