മനസിലാകുന്ന കഥകള്‍, മനസിലാകാത്ത വിവാദങ്ങള്‍

മനസിലാകുന്ന കഥകള്‍,  മനസിലാകാത്ത വിവാദങ്ങള്‍
Published on

നിധിന്‍ പനവേലില്‍

വര്‍ഷം 2022. അയ്യപ്പനും കോശിയും എന്ന സിനിമയിലെ 'കലക്കാത്ത സന്ദനമേറും...' എന്ന പാട്ടുപാടിയ നഞ്ചിയമ്മ എന്ന ആദിവാസി ഗായികയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കപ്പെടുന്നു. യൂട്യൂബില്‍ ഒരു കോടിയിലേറെ ആളുകള്‍ കേട്ടുകഴിഞ്ഞ ആ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് അവാര്‍ഡെന്നു കേട്ടപ്പോള്‍ ജനമൊന്നാകെ സന്തോഷിച്ചു. ഇങ്ങനെ വേണം അവാര്‍ഡെന്നു പറഞ്ഞു, മനം നിറഞ്ഞു. സംഗീതത്തിന്റെ സങ്കീര്‍ണ്ണതകളൊന്നും അറിയാത്ത ഒരു നിഷ്‌കളങ്ക മനസിനുള്ളില്‍ നിന്നും കലര്‍പ്പില്ലാതെ ഊറിവന്ന ആ ഗാനം കേരളീയരുടെ നെഞ്ചിലാണ് പതിഞ്ഞത്.

മണിക്കൂറുകള്‍ എടുത്തില്ല വിവാദത്തിന്റെ തിരി കൊളുത്താന്‍. അവാര്‍ഡിനെ നിന്ദിക്കലാണിത്, സംഗീതത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ ഒന്നുമറിയാത്ത, രാഗങ്ങളോ രാഗവ്യത്യാസങ്ങളോ പഠിക്കാത്ത ഒരു ആദിവാസി ഗായികയ്ക്ക് അവാര്‍ഡ് കൊടുക്കുമ്പോള്‍ വര്‍ഷങ്ങളായി സംഗീതത്തിനായി ജീവിതം നല്‍കിയ, അതു സപര്യയാക്കിയ അനേകം ഗായകരെ നിന്ദിക്കലാണത് എന്നു പറഞ്ഞ് ആദ്യം സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്നത് സംഗീതജ്ഞന്‍ ലിനു ലാലാണ്.

ചിലര്‍ കഥകള്‍ പറയുന്നു. ചിലത് ചിലരെ തൊടുന്നു. ചിലത് പലരെ തൊടുന്നു. പലത് ചിലരെ തൊടുന്നു. പക്ഷേ കഥകള്‍ പറഞ്ഞു കൊണ്ടേയിരിക്കപ്പെടുന്നു. കഥകളേക്കാള്‍ ഭാരമില്ല ഭൂമിക്കും.

പിന്നെ അതങ്ങ് കേറി കത്തി. ആരാണീ ലിനുലാല്‍? സംഗീതം അവരുടെ മാത്രം അട്ടിപ്പേറാണോ? സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയായി. നഞ്ചിയമ്മയുടെ സംഗീതം ഹൃദയത്തില്‍ നിന്നു വരുന്ന ശുദ്ധ സംഗീതമാണ്. അതിനാണ് അവാര്‍ഡ് എന്ന് പറഞ്ഞു ഗായിക സിത്താരയടക്കം നിരവധിപേര്‍. സാധാരണ ജനം നഞ്ചിയമ്മയെയാണ് നെഞ്ചിലേറ്റിയത്. ഹൃദയം നിറയ്ക്കുന്ന അവാര്‍ഡുകള്‍ ഇതൊക്കെയെന്ന് പോസ്റ്റുകള്‍ നിരവധി. വിവാദങ്ങളോ സോഷ്യല്‍ മീഡിയ ബഹളങ്ങളോ അറിയാതെ പുരസ്‌കാരജേതാവ് വയനാട്ടിലെ ഊരിലെവിടെയോ ഉള്ളിലെ പാട്ടുകള്‍ ഇപ്പോഴും പാടുന്നുണ്ടാവാം.

