സിനഡാത്മകത എന്ന നവവസന്തം

സിനഡാത്മകത എന്ന നവവസന്തം
നിശിതമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ഉന്നയിക്കപ്പെട്ട നിശിതമായ ചോദ്യങ്ങള്‍ക്ക് നിര്‍ഭയവും സ്പഷ്ടവുമായി മറുപടി നല്കുകയും ചെയ്ത യേശു, ചോദ്യങ്ങളെ ഭയപ്പെടുകയും ഒഴിവാക്കുകയും അടിച്ചമര്‍ത്തുകയും കറുത്ത മൗനത്താല്‍ അവഗണിക്കുകയും ചെയ്യുന്ന ഇക്കാലത്തെ രാഷ്ട്രീയ-മത-ആത്മീയ നേതാക്കളെ വെല്ലുവിളിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നുണ്ട്.

2023 ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ ആഗോളസിനഡ് ഒരുക്കത്തിന്റെ ഘട്ടം പിന്നിട്ട് കൂടിയാലോചനകളുടെ ഘട്ടത്തിലൂടെ പുരോഗമിക്കുകയാണല്ലോ. പല രൂപതകളിലും വിപുലവും പ്രൗഢവുമായ രൂപതാതല സിനഡല്‍ സമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞു. എന്നാല്‍ പല തലങ്ങളിലുള്ള സമ്മേളനങ്ങളുടെ പരമ്പരയല്ല സിനഡെന്നും സമ്മേളനങ്ങളുടെയും ഗ്രൂപ്പ് ചര്‍ച്ചകളുടെയും ആത്യന്തിക ലക്ഷ്യം വെറും യാന്ത്രികമായ വിവരശേഖരണമല്ലെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ഇതിനു മുമ്പ് എത്രയോ സമ്മേളനങ്ങള്‍ക്കാണ് സഭാ വേദികളില്‍ നാം ഒത്തുചേര്‍ന്നിരിക്കുന്നത്! കുടുംബയൂണിറ്റ്, ഇടവക, ഫൊറോന, സോണ്‍, അതിരൂപതാ തലങ്ങളിലുള്ള സിനഡല്‍ സമ്മേളനങ്ങള്‍ക്കായി ഒത്തു ചേരുമ്പോള്‍ ഒരു ചരിത്ര നിര്‍മ്മിതിയില്‍ പങ്കാളികളാകുകയാണെന്ന് നാം ഓര്‍മ്മിക്കേണ്ടതുണ്ട്. ഒരു വസന്തവൃഷ്ടിക്ക് സാക്ഷികളാകുകയാണെന്ന അവബോധമുണരേണ്ടതുണ്ട്. എന്താണ് നാം ഒത്തുചേര്‍ന്നു നിര്‍മ്മിക്കുന്ന ചരിത്രം? ഏതാണ് നാം ഒരുമിച്ച് വിരിയിക്കാന്‍ ശ്രമിക്കുന്ന വസന്തം? ആ ചരിത്രത്തിന്റെയും വസന്തത്തിന്റെയും പേരാണ് സിനഡാലിറ്റി അഥവാ സിനഡാത്മകത.

