അഗ്നിവേശ്: അഗ്നി ആളിക്കൊണ്ടേയിരിക്കും

അഗ്നിവേശ്: അഗ്നി ആളിക്കൊണ്ടേയിരിക്കും

ഫാ. സെദ്രിക് പ്രകാശ് എസ് ജെ

1948 ജനുവരി 30 നു മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ നിരുദ്ധകണ്ഠനായി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു രാജ്യത്തോടു പറഞ്ഞു, "നമ്മുടെ ജീവിതങ്ങളില്‍ നിന്നു വെളിച്ചം അണഞ്ഞു പോയിരിക്കുന്നു, എല്ലായിടത്തും അന്ധകാരമാണ്!" സെപ്തംബര്‍ 11 നു സ്വാമി അഗ്‌നിവേശ് മരിച്ചപ്പോള്‍ രാഷ്ട്രത്തിന്റെ ആത്മാവില്‍ ആഴമേറിയ ഒരു ശൂന്യത അനുഭവപ്പെട്ടു. കുറെ പേരെ സംബന്ധിച്ച് മറ്റൊരു മഹാത്മാവ് നമ്മെ വിട്ടുപിരിഞ്ഞ തോന്നല്‍ തന്നെയാണിതുണ്ടാക്കിയത്. അതേസമയം, അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്നവരെ സംബന്ധിച്ച് അദ്ദേഹം അവശേഷിപ്പിച്ചിരിക്കുന്ന പൈതൃകം അര്‍ത്ഥമാക്കുന്നതൊന്നു മാത്രമാണ്. ആ പൈതൃകത്തെ ആദരിച്ചുകൊണ്ട് ആ അഗ്‌നി എന്നും നമുക്കുള്ളില്‍ ജ്വലിച്ചു നില്‍ക്കണം, ഒരു പക്ഷേ കൂടുതല്‍ തിളക്കത്തോടെ.
ആറു പതിറ്റാണ്ടിലേറെ നീണ്ടു കിടക്കുന്ന തന്റെ ഔദ്യോഗിക ജീവിതത്തില്‍ പാര്‍ശ്വവ്തകരിക്കപ്പെട്ട അനേകരുടെ ജീവിതത്തെ സ്വാമി പരിവര്‍ത്തനവിധേയമാക്കി. അടിമത്ത തൊഴിലിനെതിരെ ബന്ദുവാ മുക്തി മോര്‍ച്ചയിലൂടെ നല്‍കിയ സംഭാവനകളും വളര്‍ന്നു വരുന്ന വിദ്വേഷത്തിനെതിരായ നിരന്തരമായ പരിശ്രമങ്ങളും വരാനിരിക്കുന്ന തലമുറകളെല്ലാം അനുസ്മരിക്കും. സാമൂഹ്യവും സാമ്പത്തികവുമായ തിന്മകള്‍ക്കെതിരെ നിരന്തരം പോരാടിയ വ്യക്തിയായിരുന്നു സ്വാമി അഗ്‌നിവേശ്.
ജാര്‍ഖണ്ഡില്‍ പഹാരിയ ആദിവാസി ഗോത്രം നടത്തിയ ദാമിന്‍ മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിച്ചു. 2018 ല്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കു ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോ കുമ്പോള്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായ മാര്‍ഗില്‍ വച്ച് ഒരിക്കല്‍ കൂടി അദ്ദേഹം ആക്രമണം നേരിട്ടു. രൂ ക്ഷമായ അക്രമമായിരുന്നു അത്. അതേല്‍പിച്ച ആന്തരിക മുറിവുകളില്‍ നിന്ന് (വിശേഷിച്ചും കരളിനേറ്റ പരിക്കുകളില്‍ നിന്ന്) അദ്ദേഹത്തിനു പൂര്‍ണസൗഖ്യം ലഭിച്ചിരുന്നില്ല. ഗുണ്ടകള്‍ക്കെതിരെ ജാര്‍ഖണ്ഡിലെ മുന്‍ ഭരണകൂടം യാതൊരു നടപടികളും സ്വീകരിച്ചില്ല. അഗ്‌നിവേശ് എന്നും ഒരു പോരാളിയായിരുന്നു.
