നാലായിരത്തിലേറെ വൈദികരുള്ള ഈശോസഭ ദക്ഷിണേഷ്യന്‍ മേഖലയുടെ മുന്‍ അധ്യക്ഷനാണ് ഫാ. ജോര്‍ജ് പട്ടേരി എസ് ജെ. തൃശ്ശൂര്‍ അതിരൂപത വൈദികനായി പൗരോഹിത്യം സ്വീകരിച്ചശേഷമാണ് അദ്ദേഹം ഈശോസഭയില്‍ ചേര്‍ന്നത്. സത്യദീപം മുന്‍ ചീഫ് എഡിറ്റര്‍ ഡോ. പോള്‍ തേലക്കാട്ട്, റവ. ഡോ. ജോര്‍ജ് പട്ടേരി എസ് ജെയുമായി നടത്തിയ അഭിമുഖ സംഭാഷണത്തെ ആസ്പദമാക്കി തയ്യാറാക്കിയ ലേഖനം.
'ശ്രവിക്കുന്ന കാതുകള്‍' വളരെ ബൈബിളധിഷ്ഠിതമായ ഒരു പ്രയോഗമാണ്. പ്രവാചകന്മാര്‍, രാജാക്കന്മാര്‍, ജ്ഞാനികളായ സ്ത്രീപുരുഷന്മാര്‍ തുടങ്ങിയവരിലൂടെ യഹോവ അസംഖ്യം സന്ദര്‍ഭങ്ങളില്‍ തന്റെ ജനത്തിന്റെ നിലവിളി കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. സുവിശേഷങ്ങളില്‍ യേശു, കൂടുതലും സഞ്ചരിക്കുന്നതായി നാം കാണുന്നത് അതിരുകളിലൂടെയാണ്. റോഡില്‍, കിണറ്റിന്‍കരകളില്‍, കടല്‍ത്തീരങ്ങളില്‍, വയലുകളില്‍... അവിടെയെല്ലാം അവിടുന്ന് ആളുകളെ ശ്രവിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു.
ശ്രവിക്കാന്‍ നമുക്കാവശ്യമുള്ള ചില കാര്യങ്ങളുണ്ട്. 1) 'ഇവിടെ ഇപ്പോള്‍' നമ്മുടെ സാന്നിധ്യം ഉറപ്പാക്കുന്ന തരത്തില്‍, നമ്മുടെ ഇന്ദ്രിയങ്ങളെ സജ്ജമാക്കുക. 2) സദാ ചിലച്ചുകൊണ്ടിരിക്കുന്ന കുരങ്ങന്‍ മനസ്സിനെ സമാധാനിപ്പിച്ച്, നിശ്ശബ്ദമാക്കുക. 3) സംസാരിക്കുന്ന ആളെ അപരനായി കരുതാതെ ഒരു സംഭാഷണ പങ്കാളിയായി കാണുക. 4) സംഭാഷണത്തിലൂടെ ഉയര്‍ന്നുവരുന്ന പുതുമയെ തേടുക. 5) ഉള്ളില്‍ ഉറപ്പിച്ചുവച്ചിരിക്കുന്ന അതിരുകളെ എതിരിടുക, ആവശ്യമെങ്കില്‍ അവയെ വിപുലീകരിക്കുക. 6) പുതുമയെ ക്രിയാത്മകമായി ശ്രദ്ധിക്കുക. മുഴുകിയിരിക്കാന്‍ പ്രേരിപ്പിക്കുന്നതും എന്നാല്‍ ക്രിയാത്മകവുമായ ഒരു പ്രവര്‍ത്തിയാണ് സംഭാഷണം. സംഭാഷണത്തില്‍ മുഴുകാന്‍ നമുക്കിടയാക്കുന്നതും സംഭാഷണത്തില്‍ പ്രവര്‍ത്തിക്കുന്നതും പരിശുദ്ധാത്മാവാണ് എന്നതാണ് അനുമാനം. ഒരുമിച്ചുള്ള വിവേചനത്തിന്റെ അവശ്യഘടകമാണിത്. വിശ്വാസികളായ നമ്മിലും നമ്മിലൂടെയും ദൈവാത്മാവ് സജീവമായി പ്രവര്‍ത്തിക്കുന്നു. എന്നിലും മറ്റുള്ളവരിലും സമൂഹത്തിലാകെയുമുള്ള പരിശുദ്ധാത്മാവിന്റെ നീക്കങ്ങള്‍ ശ്രവിക്കണമെന്ന് സഭയിലെ ഒരു അഭിഷിക്ത ശുശ്രൂഷി എന്ന നിലയില്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നുമുണ്ട്. ശ്രവണമാണ് ഏറ്റവും ശ്രമകരമായ ഒരു ജോലി, അതോടൊപ്പം ഏറ്റവും പ്രയോജനപ്രദവും എന്ന് ഞാന്‍ പലപ്പോഴും മനസ്സിലാക്കിയിട്ടുണ്ട്. താന്‍ എല്ലാവരെയും ശ്രവിക്കുമെന്നും തനിക്ക് രണ്ട് കാതുകളും ഉണ്ടെന്നും മേജര്‍ ആര്‍ച്ച്ബിഷപ്പ് തട്ടില്‍ മാസങ്ങള്‍ക്കു മുമ്പ് പറയുന്നത് കേട്ടപ്പോള്‍ അതൊരു ഉന്മേഷദായകമായ ശബ്ദമായി തോന്നി.
സ്വന്തം സമുദായത്തിന്റെ സങ്കുചിതമായ സാമുദായിക അജണ്ടകളെ സംരക്ഷിക്കുക മാത്രമാണ് തങ്ങളുടെ താല്‍പര്യവും ആകുലതയുമെന്നു ചില സഭാനേതാക്കളുടെ ഇടയ്ക്കിടെയുള്ള പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. സാമുദായിക വിഷയങ്ങള്‍ മാത്രം തങ്ങളുടെ പ്രസംഗങ്ങള്‍ക്കായി തെരഞ്ഞെടുത്തു കൊണ്ട് സാമൂഹ്യനീതി, പരിസ്ഥിതി, മതാന്തര സംവാദം തുടങ്ങിയവ സംബന്ധിച്ച സഭയുടെ സാമൂഹ്യപ്രബോധനങ്ങള്‍ എല്ലാം അവര്‍ ബോധപൂര്‍വം അവഗണിക്കുന്ന തായ തോന്നാറുണ്ട്. പരിസ്ഥിതി, മതാന്തര വിഷയങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള, അനുദിനം വികസിതമായിക്കൊണ്ടിരിക്കുന്ന സഭാപ്രബോധനത്തിലെ പുതിയ പാഠങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാന്‍ മെത്രാന്മാര്‍ കടപ്പെട്ടവരാണ്. സാമുദായിക താല്‍പര്യങ്ങള്‍ സഭാപ്രബോധനവുമായി സംഘര്‍ഷത്തിലാകുമ്പോള്‍ സഭയുടെയും സുവിശേഷത്തിന്റെയും നിലപാടുകള്‍ പഠിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ജനങ്ങളെ സഹായിക്കാന്‍ അജപാലകര്‍ എന്ന നിലയില്‍ മെത്രാന്മാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. സമകാലിക വിഷയങ്ങളോടും വീക്ഷണങ്ങളോടും പ്രതികരിച്ചുകൊണ്ട്, നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് സഭയുടെ സാമൂഹിക പ്രബോധന ശേഖരം.
ഒരു തീരുമാനത്തെ ഒരു വിഭാഗം തുടര്‍ച്ചയായി നിരന്തരം എതിര്‍ക്കുമ്പോള്‍ അതിനെ ആവശ്യമെങ്കില്‍ ആ തീരുമാനത്തെ പുനരവലോകനം ചെയ്യാനും തിരുത്താനുമുള്ള ആത്മാവിന്റെ ഒരു ക്ഷണമായി കാണാവുന്നതാണ്. വിവേചിച്ചറിയല്‍ ഒരു പ്രക്രിയയാണ്. അത് ആനന്ദപൂര്‍വം ഏറ്റെടുക്കേണ്ടതുമാണ്.
