കഥകള്‍ പെയ്യുന്ന രാവ്

കഥകള്‍ പെയ്യുന്ന രാവ്
ദൈവത്തെ അന്യവല്‍ക്കരിച്ച് അപരിമേയനാക്കുമ്പോള്‍ മതം തഴച്ചുവളരുന്നു; ദൈവത്തെ സാമാന്യവത്ക്കരിച്ച് സമീപസ്ഥനാക്കുമ്പോള്‍ ആത്മീയത വളരുന്നു. എന്താണ് ആവശ്യമെന്നത് ഓരോരുത്തരുടേയും തിരഞ്ഞെടുപ്പാണ്.

മനസ്സിനെ നന്മനിറഞ്ഞതാക്കുന്ന കഥകള്‍ കൊണ്ടും ഹൃദയത്തെ ആഹ്ലാദിപ്പിക്കുന്ന വര്‍ണ്ണങ്ങള്‍ കൊണ്ടും വേണം നമുക്കീ ക്രിസ്മസിനെ വരവേല്‍ക്കാന്‍. കഥകളുടെയും ഉത്സവങ്ങളുടെയും പൂങ്കാവനങ്ങളെ തരിശാക്കി കളയുന്ന ഒരുതരം യുക്തിചിന്ത നമ്മുടെ പരിസരങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിന് മതങ്ങള്‍ക്കും സം സ്‌കാരങ്ങള്‍ക്കുമുള്ളിലെ അപചയങ്ങളെ പരിഹരിക്കാന്‍ കഴിയുന്നില്ല. എന്നു മാത്രമല്ല അവയെ വിമലീകരിക്കാനുള്ള സാധ്യതയെക്കൂടി ഇല്ലാതാക്കുന്നുണ്ട്.

കഥകള്‍ കൊണ്ട് സമ്പന്നമാണ് ക്രിസ്മസ്. ക്രിസ്മസ് കഥകള്‍ ഉരുത്തിരിയുന്നത് ബൈബിളിലെ യേശുവിന്റെ ജീവിതത്തിലെ 'ബാല്യകാല വിവരണങ്ങളില്‍' (infancy Narratives) നിന്നുമാണ്. യേശുവിന്റെ മരണത്തിനു ശേഷം ഒന്നോ രണ്ടോ തലമുറകള്‍ കഴിയുമ്പോഴാണ് യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള ഭാവനാസമ്പന്നമായ കഥകള്‍ പ്രചരിക്കുന്നത്. അതിനുമുമ്പ് പുതിയ നിയമ രചനകള്‍ നടത്തിയ പൗലോസിനോ മര്‍ക്കോസിനോ ഇത്തരം കഥകളെക്കുറിച്ച് എന്തെങ്കിലും അറിവുള്ളതായി ചരിത്രപരമായ സൂചനകളൊന്നുമില്ല.

കാലങ്ങള്‍ എന്നും അങ്ങനെയായിരുന്നു. നിലനില്‍ക്കുന്ന അനുഷ്ഠാനങ്ങളിലേക്കും ആഘോഷങ്ങളിലേക്കും പുത്തന്‍ കഥകളെയും ചിത്രങ്ങളേയും സന്നിവേശിപ്പിച്ചാണ് മാനവകുലം മുന്നോട്ട് പോയിട്ടുള്ളത്. റോമാ സാമ്രാജ്യ ത്തിലെ 'അജയ്യനായ സൂര്യദേവ'ന്റെ (Sol Invictus) തിരുനാളിനു ള്ളിലേക്ക് യേശുവിന്റെ പിറവിയുടെ ഓര്‍മ്മകളും കഥകളും സന്നിവേശിപ്പിച്ചാണ്, ക്രിസ്തീയത റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായപ്പോള്‍, അത് പിന്നീട് ക്രി സ്മസായി ആഘോഷിക്കാന്‍ തുടങ്ങിയത്. പിന്നീട് എത്രയെത്ര കഥകളും ആചാരങ്ങളും പാരമ്പര്യങ്ങ ളും കടംകൊണ്ടും ഉള്‍ച്ചേര്‍ത്തുമാണ് ക്രിസ്മസ് എന്ന ആഘോഷം കാലങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും മതങ്ങള്‍ക്കും അതീതമായി ഇത്ര സുന്ദരമായ ഒരു ഉത്സവമായി രൂപപ്പെട്ടത്!

