തമസോമാ...

തമസോമാ...

മദ്ധ്യപ്രദേശില്‍ സംഘപരിവാര്‍ അനുയായികള്‍ നിയന്ത്രിക്കുന്ന ഒരു യുട്യൂബ് ചാനലുണ്ട്; പേര് ''ആയുധ്.'' മതന്യൂനപക്ഷങ്ങള്‍ക്കും, ആദിവാസി ദലിത് ഗോത്രവര്‍ഗ്ഗങ്ങള്‍ക്കും, ഒപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ക്കും അതിന്റെ നേതാക്കള്‍ക്കുമെതിരേ സത്യവുമായി പുലബന്ധമില്ലാത്ത, നട്ടാല്‍ കുരുക്കാത്ത പെരുംനുണകള്‍ പടച്ചുവിടുന്നതില്‍ ഒന്നാം സ്ഥാനത്തിനായി നിരന്തരം മത്സരിച്ചുകൊണ്ടിരിക്കുന്ന ഒരു നവമാധ്യമമാണ് ആയുധ്. 2021 നവംബര്‍ മാസത്തില്‍ ഈ ചാനലില്‍ ഒരു കമന്ററിയോടൊപ്പം ഒരു വിഷ്വല്‍ പ്രത്യക്ഷപ്പെട്ടു. മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ ഗഞ്ച്ബസോദ ഗ്രാമത്തിലെ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ഹിന്ദു കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്ന രീതിയിലായിരുന്നു വാര്‍ത്തയും ചിത്രീകരണവും. ഈ വാര്‍ത്തയുടെയും ദൃശ്യത്തിന്റെയും ശ്രവണമാത്രയില്‍ വിദിഷ ജില്ലയിലെമ്പാടും ഹിന്ദുത്വ ശക്തികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രധാനമായും ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളുമായിരുന്നു അവരുടെ ലക്ഷ്യം. സോഷ്യല്‍ മീഡിയയിലും ഏതാനും ചില അച്ചടിദൃശ്യമാധ്യമങ്ങളും കേട്ടതു പാതി, കേള്‍ക്കാത്തതു പാതി, സത്യമെന്തെന്നു അന്വേഷിക്കാതെ ഈ അബദ്ധവാര്‍ത്തയ്ക്ക് പ്രചാരണം നല്‍കി. 2021 ഡിസംബര്‍ ആറാം തീയതി, ഏകദേശം നാനൂറോളം വരുന്ന സംഘപരിവാര്‍ അനുയായികള്‍, അന്യായമായി സംഘം ചേര്‍ന്ന്, കൈയില്‍ മാരകായുധങ്ങളുമായി കൊലവിളിയുയര്‍ത്തി, സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ അകത്ത് പ്രവേശിച്ച്, കണ്ണില്‍ കണ്ടതെല്ലാം അടിച്ചുടച്ച്, പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളെയും മേല്‍നോട്ടം വഹിച്ചിരുന്ന അദ്ധ്യാപക-അനദ്ധ്യാപകരെയും ആക്രമിച്ചു പരുക്കേല്പിച്ചു.

അക്രമികളെ കണ്ട് പ്രാണരക്ഷാര്‍ത്ഥം ഓടിയൊളിച്ചതിന്റെ പേരില്‍ ജീവഹാനി സംഭവിക്കാതെ രക്ഷപ്പെട്ടു.

