കുട്ടികള്‍ക്കെതിരായ ലൈംഗിക ദുരുപയോഗം: സമൂഹത്തിലും സഭയിലും നടത്താവുന്ന പ്രതിരോധമാര്‍ഗങ്ങള്‍

കുട്ടികള്‍ക്കെതിരായ ലൈംഗിക ദുരുപയോഗം: സമൂഹത്തിലും സഭയിലും നടത്താവുന്ന പ്രതിരോധമാര്‍ഗങ്ങള്‍
Published on
  • ഫാ. ഡോ. ജോ പോള്‍ കിരിയാന്തന്‍

    ഡീന്‍ ഓഫ് സ്റ്റഡീസ്, നിവേദിത ചുണങ്ങംവേലി

'ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണ്' (prevention is better than cure) എന്ന സൂക്തം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വളരെ സത്യമാണ്. ഇരകളായ കുട്ടികള്‍, കുടുംബം, സമൂഹം എന്നിവര്‍ അനുഭവിക്കുന്ന ബഹുമുഖ പ്രത്യാഘാതങ്ങളും ദോഷങ്ങളും അതുപോലെ ഇരയ്ക്കും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ സംവിധാനത്തിനും ഇത്തരം പ്രത്യാഘാതങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ ആവശ്യമായ പരിശ്രമങ്ങളും കണക്കിലെടുക്കുമ്പോള്‍, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നടത്തുന്ന മുന്‍കരുതലുകള്‍ അതിപ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഹാന്‍സ് സോള്‍നര്‍ എസ് ജെ (പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ മുന്‍ അംഗവും പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആന്ത്രോപോളജിയുടെ ഇപ്പോഴത്തെ ഡയറക്ടര്‍) ബാലലൈംഗിക ചൂഷണത്തിനെതിരായ പ്രതിരോധ മാര്‍ഗങ്ങളെ (safeguarding measures) മൂന്ന് തലങ്ങളില്‍ വിശദീകരിക്കുന്നുണ്ട്: മുതിര്‍ന്നവര്‍, കുട്ടികള്‍, പൊതുസമൂഹം. പ്രതിരോധമാര്‍ഗങ്ങളുടെ കൂടുതല്‍ ഫലപ്രാപ്തിക്കായി, പ്രാഥമിക ടാര്‍ഗെറ്റ് ഗ്രൂപ്പ് മുതിര്‍ന്നവരായിരിക്കണം. ഇത് മുതിര്‍ന്നവരുടെമേല്‍ കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നു; നേരെമറിച്ച്, കുട്ടികളുടെ ചെറിയ ചുമലുകള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരിക്കും.

രണ്ടാമതായി, അധിക്ഷേപകരമായ പെരുമാറ്റങ്ങള്‍ തിരിച്ചറിയുന്നതിനും അവയില്‍ നിന്ന് രക്ഷപ്പെടുന്നതിനും സമാനമായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും വിശ്വസ്തരായ മുതിര്‍ന്നവരോട് പറയുന്നതിനും എല്ലാ പ്രൊഫഷണല്‍ വിഭവങ്ങളും ഉപയോഗിച്ച് കുട്ടികളെ സജ്ജരാക്കണം. പ്രതിരോധ തന്ത്രത്തിന്റെ മറ്റൊരു തലത്തെ 'ബൈസ്റ്റാന്‍ഡര്‍ എജ്യുക്കേഷന്‍' എന്ന് വിളിക്കാം. ഇത് കുട്ടികള്‍ക്കെതിരായ ദുരുപയോഗം തടയുന്നതിനുള്ള ഉത്തരവാദിത്തം വ്യക്തിഗതവും കുടുംബപരവുമായ തലത്തില്‍ നിന്ന് സാമൂഹികതലത്തിലേക്ക് ഉയര്‍ത്തുന്നു. അവിടെ പൊതുജനങ്ങളെ ആകമാനം ഈ അക്രമത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

  • രാജ്യവും നിയമവും നല്‍കുന്ന പരിരക്ഷ

മുകളില്‍ സൂചിപ്പിച്ച പൊതു സാമൂഹിക ഉത്തരവാദിത്തം ആരംഭിക്കുന്നത് നിയമങ്ങളുടെയും നയങ്ങളുടെയും രൂപീകരണത്തിലൂടെ നിയമ നിര്‍മ്മാണതലത്തില്‍ നിന്നാണ്. 1989-ല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച യു എന്‍ കണ്‍വെന്‍ഷന്‍ (യു എന്‍ സി ആര്‍ സി) ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം എടുത്തുകാണിച്ചു.

