മധുരം മലയാളം

21 ഫെബ്രുവരി : അന്താരാഷ്ട്ര മാതൃഭാഷാദിനം
മധുരം മലയാളം

മാതൃഭാഷ മനുഷ്യന്റെ മൗലികാവകാശമാണ്. മാതാവിന്റെ മടിയില്‍ക്കിടന്നും എളിയിലിരുന്നുമൊക്കെ അവളുടെ അധരചലനങ്ങളെ ആകാംഷയോടെ നോക്കിക്കണ്ട നാളുകളില്‍ അവ്യക്തമായെങ്കിലും കാതില്‍ കേട്ടതും, മനസ്സില്‍ പതിഞ്ഞതുമായ സ്വര തരംഗങ്ങള്‍! മറുനാട്ടിലാണെങ്കിലും മനുഷ്യന്‍ മറക്കാത്ത, മറക്കാനാവാത്ത, മറക്കരുതാത്ത ഒന്നാണ് മാതൃഭാഷ. മാതൃഭാഷാവന്ദനം മാതൃവന്ദനത്തിനും, മാതൃഭാഷാ നിന്ദനം മാതൃനിന്ദനത്തിനും തുല്യമാണ്. പെറ്റമ്മയെ പ്രണമിക്കുന്നവര്‍ മാതൃഭാഷയെ പ്രണയിക്കും. അല്ലാത്തവര്‍ അതിനെ അവഹേളിക്കുകയും കൊഞ്ഞനം കുത്തുകയും ചെയ്യും. മാതൃ ഭാഷയുടെ വളര്‍ച്ച മനുഷ്യസംസ്‌കാരത്തിന്റെതന്നെ വളര്‍ച്ചയും, വള്ളിവീശലുമാണ്. ഭാഷ പോലെതന്നെ പരിശുദ്ധമായിരിക്കണം ഭാഷാപ്രയോഗവും. അസഭ്യഭാഷണങ്ങള്‍ക്കും അശ്ലീലരചനകള്‍ക്കുമായി ഭാഷയെ ദുരു പയോഗിക്കുന്നത് തീര്‍ത്തും അ പലപനീയമാണ്. ഭാഷയെ പാഷാണമാക്കരുത്. വാക്കിനെ വാളാക്കി മാറ്റി മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുകയുമരുത്.

അര്‍ഥസമ്പുഷ്ടവും കുലീനവുമായ പല മലയാളപദങ്ങളും, പ്രയോഗങ്ങളും മലയാളികള്‍ മറന്നുപോയിരിക്കുന്നു. പകരം, ചില മൂന്നാംകിട തിരക്കഥാ കൃത്തുക്കളും പാട്ടെഴുത്തുകാരും അവലംബിക്കുന്ന നാലാംകിട ശൈലികളും സംഭാഷണത്തുണ്ടുകളും ഗാനശകലങ്ങളുമൊക്കെയാണ് 'ന്യൂജന്‍ മലയാളികളുടെ' നാവിന്‍ത്തുമ്പുകളില്‍

മലയാളിയായ എന്നെ സംബന്ധിച്ചിടത്തോളം, മലയാളം സകലഭാഷകളുടെയും മകുടമാണ്. പദ വൈവിധ്യംകൊണ്ടും ശൈലീസൗന്ദര്യംകൊണ്ടും സര്‍വ്വസമ്പന്നമാണത്. മലയാളത്തിന്റെലിപിയഴകും മൊഴിയഴകുമൊക്കെ മറ്റേതു ഭാഷയ്ക്കാണുള്ളത്? മഞ്ജുളമായ മലയാളമഞ്ജരിയിലെ മലരുകളാണ് അതിലെ അക്ഷരങ്ങള്‍. കേരഭൂവിന്റെ മാറില്‍ അമ്പത്തൊന്നു അക്ഷരത്തിരികള്‍ കത്തിത്തിളങ്ങി നില്ക്കുന്ന വിദ്യാവിളക്കാണത്. മലയാളി മനസ്സിലേന്തുന്ന സൗരഭ്യമാര്‍ന്ന സ്വരവ്യഞ്ജനപ്പൂങ്കുല. 'അ' മുതല്‍ 'റ' വരെ നീളൂന്ന, അറിവിന്റെ 'അറ'. മലയാളത്തെ മാനിക്കാനും മാനം മുട്ടെ വളര്‍ത്താനും ഓരോ മലയാളിക്കും കടമയുണ്ട്. എന്നാല്‍, മലയാളം മറക്കുന്ന പുതുതലമുറയെ നോക്കി പരിഹസിക്കാനേ പറ്റൂ. 'നമ്മുടെ മാതൃഭാഷയേത്?' എന്ന ചോദ്യത്തിനു 'ഹിന്ദിയല്ലേ?' എന്ന മറു ചോദ്യമുന്നയിച്ച പ്ലസ് ടു വിദ്യാര്‍ഥി ഒരത്ഭുതസൃഷ്ടിയായി എനിക്കു തോന്നിയില്ല. 'എന്റെ പിള്ളേര്‍ക്ക് മലയാളം പറയാനേ അറിയില്ല. എല്ലാം ഇംഗ്ലീഷിലല്ലേ...' എന്ന് വീമ്പടിക്കുന്ന മാതാപിതാക്കളും, 'എനിച്ച് മലയാലം അരിയില്ല' എന്ന് പുലമ്പുന്ന അത്തരക്കാരുടെ അരുമസന്തതികളുമൊക്കെ മാതൃഭാഷയിലുള്ള അജ്ഞത ഒരിക്കലും ഒരുവിധത്തിലും ഒരു ആഭരണമല്ല എന്ന അവ ബോധം ആര്‍ജ്ജിച്ചെടുത്താല്‍ നന്ന്.