കരോള്‍ ഗാനങ്ങള്‍, സാന്താക്ലോസ്, ക്രിസ്മസ് ട്രീ, പുല്‍ക്കൂട്, നക്ഷത്ര വിളക്ക്, ക്രിസ്മസ് കേക്ക്.. അങ്ങനെ ഒത്തിരി നടോടി ക്കഥകളും പ്രകൃതി ആരാധനയും ഭാവനകളും വിശുദ്ധന്മാരെക്കുറിച്ചുള്ള ഐതീഹ്യങ്ങളുമൊക്കെയായി ജര്‍മ്മനി, ഇംഗ്ലണ്ട്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നൊക്കെ കഥകളും അവയെ ചുറ്റിപ്പറ്റിയുള്ള ആചാരങ്ങളും ക്രിസ്മസ് ആ ഘോഷങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ക്രിസ്തു ഓരോ സംസ്‌കാരങ്ങളിലേക്കും പ്രാദേശിക അനുഷ്ഠാനങ്ങളിലേ ക്കും ഐതിഹ്യങ്ങളിലേക്കും ഇറങ്ങിച്ചെന്നു. അങ്ങനെ കാലാന്തരത്തില്‍ മതരഹിതനായി മാറിയ വെള്ളക്കാരന് ക്രിസ്മസ് ഒരു മതനിരപേക്ഷ ആഘോഷമായി; ആഗോള ഗ്രാമത്തിന് വിപണിയുടെ ഉത്സവമായി. ആഗോള ഗ്രാമത്തില്‍ മതത്തിന്റെ ആഘോഷങ്ങള്‍ക്ക് ചമയം ചാര്‍ത്താന്‍ നിറക്കൂട്ട് ചാലിക്കുന്നതും കൗതുകങ്ങള്‍ ഒരുക്കുന്നതും മതമില്ലാത്ത ചൈനയുടെ വിപണിയിലാണ്. അ ങ്ങനെ സീസണിന്റെ വരവറിയിച്ച് ഡിസംബര്‍ ഒന്നിനേ ലോകവിപണി ഉണരുമ്പോള്‍ ക്രിസ്മസ് എന്ന ആഘോഷത്തെ മതത്തിനും സംസ്‌കാരത്തിനും യുക്തിചിന്തയ്ക്കുമപ്പുറത്തേക്ക് എത്തിക്കേണ്ടതുണ്ട്.

മിത്തുകളും അനുഷ്ഠാനങ്ങളും ബിംബങ്ങളുമായി ചേര്‍ന്നു കിടക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങളാണ് മതങ്ങള്‍. അതുകൊണ്ട് മതാത്മകതയെയും അതിന്റെ ആഘോഷങ്ങളെയും യുക്തിഭദ്രമാക്കുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. (സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ആവരുത് എന്നു മാത്രമാണ് ''വിശ്വാസവും യുക്തിയും'' (fides et ratio) എന്ന ചാക്രികലേഖനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുള്ളത്). അതിനെ ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും അളവുകോലുകളില്‍ അളക്കാന്‍ ശ്രമിക്കുന്നത് ആ നന്ദത്തിന്റെയും സ്‌നേഹത്തിന്റെയും രസതന്ത്രം പഠിക്കുന്നതുപോലെ വരണ്ട ഒന്നായി മാറും.

വഴി കാട്ടുന്ന നക്ഷത്രവും വാനില്‍ പാടുന്ന മാലാഖമാരുമുണ്ടോ? കന്യക ഗര്‍ഭം ധരിക്കുമോ? ഒരു കുഞ്ഞിന്റെ ജനനത്തെ ഭയന്ന് നാട്ടിലെ മുഴുവന്‍ കുഞ്ഞുങ്ങളെയും വധിക്കാന്‍ ഒരു ഭരണാധികാരി ഉത്തരവിറക്കുമോ? ഇങ്ങനെ നിരവധി യുക്തിപരമായ ചോദ്യങ്ങള്‍ ഉയര്‍ന്നു വരാം. കഥകളെ യുക്തിപരമാക്കാന്‍ ശ്രമിക്കുന്നിടത്ത് സാമാന്യബുദ്ധിയുടെ പരാജയമുണ്ട്.

