നക്ഷത്ര മനുഷ്യര്‍

നക്ഷത്ര മനുഷ്യര്‍
Published on
  • ഫാ. ജെന്‍സ് പാലച്ചുവട്ടില്‍

കുട്ടിക്കാലത്ത് കുടുംബപ്രാര്‍ത്ഥനയ്ക്കിടെ ബൈബിള്‍ വായിച്ചപ്പോഴാണ് ആ വാക്യം ആദ്യമായി മനസ്സില്‍ പതിഞ്ഞത്. ''കിഴക്ക് കണ്ട നക്ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടക്കുന്ന സ്ഥലത്തിന് മുകളില്‍ വന്നു നിന്നു'' (മത്താ. 2:9). പിന്നീട് മുറ്റത്തുണ്ടാക്കിയ പുല്‍ക്കൂടിനു മുകളില്‍ ചെറുനക്ഷത്രം അപ്പച്ചന്‍ തൂക്കുമ്പോള്‍ ഈ നക്ഷത്രത്തിന് എന്തോ വലിയ പ്രാധാന്യമുണ്ടെന്ന് മനസ്സിലായി. അപ്പച്ചനില്‍ നിന്നു തന്നെയാണ്

ബെത്‌ലഹേമിലെ നക്ഷത്രത്തിന്റെ കഥ ആദ്യമായി കേട്ടു മനസ്സിലാക്കുന്നത്. ജ്ഞാനികളെയും ആട്ടിടയരെയുമൊക്കെ കാലിത്തൊഴുത്തിലെ ദിവ്യശിശുവിന്റെ പക്കലേക്കാനയിച്ച അത്ഭുതനക്ഷത്രത്തെപ്പറ്റി അപ്പച്ചന്‍ പറയുന്നത് കേട്ടിരുന്നപ്പോള്‍ അന്നേ മനസ്സിലുറപ്പിച്ചു എനിക്കും ഒരു നക്ഷത്രമാകണം; ഈശോയെ മറ്റുള്ളവര്‍ക്കു കാണിച്ചു കൊടുക്കുന്ന ഒരു കുഞ്ഞുനക്ഷത്രം!

ഈ ക്രിസ്മസ് കാലത്ത് നാം നമ്മോടു തന്നെ ചോദിക്കേണ്ട മൂന്നു ചോദ്യങ്ങളുണ്ട്. ഒന്ന്, ഞാന്‍ ഒരു നക്ഷത്രമാകുന്നുണ്ടോ? രണ്ട്, നക്ഷത്രങ്ങളായി നമ്മുടെ ജീവിതത്തില്‍ കടന്നുവരുന്ന മനുഷ്യരെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ? മൂന്ന്, ക്രിസ്തുവെന്ന പ്രഭാതനക്ഷത്രത്തെ നോക്കി യാത്ര ചെയ്യാന്‍ എനിക്ക് സാധിക്കുന്നുണ്ടോ? സ്വയം നക്ഷത്രമായിത്തീരുക എന്നതാണ് ക്രിസ്മസ് നല്‍കുന്ന പ്രഥമ സന്ദേശം. മറ്റുള്ളവര്‍ക്ക് ക്രിസ്തുവിന്റെ അടയാളമാകുന്ന, വഴികാട്ടിയാവുന്ന, വെളിച്ചമേകുന്ന നക്ഷത്രമായി നാം മാറണം.

സ്വയം നക്ഷത്രമായിത്തീരുക എന്നതാണ് ക്രിസ്മസ് നല്‍കുന്ന പ്രഥമ സന്ദേശം. മറ്റുള്ളവര്‍ക്ക് ക്രിസ്തുവിന്റെ അടയാളമാകുന്ന, വഴികാട്ടിയാവുന്ന, വെളിച്ചമേകുന്ന നക്ഷത്രമായി നാം മാറണം.

