സിനഡും പ്രാദേശിക സഭയും

സിനഡും പ്രാദേശിക സഭയും
Published on

ഫാ. ഫ്രിജോ തറയില്‍, ഫരീദാബാദ് രൂപത

വിശ്വാസത്തിന്റെ ഐക്യത്തില്‍ ക്രിസ്തുവില്‍ സ്ഥാപിതമായ ഒരു സമൂഹമാണ് തിരുസഭ. അതേസമയം ആചാരപരമായ കൂട്ടായ്മയും, ഭരണപരമായ ഐക്യവും അവയെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന സംഘടനാ ഘടകങ്ങളും കൂടെ ഉള്‍ക്കൊള്ളുന്ന ഒന്നാണ് സഭ. ക്രിസ്തുവില്‍ നിന്നും ശ്ലീഹാന്മാരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട സഭയുടെ സംവിധാനങ്ങള്‍ ഇന്നും നിലനിന്ന് പോകുന്നതിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ചാലകശക്തി അതിന്റെ നിയമസംഹിതകളുടെ കൂട്ടായ നിലനില്പ്പാണ്. സഭയുടെ ആരാധനക്രമങ്ങള്‍, പ്രഘോഷണങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മെഡിറ്ററേനിയന്‍ പ്രദേശത്തും അതിനപ്പുറത്തും ക്രിസ്തുമതം സ്ഥാപിക്കുകയും വ്യാപിക്കുകയും ചെയ്ത കാലഘട്ടങ്ങള്‍, തുടങ്ങി ചരിത്രപരവും സാംസ്‌കാരികപരവുമായ പല ഇടപെടലുകളിലും സഭാനിയമം വഹിച്ചിട്ടുള്ള പങ്ക് ഏറെയാണ്.

കാനോന്‍ നിയമത്തിന്റെ പരിണാമം

ക്രിസ്തീയ കാലഘട്ടത്തിലുടനീളം കാനോന്‍ നിയമത്തിന് വികസനത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ട് (Ubi societas, ibi jus). നിയമങ്ങളുടെ മാറ്റങ്ങള്‍ ഇല്ലാത്ത സ്ഥിരമായ ഒരു സംവിധാനമല്ല കാനോന്‍ നിയമം. മറിച്ചു ആയിരിക്കുന്ന സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടുന്ന ഒന്നാണ് ഈ നിയമസംഹിത. കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളില്‍ സംഭവിച്ച സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, സഭാ വ്യതിയാനങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്. കാനോന്‍ നിയമത്തിന്റെ ചരിത്രം പഠിക്കുന്നത് നിയമപരവും ചരിത്രപരവുമായ പരിശീലനത്തിന് വേണ്ടി മാത്രമല്ല, അതിനപ്പുറം സമകാലിക ദൈവശാസ്ത്ര സങ്കല്‍പ്പങ്ങളെയും സാമൂഹിക ബന്ധങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ചയും അതിലേക്ക് ഉള്‍ച്ചേര്‍ക്കുന്നതിനുകൂടി വേണ്ടിയാണ്. ആ ഉള്‍ച്ചേര്‍ക്കലുകളിലൂടെ കാനോന്‍ നിയമത്തിന് കീഴില്‍ വരുന്നതും, അല്ലാത്തതും എന്താണ്, കാനോന്‍ നിയമത്തിന്റെ ഉറവിടം അല്ലെങ്കില്‍ അല്ലാത്തത് ഏത്, ഏത് നിയമം സാര്‍വത്രികമാണ്, ഏത് പ്രാദേശികമാണ്, തുടങ്ങിയ മറ്റനേകം ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനും സഹായകമാകുന്നു. ഓരോ കാലഘട്ടത്തിന്റെ സാഹചര്യങ്ങളോടും വ്യക്തിപരമായ ആവശ്യങ്ങളോടും കാനോന്‍ നിയമത്തിന്റെ നിരന്തരമായ പൊരുത്തപ്പെടലുമായി ഈ പ്രവര്‍ത്തനം ബന്ധപ്പെട്ടിരിക്കുന്നു.

