നക്ഷത്ര വിളക്ക്

നക്ഷത്ര വിളക്ക്

വല്ലാത്ത വേദന തോന്നി ആ കഥ കേട്ടപ്പോള്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എന്റെ ഒരു സഹപാഠി പറഞ്ഞതാണ്. അയാളുടെ വീടിന്റെ തൊട്ടുള്ള ഒരു കുബേര ഭവനത്തില്‍ വേലയ്ക്കു നിന്നിരുന്ന ഒരു സാധുബാലന്‍ അവിടത്തെ കൊച്ചമ്മയുടെ നിഷ്ഠൂരമര്‍ദനങ്ങള്‍ക്കിരയായി പനി പിടിച്ചു മരിച്ചുവത്രെ. അന്ന് എന്റെ കൊച്ചു ഹൃദയം വേദനിച്ചു. കണ്‍പീലികള്‍ നനഞ്ഞു. ആരോടൊക്കെയോ എനിക്കു വെറുപ്പുതോന്നി. എന്തിനോടോ ചില എതിര്‍പ്പുകളും.

ആ കുട്ടി ആരെന്നോ ഏതെന്നോ എനിക്കറിഞ്ഞു കൂടാ. ഹൃദയത്തിന്റെ ഉള്ളറയില്‍ ഊറിക്കിടന്ന ആ നൊമ്പര സ്മരണയെ പശ്ചാത്തലമാക്കി ഏതാനും സങ്കല്പ കഥാപാത്രങ്ങളെ മനസ്സില്‍ കണ്ടുകൊണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നാടകത്തിനു രൂപം കൊടുത്തു. അതിന്റെ പേരാണ് 'നക്ഷത്രവിളക്ക്.'

ആഹ്ലാദം തിരതല്ലുന്ന, നക്ഷത്രവിളക്കുകള്‍ തെളിയുന്ന, ലാത്തിരിയും പൂത്തിരിയും കത്തുന്ന, കരോള്‍ ഗാനം ഒഴുകി വരുന്ന ഒരു ക്രിസ്മസ് രാത്രിയില്‍ ആരംഭിച്ചു, അടുത്തവര്‍ഷത്തെ ക്രിസ്മസ് രാത്രിയില്‍ കൊളുത്താന്‍ കഴിയാത്ത വിധത്തില്‍, ഹൃദയം വിങ്ങിപ്പൊട്ടുന്ന സാഹചര്യത്തില്‍, മനസ്സില്‍ ശൂന്യതമാത്രം അവശേഷിപ്പിച്ചുകൊണ്ടു, ശോകനിര്‍ഭരമായി അവസാനിക്കുന്ന ഒരു നാടകം. കുട്ടപ്പന്‍ എന്ന കുരുന്നുബാലന്റെ കരളലയിക്കുന്ന കഥയാണ് ഇതിന്റെ ഉള്ളടക്കം.

പാവപ്പെട്ട് മത്തായിച്ചേട്ടന് രണ്ടു മക്കള്‍. യുവതിയും സുശീലയുമായ ലിസിയും പടുവികൃതിയായ കുട്ടപ്പനും. നല്ലവരായ കാദര്‍ മാപ്പിളയും മകന്‍ മൂസ്സയും കോളജ് വിദ്യാര്‍ത്ഥിയായ രാജനും തൊട്ടു അയല്‍പക്കത്തു കഴിയുന്നു. വികൃതിയാണെങ്കിലും പഠിപ്പ് നിര്‍ത്തിയെങ്കിലും ചൊടിയും മിടുക്കുമുള്ള കുട്ടപ്പനെ രാജന് വലിയ ഇഷ്ടമാണ്.

