മഠത്തില്‍ ചേരുന്നവരോടു മാതാപിതാക്കള്‍ എന്തു പറയും?

മഠത്തില്‍ ചേരുന്നവരോടു മാതാപിതാക്കള്‍ എന്തു പറയും?
പത്താം ക്ലാസ് കഴിഞ്ഞവര്‍ മുതല്‍ ബി എസ് സി നഴ്‌സിംഗും ബിടെക്കും പഠിച്ചു ജോലിക്കാരായവര്‍ വരെയുള്ളവര്‍ ഇന്നും സന്യാസിനീജീവിതം തിരഞ്ഞെടുക്കുന്നവരിലുണ്ട്. മിക്കവരും മാതാപിതാക്കളുടെ ഓന്നോ രണ്ടോ ഓമനകളിലൊരാളായിരിക്കും. മക്കളുടെ ആഗ്രഹങ്ങളെ പിന്തുണയ്ക്കുന്ന മാതാപിതാക്കളാണ് യഥാര്‍ത്ഥത്തില്‍ ഈ ദൈവവിളികളുടെ നട്ടെല്ല്. മക്കളിലൂടെ തങ്ങള്‍ കണ്ട സ്വപ്‌നങ്ങളെ ഈ മാതാപിതാക്കള്‍ ബലി കഴിക്കുന്നു, നാട്ടുകാരുടെയും ബന്ധുക്കളുടെയും എതിരഭിപ്രായങ്ങളെ അവഗണിക്കുന്നു, സഭാധികാരികളില്‍ വിശ്വാസമര്‍പ്പിക്കുന്നു, എല്ലാം ദൈവഹിതത്തിനു വിടുന്നു.
സന്യാസജീവിതവും ദൈവവിളികളും പ്രതിസന്ധി നേരിടുന്നുവെന്ന പറച്ചിലുകളുടെയും, സന്യാസം സ്വീകരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നുവെന്ന പരാതികളുടെയും പൊതുപശ്ചാത്തലത്തില്‍, മഠങ്ങളുടെ ആവൃതികള്‍ തിരഞ്ഞെടുക്കുന്ന മക്കളോടു അവരെ പെറ്റുപോറ്റിയ മാതാപിതാക്കള്‍ എങ്ങനെയാണു ഇക്കാലത്തു പ്രതികരിക്കുന്നത്? അവരുടെ അനുഭവങ്ങള്‍ കേരളസഭയോട് എന്താണു പറയുന്നത്?

വിവിധ സന്യാസിനീസമൂഹങ്ങളില്‍ ഇപ്പോള്‍ സന്യാസപരിശീലനത്തില്‍ ഏര്‍പെട്ടിരിക്കുന്ന അര്‍ത്ഥിനികളുടെ മാതാപിതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ ഫലങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

  • ദൈവവിളി തിരഞ്ഞെടുക്കുന്ന കുട്ടികള്‍ മിക്കവാറും ബാല്യകാലത്തു തന്നെ അതിനോടുള്ള ആഗ്രഹങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളവരാകും. അവരെ പിന്തിരിപ്പിക്കാന്‍ എളുപ്പമല്ല.

  • സിസ്റ്റര്‍മാര്‍ ഉള്‍പ്പെടുന്ന വിവാദസംഭവങ്ങളെയും വാര്‍ത്തകളെയും ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രമേ കാണുന്നുള്ളൂ. അവയൊക്കെ കുടുംബജീവിതങ്ങളിലും സംഭവിക്കാം.

  • മുതിര്‍ന്ന സിസ്റ്റര്‍മാരെയും അവര്‍ വാഗ്ദാനം ചെയ്യുന്ന സുരക്ഷയേയും വിശ്വസിക്കാം, കുട്ടികളെ അവരുടെ പക്കല്‍ ഏല്‍പിക്കാം.

  • സഹനങ്ങളൊന്നുമില്ലാത്ത സുഖജീവിതമായിരിക്കും സന്യാസമെന്ന വ്യാമോഹം കുട്ടികള്‍ക്കോ മാതാപിതാക്കള്‍ക്കോ ഇല്ല.