വിസ്മയങ്ങളുടെ സിനഡ്

നമുക്കറിയാവുന്നതുപോലെ, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സമൃദ്ധമായ സദ്ഫലങ്ങളില്‍ ഒന്നാണ് മെത്രാന്മാരുടെ സിനഡ് സ്ഥാപിക്കപ്പെട്ടു എന്നത്. അടുത്തവര്‍ഷം നടക്കുന്നത് പതിനാറാമത്തെ ആഗോള സിനഡാണ്. അങ്ങനെയെങ്കില്‍ വളരെ സ്വാഭാവികമായി ഉയരുന്ന ചോദ്യമുണ്ട്. കഴിഞ്ഞ പതിനഞ്ച് മെത്രാന്‍ സിനഡുകള്‍ക്കുമില്ലാത്ത എന്ത് പ്രത്യേകതയാണ് പതിനാറാം സിനഡിനുള്ളത്? സിനഡും സിനഡിനു മുന്നോടിയായുള്ള സിനഡാത്മക പ്രക്രിയയും ലോക ശ്രദ്ധ നേടാന്‍ കാരണമെന്താണ്? ഈ ചോദ്യങ്ങള്‍ക്ക് മൂന്ന് ഉത്തരങ്ങളുണ്ട്. ഒരുക്കം എന്നതാണ് ഒന്നാമത്തെ ഉത്തരം. 2021 ഒക്‌ടോബര്‍ 10-ന് വത്തിക്കാനിലും 17-ന് ലോകം മുഴുവനുമുള്ള രൂപതാ കേന്ദ്രങ്ങളിലുമായാണ് ആഗോള സിനഡ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. രണ്ടു വര്‍ഷത്തെ ഒരുക്കത്തിനും കൂടിയാലോചനകള്‍ക്കും ശേഷമാണ് മെത്രാന്മാര്‍ സമ്മേളിക്കാന്‍ പോകുന്നതെന്ന് സാരം. ഒരുപക്ഷേ, ഇതിലും ദീര്‍ഘമായ ഒരുക്കത്തോടെ കത്തോലിക്കാ സഭയില്‍ നടന്നിട്ടുള്ളത് മൂന്നര വര്‍ഷത്തെ ഒരുക്കത്തിനു ശേഷം നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മാത്രമായിരിക്കും. 'അപ്രതീക്ഷിതമായ വസന്തത്തില്‍ വിരിഞ്ഞ പുഷ്പം' എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ ഭാഗ്യസ്മരണാര്‍ഹനായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ വിശേഷിപ്പിച്ചത്. അങ്ങനെയെങ്കില്‍ നാം ഇപ്പോള്‍ കടന്നുപോകുന്ന സിനഡാത്മക പ്രക്രിയയും സിനഡും അപ്രതീക്ഷിതമായ വസന്തത്തില്‍ വിരിയുന്ന പുഷ്പമല്ല. 85 വയസ്സുള്ള ഒരു ജ്ഞാനവൃദ്ധന്‍ കഠിനാദ്ധ്വാനം ചെയ്ത് വിരിയിക്കാന്‍ ശ്രമിക്കുന്ന വസന്തമാണ്. കാലുകള്‍ ഇടറുന്നുണ്ടെങ്കിലും ഹൃദയപരമാര്‍ത്ഥതയും നിര്‍മ്മല സ്‌നേഹവും ആത്മസമര്‍പ്പണവും കൈമുതലായുള്ള ഒരു വലിയ ഇടയന്‍ തന്റെ കരള്‍ കടഞ്ഞെടുത്ത് പകരുന്ന സ്വപ്നമാണ്.

