വിശുദ്ധിയുടെ വെണ്‍പ്രഭയുമായി വിശുദ്ധ ടൈറ്റസ് ബ്രാന്‍ഡ്‌സ്മ

(കര്‍മ്മലീത്ത രക്തസാക്ഷി)
വിശുദ്ധിയുടെ വെണ്‍പ്രഭയുമായി വിശുദ്ധ ടൈറ്റസ് ബ്രാന്‍ഡ്‌സ്മ
'ക്രിസ്തുവിനുവേണ്ടി ലോകത്തെ ജയിക്കുവാന്‍ ആഗ്രഹിക്കുന്നവനു ലോകവുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുവാന്‍ ധൈര്യമുണ്ടായിരിക്കണം.'
വി. ടൈറ്റസ് ബ്രാന്‍ഡ്‌സ്മ

കര്‍മ്മലീത്താ സന്ന്യാസിയും അധ്യാപകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാന്‍ഡ്‌സ്മ 2022 മേയ് 15 നു വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ടു. അനേകം വിശുദ്ധരെ തിരു സഭയ്ക്ക് പ്രദാനം ചെയ്ത കര്‍മ്മലീത്താ സഭയ്ക്ക് (O.Carm..) അഭിമാനകരമായ ഒരു ദിനമായിരുന്നു അത്.

കര്‍മ്മലീത്താ മാതൃസഭ - Order of Carmelites (O.Carm.):

പലസ്തീനായിലെ കാര്‍മ്മല്‍ മലയില്‍ 13-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് കര്‍മ്മലസഭയ്ക്ക് തുടക്കം കുറിക്കുന്നത്. പഴയ നിയമത്തിലെ ഏലിയ പ്രവാചകന്റെ അരൂപിയില്‍ കാര്‍മ്മല്‍ മലയിലും പരിസരങ്ങളിലും ഏകാന്തസന്യാസ ജീവിതം നയിച്ച, വിശുദ്ധ സ്ഥലത്തെ തീര്‍ത്ഥാടകരും കുരിശു യുദ്ധപോരാളികളുമാണ് കര്‍മ്മലീത്താ സഭയുടെ ആരംഭകര്‍ എന്നു വിശ്വസിച്ചുപോരുന്നു. 1251-ല്‍ പരിശുദ്ധ അമ്മയില്‍ നിന്നും ഉത്തരീയ(വെന്തിങ്ങ)ത്തിന്റെ വെളിപാട് സ്വീകരിച്ച വി. സൈമണ്‍ സ്റ്റോക് ഈ സഭയുടെ ജനറാളും കരുത്തുറ്റ നേതാവുമായതോടെ സഭ സുസ്ഥാപിതമാവുകയും ഇംഗ്ലണ്ടിലും യൂറോപ്പിലും പ്രചരിക്കുകയും ചെയ്തു. ഇപ്പോള്‍ 20 പ്രോവിന്‍സുകളിലായി 40-ല്‍പ്പരം രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന 2000-ഓളം അംഗങ്ങളുള്ള കര്‍മ്മലീത്താ മാതൃസഭ (O.Carm.) ഇന്ത്യയില്‍, പ്രധാനമായി കേരളത്തിലും പിന്നെ കര്‍ണ്ണാടകത്തിലും ആന്ധ്രാപ്രദേശിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നു. ധ്യാനാത്മക ജീവിതത്തിനും സാമൂഹികസേവനത്തിനും ഒരു പോലെ പ്രാധാന്യം നല്കുന്ന, നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കര്‍മ്മലീത്താ സന്ന്യാസ വൈദികര്‍ ഇടവക ശുശ്രൂഷ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, ധ്യാനാലയം, അഗതിമന്ദിരം തുടങ്ങിയ സേവന രംഗങ്ങളില്‍ വ്യാപൃതരാണ്.