ഡിസംബര്‍ 5-ന് തന്നെ ബജ്‌റംഗ്ദള്‍, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘടനകള്‍ ആക്രമണത്തിന് കരുക്കള്‍ നീക്കുന്ന വിവരം അറിഞ്ഞ സ്‌കൂള്‍ മാനേജ്‌മെന്റ്, ലോക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുമി ദേശായിയെ സമീപിച്ച് ഈ ആക്രമണവിവരം ധരിപ്പിച്ചു. സ്‌കൂളിലെ ചുമതലക്കാരന്‍ MMB മിഷണറി ബ്രദേഴ്‌സും SGC സിസ്റ്റേഴ്‌സും ജില്ലാ മജിസ്‌ട്രേറ്റിനെയും, പോലീസ് സൂപ്രണ്ടിനെയും നേരില്‍ കണ്ട് പരാതി നല്കുകയും, പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ വാക്കാല്‍ സംരക്ഷണം ഉറപ്പു നല്കുകയും ചെയ്തു. 6-ന് ഉച്ചയോടുകൂടി സായുധരായ അക്രമികള്‍ കൂട്ടമായി വന്നപ്പോള്‍, സ്‌കൂള്‍ അധികാരികള്‍ പോലീസിനെ ഫോണില്‍ ബന്ധപ്പെട്ട് സംരക്ഷണം ഉറപ്പാക്കുവാന്‍ ശ്രമിച്ചു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ സുമിദേശായി ഫോണ്‍ എടുക്കുവാന്‍ പോലും തയ്യാറായില്ല. പിന്നെ അവിടെ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു സംഹാരതാണ്ഡവം ആയിരുന്നു. പതിനാറു വിദ്യാര്‍ത്ഥികള്‍, സി.ബി.എസ്.ഇ.യുടെ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയെഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. പരീക്ഷാഹാളില്‍ നിന്നും പേനയും പേപ്പറും ഉപേക്ഷിച്ച് ജീവനും കൈയിലെടുത്ത് വിദ്യാര്‍ത്ഥികളും നാല്പതോളം അദ്ധ്യാപകരും പലായനം ചെയ്യുകയായിരുന്നു. കുട്ടികള്‍ക്ക് സെന്‍ട്രല്‍ ബോര്‍ഡിന്റെ പരീക്ഷ എഴുതുവാന്‍ സാധിക്കാതെ, അവരുടെ ഭാവി തുലാസില്‍ തൂങ്ങുന്ന ദയനീയാവസ്ഥ സംജാതമായിരിക്കുന്നു.

ചേരികളില്‍, തികച്ചും ശോചനീയമായ സാഹചര്യത്തില്‍ ജീവിക്കുന്ന പിന്നാക്കത്തില്‍ പിന്നാക്ക വിഭാഗമായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കോണ്‍വെന്റ് വിദ്യാഭ്യാസം നല്‍കി, ചണ്ഡാല സന്തതികള്‍ക്ക് അക്ഷരദേവതയെ ഉപാസിച്ച്, മേലാളനോടൊപ്പം ചാരുകസാലയില്‍ ആസനസ്ഥനായി, ഭരണപ്രക്രിയയില്‍ പങ്കുകാരാകാന്‍ അവസരം ഒരുക്കുന്നതില്‍, സവര്‍ണ്ണസമ്പന്ന വരേണ്യവിഭാഗത്തിലെ പ്രമാണികള്‍ക്കും ഉദ്യോഗസ്ഥ ഭരണ മേധാവികള്‍ക്കും നാളുകളായി ഉള്ളില്‍ ഉറഞ്ഞുകൂടിക്കിടന്ന അസ്വസ്ഥതയാണ് ഈ ആക്രമണത്തിന് പ്രധാന കാരണമെന്നുള്ളത് മറ്റൊരു അപ്രിയസത്യം. ഇതിനെതിരേ പ്രതികരിക്കാന്‍ ആക്രമണവിധേയരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കഴിയില്ലായെന്നുള്ളത് മറ്റൊരു യാഥാര്‍ത്ഥ്യം.

അക്രമികള്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന തച്ചുടയ്ക്കല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ പതിനഞ്ചോളം വരുന്ന പോലീസ് സേന രംഗത്തു വന്നു. സ്‌കൂളിന്റെ വസ്തുക്കള്‍ക്ക് ഇതിനകം ഏകദേശം ഇരുപതുലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തുവാന്‍ അക്രമികള്‍ക്കു അവസരം ലഭിച്ചു. തൊട്ടടുത്ത ദിവസം ബി.ജെ.പി. എം.എല്‍.എ. ലീനാ ജയിനിന്റെ മകളുടെ വിവാഹത്തിന്, പ്രദേശത്തുവന്ന മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയെ കണ്ട് സ്‌കൂള്‍ പ്രിന്‍സിപ്പലും, മറ്റ് അധികാരികളും, പരാതി സമര്‍പ്പിച്ചെങ്കിലും കാര്യമായ യാതൊരു നടപടിയും ഇതിന്റെ പേരില്‍ ഉണ്ടായില്ലെന്ന ഖേദകരമായ വസ്തുതയും രേഖപ്പെടുത്തട്ടെ.