രണ്ടാമത്തെ ഉത്തരം അഥവാ കാരണമെന്നത് സിനഡിന്റെ വിഷയമാണ്. 'ഒരു സിനഡാത്മക സഭയ്ക്കു വേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം' എന്നതാണ് സിനഡിന്റെ വിഷയം. മുമ്പൊക്കെ വ്യത്യസ്തങ്ങളായ വിഷയങ്ങളായിരുന്നു സിനഡുകളുടെ കേന്ദ്ര പ്രമേയങ്ങളെങ്കില്‍, വരുന്ന സിനഡിന്റെ വിഷയം തന്നെ സിനഡാത്മകത അഥവ സഹസഞ്ചാരമാണ്. മൂന്നാമത്തെ കാരണം നടത്തിപ്പ് രീതിയാണ്. സിനഡ് പ്രഖ്യാപിച്ചുകൊണ്ട് പ്രതിനിധികളായി എത്തുന്ന മെത്രാന്മാരെ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയല്ല പാപ്പ ചെയ്തത്; ഒരുക്കരേഖയും കൈപ്പുസ്തകവും ചര്‍ച്ച ചെയ്യാനുള്ള ചോദ്യങ്ങള്‍ പോലും അച്ചടിച്ചു നല്കി സഭ മുഴുവനെയും കൂടിയാലോചനകള്‍ക്കായി ക്ഷണിക്കുകയായിരുന്നു. ചുരുക്കത്തില്‍ അടുത്തവര്‍ഷം വത്തിക്കാനില്‍ സമ്മേളിക്കുന്ന സിനഡു പിതാക്കന്മാര്‍ എന്ത് ചര്‍ച്ച ചെയ്യണമെന്ന് ലോകം മുഴുവനുമുള്ള ദൈവജനം ഉള്‍പ്പെടെയുള്ള സര്‍വ്വമനുഷ്യരും ചേര്‍ന്ന് തീരുമാനിക്കുന്ന വിസ്മയകരമായ ഒരു പ്ര ക്രിയയിലാണ് നാം പങ്കാളികളാകുന്നത്. അജണ്ട തീരുമാനിച്ചിട്ട് സമ്മേളനം വിളിക്കുകയല്ല പാപ്പ ചെയ്തത്; സമ്മേളനം പ്രഖ്യാപിച്ചിട്ട് അജണ്ട നല്കാന്‍ ലോകത്തെ മുഴുവന്‍ മനുഷ്യരോടും ആവശ്യപ്പെടുകയാണ്. വെറും പത്തുപേജുള്ള റിപ്പോര്‍ട്ടാണ് ഓരോ പ്രാദേശിക സഭ അഥവാ രൂപതകളില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, വിവിധ തലങ്ങളിലൂടെ കടന്ന് കാച്ചിക്കുറു ക്കി കടഞ്ഞെടുക്കുന്ന ആ പത്തുപേജുകളില്‍ പരിശുദ്ധാത്മാവ് നിറയ്ക്കുന്നത് ക്രിസ്തുവിന്റെ സഭയെ നവീനവും നിര്‍മ്മലവും ചൈതന്യപൂര്‍ണ്ണവുമാക്കാനുള്ള സ്വപ്നങ്ങളും പ്രാര്‍ത്ഥനകളും ഹൃദയമന്ത്രണങ്ങളുമായിരിക്കുമെന്ന് സ്പഷ്ടമല്ലേ? കുട്ടികളും യുവജനങ്ങളും ദമ്പതികളും സമര്‍പ്പിതരും വൈദികരും കര്‍ഷകരും അധ്യാപകരും അഭിഭാഷകരും ഡോക്ടര്‍മാരും രാഷ്ട്രീയക്കാരും സഭാവിരോധികളും ഇതര മതസ്ഥരും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും നിരീശ്വരവാദികളുമെല്ലാം ചേര്‍ന്ന് സഭയെ നവീകരിക്കാന്‍ ശ്രമിക്കുന്ന പ്രക്രിയയെ വിസ്മയമെന്നും വസന്തമെന്നുമല്ലാതെ എന്തു വിളിക്കാനാണ്? ചുരുക്കത്തില്‍, പതിനഞ്ചു മാസങ്ങള്‍ക്കു ശേഷം കാതങ്ങള്‍ക്കപ്പുറം നടക്കുന്ന പ്രതിനിധികളായ മെത്രാന്മാരുടെ ഒരു സമ്മേളനമല്ല സിനഡ്. പിന്നെയോ, നമ്മള്‍ തന്നെയായ സഭയെ, നമ്മിലെ സഭയെ, നമ്മുടെ സഭയെ ഉണര്‍ത്താനും നവീകരിക്കാനുമുള്ള പരിശുദ്ധാരൂപിയുടെ നിര്‍ണ്ണായകമായ ഇടപെടലും പ്രവൃത്തിയുമാണ്.

