സിനഡാത്മകതയും കൂട്ടുത്തരവാദിത്വവും പ്രയോഗിക്കുക, പഠിക്കുക

നതാലീ ബൊക്കാര്‍ട് (ആഗോള മെത്രാന്‍ സിനഡിന്റെ അണ്ടര്‍ സെക്രട്ടറി)
സിനഡാത്മകതയും കൂട്ടുത്തരവാദിത്വവും 
പ്രയോഗിക്കുക, പഠിക്കുക

പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കുകയും വിവേചിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിയില്‍, ദൈവഹിതമനുസരിച്ചു ഇന്നു സഭ ആയിരിക്കുന്നതിനുള്ള മാര്‍ഗമാണ് സിനഡാത്മകത.

-ഫ്രാന്‍സിസ് മാര്‍പാപ്പ

2021 ഒക്‌ടോബര്‍ മുതല്‍ ''ദൈവത്തിന്റെ സഭ സിനഡില്‍ സന്നിഹിതമായിരിക്കുകയാണ്.'' ''ഒരു സിനഡല്‍ സഭയ്ക്കായി: കൂട്ടായ്മ, പങ്കാളിത്തം, മിഷന്‍'' എന്ന പ്രമേയവുമായി നടക്കുന്ന സിനഡ് 2021-24 ന്റെ ഭൂഖണ്ഡ ഘട്ടം നടന്നുകൊണ്ടിരിക്കുകയാണല്ലോ ഇപ്പോള്‍. സഭയുടെ എല്ലാ തലങ്ങളിലും സിനഡാത്മകത പഠിക്കാനും നടപ്പാക്കാനുമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ''പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കുകയും വിവേചിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിയില്‍, ദൈവഹിതമനുസരിച്ചു ഇന്നു സഭ ആയിരിക്കുന്നതിനുള്ള മാര്‍ഗമാണ് സിനഡാത്മകത'' എന്നു ഫ്രഞ്ച് മെത്രാന്മാരുടെ ആദ്‌ലിമീന സന്ദര്‍ശനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. വ്യത്യസ്തമായ രണ്ടു സമയചക്രവാളങ്ങള്‍ നാമിവിടെ വിഭാവനം ചെയ്യേണ്ടതായിട്ടുണ്ട്. ആദ്യത്തേത്, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളത്. വ്യക്തിപരമായ പരിവര്‍ത്തനത്തിനും സഭയുടെ പരിഷ്‌കരണത്തിനുമുള്ള ശാശ്വതമായ ആഹ്വാനത്തിന്റെ രൂപമെടുക്കുകയാണ് ഇതില്‍ സിനഡാത്മകത. രണ്ടാമത്തേത്, നാമിപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭൂഖണ്ഡഘട്ടത്തിലെ സംഭവങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ഇത് തീര്‍ച്ചയായും ആദ്യത്തേതിനെ സഹായിക്കുന്നതുമാണ്.

ഭൂഖണ്ഡഘട്ടത്തെക്കുറിച്ചുള്ള കര്‍മ്മരേഖയില്‍ പറയുന്നതു കേള്‍ക്കു: ''ഘടനകളെയും നടപടിക്രമങ്ങളെയും നവീകരിച്ചുകൊണ്ട്, സ്വന്തം പ്രവര്‍ത്തനങ്ങളും ദൗത്യവും നിറവേറ്റുന്ന രീതികളിലേക്ക് സിനഡാത്മകത എങ്ങനെ വിളക്കിച്ചേര്‍ക്കാനാകുമെന്ന് പരിശോധിക്കാന്‍ പൂര്‍ണ്ണ പങ്കാളിത്ത സമിതികളെന്ന നിലയില്‍ എല്ലാ സഭാസ്ഥാപനങ്ങളും വിളിക്കപ്പെട്ടിരിക്കുന്നു. യൂണിവേഴ്‌സിറ്റികളും അക്കാദമിക സ്ഥാപനങ്ങളുമാണ് സവിശേഷശ്രദ്ധയര്‍ഹിക്കുന്നത്. സിനഡാത്മകതയുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷണപദ്ധതികളാവിഷ്‌കരിക്കാന്‍ അവയ്ക്കു സാധിക്കും. സിനഡല്‍ അനുഭവങ്ങളും നടപടികളും കൊണ്ടുവരുന്ന വിദ്യാഭ്യാസപരവും സഭാവിജ്ഞാനീയപരവും ക്രിസ്തുവിജ്ഞാനീയപരവും പരിശുദ്ധാത്മവിജ്ഞാനീയപരവുമായ ഉള്‍ക്കാഴ്ചകളുടെ രൂപകല്‍പനയെ നവീകരിക്കാനുതകുന്ന തരത്തില്‍, സിനഡാത്മകത സംബന്ധിച്ച പ്രശ്‌നങ്ങളെ ആഴപ്പെടുത്താന്‍ ദൈവശാസ്ത്ര വിഭാഗങ്ങള്‍ക്കു വിശേഷിച്ചും സാധിക്കും.''

ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു, ''സിനഡാത്മകത ഒരു ചലനാത്മകമാനമാണ്. ത്രിതൈ്വക കൂട്ടായ്മയാല്‍ സ്ഥാപിതമായ സഭാത്മക കൂട്ടായ്മയുടെ ചരിത്രപരമായ മാനം. ദൈവത്തിന്റെ വിശുദ്ധ ജനത്തിന്റെയാകെ വിശ്വാസാവബോധത്തെയും മെത്രാന്മാരുടെയാകെ അപ്പസ്‌തോലിക സംഘാത്മകതയെയും പത്രോസിന്റെ പിന്‍ഗാമിയോടുള്ള ഐക്യത്തെയും ഇത് ഒരേ സമയം വിലമതിക്കുന്നുണ്ട്. സഭയുടെ എല്ലാ തലങ്ങളിലുമുള്ള പരിഷ്‌കാരത്തെയും പരിവര്‍ത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം നേതൃത്വം.''

ത്രിത്വത്തിന്റെ രഹസ്യത്തില്‍ വേരൂന്നിയിരിക്കുന്ന സഭയുടെ രൂപത്തെ ഈ കാലത്തില്‍ അവതീര്‍ണമാക്കുക എന്നതാണ് നമ്മുടെ പ്രാഥമിക രീതിശാസ്ത്രമായ സിനഡാത്മകതയുടെ ലക്ഷ്യം. 'ജനതകളുടെ പ്രകാശത്തില്‍' നിന്നുദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍ പറയുന്നു, ''ലോകത്തിലെ ദൈവജനത്തിനു പരിശുദ്ധാത്മാവു നല്‍കുന്ന രൂപമാണ് സിനഡാത്മകത.'' 2018-ലെ ''സിനഡാത്മകത സഭയുടെ ജീവിതത്തിലും ദൗത്യത്തിലും'' എന്ന രേഖയില്‍ ദൈവശാസ്ത്ര കമ്മീഷന്‍ ഈ വിചന്തനം തുടരുന്നു:

''സിനഡാത്മകത സഭയുടെ തീര്‍ത്ഥാടകസ്വഭാവമാണ് ആവിഷ്‌കരിക്കുന്നത്. ജനതകള്‍ക്കിടയില്‍ നിന്നു വിളിച്ചുകൂട്ടപ്പെട്ട ദൈവജനത്തിന്റെ ചിത്രം അതിന്റെ സാമൂഹ്യ, ചരിത്ര, മിഷണറി സ്വഭാവം പ്രകാശിപ്പിക്കുന്നു. മാനവതീര്‍ത്ഥാടകന്‍ എന്ന നിലയ്ക്കുള്ള ഓരോ മനുഷ്യവ്യക്തിയുടെയും അവസ്ഥയ്ക്കും ദൗത്യത്തിനും അനുസൃതമാണിത്. പിതാവിലേക്കു നയിക്കുന്ന മാര്‍ഗമാണു ക്രിസ്തു എന്ന രഹസ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ സുവ്യക്തമാക്കുന്നതുമാണ് പാതയെന്ന ഈ ബിംബം. ദൈവത്തില്‍ നിന്നു മനുഷ്യനിലേക്കും മനുഷ്യനില്‍ നിന്നു ദൈവത്തിലേക്കുമുള്ള പാതയാണു ക്രിസ്തു. നമുക്കിടയില്‍ തന്റെ കൂടാരമടിച്ചുകൊണ്ട് അവന്‍ സ്വയം ഒരു തീര്‍ത്ഥാടകനായി മാറിയ കൃപാപൂര്‍ണ്ണമായ സംഭവം സഭയുടെ സിനഡല്‍ പാതയ്ക്ക് അനുസൃതമാണ്.''