സമൂഹമാധ്യമങ്ങള്‍ വഴി യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത വ്യാജപ്രചരണങ്ങള്‍ ഇന്നൊരു ശീലമായി മാറിക്കൊണ്ടിരിക്കുന്ന ദയനീയാവസ്ഥ ഇന്ത്യയിലാകെ നിലനില്ക്കുന്നു. അതിന്റെ ഒരു ചെറുതരിയാണ് വിദിഷാ സംഭവവും. എന്താണ് ഈ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത? അതൊന്നു പരിശോധിക്കുന്നത് നന്നായിരിക്കും.

ഈ അനിഷ്ടസംഭവത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ്, സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നിന്നും വളരെയകലെ ഒരു ദേവാലയത്തില്‍ കത്തോലിക്കാ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കുകയുണ്ടായി. എട്ടു കുട്ടികളാണ്, ആദ്യമായി കുര്‍ബാന സ്വീകരിച്ചത്. കുട്ടികളുടെ ബന്ധുക്കളും, സുഹൃത്തുക്കളും വീഡിയോയിലും, മൊബൈല്‍ ഫോണിലും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യമാണ് ആയുധ് യൂ ട്യൂബ് ചാനലുകാര്‍, മാസങ്ങള്‍ക്കുശേഷം സ്‌കൂളില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന വ്യാജവാര്‍ത്തയോടൊപ്പം വ്യാപകമായി പ്രചരിപ്പിച്ചത്. സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത ഇതായിരിക്കേ, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍, സംഘപരിവാര്‍ ശക്തികള്‍ ഗൂഢമായി ആസൂത്രണം ചെയ്ത് പ്രാവര്‍ത്തികമാക്കിയ അനിഷ്ട സംഭവങ്ങളാണ് ഡിസംബര്‍ 6-ാം തീയതി അരങ്ങേറിയത്.

പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ വ്യാജവാര്‍ത്തകളും സംഭവങ്ങളും സൃഷ്ടിച്ചെടുക്കുന്ന നുണഫാക്ടറികള്‍ ഇന്ത്യയില്‍ ഇന്ന് സജീവമായിക്കൊണ്ടിരിക്കുന്നു. നിയന്ത്രണങ്ങള്‍ക്ക് വിധേയമാകാതെ, സമൂഹമാധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകളില്‍ സാധാരണക്കാരായ സമാധാനകാംക്ഷികളായ പൊതുജനം പലപ്പോഴും അകപ്പെട്ടു പോകുന്ന ദയനീയ കാഴ്ചയും ഇവിടെ സംജാതമാകുന്നു. വിദേശ ക്രൈസ്തവ ഭൂരിപക്ഷരാജ്യങ്ങള്‍, ഇസ്ലാമിക ഭീകരരുടെ തോക്കിനും, ബോംബിനും, വാളിനും മുമ്പില്‍ പകച്ചു നില്ക്കുമ്പോള്‍, നാം സംരക്ഷിതരെന്ന് ഇതുവരെ വിശ്വസിച്ചു വന്നിരുന്ന ഇന്ത്യയിലെ ചുരുക്കമെങ്കിലും, യഥാര്‍ത്ഥമായ ചില സംഭവവികാസങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നു.

