സഭയില്‍ കലഹകാലം എന്തുകൊണ്ട്?

സഭയില്‍ കലഹകാലം എന്തുകൊണ്ട്?
സ്വാര്‍ത്ഥലക്ഷ്യത്തിനുവേണ്ടി അവര്‍ അധികാരസ്ഥാനത്തെ ദുരുപയോഗം ചെയ്യാന്‍ ഇടയുണ്ട്. ബലിസമര്‍പ്പണത്തിന് പകരം അവര്‍ ബലപ്രയോഗം ആരംഭിക്കും. അതിന്റെ ഭാഗമായി അച്ചടക്കത്തിന്റെ വാള്‍ ഉപയോഗിച്ച് പരിധിയിലുള്ളവരെ നിശ്ശബ്ദരാകാന്‍ ശ്രമിക്കും. അത് ക്രിസ്തീയ വിരുദ്ധതയും സഭാവിരുദ്ധതയുമാണ്.

പിന്‍വാതില്‍ നിയമനവും പഠനരാഹിത്യവും

കലുഷിതമായ ലോകത്തില്‍ സമാധാനസമൂഹം രൂപീകരിക്കുന്നതിനാണ് ക്രിസ്തീയസഭ സ്ഥാപിക്കപ്പെട്ടത്. സമാനത ഉണ്ടെങ്കിലേ സമാധാനം ഉള്ളൂ എന്നതാണ് ക്രിസ്മസ് സന്ദേശം. ഉന്നതനായ ദൈവം നിസ്സാരനായ മനുഷ്യനോട് സമാനതപ്പെട്ടതാണ് ക്രിസ്മസ്. 'സമാധാനം' എന്ന വാക്കിന്റെ വ്യാകരണാര്‍ത്ഥം 'സമത്വത്തിന്റെ അനുധാവനം' എന്നാണ്. സമത്വമാണ് സമാധാനത്തിന്റെ സമവാക്യം.

ചെറിയവരും വലിയവരും ഒരു പോലെ പരിഗണിക്കപ്പെടുന്നതാണ് സമാനത. സ്ത്രീയെയും പുരുഷനെയും ഒരുപോലെ ആദരിക്കുന്നതാണ് സമാനത. അധികാരിയും അധീശനും ഒരുപോലെ സംരക്ഷണം എന്നതാണ് സമാനത. ശത്രുവിനെയും മിത്രത്തെയും ഒരുപോലെ സ്വീകരിക്കുന്നതാണ് സമാനത. മാനവികതയുടെ ഉന്നതി സമാനതയിലാണ്. അതാണ് ക്രിസ്തീയതയുടെ അടിസ്ഥാന തത്വം. അത് അറിയുകയും അംഗീ കരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന സഭാകൂട്ടായ്മയില്‍ നിന്നാണ് സഭയെ നയിക്കുന്ന നയിക്കാനുള്ളവരെ തിരഞ്ഞെടുക്കേണ്ടത്.

എന്നാല്‍ സഭയുടെയോ സഭാ നേതൃത്വത്തിന്റെ അറിവോ അനു മതിയോ നോക്കാതെ സഭയ്ക്ക് പുറത്തുള്ളവരെ മെത്രാന്മാരായും മാര്‍പാപ്പമാരായും നിയോഗിച്ചിരുന്ന രീതി അഞ്ചാം നൂറ്റാണ്ട് മുതല്‍ ആരംഭിച്ചതായി സഭാചരിത്രത്തില്‍ കാണുന്നുണ്ട്. അക്കാലത്ത് രാജ്യഭരണാധികാരികളായിരുന്നത് റോമന്‍ ചക്രവര്‍ത്തിമാരും രാജാക്കന്മാരും പ്രഭുക്കളുമായിരുന്നു. അവരുടെ താല്‍പര്യമനുസരിച്ച് നിയോഗിക്കപ്പെട്ട മാര്‍പാപ്പ അഞ്ചാം നൂറ്റാണ്ടില്‍ റോമില്‍ അധികാരത്തില്‍ വന്നപ്പോള്‍ സഭാവിരുദ്ധവും ക്രിസ്തീയ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം കൊടുത്തത്. അതായത് ക്രിസ്തീയ വിരുദ്ധമായി യുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും സഭാവിരുദ്ധമായി സ്റ്റേറ്റ് ഭരണം ഏറ്റെടുക്കുകയും ചെയ്തു.