  • ഒരു കുട്ടി സന്യാസം സ്വീകരിച്ചു പോകുന്നതിനെ എതിര്‍ക്കുന്നത് മാതാപിതാക്കളേക്കാള്‍ ബന്ധുജനങ്ങളും നാട്ടുകാരുമാണ്.

  • തനിക്കിണങ്ങുന്നതല്ലെന്നു തോന്നുന്ന നിമിഷം മഠം വിട്ടു മടങ്ങി പോരണമെന്നു കുട്ടികളോടു പറഞ്ഞു വിടാന്‍ മാതാപിതാക്കള്‍ മടിക്കുന്നില്ല.

  • പെണ്‍കുട്ടികളെ അള്‍ത്താരശുശ്രൂഷികളാക്കുന്നത് അവരിലെ ദൈവവിളികളെ പ്രോത്സാഹിപ്പിക്കാന്‍ സഹായകരമാണ്.

  • ഇടവക വികാരിമാരുടെയും സിസ്റ്റര്‍മാരുടെയും യഥാസമയമുള്ള പിന്തുണയും പ്രോത്സാഹനവും നിര്‍ണ്ണായകമാണ്.

  • പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണം കുറയുന്നതു സന്യാസിനീസമൂഹങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കകളുണ്ടാക്കാതിരിക്കുന്നില്ല.

  • സിസ്റ്റേഴ്‌സിന്റെ വിദ്യാലയങ്ങള്‍ ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്.

മക്കളുടെ ആഗ്രഹങ്ങളെ പിന്തുണയ്ക്കുന്ന മാതാപിതാക്കളാണ് ദൈവവിളികളുടെ നട്ടെല്ല്. മക്കളിലൂടെ തങ്ങള്‍ കണ്ട സ്വപ്നങ്ങളെ അവര്‍ ബലി കഴിക്കുന്നു, നാട്ടുകാരുടെയും ബന്ധുക്കളു ടെയും എതിരഭിപ്രായങ്ങളെ അവഗണിക്കുന്നു, സഭാധികാരികളില്‍ വിശ്വാസമര്‍പ്പിക്കുന്നു, എല്ലാം ദൈവഹിതത്തിനു വിടുന്നു.

കുഞ്ഞിലേ മുതല്‍

വരാപ്പുഴ, സാന്‍ജോപുരം സെന്റ് ജോസഫ്‌സ് ഇടവകയിലെ ലെന ബെന്നി, തനിക്കു കന്യാസ്ത്രീയാകണമെന്ന ആഗ്രഹം 5 വയസ്സായപ്പോള്‍ മുതല്‍ പറയുന്നതാണെന്നു പിതാവു ബെന്നി പള്ളിപ്പറമ്പില്‍ ഓര്‍മ്മിക്കുന്നു. കൊച്ചുകുട്ടിയല്ലേ, വളരുമ്പോള്‍ ആ ആഗ്രഹം താനേ ഇല്ലാതായിക്കോളും എന്നാണു കരുതിയിരുന്നത്.

പത്താം ക്ലാസ് കഴിഞ്ഞപ്പോഴും ആഗ്രഹം ആവര്‍ത്തിച്ചു. പ്ലസ് ടു കഴിയട്ടെ എന്നു പറഞ്ഞു വൈകിപ്പിച്ചു. പക്ഷേ പ്ലസ് ടു കഴിഞ്ഞപ്പോള്‍ ആഗ്രഹം കൂടുതല്‍ ദൃഢമാകുകയാണുണ്ടായത്. പിന്നെ കുടുംബം അതിനോടു പൊരുത്തപ്പെട്ടു. ദൈവത്തിന്റെ ഇഷ്ടത്തിനു, നല്ല കാര്യത്തിനു പോകുകയാണല്ലോ എന്ന് ആശ്വസിച്ചു. അതില്‍ സന്തോഷിച്ചു. കുടുംബത്തില്‍ നിന്നൊരാള്‍ സിസ്റ്ററാകാന്‍ പോകുന്നതില്‍ കുടുംബാംഗങ്ങളും സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. - ബെന്നി പറഞ്ഞു.