വര്‍ഷം 1986 ല്‍ ടി പി ബാലഗോപാലന്‍ എം എ എന്ന കൊമേഴ്‌സ്യല്‍ ചിത്രത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും വര്‍ഷം 1990 ല്‍ കിരീടത്തിനു നാഷണല്‍ അവാര്‍ഡും 1991 ല്‍ ഭരതം നാഷണല്‍ അവാര്‍ഡും നേടി. സന്തോഷിച്ചത് മലയാളികള്‍ എല്ലാവരുമാണ്. ഞാന്‍ കണ്ട് കരഞ്ഞ സിനിമ, ഞാന്‍ കണ്ടു കയ്യടിച്ച സിനിമ, അതിന് അവാര്‍ഡ് എന്ന സന്തോഷമായിരുന്നു മലയാളിക്ക്.

അതുവരെയും ഞാന്‍ കാണാത്ത പടങ്ങള്‍ക്കായിരുന്നു അവാര്‍ഡ്. അതിനാല്‍ തന്നെ അവാര്‍ഡ് പടം, കൊമേഴ്‌സ്യല്‍ പടം എന്നൊരു വേര്‍തിരിവ് നമ്മുടെ വാക്കുകളില്‍ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അവാര്‍ഡ് പടമൊക്കെ ബുദ്ധിജീവികള്‍ക്കും കച്ചവട സിനിമ സാധാരണക്കാരനും എന്നൊരു വിലയിരുത്തല്‍ പോലും വന്നത്. ഭരതവും കിരിടീവും പോലുള്ള സിനിമകളും ഭരതനും പത്മരാജനും പോലുള്ള ചലച്ചിത്രകാരും ഇല്ലാതാക്കിയത് ആ അതിര്‍വരമ്പാണ്.

സാധാരണക്കാരനെ കണക്ട് ചെയ്യുന്ന നിലവാരമുള്ള ചിത്രങ്ങള്‍. അത് കാണികളുടെ നിലവാരവും കാഴ്ചയുടെ സംസ്‌കാരവും ഉയര്‍ത്തുകയാണ് ചെയ്തത്. അവാര്‍ഡുകള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ തന്നെയും തൂവാനത്തുമ്പികളും, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും, താഴ്‌വാരവുമൊക്കെ കാലത്തെ അതിജീവിച്ച് ഇന്നത്തെയും തലമുറകളുടെ കള്‍ട്ട് ക്ലാസിക് ആയി നിലകൊള്ളുന്നത് ദഹിക്കാന്‍ ബുദ്ധിമുട്ടില്ലാതെ ഏതൊരു കാലത്തും ഏതൊരു മനുഷ്യനും കണക്ടായതു കൊണ്ടാണല്ലോ.

വര്‍ഷം 2025, റാം c/o ആനന്ദി എന്ന ജനപ്രിയ നോവലിന് അഖില്‍ പി. ധര്‍മ്മജന്‍ എന്ന 33 കാരന് മികച്ച യുവസാഹിത്യകാരനുള്ള കേന്ദ്ര അവാര്‍ഡ് ലഭിക്കുന്നു. സന്തോഷിച്ചത് 90 കിഡ്‌സ് മുതല്‍ ജെന്‍ സി കിഡ്‌സ് വരെയാണ്. കാരണം ഇന്‍സ്റ്റയിലും, ഫെയ്‌സ്ബുക്കിലും മാത്രം അഭിരമിച്ചിരുന്നൊരു ഗണം, അതില്‍ വലിയ വിഭാഗം യുവജനങ്ങളും അതിലേറെ സ്‌കൂള്‍ കുട്ടികളും കൗമാരക്കാരും, ആദ്യമായായിരിക്കും ഒരു ബുക്ക് വാങ്ങി മുഴുവന്‍ വായിച്ചു തീര്‍ക്കുന്നത്. വായനയോടു കണക്ടഡ് അല്ലാത്തൊരു വിഭാഗത്തിനു പുസ്തകമിറങ്ങിയ 2020 മുതല്‍ 5 വര്‍ഷം കൊണ്ട് വായനയിലേക്ക് താല്‍പര്യം ജനിപ്പിക്കാനെങ്കിലും സാധിച്ചു എന്നതില്‍ അനിതരസാധാരണമായ കടപ്പാട് എഴുത്തുകാരന്‍ അര്‍ഹിക്കുന്നു.