പോക്‌സോ നിയമം പൊതുജനങ്ങള്‍ക്കിടയില്‍ കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് വലിയ അവബോധം സൃഷ്ടിച്ചിട്ടുണ്ട്. കുട്ടികളെ ലക്ഷ്യമിടുന്ന സ്‌കൂള്‍ അധിഷ്ഠിത ബാലലൈംഗിക ചൂഷണത്തിനെതിരായ പ്രതിരോധ പരിപാടികള്‍ സമീപ വര്‍ഷങ്ങളില്‍ സാര്‍വത്രികമായി മാറിയിരിക്കുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി സ്വയം സംരക്ഷണ അറിവും കഴിവുകളും നേടാന്‍ കുട്ടികളെ സഹായിക്കുക എന്നതാണ് അവയുടെ ലക്ഷ്യം.

കുട്ടികള്‍ 'മാതാപിതാക്കളുടെയോ നിയമപരമായ രക്ഷാകര്‍ത്താവിന്റെയോ പരിചരണത്തിലുള്ള മറ്റേതെങ്കിലും വ്യക്തിയുടെയോ സംരക്ഷണത്തിലായിരിക്കുമ്പോള്‍, എല്ലാത്തരം ശാരീരികമോ മാനസികമോ ആയ അക്രമങ്ങള്‍, പരിക്കുകള്‍, ദുരുപയോഗം, അവഗണന, അശ്രദ്ധമായ പെരുമാറ്റം, ലൈംഗിക ദുരുപയോഗം ഉള്‍പ്പെടെയുള്ള ദുരുപയോഗങ്ങള്‍, ചൂഷണം എന്നിവയില്‍ നിന്ന് അവരെ സംരക്ഷിക്കണം. അതിന് ഉചിതമായ എല്ലാ നിയമനിര്‍മ്മാണ, ഭരണ, സാമൂഹിക, വിദ്യാഭ്യാസ നടപടികളും രാജ്യം സ്വീകരിക്കണം' (യു എന്‍ ജനറല്‍ അസംബ്ലി, 1989, ആര്‍ട്ട്. 19,1). കുടുംബത്തെയോ സമുദായത്തെയോ സമൂഹത്തെയോ കുട്ടികളുടെ സംരക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നില്ലെങ്കിലും കുട്ടികളുടെ ആത്യന്തിക ഉത്തരവാദിത്തം യു എന്‍ സി ആര്‍ സി ഭരണകൂടത്തിനും സര്‍ക്കാരിനും ഉറപ്പിച്ചു നല്‍കുന്നു. കുട്ടികളുടെ സംരക്ഷണത്തിന് മാതാപിതാക്കള്‍ ഉത്തരവാദികളായിരിക്കണം എന്നത് ശരിയാണ്. എന്നാല്‍ മാതാപിതാക്കള്‍ അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ ആ കുട്ടികള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത്. കാരണം ആത്യന്തിക ഉത്തരവാദിത്തം രാജ്യത്തിനാണ്.

നമ്മുടെ രാജ്യത്ത് 'ഇന്ത്യന്‍ ഭരണഘടന' നിലവില്‍ വന്നപ്പോള്‍ അതില്‍ രാജ്യത്തിന്റെ ഈ ഉത്തരവാദിത്തത്തെക്കുറിച്ച് വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ചില നാഴികക്കല്ലുകള്‍ സ്ഥാപിച്ചിട്ടുമുണ്ട്. 2007-ല്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍ സി പി സി ആര്‍) വിപുലമായ അധികാരത്തോടെയും ഗണ്യമായ അധികാരങ്ങളോടെയും സ്ഥാപിക്കപ്പെടുകയും; ടെലിഫോണ്‍ ഹെല്‍പ്പ് ലൈനുകള്‍ (CHILDLINE 1098), ശിശുക്ഷേമ സമിതികള്‍ (സി ഡബ്ല്യു സി) തുടങ്ങിയ പ്രവര്‍ത്തക സംഘടനകള്‍ രൂപീകരിക്കുകയും ചെയ്തു. 2009-ലാണ് സംയോജിത ശിശു സംരക്ഷണ പദ്ധതി (ഐ സി പി എസ്) ആരംഭിച്ചത്.

2012-ലെ പോക്‌സോ നിയമം (ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം) പ്രായപൂര്‍ത്തിയായവര്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളെ അവയുടെ ഗൗരവത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു. പരമാവധി ജീവപര്യന്തവും, കഠിന തടവും പിഴയും അടങ്ങുന്ന കര്‍ശന ശിക്ഷയാണ് ഇത് നിര്‍ദേശിക്കുന്നത്. 'കുട്ടികളുടെ ആവകാശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം' എന്ന തത്വം പിന്തുടര്‍ന്ന്, റിപ്പോര്‍ട്ടു ചെയ്യല്‍, തെളിവുകള്‍ രേഖപ്പെടുത്തല്‍, അന്വേഷണം, കുറ്റകൃത്യങ്ങളുടെ വേഗത്തിലുള്ള വിചാരണ, കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ രഹസ്യ വിചാരണ എന്ന് തുടങ്ങി ശിശു സൗഹാര്‍ദപരമായ നടപടിക്രമങ്ങള്‍ ഈ നിയമം ഉള്‍ക്കൊള്ളുന്നു. പോക്‌സോ നിയമം പൊതുജനങ്ങള്‍ക്കിടയില്‍ കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് വലിയ അവബോധം സൃഷ്ടിച്ചിട്ടുണ്ട്.