വിശുദ്ധ ടൈറ്റസ് ബ്രാന്‍ഡ്‌സ്മ : 1881 ഫെബ്രുവരി 23 നു ഡച്ച് പ്രവിശ്യയായ (ഹോളണ്ടിന്റെ വടക്ക് ഭാഗത്തുള്ള) ഫ്രീസ്‌ലാന്‍ഡിലെ വോണ്‍സെറാഡീലില്‍ ജിസ്‌ജെയുടെയും ടൈറ്റസ് ബ്രാന്‍ഡ്‌സ്മയുടെയും ആറുമക്കളില്‍ അഞ്ചാമനായി ആനോ ബ്രാന്‍ഡ്‌സ്മ ജനിച്ചു. മുതിര്‍ന്ന നാലു സഹോദരിമാരും അനുജനും ഉള്‍പ്പെടെ എല്ലാവരും സന്യാസജീവിതം വരിച്ചവരാണ്. സ്വന്തമായ ക്ഷീരോല്പാദനകേന്ദ്രത്തില്‍ നിന്നുള്ള ആദായമായിരുന്നു കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗം. കത്തോലിക്കര്‍ ന്യൂനപക്ഷമായിരുന്ന ഫ്രീസ്‌ലാന്‍ഡില്‍ മത വിശ്വാസവും നാടിന്റെ സംസ്‌കാരവും ആനോയുടെ പിതാവ് പാലിച്ചു പോന്നു. ഫ്രാന്‍സിസ്‌കന്‍ വിദ്യാലയത്തില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനോ കര്‍മ്മലീത്താ മാതൃസഭയില്‍ ചേരുവാന്‍ തീരുമാനിച്ചു. 1898 സെപ്റ്റംബര്‍ 17-നു ബോക്‌സ്മീറില്‍ തന്റെ നവസന്യാസഘട്ടത്തില്‍ പിതാവിന്റെ നാമമായ ടൈറ്റസ് എന്ന പേരു സ്വീകരിച്ചു. 1899 ഒക്‌ടോബറില്‍ അദ്ദേഹം തന്റെ ആദ്യവ്രതവും 1905 ജൂണ്‍ 17-നു വൈദികപട്ടവും സ്വീകരിച്ചു.

റോമിലെ ഗ്രിഗോറിയന്‍ സര്‍വ്വ കലാശാലയിലെ തുടര്‍ പഠനങ്ങള്‍ക്കുശേഷം 1909-ല്‍ അദ്ദേഹം തത്വ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. വിദ്യാഭ്യാസത്തിന്റെ മൂല്യം തുടക്കത്തില്‍ത്തന്നെ മനസ്സിലാക്കിയ അദ്ദേഹം ആധുനിക സാമൂഹ്യ ശാസ്ത്രത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി. മിസ്റ്റിസിസത്തിലും അദ്ദേഹം വൈദഗ്ദ്ധ്യം നേടി. വിദ്യാഭ്യാസ മണ്ഡലത്തോടൊപ്പം ആദ്ധ്യാത്മികതയിലും പത്രപ്രവര്‍ത്തനത്തിലും അദ്ദേഹത്തിന് അതീവ താല്പര്യമുണ്ടായിരുന്നു. 1923-ല്‍ നിജ്‌മെഗനിലെ കത്തോലിക്ക സര്‍വ്വകലാശാല സ്ഥാപിക്കുവാന്‍ സഹായിച്ച അദ്ദേഹം പിന്നീട് അവിടെ അദ്ധ്യാപകനും പ്രൊഫസറും റെക്ടറും ആയി സേവനമനുഷ്ഠിച്ചു.