ഒരു ജീവിതശൈലി എന്ന നിലയില്‍ സഭയുടെ ദൗത്യത്തെയും ജീവിതത്തെയുമാകെ രൂപപ്പെടുത്തേണ്ടത് സിനഡാത്മകതയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ സ്വീകരിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍, ഇന്നത്തെ ലോകത്തില്‍ സഭ ആയിരിക്കേണ്ട മാര്‍ഗമിതാണെന്ന് നാം വിവേചിച്ചറിഞ്ഞിട്ടുള്ളതുകൊണ്ടാണിത്. വാസ്തവത്തില്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഒരു ഫലമെന്ന നിലയില്‍ സിനഡാത്മകതയെ വീണ്ടെടുക്കുകയാണു നാം. ആദിമസഭയുടെ ഒരു സുപ്രധാനവശം. ഓര്‍മ്മണ്ട് റഷ് അതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു, ''രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സംഗ്രഹമെന്നത് സിനഡാത്മകതയാണ്.'' സംക്ഷിപ്തമായ ഈ വിശദീകരണം അദ്ദേഹം നല്‍കുകയും ചെയ്യുന്നു, ''ഫ്രാന്‍സിസ് വന്നതോടെ സിനഡാത്മകത എന്നത് കുറച്ചു മെത്രാന്മാര്‍ കുറച്ചു സമയം എന്നതല്ല, മറിച്ച് സഭ മുഴുവനും മുഴുവന്‍ സമയവും'' എന്നായിട്ടുണ്ട്. റോം രൂപതയെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍ പാപ്പ സിനഡാത്മകതയെക്കുറിച്ചുള്ള ഈ ആശയം വളരെ മൂര്‍ത്തമായ വിധത്തില്‍ ഇപ്രകാരം അവതരിപ്പിച്ചു, ''സിനഡാത്മകത സഭയുടെ രൂപത്തെയും സ്വഭാവത്തെയും ശൈലിയെയും ദൗത്യത്തെയും പ്രകടിപ്പിക്കുന്നു. നാം ഒരുമിച്ചാണ് ഒരു സഭയായിരിക്കുന്നത്. ഈ വീക്ഷണമനുസരിച്ച് എല്ലാവരും നായകരാണ്. ആരേയും കേവലം അധികപ്പറ്റുകളായി കരുതാനാവില്ല.'' നായകരായി ഒന്നിച്ചു നടക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സിനഡല്‍ സഭയെ രൂപപ്പെടുത്തുന്നത്. ''സഭയ്ക്കു മുഴുവനായി ഒരു കര്‍തൃത്വമുണ്ട്, സഭയിലെ ഓരോരുത്തര്‍ക്കും ഓരോ കര്‍തൃത്വമുണ്ട് എന്നതാണ് സിനഡാത്മകതയുടെ അര്‍ത്ഥം.'' അതുകൊണ്ട് ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരും സഭയുടെ ദൗത്യത്തില്‍ കൂട്ടുത്തരവാദിത്വമുള്ളവരാണ്.

ദൈവജനത്തിലെ അംഗങ്ങളെല്ലാവരും ജ്ഞാനസ്‌നാനത്തില്‍ ഐക്യപ്പെട്ടിരിക്കുന്നു. 'ക്രിസ്തുവിന്റെ ഹിതത്താല്‍ ചിലര്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഗുരുക്കന്മാരും അജപാലകരും രഹസ്യങ്ങളുടെ പരികര്‍മ്മികളും ആയിട്ടുണ്ടെങ്കിലും' എല്ലാ വിശ്വാസികള്‍ക്കും പൊതുവായിട്ടുള്ള അന്തസ്സിനെയും കര്‍മ്മങ്ങളെ യും സംബന്ധിച്ചുള്ള ശരിയായ തുല്യത അവരെല്ലാം പങ്കുവയ്ക്കുന്നു.

ജനതകളുടെ പ്രകാശം

സിനഡ് 2021-2024നോടൊത്തുള്ള സിനഡല്‍ മാര്‍ഗത്തില്‍ നാം ഒന്നായി പഠിച്ചത് കൂട്ടുത്തരവാദിത്വത്തിന്റെ ഈ ആശയമാണ്. സിനഡാത്മകതയും കൂട്ടുത്തരവാദിത്വവും പ്രയോഗിച്ചു മാത്രമേ പഠിക്കാനാകൂ. നാം അതു ചെയ്തു പഠിക്കുകയാണ്.

സിനഡാത്മകതയെക്കുറിച്ചുള്ള സഭാവിജ്ഞാനീയത്തിന്റെ ചില നിര്‍ണ്ണായക ഘടകങ്ങള്‍ നമുക്കൊന്നു പരിശോധിക്കാം. കൂട്ടുത്തരവാദിത്വത്തിനായുള്ള ദൈവവിളി ജീവിക്കുന്നതിന്റെ അടിസ്ഥാനഘടകമാണിത്.