  • സ്‌കൂളധിഷ്ഠിത പ്രതിരോധ പദ്ധതികള്‍

കുട്ടികളെ ലക്ഷ്യമിടുന്ന സ്‌കൂള്‍ അധിഷ്ഠിത ബാലലൈംഗിക ചൂഷണത്തിനെതിരായ പ്രതിരോധ പരിപാടികള്‍ സമീപ വര്‍ഷങ്ങളില്‍ സാര്‍വത്രികമായി മാറിയിരിക്കുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി സ്വയം സംരക്ഷണത്തെപ്പറ്റിയുള്ള അറിവുകളും കഴിവുകളും നേടാന്‍ കുട്ടികളെ സഹായിക്കുക എന്നതാണ് അവയുടെ ലക്ഷ്യം. മള്‍ട്ടിമീഡിയ ഉപയോഗിച്ചുള്ള വീഡിയോ മോഡലിംഗ്, റോള്‍ പ്ലേയിംഗ്, റിഹേഴ്‌സല്‍ തുടങ്ങിയ പെരുമാറ്റ പരിശീലന പരിപാടികള്‍ അതിനായി ഉപയോഗിക്കുന്നു.

സമൂഹത്തില്‍ നടക്കുന്ന ബാല ലൈംഗിക അതിക്രമങ്ങളോട് തുലനം ചെയ്യുമ്പോള്‍, സഭാനേതൃത്വം ഉള്‍പ്പെടുന്ന കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ എണ്ണത്തില്‍ തുലോം കുറവായിരിക്കാം. പക്ഷെ, ഇത്തരം പ്രത്യാഘാതത്തിന്റെ യഥാര്‍ഥ വ്യാപ്തി സംഭവങ്ങളുടെ എണ്ണത്തിലേക്കോ വ്യാപനത്തിന്റെ നിരക്കിലേക്കോ ഒതുക്കാന്‍ കഴിയില്ല.

സ്വയം സംരക്ഷണം നടത്തുന്ന റോള്‍പ്ലേകള്‍ നിരീക്ഷിക്കുന്നതും അതിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും കുട്ടികള്‍ക്ക് കൂടുതല്‍ ഫലപ്രദമാകും. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രത്യേകം പ്രത്യേകം ലക്ഷ്യമിട്ട് കുട്ടികളുടെ മാതൃഭാഷയില്‍ സ്ഥിരവും ഹ്രസ്വവുമായ ഇടവേളകളില്‍ പരിശീലന പരിപാടി നടപ്പിലാക്കുന്നത് അത്തരം പരിപാടികളുടെ ഫലപ്രാപ്തി കൂടുതല്‍ വര്‍ധിപ്പിക്കും. പരിശീലനം സ്വീകരിച്ചതിനുശേഷം, ഭൂരിഭാഗം കുട്ടികള്‍ക്കും കുറ്റവാളിയോട് 'No' എന്ന് പറയാനോ, സാഹചര്യത്തില്‍ നിന്ന് ഓടിപ്പോകാനോ അല്ലെങ്കില്‍ വിശ്വാസമുള്ള ഒരു മുതിര്‍ന്ന വ്യക്തിയുമായി ആശയവിനിമയം നടത്താനോ കഴിയുന്നതായി കുട്ടികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 7 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഈ പദ്ധതിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചത്. പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് സ്വകാര്യത (privacy) പോലുള്ള ആശയങ്ങള്‍ മനസ്സിലാക്കാനും അവ്യക്തമായ വികാരങ്ങള്‍ കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടായിരുന്നു. ദുരുപയോഗങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തലിന്റെ അളവ് വര്‍ധിക്കുന്നത് ഇത്തരം പരിപാടികളുടെ പ്രധാന പരിണിത ഫലമാണ്. തുറന്നു പറച്ചിലുകള്‍ ഇരകള്‍ക്ക് മാനസികമായി ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

