നിലനില്‍പിനു വേണ്ടിയുള്ള സമരം

സമരവേദി സന്ദര്‍ശിച്ച സത്യദീപം പ്രതിനിധികള്‍ തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ബിഷപ് ജി ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര എന്നിവരുമായും സമരരംഗത്തുള്ളവരുമായും സംസാരിച്ചു. അഭിമുഖങ്ങളുടെ പ്രസക്തഭാഗങ്ങള്‍:
നിലനില്‍പിനു വേണ്ടിയുള്ള സമരം

സമരത്തിന്റെ സാഹചര്യവും ഉന്നയിക്കുന്ന ആവശ്യങ്ങളും എന്തൊക്കെയാണ്?

കഴിഞ്ഞ ജൂലൈ 20 നാണു ഈ സമരത്തിനു തുടക്കം കുറിച്ചത്. തീരനഷ്ടം, വീടുനഷ്ടം, തൊഴില്‍ നഷ്ടം എന്നീ പ്രശ്‌നങ്ങളെ കുറിച്ചുള്ള പരാതികള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള ഭരണാധികാരികളെ വ്യക്തമായി ബോധിപ്പിച്ചിട്ടുള്ളതാണ്. അവര്‍ ചില സമിതികളെ വച്ചു. ചര്‍ച്ചകള്‍ നടത്തി. അതൊക്കെ ശരിയാണ്. പക്ഷേ അതു സംബന്ധിച്ച് യാതൊരു നടപടികളുമുണ്ടായിട്ടില്ല. ഗോഡൗണില്‍ താമസിക്കുന്ന ആളുകള്‍ നാലു വര്‍ഷത്തോളമായി അവിടെ തന്നെ കഴിയുന്നു. മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളിലാണ് അവരുടെ താമസം. മാനംമര്യാദയായി തുണി മാറാന്‍പോലും അവിടെ സൗകര്യമില്ല. അതുകൊണ്ടാണു മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങള്‍ എന്നു പറഞ്ഞത്. നേരിട്ട് ചെന്നു കണ്ടാലേ അവരുടെ ദുരിതം മനസ്സിലാകുകയുള്ളൂ. നരകതുല്യമായ ജീവിതമാണത്. പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ ഒരാഴ്ചയൊക്കെ ഇങ്ങനെ ക്യാമ്പുകളില്‍ പലരും താമസിക്കാറുണ്ട്. പിന്നീട് സ്വന്തം കുടിലുകളിലേയ്ക്ക് തിരികെ വരും. ഈ മനുഷ്യര്‍ക്ക് മടങ്ങിവരാന്‍ സ്വന്തമായി വീടുകളുമില്ല, വീടിരുന്ന സ്ഥലവുമില്ല. അതുകൊണ്ട്, സര്‍ക്കാര്‍ പറയുന്ന പുനരധിവാസം എത്രയും പെട്ടെന്നു നടപ്പാക്കണം. തീരശോഷണത്തിനു ശാസ്ത്രീയമായ പരിഹാരമുണ്ടാകണം.

മണ്ണെണ്ണയുടെ വിലക്കയറ്റമാണു മറ്റൊരു വിഷയം. പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ ഈ പാവപ്പെട്ട തൊഴിലാളികള്‍ക്കു വേതനം നല്‍കണമെന്നും സമരം ആവശ്യപ്പെടുന്നു. ഇതുപോലെയുള്ള ഏഴിന ആവശ്യങ്ങളുമായിട്ടാണ് ആളുകള്‍ സമരമുഖത്തേക്കിറങ്ങിയത്. സമരം ചെയ്യാതെ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകില്ല എന്നു കണ്ടിട്ടാണ് ജനം സമരത്തിലായിരിക്കുന്നത്. അവരുടെ നിലനില്‍പിന്റെയും ഉപജീവനത്തിന്റെയും വിഷയമാണിത്. അതുകൊണ്ട് സമരവുമായി മുന്നോട്ടു പോകാതെ അവര്‍ക്കു വേറെ മാര്‍ഗമില്ല.