ഒന്നിച്ചു യാത്ര ചെയ്യുന്ന മിഷണറി തീര്‍ത്ഥാടകരെന്ന നിലയില്‍ സഭയെ കാണുകയും സഭയായി ജീവിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗത്തിലൂടെ ചരിക്കുന്ന ദൈവജനമായി സഭയെ മനസ്സിലാക്കുക എന്നതാണ് ആദ്യത്തെ കാര്യം. സഭയെ ദൈവജനമായി കാണുന്നതിലേക്ക് ഉള്‍ക്കാഴ്ച പകര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം വിശദീകരിക്കുന്നു, '''ബഹുരൂപങ്ങളുടെ ഐക്യത്തില്‍' ജീവിക്കുന്ന ഒരു സമഗ്രത എന്ന നിലയില്‍ സഭയെ മനസ്സിലാക്കുന്നതിലേക്കാണ് ദൈവജനം എന്ന ആശയം നമ്മെ നയിക്കുന്നത്.'' ഇതു കൈവരിക്കുന്നതിനു നാമോരോരുത്തരും അവരവരില്‍ നിന്നു വിട്ടുമാറാനും ദൈവജനത്തിലെ അംഗങ്ങളെന്ന നിലയില്‍ സ്വയം മനസ്സിലാക്കാനും വിശാലമായ ഒരു വീക്ഷണം സ്വന്തമാക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. തമ്മില്‍ത്തമ്മിലും നാം പങ്കാളികളാകുന്ന വിശാലമായ കൂട്ടായ്മയോടും ഉത്തരവാദിത്വമുള്ളവരാകണം നാം. ഈ രീതിയില്‍ നാം ഒരു സഭ ആയിരിക്കുന്നതിന്റെ ഏറ്റവും വലിയ ഫലങ്ങളിലൊന്ന് അത് എല്ലാവരുടെയും പങ്കാളിത്തത്തിനും കൂട്ടുത്തരവാദിത്വത്തിനും തുല്യമായി ഊന്നലേകുന്നു എന്നതാണ്. സിനഡല്‍ സഭയെക്കുറിച്ചുള്ള വീക്ഷണവും കൂട്ടുത്തരവാദിത്വവും തമ്മിലുള്ള ഗാഢമായ ബന്ധങ്ങള്‍ തിരിച്ചറിയുന്നതിനു നമ്മെ സഹായിക്കാന്‍, ദൈവജനമെന്ന സങ്കല്‍പത്തില്‍ എടുത്തുകാണിച്ചിരിക്കുന്ന കൂട്ടായ്മയെക്കുറിച്ചുള്ള അവബോധത്തിനു സാധിക്കും.

സിനഡാത്മകത നമ്മെ ദൈവജനമായി പടുത്തുയര്‍ത്തുന്ന പ്രക്രിയകള്‍ ഉണ്ടാക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. ദ്രുതഫലങ്ങളേക്കാള്‍ നമ്മുടെ പ്രക്രിയകളുടെ വിജയം അളക്കാന്‍ നാമുപയോഗിക്കേണ്ട മാനദണ്ഡം കൂട്ടായ്മ പടുത്തുയര്‍ത്തുന്നതിനെക്കുറിച്ചുള്ള ഈ അവബോധമാണ്.