മദ്ധ്യപ്രദേശിലെ വിദിഷാ ജില്ലയുടെ ആസ്ഥാനത്ത് നിന്ന് അമ്പത് കിലോമീറ്റര്‍ അകലെ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് സ്‌കൂള്‍. നിരക്ഷരരായ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പാവപ്പെട്ട ഗ്രാമീണരുടെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു സ്ഥാപനമാണിത്. മിക്ക കുട്ടികള്‍ക്കും തികച്ചും സൗജന്യമായാണ് ഇവിടെ വിദ്യാഭ്യാസം നല്കുന്നത്. ചേരികളില്‍, തികച്ചും ശോചനീയമായ സാഹചര്യത്തില്‍ ജീവിക്കുന്ന പിന്നാക്കത്തില്‍ പിന്നാക്ക വിഭാഗമായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കോണ്‍വെന്റ് വിദ്യാഭ്യാസം നല്‍കി, ചണ്ഡാല സന്തതികള്‍ക്ക് അക്ഷരദേവതയെ ഉപാസിച്ച്, മേലാളനോടൊപ്പം ചാരുകസാലയില്‍ ആസനസ്ഥനായി, ഭരണപ്രക്രിയയില്‍ പങ്കുകാരാകാന്‍ അവസരം ഒരുക്കുന്നതില്‍, സവര്‍ണ്ണസമ്പന്ന വരേണ്യവിഭാഗത്തിലെ പ്രമാണികള്‍ക്കും ഉദ്യോഗസ്ഥ ഭരണ മേധാവികള്‍ക്കും നാളുകളായി ഉള്ളില്‍ ഉറഞ്ഞു കൂടിക്കിടന്ന അസ്വസ്ഥതയാണ് ഈ ആക്രമണത്തിന് പ്രധാന കാരണമെന്നുള്ളത് മറ്റൊരു അപ്രിയസത്യം. ഇതിനെതിരേ പ്രതികരിക്കാന്‍ ആക്രമണവിധേയരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കഴിയില്ലായെന്നുള്ളത് മറ്റൊരു യാഥാര്‍ത്ഥ്യം. കാരണം, അവര്‍ അസംഘടിതരും, അധികാരസ്ഥാനങ്ങളില്‍ സ്വാധീനമില്ലാത്തവരും ആണെന്നുള്ളതു തന്നെ. ഇതിപ്പോള്‍ മദ്ധ്യപ്രദേശില്‍ മാത്രം ഒതുങ്ങിനില്ക്കുന്നില്ലായെന്നുള്ള സത്യം നാമൊക്കെ മനസ്സിലാക്കിയിരിക്കേണ്ടതാണ്. മനുഷ്യാവകാശ സംരക്ഷണസമിതിയുടെ അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളില്‍ 2021-ല്‍ 273 ദിവസങ്ങളിലായി ഏകദേശം 305 അക്രമസംഭവങ്ങള്‍ ക്രൈസ്തവര്‍ക്ക് എതിരായി മാത്രം നടന്നിരിക്കുന്നു.

ഇന്ത്യയുടെ പ്രതിരോധ സേനയില്‍ ധീരരായ ഒട്ടേറെ പോരാളികളെ നല്കുന്ന ഒരു സ്ഥലമാണ് പഞ്ചാബ്. ഇന്ത്യാക്കാരന്റെ ഭക്ഷണാവശ്യത്തിനുള്ള അരിയും ഗോതമ്പും ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം കൂടിയാണ് പഞ്ചാബ്. പ്രസ്തുത പഞ്ചാബിലെ ഒരു മതതീവ്രവാദ വിഭാഗമാണ് നിഹാംഗുകള്‍. ഇന്നും പഞ്ചാബിന്റെ ഗ്രാമപ്രദേശങ്ങളില്‍ പുരാതന സിക്കു സംസ്‌കാരവും ആചാരങ്ങളും അണുവിട തെറ്റാതെ തുടര്‍ന്നുവരുന്ന ഇവര്‍ സന്ത്ഭിന്ദ്രന്‍വാലയുടെ കടുത്ത ആരാധകരാണ്. നീളത്തിലുള്ള തലപ്പാവ് ധരിച്ച്, കൈയില്‍ വാളും കുന്തവും കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്ന ഇരുമ്പുചങ്ങലകളുമായി കുതിരപ്പുറത്ത് ശരവേഗത്തില്‍ പാഞ്ഞുപോകുന്നത് ഒരു സാധാരണ കാഴ്ചയാണ്. സംഘപരിവാര്‍ കൂട്ടത്തിലെ ആര്‍.എസ്.എസ്.കാര്‍ ഭയഭക്തി ബഹുമാനത്തോടെ മാത്രമേ ഇവരോട് ഇടപഴകാറുള്ളൂ. ഇന്ദ്രപ്രസ്ഥത്തില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടു നിന്ന കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കെടുത്ത ഒരു ദലിത് സിക്ക് കര്‍ഷകനെ, ഗുരുഗ്രന്ഥസാഹിബില്‍ തൊട്ട് അശുദ്ധ മാക്കി എന്ന കുറ്റമാരോപിച്ച് പട്ടാപ്പകല്‍ നിരത്തില്‍ വച്ച് വെട്ടിക്കൊന്ന് 2021 നവംബര്‍ മാസത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വിഭാഗമാണ് നിഹാംഗുകള്‍. ഈ തീവ്രവാദപ്രസ്ഥാനത്തെ പഞ്ചാബിലെ ജനസംഖ്യയില്‍ തികച്ചും അംഗുലിപരിമിതമായ ക്രൈസ്തവ സമൂഹത്തിന് എതിരായി തിരിച്ചുവിടാന്‍ ആസൂത്രിത നീക്കം അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ പ്രതിഫലനമെന്നോണം ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ ഉത്തരവാദിത്വപ്പെട്ട ചില നേതാക്കള്‍, തെറ്റിദ്ധരിക്കപ്പെട്ട ചില പ്രസ്താവനകള്‍ ക്രൈസ്തവര്‍ക്ക് എതിരായി പുറപ്പെടുവിച്ചിരിക്കുന്നു.