സമരം നേരിടുന്ന പ്രധാന വെല്ലുവിളികളെന്താണ്?

എന്തു തടസ്സങ്ങളുണ്ടായിരുന്നാലും ഈ പാവപ്പെട്ട ജനത സമരവുമായി മുന്നോട്ടു പോകാനുള്ള നിശ്ചയദാര്‍ഢ്യമാണു പ്രകടിപ്പിച്ചിരിക്കുന്നത്. കാരണം, അവരെ സംബന്ധിച്ച് ഇതു നിലനില്‍പിനുള്ള പോരാട്ടമാണ്. അവരുടെ ജീവിതത്തിനു ഭീഷണി, തൊഴിലിനു ഭീഷണി. ഇനി എങ്ങനെ ജീവിക്കും എന്നാണ് അവര്‍ ചോദിക്കുന്നത്.

അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സഭാനേതാക്കള്‍ക്ക് ഉത്തരം പറയാനില്ല. സമരമുഖത്തേക്ക് ഇറങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായതാണ്.

മണ്ണെണ്ണയുടെ വില ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ വര്‍ദ്ധിച്ചുകൊണ്ടിരുന്നാല്‍ ബോട്ടിറക്കി തൊഴിലിനു പോകാന്‍ ആളുകള്‍ക്കു കഴിയാത്ത സ്ഥിതി വരും. വലിയ നഷ്ടമാണ് ഈ വിലക്കയറ്റം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാക്കുന്നത്. മണ്ണെണ്ണ വില 140 ഉം കടന്നു കുതിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സൂചന. എന്നാല്‍ തമിഴ്‌നാട്ടില്‍ മത്സ്യത്തൊഴിലാളികള്‍ക്കു സബ്‌സിഡി നല്‍കി 25 രൂപയ്ക്കു മണ്ണെണ്ണ കൊടുക്കുന്നുണ്ട്. നമ്മുടെ സംസ്ഥാനവും അനുഭാവപൂര്‍വകമായ സമീപനം മണ്ണെണ്ണ വിഷയത്തിലെടുക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.

വികസനവിരോധികളെന്ന ചാപ്പ കുത്തലിനെ കുറിച്ച്...

വികസനത്തിന് നാം എപ്പോഴും കൂടെയുണ്ട്. പൊതുനന്മയ്ക്കുവേണ്ടിയുള്ള വികസനത്തെ നാം പിന്തുണയ്ക്കുന്നു. എന്നാല്‍, ഈ പാവപ്പെട്ട ജനതയെ വഴിയാധാരമാക്കിക്കൊണ്ടുള്ള വികസനം കൊണ്ട് എന്തു കാര്യം? തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന്റെ കാര്യം ഇവിടെ ആവര്‍ത്തിച്ചു പറയുന്നുണ്ട്. പള്ളി പോലും അന്ന് ഈ ജനങ്ങള്‍ ഒഴിവാക്കി കൊടുത്തു. സമരത്തെ മോശമായി ചിത്രീകരിക്കാനാണ് വികസനവിരോധമെന്ന ആരോപണം കൊണ്ടു വരുന്നത്. മനഃപൂര്‍വം കഥകളുണ്ടാക്കുകയാണ്. തുറമുഖപദ്ധതി തുടങ്ങിയപ്പോള്‍ വലിയ വികസനം വരുമെന്നായിരുന്നു പ്രചാരണം. അങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഇന്നു തോന്നുന്നു. ഇവിടെ കടലില്‍ കല്ലിടുകയും പുലിമുട്ട് കെട്ടുകയും ചെയ്താല്‍ തീരം നഷ്ടപ്പെടും, വീടുകള്‍ തകരും എന്നു ജനങ്ങള്‍ അന്നു തന്നെ പറഞ്ഞിരുന്നു എന്നതാണു വാസ്തവം. കടലറിയാവുന്ന, അനുഭവസമ്പത്തുള്ള മൂപ്പന്മാര്‍ ഇതപകടമാണ് എന്ന് അന്നേ പറഞ്ഞിരുന്നതാണ്. പക്ഷേ ശാസ്ത്രജ്ഞന്മാര്‍ എന്ന പേരുള്ളവര്‍ സ്‌പോണ്‍സേഡ് പഠനങ്ങള്‍ നടത്തിയിട്ട്, അങ്ങനെയൊന്നുമുണ്ടാകില്ല എന്നു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജനങ്ങളെ കബളിപ്പിച്ചുകൊണ്ടാണ് വാണിജ്യതുറമുഖനിര്‍മ്മാണവുമായി മുന്നോട്ടു പോയതെന്നു സമരക്കാര്‍ പറയുന്നത് അതുകൊണ്ടാണ്.