ക്രൂരവും മാരകവുമായ ഈ ആക്രമണങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്ന് സ്വാമിയുടെ സുഹൃത്തുക്കള്‍ പ്രത്യേകം പറയാറുണ്ട്. കീറിയ വസ്ത്രങ്ങളും പരിഭ്രാന്തമായ മുഖവുമായി നില്‍ക്കുന്ന പരിക്കേറ്റ സ്വാമിയുടെ ചിത്രം ജാര്‍ഖണ്ഡിലെ അക്രമത്തിനു ശേഷം വന്‍തോതില്‍ പ്രചരിച്ചിരുന്നു. ദല്‍ഹിയിലെ ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്വാമി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടു. ലിവര്‍ സിറോസിസ് ആണു സ്വാമിക്കെന്നു നിര്‍ണയിക്കപ്പെട്ടു. കരള്‍ മാറ്റിവയ്ക്കല്‍ ആസൂത്രണം ചെയ്യപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം പെട്ടെന്നു വഷളാകുകയും വെന്റിലേറ്റര്‍ ഘടിപ്പിക്കപ്പെടുകയുമായിരുന്നു. ഒടുവില്‍ പല അവയവങ്ങളുടെ പരാജയത്തിനു കീഴടങ്ങുകയും ചെയ്തു.
ആന്ധ്രാപ്രദേശിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച സ്വാമിക്ക് സെപ്തംബര്‍ 21 നു 81 വയസ്സ് പൂര്‍ത്തിയാകുമായിരുന്നു. കൊല്‍ക്കത്ത സെ. സേവ്യേഴ്‌സ് കോളേജില്‍ നിയമവും മാനേജ്‌മെന്റും പഠിപ്പിക്കുന്ന പ്രൊഫസറായി അല്‍പകാലം അദ്ദേഹം ജോലി ചെയ്തിരുന്നു. 1970 ല്‍ പേരും ജാതിയുമെല്ലാം ഉപേക്ഷിച്ച് സ്വാമി അഗ്‌നിവേശ് എന്ന പേരു സ്വീകരിച്ച് ആര്യ സമാജില്‍ ചേര്‍ന്നു. തുടര്‍ന്നു ഹരിയാനയില്‍ താമസമുറപ്പിക്കുകയും 1970ല്‍ ആര്യസഭ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. 1977 ല്‍ ഹരിയാന നിയമ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചുവെങ്കിലും ആര്യസമാജത്തിന്റെ അടുത്ത കാലത്തെ ഏറ്റവും പ്ര കീര്‍ത്തിക്കപ്പെട്ട നേതാവായി അഗ്‌നിവേശ് തുടരുന്നു. ആര്യ സമാജത്തിന്റെ ലോക കൗണ്‍സില്‍ പ്രസിഡന്റായി 2004-ല്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1981-ലാണ് സ്വാമി അഗ്‌നിവേശ് അടിമത്ത തൊഴിലാളി വിമോചന മുന്നണി സ്ഥാപിച്ചത്. ഇന്ത്യയെങ്ങുമുള്ള ആയിര കണക്കിന് അടിമ തൊഴിലാളികളെ സ്വതന്ത്രരാക്കിയ പ്രസ്ഥാനമാണത്. ഹിന്ദു, മുസ്ലീം ഐക്യത്തിന്റെ വക്താവായും അദ്ദേഹം നിലകൊണ്ടു. അടിമത്തത്തിന്റെ സമകാലികരൂപങ്ങളെകുറിച്ചുള്ള യു എന്‍ സമിതിയില്‍ അദ്ദേഹം പത്തു വര്‍ഷം അദ്ധ്യക്ഷനായിരുന്നു. ബദല്‍ നോബല്‍ സമ്മാനമെന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ശബ്ദരഹിതരുടെയും പാര്‍ശ്വവത്കൃതരുടെയും സേവനത്തിനുള്ള അംഗീകാരമായി ഹീറോ ഓഫ് ഹ്യുമാനിറ്റി അവാര്‍ഡ് മരണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിനു ലഭിച്ചു.