എന്നാല്‍, അത് തുടര്‍ച്ചയായ ദുരുപയോഗം തടയാനും, അവര്‍ക്കു അതിജീവനത്തിലേക്ക് വഴികള്‍ തുറക്കാനും ലൈംഗികാക്രമണത്തിന്റെ അനന്തരഫലങ്ങള്‍ കുറയ്ക്കുവാനും അവസരം നല്‍കുന്നു. പരിശീലന പരിപാടികള്‍ അഭികാമ്യമല്ലാത്ത സ്പര്‍ശനവും സ്വാഭാവിക സ്പര്‍ശനവും (bad touch and good touch) തമ്മില്‍ വേര്‍തിരിച്ചറിയുന്നതില്‍ കുട്ടികളെ സഹായിക്കുന്നുണ്ടെങ്കിലും; വേണ്ടത്ര നൈപുണ്യമില്ലാത്ത പരിശീലകര്‍ ചിലപ്പോഴെങ്കിലും കുട്ടികളില്‍ അനാവശ്യമായ ഭയം, ഉല്‍ക്കണ്ഠ, ആശങ്കകള്‍, സംശയം എന്നിവ വളര്‍ത്തുന്നത് പോലുള്ള പ്രതികൂല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാറുണ്ട്.

  • ബോധവല്‍ക്കരണ പരിപാടികള്‍

പ്രതിരോധ നടപടികള്‍ കുട്ടികളെ അടിസ്ഥാനമാക്കിയുള്ള പരിപാടികളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. ദുരുപയോഗത്തെക്കുറിച്ചുള്ള കുട്ടികളുടെ അറിവിലെ വളര്‍ച്ച കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സമൂഹത്തിന്റെ ഉത്തരവാദിത്തത്തിന് പകരമായി കാണരുത്. സാമൂഹിക ബോധവല്‍ക്കരണ നടപടികള്‍, മാതാപിതാക്കളുടെ വിദ്യാഭ്യാസ പരിപാടികള്‍, തകര്‍ന്ന കുടുംബങ്ങളിലെ ദുര്‍ബലരായ കുട്ടികള്‍ക്കും ദയനീയമായ സാമൂഹിക സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്കുമുള്ള പിന്തുണാ ഗ്രൂപ്പുകള്‍ എന്നിവ നമ്മുടെ കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു സമൂഹം നല്‍കും.

പ്രായപൂര്‍ത്തിയായ കുറ്റവാളികളെ ലക്ഷ്യമിടുന്ന പ്രതിരോധ പരിപാടികള്‍ നിര്‍ണ്ണായകമാണ്. ഇത് അനുയോജ്യമാണെന്ന് തോന്നുന്നുവെങ്കിലും ഇത് എളുപ്പമല്ല. ഇത്തരത്തിലുള്ള ഒരു ലൈംഗിക പ്രശ്‌നത്തോട് പൊതുജനങ്ങള്‍ക്കിടയിലുള്ള സഹാനുഭൂതിയുടെ അഭാവം കണക്കിലെടുക്കുമ്പോള്‍ കുറ്റവാളികളോ സാധ്യതയുള്ള കുറ്റവാളികളോ സ്വമേധയാ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. കൂടുതല്‍ ആഴത്തിലെത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ ആളുകളുടെ ഭയത്തെക്കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

  • സഭയിലെ ആഴമേറിയ മുറിവ്

ഈ വലിയ സമൂഹ്യ വിപത്തിന്റെ അലയൊലികള്‍ ആഗോള സഭയെയും ആഴത്തില്‍ മുറിപ്പെടുത്തിയിട്ടുണ്ട്. വൈദികരും സന്യസ്തരും ഉള്‍പ്പെട്ട ബാലലൈംഗിക ചൂഷണങ്ങള്‍ സഭയുടെ ഹൃദയത്തില്‍ ആഴമേറിയതും ദാരുണവുമായ മുറിവ് സൃഷ്ടിക്കുകയും സഭയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു (Scicluna, 2011, p. 246). സമൂഹത്തില്‍ നടക്കുന്ന ബാല ലൈംഗിക അതിക്രമങ്ങളോട് തുലനം ചെയ്യുമ്പോള്‍, സഭാനേതൃത്വം ഉള്‍പ്പെടുന്ന കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ എണ്ണത്തില്‍ തുലോം കുറവായിരിക്കാം. പക്ഷെ, ഇത്തരം പ്രത്യാഘാതത്തിന്റെ യഥാര്‍ഥ വ്യാപ്തി സംഭവങ്ങളുടെ എണ്ണത്തിലേക്കോ വ്യാപനത്തിന്റെ നിരക്കിലേക്കോ ഒതുക്കാന്‍ കഴിയില്ല. ഓരോ കുട്ടിയും ഒരോ ജീവിതവും ഓരോ ആത്മാവും അമൂല്യമാണ്.