കുട്ടപ്പന്റെ കുറുമ്പുകള്‍ക്ക് എന്നും അപ്പന്റെ ശിക്ഷ കിട്ടും. അവനെക്കൊണ്ടുള്ള ശല്യം കൂടിക്കൂടി വന്നു. ഒരു ദിവസം അപ്പന്റെ കഠിനമായ പ്രഹരം കഴിഞ്ഞതേയുള്ളൂ. ആ സമയത്ത് അവന്റെ അമ്മയുടെ സഹോദരന്‍ (അച്ചന്‍) വീട്ടില്‍ വന്നു. വിവരമെല്ലാമറിഞ്ഞപ്പോള്‍, എന്തെങ്കിലും ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് അവനെ കൂട്ടിക്കൊണ്ടുപോയി. കുട്ടപ്പന്‍ പോകുന്നതിനു മുമ്പായി, തൊട്ടുമുമ്പ് അടിച്ചു പുറംപൊളിച്ച അപ്പനോടും നിറമിഴികളോടെ നില്‍ക്കുന്ന ചേച്ചിയോടും യാത്ര പറഞ്ഞു. രാജന്‍ വാങ്ങിക്കൊടുത്ത പന്തും പീപ്പിയും ചേച്ചിയെ ഏല്പിച്ചിട്ടാണ് അവന്‍ പോയത്.

കുട്ടപ്പന് ഒരു കുബേര ഭവനത്തില്‍ ജോലികിട്ടി. ഇനി മുതല്‍ നല്ലവനാകാന്‍ അവന്‍ സ്വയം തീരുമാനിച്ചു - മുതലാളി സന്മനസ്സുള്ളവനാണെങ്കിലും ഭാര്യ സാറാമ്മ അവനെക്കൊണ്ടു ഭാരിച്ച ജോലികള്‍ ചെയ്യിച്ചു. ക്രൂരമായി പീഡിപ്പിച്ചു. പനിയുള്ളപ്പോള്‍ പോലും അവനെ തല്ലി പണിയെടുപ്പിച്ചു. ഒടുവില്‍ ഫലപ്രദമായ ചികിത്സ ലഭിക്കാതെ കുട്ടപ്പന്‍ മരണമടയുന്നു. പരീക്ഷ കഴിഞ്ഞ് രാജന്‍ നാട്ടിലെത്തുന്നു. രാജന്‍ ഏറെ സ്‌നേഹിക്കുന്ന കുട്ടപ്പന്‍ രാജന്റെ ഭവനത്തില്‍ തന്നെയാണ് വേലയ്ക്ക് നിന്നിരുന്നതെന്ന് ആരും അറിഞ്ഞതേയില്ല. ആ സത്യം രാജന്‍ നടുക്കത്തോടെ അറിയുമ്പോഴേക്കും കുട്ടപ്പന്‍ മരിച്ചു കഴിഞ്ഞിരുന്നു.

ജീവനെപ്പോലെ താന്‍ സ്‌നേഹിക്കുന്ന ചേച്ചിക്കു സമ്മാനിക്കാനായി തന്റെ വക സമ്പാദ്യം കൊണ്ട് ഒരു സാരി വാങ്ങിവച്ചിരുന്ന കുട്ടപ്പന്‍, വീട്ടിലേക്കു തിരിച്ചു ചെല്ലുമ്പോള്‍ കളിക്കാന്‍ വേണ്ടി പന്തും പീപ്പിയും ചേച്ചിയെ ഏല്പിച്ചു പോന്ന കുട്ടപ്പന്‍, അടുത്ത ക്രിസ്മസ്സിന് വര്‍ണ്ണക്കടലാസൊട്ടിച്ച നക്ഷത്രവിളക്കു കൊളുത്താന്‍ കൊതിച്ചിരുന്ന കുട്ടപ്പന്‍ വെറും ഓര്‍മ്മ മാത്രമായി.

ഞാന്‍ സംവിധാനം ചെയ്ത ഈ നാടകത്തിന്റെ ആദ്യ അവതരണം തന്നെ ഗംഭീര വിജയമായിരുന്നു. ആയിടയ്ക്ക് തൃശ്ശൂരില്‍വച്ച് നടന്ന നാടകമത്സരത്തില്‍ രചനയ്ക്കും അവതരണത്തിനുമുള്ള ഒന്നാം സമ്മാനങ്ങള്‍ ഈ നാടകം കരസ്ഥമാക്കി. ഇതില്‍ മത്തായിചേട്ടന്റെ റോളാണ് ഞാനഭിനയിച്ചത്. ഒരു നടന്റെ കഴിവു മാറ്റുരച്ചു നോക്കാന്‍ പറ്റിയ കഥാപാത്രം. വിവിധ ഭാവങ്ങള്‍! വിവിധ വികാരങ്ങള്‍!