മദ്ധ്യപ്രദേശില്‍ ഒക്‌ടോബര്‍ 15-ന് വിശ്വഹിന്ദു പരിക്ഷത്തിന്റേതായി വന്ന പ്രസ്താവനയും ഇതുമായി ചേര്‍ത്തു വായിക്കേണ്ടതാണ്. സത്‌ന ജില്ലയിലെ ക്രിസ്തു ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അങ്കണത്തില്‍ ഹിന്ദു മിത്തോളജിയിലെ വിദ്യയുടെ പ്രതീകമായ സരസ്വതീ ദേവിയുടെ പ്രതിമ സ്ഥാപിക്കണമെന്ന തീട്ടുരം സംഘപരിവാര്‍ ശക്തികള്‍ നല്കിയിരിക്കുന്നു. ബി.ജെ.പി. എം.എല്‍.എ. രാമേശ്വര്‍ ശര്‍മ്മ തികച്ചും പ്രകോപനപരമായ പ്രസ്താവനയാണ് മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായി നല്കിയിരിക്കുന്നത്.

ഉത്തരേന്ത്യയില്‍ വ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്രൈസ്തവനിഗ്രഹം, നാമൊക്കെ സുരക്ഷിതമെന്ന് ധരിച്ചു വച്ചിരിക്കുന്ന തെക്കേ ഇന്ത്യയിലേക്കും മെല്ലെയെങ്കിലും പടര്‍ന്നു കൊണ്ടിരിക്കുന്നു. ബി.ജെ.പി. ഭരിക്കുന്ന കര്‍ണ്ണാടകത്തില്‍ സ്ഥിതിഗതികള്‍ അതിരൂക്ഷമാണെന്നു പറയേണ്ടിയിരിക്കുന്നു. ബൈബിള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവപുസ്തകങ്ങള്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ച് ആഹ്ലാദനൃത്തം ചവിട്ടുന്ന ഒരു പറ്റം ആളുകളുടെ ക്രൂരകൃത്യം നാമൊക്കെ ഡിസംബര്‍ രണ്ടാം വാരത്തില്‍ ദൃശ്യമാധ്യമങ്ങളില്‍ കണ്ടതാണ്. ജി. ശേഖര്‍ എന്ന ബി.ജെ.പി. എം.എല്‍.എ. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന പ്രസ്താവനകളാണ് നിരന്തരം പുറപ്പെടുവിക്കുന്നത്. ഇതിന്റെ അലയടികള്‍ ക്രമേണ മറ്റു സമാധാന ഇടങ്ങളിലേക്കും വ്യാപിക്കും എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. വളരെ ആസൂത്രിതമായി അണിയറയില്‍ പരുവപ്പെടുത്തി, നടപ്പിലാക്കുന്ന ഒരു ഹിഡന്‍ അജണ്ടയുടെ ഭാഗമാണിതെന്ന് പറയേണ്ടിവരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെയും, ആലംബഹീനന്റെയും, അരികുവല്‍ക്കരിക്കപ്പെട്ടവന്റെയും, ശോചനീയമായ സാമൂഹ്യ അവസ്ഥയ്ക്ക് തെല്ലെങ്കിലും ശമനം കാണുവാന്‍, സേവന ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സന്ന്യസ്തരെയും അഭിഷിക്തരെയും മിഷണറി സഹോദരങ്ങളെയും പിന്തിരിപ്പിക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിന്റെ പിന്നില്‍. വിദ്യ അഭ്യസിച്ച് കീഴാളന്‍ ബോധവാനായി, മേലാളനു വിനയായി ഭവിക്കുമെന്ന മിഥ്യാധാരണയില്‍ നിന്ന് ഉടലെടുത്തതാണ് ഈ പ്രതിരോധവും ആക്രമണവും. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ വ്യാജവാര്‍ത്തകളും സംഭവങ്ങളും സൃഷ്ടിച്ചെടുക്കുന്ന നുണഫാക്ടറികള്‍ ഇന്ത്യയില്‍ ഇന്ന് സജീവമായിക്കൊണ്ടിരിക്കുന്നു. നിയന്ത്രണങ്ങള്‍ക്ക് വിധേയമാകാതെ, സമൂഹമാധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകളില്‍ സാധാരണക്കാരായ സമാധാനകാംക്ഷികളായ പൊതുജനം പലപ്പോഴും അകപ്പെട്ടു പോകുന്ന ദയനീയ കാഴ്ചയും ഇവിടെ സംജാതമാകുന്നു. വിദേശ ക്രൈസ്തവ ഭൂരിപക്ഷരാജ്യങ്ങള്‍, ഇസ്ലാമിക ഭീകരരുടെ തോക്കിനും, ബോംബിനും, വാളിനും മുമ്പില്‍ പകച്ചു നില്ക്കുമ്പോള്‍, നാം സംരക്ഷിതരെന്ന് ഇതുവരെ വിശ്വസിച്ചു വന്നിരുന്ന ഇന്ത്യയിലെ ചുരുക്കമെങ്കിലും, യഥാര്‍ത്ഥമായ ചില സംഭവവികാസങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നു.