രണ്ടു മക്കളാണു ബെന്നിക്ക്. അതിലൊരാളെ മഠത്തില്‍ ചേര്‍ക്കുന്നതെന്തിന് എന്നു ചോദിച്ച സുഹൃത്തുക്കളും നാട്ടുകാരും ഉണ്ട്. പക്ഷേ, കുട്ടികളുടെ ആഗ്രഹത്തെ തടസ്സപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അതിനോടു ബെന്നിക്കുള്ള മറുപടി. ''കുട്ടിക്കാലത്തു നമ്മള്‍ വാങ്ങിക്കൊടുക്കുന്ന ഉടുപ്പുകള്‍ കുട്ടികള്‍ ഇട്ടുകൊള്ളും. എന്നാല്‍ മുതിര്‍ന്നു കഴിയുമ്പോള്‍ അവരുടെ ഇഷ്ടങ്ങള്‍ പരിഗണിക്കാതെ പറ്റില്ല.''

ചങ്ങനാശേരി, കരിമ്പനാക്കുളം, മാരൂര്‍ ചാക്കോച്ചന്റെ മകള്‍ ക്രിസ്റ്റി ബി എസ് സി നഴ്‌സിംഗ് കഴിഞ്ഞ് ഒരു ധ്യാനത്തിനു പോയി. ധ്യാനം കഴിഞ്ഞുവന്നപ്പോള്‍ അറിയിച്ചു, താന്‍ മഠത്തില്‍ ചേരുന്നു. അതുകേട്ടപ്പോള്‍ ഒരു പൊട്ടിക്കരച്ചിലായിരുന്നു തന്റെ ആദ്യത്തെ പ്രതികരണമെന്നു ചാക്കോച്ചന്‍ ഓര്‍ക്കുന്നു. പക്ഷേ, പിന്നീടു സന്തോഷമായി. മൂന്നു മക്കളാണ് തങ്ങള്‍ക്ക്. അതിലൊരാളെ ദൈവത്തിനു കൊടുക്കുന്നതു നല്ല കാര്യമാണെന്നു തോന്നി. എന്നാല്‍, അടുത്ത ബന്ധുക്കളില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പുണ്ടായി. ആ എതിര്‍പ്പുകളെ അവഗണിച്ചാണു ക്രിസ്റ്റി തന്റെ നഴ്‌സിംഗ് ബിരുദവുമായി മഠത്തിലേക്കു പ്രവേശിച്ചിരിക്കുന്നത്.

വൈദികരുടെ പിന്തുണയും പ്രോത്സാഹനവും യഥാസമയം ലഭിച്ചത് മകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തുണയായതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഇടുക്കി, ആല്‍പ്പാറ ഇടവകയിലെ തോട്ടത്തിമ്യാലില്‍ ബെന്നിയും ഭാര്യ സോഫിയയും. രണ്ടു മക്കളാണുള്ളത്. ഏകമകള്‍ ജോസ്മിയ ചെറുപ്പം മുതല്‍ സിസ്റ്ററാകണം എന്നു പറയാറുണ്ടായിരുന്നെങ്കിലും ചെവി കൊടുത്തിരുന്നില്ല. കുടുംബത്തില്‍ വൈദികരും സിസ്റ്റര്‍മാരും ഉള്ളതാകാം ആഗ്രഹത്തിന്റെ ഒരു കാരണമെന്നു തോന്നുന്നു. പ്ലസ് ടു കഴിഞ്ഞിട്ടും കുട്ടി ആഗ്രഹം വിടാതിരുന്നതോടെ തീരുമാനമെടുക്കേണ്ട ഘട്ടമായി. ആ സമയത്താണ് വികാരിയച്ചന്റെയും മറ്റും ഉറച്ച വാക്കുകള്‍ ബെന്നിക്കും സോഫിയയ്ക്കും ധൈര്യം പകര്‍ന്നത്.

വൈദികരും സിസ്റ്റര്‍മാരും ഇത്തരം കുടുംബങ്ങളെ മനസ്സിലാക്കുകയും പിന്തുണക്കുകയും ചെയ്യേണ്ടത്ആവശ്യമാണെന്ന അഭിപ്രായം ഇരുവരും പങ്കുവയ്ക്കുന്നു. സന്ദിഗ്ധഘട്ടങ്ങളില്‍, പലരുടേയും എതിരഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ ശരിയായ തീരുമാനമെടുക്കാനാകാതെ കുഴയുന്ന മാതാപിതാക്കള്‍ക്ക് ആലോചിക്കാനും സംശയനിവാരണം വരുത്താനും സഭാധികാരികള്‍ സന്നിഹിതരാകണം.

പണ്ടു കുടുംബങ്ങളില്‍ എട്ടോ പത്തോ മക്കളുണ്ടായിരുന്ന സ്ഥാനത്ത് ഇന്നു ഒന്നോ രണ്ടോ പേരേയുളളൂ. അതുപോലെ തന്നെ യാണ് മഠങ്ങളിലും അംഗങ്ങളുടെ എണ്ണം കുറയുന്നത് എന്നു മാതാപിതാക്കള്‍ സൂചിപ്പിക്കുന്നു.

സ്വന്തം ഇഷ്ടത്തിനു മഠത്തില്‍ പോകണമെന്നു പറയുന്ന കുട്ടികളെ തടയാന്‍ മാതാപിതാക്കള്‍ക്കും അധികാരമില്ലെന്നു വ്യക്തമാക്കുകയാണ് ആരാധനാസമൂഹത്തില്‍ പരിശീലനത്തിലായിരിക്കുന്ന അക്ഷയയുടെ മാതാവ് സ്മിഷ. സ്മിഷക്കിതില്‍ കൂടുതല്‍ വ്യക്തതയുണ്ടായിരുന്നു. കാരണം, സിസ്റ്ററാകണമെന്ന് സ്വയം ആഗ്രഹിച്ചിരുന്നെങ്കിലും മാതാപിതാക്കള്‍ സമ്മതിക്കാതിരുന്നതിനാല്‍ പോകാതിരുന്നയാളാണ് അവര്‍. സ്വന്തം മകള്‍ അങ്ങനെയൊരാഗ്രഹം ഉന്നയിച്ചപ്പോള്‍ എതിര്‍ക്കാന്‍ തോന്നിയില്ല. രണ്ടുകുട്ടികളിലൊരാളാണ് പോകുന്നത് എന്നതില്‍ സങ്കടമുണ്ടായെങ്കിലും അതിനെ ഉള്‍ക്കൊണ്ടു.

മഠങ്ങളിലുണ്ടായെന്നു കേള്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും വിവാദങ്ങളും ഒന്നും യാതൊരു ആശങ്കയും ഉണ്ടാക്കുന്നില്ലെന്നു സ്മിഷ പറഞ്ഞു. അവയെ ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രമേ കാണേണ്ടതുള്ളൂ. മുതിര്‍ന്ന സിസ്റ്റര്‍മാരുടെ പക്കല്‍ മക്കളെ ഏല്‍പിച്ചിരിക്കുന്നത് തികഞ്ഞ ധൈര്യത്തോടെയാണ്്. മഠങ്ങളില്‍ മക്കള്‍ സുരക്ഷിതരായിരിക്കും. സിസ്റ്റര്‍മാര്‍ കുട്ടികളെ കരുതലോടെ കാണുന്നുണ്ട്. സന്യാസപരിശീലനം മക്കളുടെ കഴിവുകള്‍ വളര്‍ത്തുകയും മികച്ച വ്യക്തിത്വം നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ നിന്നൊക്കെയുള്ള വാര്‍ത്തകള്‍ പേടിപ്പിക്കുന്നവയാണ്. മകള്‍ ചേര്‍ന്നിരിക്കുന്നത് കേരളത്തിലെ പ്രൊവിന്‍സിലാണെങ്കിലും മിഷണറിമാര്‍ നേരിടുന്ന വെല്ലുവിളികളെ ആശങ്കയോടെ മാത്രമേ കാണാന്‍ കഴിയൂ - സ്മിഷ വിശദീകരിച്ചു.