ജീവിതത്തിലുടനീളം ഏറ്റവും സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ പോലും ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും വക്താവായിരുന്നു വിശുദ്ധ ടൈറ്റസ് ബ്രാന്‍ഡ്‌സ്മ. വിദ്വേഷത്തിനു വഴങ്ങുന്നത് തിന്മയുടെ വിജയമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള വര്‍ഷങ്ങളില്‍ ഫാ. ടൈറ്റസ് നാസി പ്രത്യയശാസ്ത്രത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു. അവരുടെ ഹോളണ്ട് അധിനി വേശകാലത്ത് മാധ്യമ സ്വാതന്ത്ര്യത്തെയും പ്രത്യേകിച്ച് കത്തോലിക്ക മാധ്യമങ്ങളെയും സംരക്ഷിക്കുവാന്‍ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. അതിനാല്‍ത്തന്നെ 1942 ജനുവരി 19-ന് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. വിവിധ തടവറകളിലെ യാതനകള്‍ക്കുശേഷം ഡാഹൗ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ വച്ച് 1942 ജൂലൈ 26 നു മാരകമായ വിഷം കുത്തിവയ്ക്കപ്പെട്ട് അദ്ദേഹം ധീര രക്തസാക്ഷിത്വ മകുടം ചൂടി. 1985 നവംബര്‍ 3-ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും 2022 മേയ് 15-ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു.

ഓരോ വിദ്യാര്‍ത്ഥിയെയും അദ്ധ്യാപകന്‍ വ്യക്തിപരമായി മാനിക്കണമെന്ന അഭിപ്രായമുള്ള ദയാമയനായ അദ്ധ്യാപകനും വിദ്യാര്‍ത്ഥികള്‍ സ്വന്തമായി ചിന്തിക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണെന്നു വിശ്വസിക്കുകയും ചെയ്തിരുന്ന സര്‍വ്വകലാശാല പ്രൊഫസറും ആയിരുന്നു വി. ടൈറ്റസ് ബ്രാന്‍ഡ്‌സ്മ. ഒരു കര്‍മ്മലീത്താ സന്ന്യാസി എന്ന നിലയില്‍ കര്‍മ്മലസഭയുടെ ആത്മീയ പാരമ്പര്യം സര്‍വ്വകലാശാലയ്ക്ക് പുറത്തുള്ളവരുമായി പങ്കിടുവാന്‍ അദ്ദേഹം താല്പര്യം കാണിച്ചു. പത്രപ്രവര്‍ത്തനം ഒരു തരത്തിലുള്ള വിദ്യാഭ്യാസമാണെന്നു വി. ടൈറ്റസ് അടിയുറച്ച് വിശ്വസിച്ചിരുന്നു. 1935 അവസാനത്തോടെ കത്തോലിക്കാ പത്രപ്രവര്‍ത്തക സംഘടനയുടെ ദേശീയ ആത്മീയ ഉപദേശകനായിരുന്നപ്പോള്‍ നാസി പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണം അദ്ദേഹം എതിര്‍ത്തു. ധാര്‍മ്മിക മൂല്യങ്ങള്‍ക്കുവേണ്ടി ധീരതയോടെ നിലകൊണ്ട അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ജനീവ ആസ്ഥാനമായുള്ള അന്തര്‍ദേശീയ ക്രിസ്റ്റ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മീഡിയ (ICOM) 1990-ല്‍ 'ടൈറ്റസ് ബ്രാന്‍ഡ്‌സ്മ അന്തര്‍ദേശീയ മാധ്യമ പ്രവര്‍ത്തക അവാര്‍ഡ്' സ്ഥാപിച്ചിട്ടുണ്ട്.