ശേഷം ആരംഭിക്കുന്നു വിവാദം. യുവ എഴുത്തുകാരി ഇന്ദുമേനോന്‍ ''ഇത് പള്‍പ്പ് ഫിക്ഷന്റെ കാലമെന്നും സാഹിത്യ ഫിക്ഷന് ഇടമില്ലെന്നും...'' തീര്‍ന്നില്ല, ''അടുത്തതായി ഇനി മുത്തുച്ചിപ്പിയുടെ എഴുത്തുകാര്‍ക്കായിരിക്കും അവാര്‍ഡെന്നും...''. 5 ലക്ഷം കോപ്പികള്‍, 54 പതിപ്പുകള്‍ മുത്തുച്ചിപ്പിയേക്കാള്‍ ഈ പുസ്തകം അധികമായി വായിക്കാന്‍ പിള്ളേര്‍ കയ്യിലെടുത്തു എന്നത് തന്നെ ഇന്ദുമേനോന്‍ എന്നൊരു എഴുത്തുകാരിയുണ്ട്, വേറെയും പുസ്തകങ്ങളുണ്ട്, ഇനിയും ഇതുപോലുള്ള പുസ്തകങ്ങള്‍ ഒന്നു വായിച്ചു നോക്കണം എന്നൊക്കെ ചിന്തിക്കാന്‍, അവരെ ഫോണിന്റെ സ്‌ക്രീനില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ എങ്കിലും കാരണമാക്കിയെന്നത് മറന്നുകൂടാ.

അടുത്തതായി രംഗത്ത് കല്‍പ്പറ്റ നാരായണന്‍, ''ആ കൃതി എന്നെ വല്ലാതെ നിരാശപ്പെടുത്തി. എന്ന് മാത്രമല്ല അതൊരു അസുഖകരമായൊരു പ്രവണതയുടെ തുടക്കവും. ഈ എഴുത്തില്‍ ഭാവുകത്വത്തിന്റെ സ്പര്‍ശമില്ല.'' ഈ ഭാവുകത്വവും പിന്നെ അതിഭാവുകത്വവും എന്താണെന്ന് പോലും അറിയാത്ത പിള്ളേരാണ് ഇത് വായിച്ചത്, അവര്‍ക്കിത് തുടര്‍ന്ന് വായിക്കാന്‍ തോന്നിയത് അവരുടെ ഭാഷയേയും ലോകത്തെയും ആ എഴുത്തുകാരന് മനസിലാക്കാനും കണക്ട് ചെയ്യാനും കഴിഞ്ഞതു കൊണ്ടു കൂടിയാണല്ലോ. പിന്നെ വന്നത് എം. മകുന്ദനാണ്. ''അഖിലിന്റെ പുസ്തകം ഇത്രയും വിറ്റഴിക്കപ്പെടുന്നതിന് കാരണം സോഷ്യല്‍ മീഡിയയിലെ മാര്‍ക്കറ്റിംഗാണ്. ഖസാക്കിന്റെ ഇതിഹാസം കഴിഞ്ഞ 55 വര്‍ഷം കൊണ്ടു വിറ്റുപോയതിനേക്കാള്‍ കൂടുതല്‍ വിറ്റുവരവ് ഈ പുസ്തകത്തിന് ഈയൊരു വര്‍ഷമുണ്ടായിട്ടുണ്ട്.''