ആഗോള സഭയുടെ നേതൃത്വമായ റോമില്‍ സഭാവിരുദ്ധവും ക്രിസ്തീയ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ അറിവായതോടെ അന്നുണ്ടായിരുന്ന സഭാസമൂഹം അസംതൃപ്തരും അസ്വസ്ഥരുമായി. എന്നാല്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് മേലാവില്‍ വിലയില്ലായിരുന്നു. അതോടെ സഭയില്‍ അഭിപ്രായഭിന്നതകളും ആശയ തകര്‍ച്ചകളും ആരംഭിച്ചു. പുതിയ പുതിയ പേരുകളില്‍ ഗ്രൂപ്പുകളായി പല പല സഭാസമൂഹങ്ങള്‍ രൂപപ്പെട്ടു. ആറാം നൂറ്റാണ്ടില്‍ മെത്രാന്മാരെയും മാര്‍പാപ്പന്മാരെയും നിയോഗിക്കുന്നതില്‍ രാജാക്കന്മാരും പ്രഭുക്കളും തമ്മില്‍ കിടമത്സരമുണ്ടായി. അങ്ങനെ ഒരേസമയം രണ്ടു മൂന്നു മാര്‍പാപ്പമാര്‍ നിയോഗിക്കപ്പെടുകയുണ്ടായി. ഇറ്റലിയിലും ഫ്രാന്‍സിലും പ്രത്യേകം പ്രത്യേകം മാര്‍പാപ്പമാര്‍ ഉണ്ടായി.

ഇപ്രകാരം ആഗോളസഭ രണ്ടായി പിളരുന്ന തകര്‍ച്ചയിലെത്തി. ഇതിനകം സഭയില്‍ രൂപപ്പെട്ട ഏതാനും സന്യാസസമൂഹങ്ങള്‍ ആഗോളസഭയെ തകര്‍ച്ചയില്‍നിന്നും രക്ഷിക്കുന്നതിന് റോമിലെ മാര്‍പാപ്പയുമായി ബന്ധപ്പെട്ട് സഭാനവീകരണത്തിനായി ഒരു ആഗോള സൂനഹദോസ് വിളിച്ചു ചേര്‍ക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അതനുസരിച്ച് 11-ാം നൂറ്റാണ്ടില്‍ നിഖ്യാ എന്ന സ്ഥലത്തെ അന്നത്തെ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ സൂനഹദോസ് വിളിച്ചു ചേര്‍ത്തു. സഭയുടെ തകര്‍ച്ചയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്ത് പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ക്ക് പഠിക്കുന്നതിനും പരിശീലിക്കുന്നതിനും വേണ്ടി ക്രിസ്തുസംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരു വിശ്വാസപ്രമാണരേഖ തയ്യാറാക്കി. അതിന്റെ പേര് ''നിഖ്യാ വിശ്വാസപ്രമാണം'' എന്നാണ്. കുര്‍ബാനമധ്യേ വിശ്വാസികള്‍ ഏറ്റുചൊല്ലുന്ന വിശ്വാസപ്രമാണം അതാണ്.

സ്വാധീന നിയമനവും പ്രാചീന വിനിമയഭാഷയും

2000 വര്‍ഷം മുമ്പ് എഴുതപ്പെട്ട ബൈബിള്‍ ഭാഷണം അന്നുള്ള ഉപമകളും അന്നുള്ള സാഹചര്യങ്ങളും സംഭാഷണ വാക്കുകളും അതേപടി ആധുനികകാലത്തും ആവര്‍ത്തിക്കുമ്പോള്‍ ആധുനിക മനുഷ്യസമൂഹത്തിന് അതെല്ലാം പ്രാകൃത ഭാഷ്യമായിട്ടാണ് അനുഭവപ്പെടുക. തലമുറകള്‍തോറും അറിവിലും ബുദ്ധിയിലും പതിന്മടങ്ങ് വളര്‍ച്ചയും ഗ്രാഹ്യതയും ഉള്‍ക്കാഴ്ചയും ആധുനിക സമൂഹത്തിനുണ്ടെന്ന വസ്തുത കണക്കിലെടുക്കാതെ അന്ധമായി എന്തെങ്കിലുമൊക്കെ ആവര്‍ത്തിച്ചുക്കൊണ്ടിരുന്നാല്‍ സമൂഹം അവജ്ഞയോടെ തള്ളിക്കളയുകയേയുള്ളൂ. ''പ്രാകൃതം'' എന്നാല്‍ ''പ്രാചീനകൃതം'' എന്നാണ് അര്‍ത്ഥം. പ്രാകൃതമായവ ആധുനികതയ്ക്ക് ചേരുകയില്ല എന്നതുകൊണ്ട് ആശയബോധ്യമോ ആശയ ഐക്യമോ സംഭവിക്കുന്നില്ല.