സ്വാമി രക്ഷിക്കുകയും ശബ്ദമേകുകയും ചെയ്ത ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തെ എന്നും സ്മരിക്കും. അതുപോലെ തന്നെയാണ് ഒരിക്കലെങ്കിലും അദ്ദേഹത്തെ കണ്ടവരും. എപ്പോഴും ശാന്തനും സ്ഥിതപ്രജ്ഞനും ഏറ്റവും അജ്ഞത നിറഞ്ഞ ചോദ്യങ്ങളെയും നേരിടുന്നതിനു വസ്തുതാഭദ്രമായ ഉത്തരങ്ങള്‍ സജ്ജമാക്കി നില്‍ക്കുന്നയാളുമായിരുന്നു സ്വാമി. അദ്ദേഹമൊരു തനി 'ബാബ' ആയിരുന്നില്ല. തന്റെ മനസ്സിലുള്ളത് തുറന്നു പറയുകയും എല്ലാത്തരം ആക്രമണങ്ങളെയും നേരിടാന്‍ സന്നദ്ധനായിരിക്കുകയും ചെയ്യുന്ന ഒരു ആക്ടിവിസ്റ്റായിരുന്നു സ്വാമിജി. സുഹൃത്തുക്കളും ശത്രുക്കളും ഒരേപോല 'മതേതര സ്വാമി' എന്നദ്ദേഹത്തെ വിളിച്ചുകൊണ്ടിരുന്നു, എന്ന് നാഷണല്‍ ഹെറാള്‍ഡിലെ ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുകയുണ്ടായി. ശാരീരികമായ ആക്രമണങ്ങളും ഭീഷണികളും എല്ലാമുണ്ടായെങ്കിലും അദ്ദേഹം തന്റെ ആദര്‍ശങ്ങളോടു ചേര്‍ന്നു നിന്നു. ഒരു യഥാര്‍ത്ഥ ആര്യസമാജ അംഗമായിരുന്നതിനാല്‍ സദാ കാവി വസ്ത്രങ്ങള്‍ ധരിച്ചിരുന്ന അദ്ദേഹത്തെ സംഘപരിവാര്‍ (വിശേഷിച്ചും ബിജെപിയും കൂട്ടാളികളും) എന്നും വെറുത്തു.
പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ജാവേദ് ആനന്ദ് "സ്വാമി അഗ്‌നിവേശ്, എന്റെ സുഹൃത്ത്" എന്ന ലേഖനത്തില്‍ എഴുതുന്നു, "അടിമുടി കാവി ധരിക്കുന്ന ഒരു ഹിന്ദു മതനേതാവെന്ന നിലയില്‍ സംഘപരിവാറിന്റെ 'കാവിരാഷ്ട്രീയത്തെ' എതിര്‍ത്തുവെന്നതാണ് വര്‍ഗീയ വിരുദ്ധ പ്രസ്ഥാനത്തിന് സ്വാമി അഗ്‌നിവേശ് നല്‍കിയ സവിശേഷമായ സംഭാവന. 'ദൈവത്തെ പുരോഹിതാധിപത്യത്തില്‍' നിന്നു സംരക്ഷിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ വിശാല പോരാട്ടത്തിന്റെ ഭാഗമായിരുന്നു മതത്തെയും രാഷ്ട്രീയത്തെയും കൂട്ടികുഴയ്ക്കുന്നതിനെതിരായ അദ്ദേഹത്തിന്റെ പോരാട്ടമെന്നത് ആ പോരാട്ടങ്ങളെ അനന്യമാക്കുന്നുവെന്നതാണു കൂടുതല്‍ പ്രധാനം." ഹിന്ദു പുരോഹിതാധിപത്യത്തിനെതിരെ മാത്രമല്ല, എല്ലാ തരം മതയാഥാസ്ഥിതികത്വങ്ങള്‍ക്കും കള്ളത്തരങ്ങള്‍ക്കുമെതിരായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍. മുസ്ലീം, ക്രിസ്ത്യന്‍ സമ്മേളനങ്ങളെ അസംഖ്യം തവണ അദ്ദേഹം അഭിസംബോധന ചെയ്തിട്ടുണ്ട്. ആ സമൂഹങ്ങള്‍ക്കെതിരെ നടക്കുന്ന ഹിന്ദുത്വയുടെ അക്രമങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും അവര്‍ക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടിരുന്നു അദ്ദേഹം. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അദ്ദേഹം പ്രസിദ്ധനാകാന്‍ അതാണു കാരണം. പക്ഷേ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ചില വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യേണ്ടി വന്നപ്പോള്‍ അദ്ദേഹം അതിനും മടിച്ചില്ല. കമ്യൂണലിസം കംബാറ്റ് എന്ന പ്രസിദ്ധീകരണത്തിലേക്കായി അദ്ദേഹം 1990 കളില്‍ തന്ന ഒരു ലേഖനം ഞാനിന്നും വ്യക്തമായി ഓര്‍ക്കുന്നു. "കൊച്ചുകുട്ടികളെ നരകത്തീയില്‍ എന്നേക്കുമായി ദഹിപ്പിക്കുന്നത് എന്തൊരു തരം ദൈവമായിരിക്കും?" ഞങ്ങളതു ആ മാസികയുടെ മുഖലേഖനമായി പ്രസിദ്ധപ്പെടുത്തി.