ഇത് പറഞ്ഞ മുകുന്ദനും, മുമ്പു പറഞ്ഞ യുവ എഴുത്തുകാരും ഇതേ ഇന്‍സ്റ്റയും, ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നുണ്ട്. അതില്‍ അവര്‍ പ്രമോഷന്‍ നടത്തുന്നുമുണ്ട്. എങ്കില്‍ അവര്‍ക്കും ഈ വഴി പുസ്തക വില്‍പന ലാഭകരമാക്കാമല്ലോ. അപ്പോള്‍, കാരണം അതൊന്നുമല്ല. എന്നാല്‍ അശോകന്‍ ചെരുവില്‍ വിമര്‍ശനങ്ങളെ വരേണ്യവര്‍ഗത്തിന്റെ അസൂയയായിട്ടാണ് കാണുന്നത്. ''സാഹിത്യത്തില്‍ കാണുന്ന അരാഷ്ട്രീയ, മധ്യവര്‍ഗ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയ ഇതില്‍ ഇല്ല.

എന്നാല്‍ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍, ട്രാന്‍സ് ജെന്റര്‍ തുടങ്ങിയ ഗൗരവ വിഷയങ്ങളുണ്ടുതാനും.'' മുതിര്‍ന്ന എഴുത്തുകാരി ചന്ദ്രമതി: ''പുതുയുഗത്തിന്റെ ഭാഷ എന്തെന്നറിയാനാണ് ഞാനീ പുസ്തകം വാങ്ങിയത്. എനിക്കത് ഇഷ്ടപ്പെട്ടു. അഖില്‍ അത് ആധികാരികമായും മനോഹരമായും അവതരിപ്പിച്ചിരിക്കുന്നു.'' ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകളിങ്ങനെ ''അഖിലിനോട് അസൂയപ്പെടാന്‍ ഞാന്‍ അല്‍പനല്ല, അയാളെ അഭിനന്ദിക്കണം''

''പള്‍പ്പ് ഫിക്ഷന്‍ പോലെ ഇതൊരു ആഫ്രിക്കന്‍ പായലാണ്, നിലവാരമില്ലാത്ത ഉല്പന്നങ്ങള്‍ വിപണി കീഴടക്കുന്നു'' എന്നൊക്കെ വിമര്‍ശിക്കപ്പെടുമ്പോഴും ആ പോപ്പുലര്‍ എഴുത്തിന് എല്ലാക്കാലത്തും മുട്ടത്ത് വര്‍ക്കിയുടെയും തകഴിയുടെയും പൊറ്റേക്കാടിന്റെയും കഥകള്‍ വായിച്ചപോലെ വായനക്കാരുണ്ട്, സാധാരണക്കാരന്റെ വായനാലോകമുണ്ട്.

ഒരു സര്‍ഗാത്മക സൃഷ്ടിയുടെ മേന്മ എത്ര പേര്‍ വായിച്ചു എന്നതുമല്ല, ഏത് അവാര്‍ഡ് കിട്ടി എന്നതുമല്ലല്ലോ. ഒരു പുസ്തകം എല്ലാവര്‍ക്കും മനസിലാകുന്ന പുസ്തകം എന്നത് മേന്മയോ ദോഷമോ അല്ല. വാങ്ങാനുള്ള പണവും വായിക്കാനുള്ള സമയവുമുണ്ടെങ്കില്‍ തന്നെ ഭാഗ്യം എന്ന് വായനയെ കരുതേണ്ടിയിരിക്കുന്ന ഒരു കാലത്തില്‍ പിള്ളേരെ പിടിച്ചു നിര്‍ത്തുന്നുണ്ടെങ്കില്‍ ചേതന്‍ ഭഗതും ലാജോ ജോസും അഖില്‍ പി. ധര്‍മ്മജനുമൊക്കെ നല്‍കുന്ന സംഭാവനയെ അവഗണിച്ചുകൂടാ. പക്ഷേ പുസ്തകം നല്ലതോ മോശമോ എന്ന് തെളിയിക്കുന്നത് കാലമാണ്. ഹൈപ്പുകളും ട്രെന്‍ഡുകളും നിത്യകാലം നില്‍ക്കില്ല. പക്ഷേ അസൂയയുടെ മോങ്ങലുകള്‍ക്ക് ഇടം കൊടുക്കാതിരിക്കാം. സഹിതമായത് സാഹിത്യം എന്നാണല്ലോ. രാഹിത്യത്തിന് എതിരാണ് ആ വാക്ക്. ഉള്ളിലടങ്ങി ഇരിക്കുക എന്നര്‍ഥം.