അമ്പഴക്കാട് സ്വദേശികളായ ഷാജുവിന്റെയും ഷിബിയുടെയും മൂത്ത മകളായ മരിയയെ മഠത്തില്‍ ചേരണമെന്ന ആഗ്രഹത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കരച്ചിലിന്റെ മാര്‍ഗമാണ് അമ്മ ഷിബി പ്രയോഗിച്ചു നോക്കിയത്. എന്നെ സന്തോഷത്തോടെ പറഞ്ഞുവിടുക, കരയാനാണു ഭാവമെങ്കില്‍ ഞാന്‍ മിണ്ടാമഠത്തില്‍ ചേരുമെന്നായിരുന്നു മകളുടെ പ്രതികരണം. സി എം സി സിസ്റ്റേഴ്‌സിന്റെ സ്‌കൂളില്‍ പത്താം ക്ലാസ് കഴിഞ്ഞ്, അതേ സന്യാസസമൂഹത്തില്‍ ചേരണമെന്നു മരിയ പറഞ്ഞപ്പോള്‍, നിനക്കതിനുള്ള പക്വതായിട്ടില്ലെന്നു പറഞ്ഞ് മറ്റൊരു സ്‌കൂളില്‍ പ്ലസ് ടുവിനു ചേര്‍ക്കുകയാണു ചെയ്തത്. പ്ലസ് ടു കഴിഞ്ഞപ്പോഴും ആഗ്രഹം അവശേഷിച്ചു. നഴ്‌സിംഗിനു വിടണമെന്നൊക്കെ പ്ലാനിട്ടു കൊണ്ടിരിക്കുകയായിരുന്നു മാതാപിതാക്കള്‍. ഒടുവില്‍ മകളുടെ ആഗ്രഹത്തിനു വഴങ്ങി. ബന്ധുക്കള്‍ എതിര്‍ത്തു. ഇപ്പോഴും ചിലരൊക്കെ മകളെ തിരിച്ചുവരാന്‍ വിളിക്കാറുണ്ട്.

വിവാഹജീവിതം തിരഞ്ഞെടുക്കുന്നവര്‍ക്കിടയില്‍ വിവാഹമോചനം വര്‍ധിക്കുന്നുവെന്ന കാരണത്താല്‍ വിവാഹജീവിതം തിരഞ്ഞെടുക്കരുതെന്ന് ആരും മക്കളെ ഉപദേശിക്കാറില്ലെന്നു ഷിബി ചൂണ്ടിക്കാട്ടി. സന്യാസജീവിതത്തില്‍ പ്രതിസന്ധികളുണ്ട് എന്നതിനാല്‍, സന്യാസജീവിതം ആഗ്രഹിക്കുന്ന മക്കളെ അതില്‍ നിന്നു പിന്തിരിപ്പിക്കുന്നതിലും അര്‍ത്ഥമില്ല - അവര്‍ പറഞ്ഞു.

ചെല്ലാനം സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ അള്‍ത്താരക്കുട്ടിയായി വളര്‍ന്ന അനുപ മോനിക്ക, അഗസ്റ്റീനിയന്‍ സന്യാസസമൂഹത്തില്‍ ചേരാന്‍ തുനിഞ്ഞപ്പോള്‍ അമ്മ ജൂഡി പിന്തുണച്ചു. പിതാവ് റാഫേലിനു വിഷമം ഉണ്ടായിരുന്നു. പക്ഷേ മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ല. എന്നും ചിട്ടയോടെ പ്രാര്‍ത്ഥനാജീവിതം നയിക്കുന്ന ഒരു സിസ്റ്റര്‍ വീട്ടില്‍ നിന്നുണ്ടായിരിക്കുന്നതിന്റെ സന്തോഷം വലുതാണെന്നു പറയുന്നു ജൂഡി. കുടുംബജീവിതത്തില്‍ സഹനമുണ്ട്. സന്യാസജീവിതത്തിലും സഹനമുണ്ടായിരിക്കും. അതൊന്നുമില്ലാതിരിക്കുമെന്നു കരുതരുതെന്ന ഉപദേശം മാത്രമേ അവര്‍ മകള്‍ക്കു നല്‍കിയുള്ളൂ.