ഇംഗ്ലീഷിനോടും ഇതര വിദേശഭാഷകളോടുമുള്ള അതിരു കവിഞ്ഞതും അനാവശ്യവുമായ അഭിനിവേശവും അന്ധമായ ആരാധനയും മൂലം തങ്ങളുടെ കുഞ്ഞുങ്ങളെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്ക് ഉന്തിത്തള്ളിവിടുന്ന അപ്പനമ്മമാര്‍ കാല ക്രമേണ മലയാളവും ഇംഗ്ലീഷും അറിയില്ലാത്തവരായി അവരില്‍ പലരെയും മാറ്റുകയാണെന്നതിനു എന്റെ അധ്യാപനജീവിതാനുഭവങ്ങള്‍ സാക്ഷി. അക്ഷര, വ്യാകരണപ്പിശകുകളില്ലാതെ ഒരു ഖണ്ഡികപോലും ഇംഗ്ലീഷിലോ, മലയാളത്തിലോ എഴുതാനും സംസാരിക്കാനും കഴിവില്ലാത്തവരാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ ഉല്പന്നങ്ങളില്‍ നല്ലൊരു ശതമാനവും. കൂടാതെ, മലയാളഭാഷയെ 'മാനം കെടുത്തുന്ന' തരത്തിലുള്ള മൂല്യനിര്‍ണയരീതിയിലേക്കാണ് ഇന്നത്തെ പരീക്ഷാഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. മലയാളത്തില്‍ സ്വന്തം മേല്‍വിലാസംപോലും തെറ്റുകൂടാതെ കുറിക്കാന്‍ കെല്പില്ലാത്ത മുതിര്‍ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ക്കും മലയാളത്തിനു നൂറില്‍ നൂറുമാര്‍ക്ക് കിട്ടുന്നതു കാണുമ്പോള്‍ അവരുടെ അധ്യാപകരേക്കാള്‍ കൂടുതല്‍ 'തല കറങ്ങുന്നത്' ആ കുട്ടികള്‍ക്കു തന്നെയാണ്. അപ്രകാരം മാര്‍ക്ക് 'കണ്ണടച്ചു കൊടുക്കുന്നവര്‍' വാസ്തവത്തില്‍ മാതൃഭാഷയെ ആദരിക്കുകയാണോ, ആക്ഷേപിക്കുകയാണോ?

ഇളം തലമുറയ്ക്ക് മലയാളത്തോടുള്ള മമത പൊതുവെ കുറഞ്ഞുവരുന്നത് പരിതാപകരമാണ്. മലയാളഭാഷ പഠിക്കാനും അതില്‍ പ്രാവീണ്യം നേടാനും താത്പര്യമുള്ളവര്‍ ഇന്ന് വളരെ വിരളമാണ്. അര്‍ഥസമ്പുഷ്ടവും കുലീനവുമായ പല മലയാളപദങ്ങളും, പ്രയോഗങ്ങളും മലയാളികള്‍ മറന്നുപോയിരിക്കുന്നു. പകരം, ചില മൂന്നാംകിട തിരക്കഥാകൃത്തുകളും പാട്ടെഴുത്തുകാരും അവലംബിക്കുന്ന നാലാംകിട ശൈലികളും സംഭാഷണത്തുണ്ടുകളും ഗാനശകലങ്ങളുമൊക്കെയാണ് 'ന്യൂജന്‍ മലയാളികളുടെ' നാവിന്‍ത്തുമ്പുകളില്‍. മലയാളത്തില്‍ സംസാരിക്കുന്നത് എന്തോ കുറച്ചിലാണെന്ന തോന്നലുള്ളതുകൊണ്ടാണ് ഇത്തരക്കാര്‍ ഇടയ്ക്കിടെ ഇംഗ്ലീഷ് വാക്കുകള്‍ അര്‍ഥമറിയാതെയാണെങ്കിലും തിരുകിക്കേറ്റുന്നത്. മലയാളം പത്രവും പുസ്തകവും സ്റ്റാറ്റസ്സിനു ചേരാത്തതാണെന്ന മിഥ്യാധാരണമൂലമാണ് മുഴുവന്‍ മനസ്സിലാകുന്നില്ലെങ്കിലും ഇംഗ്ലീഷിലുള്ളവ വായിക്കുന്നതും, കൂടെക്കൊണ്ടു നടക്കുന്നതും. ദൗര്‍ ഭാഗ്യവശാല്‍, പച്ചവെള്ളംപോലെ മാതൃഭാഷ പറയുന്നവരേക്കാള്‍ പൊട്ടത്തെറ്റില്‍ മുറി ഇംഗ്ലീഷ് പറയുന്നവര്‍ക്കാണ് കൈയടിയും പ്രോത്സാഹനവും. ചിലരുടെയെങ്കിലും സംസാരവും സ്വഭാവവും ശ്രദ്ധിച്ചാല്‍ അവര്‍ക്ക് സ്വന്തം മാതൃഭാഷയോട് എന്തോ ശത്രുതയും അറപ്പുമുണ്ടെന്നു തോന്നിപ്പോകും. എന്റെയൊരു വിദേശമലയാളിയായ സുഹൃത്ത് ഒരിക്കല്‍ 'വാട്ട് കച്ചറ മലയാളം' എന്ന് മലയാളത്തെ പുച്ഛിച്ചുപറഞ്ഞത് ഇന്നും മനസ്സില്‍ കിടപ്പുണ്ട്.