സ്വപ്നങ്ങളുടെ സിനഡ്

സ്വപ്നങ്ങള്‍ ഉണ്ടായിരിക്കുക എന്നത് ദൈവത്തിനും മനുഷ്യനും ഒരുപോലെ നിര്‍ണ്ണായകമാണ്. സുവിശേഷങ്ങള്‍ തന്നെ സമാരംഭിച്ചത് മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ സുരഭിലമായ സ്വപ്നങ്ങളിലൂടെയാണല്ലോ. കണ്ണും കാതും കരങ്ങളും പാദങ്ങളും നാവും ഹൃദയവും പരിശുദ്ധാത്മാവിന് പണയപ്പെടുത്തിയിരിക്കുന്ന അഭിനവ ഫ്രാന്‍സിസിന്റെ പ്രിയതരമായൊരു സ്വപ്നമാണ് ആഗതമാകുന്ന ആഗോള സിനഡ്. മനുഷ്യനെയും ദൈവത്തെയും സഹോദരനെയും പ്രപഞ്ചത്തെയും ഓര്‍മ്മകളെയും ഭാവിയെയും സഭയെയും ലോകത്തെയുമെല്ലാം സമാശ്ലേഷിക്കുന്ന ആ സ്വപ്നത്തെ ഒരുക്കരേഖയില്‍ അദ്ദേഹം സംക്ഷിപ്തമായി അവതരിപ്പിക്കുന്നത് നോക്കൂ: ''സ്വപ്നങ്ങള്‍ നട്ടുപിടിപ്പിക്കാനും പ്രവചനങ്ങളും ദര്‍ശനങ്ങളും പുറത്തെടുക്കാനും പ്രത്യാശ തഴച്ചുവളരാന്‍ അനുവദിക്കാനും വിശ്വാസമര്‍പ്പിക്കുന്നതു പ്രചോദിപ്പിക്കാനും മുറിവുകള്‍ വച്ചുകെട്ടാനും ബന്ധങ്ങള്‍ ഒരുമിച്ചു തുന്നിച്ചേര്‍ക്കാനും പ്രതീക്ഷയുടെ ഒരു പുലരി ഉണര്‍ത്താനും മറ്റൊരുവനില്‍ നിന്നും പരസ്പരവും പഠിക്കാനും മനസ്സുകളെ ഉദ്ദീപ്തമാക്കുന്ന, ഹൃദയങ്ങളെ ഊഷ്മളമാക്കുന്ന, നമ്മുടെ കരങ്ങള്‍ക്ക് ശക്തിപകരുന്ന, പ്രദീപ്തമായ ഒരു വിഭവസമ്പന്നത സൃഷ്ടിക്കാനും വേണ്ടിയാണിത്.'' നമുക്ക് നമ്മെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ ഒട്ടേറെ സ്വപ്നങ്ങളുണ്ട്. എന്നാല്‍ നമുക്ക് ക്രിസ്തുവിനെപ്പറ്റി സ്വപ്നങ്ങളുണ്ടോ? 'നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാകുന്ന' (റോമാ 14:17) അവന്റെ രാജ്യത്തെപ്പറ്റി കിനാക്കളുണ്ടോ? അവന്റെ ശരീരവും തുടര്‍ച്ചയും നിര്‍മ്മലവധുവുമായ തിരുസഭയെപ്പറ്റി കനവുകളുണ്ടോ? അവന്റെ പ്രിയപ്പെട്ടവര്‍ നമ്മുടെ കിനാക്കളില്‍ കടന്നുവരാറുണ്ടോ? ഉണ്ടെങ്കില്‍ സിനഡാത്മകതയ്ക്ക് കണ്ണും കാതും ഹൃദയവും നല്കാം.

മൂന്നു ഘട്ടങ്ങളായാണ് ആഗോള സിനഡ് നടക്കുന്നത്. ഒരുക്കത്തിന്റെ ഒന്നാം ഘട്ടം നാം പിന്നിട്ടു കഴിഞ്ഞു. കൂടിയാലോചനകളുടെ രണ്ടാം ഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. അടുത്തവര്‍ഷത്തെ സിനഡോടു കൂടി മാത്രമേ ഈ ഘട്ടം പൂര്‍ണ്ണമാകുകയുള്ളൂ. കൂടിയാലോചനകളില്‍ നിന്ന് ഉരുത്തിരിയുന്ന വെളിച്ചം നിറഞ്ഞ വെളിപാടുകള്‍ നടപ്പിലാക്കുന്നതാണ് മൂന്നാമത്തെ ഘട്ടം. സിനഡിനുശേഷം ആ ഘട്ടത്തിലൂടെയും നാം കടന്നുപോകും.