ഇടുക്കി, കുമളി സ്വദേശിയായ സജിയുടെ മകള്‍ സഞ്ജു ബി എസ് സി നഴ്‌സിംഗ് പഠിച്ച്, ഒന്നര വര്‍ഷം ജോലിയും ചെയ്ത ശേഷമാണ് ആരാധനാമഠത്തില്‍ ചേരാനുള്ള ആഗ്രഹം അറിയിച്ചത്. പത്താം ക്ലാസ് കഴിഞ്ഞ് ഇതേ ആഗ്രഹം പറഞ്ഞപ്പോള്‍ കൂടുതല്‍ പഠിക്കുക എന്നു നിര്‍ദേശിച്ചു പിന്തിരിപ്പിക്കുകയായിരുന്നു താനെന്നു സജി ഓര്‍ക്കുന്നു. മൂന്നു മക്കളില്‍ മൂത്തയാളായ ഏകമകള്‍ മഠത്തില്‍ പോകുന്നത് അന്ന് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. ജോലി കിട്ടുമ്പോള്‍ മനസ്സു മാറുമെന്നു കരുതി. മാറിയില്ല. വിഷമം ഉണ്ടോ എന്നു ചോദിച്ചാല്‍, വിഷമിച്ചിട്ടെന്തു കാര്യമെന്നു മാത്രമേ ആനവിലാസം ഇടവകാംഗമായ സജിക്കു മറുപടിയുള്ളൂ.

താമരശേരി രൂപതയിലെ കോടഞ്ചേരി, കൂരോത്തുപാറ ഇടവകയിലെ പെരുപ്രായില്‍, ഷിജോയുടെ രണ്ടു മക്കളില്‍ മൂത്തയാളായ ഷെറിന്‍ കുട്ടിക്കാലം മുതലേ ആഗ്രഹം പറഞ്ഞുകൊണ്ടിരുന്നയാളാണ്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അനുവദിക്കുകയും ചെയ്തു.

രണ്ടു കുട്ടികളിലൊരാളെ വിടുന്നതു നല്ലതല്ല എന്ന് ഉപദേശിച്ച ബന്ധുക്കളും നാട്ടുകാരുമൊക്കെയുണ്ട്. പക്ഷേ കുട്ടികളുടെ ഇഷ്ടത്തെ ഒരതിരിനപ്പുറം എതിര്‍ക്കാനാവില്ലെന്നു ഷിജോ പറയുന്നു. ഇങ്ങനെയൊക്കെയാണ് എല്ലാ കുട്ടികളും മഠങ്ങളിലും സെമിനാരികളിലും ചേരുന്നത്. കുട്ടികളുടെ കാര്യത്തില്‍ അധികാരികള്‍ക്ക് വലിയ ഉത്തരവാദിത്വമണ്ടെന്നും പുതിയ കാലത്ത് അധികാരികളെല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ആഗോളപ്രവണതയുടെ ഭാഗമായി, കേരളത്തിലും സന്യാസിനീസമൂഹങ്ങളില്‍ അംഗങ്ങള്‍ കുറഞ്ഞുവരുന്നു എന്നതു വസ്തുതയാണ്. പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ മുന്‍കാലത്തേക്കാള്‍ കുറവുണ്ട്. നമ്മുടെ സമൂഹത്തില്‍ കുട്ടികള്‍ കുറയുന്നത് എല്ലാ രംഗങ്ങളിലും എന്ന പോലെ സന്യാസസമൂഹങ്ങളിലും പ്രതിഫലിക്കുന്നു എന്ന രീതിയിലാണ് മാതാപിതാക്കളും ഇതിനെ മനസ്സിലാക്കുന്നത്. പണ്ടു കുടുംബങ്ങളില്‍ എട്ടോ പത്തോ മക്കളുണ്ടായിരുന്ന സ്ഥാനത്ത് ഇന്നു ഒന്നോ രണ്ടോ പേരേയുളളൂ. അതുപോലെ തന്നെയാണ് മഠങ്ങളിലും അംഗങ്ങളുടെ എണ്ണം കുറയുന്നത് എന്നു ചില മാതാപിതാക്കള്‍ സൂചിപ്പിച്ചു. കൂടുതല്‍ പേര്‍ക്കായി ഉണ്ടാക്കിയിരിക്കുന്ന സ്ഥാപനങ്ങളിലും സജ്ജീകരണങ്ങളിലും കാലാനുസൃതമായ പുനഃക്രമീകരണങ്ങള്‍ ഒരുപക്ഷേ ആവശ്യമായി വന്നേക്കാം.

  • സ്റ്റാഫ് റിപ്പോര്‍ട്ടര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org