കാലാനുസൃതമായി ജീവിക്കാനും സ്വദൗത്യം നിര്‍വഹിക്കാനും ശ്രമിക്കുന്ന സീറോ മലബാര്‍ സഭ അതിനായി സഭാംഗങ്ങളുടെയാകെ നിര്‍ദേശങ്ങള്‍ ശ്രവിക്കുകയാണ് ആഗസ്റ്റ് 22 മുതല്‍ 25 വരെ. സഭാംഗങ്ങളിലൂടെ സംസാരിക്കുന്നത് ദൈവാത്മാവാണ് എന്ന വിശ്വാസം പ്രകാശിതമാകുകയുമാണ് ഈ ശ്രവണത്തിലൂടെ.
എട്ടു വര്‍ഷങ്ങള്‍ക്കുശേഷം സീറോ മലബാര്‍ സഭയുടെ, സഭാസമ്മേളനം നടക്കുമ്പോള്‍ ആഗോളസഭ സിനഡാലിറ്റിയെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് എന്നതു ദൈവപരിപാലനാപരമായ ഒരു നിയോഗം ആയിരിക്കണം. 'കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോ മലബാര്‍ സഭയില്‍' എന്ന പ്രമേയമാണ് സഭയുടെ അഞ്ചാമത്തെ ഈ അസംബ്ലി ചര്‍ച്ച ചെയ്യുന്നത്. ആഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ രൂപതയുടെ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സീറോ മലബാര്‍ സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി. സഭാ നിയമപ്രകാരം അഞ്ചു വര്‍ഷത്തിലൊരിക്കലാണ് ഈ അസംബ്ലി വിളിച്ചു കൂട്ടേണ്ടത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ അഞ്ചാമത് അസംബ്ലി പിന്നെയും വൈകുകയായിരുന്നു.
വിശ്വാസപരിശീലനത്തിന്റെ നവീകരണം, സുവിശേഷപ്രഘോഷണത്തിലുള്ള അല്‍മായ പങ്കാളിത്തം, സീറോ മലബാര്‍ സമുദായ ശാക്തീകരണം എന്നീ വിഷയങ്ങളാണ് ഈ അസംബ്ലി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. പരസ്പരബന്ധിതവും തികച്ചും സമകാലികപ്രസക്തി ഉള്ളതുമായ മൂന്നു വിഷയങ്ങള്‍. വിശ്വാസ പരിശീലനം കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടണം. കാര്യക്ഷമമായ വിശ്വാസ പരിശീലനം സിദ്ധിച്ച അല്‍മായരുണ്ടെങ്കില്‍ മാത്രമേ സുവിശേഷപ്രഘോഷത്തില്‍ അല്‍മായര്‍ക്ക് ഫലപ്രദമായ പങ്കുവയ്ക്കാന്‍ സാധിക്കുകയുള്ളൂ. ശരിയായ വിശ്വാസപരിശീലനവും അല്‍മായ പങ്കാളിത്തവും ഉണ്ടെങ്കില്‍ സമുദായം ശക്തി പ്രാപിക്കുകയും ചെയ്യും.
ആഗോളസഭയിലെ സിനഡാലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഇത്തരം ഒരു വിപുലമായ സഭായോഗം സംഘടിപ്പിക്കാന്‍ കഴിയുന്നത് സീറോ മലബാര്‍ സഭയ്ക്ക് അഭിമാനകരമാണ്. ആഗോള സഭയ്ക്കു ഒരു മാതൃകയും പ്രചോദനവും നല്‍കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ സീറോ മലബാര്‍ സഭയ്ക്കു കൈവരുന്നത്.
35 ലക്ഷത്തിലധികം വരുന്ന വിശ്വാസികളില്‍ നിന്ന് 360 പേര്‍ എന്നത് വലിയൊരു സംഖ്യയല്ല. പക്ഷേ ഇവരുടെ പ്രാതിനിധ്യ സ്വഭാവം തീരെ ചെറുതും അല്ല. ഈ പശ്ചാത്തലത്തില്‍, എട്ടു വര്‍ഷത്തിനു ശേഷം നടക്കുന്ന അസംബ്ലി സീറോ മലബാര്‍ സഭയ്ക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് കരുതുന്നവര്‍ ഏറെയാണ്.