സിനഡാത്മകതയുടെ സഭാവിജ്ഞാനീയത്തിന്റെ രണ്ടാമത്തെ നിര്‍ണ്ണായക ഘടകം ജ്ഞാനസ്‌നാനത്തിന്റെ ദൈവശാസ്ത്രമാണ്. ദൈവജനത്തിനാകെ പൊതുവായുള്ള ഒരു കാര്യമാണ് ജ്ഞാനസ്‌നാനം. പുരോഹിതരും സന്യസ്തരും അത്മായരുമെല്ലാം ഈ ശാക്തീകരണ കൂദാശ പങ്കുവയ്ക്കുന്നവരാണ്. 'ജനതകളുടെ പ്രകാശം' ഈ വസ്തുത ഊന്നിപ്പറയുന്നുണ്ട്, ''ദൈവജനത്തിലെ അംഗങ്ങളെല്ലാവരും ജ്ഞാനസ്‌നാനത്തില്‍ ഐക്യപ്പെട്ടിരിക്കുന്നു. 'ക്രിസ്തുവിന്റെ ഹിതത്താല്‍ ചിലര്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഗുരുക്കന്മാരും അജപാലകരും രഹസ്യങ്ങളുടെ പരികര്‍മ്മികളും ആയിട്ടുണ്ടെങ്കിലും' എല്ലാ വിശ്വാസികള്‍ക്കും പൊതുവായിട്ടുള്ള അന്തസ്സിനെയും കര്‍മ്മങ്ങളെയും സംബന്ധിച്ചുള്ള ശരിയായ തുല്യത അവരെല്ലാം പങ്കുവയ്ക്കുന്നു. ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുന്നതിനാവശ്യമാണിത്.'' നമ്മുടെ പൊതുജ്ഞാനസ്‌നാനത്തെക്കുറിച്ചുള്ള വിചന്തനം തുടര്‍ന്നുകൊണ്ട്, സിനഡിന്റെ ഒരുക്കരേഖ പറയുന്നു, ''അതിനാല്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരും ക്രിസ്തുവിന്റെ പൗരോഹിത്യപരവും പ്രവാചകപരവും രാജകീയവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു. അവരവരുടെ വൈവിധ്യപൂര്‍ണവും സമ്പന്നവുമായ സിദ്ധികളെയും വിളികളെയും ശുശ്രൂഷകളെയും നിറവേറ്റിക്കൊണ്ടാണിത് ചെയ്യുന്നത്. വ്യക്തിഗതമായും ദൈവജനമെന്ന നിലയിലും അവരെല്ലാം സുവിശേഷ വത്കരണത്തിന്റെ കര്‍ത്താക്കളാണ്.'' നാമോരോരുത്തരും സ്വീകരിച്ചിട്ടുള്ള ദാനങ്ങള്‍ക്കും വിളികള്‍ക്കും അനുസൃതമായി തനതായ വിധത്തില്‍ സുവിശേഷത്തിന്റെ കര്‍ത്താക്കളായി പ്രവര്‍ത്തിക്കാനായി നമ്മെ ശക്തിപ്പെടുത്തുകയും ഐക്യപ്പെടുത്തുകയും ചെയ്യുന്നത് നാം പങ്കുവയ്ക്കുന്ന ജ്ഞാനസ്‌നാനമാണ്. ഈ നിര്‍വഹണം തുടരുമ്പോള്‍ 'ജനതകളുടെ പ്രകാശത്തില്‍' നിന്നു തന്നെ പ്രചോദനവും വ്യക്തതയും കണ്ടെത്തുക എന്നതു പ്രധാനമാണ്: ''ദൈവജനത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളതെല്ലാം അത്മായരെയും സന്യസ്തരെയും പുരോഹിതരെയും തുല്യമായി അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്.'' ''ഓരോ അംഗവും ഇതര അംഗങ്ങളുടെ സേവനത്തിനുവേണ്ടിയുള്ളവരാണ്. അജപാലകരും വിശ്വാസികളും പരസ്പരമുള്ള ആവശ്യത്താല്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.'' ഘടനാപരമായ ബന്ധനങ്ങളും ജൈവിക ബന്ധങ്ങളും ചേര്‍ന്നുണ്ടായ ഒരു സംഘടിത ജൈവിക ശൃംഘലയുടെ ഭാഗമാണു നാം. ജ്ഞാനസ്‌നാനം സ്വീകരിച്ച കത്തോലിക്കരെന്ന നിലയില്‍ സഭാത്മകമായ ''നമ്മള്‍'' എന്ന അവബോധവും വീക്ഷണവും വീണ്ടെടുക്കുന്നതു തുടരുക എന്നതാണു നമ്മുടെ ദൗത്യം. നാമെല്ലാം സുവിശേഷദൗത്യത്തിന്റെ സേവകരായിരിക്കെ, ആ ദൗത്യത്തിനായി പരസ്പരം ഇടപെട്ടുകൊണ്ട് ഈ ധാരണയെ നാം ആഴപ്പെടുത്തുകയും വേണം. ഒരു സിനഡല്‍ സഭയുടെ എല്ലാ തലങ്ങളിലുമുള്ള കൂട്ടുത്തരവാദിത്വത്തിന് അടിസ്ഥാനമായിരിക്കുന്നത് ജ്ഞാനസ്‌നാനത്തെക്കുറിച്ചുള്ള ഈ ധാരണയാണ്. ജ്ഞാനസ്‌നാനത്തെക്കുറിച്ചുള്ള ഈ ധാരണയിലാണ് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനും സിനഡാത്മകതയുടെ അടിസ്ഥാനമുറപ്പിച്ചിരിക്കുന്നത്. ''ജ്ഞാനസ്‌നാനത്തിന്റെയും സ്ഥൈര്യലേപനത്തിന്റെയും കൃപയിലൂടെ എല്ലാവരും ക്രിസ്തുവില്‍ പങ്കാളികളാകാന്‍ ശാക്തീകരിക്കപ്പെട്ടിരിക്കുന്നുവെങ്കില്‍, ഇവിടെ സഭയ്ക്ക് യാതൊരു അധികാരഘടനയെക്കുറിച്ചും അറിയില്ല. കാരണം, എല്ലാവരും കൃപയുടെ ഒരേ പൂര്‍ണ്ണതയാണ് സ്വീകരിച്ചിരിക്കുന്നത്, ദൈവത്തെയും അയല്‍ക്കാരനെയും സ്‌നേഹിക്കുന്നതിനുള്ള ഒരേ വിളിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്.''