തുറമുഖം വേണ്ട എന്ന നിലപാട് നമുക്കുണ്ടോ?

ഇത് തുറമുഖത്തിന് അനുയോജ്യമായ സ്ഥലമല്ല എന്ന ശാസ്ത്രീയപഠനങ്ങള്‍ നേരത്തെയുളളതാണ്. വേറൊരു സ്ഥലം കണ്ടെത്തണമെന്നും അന്നു നിര്‍ദേശിച്ചിരുന്നു. ശരിയായ പഠനങ്ങള്‍ നടക്കണം. സ്‌പോണ്‍സേഡ് പഠനങ്ങളല്ല ആവശ്യം. ഇതു വിഴിഞ്ഞത്തു മാത്രം ഒതുങ്ങുന്ന പ്രശ്‌നവുമല്ല. കേരളതീരത്തെയാകെ ഇതു പല തരത്തില്‍ ബാധിക്കും. തീരശോഷണം പല മേഖലകളിലും ഇന്നുണ്ട്. ഇതെല്ലാം അശാസ്ത്രീയനിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

കക്ഷിരാഷ്ട്രീയമില്ലാത്ത സമരമാണല്ലോ അത്. സമരത്തോടുള്ള ജനങ്ങളുടെ പ്രതികരണമെന്ത്?

രാഷ്ട്രീയമായി നേരത്തെ ജനങ്ങള്‍ വിഘടിച്ചു നിന്നിരുന്നു. പക്ഷേ പിന്നീട് അതിനു മാറ്റം വന്നു. എല്ലാവര്‍ക്കും അവരവരുടെ രാഷ്ട്രീയമാകാം എന്നു തന്നെയാണു നാം പറയുന്നത്. പക്ഷേ ഇത് നമ്മുടെ അതിജീവനത്തിന്റെ വിഷയമാണ്. അതുകൊണ്ട് ഒറ്റക്കെട്ടായി ഇതിനെ നേരിടണം. ഈ വസ്തുത ഇന്ന് ജനങ്ങളെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ് ഓരോ ദിനവും സമരം ശക്തമായിക്കൊണ്ടിരിക്കുന്നത്. എല്ലാവരുടെയും രാഷ്ട്രീയത്തെ നാം മാനിക്കുന്നു. പക്ഷേ, ഇത് നിലനില്‍പിന്റെ വിഷയമാണ്.എന്നു അതു മനസ്സിലാക്കിക്കൊണ്ടാണ് ഓരോ ദിവസവും കൂടുതല്‍ പേര്‍ സമരത്തിനെത്തുന്നത്.

സഭാദ്ധ്യക്ഷന്മാര്‍ സമരത്തിലേയ്ക്കിറങ്ങുമ്പോള്‍ സമരത്തിന്റെ ആത്മീയതയെ കുറിച്ചു ചിന്തിച്ചിരിക്കുമല്ലോ?

യേശു തന്റെ പരസ്യജീവിതം ആരംഭിക്കുമ്പോള്‍ പറഞ്ഞ കാര്യമുണ്ടല്ലോ. ബന്ധിതര്‍ക്കു മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ സമരം ബന്ധിതര്‍ക്കുള്ള മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുള്ള സ്വാതന്ത്ര്യവുമാണു തേടുന്നത്. അതുകൊണ്ട് യേശുവിന്റെ സുവിശേഷം തന്നെയാണ് സമരമുഖത്ത് നാം പ്രഘോഷിക്കുന്നത് എന്നു പറയാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org