അത്തരത്തില്‍, ആലപ്പുഴക്കാരന്‍ റാം തന്റെ സിനിമ സ്വപ്നങ്ങളുമായി ചെന്നൈയിലെ റെയില്‍പാളങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്ന മനുഷ്യരുടെ ഇടയിലേക്ക് ഭാരമേറിയ ബാഗുകളുമായി ചെന്നുകേറുന്ന ജീവിതം. അവിടേക്ക് കടന്നുവരുന്ന ആനന്ദി, മല്ലി, പാട്ടി, രേഷ്മ, വെട്രി എന്നീ മനുഷ്യര്‍. അവിടെയുണ്ടാകുന്ന പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം. ഇതൊക്കെയും ഏതു കൃതികളിലും ഉണ്ടാകുന്ന പശ്ചാത്തലമാണെങ്കിലും പറഞ്ഞുപോകുന്ന ഭാഷയും പശ്ചാത്തലവും പുതുതലമുറയെ അകറ്റി നിര്‍ത്തുന്നില്ല, എന്നു മാത്രമല്ല സിമ്പിളായി ഒരു പരിചിതലോകം സെറ്റും ചെയ്യുന്നു.

ജോണര്‍ ഏതെന്നു ചോദിച്ചാല്‍ ഇങ്ങനെ പറയാം, ഒരു ഫീല്‍ഗുഡ് സിനിമാറ്റിക് നോവല്‍. അസാധാരണമാണെന്നോ മികച്ചതെന്നോ നോവലിസ്റ്റ് ഒരിടത്തും ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. പോപ്പുലര്‍, സീരിയസ്, നിലവാരമുള്ളത്, ഇല്ലാത്തത്, സാധാരണം, അസാധാരണം എന്നൊക്കെ അക്കാദമിക്കല്‍ ചര്‍ച്ചകള്‍ ആവാമെങ്കിലും ഇഷ്ടപ്പെട്ടാല്‍ വായിക്കും. കൂടുതല്‍ പേര്‍ക്ക് ഇഷ്ടമായതിനാല്‍ കൂടുതല്‍ ആളുകള്‍ വായിച്ചു. അത്രേയുള്ളൂ. ഇന്നും വൈക്കം മുഹമ്മദ് ബഷീറും, ഓ ഹെന്റിയും, ഏണസ്റ്റ് ഹെമിംഗ് വേയുമൊക്കെ ജീവിതത്തില്‍ ആദ്യമായി പുസ്തകം വായിക്കുന്നയാളെപ്പോലും സ്വാധീനിക്കാന്‍ കെല്പുള്ളവരാണ്.