സ്വപ്ന സാക്ഷാത്കാരത്തിന്റെ ധന്യ മുഹൂര്‍ത്തങ്ങള്‍

റോമന്‍ കത്തോലിക്കാ സഭയില്‍ കാനോന്‍ നിയമത്തിന്റെ വികാസത്തിനും നവീകരണത്തിനും അടിസ്ഥാനമായി നിലകൊള്ളുന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (ഒകേ്‌ടോബര്‍ 11, 1962 മുതല്‍ ഡിസംബര്‍ 8, 1965 വരെ) 'ദൈവത്തിന്റെ ജനമെന്ന' നിലയില്‍ സഭയെക്കുറിച്ചുള്ള ദര്‍ശനമാണ്. ദൈവജനത്തിന്റെ ഉന്നമനത്തിനും അതിലുപരി സാര്‍വത്രിക സഭയിലൂടെ പിതാവായ ദൈവത്തിലേക്കു നടക്കുന്നതിനും ഉതകുന്ന സഭയുടെ ചിട്ടയായ നിയമ നിര്‍മ്മാണ, ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ ക്രിസ്തുവിന്റെ പിന്‍ഗാമികളായ അപ്പോസ്തലന്മാരിലൂടെ മാര്‍പാപ്പാമാരുടെയും മെത്രാന്മാരുടെയും, ദൗത്യമായി മാറുമ്പോള്‍ സഭയുടെ ആദ്യകാല സങ്കല്പങ്ങളില്‍ ഒന്നായ Societas Perfecta (തികഞ്ഞ സമൂഹം) എന്ന ദര്‍ശനം ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെടുന്നു.

സിനഡ് എന്ന പദത്തിനര്‍ത്ഥം 'ഒരുമിച്ചു നടക്കുക' എന്നതാണ്. അതുതന്നെയാണ് ഈയിടെ മാര്‍പാപ്പ എഴുതിയ കത്തിലെ ആവശ്യവും. ഒരുമിച്ചു നടക്കുക എന്നാല്‍ അതിനെ സൈനീക പടകോപ്പുകളോടു കൂടെയുള്ള നടത്തമായല്ല വിവക്ഷിക്കുന്നത്. മറിച്ചു ചെറിയവരും വലിയവരും, ചെറുപ്പക്കാരും പ്രായമായവരും, ശക്തിയുള്ളവരും അംഗവൈകല്യമുള്ളവരും ഒരുമിച്ചുള്ള ഒരു നടത്തം, ഒരു കൂട്ടായ തീര്‍ത്ഥാടനം.

ഈ നിയമ നിര്‍മാണ പ്രക്രിയ കൂട്ടായ്മയില്‍ രൂപംകൊള്ളുന്നതാണെങ്കിലും അവയില്‍ ഉടലെടുക്കേണ്ട ഘടകങ്ങള്‍ ഏറെയാണ്. ഉദാഹരണത്തിന്, ഈ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുന്ന സ്ഥലങ്ങളുടെ ചരിത്രം, സംസ്‌കാരം, ഭാഷ, തുടങ്ങി അനേകം കാര്യങ്ങള്‍ പരിഗണിക്കപ്പെടണം. മുകളില്‍ സൂചിപ്പിച്ച കൂട്ടായ്മ എന്ന പദം സൂചിപ്പിക്കുന്നത് മെത്രാന്‍ സിനഡിനെയാണ്. സിനഡ് എന്ന പദത്തിനര്‍ത്ഥം 'ഒരുമിച്ചു നടക്കുക' എന്നതാണ്. അതുതന്നെയാണ് ഈയിടെ മാര്‍പാപ്പ എഴുതിയ കത്തിലെ ആവശ്യവും. ഒരുമിച്ചു നടക്കുക എന്നാല്‍ അതിനെ സൈനീക പടകോപ്പുകളോടു കൂടെയുള്ള നടത്തമായല്ല വിവക്ഷിക്കുന്നത്. മറിച്ചു ചെറിയവരും വലിയവരും, ചെറുപ്പക്കാരും പ്രായമായവരും, ശക്തിയുള്ളവരും അംഗവൈകല്യമുള്ളവരും ഒരുമിച്ചുള്ള ഒരു നടത്തം, ഒരു കൂട്ടായ തീര്‍ത്ഥാടനം.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പിതാക്കന്മാര്‍ ആഗ്രഹിച്ചതിന്റെ ഫലമായി, അനുരഞ്ജനാനുഭവം സൃഷ്ടിച്ച കൂട്ടായ്മയുടെ ആത്മാവിനെ സജീവമായി നിലനിര്‍ത്തുക എന്ന ആശയത്തെ മുന്‍നിര്‍ത്തി, 1965 സെപ്റ്റംബര്‍ 15-ന് പോള്‍ ആറാമന്‍ മാര്‍ പാപ്പ സ്ഥാപിച്ച ഒരു സ്ഥിരം സംവിധാനമാണ് ബിഷപ്പുമാരുടെ സിനഡ്.