വളര്‍ച്ച മന്ദീഭവിച്ച ഒരു മരമാണ് ഇന്ന് മലയാളം എന്നെഴുതുന്നതില്‍ വല്ലാത്ത വിഷമമുണ്ട്. ഭാഷയ്ക്ക് ആവശ്യമായ പോഷണം നല്കുന്നവര്‍ അധികമില്ല. ആധുനിക മലയാളസാഹിത്യ രചനകള്‍ പലതും ഭാഷാകതിരിനെ ബാധിച്ചിരിക്കുന്ന 'മുഞ്ഞ'യാണ്. ആധുനികസാഹിത്യം എന്ന പേരില്‍ പുറത്തിറങ്ങുന്ന ഉറക്കപ്പിച്ചു പറയുന്നതുപോലെയുള്ള കവിതകളും, ഇതര രചനകളും മലയാള ഭാഷയുടെ അന്തസ്സിനു അപമാനമാണ്. എഴുത്തു ശൈലിയിലേക്കുള്ള വര്‍ത്തമാന ശൈലിയുടെ കടന്നുകയറ്റവും അതിപ്രസരവും രചനകളുടെ നിലവാരം കാര്യമായ വിധത്തില്‍ കുറയ്ക്കുന്നുണ്ട്. ഭാഷയെ കൂടുതല്‍ ലളിതവത്ക്കരിക്കാനായി നടത്തുന്ന പല പരിശ്രമങ്ങളും സത്യത്തില്‍ അതിനെ മുരടിപ്പിക്കുകയാണോ ചെയ്യുന്നത് എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു. മധുരമലയാളം മലയാളികള്‍ക്ക് വിദൂരഭാവിയില്‍ അന്യമായിപ്പോകുമോ എന്ന ആശങ്കയും അ സ്ഥാനത്തല്ല.

ഭാഷയാണ് ഭൂഷണം. മാതൃ ഭാഷയായ മലയാളം സ്വരശുദ്ധമായി മൊഴിയാനും, തെറ്റില്ലാതെ എഴുതാനും, സ്ഫുടമായി വായിക്കാനുമുള്ള കഴിവിലാണ് മലയാളികള്‍ ഏറ്റവുമധികം അഭിമാനിക്കേണ്ടത്. പച്ചമലയാളം പറഞ്ഞു പറഞ്ഞു മലയാളി മടുക്കണം. കേരനാട്ടിലെ കാറ്റിന്റെ ചൂളംവിളിയിലും, ഒഴുകുന്ന പുഴകളുടെ ഓളക്കൊലുസ്സുകളിലും, കിളികളുടെ കളമൊഴിയിലും, മഴത്തുള്ളിക്കിലുക്കത്തിലും, മരങ്ങളുടെ മര്‍മ്മരത്തിലുമൊക്കെ മലയാളത്തിന്റെ മധുസ്വനം മുഴങ്ങി നില്ക്കണം. മലയോളം വളരണം മലയാളം. ഹ്രസ്വമെങ്കിലും നാളിന്നോളം എന്റെ എഴുത്തുവഴികളില്‍ ഒരു പിടി മലയാളമലരുകള്‍ വിരിയിക്കാന്‍ എന്റെ എളിയ തൂലികത്തുമ്പിനു ഭാഗ്യം സിദ്ധിച്ചതില്‍ ചാരിതാര്‍ഥ്യം മാത്രം. മധുര മലയാളത്തെ അമ്മിഞ്ഞപ്പാലെന്നവണ്ണം അധരതലങ്ങളില്‍ നുണഞ്ഞിറക്കാന്‍ ഇന്നും ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ മാതൃ ഭാഷാ സ്‌നേഹിയുടെ ആത്മാര്‍ഥമായ അക്ഷരപ്രണാമം. മരണമില്ലാത്ത മലയാളമേ, നിനക്ക് മംഗളങ്ങള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org