നക്ഷത്രത്തിന്റെ പൊരുളധികാര ശോഭ

നക്ഷത്രത്തിന്റെ പൊരുളധികാര ശോഭ
ഭൂമിയില്‍ സന്മനസ്സുള്ളവരുടെ ഉള്ളിലെ ദീപാവലിയാണ് ഡിസംബര്‍ മാസത്തെ ക്രിസ്മസ്. നക്ഷത്രത്തിന്റെ ദീപപ്രഭയോടെയാണ് പ്രകൃതി അതിനെ ഘോഷിച്ചത്. ആ നക്ഷത്ര തിളക്കത്തെ പിന്തുടര്‍ന്നവര്‍ സഞ്ചരിച്ചത് യഥാര്‍ത്ഥ ക്രിസ്ത്വാന്വേഷണ പാതയിലും.

പരിശുദ്ധിയുടെ, നിഷ്കളങ്കതയുടെ, ആത്മാര്‍ത്ഥതയുടെ, പവിത്രമായ പ്രണയത്തിന്‍റെ പ്രതീകമാണ് ഹിമകണങ്ങള്‍. കവികളും ഗായകരും കലാകാരന്മാരും സുതാര്യമായ ഹിമ ബിന്ദുക്കളെ നോക്കി വാചാലരാകുന്നു. മനുഷ്യന്‍റെ ചേതോവികാരങ്ങളെ ഹിമകണങ്ങളായി പ്രകൃതി ചൊരിയുന്ന വേളകളാണ് ഡിസംബര്‍ മാസം. ആകാശത്തും ഭൂമിയിലും നക്ഷത്രങ്ങള്‍ ഒരുപോലെ മിഴി തുറക്കുന്ന കാലം. ആര്‍ഷഭാരതത്തിലെ ഋഷിവര്യന്മാരുടെ മനമന്ത്രമായിരുന്ന "തമസോ മാ ജ്യോതിര്‍ഗമയ"പ്രണവ നാദമായ് ഉയരുന്നു.

ഭൂമിയില്‍ സന്മനസ്സുള്ളവരുടെ ഉള്ളിലെ ദീപാവലിയാണ് ഡിസംബര്‍ മാസത്തെ ക്രിസ്തുമസ്. നക്ഷത്രത്തിന്‍റെ ദീപപ്രഭയോടെയാണ് പ്രകൃതി അതിനെ ഘോഷിച്ചത്. ആ നക്ഷത്ര തിളക്കത്തെ പിന്തുടര്‍ന്നവര്‍ സഞ്ചരിച്ചത് യഥാര്‍ത്ഥ ക്രിസ്ത്വാന്വേഷണ പാതയിലും. നക്ഷത്രത്തെ തിരയുന്നവര്‍ക്ക് ക്രിസ്തുവിനെ അഭിമുഖീകരിക്കേണ്ടി വരും.സാധകനും സഞ്ചാരിയും കവിയും ചിത്രകാരനുമെല്ലാം അനുഷ്ഠാനങ്ങളുടെ ഭാരമില്ലാതെയാണ് അവനെ തിരഞ്ഞത്. അതു കൊണ്ടാണ് മൈക്കലാഞ്ചലോയുടെ "പിയാത്തയും" ലിയോനാര്‍ഡൊ ഡാവിഞ്ചിയുടെ "അന്ത്യ തിരുവത്താഴവും (ഠവല ഘമെേ ടൗുുലൃ) "ക്രിസ്തുമസ് വിളക്കുകള്‍" എന്ന പേരില്‍ ഷിറാസ് അലി എഴുതിയ കവിതയുമെല്ലാം ക്രിസ്തു സാന്നിദ്ധ്യത്തിന്‍റെ തുടിപ്പുകളായി നിലകൊള്ളുന്നത്. സൂര്യപ്രകാശം അപ്രത്യക്ഷമാകുന്ന സമയങ്ങളില്‍ ഭൂമിയില്‍ വളരെയധികം പ്രകാശം പുറപ്പെടുവിക്കാന്‍ കഴിയുന്ന ഹാക്കമനൈറ്റ് എന്ന പ്രകാശപ്രതിഫലന ശേഷിയുള്ള ധാതുവിനെപ്പോലെ ആകാംക്ഷയുടെ മുള്‍മുനയില്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുകയാണ് ഈ നക്ഷത്ര രാവുകളും.