മകന്റെ വിശേഷമറിയാന്‍ ചെന്ന മത്തായിച്ചേട്ടന്‍ കാണുന്നതു മരണാസന്നനായി കിടക്കുന്ന കുട്ടപ്പനെയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ മരിക്കുന്നു. ഹൃദയം പൊട്ടു മാറുച്ചത്തില്‍ ''കുട്ടപ്പാ, പൊന്നുമോനേ...'' എന്നു വിളിച്ചു മത്തായിച്ചേട്ടന്‍ പൊട്ടിക്കരയുന്നു. ഈ രംഗത്തിന്റെ അന്ത്യത്തില്‍ മുതലാളിയുടെയും മകന്‍ രാജന്റെയും അപേക്ഷ വകവയ്ക്കാതെ, ഭാവ ഗാംഭീര്യത്തോടെ, കുട്ടപ്പന്റെ മൃതശരീരം താങ്ങിയെടുത്തുകൊണ്ട് മത്തായിച്ചേട്ടന്‍ പുറത്തേക്കു നീങ്ങുന്നു. ഈ നാടകത്തിലെ ഉള്ളുലയ്ക്കുന്ന ഒരു രംഗമാണിത്.

ഈ ഭാഗം അവതരിപ്പിച്ചപ്പോള്‍ ഒരു ചെറിയ പ്രശ്‌നമുണ്ടായി. ഞാന്‍ വളരെ തന്മയത്വമായി അഭിനയിച്ചു മന്ദം മന്ദം നീങ്ങുകയാണ്. ആ നേരത്തു എനിക്കൊരു ആശങ്ക. കുട്ടപ്പന്‍ എന്റെ കയ്യില്‍ നിന്നു വഴുതി താഴെ വീഴുമോ എന്ന്. കാരണം അവനെ കോരിയെടുത്തപ്പോള്‍ വേണ്ടതുപോലെ പിടിമുറുകിയിരുന്നില്ല. സ്‌റ്റേജിന്റെ പകുതി വരെയെത്തി. കുട്ടപ്പന്‍ അല്പാല്പം ഇഴുകിയിഴുകി വരുന്നു. വീണുപോയാല്‍ മരിച്ച കുട്ടപ്പന്‍ ചാടി എഴുന്നേറ്റു കരയും. ട്രാജഡി കോമഡിയാവും. നാടകം പൊളിയും. എന്റെ ഉള്ളിലെ ആശങ്കയും ഭയവും പുറത്തു കാട്ടാതെ, അഭിനയത്തിന്റെ തീക്ഷ്ണതയ്ക്ക് കോട്ടം വരുത്താതെ, മിന്നലുപോലെ ഒരു മനോധര്‍മ്മം ഞാന്‍ പ്രയോഗിച്ചു. അതായത് ദുഃഖത്തിന്റെ പാരമ്യത്തില്‍ വികാരവിവശനായി മകന്റെ ഭാരം താങ്ങാനാവാതെ, തളര്‍ന്നു താഴ്ന്ന് സ്റ്റേജില്‍ ഒരു മുട്ടുകുത്തുന്നു. ആ അവസ്ഥയില്‍ പൊന്നുമോനെ ഉറ്റുനോക്കിക്കൊണ്ട് ഉദാത്തമായ ഭാവാഭിനയം ഞാന്‍ കാഴ്ചവയ്ക്കുന്നു. ഇതിനിടയില്‍ സൂത്രത്തില്‍ പ്രേക്ഷകരാരും അറിയാതെ, തെല്ലുപോലും സംശയം തോന്നാതെ, കുട്ടപ്പനെ നല്ല ഏനത്തിനു മുറുകിപ്പിടിച്ചശേഷം സാവധാനം എഴുന്നേറ്റു മന്ദം മന്ദം പോകുന്നു.