ഒത്തുചേരുക എന്നര്‍ത്ഥം വരുന്ന സിനഡ് എന്ന വാക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒരുമിച്ച് എന്നര്‍ത്ഥമുള്ള രണ്ട് ഗ്രീക്ക് പദങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. syn ഒരുമിച്ച് എന്നും hodos റോഡ് അല്ലെങ്കില്‍ വഴി എന്നും അര്‍ത്ഥമാക്കുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍ പാപ്പ സിനഡിനെ വിശേഷിപ്പിച്ചത് ബിഷപ്പുമാരുടെ കൂട്ടായ്മയുടെ ഫലപ്രദമായ ആവിഷ്‌കാരവും ഉപകരണവുമാണ് എന്നാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ വളരെ പ്രസക്തമാണ്, സഹവര്‍ത്തിത്വത്തിന്റെ പാതയാണ് മൂന്നാം സഹസ്രാബ്ദത്തിലെ സഭയില്‍നിന്ന് ദൈവം പ്രതീക്ഷിക്കുന്നത്. കര്‍ത്താവ് നമ്മോട് ആവശ്യപ്പെടുന്നത് ഇതിനകം തന്നെ 'സിനഡ്' എന്ന വാക്കില്‍ ഉണ്ട്. എല്ലാവരും ഒരുമിച്ചു യാത്ര ചെയ്യുന്നതു വാക്കുകളില്‍ ഉള്‍പ്പെടുത്താന്‍ എളുപ്പമുള്ള ആശയമാണ്. പക്ഷേ പ്രയോഗത്തില്‍ വരുത്തുന്നത് അത്ര എളുപ്പമല്ല.

സഭാഘടനയുടെ സിനഡല്‍ സമ്പ്രദായം വികസിച്ചത് അപ്പസ്‌തോലന്മാരുടെ കൂട്ടായ്മയില്‍ നിന്നാണ്. സഭയുടെ നിലനില്‍പ്പ് കൂട്ടായ്മയിലാണ്. സിനഡല്‍ ഘടന, അതിന്റെ വിവിധ സ്വയംഭരണ തത്ത്വങ്ങള്‍, വൈവിധ്യങ്ങളിലെ ഐക്യം, സമത്വം, ഓരോ സഭയ്ക്കും വളരാനും വികസിപ്പിക്കാനും ഉള്ള അവകാശം എന്നിവയെല്ലാം ഈ കൂട്ടായ്മയുടെ സഭാശാസ്ത്രത്തെ വിളിച്ചോതുന്നവയാണ്. ഇത് തന്നെയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ വളരെയധികം ശ്രദ്ധയോടെ നിഷ്‌കര്‍ഷിച്ചിരിക്കുന്നതും. ചുരുക്കത്തില്‍ വൈവിധ്യങ്ങളിലുള്ള സമ്പന്നത എന്നും സഭയ്ക്ക് മുതല്‍ക്കൂട്ടാണ്. അതിലുപരി സഭാ മാതാവിന്റെ സൗന്ദര്യത്തിനു അത് കൂടുതല്‍ ആക്കം കൂട്ടുന്നു. ഈ വൈവിധ്യങ്ങളുടെ സമ്പന്നത എന്നും കുറെയേറെ ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