സിനഡിന്റെ നാനാര്‍ത്ഥങ്ങള്‍

സ്യുന്‍, ഹോദോസ് എന്നീ ഗ്രീക്കു മൂലങ്ങള്‍ ചേര്‍ന്നാണ് സൂനോദോസ് എന്ന വാക്കുണ്ടായത്. സ്യുന്‍ എന്നാല്‍ കൂടെ, ഒപ്പം, ഒന്നിച്ച് എന്നൊക്കെയാണ് അര്‍ത്ഥം. ഹോദോസ് എന്നാല്‍ മാര്‍ഗ്ഗം, വഴി എന്നാണ് അര്‍ത്ഥം. അങ്ങനെയെങ്കില്‍ സൂനോദോസ് എന്നാല്‍ മാര്‍ഗ്ഗത്തോടൊപ്പം, വഴിയില്‍ ഒന്നിച്ച് എന്നൊക്കെ മനസ്സിലാക്കാം. അപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യമുണ്ട്. ആരാണ് വഴി? ഏതാണ് മാര്‍ഗ്ഗം? ഈ ചോദ്യങ്ങള്‍ക്ക് കത്തോലിക്കര്‍ക്ക് ഒറ്റ വാക്കിലുള്ള ഒരേയൊരു ഉത്തരമേയുള്ളൂ - യേശുക്രിസ്തു. ''വഴിയും സത്യവും ജീവനും ഞാനാണ്; എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല'' എന്ന (യോഹ. 14:6) യേശു വചനത്തില്‍ നിന്നാണ് സൂനോദോസിന്റെ സത്ത പ്രവഹിക്കുന്നത്. വഴിയില്‍ ഒന്നിച്ചായിരിക്കുക, മാര്‍ഗ്ഗത്തോട് ഒപ്പമായിരിക്കുക എന്നൊക്കെയാണ് സുനോദോസ് അഥവാ സിനഡ് എന്നതിന്റെ അര്‍ത്ഥമെങ്കില്‍ അതിന്റെ പരമാര്‍ത്ഥം യേശുക്രിസ്തുവിന് ഒപ്പമായിരിക്കുക എന്നതാണ്. 'തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി തുറന്നു തന്ന നവീനവും സജീവവുമായ പാതയില്‍' (ഹെബ്രാ. 10:20) ജീവിക്കുക എന്നതാണ്. വഴി, യാത്ര, ലക്ഷ്യം എന്നിവയൊക്കെ വ്യത്യസ്തങ്ങളായ യാഥാര്‍ത്ഥ്യങ്ങളാണെങ്കിലും ക്രിസ്ത്യാനിക്ക് ഇവ മൂന്നും യേശുക്രിസ്തു എന്ന ഒറ്റ യാഥാര്‍ത്ഥ്യമാണ്. യേശുവിലൂടെ, യേശുവില്‍ത്തന്നെ, യേശുവിനോടൊപ്പം, പരിശുദ്ധാത്മാവിന്റെ സഹവാസത്തില്‍ പിതാവിലേക്കുള്ള പാതയിലായിരിക്കുക എന്നതാണ് സൂനോദോസിന്റെ പൊരുളും പരമാര്‍ത്ഥവും. യേശുവിന് ഒപ്പമായിരിക്കുക എന്നാല്‍ ദൈവവചനത്തിനും ദിവ്യകാരുണ്യത്തിനും തിരുസഭയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പമായിരിക്കുക എന്നും അര്‍ത്ഥഭേദമുണ്ട്. നമുക്കറിയാവുന്നതുപോലെ നമ്മുടെ ദൈവം ഏകാകിയല്ല. സഹവസിക്കുന്ന ഒരു കൂട്ടായ്മയാണ്. സ്‌നേഹത്തില്‍ സമ്പൂര്‍ണ്ണമായി ലയിച്ചിരിക്കുന്ന ഒരു സിനഡ് അഥവാ സൂനഹദോസാണ്. അങ്ങനെയെങ്കില്‍ മാമ്മോദീസായും തൈലാഭിഷേകവും വഴി പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളായിത്തീര്‍ന്ന ഏവരും അടിസ്ഥാനപരമായി ഒരു സൂനഹദോസിന്റെ ജീവിതം നയിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. ചുരുക്കത്തില്‍, ഫ്രാന്‍സിസ് പാപ്പ മുന്നോട്ടു വയ്ക്കുന്ന വ്യക്തിപരമായ ഒരു ദര്‍ശനമല്ല സിനഡാത്മകത. നമ്മുടെ വിശ്വാസജീവിതത്തിന്റെ കേന്ദ്രമായ പരിശുദ്ധ ത്രിത്വത്തില്‍ തന്നെ ലീനമായതും ഉത്ഭവത്തില്‍ തന്നെ നമ്മുടെ സഭയുടെ വേരുകളില്‍ മുദ്രിതവുമായ ഒരു യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യം നമ്മുടെ ജീവിതവഴികളില്‍ സാക്ഷാത്കരിക്കാനാണ് സിനഡാത്മകപ്രക്രിയ നമ്മെ ക്ഷണിക്കുന്നത്.