പള്ളിയോഗങ്ങള്‍ മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ സവിശേഷപൈതൃകത്തിന്റെ ഭാഗമാണല്ലോ. അല്‍മായര്‍ക്ക് സഭയുടെ നടത്തിപ്പില്‍ വലിയ ഉത്തരവാദിത്വം നല്‍കുന്ന ശൈലിയാണ് കേരളത്തിലെ മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെയിടയില്‍ ഉണ്ടായിരുന്നത്. ആ പള്ളിയോഗ ചൈതന്യത്തിന്റെ ഭാഗികമായ ഒരു വീണ്ടെടുപ്പാണ് പിന്നീട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലികളിലൂടെ നടന്നത് എന്ന് വിശേഷിപ്പിച്ചാല്‍ അത് തെറ്റാവുകയില്ല.
ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോളസഭയുടെ അധ്യക്ഷനായതോടെ, സംഘാത്മകമായ കൂടിയാലോചനയ്ക്കും വിവേചിച്ചറിയലിനും കൂടുതല്‍ പ്രസക്തി സഭയില്‍ കൈവന്നു. അധികാരമേറ്റശേഷം ഫ്രാന്‍സിസ് പാപ്പ ആദ്യം സ്വീകരിച്ച നടപടികളില്‍ ഒന്ന്, തന്നെ ഉപദേശിക്കുന്നതിനായി കര്‍ദിനാളന്മാരുടെ ഒമ്പതംഗ സമിതിയെ നിയമിക്കുക എന്നതായിരുന്നു. സി 9 എന്നറിയപ്പെടുന്ന ഈ സമിതി കൃത്യമായ ഇടവേളകളില്‍ വത്തിക്കാനില്‍ സമ്മേളിക്കുകയും സഭയുടെ നടത്തിപ്പിനെക്കുറിച്ച് മാര്‍പാപ്പയുമായി ആലോചനകള്‍ പങ്കുവയ്ക്കുകയും ഉപദേശം നല്‍കുകയും ചെയ്തുപോന്നു. തനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാനും നടപ്പാക്കാനും കഴിയുന്ന കാര്യങ്ങളില്‍, അധികാരഘടനയില്‍ തനിക്കു താഴെയുള്ള 9 പേരുടെ ഉപദേശങ്ങള്‍ കേള്‍ക്കാന്‍ പാപ്പ തീരുമാനിച്ചത് വലിയൊരു തുടക്കമായിരുന്നു. നിയമത്താല്‍ നിര്‍ബന്ധിതനായിട്ടല്ല തന്റെ തീരുമാനമെടുക്കല്‍ പ്രക്രിയയിലേക്ക്, തനിക്ക് താഴെയുള്ള 9 പേരെ ഉള്‍ച്ചേര്‍ക്കാന്‍ പാപ്പ തീരുമാനിച്ചതെന്നു നമുക്കറിയാം. അതൊരു പുതിയ ശൈലിയിലേക്കുള്ള വഴിതിരിയലായിരുന്നു.
എല്ലാ വന്‍കരകളുടെയും പ്രാധാന്യം ഉറപ്പാക്കികൊണ്ടാണ് ഈ 9 പേരെ പാപ്പ നിയമിച്ചത്. സഭയുടെ വൈവിധ്യത്തെയും സാര്‍വത്രിക സ്വഭാവത്തെയും ഈ ഉപദേശക സമിതിയുടെ രൂപീകരണത്തില്‍ തന്നെ ദൃശ്യമാണ്. ഓരോ പ്രദേശത്തെയും സഭയുടെ അംഗസംഖ്യയോ പാരമ്പര്യമഹിമയോ ശക്തിപ്രതാപങ്ങളോ പരിഗണിച്ചല്ല, ഭൂമിയിലെ എല്ലാ പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുക എന്ന വീക്ഷണത്തിനനുസരിച്ചായിരുന്നു ഈ തിരഞ്ഞെടുപ്പ്.
പാപ്പായെ ഉപദേശിക്കാന്‍ കാര്‍ഡിനല്‍മാരുടെ സംഘത്തെ നിയോഗിച്ച പാപ്പ ഇതേ വികേന്ദ്രീകരണവും ഉള്‍ച്ചേര്‍ക്കലും താഴെത്തട്ടുകളിലേക്കും കടന്നുപോകണമെന്നു കരുതിയിട്ടുണ്ടാകാം. ആഗോളസഭാധ്യക്ഷനെ പോലെ മറ്റു സഭാധ്യക്ഷന്മാരും അവരവര്‍ക്കു താഴെയുള്ളവരുടെ ഉപദേശങ്ങളും ആലോചനകളും ക്ഷണിക്കുന്നവരാകണം എന്ന പരോക്ഷമായ നിര്‍ദേശവും പാപ്പായുടെ പ്രവൃത്തിയിലുണ്ട്.