നക്ഷത്രങ്ങള്‍ അടയാളങ്ങളാണ്. ക്രിസ്മസ് ഇതാ വന്നെത്തി എന്നതിന്റെ അടയാളമായിട്ടാണ് നമ്മള്‍ വീടുകളിലും കടകളിലും പള്ളികളിലും പരിസരപ്രദേശങ്ങളിലുമെല്ലാം നക്ഷത്രങ്ങള്‍ ഉയര്‍ത്തുന്നത്. ക്രിസ്തുവിനെ സദാ അടയാളപ്പെടുത്തുന്ന ഒരു നക്ഷത്രമായി ഈ ക്രിസ്മസ് കാലത്ത് മാറാന്‍ നമുക്ക് കഴിയട്ടെ. നക്ഷത്രങ്ങള്‍ വഴികാട്ടികളാണ്. രക്ഷകന്‍ പിറന്നുവീണ സ്ഥലത്തേക്ക് ജ്ഞാനികള്‍ക്ക് വഴികാട്ടിയാവുന്നത് കിഴക്കുദിച്ച നക്ഷത്രമായിരുന്നു. ക്രിസ്മസിന് ഒരുക്കമായി നമ്മുടെ വീടിന്റെ മുന്നില്‍ നാം ഉയര്‍ത്തുന്ന ഓരോ നക്ഷത്രവും നമ്മോടു ചോദിക്കുന്നതും ഇതുതന്നെയാണ്.

നിനക്ക് ഒരു വഴികാട്ടിയാകാമോ? യേശുവിനെ അന്വേഷിച്ച്, യേശുവിനെ മനസ്സില്‍ ആഗ്രഹിച്ച്, അവനിലേക്ക് എത്തിച്ചേരാന്‍ വഴിയറിയാതെ നില്‍ക്കുന്ന ഒരുപാട് പേര്‍ക്ക് അവനിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന ഒരു വഴികാട്ടി. നക്ഷത്രങ്ങള്‍ വെളിച്ചമാണ്. സദാ തെളിഞ്ഞു നില്‍ക്കുന്നവ. എപ്പോഴും കത്തി നില്‍ക്കുന്നവ; കത്തിത്തീര്‍ന്നു കൊണ്ടിരിക്കുന്നവ. വെളിച്ചം നല്‍കുന്നതെന്തും, അത് ആകാശത്തിലെ നക്ഷത്രമായാലും ഭൂമിയിലെ മെഴുകുതിരിയായാലും സ്വയം ഇല്ലായ്മ ചെയ്തുകൊണ്ടാണ് പ്രകാശം പരത്തുന്നത്. സ്വയം ഇല്ലായ്മ ചെയ്തും മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കാന്‍ നമുക്ക് കഴിയണം. ധ്യാനത്തിലൂടെ ബോധിസത്വനായി മാറിയ സിദ്ധാര്‍ഥനെ നോക്കി സുജാത എന്നൊരു പെണ്‍കുട്ടി പറഞ്ഞതുപോലെ, ''നിങ്ങള്‍ ഇപ്പോള്‍ ഒരു നക്ഷത്രം പോലെയായിരിക്കുന്നു; കത്തുന്നൊരു നക്ഷത്രം.''

ജീവിതത്തില്‍ നക്ഷത്രങ്ങളായി കടന്നുവന്ന മനുഷ്യരെ ഓര്‍ക്കാനും തിരിച്ചറിയാനും കൂടി ഈ ക്രിസ്മസ് കാലത്ത് നാം പരിശ്രമിക്കണം. മടിയിലിരുത്തി കുരിശു വരയ്ക്കാന്‍ പഠിപ്പിച്ച അമ്മ, കൈപിടിച്ച് പള്ളിയില്‍ കൊണ്ടുപോയ അപ്പച്ചന്‍, പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ച സഹോദരങ്ങള്‍, അടുത്തിരുത്തി ഈശോക്കഥകള്‍ പറഞ്ഞു തന്ന അപ്പാപ്പനും അമ്മാമ്മയും... ഇവരെല്ലാം നക്ഷത്രങ്ങളാണ്. ഈശോയെ നമുക്കു കാണിച്ചുതന്ന നക്ഷത്രമനുഷ്യര്‍. ബാല്യകാലത്ത് മാത്രമല്ല, നാം വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നും താണ്ടിക്കയറുമ്പോഴൊക്കെ നക്ഷത്രങ്ങള്‍ കൂട്ടുണ്ടായിരുന്നു. ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും കൂടെയുള്ള സുഹൃത്തുക്കള്‍, അറിവിന്റെ ലോകത്തേക്കു കൈപിടിച്ചു നടത്തിയ ഗുരുഭൂതര്‍, സ്വന്തമായി കണ്ട് എന്റേതെന്ന് പറഞ്ഞ് ചേര്‍ത്തുപിടിക്കുന്ന പ്രിയപ്പെട്ടവര്‍. കൂടാതെ, പ്രത്യാശയുടെ കണിക പോലും നഷ്ടപ്പെട്ട് നിരാശയില്‍ കഴിഞ്ഞിരുന്നപ്പോള്‍ സ്‌നേഹത്തിന്റെ ലോകം കാണിച്ചുതന്ന പരിചിതരും അപരിചിതരുമായിരുന്നവരുമൊക്കെ നമ്മുടെ നക്ഷത്രങ്ങളായിരുന്നു. ആ നക്ഷത്രങ്ങളെ നോക്കി പ്രത്യാശയിലേക്കു നടന്നത് ഒരിക്കലും നമുക്ക് മറക്കാതിരിക്കാം.