ചോദ്യം - ഉത്തരം

പുതിയ നിയമത്തിലെ സമുജ്ജ്വലമായ ഒരു രംഗമാണ് കേസറിയാ ഫിലിപ്പിയില്‍ വച്ച് യേശുവും ശിഷ്യന്മാരും തമ്മില്‍ നടത്തുന്ന സംഭാഷണം. രണ്ടു ചോദ്യങ്ങളാണ് യേശു ശിഷ്യന്മാരോട് ചോദിച്ചത്. താന്‍ ആരാണെന്നത് മറന്നുപോയിട്ടോ ശിഷ്യന്മാരുടെ 'ഫീഡ്ബാക്ക്' കിട്ടി 'ഇംപ്രൂവ്' ചെയ്യുന്നതിനോ വേണ്ടിയല്ല ''ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?'' എന്ന് യേശു അവരോട് ചോദിച്ചത്. പിന്നെയോ അവബോധത്തിലേക്ക് അവരെ ഉണര്‍ത്താനാണ്. നിശിതമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ഉന്നയിക്കപ്പെട്ട നിശിതമായ ചോദ്യങ്ങള്‍ക്ക് നിര്‍ഭയവും സ്പഷ്ടവുമായി മറുപടി നല്കുകയും ചെയ്ത യേശു, ചോദ്യങ്ങളെ ഭയപ്പെടുകയും ഒഴിവാക്കുകയും അടിച്ചമര്‍ത്തുകയും കറുത്ത മൗനത്താല്‍ അവഗണിക്കുകയും ചെയ്യുന്ന ഇക്കാലത്തെ രാഷ്ട്രീയ-മത-ആത്മീയ നേതാക്കളെ വെല്ലുവിളിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നുണ്ട്. യേശു ചോദിച്ച രണ്ടാമത്തെ ചോദ്യമാണ് സിനഡാത്മകതയുടെ മര്‍മ്മം. ആ ചോദ്യമാണ് തിരുസഭ സകല മനുഷ്യരോടും ആവര്‍ത്തിക്കുന്നത്. ദൈവമേ, ഞാന്‍ ആരെന്നാണ് അങ്ങ് പറയുന്നത് എന്ന് പ്രാര്‍ത്ഥനാമുറിയിലിരുന്ന് ഞാന്‍ എന്നോടു ചോദിക്കുന്നതാണ് വ്യക്തിസിനഡ്. കുടുംബാംഗങ്ങള്‍ ഹൃദയതുറവിയോടെ ഒത്തുചേര്‍ന്ന് ആ ചോദ്യം ആവര്‍ത്തിക്കുന്നതാണ് കുടുംബസിനഡ്. കേസറിയാ ഫിലിപ്പിയിലെ ആ ചോദ്യോത്തരരംഗം കുടുംബയൂണിറ്റിലും ഇടവകയിലും ആത്മാര്‍ത്ഥതയോടെ ആവര്‍ത്തിക്കുന്നതും ഉത്തരം തേടുന്നതുമാണ് കുടുംബയൂണിറ്റ് സിനഡും ഇടവകസിനഡും. ആ ചോദ്യം സഭയുടെ എല്ലാ തലങ്ങളിലും നിര്‍ഭയവും നിര്‍മ്മലവുമായി ഉന്നയിക്കുന്നതിനെയും ലഭിക്കുന്ന ഉത്തരങ്ങള്‍ ആദരവോടും വിനയത്തോടും കൂടി സ്വീകരിക്കുന്നതിനെയുമാണ് കൈപ്പുസ്തകം 'സിനഡല്‍ കണ്‍വേര്‍ഷന്‍' അഥവാ സിനഡാത്മക പരിവര്‍ത്തനം എന്ന് വിളിക്കുന്നത്. നമ്മിലൂടെയും അപരനിലൂടെയും അവിരാമമായി സംസാരിക്കുന്ന പരിശുദ്ധാത്മാവിനെ സശ്രദ്ധം ശ്രവിക്കാനും തദനുസൃതം നവീകരിക്കപ്പെടാനുമാണ് സിനഡാത്മക പ്രക്രിയ നമ്മെ ക്ഷണിക്കുന്നത്.