ബാലലൈംഗിക പീഡനങ്ങള്‍ സഭയേയും സമൂഹത്തെയും ഒരേ പോലെ ആഴത്തില്‍ മുറിപ്പെടുത്തിയ, മുറിപ്പെടുത്തുന്ന അനുഭവങ്ങളാണ്. ഈ സാമൂഹ്യ വിപത്തിനെ നേരിടാന്‍ ഒരുപാട് പേരുടെ ആത്മാര്‍ഥമായ കൂട്ടുത്തരവാദിത്തം ആവശ്യമാണ്. ശാസ്ത്രീയമായ പരിശീലനം നേടിയ അനേകരുടെ ആത്മാര്‍ഥമായ സഹകരണം നമ്മുടെ കുട്ടികളുടെയും, സമൂഹത്തിന്റെയും, സഭയുടെയും ഭാവി കൂടുതല്‍ ശോഭനമാക്കും.

ഉത്തരവാദിത്ത പൂര്‍ണ്ണമായ സമീപനം അടുത്ത നാളുകളില്‍ ആഗോള കത്തോലിക്കാസഭയിലെ വിവിധ തലങ്ങളില്‍ പുലര്‍ത്തി വരുന്നുണ്ട്. 2002-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഒരു നിര്‍ണ്ണായക പ്രസ്താവന നടത്തി, 'കുട്ടികളെ ഉപദ്രവിക്കുന്നവര്‍ക്ക് പുരോഹിത ജീവിതത്തിലും സന്യാസ ജീവിതത്തിലും സ്ഥാനമില്ല'. ഇതേ മനോഭാവത്തോടെ, 2014-ല്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു: 'പ്രലോഭനഹേതുവാകുന്നവരെ ക്കുറിച്ചു യേശു പറഞ്ഞത് നമ്മളെല്ലാവര്‍ക്കും ബാധകമാണ്: തിരികല്ലും കടലും (മത്താ. 18:6). അതിനാല്‍ത്തന്നെ സെമിനാരിക്കാരുടെ രൂപീകരണത്തില്‍ നമ്മള്‍ ജാഗ്രത തുടരും'. മാര്‍പാപ്പയുടെ മേല്‍പ്പറഞ്ഞ പ്രസ്താവനകളില്‍ കാണപ്പെടുന്ന കത്തോലിക്ക സഭയുടെ ജാഗ്രതയും ഉത്തരവാദിത്തവും 'പൗരോഹിത്യത്തിനുള്ള അര്‍ഥികളുടെ പ്രവേശനത്തിലും പരിശീലനത്തിലും മനഃശാസ്ത്രത്തിന്റെ ഉപയോഗത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍' പോലുള്ള അടിസ്ഥാന രേഖകളില്‍ വ്യക്തമാണ്.

മുന്‍കാല മാനസിക മുറിവുകള്‍ വളര്‍ച്ചയ്ക്ക് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ അത് മറികടക്കാന്‍ വൈദികാര്‍ഥികള്‍ക്ക് അവരുടെ പരിശീലന സമയത്ത് വിദഗ്ധ സഹായം നല്‍കണമെന്ന് ഇത് ആവശ്യപ്പെടുന്നു (കത്തോലിക്ക വിദ്യാഭ്യാസത്തിനുള്ള കോണ്‍ഗ്രിഗേഷന്‍, 2008, നമ്പര്‍. 5 & 8). വിശ്വാസ തിരുസംഘം (2011) ഈ ദൗത്യത്തില്‍ പ്രാദേശികസഭകളുടെ ഉത്തരവാദിത്തത്തിന് അടിവരയിട്ടു; പ്രാദേശിക മെത്രാന്മാരും സഭാധികാരികളും അര്‍ഥികളുടെ ശരിയായ ദൈവവിളി വിവേചനം (vocational discernement) ഉറപ്പാക്കുന്നതിനും അര്‍ഥികള്‍ക്ക് ആരോഗ്യകരമായ മാനുഷിക പരിശീലനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഉദ്‌ബോധിപ്പിക്കുന്നു.

  • സെമിനാരി പരിശീലനത്തിലെ ജാഗ്രത

വത്തിക്കാനിലെ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ക്ലാര്‍ജി 2016-ല്‍ പുറത്തിറക്കിയ The Gift of Priestly Vocation എന്ന രേഖ മാനുഷിക പരിശീലനത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയില്‍ ഈ പ്രമേയത്തിന്റെ പ്രാധാന്യം വേണ്ടത്ര എടുത്തുകാണിച്ചു. 'പ്രായപൂര്‍ത്തിയാകാത്തവരുടെയും ദുര്‍ബലരായ മുതിര്‍ന്നവരുടെയും സംരക്ഷണം എന്ന പ്രമേയത്തിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കണം' എന്ന് അത് നിര്‍ദേശിക്കുന്നു.