ഏകാന്തതയുടെ 100 വര്‍ഷങ്ങളും, പാവങ്ങളുമൊക്കെ 5 കോടിയലധികം കോപ്പികള്‍ വിറ്റഴിഞ്ഞ് ഇപ്പോഴും വായിക്കപ്പെടുന്നു. കൂടുതല്‍ വായിക്കപ്പെട്ടു എന്നത് അവാര്‍ഡിന്റെ മാനദണ്ഡമാകരുതെന്നേയുള്ളൂ. പിന്നെയും വായിക്കാന്‍ തോന്നിപ്പിക്കുന്ന കാലാതിവര്‍ത്തിയായ ആശയവും കണ്ടന്റും അതിലുണ്ടോ എന്നത് തന്നെയാണ് മാനദണ്ഡം. പക്ഷേ അപ്പോഴും വായന പ്രോത്സാഹിപ്പിക്കപ്പെടാന്‍ ഇത്തരം പുസ്തകങ്ങള്‍ കാരണമാകുന്നുവെങ്കില്‍ നല്ലതെന്നേ പറയാന്‍ ഉള്ളൂ.

അല്ലാതുള്ള വാഴ്ത്തലുകള്‍ തെറ്റൊന്നും ചെയ്യാത്ത ആ എഴുത്തുകാരനു വെറുതേ കല്ലേറുകളും അസൂയയുടെ കണ്ണേറുകളും മേടിച്ചു കൊടുക്കുകയേയുള്ളൂ. (2017 മുതല്‍ അഖില്‍ ഫെയ്‌സ്ബുക്ക് ഫ്രണ്ടാണ്. അവിടെ കുത്തിക്കുറിക്കുന്നതൊക്കെ വായിക്കാറുമുണ്ട്. ഉള്ളില്‍ കഥകളുണ്ട്. സിനിമയുണ്ട്. ആ മോഹങ്ങള്‍ കൊണ്ട് 2018 എന്ന സിനിമയെ അയാള്‍ ചെത്തിമിനുക്കിയിട്ടുണ്ട്. ഇനിയും നാളെ കാണാന്‍ പോകുന്ന സിനിമകളും കാഴ്ചകളുമുണ്ടാകാം.)

പുസ്തകമോ കഥകളോ കവിതകളോ ആയകാലത്ത് എഴുതാതിരുന്ന, എന്നാല്‍ പറഞ്ഞു പറഞ്ഞ് കഥയായ ഒരു കഥാകാരനെ അനുസ്മരിച്ച് ഉപസംഹരിക്കാം. നിക്കോസ് കസന്‍ദസക്കീസ് അയാളെപ്പറ്റി ആളുകള്‍ പറഞ്ഞ ചില കാര്യങ്ങള്‍ എന്ന വിധത്തില്‍ അത് പുസ്തകമാക്കി. ''അവന്‍ പറഞ്ഞതത്രയും മുന്തിരിത്തോട്ടങ്ങളെപ്പറ്റിയും, ആടുമാടുകളെപ്പറ്റിയും, വയല്‍പ്പൂക്കളെപ്പറ്റിയും, ആകാശത്തിലെ പറവകളെപ്പറ്റിയു മൊക്കെയായിരുന്നല്ലോ... മനസ്സുകൊണ്ട് നമ്മളെല്ലാം മുന്തിരിത്തോട്ടങ്ങളെയും, ഇത്തിരിപ്പൂവുകളെയും, ആകാശപ്പറവകളെയുമൊക്കെ സ്‌നേഹിക്കുന്നവരാണല്ലോ...ആ കഥകളൊക്കെ നമുക്ക് മറക്കാന്‍ പറ്റുമോ? അപ്പോള്‍ ഒരു സ്ത്രീ പറഞ്ഞു: നസ്രായന്‍ സംസാരിച്ചതത്രയും ഹൃദയത്തിന്റെ വിങ്ങലുകളെക്കുറിച്ചായിരുന്നു. അതു നമ്മളെ തൊട്ടിരുന്നു.'' - Jesus the son of Man.

ചിലര്‍ കഥകള്‍ പറയുന്നു. ചിലത് ചിലരെ തൊടുന്നു. ചിലത് പലരെ തൊടുന്നു. പലത് ചിലരെ തൊടുന്നു. പക്ഷേ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കപ്പെടുന്നു. കഥകളേക്കാള്‍ ഭാരമില്ല ഭൂമിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org