സിനഡാത്മകതയുടെ ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനമാകുന്ന മൂന്നാമത്തെ ഘടകം വിശ്വാസാവബോധത്തിന്റെ അഥവാ വിശ്വാസികളുടെ അവബോധത്തിന്റെ ആധികാരികതയാണ്. 'സുവിശേഷത്തിന്റെ സന്തോഷത്തില്‍' ഫ്രാന്‍സിസ് മാര്‍പാപ്പ 'ജനതകളുടെ പ്രകാശത്തില്‍' വിശ്വാസാവബോധത്തെക്കുറിച്ചു പറയുന്നത് ഉദ്ധരിക്കുന്നുണ്ട്. ''ദൈവജനത്തിന്റെയാകെ വിശ്വാസാവബോധം തെറ്റുപറ്റാത്തതാണ്.'' ദൈവജനത്തിനൊന്നാകെയും ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടിട്ടുള്ള ഈ ആധികാരികത വീണ്ടെടുക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് സിനഡാത്മകത. വിശ്വാസാവബോധത്തിന്റെ പ്രയോഗവും ഗാഢമായ ധാരണയും വികസിപ്പിക്കുന്നതിനുള്ള അവസരമാണ് സിനഡ്. വിശ്വാസാവബോധത്തിന്റെ ഈ ആധികാരികതയിന്മേലുള്ള ഒരു പ്രവര്‍ത്തനമായിട്ടാണ് സിനഡല്‍ ചര്‍ച്ചകള്‍ ഉദ്ദേശിച്ചിട്ടുള്ളത്.

ഏതു സിനഡല്‍ പ്രക്രിയയുടെയും ഹൃദയത്തിലുള്ള പരിശുദ്ധാത്മ പ്രവര്‍ത്തനമാണ് നാലാമത്തെ ഘടകം. എല്ലാ സൂനഹദോസുകളുടെയും പ്രാര്‍ത്ഥനയായ പരിശുദ്ധാത്മാവിനെ വിളിച്ചുകൊണ്ടുള്ള പരമ്പരാഗത പ്രാര്‍ത്ഥന ഇതു വ്യക്തമാക്കുന്നുണ്ട്. ഈ സിനഡിന്റെയും പ്രാര്‍ത്ഥന അതു തന്നെയാണ്. പ്രാര്‍ത്ഥന ആരംഭിക്കുന്നതിങ്ങനെയാണ്: ''ഞങ്ങള്‍ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്നു, പരിശുദ്ധാത്മാവേ, നിന്റെ നാമത്തില്‍ ഞങ്ങളൊന്നിച്ചു കൂടുമ്പോള്‍ അങ്ങു മാത്രമേ ഞങ്ങളെ നയിക്കാനുള്ളൂ, അങ്ങു ഞങ്ങളുടെ ഹൃദയങ്ങളില്‍ വന്നു വസിക്കേണമേ.'' നമ്മുടെ മധ്യത്തില്‍ പരിശുദ്ധാത്മാവിനുള്ള സജീവമായ പങ്കിന് മുന്‍ഗണന നല്‍കുന്നതാണ് സിനഡാത്മക സമീപനം. പരിശുദ്ധാത്മാവിന്റെ കര്‍തൃത്വത്തിന് ഊന്നലേകാതെ സിനഡാത്മകത ഇല്ല.

പരിശുദ്ധാത്മാവാണ് നമ്മുടെ സംവാദങ്ങളെയും കര്‍മ്മങ്ങളെയും നയിക്കുന്നതെന്ന മുഖ്യവിശ്വാസത്തെ പ്രകടിപ്പിക്കുന്നതും സഭയുടെ എല്ലാ തലങ്ങളിലും ഉപയോഗിക്കാനാകുന്നതുമായ പ്രായോഗിക രീതികളാണ് കൂടുതല്‍ കൂടുതലായി ആവശ്യമായിരിക്കുന്നത്. ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മക്കുള്ളിലും ദൈവജനത്തിന്റെ മിഷണറി പ്രയാണത്തിലും ഉള്ള പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെ സിനഡാത്മകത തിരിച്ചറിയുന്നു. സിനഡാത്മകതയുടെ സഭാവിജ്ഞാനീയം പരിശുദ്ധാത്മവിജ്ഞാനീയത്തേയും ഉള്‍ ചേര്‍ക്കേണ്ടതുണ്ട്.