12 വര്‍ഷം നിര്‍ബന്ധിത മതബോധനം നല്‍കുന്നുണ്ടെങ്കിലും മതാന്തരവിവാഹം പള്ളിയില്‍ വച്ച് നടത്താന്‍ അനുമതി ഉണ്ടെന്ന് നമ്മുടെ ആളുകള്‍ക്ക് അറിയില്ല. അത് സംബന്ധിച്ച സഭാപ്രബോധനം ദമ്പതിമാര്‍ അര്‍ഹിക്കുന്ന ആദരവോടും തുറവിയോടും കൂടെ ഒന്നിച്ചിരുന്ന് പഠിക്കേണ്ടതാണ്. 'ഇതരമതങ്ങളിലുള്ള ആളുകളോട് സഭ തുറവിയുള്ളതായിരിക്കണം' എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത്. എബ്രഹാമിക് മതങ്ങളിലുള്ളവരോട് വിശേഷിച്ചും. ഇതു സംബന്ധിച്ച സഭാപ്രബോധനം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കാലം മുതല്‍ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ആദരവോടും ജാഗ്രതയോടും കൂടെ നല്‍കപ്പെടുന്ന അത്തരം പ്രബോധനങ്ങള്‍, പഠിച്ചറിഞ്ഞു തീരുമാനങ്ങള്‍ എടുക്കാനും ഇതരമതസമൂഹങ്ങളെ അടച്ചപലപിക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. മതാന്തരസംഭാഷണം, സാമൂഹ്യനീതി, പരിസ്ഥിതി, ആശീര്‍വാദങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സഭയുടെ പ്രബോധനം വിശ്വാസികളിലേക്ക് വിനിമയം ചെയ്തുകൊണ്ട്, പാപ്പയെ അനുസരിക്കാന്‍ മെത്രാന്മാര്‍ക്കു ബാധ്യതയുണ്ട്. ലൗദാത്തോ സി, ഫ്രത്തെല്ലി തുത്തി, ഫിദുസിയാ സപ്ലിക്കന്‍സ് തുടങ്ങിയ രേഖകള്‍ വിശ്വാസികളെ പഠിപ്പിക്കുകയും അതിനോട് പ്രതികരിക്കാന്‍ അവരെ ആഹ്വാനം ചെയ്യുകയും വേണം.
'സീറോ മലബാര്‍ സഭയില്‍ നിന്ന് മലബാര്‍ എടുത്തുമാറ്റിയാല്‍ അവശേഷിക്കുന്നത് പൂജ്യമാണ്.' ഒരു ദേശീയ സെമിനാര്‍ നടക്കുന്നതിനിടെ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ കേട്ട ഒരു പരാമര്‍ശം ആണിത്. മലബാര്‍ അഥവാ കേരള സംസ്‌കാരവും ഭാഷയും സീറോ മലബാര്‍ സഭയോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഒഴികെ മറ്റു യാതൊരു വീക്ഷണങ്ങളും സ്വന്തമാക്കാനോ പഠിപ്പിക്കാനോ ഈ സഭക്ക് ഇല്ല. സീറോ മലബാര്‍ സഭയും, സിനഡു വിശേഷിച്ചും, ഈ വീക്ഷണങ്ങളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായിട്ടാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പൗരസ്ത്യ ദൈവശാസ്ത്ര വീക്ഷണങ്ങള്‍ ആദരപൂര്‍വകമായും ബുദ്ധിപരമായും അതിന്റെ അന്വേഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കാവുന്നതേയുള്ളൂ. ജന്മംകൊണ്ട് സീറോ മലബാര്‍ ആയി എന്നത്, പല റീത്തുകള്‍ ഉള്ള സാഹചര്യങ്ങളിലും സ്ഥലങ്ങളിലും ആദ്യത്തെയും അവസാനത്തെയും വാദമായി അവതരിപ്പിക്കേണ്ടതില്ല. സാംസ്‌കാരിക തനിമകളെ സഭാത്മക ബന്ധങ്ങളുമായി കൂട്ടിക്കുഴക്കുന്നു. അംഗത്വവിഷയങ്ങള്‍ വരുമ്പോള്‍ ജനങ്ങളുടെ ബോധപൂര്‍വമായ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരാളുടെ ജനനത്തെ അടിസ്ഥാനമാക്കുന്നു. കേരളത്തിനു പുറത്തുള്ള മഹാനഗരങ്ങളില്‍ താമസിക്കുകയും ലാറ്റിന്‍ ഇടവകകളില്‍ പോയിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സീറോ മലബാര്‍ കത്തോലിക്കര്‍ക്ക്, ആ പ്രദേശത്ത് ഒരു സീറോ മലബാര്‍ രൂപത വരുമ്പോള്‍ ഇഷ്ടമുള്ള രൂപത തിരഞ്ഞെടുക്കാന്‍ അനുവാദം ഉണ്ടെന്ന ഒരു കത്ത് വത്തിക്കാന്‍ പുറപ്പെടുവിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷേ അത്തരം സാധ്യതകളെ കുറിച്ച് ഒന്നും ജനങ്ങളോട് പറഞ്ഞു കൊടുത്തിട്ടില്ല. സഭാത്മക അധികാരം പ്രയോഗിക്കുന്നതില്‍ ഒരു സാമ്രാജ്യത്വ മനോഭാവം നമ്മള്‍ പ്രകടിപ്പക്കാറുണ്ടോ? സംഭാഷണം, കൂട്ടായ്മ, സാഹോദര്യം എന്നിവ ഉള്‍ച്ചേര്‍ത്തുകൊണ്ടാണോ ഈ പ്രദേശങ്ങളെ നമ്മുടെ പരിധിയില്‍ കൊണ്ടുവരുന്നന്നത്? നമ്മുടെ ഇടവകകളിലെയും രൂപതകളിലെയും അംഗസംഖ്യ വര്‍ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ആയി കൗദാശിക ജീവിതത്തെ, കല്യാണത്തിന്റെയും മരണത്തെയും സമയത്ത് വിശേഷിച്ചും, ആയുധമാക്കുന്നുണ്ടോ? ഇന്ത്യയില്‍ മുഴുവന്‍ സുവിശേഷവല്‍ക്കരണം നടത്താനുള്ള അവകാശം ഒടുവില്‍ സീറോ മലബാര്‍ സഭയ്ക്ക് ലഭിച്ചു. എണ്ണവും സ്വാധീനവും വര്‍ദ്ധിപ്പിച്ചു കൊണ്ട് വളരുകയും സുവിശേഷാത്മക വീക്ഷണങ്ങളേക്കാള്‍ സാമ്രാജ്യത്വ വളര്‍ച്ച ലക്ഷ്യമാക്കുകയും ചെയ്യുന്ന വീക്ഷണത്തെ ഈ 'അവകാശം' മറച്ചുവെക്കുന്നു.
സഭാഭരണത്തില്‍ വിവേചിച്ചറിയുക എന്ന ഉപാധി ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടു കൊണ്ടു വന്നിട്ടുണ്ട്. ഇത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെയോ ഈശോസഭക്കാരുടെയോ ഒരു കണ്ടുപിടിത്തം അല്ല. വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളിലും ആദിമ സഭാപിതാക്കന്മാരുടെയും മാതാക്കളുടെയും പ്രബോധനങ്ങളിലും ഉള്ളതാണ്. വിശുദ്ധ ഇഗ്‌നേഷ്യസ് ലയോള തീര്‍ച്ചയായും തന്റെ ആത്മീയ യാത്രയിലൂടെ അതിനെ കൂടുതല്‍ വികസിപ്പിക്കുകയും ഈശോസഭയ്ക്ക് ആ പൈതൃകത്തെ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് എന്നതു ശരിയാണ്. വാസ്തവത്തില്‍ ഓര്‍ത്തഡോക്‌സ് സഭകളും അവരുടെ സൂനഹദോസുകളില്‍ സ്വന്തം ചര്‍ച്ചകള്‍ക്കായി ഈ ഉപാധിയെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അതേക്കുറിച്ച് ബോധ്യമുണ്ട്. സഭാഭരണത്തില്‍ ഒരു സുപ്രധാന ഉപാധിയായി അതുണ്ടാവണമെന്ന് അദ്ദേഹം നിര്‍ബന്ധിക്കുന്നുണ്ട്. കാരണം ആത്മാവാണ് സഭയെ നയിക്കുന്നത്. നമ്മുടെ തുടരുന്ന യാത്രയില്‍ ആത്മാവിനോട് നാം തുറവിയുള്ളവര്‍ ആയിരിക്കേണ്ടതുണ്ട്.