നാടകം തീര്‍ന്നപ്പോള്‍, മുമ്പ് അഭിനയിച്ചതിനേക്കാള്‍ ആ ഭാഗം ഗംഭീരമായെന്നും ദുഃഖത്തിന്റെ പൂര്‍ണ്ണതയില്‍ പിതാവിന്റെ ആ തളര്‍ച്ച അവിടെ സ്വാഭാവികമാണെന്നും എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു സുഹൃത്തിന്റെ ചോദ്യം , ''എന്തേ ജോസേ, ആദ്യം അവതരിപ്പിച്ചപ്പോള്‍ ഇങ്ങനെ അഭിനയിക്കാതിരുന്നത്?'' നാടകം പൊളിയാതിരിക്കാന്‍ പ്രയോഗിച്ച ഒരു ടെക്‌നിക്കാണതെന്നു അവരുണ്ടോ അറിയുന്നു. എന്തായാലും തക്ക സമയത്തെ ഒരു മനോധര്‍മ്മം നാടകത്തെ മനോഹരമാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ.

കീഴ്ജീവനക്കാരോടു ക്രൂരത കാട്ടുന്ന - മണിമന്ദിരങ്ങളില്‍ മെയ്യനങ്ങാതെ മഹാറാണികളായി വാഴുന്ന സാറാമ്മയെപ്പോലുള്ള കൊച്ചമ്മമാര്‍ ഇന്നും സുലഭമാണ് നമ്മുടെ സമൂഹത്തില്‍. അത്തരം കൊച്ചമ്മമാര്‍ക്കുള്ള ഒരു താക്കീതു കൂടിയാണീ നാടകം.

1961 ലാണ് 'നക്ഷത്രവിളക്ക്' പ്രസിദ്ധീകരിച്ചതെങ്കിലും എഴുതിയത് 1959 ലാണ്. ആ വര്‍ഷമാണ് എന്റെ വിവാഹം നടന്നത്. നക്ഷത്രവിളക്കിന് മറ്റൊരു ചെറിയ പ്രത്യേകതയുണ്ട്. വിവാഹം കഴിഞ്ഞിട്ട് - ലിസി എന്റെ ജീവിതസഖിയായി വന്നിട്ട് - ഞാന്‍ ആദ്യമെഴുതുന്ന നാടകം.

നാടകമെഴുതാന്‍ തുടങ്ങുന്നതിനു മുമ്പ്, തമാശരൂപത്തില്‍ ഞാനവളോട് പറഞ്ഞു: ''വലതുകാലുവച്ച് ഈ വീട്ടിലേക്കു കയറി വന്നവള്‍ വര്‍ക്കത്തുള്ളവളാണോ എന്ന് ഇതോടെ അറിയാം.''

ഞങ്ങള്‍ ഇരുവരും ചിരിച്ചു. നാടകം യഥാസമയം എഴുതി പൂര്‍ത്തിയായി. അവതരിപ്പിച്ചു. മുന്‍ നാടകങ്ങളേക്കാള്‍ വിജയിച്ചു. രചനയ്ക്കും അവതരണത്തിനും സമ്മാനങ്ങള്‍ നേടി. ഇതെല്ലാമായപ്പോള്‍ ഒരു ദിവസം ലിസി പറഞ്ഞു:

''എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് ഒരു വാചകം പറഞ്ഞില്ലെ? കളിയായി പറഞ്ഞതാണെങ്കിലും എന്റെ ഉള്ളില്‍ ചെറിയ ഭയമുണ്ടായിരുന്നു. എഴുതി തീരുന്നതുവരെ എന്നും ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.'' തുടര്‍ന്ന് അവള്‍ തെല്ലൊരു തലക്കനത്തോടെ പറഞ്ഞു: ''എന്റെ പ്രാര്‍ത്ഥനകൊണ്ടാ നാടകം വിജയിച്ചത്.''

''അല്ല. ഞാന്‍ ഉള്ളുചുട്ടു എഴുതിയതുകൊണ്ട്.''