ക്രിസ്മസ് കഥകള്‍ക്കു വലിയ യുക്തിയൊന്നുമില്ല. ഹൃദയത്തിന് ഒരു യുക്തിയുണ്ട്, മനസ്സിനു മനസ്സിലാകാത്ത യുക്തി - എന്നു പറഞ്ഞത് ജെയിംസ് പാസ്‌കലാണ്. ഇന്നത്തെ യുക്തിവാദികള്‍ക്ക് ഇപ്പോഴും മനസ്സിലാകാത്ത യുക്തി. ചരിത്രമെഴുത്ത് ഇന്ന് നമ്മള്‍ മനസ്സിലാക്കുന്ന രീതിയില്‍ വര്‍ഷവും തീയതിയും വച്ച് വസ്തുതകളുടെ വിവരണവും നാള്‍വഴിയുമായി എഴുതുന്ന രീതി ജ്ഞാനോദയ കാലത്തിലാണ് രൂപപ്പെട്ടത്. ലോകത്ത് എവിടെയും ആധുനികകാലത്തിനുമുമ്പ് ചരിത്രം കൈമാറ്റം ചെയ്യപ്പെട്ടത് കഥകളിലൂടെയും വായ്മൊഴിയായുമാണ്. അതുകൊണ്ടു തന്നെ ആ കാലഘട്ടത്തിന്റെ 'ചരിത്ര വിവരണത്തില്‍ വസ്തുതകളും സാങ്കല്പികതയും ഇഴചേര്‍ന്നാണ് കിടക്കുന്നത്. ഭാവനയില്‍ വസ്തുതയെ ഇഴപിരിച്ചെടുക്കുക അത്ര എളുപ്പമല്ല. ക്രിസ്തുവിന്റെ ജീവിതവും കഥകള്‍ക്കുള്ളിലാണ് നമുക്ക് കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയത്. കഥകള്‍ പറഞ്ഞ മനുഷ്യനെ കഥയില്‍നിന്ന് വേര്‍തിരിച്ചെടുക്കുക അത്ര എളുപ്പമല്ല, പ്രത്യേകിച്ച് എല്ലാവര്‍ക്കും തന്നെ അജ്ഞാതമായിരുന്ന അവന്റെ ബാല്യം. പിന്നീട് വന്ന തലമുറകളുടെ ഭാവനയിലാണ് കഥകളായി 'ബാല്യകാല വിവരണങ്ങളില്‍' നമുക്ക് കൈമാറ്റം ചെയ്യപ്പെട്ടു കിട്ടുന്നത്.

യുക്തിയുടെ വഴിയില്‍ മാത്രമേ നിലപാടുകളെടുക്കൂ എന്നു കരുതിയാല്‍ പോലും ക്രിസ്തുവിനെപ്പോലൊരു മനുഷ്യന്‍ ഈ ലോകത്തില്‍ ജനിച്ചു ജീവിച്ചു എന്നത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ലേ! സ്‌നേഹത്താല്‍ മനോഹരവും നിലപാടുകളുടെ ഉറപ്പുകൊണ്ടു സക്രീയവുമാക്കപ്പെട്ട ഒരു മനുഷ്യന്റെ ജനനം കഥകള്‍ കൊണ്ടോ അല്ലാതെയോ മാനവരാശി ആഘോഷിക്കേണ്ട ഒന്നാണ്.

കഥകളാണ് ജീവിതത്തിന്റെ ചോരയും നീരും. ബുദ്ധി യും ഭാവനയും, വികാരവും വിചാരങ്ങളും തമ്മിലുള്ള സംഘട്ടനം ഇനിയെങ്കിലും നമ്മള്‍ അവസാനിപ്പിക്കേണ്ടതില്ലേ? മാലാഖമാരും നക്ഷത്ര വിളക്കും പുല്‍ക്കൂടും ഇടയഗാനവും പാതിരാവിന്റെ സ്‌തോത്ര ബലികളും ഉണ്ണിയേശുവും കരോള്‍ ഗാനങ്ങളും ഇല്ലെങ്കില്‍ പിന്നെന്ത് ക്രിസ്മസ്! പിന്നെവിടെ ജീവിതത്തെ പ്രണയിക്കാന്‍ പഠിപ്പിച്ച ക്രിസ്തു!

കഥകളില്‍ അല്പം കാര്യം:

''അക്കാലത്ത് റോമാ സാമ്രാജ്യത്തിലുള്ള സകലരുടേയും പേരുകള്‍ എഴുതിച്ചേര്‍ക്ക പ്പെടണമെന്നൊരു കല്പന അഗസ്റ്റസ് സീസറില്‍ നിന്നു പുറപ്പെട്ടു... പേര് എഴുതിച്ചേര്‍ക്കാന്‍ ജോസഫ് ഗര്‍ഭിണിയായ മറിയത്തെ യുംകൂട്ടി ദാവീദിന്റെ പട്ടണമായ ബത്‌ലഹേമിലേക്ക് പോയി... അവിടെ വച്ച് മറിയം പ്രസവിച്ചു. കുട്ടിയെ പിള്ളക്കച്ചയില്‍ പൊതിഞ്ഞ് ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം അവര്‍ക്ക് സത്രത്തില്‍ ഇടം ലഭിച്ചില്ല''
(ലൂക്കാ 2:1-7).
ഭരണചക്രം തിരിക്കുന്നവര്‍ അധികാരവും ധനവുമുള്ളവന്റെ വികസനോന്മുഖമായ തീരുമാനങ്ങള്‍ എടുക്കുന്നത്, അത് അതിസാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന ചിന്തകളൊന്നും കാര്യമാക്കിയിട്ടില്ല. വികസനം അനിവാര്യമായിരിക്കുമ്പോഴും വികസനത്തിന്റെ ഇരകളാക്കപ്പെടുന്ന മനുഷ്യരുണ്ട്; അവര്‍ക്കാണ് മണ്ണിലും മനസ്സിലും ഇടം നഷ്ടപ്പെടുന്നത്.
''അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം''
(ലൂക്കാ 2:14).
സമാധാനം യുദ്ധങ്ങളുടെ അഭാവമല്ല; ശവപ്പറമ്പിന്റെ നിശ്ശബ്ദതയല്ല, സന്മനസ്സുള്ളവരുടെ കൈമുതലാണ്. പുറത്ത് സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന സമാധാന അന്തരീക്ഷങ്ങളുണ്ട്, മറ്റുള്ളവര്‍ക്ക് നമുക്കു നല്കാന്‍ കഴിയുന്ന സമാധാനമുണ്ട്. അവയ്‌ക്കൊക്കെ പരിധികളുമുണ്ട്. ധ്യാനാത്മകമായ ചിന്തകള്‍ കൊണ്ട് ഒരാള്‍ ഉള്ളില്‍ ആര്‍ജിച്ചെടുക്കുന്ന സമാധാനമാണ് സ്ഥായിയായ സമാധാനം. കലുഷിതമായ ഓളപ്പരപ്പിലും പ്രശാന്തതയുള്ള ഒരു തോണിപോലെ അത് നിലകൊള്ളും.
''ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള 'ഇമ്മാനുവേല്‍' എന്നവന്‍ വിളിക്കപ്പെടും.''
(മത്താ. 1:23)
ദൈവം അതിവിദൂരത്തില്‍, ശൂന്യതയില്‍ എവിടെയോ, ലോകത്തിന്റെയും മനുഷ്യന്റെയും പ്രശ്‌നങ്ങളും സന്തോഷങ്ങളും ആഗ്രഹങ്ങളും പ്രാര്‍ത്ഥിച്ച് ബോധ്യപ്പെടുത്തുവോളം അറിയാത്തവനായി, നിലകൊള്ളുന്നു എന്ന് വിശ്വസിക്കാനും വിശ്വസിപ്പിക്കാനുമാണ് പരമ്പരാഗത മതാത്മകത നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദൈവം നമുക്കിടയില്‍, നമ്മോടൊപ്പം, നമ്മിലൊരാളായി ഉണ്ടെന്ന പുത്തന്‍ ദൈവാവബോധമാണ് - ക്രിസ്മസ് മു ന്നോട്ടു വെയ്ക്കുന്നത്. 'ക്രിസ്തു എന്നില്‍ രൂപപ്പെടുവോളം ഞാന്‍ ഈറ്റു നോവ് അനുഭവിക്കുന്നു' എന്നു പറഞ്ഞത് പൗലോസാണ്. ക്രിസ്തു നമ്മുടെ ഉള്ളിലെ ഒരു സാധ്യതയാണ്. സര്‍വസൃഷ്ടി പ്രപഞ്ചവും ക്രിസ്തുവിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഷര്‍ദാന്‍ നി രീക്ഷിക്കുന്നുണ്ട്. ദൈവത്തെ അന്യവല്‍ ക്കരിച്ച് അപരിമേയനാകുമ്പോള്‍ മതം തഴച്ചുവളരുന്നു; ദൈവത്തെ സാമാന്യവത്ക്കരിച്ച് സമീപസ്ഥനാക്കുമ്പോള്‍ ആത്മീയത വളരുന്നു. എന്താണ് ആവശ്യമെന്ന ത് ഓരോരുത്തരുടേയും തിരഞ്ഞെടുപ്പാണ്.
''വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.''
(യോഹ. 1:14)
വാക്കുകള്‍ മാംസം ധരിക്കുന്നുണ്ടോ എന്നതിലാണ് കാര്യം. വാക്കുകള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്, പാഴ് വാക്കുകളായും പൊളി വചനങ്ങളായും. വാക്കുകള്‍ പ്രവൃത്തികളായി രൂപപ്പെടാത്തിടത്തോളം അവയ്ക്ക് മാംസം ധരിക്കാന്‍ കഴിയില്ല. പിറവിയുടെ ആനന്ദവും വേദനയും മാംസത്തിലാണ്. വലിയ വര്‍ത്തമാനങ്ങളും ചെറിയ പ്രവൃത്തികളുമല്ല. നിശ്ശബ്ദതയും നന്മനിറഞ്ഞ പ്രവൃത്തികളുമാണ് ആവശ്യം. വാക്കുകള്‍ മാംസം ധരിക്കുന്ന ഒരു ക്രിസ്മസ് പുലരിയിലേക്ക് നമുക്ക് ഉണര്‍ന്നെഴുന്നേല്‍ക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org