പുതിയ നിയമത്തില്‍ യേശുക്രിസ്തു അപകടകരമായ വിധത്തില്‍ ജീവിക്കുകയും മരിക്കുകയും ചെയ്തു. അവിടുത്തെ ഓര്‍മ്മ ആദിമ ക്രൈസ്തവ സമൂഹത്തിന് പ്രിയപ്പെട്ടതും സാഹസികവുമായിരുന്നു. സീറോ മലബാര്‍ സഭയുടെ യേശു ഒരു സാനിറ്റൈസ്ഡ് യേശുവായി കാണപ്പെടുന്നു, അള്‍ത്താരയുടെ വിരിക്കു പിന്നില്‍ സൂക്ഷിച്ചുവയ്‌ക്കേണ്ടത്.
സമ്പത്തിനോടും അധികാരത്തോടും ബഹുമതികളോടും ആഹ്ലാദങ്ങളോടുമുള്ള അമിതമായ ആസക്തിയില്‍ നിന്ന് മുക്തരായ സഭാനേതൃത്വം, സുവിശേഷങ്ങളിലെ യേശുവിന്റെ പാത പിന്തുടരുവാനുള്ള തുടര്‍പ്രയാണത്തില്‍ പരിശുദ്ധാത്മാവിന്റെ മാര്‍ഗദര്‍ശനം നിരന്തരം തേടുന്നു. സീറോ മലബാര്‍ സിനഡിന്റെ പ്രവര്‍ത്തന രീതികള്‍ എനിക്കറിയില്ല. തങ്ങളുടെ ഭരണശൈലിയിലും സിനഡിന്റെ സംഘാടനത്തിലും വിവേചന പ്രക്രിയ ഉപയോഗിക്കുന്നുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ സര്‍ക്കുലറുകള്‍ പ്രത്യക്ഷപ്പെടുന്ന രീതിയും ശരിയായ മാര്‍ഗനിര്‍ദേശങ്ങളോ ചുമതലകളോ നല്‍കാതെ കമ്മീഷനുകളെ നിയമിക്കുന്ന ശൈലിയും കാണുമ്പോള്‍ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ വേണ്ടത്ര വിവേചിച്ചറിയല്‍ നടത്തിയിട്ടുണ്ടോ എന്ന് സംശയമാകുന്നു. സിനഡിലെ അംഗത്വം എന്ന വിഷയത്തെയും ഇത് ഉയര്‍ത്തിക്കൊണ്ടുവരുന്നു. സ്ത്രീ-പുരുഷ സന്യാസസമൂഹ അധികാരികളെയും സ്ത്രീകളും പുരുഷന്മാരുമായ അല്‍മായരെയും മെത്രാന്മാര്‍ക്ക് പുറമേ സിനഡില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കൂടാതെ സിനഡ് അധികാരം പ്രയോഗിക്കുന്ന രീതിയും സുപ്രധാനമാണ്. ഇഗ്‌നേഷ്യന്‍ പദപ്രയോഗം ഇങ്ങനെയാണ്: 'എല്ലാ തീരുമാനങ്ങളുടെയും പിന്നില്‍ ഒരു പേരുണ്ട്. എല്ലാ തീരുമാനങ്ങള്‍ക്കും മുമ്പായി ആലോചനയുടെയും സംഭാഷണത്തിന്റെയും ഒരു പ്രക്രിയ ഉണ്ട്.' പുതിയ നിയമഭാഷയില്‍ നാമിങ്ങനെ വായിക്കുന്നു: ''വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെ മേല്‍ അധികാരം പ്രയോഗിക്കുന്നു എന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെ ആകരുത്. നിങ്ങളില്‍ വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകന്‍ ആയിരിക്കണം'' (മര്‍ക്കോ. 