തത്ഫലമായി, സിനഡാത്മകതയുടെ സഭാവിജ്ഞാനീയം സിദ്ധികളുടെ വൈവിധ്യത്തെയും എടുത്തു കാണിക്കുന്നു. വിവേചിക്കുകയും വിലമതിക്കുകയും ചെയ്യേണ്ട വൈവിദ്ധ്യമാര്‍ന്ന സിദ്ധികള്‍ ജ്ഞാനസ്‌നാനപ്പെടുന്ന എല്ലാവരും സ്വീകരിക്കുന്നുണ്ടെന്നതാണ് ഇവിടെ മനസ്സിലാക്കേണ്ടത്. ജ്ഞാനസ്‌നാനപ്പെടുന്ന എല്ലാവര്‍ക്കും പരിശുദ്ധാത്മാവ് നല്‍കുന്ന ദാനങ്ങളാണ് സിദ്ധികള്‍. ഇത് എപ്പോഴും പൊതുനന്മയ്ക്കുവേണ്ടിയുള്ളതാണ്. പൊതുനന്മയ്ക്കുവേണ്ടിയുള്ള തനതായ ഒരു സിദ്ധി പരിശുദ്ധാത്മാവില്‍ നിന്ന് എല്ലാവരും സ്വീകരിച്ചിട്ടുണ്ട്. യുവജനപ്രേഷിതത്വത്തെക്കുറിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കുവയ്ക്കുന്ന ഈ ധാരണ, എല്ലാ അജപാലനമേഖലകള്‍ക്കും ബാധകമാക്കാവുന്നതാണ്: ''യുവജനപ്രേഷിതത്വം സിനഡാത്മകമാകേണ്ടതുണ്ട്. കൂട്ടുത്തരവാദിത്വത്തിന്റെ പ്രക്രിയയിലൂടെ, സഭയിലെ അംഗങ്ങളില്‍ ഓരോരുത്തര്‍ക്കുമുള്ള ദൈവവിളിയും ദൗത്യവും അനുസരിച്ച് പരിശുദ്ധാത്മാവ് നല്‍കുന്ന സിദ്ധികള്‍ വിലമതിക്കുന്ന 'സംഘാതയാത്ര' അതിലുണ്ടാകണം. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി ഒരു പങ്കാളിത്ത-സഹകരണാത്മക സഭയിലേക്ക് നമുക്കു നീങ്ങാനാകും, സമ്പന്നമായ സ്വന്തം വൈവിധ്യത്തെ വിലമതിക്കാനും യുവജനങ്ങളും സ്ത്രീകളുമുള്‍പ്പെടെ അല്മായരും സമര്‍പ്പിതരും സംഘടനകളും പ്രസ്ഥാനങ്ങളുമെല്ലാം നല്‍കുന്ന സംഭാവനകളെ കൃതജ്ഞതാപൂര്‍വം സ്വീകരിക്കാനും കഴിയുന്ന ഒരു സഭയായിരിക്കുമത്. ആരേയും പുറത്താക്കുകയോ ആരും സ്വയം പുറത്താകുകയോ ചെയ്യരുത്.'' സിനഡാത്മകതയും സഹകരണാത്മകതയും ജീവിക്കാനുള്ള സകലതും ഈ വാക്യങ്ങളിലുണ്ട്. നമ്മുടെ എല്ലാ ശുശ്രൂഷകളിലും ഈ സിനഡാത്മക ധാരണ നടപ്പാക്കുക എന്നതാണു നമ്മുടെ വലിയ വെല്ലുവിളികളിലൊന്ന്.