രാത്രിയില്‍ പ്രോജ്ജ്വലിക്കുന്ന പ്രകാശം എന്ന നിലയില്‍, നക്ഷത്രം പലപ്പോഴും സത്യത്തിന്‍റെയും ആത്മാവിന്‍റെയും പ്രത്യാശയുടെയും പ്രതീകമാക്കപ്പെടുന്നു. ഇരുട്ടില്‍ വഴികാട്ടുകയും നിഗൂഢതയുടെയും അജ്ഞതയുടെയും കള്ളി പുറത്താക്കുകയും ചെയ്യുന്ന പ്രകാശത്തെ നക്ഷത്രം പ്രതിനിധീകരിക്കുന്നു. വൈദിക ഭാഷ ബേത്ലഹേമിലെ താരകത്തെ ഒരു പ്രവചനത്തിന്‍റെ പൂര്‍ണ്ണതയായി കാണുന്നു. ജ്യോതിഷികളാകട്ടെ ആകാശത്ത് നടന്ന അസാധാരണ സംഭവവുമായും.

നക്ഷത്രം വഴികാട്ടലിന്‍റെ കരുതലിന്‍റെ ചില സ്മൃതി പരാഗങ്ങളെ നമുക്കു മുന്നില്‍ പാറിക്കുന്നുണ്ട്. വാനനിരീക്ഷകരായ മൂന്നു ജ്ഞാനികള്‍ ലോകത്തിന്‍റെ മൂന്നു കോണുകളില്‍നിന്നും ആ നക്ഷത്രത്തെ കണ്ട് ഇറങ്ങിപ്പുറപ്പെട്ടതാണ്. മഴക്കാടുകളും മരുഭൂമികളും അവര്‍ പിന്നിട്ടു. സമുദ്രങ്ങള്‍ മറികടന്നു. മണല്‍ക്കാറ്റിന്‍റെ അലര്‍ച്ചയും, മഞ്ഞുമലകളുടെ കുത്തിയൊഴുക്കും അവര്‍ അതിജീവിച്ചു. യാത്രക്കിടയില്‍ ഗ്രന്ഥച്ചുരുളുകള്‍ നിവര്‍ത്തി അവര്‍ വായിച്ചു. ഒപ്പം അവരുടെ ഹൃദയങ്ങളും തുറന്നു. ശാസ്ത്രത്തിന്‍റെ വെളിച്ചം ദൈവത്തിന്‍റെ കയ്യക്ഷരത്തിലേക്ക് പടര്‍ന്നു കയറി. അത് കൂട്ടിവായിക്കാന്‍ അവര്‍ക്കു സാധിച്ചു. ശരിയായ ദിശാബോധം കൈവരിക്കാന്‍, ദൈവജ്ഞരായി മാറാന്‍ നക്ഷത്രം നിമിത്തമായി. സ്വന്തമെന്നു കരുതിയ പ്രകാശങ്ങളെ ത്യജിച്ച് ആകാശത്തിലെ നക്ഷത്ര വെളിച്ചം പിന്‍ചെന്ന ജ്ഞാനികള്‍ കണ്‍കുളിര്‍ക്കെ കണ്ടത് രക്ഷയുടെ വെളിച്ചമായിരുന്നു. സ്വന്തം പരിസരങ്ങളില്‍ ദൈവമുണ്ടെന്ന വളരെ ഋജുവായ പാഠമാണ് നക്ഷത്ര ദര്‍ശനത്തിലൂടെ പാവപ്പെട്ട ആട്ടിടയന്മാര്‍ അന്നു മുതല്‍ ഇന്നുവരെ ഭൂമിയോട് പറയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നക്ഷത്രം നമ്മുടെ കണ്ണുകളോട് ദൈവം കാണിക്കുന്ന ക്ഷമയുടെ അടയാളം ആണെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞുവയ്ക്കുന്നു. ഇവിടെ ക്രിസ്തു അസാധാരണമായൊരു നക്ഷത്ര വെളിച്ചമായി മാറുന്നു. നക്ഷത്രത്തിന്‍റെ തിളക്കവും പ്രകാശവും അതിലേക്ക് ദൃഷ്ടി പായിക്കുന്ന ഓരോ വ്യക്തിയേയും ആശ്രയിച്ചിരിക്കും. അനുസരണത്തിന്‍റെ വഴികാട്ടുന്ന നക്ഷത്ര വെളിച്ചത്തില്‍ നിന്നും നമ്മുടെ കണ്ണുകള്‍ അറിയാതെ ബുദ്ധിയുടെ ഭ്രമണപഥങ്ങളില്‍ അകപ്പെട്ടു പോകുമ്പോള്‍ ആധുനിക ഹേറോദേസുമാരുടെ കൊട്ടാരങ്ങളില്‍ കുടുങ്ങിപ്പോകുന്ന അവസ്ഥകളും ഇന്ന് അന്യമല്ല. അതുകൊണ്ടാവണം "മങ്ങുന്ന നക്ഷത്രങ്ങള്‍ ക്രിസ്തുവില്‍ നിന്നകലുന്നവരുടെയൊക്കെ പ്രതിബിംബമാണെ"ന്നെഴുതാന്‍ ടി.എസ്.ഏലിയട്ടിനെ പ്രേരിപ്പിച്ചത്. ഇപ്രകാരം സങ്കുചിതത്വത്തിന്‍റെ കിഴുക്കാംതൂക്കായ പാറകള്‍ക്കു കീഴില്‍ പ്രകാശങ്ങളെ പരിമിതപ്പെടുത്തുന്ന നമ്മുടെ പ്രവണതകളെ തച്ചുടച്ചുകൊണ്ടാണ് നക്ഷത്രക്കൂട്ടങ്ങള്‍ ഉയര്‍ന്നു വരിക. അതൊരു കുളിര്‍മയായും ഹൃദയത്തിന് നനവായും അനുഭവപ്പെടുന്നു.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശത്തില്‍ അനേകായിരം നക്ഷത്രങ്ങളുണ്ടായിരുന്നു. അതിനിടയില്‍ നിന്നും രക്ഷകന്‍റെ നക്ഷത്രത്തെ വേര്‍തിരിച്ചറിഞ്ഞു എന്നതാണ് ജ്ഞാനികളുടെ നേട്ടം. ഇന്നും ജീവിത വിഹായസ്സില്‍ അനേകം നക്ഷത്രങ്ങള്‍ മിന്നിത്തെളിഞ്ഞുകൊണ്ടിരിക്കുന്നു.