10.43). സേവക നേതൃത്വം എന്ന മാതൃകയിന്മേലാണ് സഭാനേതൃത്വം കെട്ടിപ്പടുത്തിട്ടുള്ളത്. ഈ മാതൃകതന്നെയാ ണോ സിനഡ് നടപടിക്രമങ്ങളില്‍ പിന്തുടരുന്നത്? അധികാരവും സമ്പത്തും ബഹുമതികളും ആനന്ദങ്ങളും സംബന്ധിച്ച് നമുക്കുള്ള വ്യക്തിപരവും സാമുദായികവുമായ മാനസികതടസ്സങ്ങളെ നാം തിരിച്ചറിയണം. അവയില്‍നിന്ന് സമ്പൂര്‍ണ്ണമായ മുക്തി നമുക്കൊരു പക്ഷേ സാധിച്ചില്ലെങ്കിലും അവ നമ്മുടെ തീരുമാനങ്ങളെ ബാധിച്ചേക്കാം എന്ന അവബോധം നമുക്കുണ്ടായിരിക്കുക പ്രധാനമാണ്. ഒരു പ്രത്യേക ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നതു കൊണ്ടുണ്ടാകുന്ന അമിതമായ അടുപ്പങ്ങള്‍ നമ്മുടെ ആന്തരിക സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടോ എന്ന് നാം നിരന്തരം പരിശോധിക്കണം. നമുക്കുള്ളിലെ സമാശ്വാസങ്ങളുടെയും ഏകാകിതകളുടെയും അന്തര്‍നീക്കങ്ങളെ തിരിച്ചറിയണം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഈ പറഞ്ഞത് എല്ലാം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിനെല്ലാം അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുകയും എടുത്തവ പുനഃപരിശോധിക്കുകയും ആവശ്യമെങ്കില്‍ തിരുത്തലിന് വിധേയമാക്കുകയും വേണം.
വിശ്വാസിസമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ മെത്രാന്മാരിലും വൈദികരിലും സന്യസ്തരിലും കര്‍ത്താവിന്റെ ആത്മാവ് സജീവവും സന്നിഹിതവും ആണ്. പരസ്പരം ശ്രവിക്കുമ്പോള്‍ നാം പരിശുദ്ധാത്മാവിനെ തിരിച്ചറിയുകയും ആത്മാവിനാല്‍ നയിക്കപ്പെടുകയുമാണ്. ആഗോള സിനഡില്‍, ഗ്രൂപ്പ് ചര്‍ച്ചയുടെ സമയത്ത് 10 അംഗങ്ങളില്‍ ഒരാളായി ഒരു ഗ്രൂപ്പില്‍ ഇരിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ചെയ്തത്. പരിശുദ്ധാത്മാവില്‍ നാം പരസ്പരം ശ്രവിക്കുമ്പോള്‍ ശ്രവണം അര്‍ത്ഥവത്തും വെല്ലുവിളിക്കുന്നതും ആയിത്തീരുന്നു. സീറോ മലബാര്‍ സിനഡില്‍ ഇതു സംഭവിക്കുന്നുണ്ടോ? ഒരു തീരുമാനത്തെ ഒരു വിഭാഗം തുടര്‍ച്ചയായി നിരന്തരം എതിര്‍ക്കുമ്പോള്‍ അതിനെ ആവശ്യമെങ്കില്‍ ആ തീരുമാനത്തെ പുനരവലോകനം ചെയ്യാനും തിരുത്താനുമുള്ള ആത്മാവിന്റെ ഒരു ക്ഷണമായി കാണാവുന്നതാണ്. വിവേചിച്ചറിയല്‍ ഒരു പ്രക്രിയയാണ്. അത് ആനന്ദപൂര്‍വം ഏറ്റെടുക്കേണ്ടതുമാണ്.