ഇപ്പോഴത്തെ സെമിനാരിക്കാര്‍ക്കിടയില്‍ ഭാവിയില്‍ ഏതെങ്കിലും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവര്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഈ രേഖ ആശങ്ക പ്രകടിപ്പിക്കുന്നു. അതിനാല്‍, സെമിനാരികളിലുള്ള ഓരോ അര്‍ഥിയും അത്തരം പ്രശ്‌നകരമായ പെരുമാറ്റങ്ങളില്‍ നിന്ന് മുക്തനാണെന്ന് ഉറപ്പാക്കാന്‍ ശരിയായ ജാഗ്രത ആവശ്യപ്പെടുന്നു. പൊതുവായ ഒരു തയ്യാറെടുപ്പ് എന്ന നിലയില്‍, നിര്‍ദിഷ്ട പാഠങ്ങള്‍, സെമിനാറുകള്‍ അല്ലെങ്കില്‍ കോഴ്‌സുകള്‍ എന്നിവ രൂപീകരണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ഭാവിയില്‍ പുരോഹിതന്മാര്‍ ഉള്‍പ്പെട്ടേക്കാവുന്ന കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ തടയുന്നതിന്, സെമിനാരിക്കാരുടെ രൂപീകരണ കാലയളവില്‍ സാധ്യതയുള്ള ആക്രമണകാരികളെ (Possible perpterators) കണ്ടെത്തുന്നത് പ്രധാനമാണ്. യഥാര്‍ഥത്തില്‍, അത്തരം ലൈംഗിക പ്രശ്‌നങ്ങളാല്‍ വിഷമിച്ചിരുന്ന പലരും തിരുപ്പട്ടമെന്ന കൂദാശ അവര്‍ക്ക് ഒരു മാന്ത്രിക രോഗശാന്തി നല്‍കുമെന്നും അല്ലെങ്കില്‍ ബ്രഹ്മചര്യ ശുശ്രൂഷ അവരുടെ ലൈംഗികതയിലെ സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുമെന്നും വിശ്വസിച്ചിരുന്നതായി മുന്‍കാലങ്ങളില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത പുരോഹിതന്മാര്‍ക്കിടയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു. അതിനാല്‍,

പരിശീലനത്തിന്റെ ഉത്തരവാദിത്തമുള്ള വ്യക്തികളുടെ ഭാഗത്ത് നിന്ന് ശ്രദ്ധാപൂര്‍വമായ പരിശോധനയും മതിയായ തയ്യാറെടുപ്പും ആവശ്യമാണ്. സമീപ വര്‍ഷങ്ങളില്‍ അമേരിക്കയിലെ പല കത്തോലിക്കാ സെമിനാരികളും ആരോഗ്യമുള്ള വൈദികാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും പ്രശ്‌നമുള്ളവരെ പൗരോഹിത്യത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിനും കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് അവരുടെ പ്രവേശനവും സ്‌ക്രീനിംഗ് പ്രക്രിയയും പരിഷ്‌കരിച്ചു. ഇതിനായി, പരിശീലകര്‍ മനഃശാസ്ത്ര വിദഗ്ധരുടെയും സഹായം പതിവായി തേടുന്നു. ഈ വിദഗ്ധര്‍ അര്‍ഥിയുടെ മാനസികലൈംഗിക ചരിത്രം (psychosexual history) വിശദമായി പരിശോധിക്കുന്നു.

ഈ ശ്രമങ്ങള്‍ തങ്ങളുടെ ബ്രഹ്മചര്യജീവിതം നയിക്കാന്‍ പുരോഹിതന്മാരെ സഹായിക്കുന്നതില്‍ ഗുണപരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു (ലെമ്മണ്‍സ്, 2007, ഖണ്ഡിക 15). ഇന്ന് ഈ മാതൃക ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിചിതമാണ്. വൈദികാര്‍ഥിയുടെ മാനസികലൈംഗിക പക്വത വിലയിരുത്തുന്നതിന് പലരും വിദഗ്ദ്ധരുടെ പലതരത്തിലുള്ള പിന്തുണയും ഉപയോഗിക്കുന്നു. ചില സെമിനാരികള്‍ പരിശീലനത്തിന്റെ തുടക്കത്തിലും മറ്റുചിലര്‍ പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിലും അവ ഉപയോഗിക്കുന്നു;.

ദീര്‍ഘ കാലം ലൈംഗിക ആക്രമണകാരികളുടെ പുനരുദ്ധാരണത്തിനു സഹായിച്ച സ്റ്റീഫന്‍ റോസെത്തിയെന്ന മനഃശാസ്ത്ര വിദഗ്ധനായ വൈദികന്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ചില ആവര്‍ത്തിച്ചുള്ള ഘടകങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. തന്റെ കണ്ടെത്തലുകളെ ആറെണ്ണമായി ക്രമപ്പെടുത്തി. അവക്ക് കുട്ടികളുടെ ലൈംഗിക ദുരുപയോഗ കുറ്റവാളികളിലെ ചുവന്ന അടയാളങ്ങള്‍ (Red Flags) എന്ന് പേര് വിളിച്ചു.