ഒരു സഭാ സമൂഹത്തിന്റെ ഭാഷ, സംസ്‌കാരം, ജീവിതരീതികള്‍ തുടങ്ങി ഒരു നീണ്ട നിര തന്നെ ഉണ്ട് അതിനു പുറകില്‍. ഈ ഘടകങ്ങളെ കൃത്യമായും വസ്തുനിഷ്ഠമായും അപഗ്രഥിക്കാന്‍ കഴിയുന്നത് അവിടങ്ങളില്‍ നിയമിതരായിരിക്കുന്ന മെത്രാന്മാര്‍ക്കാണ് എന്നതില്‍ തര്‍ക്കമില്ല. അതായത് ഓരോ സമൂഹത്തിന്റെയും രൂപീകരണവും, വളര്‍ച്ചയും കൃത്യമായി നടത്തപ്പെടുന്നത് അതാതു ഇടങ്ങളിലെ മെത്രാന്മാരിലൂടെയാണ്. അതിനാല്‍ തന്നെ സിനഡിന്റെ കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞു വരുന്ന എല്ലാ തീരുമാനങ്ങള്‍ക്കും അത് ആഗ്രഹിക്കുന്ന ഫലപ്രാപ്തി എല്ലായിടങ്ങളിലും ഒരുപോലെ കൈവരിക്കാന്‍ കഴിയണം എന്ന് നിര്‍ബന്ധമില്ല. അതിനെ ഒരിക്കലും കൂട്ടായ്മയുടെ കുറവെന്നോ, തീരുമാനങ്ങളിലെ പാകപിഴകളെന്നോ പഴിക്കാനും കഴിയില്ല. മെത്രാന്മാ രുടെ സിനഡിന്റെ ജനറല്‍ സെക്ര ട്ടറി കര്‍ദിനാള്‍ മാരിയോ ഗ്രെച്ച് വത്തിക്കാന്‍ മീഡിയയുമായുള്ള ഒരു അഭിമുഖത്തില്‍ ഇപ്രകാരം പറഞ്ഞു; ആദ്യത്തേതും ഏറ്റവും വലിയതുമായ കണ്ടുപിടുത്തം സിനഡിനെ ഒരു സംഭവത്തില്‍ നിന്ന് ഒരു പ്രക്രിയയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതാണ്.

ശ്ലൈഹീക പിന്തുടര്‍ച്ച കൈവയ്പ്പിലൂടെ

രൂപത എന്നത് അതില്‍ തന്നെ ഒരു സമ്പൂര്‍ണ്ണ പ്രാദേശിക സഭയാണ്. ഒരു മെത്രാനു എല്ലാ നിയമനിര്‍മ്മാണ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യല്‍ അധികാരങ്ങളുമുണ്ട്. ഒപ്പം ഒരു മെത്രാന്റെ ത്രിമുഖ ദൗത്യങ്ങള്‍ (ria munera) വിശുദ്ധീകരിക്കുക, പഠിപ്പിക്കുക, ഭരിക്കുക എന്നിങ്ങനെയാണെന്നു സഭ പഠിപ്പിക്കുന്നു. ഇത് ലഭിക്കുന്നത് ദൈവീക നിയമവും കൗദാശിക ക്രമീകരണവും ആയ മെത്രാന്‍ പട്ടത്തിലൂടെയാണ്. എന്നാല്‍ സിനഡ് എന്ന സംവിധാനത്തിനു മെത്രാന്‍ പട്ടത്തിന്റെ ria munera ഉണ്ടോ എന്ന് ഇന്നും ദൈവ ശാസ്ത്രജ്ഞന്‍മാര്‍ ചര്‍ച്ച ചെയ്യുന്നു. അങ്ങനെയെങ്കില്‍ ഒരു രൂപതയുടെ ഇടയനായ മെത്രാന് തന്റെ വിശുദ്ധീകരണ, ഭരണ, അദ്ധ്യാപന ചുമതലകള്‍ നിര്‍വഹിക്കുന്നതിനു ദൈവീകമല്ലാത്ത ഒരു സംവിധാനത്തിന് (Synod) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ കഴിയുമോ?