കൂദാശ എന്ന നിലയില്‍ ദിവ്യബലി അര്‍പ്പണത്തിന്റെ സമഗ്രമായ ദൈവശാസ്ത്രത്തിലേക്കും അര്‍പ്പണ രീതിയിലേക്കും സാര്‍വത്രിക സഭ എത്തിച്ചേര്‍ന്നത് നൂറ്റാണ്ടുകള്‍ എടുത്തിട്ടാണ്. ദിവ്യബലി അര്‍പ്പിക്കുന്ന കാര്‍മ്മികന്‍ വെറുമൊരു പൂജാരി അല്ലെന്നും പുസ്തകത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രാര്‍ത്ഥനകളും ആചാരങ്ങളും വെറുതെ ആവര്‍ത്തിക്കുകയല്ല അദ്ദേഹം ചെയ്യുന്നതെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനം സൂചിപ്പിക്കുന്നു. യേശുവിന്റെ ഓര്‍മ്മയില്‍ (അവിടുത്തെ വിരുന്നിന്റെ സാഹോദര്യത്തില്‍) അപ്പവും വീഞ്ഞും പങ്കുവച്ചുകൊണ്ട്, ദൈവജനത്തിന്റെ രൂപീകരണവും കൂട്ടായ്മയും യാഥാര്‍ത്ഥ്യമാക്കുകയും സുവിശേഷത്തെ വ്യാഖ്യാനിക്കുകയും ചെയ്യുകയാണ് അദ്ദേഹം. ത്രിത്വത്തിന്റെ ശൂന്യവല്‍ക്കരണത്തിന്റെ തുടര്‍ച്ചയാണ് കുരിശില്‍ യേശു പിതാവിനര്‍പ്പിച്ച ബലി. ഈ പ്രക്രിയയില്‍ കൂടി വിശ്വാസികളുടെ രക്ഷാകര സമൂഹം വളരുകയും പോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. പ്രളയ, കോവിഡ് കാലങ്ങളില്‍ നാം മനോഹരമായി പഠിച്ചറിഞ്ഞതല്ലേ? ജനങ്ങളുടെ സാന്നിധ്യം അക്കാലങ്ങളില്‍ നമുക്ക് നഷ്ടമായി. അതുകൊണ്ടുതന്നെ ദിവ്യകാരുണ്യ സമൂഹത്തിന്റെ ചൈതന്യവും. ജനങ്ങളിലേക്ക് നോക്കാതെ ജനങ്ങളുടെ സാന്നിധ്യം എങ്ങനെ അറിയും?
പുതിയ നിയമത്തില്‍ യേശുക്രിസ്തു അപകടകരമായ വിധത്തില്‍ ജീവിക്കുകയും മരിക്കുകയും ചെയ്തു. അവിടുത്തെ ഓര്‍മ്മ ആദിമ ക്രൈസ്തവ സമൂഹത്തിന് പ്രിയപ്പെട്ടതും സാഹസികവുമായിരുന്നു. സീറോ മലബാര്‍ സഭയുടെ യേശു ഒരു സാനിറ്റൈസ്ഡ് യേശുവായി കാണപ്പെടുന്നു, അള്‍ത്താരയുടെ വിരിക്കു പിന്നില്‍ സൂക്ഷിച്ചു വയ്‌ക്കേണ്ടത്. യേശുവിന് പുറത്തു പോകാനും ജനങ്ങളെ കാണാനുമായി ദേവാലയങ്ങളുടെ വാതിലുകള്‍ തുറന്നിടുക എന്ന് ബ്രസീലിലെ യുവജനങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. നമ്മെ സംബന്ധിച്ചും അത് പ്രധാനമാണെന്ന് തോന്നുന്നു.