ജീവിതത്തിലുടനീളം ഏറ്റവും സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ പോലും ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും വക്താവായിരുന്നു വി. ടൈറ്റസ് ബ്രാന്‍ഡ്‌സ്മ. വിദ്വേഷത്തിനു വഴങ്ങുന്നത് തിന്മയുടെ വിജയമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. നമ്മുടെ ശാരീരിക ജീവിതത്തിന് എന്നതുപോലെ ആത്മീയജീവിതത്തിനും ഭക്ഷണമാവശ്യമാണെന്നു വി. ടൈറ്റസിനു ബോധ്യമുണ്ടായിരുന്നു. കര്‍മ്മലീത്താ വിശുദ്ധരുടെ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ മുതല്‍ നിത്യേനയുള്ള വി. ബലിയര്‍പ്പണത്തിന്റെ പ്രാധാന്യവും ആവിലായിലെ വി. തെരേസ ശുപാര്‍ശ ചെയ്യുന്ന ആത്മീയമായ ദിവ്യകാരുണ്യ സ്വീകരണവും ജയിലറകളിലായിരിക്കുമ്പോള്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കിയിരുന്നു. 'ദിവ്യകാരുണ്യസ്വീകരണത്തിന്റെ അനന്തരഫലമാണ് ഗാഢമായ ധ്യാനാത്മകജീവിതം' എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. കുരിശിന്റെ വഴിയോടുള്ള അദ്ദേഹത്തിന്റെ അഗാധമായ ഭക്തി വിവിധ തടവിടങ്ങളിലെ പീഡകള്‍ സഹിക്കുവാന്‍ അദ്ദേഹത്തിന് ആത്മ ധൈര്യം പകര്‍ന്നുകൊടുത്തു. 'സത്യമായും നീ ഒരു മറഞ്ഞിരിക്കുന്ന ദൈവമാണ്' (Is: 45/15) എന്ന ഏശയ്യ പ്രവാചകന്റെ ആശയത്തോടു ചേര്‍ന്ന് അദ്ദേഹം പറയുന്നു: യഥാര്‍ത്ഥത്തില്‍ ദൈവം മറഞ്ഞിരിക്കുന്നു. വല്ലപ്പോഴും ഇവിടെയും അവിടെയുമല്ല, എല്ലായ്‌പ്പോഴും എല്ലായിടത്തും ദൈവം മറഞ്ഞിരിക്കുന്നു.

മിസ്റ്റിസിസത്തെ അദ്ദേഹം ഇങ്ങനെ നിര്‍വ്വചിച്ചു: ''മനുഷ്യരുമായുള്ള ദൈവത്തിന്റെ ഐക്യം വഴി അവര്‍ ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ബോധവാന്മാരാകുകയും ദൈവവുമായി ഒന്നായിത്തീരുകയും ചെയ്യുന്നു.'' മിസ്റ്റിക് ആകുവാനുള്ള ഓരോരുത്തരുടെയും വിളിയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്ന കാര്യത്തില്‍ വി. ടൈറ്റസ് ബദ്ധശ്രദ്ധാലുവായിരുന്നു.

കത്തോലിക്കാ വിശ്വാസ സംഹിതയില്‍ ഉറച്ചുനിന്നുകൊണ്ട് അവയുമായി പൊരുത്തപ്പെടാത്ത പ്രത്യയശാസ്ത്രങ്ങളോട് ഏറ്റുമുട്ടുവാനുള്ള ധൈര്യം വി. ടൈറ്റസ് ബ്രാന്‍ഡ്‌സ്മയ്ക്ക് ഉണ്ടായിരുന്നു. പീഡനങ്ങള്‍ ഏല്‍ക്കുന്ന സമയത്തും അദ്ദേഹം ദിവ്യകാരുണ്യം മുറുകെപിടിച്ച് ആശ്വാസം നേടി. 'അനുരഞ്ജകന്‍' എന്ന വിളിപ്പേരു സിദ്ധിച്ച അദ്ദേഹം വ്യക്തികള്‍ തമ്മിലുള്ളതു മാത്രമല്ല സഭൈക്യ പ്രവര്‍ത്തനങ്ങളിലും താല്പര്യം കാണിച്ചിരുന്നു. മറഞ്ഞിരിക്കുന്ന ദൈവവുമായുള്ള ആഴമായ ബന്ധം അദ്ദേഹത്തെ വിശുദ്ധിയുടെ വെണ്‍പ്രഭ ചാര്‍ത്തി.

തയ്യാറാക്കിയത്: ഫാ. ജോണ്‍സണ്‍ ഇളയിടത്തുകുന്നേല്‍ O.Carm.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org