സംഘാത്മകമായ നേതൃത്വമാണ് സഭയ്ക്ക് ഉണ്ടാകേണ്ടതെന്ന് പാപ്പായുടെ കാഴ്ചപ്പാടിന്റെ മറ്റൊരു പരിണിതഫലം തന്നെയാണ് ഇപ്പോള്‍ നടക്കുന്ന ആഗോള സിനഡ്. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് സഭയുടെ അനുദിന ജീവിതത്തെയും മുഖച്ഛായയെയും മാറ്റിമറിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സഭയ്ക്കു പുറത്തുള്ളവരുടെ നിര്‍ദേശങ്ങള്‍ കൂടി കേള്‍ക്കാന്‍ ഈ സിനഡു സമയം കണ്ടെത്തുന്നു എന്നതു ശ്രദ്ധേയമാണ്.
പാശ്ചാത്യ കത്തോലിക്കാസഭ, കൂടുതല്‍ ജനാധിപത്യപരവും വികേന്ദ്രീകൃതവുമായ ഒരു സഭാജീവിതശൈലിയിലേക്ക് ക്രമത്തില്‍ പരിവര്‍ത്തനപ്പെടുമ്പോള്‍, സീറോ മലബാര്‍ സഭയ്ക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്. കാരണം ജനാധിപത്യ മൂല്യങ്ങളെ സഭാജീവിതത്തില്‍ സ്വീകരിച്ചതിന്റെ പാരമ്പര്യം പേറുന്നവരാണ് സീറോ മലബാര്‍ സഭ.
നിയമപരമായും സാങ്കേതികമായും ഈ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സഭാധികാരത്തെ ഉപദേശിക്കുന്നതിനുള്ള ഒരു സംവിധാനമാണ്. തീരുമാനങ്ങള്‍ എടുക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള അധികാരം അസംബ്ലിക്ക് ഇല്ല. പക്ഷേ അസംബ്ലി പോലും ഇല്ലാതിരുന്ന ഒരു ഇടവേളയില്‍ നിന്നാണ് ഈ സംവിധാനത്തിലേക്ക് നമ്മള്‍ എത്തിപ്പെട്ടത് എന്നത് മറക്കാനും പാടില്ല. സഭയുടെ എല്ലാ തലങ്ങളിലും നിന്നുള്ള പുരോഹിതരുടെയും സമര്‍പ്പിതരുടെയും അല്‍മായരുടെയും പ്രതിനിധികള്‍ സമ്മേളിക്കുകയും ആലോചനകള്‍ നടത്തുകയും അതിന്റെ ഫലങ്ങള്‍ സഭാധ്യക്ഷനെയും മെത്രാന്‍ സിനഡിനെയും അറിയിക്കുകയും ചെയ്യുമ്പോള്‍ സഭയുടെ മുഴുവന്‍ മനസ്സറിയാന്‍ അവര്‍ക്ക് സാധിക്കുന്നു. തുടര്‍ന്നുള്ള അവരുടെ തീരുമാനങ്ങളെയും നടപടികളെയും സ്വാഭാവികമായും ഇത് സ്വാധീനിക്കും.
സഭയുടെ 35 രൂപതകളുടെയും യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേഷന്റെയും ഔദ്യോഗിക അജപാലന സംവിധാനങ്ങള്‍ ഇല്ലാത്ത ഭൂഭാഗങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 360 പേരാണ് അസംബ്ലിയില്‍ സംബന്ധിക്കുക. 35 ലക്ഷത്തിലധികം വരുന്ന വിശ്വാസികളില്‍ നിന്ന് 360 പേര്‍ എന്നത് വലിയൊരു സംഖ്യയല്ല. പക്ഷേ ഇവരുടെ പ്രാതിനിധ്യ സ്വഭാവം തീരെ ചെറുതും അല്ല. ഈ പശ്ചാത്തലത്തില്‍, എട്ടുവര്‍ഷത്തിനുശേഷം നടക്കുന്ന അസംബ്ലി സീറോ മലബാര്‍ സഭയ്ക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് കരുതുന്നവര്‍ ഏറെയാണ്.
സ്റ്റാഫ് റിപ്പോര്‍ട്ടര്‍