സ്വാമി അഗ്‌നിവേശ് മരണമടഞ്ഞതു തീര്‍ച്ചയായും സവിശേഷമായ ഒരു ദിവസത്തിലാണ്: സെപ്തംബര്‍ 9. (9/11). ചിക്കാഗോയിലെ ലോക മത സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദ 1893 ല്‍ തന്റെ വിഖ്യാതമായ പ്രസംഗം നടത്തിയതിന്റെ വാര്‍ഷികദിനമാണത്. മതപരമായ അസഹിഷ്ണുതയ്ക്കും തീവ്രവാദത്തിനുമെതിരെ അദ്ദേഹം അവിടെ ആഞ്ഞടിച്ചു. 1906 ല്‍ ഈ ദിവസത്തിലാണ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിലെ സത്യഗ്രഹ സമരം ആരംഭിച്ചത്. 2001 ല്‍ അമേരിക്ക അതിരൂക്ഷമായ ആക്രമണങ്ങള്‍ നേരിട്ടതും അതേ ദിവസമാണ്. മഹാഗാന്ധിയനായ ആചാര്യ വിനോബാ ഭാവെയുടെ 125-ാം ജന്മവാര്‍ഷികവുമാണത്. സ്വാമി അഗ്‌നി വേശിനെ ഇങ്ങനെ സംഗ്രഹിക്കാം: ഈ വാര്‍ഷികങ്ങള്‍ അടയാളപ്പെടുത്തുന്ന മതസഹിഷ്ണുത, അനുകമ്പ, നീതി, സത്യം, അഹിംസ, പങ്കുവയ്ക്കല്‍, ദാനം എന്നിങ്ങനെയുള്ള മൂല്യങ്ങളെയെല്ലാം അദ്ദേഹം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്തു.
ലോകത്തെ ഒരു കുടുംബമായി ഉള്‍ക്കൊള്ളുന്ന വാസുധൈവ കുടുംബം എന്ന ദര്‍ശനത്തില്‍ സ്വാമി അഗ്‌നിവേശ് വിശ്വസിച്ചു. സാമൂഹ്യനീതിയും ജാതിരഹിത സമൂഹവും കൈവരിക്കാനുള്ള അദ്ദേഹത്തിന്റെ പോരാട്ടം തീര്‍ച്ചയായും അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആയിരക്കണക്കിന് ആളുകള്‍ മുന്നോട്ട് കൊണ്ടുപോകും.
സ്വാമി അഗ്‌നിവേശിന്റെ മരണം രാജ്യത്തിനും, ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വസിക്കുകയും ഇന്ത്യയുടെ മതേതര ബഹുസ്വര ഘടനയെ വിലമതിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും വിശേഷിച്ചും, വലിയ നഷ്ടമാണ്! വിടപറഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ പൈതൃകം ഒരിക്കലും മരിക്കുകയില്ല – അഗ്‌നി എപ്പോഴും ജ്വലിക്കും!

(ഫാ. സെദ്രിക് പ്രകാശ് എസ്‌ജെ അന്തരാഷ്ട്ര പ്രസിദ്ധനായ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. സ്വാമി അഗ്‌നിവേശും അദ്ദേഹവും അടുത്ത സുഹൃത്തുക്കളായിരുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org