1) ലൈംഗിക ആഭിമുഖ്യം സംബന്ധിച്ച ആശയക്കുഴപ്പം (Confusion about sexual orientation) 2) കുട്ടിത്തം നിറഞ്ഞ പെരുമാറ്റം (childish behaviour) 3) സമപ്രായക്കാരോടുള്ള ബന്ധങ്ങളുടെ അഭാവം (Lack of peer relationships), 4) കുട്ടിക്കാലത്തെ തീവ്രമായ ലൈംഗിക അനുഭവങ്ങള്‍, അമിതമായ ലൈംഗിക ഉത്തേജനം അല്ലെങ്കില്‍ ലൈംഗികതയെ അടിച്ചമര്‍ത്തല്‍ (Etxremes in developmental sexual experiences) 5) കുട്ടിക്കാലത്തെ ലൈംഗിക ദുരുപയോഗത്തിന്റെയും/അല്ലെങ്കില്‍ വ്യതിചലിച്ച ലൈംഗിക അനുഭവങ്ങളുടെയും വ്യക്തിപരമായ ചരിത്രം (Personal history of childhood sexual abuse and/or deviant sexual experiences) 6) അമിതമായ നിഷ്‌ക്രിയ ആശ്രിത വ്യക്തിത്വം (An excessively passive, dependent, conforming personaltiy).

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കുറ്റവാളികളെ കണ്ടെത്താന്‍ ഈ അടയാളങ്ങള്‍ വളരെ പ്രധാനമാണ്. എന്നാല്‍ ഇതില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവരെ വൈദിക പരിശീലന പരിപാടിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്നതിനുള്ള ഒരു നിര്‍ദിഷ്ട സമീപനം പ്രായോഗികമല്ലാത്തതും തീര്‍ച്ചയായും ക്രിസ്തീയ വിരുദ്ധവുമാണ്. ദുര്‍ബലരായ മനുഷ്യരെ ക്രിസ്തു തന്റെ അപ്പസ്‌തോലന്മാരായി തിരഞ്ഞെടുത്തിട്ടുണ്ട്. കുട്ടിക്കാലത്തെ ലൈംഗികാതിക്രമത്തിന്റെ വ്യക്തിപരമായ ചരിത്രമാണ് സ്റ്റീഫന്‍ റോസെത്തി കണ്ടെത്തിയ അടയാളങ്ങളിലൊന്ന്.

പക്ഷെ, ഒരു വ്യക്തി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കേണ്ടെന്ന് ചിലര്‍ തീരുമാനിക്കുകയാണെങ്കില്‍ അത് നിര്‍ഭാഗ്യകരമാണ്. അവര്‍ പരിശീലന കാലത്തോ അതിനു മുമ്പോ തങ്ങളുടെ മാനസിക മുറിവുകള്‍ സുഖപ്പെടുത്താന്‍ തുറവിയോടെ പരിശ്രമിച്ചാല്‍ മതി എന്ന് റോസെത്തി സാക്ഷ്യപ്പെടുത്തുന്നു. കാരണം, ചെറുപ്പകാലത്തെ പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിലും പരിശീലനത്തോട് തുറന്ന മനോഭാവം പുലര്‍ത്തിയ പലരും നല്ല പൗരോഹിതരായി ജീവിക്കുന്നുണ്ട്. ഇവിടെ ഓരോ സെമിനാരിക്കാരന്റെയും പരിശീലനത്തില്‍ പ്രധാന ഉത്തരവാദിത്തം വഹിക്കുന്നത് അവന്‍ തന്നെ എന്ന ചിന്തയ്ക്ക് കൂടുതല്‍ അര്‍ഥം വരുന്നു.

ഒരു സെമിനാരിയന്റെ യഥാര്‍ഥ സ്വഭാവം തിരിച്ചറിയുന്നത് ഒരു ഫോര്‍മെറ്ററെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പകണമെന്നില്ല. സെമിനാരിയില്‍ നിയമങ്ങള്‍ അനുസരിക്കുന്നവരെ പരിശീലകര്‍ എന്നും ഏറ്റവും നല്ല വ്യക്തിയായി മനസ്സിലാക്കും. എന്നാല്‍ അമിതമായി ആശ്രയിക്കുന്ന വ്യക്തികള്‍ കണ്‍ഫോര്‍മിസ്റ്റുകളായിരിക്കും, അവര്‍ക്ക് അധികാരത്തെ അനുസരിക്കുന്നത് എളുപ്പമുള്ള കാര്യമായിരിക്കും (Rossetti, 1994, പേജ് 10) അനുസരിക്കുന്നവരെല്ലാം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ അനുസരണമുള്ള ആളുകളായിരിക്കണമെന്നില്ല. അത് ആശ്രിതത്വമാകാം, അത് നിഷ്‌ക്രിയമായ സമര്‍പ്പണമാകാം, ആത്മാഭിമാനത്തിന്റെ അഭാവം മൂലമോ ഭയം മൂലമോ ആകാം.