വ്യാജവാര്‍ത്തകളും, സന്ദേശങ്ങളും ദൃശ്യങ്ങളും സൃഷ്ടിച്ച്, ഇന്ത്യയുടെ ആഭ്യന്തര സമാധാനവും, ജാതിമതഐക്യബോധവും തകര്‍ക്കുവാന്‍ കുത്സിത ബുദ്ധികള്‍ കരുപ്പിടിപ്പിക്കുന്ന ജല്പനങ്ങളില്‍ പൊതുസമൂഹം വഴുതിവീഴാതിരിക്കുവാന്‍ ജാഗരൂകരായിരിക്കണം. ഖനികളിലെ ജോലി കഴിഞ്ഞ് ട്രക്കുകളില്‍ ആടിയും പാടിയും ഭക്ഷണം കഴിച്ചും പോവുകയായിരുന്ന നാഗാലാന്റിലെ പാവം തൊഴിലാളികളെ ഭീകരപ്രവര്‍ത്തകരെന്ന വ്യാജസന്ദേശം പട്ടാളത്തിനു കൈമാറി, അതുവഴി പട്ടാളം അവരെ വെടിവച്ചു കൊന്ന വാര്‍ത്തയും 2021 ഡിസംബര്‍ ആദ്യവാരം നാം കാണുകയും കേള്‍ക്കുകയും ചെയ്തു. നാഗാലാന്റില്‍ മരിച്ചുവീണ ഖനിത്തൊഴിലാളികള്‍ എല്ലാം തന്നെ ക്രൈസ്തവരായിരുന്നുവെന്നുള്ള യാഥാര്‍ത്ഥ്യം, മുഖ്യധാരാ മാധ്യമങ്ങള്‍ മനഃപൂര്‍വ്വം മറച്ചുവയ്ക്കുകയായിരുന്നു. ഇന്ത്യയുടെ പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയും പട്ടാളമേധാവികളും ഈ ക്രൂരക്യത്യത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും കുറ്റക്കാരായ പട്ടാളക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് ശിക്ഷണ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യുമെന്നുള്ള ഉറപ്പ് ശുഭോദര്‍ക്കമാണ്. എങ്കിലും പിതാവിനെ നഷ്ടപ്പെട്ട, സഹോദരനെ നഷ്ടപ്പെട്ട, ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഗ്രാമീണരുടെ ദീനരോദനം നാഗാലാന്റിലെ മണ്ണില്‍ ലയിച്ചു ചേരാതെ ദയനീയമായി ഇപ്പോഴും അലയടിച്ചു കൊണ്ടിരിക്കുന്നത് നാം കാണാതെ പോകരുത്.

2022 പുതുവര്‍ഷത്തില്‍, പോയ വര്‍ഷത്തെ പ്രളയവും മഹാമാരിയും അനിഷ്ടസംഭവങ്ങളും, ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെയെന്ന് ആശംസിക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു.

ഓം തമസോമാ

ജ്യോതിര്‍ഗമയ

അസതോമാ സത്ഗമയാ

മൃത്യോര്‍മാ അമൃതം ഗമയ

ഓം ശാന്തി! ശാന്തി!! ശാന്തി!!!

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org