പുരാതനവും നവീനവുമായ വസന്തം

പുതിയ സഭയെ പടുത്തുയര്‍ത്താനല്ല പാപ്പ പരിശ്രമിക്കുന്നത്. രണ്ടായിരം വര്‍ഷം കഴിഞ്ഞിട്ടും ഇന്നും നമ്മെ മോഹിപ്പിച്ചും ലജ്ജിപ്പിച്ചും അസൂയപ്പെടുത്തിയും അമ്പരപ്പിച്ചും തുടരുന്ന ആ പഴയ സഭയുടെ - സ്വപ്നസഭയായ ആദിമ സഭയുടെ - കൃപാസമൃദ്ധമായ സൗഭാഗ്യങ്ങളെ വീണ്ടെടുക്കാനാണ്. സുവിശേഷമൂല്യങ്ങളും ദൈവരാജ്യത്തിന്റെ കിനാക്കളും ക്രൈസ്തവ സാഹോദര്യവും മനുഷ്യത്വവുമെല്ലാം ദൈവകൃപയുടെ സമ്മോഹനതയില്‍ സമ്മേളിക്കുന്ന നവവസന്തനിര്‍മ്മിതിയില്‍ പങ്കാളികളാകാനാണ് സിനഡാത്മകത ക്ഷണിക്കുന്നത്. തെറ്റിദ്ധരിക്കരുത്, നമ്മുടെ സഭാഗാത്രത്തെ ഗ്രസിച്ചിരിക്കുന്ന സമസ്ത ആധിവ്യാധികള്‍ക്കുമുള്ള സര്‍വ്വ രോഗസംഹാരിയായ ഒറ്റമൂലിയല്ല സിനഡാത്മക പ്രക്രിയ. പിന്നെയോ, രോഗം എന്താണെന്നും എന്ത് ചികിത്സാവിധികളാണ് വേണ്ടതെന്നും നിശ്ചയിക്കാനുള്ള രോഗനിര്‍ണ്ണയ പ്രക്രിയയാണ് (diagnostic procedure). പരിശുദ്ധാത്മാവ് എന്ന പരമമായ റേഡിയോ ഗ്രഫറെക്കൊണ്ട് നമ്മുടെ സഭയുടെ ആന്തരികവും ബാഹ്യവുമായ ശരീരം പരിശോധിപ്പിക്കാനാണ് പാപ്പ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും. ആത്മവിമര്‍ശനത്തിലും അപരശ്രവണത്തിലും അടി സ്ഥാനമിട്ടിരിക്കുന്ന ഈ പരിശോധനാ/ചികിത്സാ പ്രക്രിയകളില്‍ അനുതാപത്തോടും ആത്മാര്‍ത്ഥതയോടും കൂടി നമുക്കും പങ്കാളികളാകാം. പൂക്കള്‍ ഒന്നു ചേര്‍ന്ന് പൂവാടിയും വസന്തവുമാകുന്നതുപോലെ പരിശുദ്ധാത്മാവിനാല്‍ പൂരിതരായ വ്യക്തികള്‍ ഒത്തു ചേര്‍ന്നാണ് കുടുംബങ്ങളെയും ഇടവകകളെയും സഭയെയും ലോകത്തെയുമെല്ലാം പൂവാടികളും വസന്തോദ്യാനങ്ങളുമാക്കി മാറ്റുന്നത്.

സഭ എന്ന വാക്കിന് നിഘണ്ടു നല്കുന്ന അര്‍ത്ഥം നോക്കൂ: 'അനേകം പേര്‍ ഒന്നിച്ചു കൂടുന്ന സ്ഥലം, എല്ലാപേരും ഒരേ നിലയില്‍ അഥവാ ഒന്നിച്ചിരുന്ന് ശോഭിക്കുന്ന സ്ഥലം' എന്നാണ് നാം വായിക്കുന്നത് (ശബ്ദതാരാവലി പേജ് 1683). എല്ലാവരും ഒരേ നിലയില്‍ ഒന്നിച്ചിരുന്ന് ശോഭിക്കുന്ന സ്ഥലമായിരുന്നല്ലോ യേശുവിന്റെ സ്വപ്നവും. അതിനുവേണ്ടിയാണല്ലോ, ''ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍'' എന്ന് അവന്‍ പരിഹസിക്കപ്പെട്ടതും (ലൂക്കാ 7:34). 'ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്ഛേദിതനെന്നോ അപരിച്ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്' എന്ന് മറ്റൊരാളും ആ സ്വപ്നസ്ഥലത്തെ നിര്‍വചിക്കുന്നുണ്ട് (കൊളോ. 3:11). ആ സ്ഥലം വീണ്ടെടുക്കുകയാണ് സിനഡാത്മകതയുടെ ലക്ഷ്യം. ആ സ്ഥലത്തേക്കുള്ള പാതയൊരുക്കലും പദചലനങ്ങളുമാകട്ടെ സിനഡാത്മക പ്രക്രിയയും ആഗോളസിനഡും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org