ഒരു രൂപതയില്‍ നിയമനിര്‍മ്മാണം അദ്ദേഹം വ്യക്തിപരമായി പ്രയോഗിക്കുമ്പോള്‍ മറ്റ് രണ്ട് അധികാരങ്ങള്‍ വ്യക്തിപരമായോ മറ്റുള്ളവരിലൂടെയോ അദ്ദേഹത്തിന് പ്രയോഗിക്കാന്‍ കഴിയും. തന്റെ നിയമനിര്‍മ്മാണ അധികാരം ഉപയോഗിച്ച് ഒരു മെത്രാന് പൊതുകോഡിനോ 'സുയി യൂറിസ്' സഭയുടെ ഒരു പ്രത്യേക കോഡിനോ എതിരില്ലാത്ത എപ്പാര്‍ക്കിയല്‍ നിയമങ്ങള്‍ നിര്‍മ്മിക്കാനും അത് പ്രഖ്യാപിക്കാനും കഴിയും. കാനന്‍. 1502/2 (ഇ. 1502/2) അനുസരിച്ചു അത്തരം നിയമങ്ങളെ കൂടുതല്‍ പ്രത്യേക നിയമം (More Particular Law) എന്ന് വിളിക്കുന്നു. രൂപതയിലെ മതപരമായ നിയമങ്ങളും മറ്റ് കാനോനിക്കല്‍ സ്ഥാപനങ്ങളുടെ നിയമങ്ങളും (Bylaws) ഇതില്‍ ഉള്‍പ്പെടുന്നു. ഈ കാനോന്‍ അനുസരിച്ച്, ഒരു ഉന്നത അധികാരി നല്‍കുന്ന നിയമത്തിന് എതിരില്ലാതെ നടപ്പിലാക്കുന്ന ഏത് നിയമത്തിനും (A Supreme Authortiy) കൂടുതല്‍ പ്രത്യേക നിയമത്തിന്റെ യോഗ്യത നേടാനാകും. കാനന്‍ 1502 പൊതു നിയമം, പ്രത്യേക നിയമം, കൂടുതല്‍ പ്രത്യേക നിയമം എന്നിവയുടെ തരംതിരിവ് കൃത്യമായും കാണിക്കുന്നു. കൂടുതല്‍ പ്രത്യേക നിയമം എല്ലായ്‌പ്പോഴും 'സുയി യൂറിസ്' സഭയുടെ പ്രത്യേക നിയമത്തിന് എതിരില്ലാതെ ആയിരിക്കണം. ചില കാനോനകള്‍ രൂപതാ അദ്ധ്യക്ഷനു നിയമനിര്‍മ്മാണ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. അദ്ദേഹം സ്വന്തം സുയി യൂറിസ് സഭയുടെ പ്രത്യേക നിയമം അനുശാസിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ചില കാര്യങ്ങളിലെങ്കിലും അത്തരം നിയമങ്ങള്‍ക്ക് പരിശുദ്ധ സിംഹാസനത്തിന്റ നേരിട്ടുള്ള അംഗീകാരം നേടാവുന്ന സ്വാതന്ത്ര്യവും പൗരസ്ത്യ കോഡിലുണ്ട്.

ഇന്നത്തെ കാലഘട്ടത്തില്‍ തെക്കേ ഇന്ത്യയിലെ സഭാ സംവിധാനങ്ങള്‍ വടക്കേ ഇന്ത്യയിലേക്കും, ഇന്ത്യയിലെ കാര്യങ്ങള്‍ ലോകമെമ്പാടും കയറ്റി അയക്കുവാന്‍ ശ്രമിച്ചാല്‍ അതുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. മാറിയ സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് ആഗോള വല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം കയറ്റുമതി സമീപനം പ്രവാസികള്‍ക്കു പ്രത്യേകിച്ചും ഗുണകരമാവില്ല എന്ന തിരിച്ചറിവ് പ്രധാനപ്പെട്ടതാണ്.

ഇവിടെ (സുയി യൂറിസ്) നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങളില്‍ മുകളില്‍ പ്രതിപാദിച്ച ചില ഘടകങ്ങളെ (ഭാഷ, സംസ്‌കാരം, ജീവിത രീതികള്‍) മുന്നില്‍ കണ്ടുകൊണ്ടുള്ള തീരുമാനങ്ങള്‍ എടുക്കുവാനുള്ള സ്വാതന്ത്ര്യവും വിവേചനാധികാരവും (spirit of discernment) രൂപത അധ്യക്ഷനു നല്‍കാതെ വരുമ്പോള്‍ സിനഡ് കൂട്ടായ്മയില്‍ വരുന്ന ചില തീരുമാനങ്ങള്‍ ഒരു സമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണോ ചെയ്യുന്നത് എന്ന് വിചിന്തനം ചെയ്യേണ്ടതുണ്ട്. ഈയിടെ മാര്‍പാപ്പ നല്‍കിയ കത്തിലും ഈ വിവേചനാധികാരത്തെ പറ്റി പറയുന്നുണ്ട്. ഓരോ ഇടങ്ങളിലേയും ഘടനാപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ചു സിനഡ് ഒന്നു ചേര്‍ന്ന് എടുക്കുന്ന ചില തീരുമാനങ്ങള്‍ പൊരുത്തപ്പെടാതെ പോകുമ്പോള്‍, അവിടങ്ങളില്‍ ഉയര്‍ന്നു വരുന്ന ചില അപസ്വരങ്ങള്‍ സഭാ വിരുദ്ധതയായി വ്യാഖ്യാനിക്കപ്പെടുന്നതിനു പകരം അതാതിടങ്ങളിലെ മെത്രാന്മാര്‍ക്ക് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്കുന്ന തുറന്ന മനസ്ഥിതി സഭയുടെ വളര്‍ച്ചയ്‌ക്കേ ഉപകരിക്കൂ. അതിനെയാണ് മാര്‍പാപ്പ വിവേചനാധികാരമെന്നോ വിവേചനബുദ്ധിയെന്നോ പറയുന്നത്. എത്ര മനോഹരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിന്താ രീതിയും താഴെ തട്ടിലുള്ളവരുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള മനോഭാവവും!