പുരാതന പുസ്തകങ്ങളുടെ പുനര്‍വായനകള്‍ പ്രബോധനമല്ല. അതിന് പുരോഹിതരുടെയോ പ്ര ബോധകരുടെയോ സാന്നിധ്യം ആവശ്യമില്ല. വെറും അച്ചടിയന്ത്രവും കടലാസും മതി. എന്താണ് പുരോഹിതദൗത്യമെന്നും പ്രബോധകദൗത്യമെന്നും അറിഞ്ഞിട്ടുവേണം ദൗത്യമേറ്റെടുക്കാന്‍. 'പുരോ ഗതിയില്‍ ഹിതമുള്ളവന്‍ അഥവാ ഇഷ്ടപ്പെടുന്നവന്‍' എന്നാണ് 'പുരോഹിതന്‍' എന്ന വാക്കിന്റെ വ്യാകരണാര്‍ത്ഥം. അതിന് പുരോഗതി എന്നത് അറിവിലുള്ള പുരോഗതിയാണ്. പഴയ അറിവല്ല; പുതിയ പുതിയ അറിവിലുള്ള പുരോഗതി. പുതിയ അറിവുകള്‍ കാലാനുസൃതമായ ചിന്തയിലൂടെ കണ്ടെത്തുക എന്നതാണ് പുരോഹിതന്റെ മുഖ്യമായ അധ്വാനം. അതിന് കാലത്തെയും കാലത്തിന്റെ വ്യതിയാനങ്ങളെയും സാമൂഹ്യമായും വ്യക്തിപരമായും കുടുംബപരമായും തിരിച്ചറിയാനും പ്രശ്‌നങ്ങളുടെ ഉദ്ഭവം കാരണപരിഹാരം എന്നിവയും കണ്ടെത്തി സത്സ്ഥിതിയില്‍ കാലാനുസൃതമായി ജീവിക്കാനുള്ള അറിവ് പകര്‍ന്നു കൊടുക്കാന്‍ കഴിയണം. പുരോഹിതന്‍ ഒരു പ്രബോധകന്‍ കൂടിയായിരിക്കണം. ബുദ്ധിയെ പ്രബുദ്ധമാക്കുന്ന ധനമാണ് പ്രബോധനം. അതിന് സത്യമായ അറിവ് കണ്ടെത്തി പകര്‍ന്നു കൊടുക്കാന്‍ കഴിയണം. പുരോഹിതദൗത്യം ബലിയര്‍പ്പണമാണ്. ബലിയര്‍പ്പണം എന്നത് ബലത്തെ അര്‍പ്പിക്കലാണ്. അറിവാണ് ബലം. സത്സ്ഥിതിയെ അറിയുന്നതാണ് ക്രിസ്തീയ അറിവിന്റെ ബലം. ബലം അര്‍പ്പിക്കുന്നതിന്റെ ഭാഗമാണ് കുര്‍ബാന അര്‍പ്പണവും പ്രബോധനവും. ഇങ്ങനെ അര്‍പ്പിക്കണമെങ്കില്‍ അത് സ്വയം ആര്‍ജിക്കണം. അല്ലാതെ അത് കടം വാങ്ങിയോ കൈമാറ്റം വാങ്ങിയോ നല്‍കേണ്ടതല്ല. സ്വയം ആര്‍ജിക്കാതെ ദരിദ്രരായവരാണ് വെറും കൈമാറ്റക്കാരായി മാറുന്നത്.

പൗരോഹിത്യദൗത്യവും പ്രബോധകദൗത്യവും ശരിയായി അറിയാത്തവരും അംഗീകരിക്കാത്തവരും അധികാരസ്ഥാനത്ത് എത്താനുള്ള ഉപാധി അന്വേഷിക്കുകയും സ്വാധീനം നേടി സ്ഥാനം കരസ്ഥമാക്കുകയും ചെയ്യുന്നു. അവര്‍ സ്ഥാനത്തെത്തിയാല്‍ സ്ഥാനം നിലനിര്‍ത്താനും ഉയര്‍ത്താനുമുള്ള പ്രയോഗങ്ങള്‍ ആലോചിക്കും. സ്വാര്‍ത്ഥ ലക്ഷ്യത്തിനുവേണ്ടി അവര്‍ അധികാര സ്ഥാനത്തെ ദുരുപയോഗം ചെയ്യാന്‍ ഇടയുണ്ട്. ബലിസമര്‍പ്പണത്തിന് പകരം അവര്‍ ബലപ്രയോഗം ആരംഭിക്കും. അതിന്റെ ഭാഗമായി അച്ചടക്കത്തിന്റെ വാള്‍ ഉപയോഗിച്ച് പരിധിയിലുള്ളവരെ നിശ്ശബ്ദരാകാന്‍ ശ്രമിക്കും. അത് ക്രിസ്തീയ വിരുദ്ധതയും സഭാവിരുദ്ധതയുമാണ്. അതറിയുമ്പോള്‍ സഭാസമൂഹം പ്രതികരിക്കുകയും കലഹ സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org