സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകള്‍ വിതയ്ക്കുക: ഫ്രാന്‍സിസ് പാപ്പ

സമാധാനത്തിന്റെയും പ്രത്യാശയുടെയും വിത്തുകള്‍ വിതയ്ക്കുക: ഫ്രാന്‍സിസ് പാപ്പ

സഭയോട് അകല്‍ച്ചയിലായിരിക്കുന്ന യുവജനങ്ങളോട് എനിക്കു പറയാനുള്ളതിതാണ്: യേശു തന്നെ നിങ്ങളെ ആകര്‍ഷിക്കട്ടെ; സുവിശേഷങ്ങള്‍ വായിക്കുക വഴി നിങ്ങളുടെ മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവട്ടെ; ആരോഗ്യകരമായ ഒരു പ്രതിസന്ധി നമ്മില്‍ എപ്പോഴും ഉണര്‍ത്തുന്ന സാന്നിധ്യം കൊണ്ട് അവന്‍ നിങ്ങളെ വെല്ലുവിളിക്കട്ടെ. മറ്റാരേക്കാളും യേശു നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ട്. അവന്‍ ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല, നിര്‍ദേശിക്കുക മാത്രം ചെയ്യുന്നു. അവന് നിങ്ങള്‍ ഇടം നല്‍കുക. അവനെ അനുഗമിച്ചുകൊണ്ട് സന്തോഷത്തിലേക്കുള്ള വഴി നിങ്ങള്‍ കണ്ടെത്തുക. അവന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങളെ പൂര്‍ണ്ണമായും അവനു നല്‍കുക.

പ്രത്യാശയുടെ തീര്‍ത്ഥാടകരും സമാധാനത്തിന്റെ നിര്‍മ്മാതാക്കളും ആകുകയെന്നാല്‍ അര്‍ത്ഥം, ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ പാറയില്‍ നമ്മുടെ ജീവിതത്തിന് അടിത്തറയിടുക എന്നാണ്. ദൈവവിളി സ്വീകരിച്ചു ജീവിക്കുമ്പോള്‍ നാം നടത്തുന്ന യാതൊരു പരിശ്രമങ്ങളും വിഫലമാകുകയില്ല. പ്രയാണത്തിനിടെ പ്രതിബന്ധങ്ങളും പരാജയങ്ങളും ഉണ്ടായാലും, നാം വിതച്ച നന്മയുടെ വിത്തുകള്‍ മൗനമായി വളരുന്നുണ്ടാകും. യേശുവിനോടു ചേരുക, സാഹോദര്യസ്‌നേഹത്തില്‍ നിത്യം ജീവിക്കുന്നതിന്റെ ആനന്ദമനുഭവിക്കുക എന്ന അന്തിമലക്ഷ്യത്തില്‍ നിന്നു നമ്മെ വിച്ഛേദിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അനുദിനം നാം മുന്നില്‍ കാണേണ്ട പരമമായ വിളിയാണിത്. ദൈവവുമായും സഹോദരങ്ങളുമായും ഉള്ള സ്‌നേഹബന്ധം ഇപ്പോള്‍ തന്നെ, ഐക്യത്തിന്റെയും സമാധാനത്തിന്റെയും സഹോദരസ്‌നേഹത്തിന്റെയും ദൈവികസ്വപ്‌നം നമ്മിലേക്കു കൊണ്ടുവരികയാണ്. ഈ വിളിയില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ടതായി ആരും കരുതാതിരിക്കട്ടെ. നമ്മുടെ ഓരോരുത്തരുടെയും തനതായ എളിയ രീതികളില്‍, നമ്മുടെ സവിശേഷജീവിതാവസ്ഥയില്‍, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ, പ്രത്യാശയുടെയും സമാധാനത്തിന്റെയും വിത്തുകള്‍ വിതയ്ക്കാന്‍ നമുക്കു കഴിയട്ടെ.

എലിസബത്തിനെ സന്ദര്‍ശിക്കാന്‍ മറിയം സന്തോഷത്തോടെ പുറപ്പെട്ടതുപോലെ നാമം നമ്മുടെ ദൈവവിളികളില്‍ സന്തോഷത്തോടെ പുറപ്പെടണം. യാത്രയില്‍ ഉണ്ടാകാവുന്ന പരാജയങ്ങളെ കണ്ട് അധൈര്യരാവുകയല്ല, ലക്ഷ്യം മുന്നില്‍ കണ്ടു ധൈര്യത്തോടെ മുന്നേറുകയാണ് വേണ്ടത്.

ദൈവസ്‌നേഹം കണ്ടെത്താനും അതേസമയം സ്വയം കണ്ടെത്താനുമുള്ള ഒരു യാത്രയാണ് ക്രിസ്തീയത. ഇതൊരു തീര്‍ത്ഥാടനമാണ്. തീര്‍ത്ഥാടകന്‍ കയ്യില്‍ കരുതേണ്ട പാഥേയം ദൈവസ്‌നേഹവും സഹോദരസ്‌നേഹവും ആണ്. പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടായേക്കാം. ലക്ഷ്യമായ ദൈവത്തില്‍ എത്തിച്ചേരുവാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കണം. ഈ ലോകജീവിതത്തിലെ ഇത്തരം യാത്രകള്‍ അര്‍ത്ഥശൂന്യമാണെന്ന് വിചാരിക്കരുത്. ഓരോ ദിവസവും ദൈവത്തിന്റെ ആഹ്വാനത്തോട് പ്രതികരിച്ചും മറ്റുള്ളവര്‍ക്ക് സമാധാനവും നീതിയും സ്‌നേഹവും നല്‍കുന്ന നവലോകനിര്‍മ്മിതിക്കായി ഇടപെട്ടുകൊണ്ടും യേശുവിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.

  • (ദൈവവിളിക്കുവേണ്ടിയുള്ള 61-ാമത് ആഗോള പ്രാര്‍ത്ഥനാദിനത്തിനു വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ 21/04/2024 നു പുറപ്പെടുവിച്ച സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org