വിവിധ തത്വശാസ്ത്രങ്ങള്‍, കള്‍ട്ടുകള്‍, മെഡിറ്റേഷന്‍ ടെക്നിക്കുകള്‍, രാഷ്ട്രീയ ദര്‍ശനങ്ങള്‍, മതാനുഷ്ഠാനങ്ങള്‍. ഇൗ ബാഹുല്യത്തിന്‍റെ തിരക്കിനിടയില്‍ വിമോചനത്തിന്‍റെ ജ്യോതിസ്സായ രക്ഷകനിലേക്ക് നയിക്കുന്ന നക്ഷത്രത്തെ വേര്‍തിരിച്ചറിയാന്‍ കഴിയുന്നുമില്ല. രക്ഷകന്‍റെ നക്ഷത്രം തിരിച്ചറിഞ്ഞ വിദ്വാന്മാര്‍ രക്ഷകനെ കണ്ടെത്താന്‍ നാടും വീടും വിട്ട് കുന്നും കുഴികളും താണ്ടി നക്ഷത്രത്തെ പിന്‍തുടര്‍ന്നു. പക്ഷേ നമ്മളോ? നന്മയുടെയും നിത്യജീവന്‍റെയും മാര്‍ഗ്ഗം ഏതാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും അതിനെ പിന്തുടരാന്‍ തയ്യറാകുന്നില്ല. ഉണ്മനിറഞ്ഞ, ഉണ്ണി ഈശോയും ഉഷകാല നക്ഷത്രമായ മാതാവും നീതിമാനായ ജോസഫും ഉള്ള പുല്‍ക്കൂട്ടില്‍ നിന്നും നമ്മെ അകറ്റികൊണ്ടുപോകുന്ന ആധുനിക താരശോഭയില്‍ നാം അന്ധരായിതീരാതിരിക്കട്ടെ.

ബേത്ലഹേമിനു മുകളില്‍ തെളിഞ്ഞുനിന്ന നക്ഷത്രം പിന്നെ താഴേക്കു പതിച്ചുവെന്ന് ഒരു പാരമ്പര്യ കഥയുണ്ട്, യാക്കോബിന്‍റെ കിണറിന്‍റെ ആഴങ്ങളിലേക്ക്. ഇന്നുമതിന്‍റെ അടിത്തട്ടില്‍ ജ്വലിച്ചു കിടപ്പുണ്ട്. പക്ഷേ, പ്രശ്നമുണ്ട്. "ഹൃദയ നൈര്‍മ്മ്യല്യമുള്ളവര്‍ക്കു മാത്രമേ നക്ഷത്രത്തിന്‍റെ ദര്‍ശനസൗഭാഗ്യം ലഭിക്കുകയുള്ളൂ" (സഞ്ചാരിയുടെ ദൈവം)

ഈ ചിന്താ വെളിച്ചം നമ്മെ നയിക്കുന്നത് പൊരുളാധികാര സത്യത്തിലേക്കാണ്. ആ പച്ചയായ യഥാര്‍ത്ഥ്യം ക്രിസ്തു തന്നെ ഗിരിപ്രഭാഷണത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്, "ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍;അവര്‍ ദൈവത്തെ കാണും" (മത്തായി 5:8)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org