കത്തോലിക്കാസഭയില്‍, ഒരു മെത്രാന്‍ വിശുദ്ധ കല്പനകളുടെ സമ്പൂര്‍ണ്ണത വഹിക്കുകയും ഉപദേശിക്കുകയും പഠിപ്പിക്കുകയും, തന്റെ അധികാരപരിധിയില്‍ ഭരിക്കുകയും, ലോകത്തെ വിശുദ്ധീകരിക്കുകയും സഭയെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ദൈവീക നിയമത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു നിയുക്ത വ്യക്തിയാണ്. കത്തോലിക്കാ സഭയില്‍ മെത്രാന്‍ പദവിയുടെ ഉത്ഭവം അപ്പസ്‌തോലന്മാരിലാണ് നാം കണ്ടെത്തുന്നത്. പരിശുദ്ധാത്മാവിലൂടെ ലഭിച്ച ഈ വരം ഇന്നും കൈവയ്പു ശു ശ്രൂഷയിലൂടെ തുടര്‍ന്നു പോരുന്നു. ഓരോ അപ്പസ്‌തോലനും അവരുടെ സഭയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചു കാര്യങ്ങള്‍ ക്രമപ്പെടുത്തിയിരുന്നു എന്ന് സഭാ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ തെക്കേ ഇന്ത്യയിലെ സഭാ സംവിധാനങ്ങള്‍ വടക്കേ ഇന്ത്യയിലേക്കും, ഇന്ത്യയിലെ കാര്യങ്ങള്‍ ലോകമെമ്പാടും കയറ്റി അയക്കുവാന്‍ ശ്രമിച്ചാല്‍ അതുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. മാറിയ സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം കയറ്റുമതി സമീപനം പ്രവാസികള്‍ക്കു പ്രത്യേകിച്ചും ഗുണകരമാവില്ല എന്ന തിരിച്ചറിവ് പ്രധാനപ്പെട്ടതാണ്.

മുകളില്‍ പരാമര്‍ശിച്ച സിനഡിന്റെ സ്വാഭാവവും ഉത്ഭവവും മെത്രാന്‍ പദവിയുടെ ഉത്ഭവ രീതിയില്‍ നിന്നും വ്യത്യസ്തമാണ്. അതായതു മെത്രാന്‍ പദവിക്ക് ദൈവിക സ്ഥാപന സ്വഭാവമുള്ളപ്പോള്‍ സിനഡ് സഭാപരമായ നിയമ സംവിധാനങ്ങളുടെ ഒരു കൂട്ടായ രൂപം മാത്രം ആണ് എന്ന് രത്‌നചുരുക്കം.

ഇവിടെ ഏതെങ്കിലും ഒരു സംവിധാനത്തെ ഇകഴ്ത്തി കാണിക്കുകയോ മറ്റൊന്നിനെ ഉയര്‍ത്തിപിടിക്കുകയോ ചെയ്യുന്നില്ല. അതിനപ്പുറം സഭാ സംവിധാനത്തിലെ ചില അപസ്വരങ്ങളെ ഒഴിവാക്കാന്‍ സാധ്യമായ പോംവഴികള്‍ കണ്ടെത്താനുള്ള ഒരു പരിശ്രമം നടത്തി എന്ന് മാത്രം. ചില മുറിപ്പെടുത്തലുകള്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ വലുതായിരിക്കും. അവയ്ക്കു നല്‍കേണ്ട വില അതിലേറെയും. തീരുമാനം നമ്മുടേതാണ്!!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org