സമാനമായി, ലൈംഗിക ആഭിമുഖ്യം സംബന്ധിച്ച അവ്യക്തതയില്‍ ജീവിക്കുന്നത് പൗരോഹിത്യം ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമായ അടയാളമല്ല (Zollner & Cucci, 2013, പേജ് 42) എന്നാല്‍ ലൈംഗിക ആഭിമുഖ്യം വൈദികര്‍ഥിയെ സംബന്ധിച്ചിടത്തോളം സ്വകാര്യതയുടെ വിഷയമാണ്, വളരെ അച്ചടക്കമുള്ള അന്തരീക്ഷത്തില്‍ അത്തരം കുറവുകള്‍ മറച്ചുവെക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത് സമൂഹത്തില്‍ ദൃശ്യമാകില്ല, വ്യക്തി അത് വെളിപ്പെടുത്തുന്നില്ലെങ്കില്‍ ഫോര്‍മേറ്റര്‍ക്ക് അത് തിരിച്ചറിയാന്‍ പ്രയാസമാണ്. ലൈംഗിക ആഭിമുഖ്യം സംബന്ധിച്ച ആശയക്കുഴപ്പം പോലുള്ള ഒരു വസ്തുത ഒരാളുടെ കൗമാരപ്രായത്തില്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. യഥാര്‍ഥത്തില്‍, ദൈവശാസ്ത്രപഠനങ്ങളുടെ കാലഘട്ടം ലൈംഗിക ആഭിമുഖ്യം വ്യക്തമാക്കുന്നതിന് അനുയോജ്യമല്ല (Rosssetti, 1994, പേജ് 7)

സാധ്യതയുള്ള ലൈംഗിക കുറ്റവാളിയുടെ അടയാളങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ടെങ്കില്‍, ഒരു വിദഗ്ധന്റെ ബാഹ്യ സഹായം തേടുന്നതാണ് നല്ലത്. ലൈംഗിക അതിക്രമ ചായ്‌വുകള്‍ ഉള്ളവരെ പരിശീലിപ്പിക്കുന്നത് ഒരു വെല്ലുവിളിയാണ്, അത്തരം സന്ദര്‍ഭങ്ങളില്‍ പരിശീലനം ലഭിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളെ റഫര്‍ ചെയ്യേണ്ടതുണ്ട് (Parappully, 2006, പേജ് 19) അതിനാല്‍, പരിശീലകരും മനഃശാസ്ത്രത്തിലെ വിദഗ്ധരും തമ്മിലുള്ള സഹകരണം ഈ മേഖലയില്‍ വളരെ പ്രധാനമാണ്. ഈ മേഖലയില്‍ മനഃശാസ്ത്രവിദഗ്ധര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്നത് ശരിയാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ സഹായികള്‍ മാത്രമാണ്, പരിശീലകരുടെ പകരക്കാരല്ല. സെമിനാരിക്കാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്ന പരിശീലകര്‍ക്ക് അവരില്‍ കൂടുതല്‍ സ്വാധീനം ചെലുത്താനാവും.

ബാല ലൈംഗിക പീഡനങ്ങള്‍ സഭയേയും സമൂഹത്തെയും ഒരേ പോലെ ആഴത്തില്‍ മുറിപ്പെടുത്തിയ, മുറിപ്പെടുത്തുന്ന അനുഭവങ്ങളാണ്. ഈ സാമൂഹ്യ വിപത്തിനെ നേരിടാന്‍ ഒരുപാട് പേരുടെ ആത്മാര്‍ഥമായ കൂട്ടുത്തരവാദിത്തം ആവശ്യമാണ്. ശാസ്ത്രീയമായ പരിശീലനം നേടിയ അനേകരുടെ ആത്മാര്‍ഥമായ സഹകരണം നമ്മുടെ കുട്ടികളുടെയും, സമൂഹത്തിന്റെയും, സഭയുടെയും ഭാവി കൂടുതല്‍ ശോഭനമാക്കും.

ഈ ഒരു മേഖലയില്‍ ആഗോള തലത്തില്‍ അതി വിദഗ്ധമായ പരിശീലനം നല്‍കുന്ന റോമിലെ ഗ്രിഗോറിയന്‍ യുണിവേഴ്‌സിറ്റിയോട് സഹകരിച്ചു ആലുവ ചുണങ്ങംവേലിയിലുള്ള നിവേദിത ഇന്‍സ്റ്റിറ്റിയൂട്ട് ബാലലൈംഗിക ചൂഷണത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന പരിശീലന പരിപാടികള്‍ ഓണ്‍ലൈന്‍ ആയി നടത്തിവരുന്നു.

  • [Contact : 7010645494]

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org