മനുഷ്യബന്ധങ്ങളുമായി ബന്ധപ്പെട്ട നരവംശശാസ്ത്രത്തിലധിഷ്ഠിതമായ, പരസ്പരബന്ധങ്ങളിലായിരിക്കുന്ന ഒരു സഭയാണ് സിനഡല്‍ സഭ എന്നതാണ് ആറാമത്തെ ഘടകം. കണ്ടുമുട്ടലുകളിലൂടെ മാത്രമേ വിശ്വാസം കൈ മാറ്റം ചെയ്യപ്പെടുന്നുള്ളൂവെന്ന് യുവജനങ്ങളുടെ സിനഡില്‍ നാം പഠിച്ചു: ''ബന്ധങ്ങളിലാണത്. ക്രിസ്തുവുമായി, മറ്റുള്ളവരുമായി, സമൂഹത്തില്‍. അങ്ങനെയാണ് വിശ്വാസം കൈമാറുന്നത്. ദൗത്യനിര്‍വഹണത്തിനുവേണ്ടിയും സഭ ബന്ധങ്ങളുടേതായ ഒരു രീതി സ്വീകരിക്കണം. കേള്‍വിക്കും സ്വാഗതത്തിനും സംഭാഷണത്തിനും പൊതുവായ വിവേചനകള്‍ക്കും ഊന്നലേകുന്ന ഒരു രീതി. പങ്കെടുക്കുന്നവരുടെയെല്ലാം ജീവിതങ്ങളെ അതു പരിവര്‍ത്തിപ്പിക്കണം. മനുഷ്യബന്ധങ്ങളുടെ ഗുണമേന്മയും ആധികാരികതയുമാണ് ഘടനാപരമായ സംവിധാനങ്ങളേക്കാള്‍ സുവിശേഷവത്കരണം നടത്തുക. ക്രിസ്തുവില്‍ സഹോദരങ്ങളെന്ന വിധത്തിലും, സൗഹൃദത്തിലും സാഹോദര്യത്തിലും നമ്മോടൊത്തു വസിച്ച് നമ്മെ വഴികാട്ടുന്ന പരിശുദ്ധാത്മാവിലുള്ള വിശ്വാസത്തിലും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതും ജീവിക്കുന്നതുമാണ് സിനഡാത്മകത. സഭയായിരിക്കുന്ന ''നമ്മളെ'' സിനഡാത്മകത ഉണര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ''കൂടാരത്തിലെ ഇടം വലുതാക്കാന്‍'' സദാ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍. കാരണം, ''മാനവകുടുംബത്തിനു മുഴുവനുമൊപ്പം സഹയാത്ര ചെയ്യുന്ന ദൈവജനത്തെയാകെ'' ഉള്‍ക്കൊള്ളാന്‍ സിനഡാത്മകത ഇടയാക്കുന്നു. ലോകവുമായും ഇതരമനുഷ്യരുമായും സംഭാഷണം നടത്താന്‍ സിനഡാത്മകത നമ്മോടാവശ്യപ്പെടുന്നു. സിനഡാത്മകത എന്നാല്‍ എപ്പോഴും സ്വന്തം ഉള്ളിലേക്കു നോക്കുന്നതല്ല. പുറത്തേക്കിറങ്ങാനും എല്ലാ മനുഷ്യരിലേക്കും എത്തിച്ചേരാനും നമ്മെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നതാണത്. മാനവകുടുംബത്തിന്റെ സമ്പൂര്‍ണ്ണതയോടൊപ്പം യാത്ര ചെയ്യാനുള്ള മാര്‍ഗമാണത്. ''ഒരു പൊതുഭവനത്തില്‍ താമസിക്കുന്ന ഒരൊറ്റ കുടുംബമായി നാം നമ്മെത്തന്നെ കരുതേണ്ടത് കൂടുതല്‍ കൂടുതലായി ആവശ്യമായിരിക്കുന്നു.'' നമ്മുടെ ഗാഢമായ കൂട്ടായ്മയെക്കുറിച്ചുള്ള ശക്തമായ ഒരു വീക്ഷണം പാപ്പ നല്‍കുകയാണിവിടെ: ''നാം അപരന്റെ ഒരു ഭാഗമാണ്. നാം പരസ്പരം സഹോദരീസഹോദരന്മാരാണ്.'' ആന്തരികവും ബാഹ്യവുമായ നമ്മുടെ ബന്ധങ്ങളെ പടുത്തുയര്‍ത്താനും ശക്തിപ്പെടുത്താനുമുള്ള വഴിയാണ് സിനഡാത്മകത നല്‍കുന്നത്.

(ബംഗളുരൂ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ 2023 ജനുവരിയില്‍ സിനഡാത്മക സഭയെക്കുറിച്ചു നടത്തിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണമാണിത്. ഫ്രാന്‍സില്‍ നിന്നുള്ള സന്യസ്തയായ ലേഖിക, 2021 മുതല്‍ ആഗോള മെത്രാന്‍ സിനഡിന്റെ അണ്ടര്‍ സെക്രട്ടറിയും വത്തിക്കാന്‍ മാധ്യമകാര്യാലയത്തിലെ അംഗവുമാണ്. തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും സോഷ്യോളജിയിലും സഭാവിജ്ഞാനീയത്തിലും ഉന്നതബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ഫ്രഞ്ച് കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ യുവജനപ്രേഷിതത്വത്തിന്റെ ഡയറക്ടറായി ആറു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org