എന്തായാലും പരിഭവം തോന്നാതിരിക്കാന്‍ സമ്മതിച്ചുകൊടുത്തു. സന്തോഷിപ്പിക്കാന്‍ വേണ്ടി ഞാന്‍ മറ്റൊന്നുകൂടി പറഞ്ഞു. ''അതുകൊണ്ടല്ലെ നാടകത്തിലെ നായികയ്ക്കു നിന്റെ പേര് കൊടുത്തത്.''

ഈ നാടകത്തില്‍ ഹൃദയദ്രവീകരണ ശക്തിയുള്ള ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. ഒന്നും മനപൂര്‍വം സൃഷ്ടിച്ചതല്ല. കഥാഗതിയില്‍ എല്ലാം സ്വാഭാവികമായി മനസ്സിലേക്ക് ഒഴുകിവന്നതാണ്. ഇതിലെ ചില രംഗങ്ങള്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. ചില കഥാപാത്രങ്ങളുടെ വേദനകള്‍ സ്വയം അനുഭവിച്ചപ്പോള്‍, അവരുടെ വികാരങ്ങളില്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ സംഭവിച്ചുപോയതാണ്.

നാലു പതിറ്റാണ്ടുകളിലായി ഇതിന്റെ ഒമ്പതിനായിരം കോപ്പികള്‍ വിറ്റഴിഞ്ഞു. നക്ഷത്രവിളക്ക് തെളിയാത്ത - അരങ്ങേറാത്ത - ഒരു പ്രദേശവും കേരളക്കരയിലുണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം. കേരളത്തിനകത്തും പുറത്തും ഇന്ത്യയ്ക്കു വെളിയിലും സാര്‍വത്രികമായി എന്റെ 'നക്ഷത്രവിളക്ക്' തെളിഞ്ഞിട്ടുണ്ട്.

അങ്ങനെ ഏതെല്ലാം സ്ഥലങ്ങള്‍ എത്രയെത്ര 'കുട്ടപ്പന്മാര്‍' ഇത് അഭിനയിച്ചു. അവര്‍ ആരൊക്കെയാണ്? എവിടെയാണ്? അറിയില്ല. നാടകൃത്തും ആകാശവാണി മുന്‍ സ്‌റ്റേഷന്‍ ഡയറക്ടറും മുന്‍ ദൂരദര്‍ശന്‍ ഡയറക്ടറുമായ ഡോ. സി. പി. രാജശേഖരന്‍ പണ്ടൊരിക്കല്‍ എന്നോടു പറഞ്ഞു: ''ഞാന്‍ ആദ്യമായി അഭിനയിച്ച നാടകം നക്ഷത്രവിളക്ക്. കഥാപാത്രം കുട്ടപ്പന്‍.'

സാന്ദര്‍ഭികമായി മറ്റൊന്നുകൂടി പറയട്ടെ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ മുന്‍ കേരള നിയമസഭാ സ്പീക്കറും പിന്നീട് ആരോഗ്യവകുപ്പു മന്ത്രിയും കെ. പി. സി. സി പ്രസിഡന്റുമായ വി. എം. സുധീരനെ കണ്ടപ്പോള്‍, അടുത്തു പരിചയമില്ലാത്തതുകൊണ്ട് ഞാന്‍ ചോദിച്ചു: 'എന്നെ അറിയുമോ?' അതിനുള്ള മറുപടി:

''പ്രശസ്തനായ നാടകകൃത്തിനെ അറിയുമോ എന്നോ? ജോസേട്ടന്റെ നക്ഷത്രവിളക്കിലെ കുട്ടപ്പനാണ് ഞാന്‍.''

പണ്ടു വിദ്യാര്‍ത്ഥിയായിരിക്കെ കുട്ടപ്പനായി അഭിനയിച്ചതിന്റെ സ്മരണ അയവിറക്കി, തിളങ്ങുന്ന കണ്ണുകളോടെ അഭിമാനപൂര്‍വം സുധീരനതു പറഞ്ഞപ്പോള്‍ എന്റെ നയനങ്ങളില്‍ ആശ്ചര്യവും മനസ്സില്‍ ആനന്ദവും പൊട്ടിവിടര്‍ന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org