അവസാനമായി, ക്രിസ്തുവെന്ന നക്ഷത്രത്തെക്കുറിച്ചു കൂടി. ക്രിസ്തു ഇരുട്ടില്‍ ഉദയം ചെയ്ത പ്രഭാതനക്ഷത്രമായിരുന്നു. കിഴക്ക് അവന്റെ നക്ഷത്രമാണ് ജ്ഞാനികളെ വഴി നടത്തിയത്. രണ്ടു വാക്കുകള്‍ ചേരുമ്പോള്‍ മൂന്നാമതൊരു നക്ഷത്രമാണ് ഉണ്ടാകേണ്ടതെന്ന് റോബര്‍ട്ട് ബ്രൗണിംങ് എഴുതിയിട്ടുണ്ട്. ക്രിസ്തു വാക്കുകള്‍ കൊണ്ട് നക്ഷത്രങ്ങള്‍ തീര്‍ത്തു. അവന്റെ വാക്കുകളും കര്‍മ്മങ്ങളും പ്രകാശം പരത്തുന്നതായിരുന്നു. ആ പ്രകാശത്തെ നോക്കി യാത്ര ചെയ്യാന്‍, ആ പ്രകാശത്തിലൂടെ സഞ്ചരിക്കാന്‍, നമുക്ക് കഴിയുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരു നക്ഷത്രത്തെ തിരയാന്‍ തയ്യാറാകുന്നവര്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ ക്രിസ്തുവിനെ അഭിമുഖീകരിക്കാതിരിക്കാന്‍ തരമില്ല. കവിയും ചിത്രകാരനും ജ്ഞാനിയും പോരാളിയുമൊക്കെ അനുഷ്ഠാനങ്ങളുടെ ഭാരമില്ലാതെ അവനെ പ്രണമിച്ചത് അതുകൊണ്ടാണ്.

ഈ നക്ഷത്രം കെടുമോ? ഉവ്വ്. ''അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു. ഒമ്പതാം മണിക്കൂര്‍ വരെ ഭൂമിയില്‍ മുഴുവന്‍ അന്ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു'' (ലൂക്കാ 23:44-45). അതായത്, അവിടുന്ന് കൂടെയുള്ളപ്പോള്‍ ഏത് പാതിരാവിലും എന്റെ സൂര്യന്‍ തെളിയുന്നു. അവിടുന്ന് കടന്നുപോകുമ്പോള്‍ മധ്യാഹ്നങ്ങളിലും എന്റെ സൂര്യന്‍ കെട്ടുപോകുന്നു. ഇരുട്ടിനെക്കാള്‍ ഇരുട്ടാകുന്ന ജീവിതമായി നമ്മുടേത് മാറാതിരിക്കട്ടെ. തന്റെ അവസാനനാളില്‍ ഐന്‍സ്റ്റൈന്‍ പറയുകയുണ്ടായി, ''അനതിവിദൂരങ്ങളായ നക്ഷത്രങ്ങളിലേക്കു ഞാന്‍ യാത്ര നടത്തി. എന്നാല്‍ ഏറ്റവും അരികിലത്തെ താരകം ഞാന്‍ കണ്ടറിഞ്ഞില്ലല്ലോ.'' ക്രിസ്തു എന്ന എന്റെ ഏറ്റവും അരികിലത്തെ താരകത്തിനും എന്റെ പ്രിയപ്പെട്ട നക്ഷത്ര മനുഷ്യര്‍ക്കും മുമ്പില്‍ കൂപ്പുകൈകളോടെ...

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org